Translate

Thursday, September 7, 2017

യേശു ഒരു മതപരിഷ്‌ക്കര്‍ത്താവ് (രണ്ടാംഭാഗം)(സത്യജ്വാല ആഗസ്റ്റ് 2017)

പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം  ഫോണ്‍: 9495897122

യേശു എന്ന യോഷ്വാ
'ഹെബ്രായര്‍' എന്ന വാക്കിന്റെയര്‍ത്ഥം കടന്നുവന്നവര്‍ എന്നാണ്. ആദിമയഹൂദര്‍ അങ്ങനെയാണറിയപ്പെട്ടിരുന്നത്. അവരുടെ ഭാഷ ഹീബ്രു. യോഷ്വാ എന്ന ഹീബ്രുനാമത്തിന്റെ ഗ്രീക്ക് സമാനപദമാണ് യേശു. ബി.സി. 6-ല്‍ ഹേറോദിന്റെ കാലത്ത്, യേശു ജനിച്ചു എന്നാണ് ബൈബിളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാകുന്നത്. മുപ്പതു വയസുള്ളപ്പോള്‍ പൊതുരംഗത്തേക്കു വരുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു വ്യക്തമായ ധാരണകളൊന്നുമില്ല. സമീപകാല ചരിത്രഗവേഷണങ്ങള്‍ സ്ഥാപിക്കുന്നത്, അദ്ദേഹം 18 കൊല്ലക്കാലം ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നാണ്.  ഒരു കാര്യം വ്യക്തമാണ്: യേശുവില്‍ ബുദ്ധിസ്റ്റ് ചിന്തകളുടെ സ്വാധീനം പ്രകടമായിരുന്നു. ഇത് അദ്ദേഹത്തിന്റെ എസ്സീനിയന്‍ പാരമ്പര്യത്തില്‍നിന്നു കിട്ടിയതുമാകാം.
ഒരു വിദേശശക്തിയുടെ കീഴില്‍ തികച്ചും വിഘടിതമായ ഒരു സമൂഹമധ്യത്തിലേക്കാണു യുവാവായ യേശു കടന്നുചെന്നത്. അദ്ദേഹം കൈകോര്‍ത്തത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരുമായിട്ടായിരുന്നു. പാരമ്പര്യ യഹൂദമതക്കാരല്ലാത്തതിനാല്‍ അവമതിക്കപ്പെട്ടിരുന്ന ഗലീലേയരുടെയും ശുദ്ധപാരമ്പര്യവാദത്താല്‍ വെറുക്കപ്പെട്ടിരുന്ന സമരിയാക്കാരുടെയും മുക്കുവരുടെയും ചുങ്കക്കാരുടെയും 'പാപി'കളുടെയും ഇടയിലായിരുന്നു യേശു  പ്രവര്‍ത്തിച്ചിരുന്നത്. ആരാണീ പാപികള്‍?അന്നുണ്ടായിരുന്ന, റോം കെട്ടിയേല്‍പ്പിച്ച, പുരോഹിതപ്രമാണങ്ങളെ ധിക്കരിക്കുന്നവരെല്ലാം 'പാപി'കളായിരുന്നു. റോമന്‍കൂട്ടുകെട്ടില്‍പ്പെട്ട മതനേതൃത്വത്തെ നിശിതമായെതിര്‍ത്തിരുന്ന, തീവ്രജൂതവാദികളായ സെലട്ടുകള്‍ തീര്‍ച്ചയായും 'പാപി'കളായിരുന്നു. അവരിലൊരാളുമുണ്ടായിരുന്നു യേശുവിന്റെ ശിഷ്യഗണത്തില്‍, സൈമണ്‍ (Simon the Zealot).  
യേശുവിന്റെ മറ്റൊരു ശിഷ്യന്‍ മത്തായി ചുങ്കക്കാരനായിരുന്നല്ലോ. റോമന്‍ മേധാവികള്‍ ചുങ്കം പിരിക്കാനുള്ള അധികാരം സാന്‍ഹെദ്രീനും നല്‍കിയിരുന്നു. അങ്ങനെ മതത്തിനും സാമ്രാജ്യത്തിനും വേണ്ടി ചുങ്കം പിരിച്ചിരുന്ന ചുങ്കക്കാരും സാമാന്യയഹൂദജനത്താല്‍ വെറുക്കപ്പെട്ടവരും 'പാപി'കളായിരുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ യേശു പാപികളെ രക്ഷിക്കാന്‍ വന്നു എന്നു പറയുന്നതിലും കാര്യമില്ലാതില്ല. തങ്ങളുടെ പാപഭാരമെല്ലാം യഹൂദവിശ്വാസികളും അല്ലാത്തവരുമായ ജനങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിച്ച മത-രാഷ്ട്രശക്തികളില്‍നിന്ന്, അവരുടെ ദൃഷ്ടിയില്‍ പാപികളായ തന്റെ ജനത്തെ രക്ഷിക്കാനാണ് യേശു വന്നത്.
ഇതിനായദ്ദേഹം എന്തു പറെഞ്ഞന്നും എന്തു ചെയ്‌തെന്നും നോക്കാം. ശത്രുസംഹാരിയും മൃഗക്കൊഴുപ്പു കരിഞ്ഞുയരുന്ന ബലിപ്പുകയില്‍ പ്രസാദിക്കുന്നവനുമായിരുന്നു, യഹൂദരുടെ പാരമ്പര്യദൈവമായ യഹോവ. പുരോഹിതന്മാരെന്ന ഇടനിലക്കാരില്ലാതെ അദ്ദേഹത്തെ ആര്‍ക്കും സമീപിക്കാനാവില്ലായിരുന്നു. ഇതൊക്കെ വിശ്വസിച്ച് അടിമകളായിക്കഴിഞ്ഞ സാധാരണ മനുഷ്യരോട് യേശു പറഞ്ഞു, താന്‍ ദൈവപുത്രനാണെന്ന്, തന്നെ പിന്തുടര്‍ന്നാല്‍ അവരും ദൈവമക്കളാകുമെന്ന്. നിങ്ങള്‍ക്കു ദൈവത്തോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു മുറിയില്‍ കയറി സ്വകാര്യമായി പറഞ്ഞുകൊള്ളാന്‍. കൊല്ലപ്പെടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും അദ്ദേഹം ശിഷ്യരെ വിട്ട് ഒറ്റയ്ക്കാണു പ്രാര്‍ത്ഥിക്കാന്‍ പോയതെന്ന് ഓര്‍ക്കുക.
ഇതൊരു നിസ്സാരകാര്യമല്ല. ദൈവം നമ്മുടെയൊക്കെ പിതാവെങ്കില്‍ നമുക്കും പിതാവിനും ഇടയില്‍ ഈ നീണ്ടകുപ്പായക്കാര്‍ക്കെന്തുകാര്യം  എന്നായിരിക്കില്ലേ അദ്ദേഹമുദ്ദേശിച്ചത്? യേശു മറ്റൊരു കാര്യംകൂടി പറഞ്ഞു: പിതാവായ ദൈവം, യഹോവയെപ്പോലെ ബലികൊണ്ടുമാത്രം പ്രസാദിക്കുന്നവനല്ല. മക്കള്‍ പരസ്പരം സ്‌നേഹിക്കുകയും നീതി നടപ്പാവുകയും വേണം; അതുമാത്രം മതി, ഈ പുതിയ അപ്പന്‍ദൈവത്തെ പ്രീതിപ്പെടുത്താന്‍. നമ്മുടെ നാരായണഗുരു ബ്രാഹ്മണശിവനു ബദലായി ഈഴവശിവനെ പ്രതിഷ്ഠിച്ചു. തൊഴുത് ഉണ്ണുന്നവരെയല്ല, ഉഴുത് ഉണ്ണുന്നവരെയാണു തൊഴേണ്ടതെന്നു തിരുവള്ളുവര്‍ പറഞ്ഞു. അതുപോലെ, യഹോവയ്ക്കു ബദലായി പിതാവായ ദൈവമെന്ന പുതിയൊരു ദൈവസങ്കല്‍പം അവതരിപ്പിക്കുകയാണു യേശു ചെയ്തത്.
സാബത്തു നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യേശു യഹൂദമതനിയമങ്ങളെ പരസ്യമായി എതിര്‍ക്കുകയും ചെയ്തു. സ്‌നേഹത്തെ അദ്ദേഹം നിയമങ്ങള്‍ക്കുപരിയാക്കി. ഇങ്ങനെയൊരുവനെ വെറുതെ വിടാന്‍ പുരോഹിതവര്‍ഗ്ഗത്തിനാവില്ലായിരുന്നു. റോമന്‍ ഗവര്‍ണറുടെമുന്നില്‍ യേശുവിനുമേല്‍ ഉന്നയിക്കപ്പെട്ട ഒരു ആരോപണം അദ്ദേഹം സ്വയം 'യൂദന്മാരുടെ രാജാവ്' ആണെന്നവകാശപ്പെട്ടു എന്നാണല്ലോ. അതായത് ഹോറോദിനു നല്‍കിയതുപോലെ, റോമിനുമാത്രം നല്‍കാന്‍ കഴിയുന്ന ഒരു പദവി തനിക്കുണ്ട് എന്നു പറഞ്ഞെന്ന്. ഇത്   റോമിന്റെ രോഷം യേശുവിനെതിരെ തിരിച്ചുവിടാന്‍ പുരോഹിതവര്‍ഗ്ഗം നടത്തിയ കപടതന്ത്രമായിരുന്നു. അങ്ങനെ ആ മതപരിഷ്‌കരണവാദി മതത്തിന്റെ കൈകളാല്‍ത്തന്നെ വധിക്കപ്പെട്ടു. (തുടരും)

No comments:

Post a Comment