Translate

Monday, May 21, 2018

ഹലോ ഹലോ ചര്ച്ച് ആക്റ്റ്, ചലോ ചലോ സെക്രട്ടേറിയറ്റ്!

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുക

സെക്രട്ടേറിയറ്റ് മാര്‍ച്ച് 
- മെയ് 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്നു
സുഹൃത്തുക്കളേ,
            ക്രിസ്ത്യന്‍ സമുദായത്തിന്റെ ഭൗതികസ്വത്തുക്കളുടെ ഭരണം സുതാര്യവും, സ്വത്തിന്റെ യഥാര്‍ഥ ഉടമകളായ വിശ്വാസികള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന സമിതികളില്‍ നിക്ഷിപ്തവുമാക്കുന്ന നിയമനിര്‍ദ്ദേശമാണ് ചര്‍ച്ച് ആക്റ്റ്. സഭാസമ്പത്ത് പൊതുസ്വത്താണ്. ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രമല്ല, ഇതര മതവിശ്വാസികളും ഈ സ്വത്തുക്കളിലേക്ക് വിഹിതം നല്‍കുന്നുണ്ട് - നേര്‍ച്ചകാഴ്ചകളും സംഭാവനകളുമായി. ഭരണഘടനാനുസൃതമായ ഒരു പള്ളിസ്വത്തുനിയമത്തിന്റെ അഭാവത്തില്‍, വിശ്വാസികളെ നോക്കുകുത്തികളാക്കി മതനേതൃത്വം തങ്ങളുടെ വ്യക്തിതാത്പര്യങ്ങള്‍ക്കായി സമ്പത്ത് ധൂര്‍ത്തടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ,് നിലവില്‍. ഇപ്രകാരം സംഭവിച്ചവയാണ്, എറണാകുളം-അങ്കമാലി, ചങ്ങനാശേരി അതിരൂപതകളുമായും കൊല്ലം, കോഴിക്കോട്, മാനന്തവാടി രൂപതകളുമായും ബന്ധപ്പെട്ട് ഈയിടെ ഉണ്ടായ ഭൂമികുംഭകോണങ്ങള്‍. വത്തിക്കാന്‍ എന്ന വിദേശമതരാജ്യത്തിന്റെ നിയമമായ കാനോന്‍നിയമം സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഇന്ത്യയില്‍ മതപരമായ കര്‍മ്മങ്ങള്‍ക്കല്ലാതെ സ്വത്തിന്റെ ഭരണകാര്യത്തില്‍ സാധുവല്ല എന്നു വരണമെങ്കില്‍ പള്ളിസ്വത്തുഭരണത്തിന് ഭരണഘടനാപരമായ ഒരു നിയമം ഇവിടെ ഉണ്ടാകേണ്ടതുണ്ട്. യാക്കോബായസഭ ഇന്നു നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പിന്നിലും ഭരണഘടനാപരമായ ഒരു നിയമത്തിന്റെ അഭാവത്തിലുണ്ടായ കോടതിവിധിയാണെന്നു കാണാം.
            അതിനാല്‍ ക്രിസ്ത്യന്‍മതസമൂഹത്തിന്റെ സ്വത്തുഭരണത്തിന് ഒരു രാഷ്ട്രനിയമം ഉണ്ടാവേണ്ടത് അനുപേക്ഷണീയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം, അത് ഭരണകൂടത്തിന്റെ ഭരണഘടനാബാധ്യതയുമാണ്. മറ്റു മതസമൂഹങ്ങള്‍ക്ക് ഇത്തരം സ്വത്തുഭരണനിയമമുണ്ടായിരിക്കെ, ക്രിസ്ത്യന്‍ സമൂഹത്തിനുമാത്രം അത്തരമൊരു നിയമമില്ലാത്തത് മതപരമായ വിവേചനമാണ്. ഈ വിവേചനത്തിന് അറുതി വരുത്തുന്നതിനായി, വിശ്വാസികളുടെ നിവേദനങ്ങള്‍ പരിഗണിച്ച്, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ 2009-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളതാണ് ചര്‍ച്ച് ആക്ട് എന്നറിയപ്പെടുന്ന 'കേരളാ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' എന്ന നിയമനിര്‍ദ്ദേശം.
            എന്നാല്‍, നിര്‍ദ്ദിഷ്ട ബില്‍ നിയമമായാല്‍ തങ്ങളുടെ സ്വേച്ഛാധിപത്യത്തിന് ഇളക്കംതട്ടുകയും വിശ്വാസികള്‍ സ്വതന്ത്രരാവുകയുംചെയ്യുമെന്നു മനസ്സിലാക്കിയ മെത്രാന്മാര്‍ ഇതിനെതിരെ ചന്ദ്രഹാസമിളക്കി രംഗത്തുവന്നു. ബില്ലിനെതിരെ ഇടവകകള്‍തോറും കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടു. മെത്രാന്മാരുടെ നിര്‍ദ്ദേശാനുസരണംമാത്രം വോട്ടുചെയ്യുന്ന ചിന്താശേഷിയില്ലാത്ത മതവിഭാഗമാണ് ക്രിസ്ത്യാനികളെന്നും ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ മെത്രാന്മാരുടെ പ്രേരണയില്‍ ക്രൈസ്തവരുടെ വോട്ടും തങ്ങളുടെ ഭരണവും നഷ്ടപ്പെടുമെന്നും മുന്‍ സര്‍ക്കാരുകള്‍ ഭയന്നു. അതിനാല്‍ പൊതുവെ സ്വീകാര്യമായ ഈ ബില്‍ നിയമമാക്കാന്‍ മാറിമാറി വന്ന ഗവണ്മെന്റുകള്‍ മടിക്കുകയായിരുന്നു.
            ആവശ്യമായ നിയമനിര്‍മ്മാണം നടത്തി രാജ്യഭരണവും ക്രമസമാധാനവും നീതിന്യായസംവിധാനവും സുഗമമാക്കേണ്ട ഭരണകര്‍ത്താക്കളുടെ ഈ നിലപാടിനെതിരെ, വിശ്വാസികളും അല്ലാത്തവരുമായ അഭ്യസ്തവിദ്യരും പുരോഗമനേച്ഛുക്കളുമായ കേരളജനതയെ പരിഹസിക്കുന്ന അവരുടെ അലംഭാവത്തിനെതിരെ, ഒരു മഹാപ്രതിഷേധസമരത്തിന് കൊടി ഉയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികളായ കേരളത്തിലെ ക്രൈസ്തവസമൂഹം.
            സഭാസ്വത്തുഭരണം ജനാധിപത്യപരവും ബൈബിള്‍ അധിഷ്ഠിതവുമായി യഥാര്‍ഥ ഉടമകളായ വിശ്വാസികളുടെ കൈകളിലെത്തിക്കുന്ന, ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ചര്‍ച്ച് ആക്റ്റ് എന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 മെയ് മാസം 22-ന് രാവിലെ 11 മണിക്ക്, 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി'(AKCAAC)ലിന്റെയും 'മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷ'(MACCABI)ന്റെയും നേതൃത്വത്തില്‍ ആയിരക്കണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടറിയേറ്റിലേക്കു പ്രകടനമായി എത്തി ധര്‍ണ നടത്തുന്നു. കൊടികളും ബാനറുകളുമേന്തി വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ, വിശ്വാസികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി നടത്തപ്പെടുന്ന ഈ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത് അതൊരു വന്‍വിജയമാക്കണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ,

ജോര്‍ജ് ജോസഫ് (9037078700) 
            ചെയര്‍മാന്‍, AKCAAC           
എല്‍. തങ്കച്ചന്‍ (9447316680)  
ട്രഷറര്‍, AKCAAC    
വി.കെ. ജോയി (9495839725)
   സെക്രട്ടറി     AKCAAC    
റവ. യൂഹാനോന്‍ റമ്പാന്‍ (9645939736) 
ഡയറക്ടര്‍, MACCABI
                                                                                                                                             

No comments:

Post a Comment