Translate

Tuesday, May 1, 2018

ഷംഷാബാദിൽ സംഭവിച്ചത്

ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ ഉയർന്നതാണ് അഹമ്മദാബാദിൽ തൽസ്ഥിതി നിലനിർത്തണമെന്നുള്ള അവിടുത്തെ സീറോമലബാർ കത്തോലിക്കരുടെ ആവശ്യവും. ഫരീദാബാദ് രൂപതയിൽ നിന്നും വിടുതലാവശ്യപ്പെട്ട ഡൽഹിക്കാർക്ക് ഈ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള മാർപ്പാപ്പായുടെ കത്ത് അഹമ്മദാബാദിന്റെ ആവശ്യത്തിനു പിൻബലം നൽകിയെന്നു പറയാതെ വയ്യ. അഹമ്മദാബാദ് കത്തോലിക്കരുടെ വളർച്ചാപശ്ചാത്തലം മനസ്സിലാക്കണമെങ്കിൽ ആ നഗരത്തിലേക്കുള്ള കുടിയേറ്റം തുടങ്ങിയ 1950 കളിലേക്കു പോകണം. ഒരു ജോലിയന്വേഷിച്ച് വളരെ കഷ്ടപ്പെട്ടവിടെ വന്ന മലയാളീ കത്തോലിക്കർക്ക് അവിടുത്തെ ജസ്യൂട്ട് സഭാംഗങ്ങളായ ലത്തീൻ റീത്തുകാർ കിടക്കാൻ പാർപ്പിടവും, വ്യത്യസ്ഥസ്ഥാപനങ്ങളിൽ ജോലിയും, അവരുടെ കുട്ടികൾക്ക് പഠിക്കാൻ എല്ലാ സൗകര്യങ്ങളും തരപ്പെടുത്തിക്കൊടുത്തു. ആ സമൂഹം വളർന്നതാണ് ഇന്നത്തെ അഹമ്മദാബാദ് മലയാളിക്കത്തോലിക്കർ! അവരിന്ന് രണ്ടുകാലിലും നിവർന്നു നിൽക്കുന്നു - അവർക്കു പണവുമുണ്ട് സമൂഹ്യസ്ഥിതിയുമുണ്ട്. ഇന്നവരുടെ പിന്നാലെ കൂടിയിരിക്കുന്ന സീറോമലബാറിൽ നിന്നും ഒരു നയാപൈസായുടെ ഉപകാരം പോലും ഇവർക്കു കിട്ടിയിട്ടുമില്ല, സീറോ മലബാർ സഭക്ക് സ്വന്തമായി ആ നഗരത്തിൽ ഒരു മൂത്രപ്പുര പോലും ഇല്ലതാനും. ഈശോസഭക്കാരാകട്ടെ ഒരു ചില്ലിപ്പൈസാ പോലും പകരം ചോദിക്കാതിരിക്കുന്നിടത്താണ് ബക്കറ്റുമായി കേരളകത്തോലിക്കാസഭ ഇറങ്ങിയിരിക്കുന്നത്.
അഹമ്മദാബാദിലെ മുതിർന്ന മലയാളീക്കത്തോലിക്കർ, വന്നവഴി ഒരിക്കലും മറന്നില്ല; 1983ൽ അവരൊരു സംഘടന രൂപീകരിച്ചു - MACAF (Malayaalee Catholic Fellowship). നല്ല സാമ്പത്തിക അടിത്തറയുള്ള ഈ സംഘടന ഒരു സഹകരണപ്രസ്ഥാനം പോലെ ഇന്നും വിജയകരമായി പ്രവർത്തിക്കുന്നു. ഈ MACAF ആണ് നഗരത്തിലെ 12 ലത്തീൻ പള്ളികളിൽ മലയാളം കുർബ്ബാന ചൊല്ലാനുള്ള ക്രമീകരണം അഹ്മമ്മദാബാദ് ബിഷപ്പുമായി കൂടിയാലോചിച്ച് ക്രമീകരിച്ചത്. ഇന്നു ശക്തമായ ഒരു സീറോമലബാർ സമൂഹം അവിടെ പരുവപ്പെട്ടിട്ടുണ്ടെങ്കിൽ അതു MACAF ന്റെ പ്രവർത്തനഫലമാണെന്നു സാരം. ഗോവൻ കത്തോലിക്കരും തദ്ദേശീയരും ഉൾപ്പെട്ട ലത്തീൻകത്തോലിക്കാ സമൂഹവുമായി വളരെ ഐക്യപ്പെട്ട്, എന്നാൽ സ്വന്തം പാരമ്പര്യം കളയാതെ ജീവിച്ചുപോന്ന മലയാളിക്കത്തോലിക്കരുടെയും കൂടി പരിശ്രമംകൊണ്ടാണ് തൽത്തേജിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടത്. വംശീയവഴക്കുകളുടെ പ്രഭവസ്ഥാനമായ അഹമ്മദാബാദിൽ വളരെ വിനാശം വിതച്ചേക്കാവുന്ന വിഭാഗീയതയാണ് സീറോമലബാർസഭ വിഭാവനം ചെയ്തതെന്നു പറയാതെ വയ്യ. അഹമ്മദാബാദിലെ പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ തട്ടിൽ പിതാവിന്റെ അസാന്നിദ്ധ്യം എല്ലാവരും ശ്രദ്ധിച്ചു. രണ്ട് ഈസ്റ്ററും രണ്ട് ദുഃഖവെള്ളിയും, രണ്ട് ക്രിസ്മസ്സും ഒരേ പള്ളിയിൽ വന്നപ്പോഴും, മലയാളം കുർബ്ബാനകളുടെ പിരിവിനു വേണ്ടി ഈ അവസരവാദികൾ അവകാശമുന്നയിച്ചപ്പോഴുമൊന്നും ലത്തീൻ വൈദികർ കാര്യമായി പ്രതികരിച്ചില്ല. പ്രവാസികളായ സുറിയാനി കത്തോലിക്കരുടെ ക്ഷേമത്തിനു വേണ്ടി ആഗോള വിസിറ്റേറ്ററായി മാർ തട്ടിൽ നിയോഗിക്കപ്പെട്ടപ്പോൾ ആദ്യം വന്നത് അഹമ്മദാബാദിലായിരുന്നു. അന്നു തൽത്തേജ് പള്ളിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ഞാനും കേട്ടതാണ്. ഞെട്ടറ്റാൽ പൂ വാടിപ്പോകില്ലേ, പാരമ്പര്യം അറ്റുപോയാൽ നാമും വാടും, അതുകൊണ്ട് ആ ബന്ധം കളയരുതെന്നൊക്കെ ഉപദേശിച്ച അദ്ദേഹം, ലത്തീൻകാർ നമ്മെ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ടെന്നും കൂട്ടത്തിൽ പറഞ്ഞു. പറഞ്ഞതൊരു മെത്രാനായതുകൊണ്ട് അന്നാരും പ്രതികരിച്ചില്ല. മറ്റൊരുവന്റെ വീട്ടിൽ കയറിനിന്നവർക്കെതിരായി പ്രസംഗിക്കാൻ ഒരു സീറോ മലബാർ പുരോഹിതനെയാവൂ താനും. ഇംഗ്ളണ്ടിൽ ഇത്തരം സേവനം നൽകാൻ വേണ്ടി കയറിക്കൂടിയ മലയാളി വൈദികരോട് പള്ളിമുറിവിടാൻ ലത്തീൻ വൈദികർ ആവശ്യപ്പെട്ടു തുടങ്ങി - കാരണം ഇതു തന്നെ.
സാവധാനം, മലയാളം പള്ളികളിലെ ക്രമം, കേരളത്തിലേതുപോലെയായി - അർത്ഥമില്ലാത്ത സഭാരാഷ്ട്രീയവും, ചെവിതുളക്കുന്ന ശബ്ദത്തിലുള്ള പാട്ടുകുർബ്ബാനയും, നീണ്ട വാർഡ്മീറ്റിങ്ങുമൊക്കെ പതിവായപ്പോൾ, പഴമക്കാർ ഇംഗ്ലിഷ് കുർബ്ബാനയിലേക്കു തിരിഞ്ഞു. മാർ ആലഞ്ചേരിയുടെ സ്വീകരണത്തിന്റെ പേരിൽ ആരൊക്കെയോ 16 ലക്ഷം പിരിച്ചതിന്റെയും ചിലവിട്ടതിന്റെയും കണക്കു കേട്ടപ്പോഴും കേൾക്കാതിരുന്നപ്പോഴും ആരും പ്രതികരിച്ചില്ല. പക്ഷെ, ഷംഷാബാദ് രൂപത പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രദേശവാസികൾ അപകടം മണത്തു. എല്ലാവർക്കും കേരളത്തിൽ നടനുകൊണ്ടിരിക്കുന്ന സഭാസംസ്കാരം അറിവുണ്ടായിരുന്നു - അതിവിടെ ആവർത്തിക്കപ്പെടാൻ അവരാഗ്രഹിച്ചില്ല. മാർ തട്ടിൽ അഹമ്മദാബാദിൽ വന്നപ്പോൾ MACAF അംഗംങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നു, പക്ഷെ തൽസ്ഥിതിയെപ്പറ്റിയുള്ള ചോദ്യം വന്നപ്പോൾ അദ്ദേഹം തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി - MACAF ന്റെ ഒരു സേവനവും അദ്ദേഹം ആവശ്യപ്പെട്ടുമില്ല. ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെടുന്നതിനു മുമ്പേ, അഹമ്മദാബാദിൽ നിന്നൊരു വിശ്വസ്ഥൻ ഷംഷാബാദ് രൂപതയുടെ പാസ്റ്ററൽ സെക്രട്ടറിയായി രംഗപ്രവേശനം നടത്തിയതും ഭരണം നിയന്ത്രിച്ചുതുടങ്ങിയതും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതിനെല്ലാം മെത്രാന്റെ മൗനസമ്മതമുണ്ടെന്നു വിശ്വാസികൾക്കു മനസ്സിലായപ്പോൾ, കഴിഞ്ഞ ഫെബ്രുവരി 23 ന് അഹമ്മദാബാദിലെ ഫുഡ്ഗ്രാഫിക്സ് ഹോട്ടലിൽ മുതിർന്നവർ ഒരു സമ്മേളനം വിളിച്ചുകൂട്ടി. വളരെ ആവേശകരമായ പ്രാതിനിധ്യമാണതിനുണ്ടായത്. അന്നവിടെ SMC4U (Gujarath) എന്ന സംഘടനയും ഉണ്ടായി അതിനൊരു പ്രവർത്തക സമിതിയുമുണ്ടായി. തുടർന്നിങ്ങോട്ട് ഓരോ ദിവസവുമായി സീറോമലബാറിന്റെ ഓരോ വാദഗതികളും, കാനോൻ നിയമവും മാർപ്പാപ്പായുടെ കത്തുകളും ചൂണ്ടിക്കാട്ടി SMC4U ചോദ്യം ചെയ്തു. ഈ നീക്കവും മാർ തട്ടിൽ പാടേ അവഗണിക്കുക മാത്രമല്ല ചർച്ചക്കുള്ള അവരുടെ ആവശ്യത്തോടും അനുഭാവം കാട്ടിയില്ല.
സാവധാനം SMC4U വിന്റെ അംഗബലം കൂടുകയും ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തുറന്ന ചർച്ചകൾ കൊഴുക്കുകയും ചെയ്തു. ഒരു ചർച്ചക്ക് സമ്മതമാണെന്നദ്ദേഹം അറിയിച്ചത്, സമ്മതം ചോദിച്ചു രണ്ടു മാസങ്ങളോളം കഴിഞ്ഞാണെന്നോർക്കണം. ഇതിനൊടിടെ SMC4U വിനെതിരായി പ്രസംഗിക്കാൻ വൈദികർ നിയോഗിക്കപ്പെട്ടിരുന്നു, വീടുതോറും കയറിയിറങ്ങി അവരാദൗത്യം നിർവ്വഹിക്കുകയും ചെയ്തു. ഒപ്പം, ഇതു സഭ അംഗീകരിച്ച സംഘടനയല്ലെന്ന് മെത്രാൻ ഇണ്ടാസുമിറക്കി. ഇതിനിടക്ക്, അദ്ദേഹത്തിന്റെ അറിവോടെയായിരിക്കണം, ഉത്തരവാദിത്വപ്പെട്ടവർ വലിയൊരഭ്യാസം കാട്ടി. അതാണ്, ഇത്ര പെട്ടെന്ന് ഒരു വഴിത്തിരിവുണ്ടാകാൻ കാരണം. നഗരത്തിൽ മൂന്നിടത്തായി വിശ്വാസികളുടെ സമ്മേളനങ്ങൾ അവർ വിളിച്ചു കൂട്ടി. അവിടെല്ലാം വിശ്വാസികൾ കൂട്ടത്തോടെയെത്തി മെത്രാനെ പിന്തുണക്കുമെന്നവർ കരുതി. ആദ്യത്തെ മിറ്റിങിൽ SMC4U വിനെ പിന്തുണക്കുന്നവർ എത്തിയപ്പോൾ, ചോദ്യോത്തരവേള അരമണിക്കൂറായി ഇവർ ചുരുക്കി. സമയമായപ്പോൾ, ചോദ്യം എഴുതികൊടുക്കണമെന്നായി. നൂറോളം ചോദ്യങ്ങൾ അവർതന്നെ നേരത്തെ തയ്യാറാക്കിയിരുന്നു. ഇതറിഞ്ഞ SMC4U അംഗങ്ങൾ ഹാളിൽനിന്നിറങ്ങി പുറത്തു തമ്പടിച്ചു. നാനൂറോളം ആളുകൾ ഉണ്ടായിരുന്ന ഹാളിൽ വെറും പതിനഞ്ചുപേരെ അവശേഷിച്ചുള്ളൂവെന്നത് രൂപതാസംഘത്തെ ഞെട്ടിച്ചുവെന്നു വേണം കരുതാൻ. പിറ്റേന്നു മണിനഗറിൽ നടത്തിയ മീറ്റിങിൽ പങ്കെടുത്തത് ഒന്നോ രണ്ടോ വീട്ടുകാർ മാത്രം.
മുന്നോട്ടു പോയാൽ സ്ഥിതി ദയനീയമാകുമെന്നു കണ്ട തട്ടിൽമെത്രാൻ ആരോടും ആലോചിക്കാതെയാവണം അടുത്തദിവസം തന്നെ SMC4U വിനെ ചർച്ചക്ക് ക്ഷണിച്ചതും SMC4U ന്റെ മുഴുവൻ ആവശ്യങ്ങളും നിരുപാധികം അനുവദിക്കുന്നുവെന്നു പ്രഖ്യാപിച്ചതും. പ്രോട്ടൊസിഞ്ചെല്ലുസച്ചൻ, നേരത്തെ നടത്തിയ, ലത്തീൻകാർ ആശിർവ്വദിച്ച വിവാഹങ്ങളെല്ലാം അസാധുവാണെന്ന പ്രഖ്യാപനത്തിനു മാപ്പും പറഞ്ഞു, അപ്പറഞ്ഞതു ദുരുദ്ദേശത്തോടെയായിരുന്നില്ലെന്നു സമ്മതിക്കുകയും ചെയ്തു. ഇതിനോടകം, അഹമ്മദാബാദിൽ മാത്രമൊതുങ്ങേണ്ട ഈ വിഷയം ഷംഷാബാദ് മുഴുവൻ വ്യാപിച്ചിരുന്നു. SMC4U ന്റെ ആവശ്യമായ തൽസ്ഥിതി അനുവദിക്കാൻ അഹമ്മദാബാദ് രൂപതയിലെ ലത്തീൻ മെത്രാനുംകൂടി ഒപ്പിട്ട സംയുക്ത ഇടയലേഖനം ഇറക്കാൻ അൽപ്പം സമയമാവശ്യപ്പെട്ട മാർ തട്ടിൽ, ഏപ്രിൽ 30 ന് വീണ്ടും മലക്കംമറിഞ്ഞു. മാർപ്പാപ്പാ യഥേഷ്ടം കൗദാശിക സേവനദാതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം ആർക്കും കൊടുത്തിട്ടില്ലെന്നായിയദ്ദേഹം. അങ്ങിനെയൊരു 'ഓപ്‌ഷനെ'പ്പറ്റിയദ്ദേഹം കേട്ടിട്ടേയില്ലത്രെ! ഫരീദാബാദിന്റെ കാര്യത്തിൽ മാർപ്പാപ്പാ പുറപ്പെടുവിച്ച നിർദ്ദേശവും സീറോമലബാർ മെത്രാന്മാരുടെ അധികാരഭ്രാന്ത് മുന്നിൽ കണ്ട് ഷംഷാബാദ് രൂപത രൂപീകരിച്ചപ്പോൾ ഭാരതത്തിലെ എല്ലാ മെത്രാന്മാർക്കുമായി പുറത്തിറക്കിയ പ്രത്യേക കത്തും മാത്രമല്ല, ഇതിൻപ്രകാരം കൗദാശിക സേവനം തിരഞ്ഞെടുക്കാൻ രൂപതയിലുള്ള സീറോമലബാർ പ്രവാസികളോട് അഭ്യർത്ഥിച്ചുകൊണ്ട് ജയ്‌പ്പൂർ ബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനവും ഇപ്പോൾ ഡൽഹി കത്തോലിക്കർ ആ അനുവാദം പ്രയോജനപ്പെടുത്തുന്ന കാര്യവുമെല്ലാം മാർ തട്ടിലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും, വിശ്വാസികളെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ദാക്ഷിണ്യമാണത്രെ അദ്ദേഹം വാഗ്ദാനം ചെയ്തത്! ഒരിടയന്റെ പതനം കാണാൻ വേറൊരിടത്തും പോകേണ്ടതില്ല!
ഭാരതീയരായ കത്തോലിക്കർക്ക് സ്വതന്ത്രമായ ഒരു സംഘടനയുണ്ടാക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല; കേരളത്തിലുണ്ടായ അത്തരം സംഘടനകൾക്കെതിരെ ഇണ്ടാസിറക്കി അപമാനിതരാകുകയെന്ന ക്രിയ കേരളമെത്രാന്മാർ പണ്ടേ ഉപേക്ഷിച്ചതാണ്. മാർ തട്ടിലിന്റെ അസാധാരണ ഇടയലേഖനത്തിന്റെ കാതൽ SMC4U നെ എനിക്കറിയില്ല, കൂദാശകൾ കൊടുക്കാൻ ആരെയും അനുവദിച്ചിട്ടില്ല എന്നൊക്കെയുള്ള അധികാരത്തിന്റെയും ഭീഷണിയുടേയും സ്വരമാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം ചർച്ച നടത്തിയത് ഇവരുമായാണെന്ന സത്യം തന്നെ അദ്ദേഹം മറന്നു. രൂപതക്കു തന്നെ ഭ്രാന്തു പിടിച്ചാൽ ആരു ചികിൽസിക്കും? അഹമ്മദാബാദിലെ SMC4U ഇതു പ്രതീക്ഷിച്ചിരുന്നുവെന്നു മാത്രമല്ല, തുടർന്നെടുക്കേണ്ട നടപടികളും തീരുമാനിച്ചിരുന്നുവെന്നാണ് മനസ്സിലാകുന്നത്. രാത്രി വെളുക്കുന്നതിനു മുമ്പ് അവർ അവരുടെ തീരുമാനവും പ്രഖ്യാപിച്ചു - തട്ടിൽ പിതാവിന്റെ ദാക്ഷിണ്യം ഇനി SMC4Uവിനാവശ്യമില്ല; സംയുക്ത ഇടയലേഖനവും വേണ്ട. മാർപ്പാപ്പാ കാനോനിൽക്കൂടി അനുവദിച്ചു തന്നിരിക്കുന്ന അവകാശം സ്ഥാപിച്ചെടുക്കാൻ എന്തിനു മെത്രാന്റെ കൽപ്പന? ഒരൊറ്റ വാക്കുകൊണ്ട് തീർക്കാവുന്ന ഒരു പ്രശ്നമായിരുന്നിതെന്ന് ഇപ്പോഴും ആരും മനസ്സിലാക്കിയിട്ടില്ല. സഭയിലെ 99% വരുന്ന വിശ്വാസികളെയും കൂദാശകൾ കാട്ടി വരുതിയിലാക്കാമെന്ന സീറോമലബാർ സഭയുടെ ചിന്തക്കാണ് ഈ അടി! സഭയിലെ ഒരു വാട്ടർലൂവിനാണ് അഹമ്മദാബാദ് തുടക്കം കുറിച്ചിരിക്കുന്നതെന്നു പറയട്ടെ. പ്രോട്ടോസിഞ്ചെല്ലൂസച്ചൻ അഹമ്മദാബാദ് കത്തോലിക്കരെ അപമാനിച്ചു നടത്തിയ പ്രസ്താവനയും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും ചെറുതല്ല. SMC4Uവിനറിയാം, ഈ യുദ്ധം സഭയുടെ മോചനത്തിന് അനിവാര്യമാണെന്ന്.

Image may contain: text

1 comment:

  1. സഭയുടെ അടിത്തറ ക്രിസ്തുവിലല്ല. ക്രിസ്തുവിന്റെ അനുയായികളെല്ലാം സമന്മാരാണ്, ജാതി,വര്ണ, ജോലി തിരിവ് കൂടാതെ. പുരോഹിതന്‍ എന്നൊരു വര്‍ഗ്ഗം ക്രിസ്തു വിഭാവനം ചെയ്യ്തതല്ല..അധികാരമോഹികലായ ചിലര്‍ യഹൂദ മതത്തിന്റെ മാതൃകയില്‍ ഉരുവാക്കിയെടുത്തതാണിത്. ഇപ്പോള്‍ സഭ പറയുന്നത് സഭയുടെ വിശ്വാസ സത്യങ്ങള്‍, ക്രിസ്തു മൂന്നു വര്‍ഷവും സ്വയം പ്രഖ്യാപിത പിതാക്കന്മാര്‍ രണ്ടായിരം വര്‍ഷത്തോളവും പഠിപ്പിച്ച കാര്യങ്ങളാണ് എന്നാണ്!ശതമാനക്കണക്കില്‍ 0.3 മാത്രമാണിപ്പോള്‍ സഭയില്‍ ക്രിസ്തുവിന്റെ പങ്ക്.(രണ്ടായിരം വര്‍ഷത്തില്‍ മൂന്നു വര്ഷം!!)ബ്രാഹ്മണനെ ഉപദ്രവിച്ചാല്‍ മഹാ പാപം എന്നപോലെ പുരോഹിതനെ ഉപദ്രവിച്ചാല്‍ ഏഴു തലമുറ ശാപത്തില്‍ പെടുമെന്ന് പുതിയ പിതാക്കന്മാരുടെ ഭീഷണി സ്വരത്തിലുള്ള പഠനങ്ങള്‍. ഇവയും സീറോമലബാര്‍ സഭയുടെയെങ്കിലും വിശ്വാസ സത്യമായി മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കലും പുസ്തകം കൈകൊണ്ടു തോടുകയില്ലാത്ത നസ്രാണി സമൂഹത്തിലെ സീറോമലബാര്‍ വിഭാഗത്തിലെ സ്ത്രീ ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ ഇവര്‍ക്ക് വളരെ എളുപ്പത്തില്‍ സാധിച്ചിരിക്കുന്നു. പണ്ട് മതബോധന ക്ലാസുകളില്‍ സ്നേഹധനനായ പിതാവായ ദൈവത്തെയായിരുന്നു കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിച്ചിരുന്നത്. സ്നേഹധനനായ പിതാവിന്റെ മുന്‍പില്‍ നിന്ന് മക്കളെ വിരട്ടാന്‍ വീട്ടു ജോലിക്കാര്‍ക്ക് കഴിയില്ലല്ലോ. പിന്നെ ഒരു മാര്‍ഗ്ഗമേ ഇവരുടെ മുന്പില്‍ ഉള്ളു...പിതാവായ ദൈവത്തെ മാറ്റി ക്രിസ്തു ഉപേക്ഷിച്ച യഹോവയെ പ്രതിഷ്ഠിക്കുക..ഇപ്പോള്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് സീറോമലബാര്‍ സഭക്കുള്ളത്.. ഈ ദൈവത്തെ വേഷം കെട്ടി പറ്റിക്കാമെന്നു യാക്കോബ് കാണിച്ചു തന്നിട്ടുള്ളതാണ്.. ക്ഷിപ്ര കൊപിയായ ഈ ദൈവത്തെ ഇപ്പോഴും പ്രസാദിപ്പിച്ചു കൊണ്ടിരിക്കണം. ഇതിനു പുരോഹിതന്മാരുടെ അത്യാവശ്യമുന്ടു.

    അങ്ങിനെ കഴിഞ്ഞ അമ്പതു കൊല്ലം കൊണ്ടു അരങ്ങ് ഒരുങ്ങിയിരിക്കുന്നു. വിശ്വാസ പരിശീലനം നല്‍കി ഒരു വിഭാഗം ചെറുപ്പക്കാരെ തീവ്രവാദികള്‍ ആക്കി മാറ്റിയിരിക്കുന്നു.സഭയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സഭയെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കുന്നവരെ കയ്യൂക്ക് കൊണ്ടു നേരിടാന്‍ അവരെ മാനസ്സികമായി പരുവപ്പെടുത്തിയിരിക്കുന്നു. ഇനി സീറോമലബാര്‍ സഭക്ക് അശ്വമേധം തുടങ്ങാം...അല്ല, തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും കുതിരകള്‍ ഇപ്പോള്‍ പായുന്നു.

    പൊങ്ങച്ചത്തിനുള്ള വേദികള്‍ കുറവായ ഇവിടങ്ങളിലെ സ്ത്രീകള്‍ സീരോയുടെ പിന്നാലെ പോവുന്നു, ഭര്‍ത്താക്കന്മാര്‍ക്ക് പെങ്കോന്തന്മാരാവാതെ ജീവിക്കാനുമാവില്ല. ഈ അശ്വമേധം കഴിയുമ്പോള്‍ കേരളത്തിനു പുറത്ത് സീനിയര്‍ സിറ്റിസന്‍സ് ആയ ഒരു ഗ്രൂപ്പ് മാത്രമേ സീറോയില്‍ ഉണ്ടാവൂ എന്നാണു കാണുന്നത്. പുതിയ തലമുറ ലത്തീന്‍ സഭയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. പണ്ടത്തെപോലെ ലത്തീന്‍ പള്ളിയില്‍ മലയാളം കുര്ബാനയുമായി ലത്തീന്‍ കാരോട് യോജിച്ചു കഴിഞ്ഞിരുന്നെങ്കില്‍ മുതിര്‍ന്ന തലമുറക്കും യുവതലമുറക്കും യോജിച്ച് ഒരു പള്ളിയില്‍ പോയി മലയാളി സമൂഹം എന്ന നില നിലനിര്‍ത്താമായിരുന്നു. അധികാര ഭ്രാന്തു തലയ്ക്കു പിടിക്കുമ്പോള്‍ വിവേകം നശിക്കുമല്ലോ. വിനാശകാലേ വിപരീത ബുദ്ധി..

    ReplyDelete