Translate

Monday, May 21, 2018

അഡള്‍ട്ട്‌സ് ഒണ്‍ളി!

ഇപ്പന്‍ ഫോണ്‍ - 9446561252

റൂഹാ     -          ഇപ്പാ, എടാ ശപ്പാ, ഏക്കടാ.
ഞാന്‍   -          ആരാ ഈ അസമയത്ത്?
റൂഹാ     -          ഞാനാടാ, റൂഹാദക്കുദിശാ തമ്പുരാന്‍
ഞാന്‍   -          അച്ചോ, എന്നെ പീഡിപ്പിക്കല്ലേ; എന്റെ പൊന്നു തമ്പുരാനേ, എന്നെ പീഡിപ്പിക്കല്ലേ....
റൂഹാ     -          ഇതാണ് കത്തനാരന്മാരെന്നോടു ചെയ്ത കൊലച്ചതി. പതിവ്രതാരത്‌നമായ മറിയത്തിന്റെ കിടപ്പറയില്‍ ഞാന്‍ അസമയത്ത് പ്രവേശിച്ച് അരുതാത്തത് ചെയതു എന്ന് നിന്നെപ്പോലുള്ള മണ്ടന്മാരുടെ ഇളംതലച്ചോറില്‍ അടിച്ചു കയറ്റിയില്ലേ? ഞങ്ങള്‍ക്ക് നിങ്ങള്‍ മക്കളാണ്. സമയത്താണെങ്കിലും അസമയത്താണെങ്കിലും രതിവൈകൃതപരിശേധന നടത്തി അകത്തു കയറ്റേണ്ടത് അവന്മാരെയാണ്, കത്തനാരന്മാരെ.
ഞാന്‍   -          തമ്പുരാനേ, ക്ഷമിക്കണം. വേദപാഠക്ലാസ്സുകളില്‍വച്ചു കിട്ടിയ ബ്രയിന്‍വാഷിങ്ങിന്റെ കലിപ്പ് അത്രയ്ക്കുണ്ട്.
റൂഹാ     -          ഞങ്ങള്‍ക്ക് നിങ്ങളിലൂടെമാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്ന് ഇപ്പോഴെങ്കിലും പിടികിട്ടിയില്ലേ? അല്ലെങ്കില്‍ എത്ര പണ്ടേ ഞങ്ങള് പഞ്ചനക്ഷത്രപള്ളികളും വേദോപദേശക്ലാസ്സുകളുമൊക്കെ തീയും ഗന്ധകവും ഇറക്കി നശിപ്പിച്ചേനേ. അഭയാര്‍ഥിക്യാമ്പുകളിലും പട്ടിണി പ്രദേശങ്ങളിലും എത്രയോമുമ്പേ മന്നാ പൊഴിച്ചേനേ.
ഞാന്‍   -          എന്നാലും എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. അങ്ങ് ഈ പാവപ്പെട്ടവന്റെ കുപ്പമാടത്തില്‍!
റൂഹാ     -          മഹാശക്തന്മാര്‍ക്കും ചിലപ്പോള്‍  അല്പപ്രാണികളെക്കൊണ്ട് ഉപയോഗം വരും.
ഞാന്‍   -          എന്താണാവോ അങ്ങ് ഉദ്ദേശിക്കുന്നത്?
റൂഹാ     -          സീറോ-മലബാര്‍ കുടുംബപ്രേഷിതകേന്ദ്രം നടത്തിയ കുടുംബസര്‍വ്വേക്ക് ഒരു മറുപടി കൊടുക്കാഞ്ഞ് എന്റെ നാക്കു ചൊറിഞ്ഞുവരുന്നു. എന്റെ തീനാക്കിനുപോലും ചൊറിയണമെങ്കില്‍?!
ഞാന്‍   -          പ്രഭോ, അതിന് ഈയുള്ളവന്‍...
റൂഹാ     -          കിഴങ്ങാ, നേരത്തേ പറഞ്ഞില്ലേ ഞങ്ങള്‍ നിങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്.  
ഞാന്‍   -          എന്നാലും അടിയന്‍!
റൂഹാ     -     തെറിക്കുത്തരം മുറിപ്പത്തല്‍!
ഞാന്‍   -     ആ മൂലേച്ചാലിയും കന്യാസ്ത്രീമാരുമൊക്കെ വായിക്കുന്ന മാസികയാ, ഭാഷ....
റൂഹാ     -    അവനവിടെ മൂലേല്‍ ചാരിയിരുന്നോളാന്‍ പറയണം. ചുണയുണ്ടെങ്കില്‍ ഞാനെഴുതിക്കുന്നതവന്‍ എഡിറ്റു ചെയ്യട്ടെ. നീ 'അഡള്‍ട്ട്‌സ് ഒണ്‍ളി' എന്നു തലക്കെട്ടുകൊടുക്ക്. എന്നിട്ടും വായിക്കുന്നവളുമാരു ണ്ടെങ്കില്‍ വായിക്കട്ടെ. മൊബൈലില്‍ പിടിച്ച് രണ്ടു ഞെക്കുഞെക്കിയാല്‍ സണ്ണി ലിയോണിമാര്‍ പിറന്നപടി പറന്നെത്തുന്ന കാലത്താണ് കപട സദാചാരപ്രസംഗം.
ഞാന്‍   -       സഭ പറയുന്നതിലും ലേശം കാര്യമില്ലേ? യഹോവാ അബ്രഹാം പിതാവിനോടു പറഞ്ഞില്ലേ നീ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെയും ആകാശത്തെ നക്ഷത്രങ്ങള്‍പോലെയും പെറ്റുപെരുകണ മെന്ന്.
റൂഹാ     -  നീ 'സത്യജാല'യില്‍ പ്രൊഫ. ലൂക്കോസും മാത്തുക്കുട്ടി തകിടിയേലും മറ്റുമെഴുതുന്ന സുവിശേഷങ്ങള്‍ വായിക്കാറില്ലേ? പഴയ നിയമത്തിലെ മുക്കാലേ മുണ്ടാണിയും ബ്ലണ്ടറുകളാണ്. യഹോവാ അങ്ങനെ പറഞ്ഞെങ്കില്‍ത്തന്നെ അത് ആ കാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ്. അന്നു ജനസംഖ്യ തീരെ കുറവ്. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗം. തൊഴിലെടുക്കാന്‍ ആളുമില്ല. ഒരുത്തി പതിനയ്യായിരം മുക്കുമുക്കി പതിനഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ അഞ്ചെണ്ണം ജീവിച്ചുകിട്ടിയാലായി. ഇന്നത്തെ അവസ്ഥ അതാണോ? ഇതുകൊണ്ടൊക്കെ യാണ്, ഏതു പുസ്തകവും തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും വായിക്കണമെന്നു പറയുന്നത്.
ഞാന്‍ - അതൊള്ളതാന്നേ. ഇന്നെന്തെല്ലാം ഗുലുമാലുകളാണ്. പരിസ്ഥിതിപ്രശ്‌നങ്ങള്‍, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, വിഭവശോഷണം, ഓസോണ്‍ പാളിയിലെ വിള്ളല്‍, ധ്രുവപ്രദേശത്തെ മഞ്ഞുരുകല്‍, പുതിയ പുതിയ രോഗങ്ങള്‍...!
റൂഹാ -മാറിമാറി വരുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാനാണ് മനുഷ്യന് ബുദ്ധി തന്നിരിക്കുന്നത്. ഒരുദാഹരണം പറയാം. സീറോ-മലബാര്‍ സഭയില്‍ ഇരുപതിലേറെ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളുണ്ടായിരുന്നു കഴിഞ്ഞ തലമുറയില്‍. അവരുടെ മക്കളും അതുപോലെ പെറ്റുപെരുകിയാല്‍ എന്താവും സംഭവിക്കുക? കണക്കുശാസ്ത്രത്തിന്റെ മധ്യസ്ഥനായ എന്റെതന്നെ തല മരയ്ക്കുന്നു. 5000 കൊച്ചുമക്കളെങ്കിലും കുറഞ്ഞതുണ്ടാവും. ആ കാര്‍ന്നേന്മാരെ കുഴിയിലോട്ടെടുക്കാന്‍! ഇന്നു ലോകത്തുള്ള 1000 കോടി ജനങ്ങള്‍ നൂറുവര്‍ഷം കഴിയുമ്പോള്‍ ഇരുപത്തഞ്ചു ലക്ഷം കോടിയായി വര്‍ധിക്കുമെന്ന് ചുരുക്കം.
ഞാന്‍   -          ഇതുകൊണ്ടായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞത്, ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ മുയലിനെപ്പോലെ പെറ്റുകൂട്ടരുതെന്ന്.
റൂഹാ     -          ഞങ്ങള്‍ക്കാകെയുള്ളൊരു പ്രതീക്ഷ അയാളിലാണ്. അയാള്‍ക്കെന്നല്ല വകതിരിവുള്ള ഏതൊരുത്തനും അങ്ങനെയേ പറയാനാവൂ.
ഞാന്‍   -          മെത്രാന്മാരും കത്തനാരന്മാരും ഇത്ര മന്ദബുദ്ധികളായിപ്പോയല്ലോ?
റൂഹാ     -          ഒത്തിരിയെണ്ണം അങ്ങനെയുണ്ട്. പക്ഷേ ചെപ്പും പന്തുമൊക്കെ പഠിച്ച കള്ളന്മാരുടെ കൈയിലാണ്. ചെയ്യുന്ന കാര്യങ്ങളുടെ പിറകിലെല്ലാം അവന്മാര്‍ക്ക് വ്യക്തമായ ഹിഡന്‍ അജണ്ടയുണ്ട്.
ഞാന്‍   -          അതെന്താണാവോ?
റൂഹാ     -          ഒന്നാമത് വോട്ടുബാങ്കിലെ അക്കൗണ്ട് വര്‍ധിപ്പിക്കുക. രാഷ്ട്രീയാധികാരം പങ്കിട്ട് പൊതുസമൂഹത്തിന്റെ നികുതിപ്പണം മൊത്തത്തോടെ, ഇത്തിള്‍ക്കണ്ണികളെപ്പോലെ ഊറ്റിക്കുടിക്കുക.
ഞാന്‍   -          അതു നമ്മള്‍ ക്രിസ്ത്യാനികള്‍ക്ക് നല്ലതല്ലേ പ്രഭോ?
റൂഹാ     -          എടാ മണ്ടശിരോമണീ.... നീയൊക്കെ വായുംപൊളിച്ചിരുന്നോ. ന്യൂനപക്ഷാവകാശവും ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ കൊള്ളലാഭവുമൊക്കെ ഇവന്മാരുടെ അണ്ണാക്കിലേക്കാ പോകുന്നത്. സമൂഹഗാത്രത്തിനു മൊത്തത്തിലേ വളരാനാവൂ. നിന്റെ ശരീരത്തിലെ ഏറ്റവും പ്രിയപ്പെട്ട അവയവമാണെങ്കില്‍പ്പോലും അതു ദിവസവും വളര്‍ന്നുകൊണ്ടിരുന്നാല്‍ നീതന്നെ സുല്ലിടില്ലേ?
ഞാന്‍   -          തമ്പുരാനേ, അഡള്‍ട്ട്‌സ് ഒണ്‍ളി....
റൂഹാ     -          നേരെചൊവ്വേ കാര്യം പറഞ്ഞാല്‍ തിരിയാത്ത നിന്നോടൊക്കെ പിന്നെ എന്തു പറഞ്ഞാല്‍ തലേല്‍ കയറും? ജനസംഖ്യാപ്പെരുപ്പംവഴി വര്‍ധിച്ചുവരുന്ന ദുഃഖങ്ങളും ദുരിതങ്ങളും ഇവന്മാരുടെ ഭക്തിവ്യവസായത്തിനു കൊഴുപ്പുകൂട്ടും. അതാണടുത്ത ലക്ഷ്യം.
ഞാന്‍   -          മനസ്സിലായില്ല.
റൂഹാ     -          എടാ മരങ്ങോടാ, ദാരിദ്യം വര്‍ധിക്കുമ്പോള്‍ കൊഴുക്കുന്ന മൂന്നു വ്യവസായങ്ങളേ ലോകത്തുള്ളൂ, ഭക്തിവ്യവസായം, മദ്യവ്യവസായം, ആശുപത്രി വ്യവസായം. ഓ, തെറ്റി. വിശപ്പു സഹിക്കവയ്യാതെ തുണി അഴിച്ചു പോകുന്ന പെണ്ണുങ്ങളെ ഞാന്‍ മറന്നുപോയി,
ഞാന്‍   -          തമ്പുരാനേ, പിന്നേം.......
റൂഹാ     -          ഇതശ്ലീലമല്ലെടാ, പച്ചയായ ജീവിതയാഥാര്‍ഥ്യമാണ്. കന്യാസ്ത്രീമഠങ്ങള്‍ കാലിയായിവരുന്നതു കണ്ടുള്ള ഇരിക്കപ്പൊറുതിയില്ലായ്മയാണ് അഡള്‍ട്ട്‌സ് ഒണ്‍ളി  കുടുംബസര്‍വ്വേയുടെ അടുത്ത പ്രേരണ.
ഞാന്‍   -          തമ്പുരാനേ, അടിയനൊരു ഐഡിയാ!
റൂഹാ     -          നീ ധൈര്യമായി പറയെടാ, കൈകൂപ്പി വണങ്ങിനില്ക്കുന്ന സ്വാര്‍ഥന്മാരെക്കാള്‍ നട്ടെല്ലു നിവര്‍ത്തിനിന്നു കാര്യം പറയുന്നവരെയാ ഞങ്ങള്‍ക്കിഷ്ടം.
ഞാന്‍   -          അച്ചന്മാരെയും കന്യാസ്ത്രീകളെയും കെട്ടിച്ചാലെന്താ കുഴപ്പം? അവര്‍ക്കൊരാശ്വാസമാവും. കൃത്യമായും സഭ പറയുന്നിടത്ത് വോട്ടുചെയ്യുന്ന കുറെ കുഞ്ഞാടുകളും ജനിക്കും.
റൂഹാ -  കണ്ടോ. കുറച്ചുനേരം എന്റെ കാറ്റടിച്ചതേയുള്ളൂ, നിനക്കും വിവേകം വച്ചുതുടങ്ങി. പക്ഷേ ഇവന്മാരു പറയുന്നിടത്തൊന്നും ക്രിസ്ത്യാനികളധികം കാലം വോട്ടു ചെയ്യാന്‍ പോകുന്നില്ല. സഭാസംവിധാനത്തിന്റെ ബ്രഹ്മാണ്ഡക്കൊതിയാണ് ബ്രഹ്മചര്യം അടിച്ചേല്പിക്കുന്നതില്‍ പ്രതിഫലിക്കുന്നത്. സമ്പത്തു വിഭജിച്ചു പോകരുത്. ശുദ്ധാത്മാക്കളായ സന്ന്യസ്തര്‍ കാമത്തീയില്‍ ദഹിക്കുകയും സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ കാമപ്പേക്കൂത്തില്‍ അര്‍മാദിക്കുകയും ചെയ്യുന്നു. സന്ന്യസ്തരുടെ ജിവിതവും അനുരാഗപൂരിതമാകട്ടെ. കുഞ്ഞുങ്ങളുടെ പുഞ്ചിരി കഠിനഹൃദയര്‍ക്ക് മനുഷ്യപ്പറ്റുണ്ടാക്കും.
ഞാന്‍   -          അങ്ങു പറഞ്ഞ ഒരു കാര്യം വളരെ ശരി. ക്രിസ്ത്യാനികള്‍ ഇവരുടെ വാക്കുകള്‍ക്ക് പുല്ലുവില കൊടുത്തുതുടങ്ങി. വിദ്യാഭ്യാസമില്ലാത്തവര്‍പോലും രണ്ടു കുട്ടികളില്‍ തൃപ്തരായിത്തുടങ്ങി.
റൂഹാ     -    രണ്ടു കുഞ്ഞുങ്ങളേ ഉള്ളെങ്കില്‍ അവര്‍ക്കു ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാന്‍ ഇടത്തരക്കാര്‍ക്കുപോലും  കഴിഞ്ഞെന്നുവരും. വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നുവരുന്നത് ഈ പെരുങ്കള്ളന്മാര്‍ ഭയാശങ്കയോടെയാണ് കാണുന്നത്. അറിവ് കുഴക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂട്ടും.
ഞാന്‍   -  തമ്പുരാനേ, ഇതിപ്പം 'അഡള്‍ട്ട്‌സ് ഒണ്‍ളി' എന്ന തലക്കെട്ടു കണ്ടു വായിച്ചു തുടങ്ങുന്നയവര്‍ക്ക് കാര്യമായി ഒന്നും തടയില്ലല്ലോ?
റൂഹാ     -    തെറി പറഞ്ഞു സുഖിപ്പിക്കാന്‍ ഞാനെന്താ നിന്റെയൊക്കെ കുമ്പസാരഗുരുവാണോകേട്ടു രസിക്കാനാണെങ്കില്‍ നിന്റെയൊക്കെ കെട്ടിയവളുമാരെ പറഞ്ഞ് കുമ്പസാരക്കൂട്ടിലോട്ടു വിട്. അവളുമാര് തലയണമന്ത്രമായി പറഞ്ഞുതരും.
ഞാന്‍   -          കുടുംബസര്‍വ്വേയില്‍ ഉറയാണോ ഗുളികയാണോ ഉപയോഗിക്കുന്നതെന്നൊക്കെ ചോദിച്ചിട്ടുണ്ട്.
റൂഹാ     -          ഐ റിസേര്‍വ് മൈ കമന്റ്‌സ്.
ഞാന്‍   -          പൊന്നുടയതേ, വിശ്വാസികളുടെ ഒരു മനസ്സമാധാനത്തിനു വേണ്ടി.
റൂഹാ     -          മഹാശല്യമായല്ലോ ഇവനെക്കൊണ്ട്. എടാ, ദൈവത്തിനുപോലും ഒരുത്തന്റെ കിടപ്പറയില്‍ കയറി ഒളിഞ്ഞുനോക്കേണ്ട ആവശ്യമില്ല. പിന്നെയല്ലേ മെത്രാനും കത്തനാര്‍ക്കും. ഗര്‍ഭപാത്രത്തിലായാലും ഉണ്ടായ ഒരു കുഞ്ഞിനെ കൊല്ലരുത്; അത്രമേല്‍ അപരിഹാര്യമായ സാഹചര്യങ്ങളിലല്ലാതെ. ഗര്‍ഭനിരോധനമാര്‍ഗങ്ങളൊക്കെ ആകാവുന്നതേയുള്ളൂ. പെണ്ണുങ്ങള്‍ കറിക്കറിയുമ്പോള്‍ റബ്ബര്‍ ഉറ ധരിക്കാറില്ലേ? എന്തിനാ? കൈ മുറിയാതിരിക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച മാര്‍ഗം. ഇതും അതുപോലെ വേറൊരു ഉറ. മനുഷ്യബുദ്ധിയുടെ വിജയം. ലാഭകരമാണെന്നു കണ്ടാല്‍, ഭാവിയില്‍ ഇവര്‍തന്നെ ഉറ ഫാക്ടറി തുടങ്ങുകയും ചെയ്യും. എത്രയോ ശാസ്ത്രജ്ഞന്മാരെ പീഡിപ്പിച്ചവരാണിവര്‍! എന്നിട്ടിപ്പോള്‍ ആശുപത്രിക്കച്ചവടം പൊടിപൊടിക്കുന്നില്ലേ? ആവശ്യം വരുമ്പോള്‍ ശസ്ത്രക്രിയാമേശകളില്‍ കയറി മലര്‍ന്നു കിടക്കുന്നില്ലേ?
ഞാന്‍   -          അവിടന്നറിഞ്ഞോ? ഈയിടെ ഒരച്ചന്‍ തെറിസര്‍വേയ്ക്ക് ഒരു ബദല്‍ സര്‍വേ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു.
റൂഹാ     -          ഞാനറിയാതെ നിന്റെയൊന്നും ഒരു പൂടപോലും പൊഴിയുന്നില്ല. എത്ര ക്രിസ്ത്യാനി കഞ്ഞി കുടിക്കാതെയുണ്ട്? എത്ര ക്രിസ്ത്യാനി കൂമ്പാള ഉടുക്കാതെയുണ്ട്? ഈ മട്ടിലല്ലേ ചോദ്യങ്ങള്‍? ആ ചെക്കന്റെ ചോദ്യങ്ങളാണ് പ്രസക്തം. മതമാഫിയാത്തലവനന്മാര്‍ അവനെയൊക്കെ വട്ടന്മാരെന്നു വിളിച്ചു കൂവിയിരുത്തും. ആ വട്ടോളിമാരുടെ വാക്കുകള്‍ക്കു ചെവിയോര്‍ക്കുക. വട്ടായിമാരുടെ വാക്കുകളെ വിഷത്തെക്കാള്‍ വെറുക്കുക. എന്റെ നാമത്തിലാണവര്‍ സാത്താന്റെ സത്തൂറ്റി വാറ്റിയ ആത്മീയചാരായം ധ്യാനച്ചന്തകളില്‍ വിളമ്പുന്നത്.
ഞാന്‍   -          അടിയനൊരു ഐഡിയാ. പൗരോഹിത്യം കനകം മൂലവും കാമിനിമൂലവും ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു സര്‍വേ നടത്തിയാലോ?
റൂഹാ     -          മൊശകോടാ, നല്ല ഐഡിയാകള്‍ പൂജിക്കാനുള്ളതല്ല, എത്രയും വേഗം പ്രാക്ടിക്കലാക്കാനുള്ളതാണ്. എനിക്ക് ദ്വിത്വത്തില്‍നിന്ന് ഒരടിയന്തരസന്ദേശം ലഭിച്ചിരിക്കുന്നു. ഒരു വിധവയുടെ സ്വത്ത് കരിസ്മാറ്റിക് മന്ത്രവാദികളെ ഉപയോഗിച്ച് കബളിപ്പിച്ചെടുത്ത ഒരു മെത്രാന്‍ ചത്തെത്തിയിരിക്കുന്നു. അവനെ വിചാരണ ചെയ്യാന്‍ പോകണം.
ഞാന്‍   -          പൊന്നുടയതേ പോകരുതേ. അത് പിതാവും പുത്രനും കൂടി കൈകാര്യം ചെയ്യില്ലേ?
റൂഹാ     -          അപൂര്‍വങ്ങളില്‍വച്ച് അപൂര്‍വങ്ങളായ കുറ്റകൃത്യങ്ങള്‍ക്ക് ഞങ്ങളുടെ ഫുള്‍ബെഞ്ചാണ്    ശിക്ഷ വിധിക്കുന്നത.്
ഞാന്‍   -          കണ്ടും കേട്ടും കൊതി തീര്‍ന്നില്ല. നിര്‍ബന്ധമാണെങ്കില്‍ ഞാനെന്തുചെയ്യും. എന്നാപ്പിന്നെ സത്യജ്വാല വായനക്കാര്‍ക്കുവേണ്ടി ഒരു സന്ദേശം താ.
റൂഹാ      -    നിന്റടുത്തേക്കാണെന്നു പറഞ്ഞപ്പോള്‍ പുലിക്കുന്നന്‍ ഒരു കാര്യം പറഞ്ഞേല്പിച്ചിരുന്നു. ആ അയ്യര്‍ നിര്‍ദേശിച്ച ചര്‍ച്ച് ആക്ട് പാസ്സാക്കാതെ ഭൂമികുംഭകോണങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇങ്ങനെ പോയാല്‍ കൊരട്ടിമുത്തിമാര് ഉടുതുണിക്ക് മറുതുണിയില്ലാത്തവരായി നില്‌ക്കേണ്ടിവരും. സെക്രട്ടറിയേറ്റ് മാര്‍ച്ച് എങ്ങനെയും വിജയിപ്പിക്കുക. ആ യാക്കോബായക്കാരന്‍ റമ്പാച്ചനെ വിശ്വസിക്കാം.

No comments:

Post a Comment