Translate

Sunday, December 23, 2018

'ഇന്ത്യന്‍ ദേശീയസഭ' എന്ന സങ്കല്പവും ജോസഫ് പുലിക്കുന്നേലും


ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാല 2018 ഡിസംബര്‍)

ആധുനിക കേരളത്തിലെ ചിന്താശീലരായ ക്രൈസ്തവരുടെ കുലപതി, ജോസഫ് പുലിക്കുന്നേല്‍, അന്തരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 2017 ഡിസം.28 രാവിലെ 3.30 എന്ന കാലബിന്ദുവില്‍ വികലപൗരോഹിത്യത്തിനെതിരെ മുഴങ്ങിനിന്ന ആ പുലിഗര്‍ജ്ജനം നിലച്ചു;  ചാട്ടവാറുകള്‍ ചുഴറ്റിനിന്ന ആ കരങ്ങള്‍ നിശ്ചലമായി; ഭാരതനസ്രാണിസഭയുടെ സ്വത്വം വീണ്ടെടുത്ത് ഈ സഭയെ റോമന്‍ പാശ്ചാത്യ-പൗരസ്ത്യസഭകളുടെ പുരോഹിതാധിപത്യ സംവിധാനത്തില്‍നിന്നു വിമോചിപ്പിക്കുകയെന്ന മഹാലക്ഷ്യത്തിനായി രാപകല്‍ കഠിനാദ്ധ്വാനംനടത്തി വിയര്‍പ്പൊഴുക്കിയ, അങ്ങേയറ്റം സജീവമായിരുന്ന ആ മസ്തിഷ്‌കം നിശ്ചേതനമായി; ഇടമറ്റം ഓശാനമൗണ്ടിലൊരുക്കിയ ചിതയില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം, അവിടെ കൂടിയിരുന്ന ജനമഹാസഞ്ചയത്തെ മൂകസാക്ഷികളാക്കി എരിഞ്ഞടങ്ങി.
എന്നാല്‍ ആ നിമിഷങ്ങളില്‍ത്തന്നെ, അദ്ദേഹം കേരളക്രൈസ്തവസമൂഹത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി അവതരിപ്പിച്ചിരുന്ന ആശയപ്രപഞ്ചമൊന്നാകെ, അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ശിരസ്സു നമിച്ചുനിന്ന ലോകമെമ്പാടുമുള്ള മലായാളികളുടെ മനസ്സില്‍ ഉദിച്ചുയരുകയായിരുന്നു. ഒപ്പം, അദ്ദേഹത്തിന്റെ ധീരതയുടെയും നിരീക്ഷണപാടവത്തിന്റെയും വിശകലനശേഷിയുടെയും തീക്ഷ്ണമായ താര്‍ക്കികയുക്തിയുടെയും ക്രാന്തദര്‍ശിത്വത്തിന്റെയും സര്‍വ്വോപരി, അടങ്ങാത്ത സമരവീര്യത്തിന്റെയും തീനാളങ്ങള്‍, ആ ചിതയില്‍ നിന്നെന്നപോലെ ഏറ്റു വാങ്ങുകയുമായിരുന്നു. ഇക്കഴിഞ്ഞ ഒരു വര്‍ഷം കേരളസഭയിലുണ്ടായ ഓരോ വിഷയത്തോടും പ്രതികരിക്കാനും, അതിനെയെല്ലാം തീക്ഷ്ണമായ സമരമുറകളിലൂടെ ആളിക്കത്തിക്കാനും, ഒരു മെത്രാന്റെ അറസ്റ്റില്‍വരെ കാര്യങ്ങളെത്തിച്ച് ലോകത്തെ അമ്പരപ്പിക്കാനും കേരളക്രൈസ്തവസമൂഹത്തിനു കഴിഞ്ഞത് ഇതിന്റെ ഫലമായിട്ടായിരുന്നുവെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു കാണാന്‍കഴിയും. പുരോഹിതജന്യമായ ഓരോ പ്രശ്‌നത്തെയും സമരമുഖത്തെത്തിക്കുന്ന ഈ സ്വാതന്ത്ര്യസമരപ്രക്രിയയുടെ ശക്തിയും ചൈതന്യവും കേരളത്തിലെ സഭകളിലെല്ലാംതന്നെ പെട്ടെന്നു വര്‍ദ്ധമാനമായിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസമൂഹം വ്യാജഭക്തിലഹരിയുടെ മായക്കാഴ്ചകള്‍ വിട്ട് ബോധത്തിലേക്ക് ഉണര്‍ന്നുതുടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ കേരളത്തിലെയെന്നല്ല, ഭാരതത്തിലെ ക്രൈസ്തവസമൂഹത്തില്‍ത്തന്നെ, ജോസഫ് പുലിക്കുന്നേല്‍ കൂടുതല്‍ സ്വീകാര്യനാവുകയാണ്; അദ്ദേഹത്തിന്റെ പ്രസക്തി ഏറുകയാണ്; അദ്ദേഹത്തിന്റെ വിമോചനാശയങ്ങളും കര്‍മ്മോത്സുകതയും ഈ സമൂഹത്തിന്റെ പരിവര്‍ത്തനത്തിനുള്ള പുളിമാവാകുകയാണ്; ഭാരതക്രൈസ്തവസമൂഹത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍കൂടുതലായി അനുഭവവേദ്യമാകുകയാണ്.
പുലിക്കുന്നേലിന്റെ അഞ്ചു പതിറ്റാണ്ടോളം നീണ്ട ചിന്തയും എഴുത്തും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചാല്‍, വിദേശ കൊളോണിയല്‍ശക്തികള്‍ക്കെതിരെ ഇന്ത്യയില്‍ മുഴങ്ങിയ ആദ്യത്തെ 'ക്വിറ്റ് ഇന്ത്യാ പ്രഖ്യാപന'മായിരുന്ന 'കൂനന്‍കുരിശുസത്യ'ത്തിന്റെ തുടര്‍ച്ചയായിരുന്നു അതെല്ലാം എന്നു കാണാനാകും. കൂനന്‍കുരിശുസത്യത്തെയും തുടര്‍ന്നു നടന്ന ഗാന്ധിജിയുടെ 'ക്വിറ്റ് ഇന്ത്യാ' പ്രഖ്യാപനത്തെയും തോല്പിച്ചുകൊണ്ട്, ഇന്നും ഇന്ത്യയിലെ  ക്രൈസ്തവവിഭാഗത്തെ ഒരുകോളനിയാക്കി രാജവാഴ്ച നടത്തുന്ന റോമാ കേന്ദ്രീകരിച്ചുള്ള വിദേശമതാധിപത്യത്തിനെതിരെ മറ്റൊരു 'ക്വിറ്റ് ഇന്ത്യാ' പ്രഖ്യാപനത്തിന്റെ ഒരുക്കൂട്ടലുകളായിരുന്നു, അദ്ദേഹത്തിന്റേത്. മതപരിവേഷത്തിന്റെ മറവില്‍ ആരുടെയും കാഴ്ചയില്‍വരാതെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഇന്ത്യയില്‍ ശക്തമായി തുടര്‍ന്നുപോരുന്ന റോമന്‍ ആധിപത്യത്തെ അതിന്റെ ആ തനിരൂപത്തില്‍ ആദ്യമായി തിരിച്ചറിഞ്ഞ സൂക്ഷ്മദൃക്കാണ് ജോസഫ് പുലിക്കുന്നേല്‍. ഇന്ത്യന്‍ക്രൈസ്തവരുടെമേല്‍ യേശുവിന്റെപേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ മതകൊളോണിയലിസത്തെ തുരത്തി, ഭാരതസംസ്‌കാരത്തനിമയോടുകൂടിയ ഒരു ദേശീയസഭയെ പുനഃസ്ഥാപിക്കുക എന്നതായിരുന്നു തന്റെ ജീവിതദൗത്യമായി അദ്ദേഹം ഏറ്റെടുത്തത്.
ഈ ദൗത്യനിര്‍വ്വഹണത്തി ന്റെ പശ്ചാത്തലമൊരുക്കുന്നതിനായി അദ്ദേഹം, ഒരു വശത്ത് വൈദേശികാധിപത്യസംവിധാനത്തിന്റെ ഫലമായുണ്ടാകുന്ന സഭാപ്രശ്‌നങ്ങളെ വിശകലനംചെയ്യുകയും വിമര്‍ശിക്കുകയും തുറന്നെതിര്‍ക്കുകയും, മറുവശത്ത് നാം വീണ്ടെടുക്കേണ്ട ഭാരതനസ്രാണിത്തനിമയിലേക്കു കൈചൂണ്ടി അതിലെ ക്രിസ്തീയചൈതന്യം വിശദീകരിക്കുകയും ചെയ്തു. മനുഷ്യചരിത്രത്തില്‍ സഭ ചെയ്തുകൂട്ടിയ അതിഭീകരങ്ങളായ നരഹത്യകളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രൈസ്തവരെ ഇന്നടിമപ്പെടുത്തിയിരിക്കുന്ന റോമന്‍ പാരമ്പര്യത്തിലുള്ള പാശ്ചാത്യ-പൗരസ്ത്യസഭകളുടെ കൊളോണിയല്‍മുഖം അദ്ദേഹം വരച്ചുകാട്ടുകയും, അതിന്റെ ഇരുണ്ട പശ്ചാത്തലത്തില്‍ ആദിമസഭയുടെ വിശുദ്ധി 16 നൂറ്റാണ്ടുകാലം കാത്തുസൂക്ഷിച്ച ഭാരതനസ്രാണിസഭയുടെ ലളിതസുന്ദരമായ മുഖം തെളിച്ചുകാണിച്ച് അതിലേക്ക് ആകര്‍ഷിക്കുകയുമാണ് അദ്ദേഹം ചെയ്തുപോന്നത്. ഉറഞ്ഞു കല്ലിച്ചുകിടന്ന സമുദായമനസ്സെന്ന മണ്ണ്, ഇപ്രകാരം ഉഴുതുമറിച്ചുകഴിഞ്ഞാണ് ഒരു ഇന്ത്യന്‍ ദേശീയസഭ എന്ന സങ്കല്പത്തിന്റെ വിത്തുകള്‍ അദ്ദേഹം ഇവിടെ വിതച്ചുതുടങ്ങിയത്.
മതദര്‍ശനങ്ങള്‍ക്ക് രാഷ്ട്രാതിര്‍ത്തികള്‍ ബാധകമല്ലെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഏതെങ്കിലും ഒരു മതദര്‍ശനത്തെ സ്വീകരിക്കുന്ന ഒരുവന്‍ അതവന്റെ വ്യക്തിത്വത്തിലേക്കും, ഒരു ജനത അതവരുടെ തനതു സംസ്‌കാരത്തിലേക്കും സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഒരു മതദര്‍ശനം ഉദയംകൊണ്ടതോ കൂടുതല്‍ പ്രചരിച്ചതോ ആയ രാഷ്ട്രങ്ങളുടെ സംസ്‌കാരംകൂടി മതദര്‍ശനത്തോടൊപ്പം സ്വീകരിച്ചുകൊള്ളണം എന്ന നിലപാട് തെറ്റാണെന്നു കാണാം. റോമന്‍ സാമ്രാജ്യത്വപാരമ്പര്യമുള്ള ക്രൈസ്തവസഭകള്‍ പുലര്‍ത്തിയ ഈ തെറ്റായ നിലപാടാണ് ഇന്ത്യന്‍സഭയിലുണ്ടായ അവരുടെ സാംസ്‌കാരികവും മതപരവുമായ അന്യവല്‍ക്കരണത്തിനും വിദേശമതകൊളോണിയലിസത്തിനും കാരണം എന്ന് ജോസഫ് പുലിക്കുന്നേല്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
അദ്ദേഹം എഴുതുന്നു:
''ക്രിസ്തുശിഷ്യന്മാര്‍, വിവിധ ദേശങ്ങളില്‍ ക്രിസ്തുവിശ്വാസം പ്രസംഗിച്ചു. പിന്നീട് സുവിശേഷപ്രചാരകര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ക്രിസ്തുസന്ദേശം പ്രചരിപ്പിച്ചു. ക്രിസ്തുവിശ്വാസം ഏറ്റുവാങ്ങിയവര്‍ അതാത് സാംസ്‌കാരിക ചട്ടക്കൂട്ടിനുള്ളില്‍നിന്നാണ് അത് ഏറ്റുവാങ്ങിയത്. മതവിശ്വാസം അവരെ അവരുടെ സംസ്‌കാരത്തില്‍നിന്ന് അന്യരാക്കിയില്ല. റോമിലെ ജനങ്ങള്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചപ്പോള്‍ അവര്‍ യഹൂദ വേഷവിധാനങ്ങളും പേരും ആചാരക്രമവും സ്വീകരിച്ചില്ല. ക്രിസ്തു, തന്റെ വിശ്വാസികള്‍ ദൈവത്തെ എങ്ങനെ ആരാധിക്കണമെന്നും അവര്‍ എന്തു വേഷം ധരിക്കണമെന്നും ഉപദേശിച്ചുമില്ല. അതാതു ജനതകളുടെ സംസ്‌കാരം അതിന്റെ തനിമയില്‍ വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നതിനും അതില്‍ ജീവിക്കുന്നതിനും അതാത് ജനതകള്‍ക്കുള്ള അവകാശത്തെ ശ്ലീഹന്മാരോ അക്കാലത്തെ സുവിശേഷപ്രചാരകരോ എതിര്‍ത്തിരുന്നില്ല.
ഭാരതത്തില്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ ഭാരതത്തിന്റെ സാംസ്‌കാരികധാരയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് അതു സ്വീകരിച്ചതും അതില്‍ ജീവിച്ചുപോന്നതും. റോമില്‍ നാലാംനൂറ്റാണ്ടിനു
ശേഷമാണ് റോമന്‍ സാമ്രാജ്യസംസ്‌കാരത്തിന് യോജിച്ചവിധം നൈയാമിക സഭാഘടനകള്‍ രൂപംകൊണ്ടത്. റോമന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍പ്പെട്ട പൗരസ്ത്യസഭകളില്‍  വ്യത്യസ്തമായ ആരാധനക്രമങ്ങളും ഭരണവ്യവസ്ഥയും വികസിച്ചു. പാശ്ചാത്യ റോമാസാമ്രാജ്യത്തിനുള്ളില്‍ ആ പ്രദേശത്തെ സാംസ്‌കാരികധാരയ്ക്കനുസരിച്ചും പൗരസ്ത്യ റോമാസാമ്രാജ്യത്തിനുള്ളില്‍ ആ പ്രദേശത്തെ സാംസ്‌ക്കാരികധാരയ്ക്കനുസരിച്ചും സഭാഘടനാരീതിയും ആരാധനാസമ്പ്രദായവും വികസിച്ചു. പൗരസ്ത്യസഭകളുടെ സാംസ്‌കാരികത്തനിമയെ മാനിക്കാന്‍ തയ്യാറാവാതെ ക്രൈസ്തവ മതവിശ്വാസമെന്നാല്‍ റോമന്‍ സംസ്‌കാരത്തിന്റെ കലവറയില്ലാത്ത സ്വീകരണമാണെന്ന് തെറ്റിദ്ധരിച്ചിരുന്ന പാശ്ചാത്യസഭ, പൗരസ്ത്യസഭയെ തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമായാണ് പൗരസ്ത്യസഭകള്‍ പാശ്ചാത്യസഭകളില്‍നിന്നു വേര്‍തിരിഞ്ഞത്.
തോമസ് അപ്പോസ്തലന്‍ ഭാരതത്തില്‍ സ്ഥാപിച്ച സഭാക്കൂട്ടങ്ങള്‍ വളര്‍ന്നത് പാശ്ചാത്യ സഭകളുടെയോ പൗരസ്ത്യസഭകളുടെയോ കീഴിലല്ലായിരുന്നു. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ ഇവിടുത്തെ മണ്ണിന്റെ മക്കളും ഇവിടുത്തെ സാംസ്‌കാരികധാരയുടെ ഭാഗവുമായിരുന്നു. 5-ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ സെലൂഷ്യാ-സ്റ്റെസിഫോണ്‍ സഭയുമായി കേരളസഭയ്ക്ക് ഉണ്ടായിരുന്ന ബന്ധം ഒരിക്കലും അധികാരപരമായിരുന്നില്ല.....
.....കേരളക്രൈസ്തവര്‍ക്ക്, ഭാരതത്തിന്റെ സാംസ്‌കാരിക സമൂഹികപശ്ചാത്തലത്തിലുള്ള സഭാഘടനയും  സഭാശുശ്രൂഷകരും ഈ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍, പേര്‍ഷ്യന്‍സഭ അവരുടെ  ഭരണസമ്പ്രദായവും ആരാധനക്രമവും കേരളസഭയുടെമേല്‍ കെട്ടിവച്ച് നമ്മുടെ പൂര്‍വപാരമ്പര്യം നശിപ്പിക്കുകയാണു ചെയ്തത്...
..... ഭാരതീയ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ നമ്മുടെ പൂര്‍വികന്മാര്‍ വളര്‍ത്തിയെടുത്ത ആരാധനക്രമം വേരുപോലുമില്ലാതെ പേര്‍ഷ്യക്കാര്‍ നശിപ്പിച്ചു......പേര്‍ഷ്യക്കാര്‍ അപ്പോസ്തലികപാരമ്പര്യമുള്ള കേരളസഭയുടെ മേല്‍ അവരുടെ ആരാധനക്രമവും വൈദികഭരണവും കെട്ടിവച്ചു...
16-ാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയ പോര്‍ട്ടുഗീസുകാര്‍ ഭാരതസഭയുടെമേല്‍ അവരുടെ ഘടനാസമ്പ്രദായം - പാശ്ചാത്യ ഭരണസമ്പ്രദായം - കെട്ടിയിരുത്തുകയുണ്ടായി. മധ്യനൂറ്റാണ്ടുകളില്‍ പാശ്ചാത്യസഭാവ്യവസ്ഥയില്‍ രൂപംകൊണ്ട രാജകീയ മെത്രാന്‍സ്ഥാനം ഭാരതത്തിന്റെ സാമൂഹികപരിതോവസ്ഥയെയും പാരമ്പര്യത്തെയും കണക്കിലെടുക്കാതെ പാശ്ചാത്യമെത്രാന്മാര്‍ കേരളസഭയില്‍ കെട്ടിയിരുത്തി.......1653-ലെ കൂനന്‍കുരിശു സത്യത്തിന്റെയും അതിനുശേഷം കേരളത്തിലെ കത്തോലിക്കര്‍ പാശ്ചാത്യമെത്രാന്മാര്‍ക്കെതിരായി നടത്തിയ സമരത്തിന്റെയും മൂലകാരണം ഈ പാശ്ചാത്യ സഭാഭരണരീതി കേരളീയരില്‍ കെട്ടിവച്ചതായിരുന്നു...'' ('ആരാധനക്രമവിവാദം-ഓശാനയുടെ ഇടപെടലുകള്‍'-പേജ് 45-48)
ആധിപത്യത്തിന്റേതായ ഈ സാഹചര്യത്തെ മാറ്റിമറിച്ച്, റോമന്‍ സഭയോളം തന്നെ പഴക്കവും അപ്പോസ്തലിക പൈതൃകവുമുള്ള ഭാരതനസ്രാണിസഭയെ കാലാനുസൃതം പുനരുദ്ധരിച്ച് സ്വയം സ്വതന്ത്രരാവുകയും റോമന്‍ സഭകളില്‍നിന്നു വിഭിനന്നമായി ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഒരു ഇന്ത്യന്‍ സഭയാക്കി അതിനെ മാറ്റുകയും ചെയ്യണമെന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതിനുള്ള എല്ലാ യോഗ്യതകളും ഭാരത സഭയ്ക്കുണ്ട് എന്ന്  വസ്തുതകള്‍വച്ചു സ്ഥാപിക്കുന്ന പഠനാര്‍ഹമായ ഒരു ഇംഗ്ലീഷ് പുസ്തകം, 'The Liturgy, Hierarchy and Spiritualty of St.Thomas Christians in the Pre-Portuguese Period-A Study' തന്റെ വാദഗതികള്‍ക്ക് ഉപോദ്ബലകമായി അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭാരതസഭയുടെ വീണ്ടെടുപ്പിനു തുടക്കമെന്ന നിലയില്‍ ആദ്യം അദ്ദേഹം ആശ്രയിച്ചത്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പൗരസ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങളെയാണ്. അതിങ്ങനെ പറയുന്നു:''പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേകശിക്ഷണക്രമമനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ ആ പൗരാണികപാരമ്പര്യങ്ങളാല്‍ ഉറപ്പുനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്ക് ഗുണകരവുമാണ്.
തങ്ങളുടെതന്നെ ശരിയായ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തുള്ള സഭകളിലെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കണം. അവയുടെ തന്നെ ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍ മാത്രമേ അവയില്‍ വരുത്താന്‍ പാടുള്ളു. ഇതെല്ലാം, അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെപ്പറ്റിയുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നു കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ആ പൗരാണികപാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍  പരിശ്രമിക്കേണ്ടതാണ്'' (Vatican Council II: OE-5,6  സ്വന്തം തര്‍ജ്ജമ).
പൗരസ്ത്യ റോമന്‍ സഭകള്‍ക്കുമാത്രമല്ല, ഇന്ത്യന്‍ സഭപോലെ പൗരസ്ത്യദേശത്തുള്ള മറ്റു സഭകള്‍ക്കും പാശ്ചാത്യസഭയുടെ അതേ സ്റ്റാറ്റസും സ്വയംനിര്‍ണ്ണയാവകാശവും നല്‍കുന്ന സഭയുടെ ഏറ്റവും ആധികാരികമായ ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഭാരതനസ്രാണിസഭയെ അതിന്റെ തനിമയിലേക്കു വീണ്ടെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നു. കാരണം, ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ മെത്രാന്‍സംഘം ഒരു സിനഡുകൂടി തീരുമാനിച്ചാല്‍മാത്രം മതിയായിരുന്നു, നസ്രാണി സഭയെ വീണ്ടെടുക്കാന്‍. മെത്രാന്മാരെ അതിനു പ്രേരിപ്പിച്ചുള്ള കത്തുകളും ജനങ്ങളെ ഇതിലേക്ക് ബോധവത്ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ള ധാരാളം ലേഖനങ്ങളും അക്കാലത്തെഴുതപ്പെട്ടു. കൂടാതെ, പലയിടത്തും ക്രൈസ്തവസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി സെമിനാറുകളും വിശദീകരണയോഗങ്ങളും നടത്തുകയും ബഹുജനമെമ്മോറാണ്ടങ്ങള്‍  സീറോ-മലബാര്‍ മെത്രാന്‍ സിനഡിനും മേജര്‍ ആര്‍ച്ചുബിഷപ്പിനുമൊക്കെ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ ജനകീയ പ്രവര്‍ത്തനം ഏതാനും വര്‍ഷങ്ങള്‍ നടത്തിയെങ്കിലും അതിനെയെല്ലാം പൂര്‍ണ്ണമായി അവഗണിക്കുകയാണ് ഇവിടുത്തെ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍സംഘവും ചെയ്തത്. പാശ്ചാത്യസഭാസംവിധാനം തങ്ങള്‍ക്കു നല്‍കുന്ന അധികാരവും സമ്പത്തും നിലനിര്‍ത്തുന്നതിനായി, സ്വന്തം സഭയെ തള്ളിപ്പറയുന്ന മിര്‍ ജാഫര്‍മാരാണ് നമ്മുടെ മെത്രാന്മാരെന്ന് പുലിക്കുന്നേലിനു തികച്ചും ബോധ്യപ്പെട്ടത് ഈ അവസരത്തിലായിരുന്നു എന്നു തോന്നുന്നു.
മെത്രാന്മാര്‍ തങ്ങളുടെ കുലംകുത്തല്‍ അവിടെയും അവസാനിപ്പിച്ചില്ല.  അവരിലൊരു വിഭാഗം കേരളസഭയുടെ പൈതൃകം ഭാരതീയമല്ല എന്നും കല്‍ദായമാണെന്നുള്ള വിചിത്രവാദം കൊണ്ടുവന്ന് കല്‍ദായസഭയ്ക്കു ബാധകമായ കാനോന്‍നിയമം ഈ സഭയില്‍ അടിച്ചേല്പ്പിക്കാന്‍ പൗരസ്ത്യസംഘത്തിനു വഴിവെട്ടിക്കൊടുത്തു. മെത്രാന്മാര്‍ 30 വെള്ളിക്കാശിനുവേണ്ടി സ്വന്തം തറവാടിനെ ഒറ്റിക്കൊടുത്ത് ഈ സമുദായത്തെ ക്രൂശിക്കാന്‍ റോമിനു വിട്ടുകൊടുത്ത ആ കാലയളവിലായിരുന്നു പുലിക്കുന്നേലിന്റെ ഏറ്റവും ഉച്ചസ്ഥായിയിലുള്ള പുലിഗര്‍ജ്ജനങ്ങള്‍ കേരളക്രൈസ്തവര്‍ കേട്ടത്. അദ്ദേഹം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതും ആ കാലഘട്ടത്തിലായിരുന്നു എന്നു തോന്നുന്നു.
മാമോന്‍സേവയില്‍ മനസ്സര്‍പ്പിച്ച് കണ്ണും കാതും വായയും അടച്ചുവച്ചിരിക്കുന്ന സഭാഹയരാര്‍ക്കിയില്‍നിന്ന് ഒരു നന്മയും സഭയ്‌ക്കോ സമൂഹത്തിനോ ഉണ്ടാവില്ല എന്നു പൂര്‍ണ്ണബോധ്യം വന്നതിനുശേഷവും, 'ഒരു ഇന്ത്യന്‍ ദേശീയസഭ' എന്ന സങ്കല്പം അദ്ദേഹം കൈവിട്ടില്ല. സഭയുടെ എല്ലാ വാതിലുകളും മുട്ടിയിട്ടും ഒന്നുപോലും തുറക്കാതെ വന്നപ്പോള്‍ പീഡിതയായ കന്യാസ്ത്രീ പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതുപോലെ, ഇനി ഇക്കാര്യത്തിനുവേണ്ടി ഗവണ്‍മെന്റിനെ സമീപിച്ചേ ഒക്കൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയിലെ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റോ സംസ്ഥാന അസംബ്ലിയോ പാസാക്കുന്ന ഒരു പള്ളിഭരണനിയമം ആവശ്യമാണെന്ന ആശയം അദ്ദേഹം സമുദായനേതാക്കളെ വിളിച്ചുകൂട്ടി ബോധ്യപ്പെടുത്തി. പൗരോഹിത്യത്തെ നിലയ്ക്കുനിര്‍ത്താനും വിശ്വാസിസമൂഹത്തിന്റെ അന്തസ്സുയര്‍ത്താനുംപോരുന്ന ഈ ആശയം, 'ചര്‍ച്ച് ആക്ട്' എന്ന ചുരുക്കപ്പേരില്‍ ജനമനസുകളില്‍ വളരെ പതുക്കെയാണ് കയറിപ്പറ്റിയത്. തുടര്‍ന്നത്, അമര്‍ന്നടങ്ങി നീറിപ്പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു,  ഒരു വര്‍ഷം മുമ്പുവരെ. പുലിക്കുന്നേല്‍ അന്തരിച്ചതിനുശേഷമുള്ള  ഒരു വര്‍ഷംകൊണ്ട് അതിതാ ആളിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു!
മത-രാഷ്ട്രീയ അവിഹിതബന്ധം അതിശക്തമായ ഇന്നത്തെ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന കാര്യങ്ങള്‍ പോലും, വന്‍സമരങ്ങള്‍ നടത്തി സമ്മര്‍ദ്ദം ചെലുത്തിയാല്‍മാത്രമേ ഗവണ്‍മെന്റുകള്‍ ചെയ്യൂ എന്ന സ്ഥിതിയാണുള്ളത്. കുറ്റക്കാരനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും ഒരു ബിഷപ്പിനെ അറസ്റ്റുചെയ്യിക്കാന്‍ കേരളത്തെ മുഴുവന്‍ ഇളക്കിയുള്ള ഒരു സമരം നടത്തേണ്ടിവന്നത് ഇതിനൊരുദാഹരണം മാത്രം. ചര്‍ച്ച് ആക്ടിനുവേണ്ടി അത്തരമൊരു വന്‍സമരത്തിനു സജ്ജമായിക്കൊണ്ടിരിക്കുകയാണ്, ജോസഫ് പുലിക്കുന്നേലിന്റെ കേരളമൊട്ടാകെയുള്ള ആശയശിഷ്യന്മാര്‍. ഇന്നല്ലെങ്കില്‍ നാളെ സഭയുടെ ഭൗതിക-സാമ്പത്തിക ഭരണത്തില്‍നിന്ന് പൗരോഹിത്യത്തെ മാറ്റിനിര്‍ത്തുന്ന ചര്‍ച്ച് ട്രസ്റ്റ് ബില്‍ കേരളത്തില്‍മാത്രമല്ല, ഇന്ത്യയൊട്ടാകെ നടപ്പാക്കുകതന്നെ ചെയ്യും. ആ പടിയിലേക്കു കയറിനിന്നുകൊണ്ട്, 419 വര്‍ഷം മുമ്പ് 1599-ല്‍, റോമന്‍ മതസാമ്രാജ്യത്വം കൊന്നു കുഴിച്ചുമൂടിയ ഭാരതനസ്രാണിസഭയെ, ഒരു ഇന്ത്യന്‍ സഭയായി ഇവിടുത്തെ ക്രൈസ്തവസമൂഹംതന്നെ ഉയിര്‍പ്പിച്ചെടുക്കും. അത്, 17 നൂറ്റാണ്ടുകള്‍ക്കുമുമ്പ് റോമന്‍ ചക്രവര്‍ത്തി കുഴിച്ചുമൂടിയ യഥാര്‍ത്ഥ ക്രൈസ്തവസഭയുടെ ഉയിര്‍ത്തെഴുന്നേല്‍പിനും കാരണമാകും....
ദേവഗിരി കോളേജ് സംഭവത്തില്‍ അനീതിയുടെ പ്രഹരമേറ്റു തകര്‍ന്നുനിന്നപ്പോഴത്തെ തന്റെ മരവിച്ച ചിന്തകളെപ്പറ്റി പുലിക്കുന്നേല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. '' ശരീരത്തിന്റെ ഓരോ അണുവിലും ധാര്‍മ്മികരോഷം സമ്മര്‍ദ്ദം ചെലുത്തി. അത് ബുദ്ധിയെയും ഹൃദയത്തെയും മരവിപ്പിച്ചു. എത്രനാള്‍ സത്യം കുരിശിലും ബറാബാസുമാര്‍ സ്വാതന്ത്ര്യത്തിലും കഴിയും? എങ്ങനെ അധികാരപീഠങ്ങളെ പൗരോഹിത്യത്തിന്റെ ചവിട്ടടികളില്‍നിന്നു മോചിപ്പിക്കും?....'' (പ്രൈവറ്റ് കോളേജ് അദ്ധ്യാപകന്റെ സ്മരണകള്‍-പേജ്, 126).
അപ്പോഴത്തെ ആ സ്തംഭനാവസ്ഥയില്‍ നിന്ന് വര്‍ദ്ധിതവീര്യനായി അദ്ദേഹം സടകുടഞ്ഞുണര്‍ന്നത്, സ്വയം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിത്തീരാനായിരുന്നു; 'ഒരു ഇന്ത്യന്‍ ദേശീയസഭ' എന്ന ആ ഉത്തരത്തിലേക്ക് ഭാരതക്രൈസ്തവരെ ധീരമായി നയിക്കാനുമായിരുന്നു.                      
 -എഡിറ്റര്‍

No comments:

Post a Comment