Translate

Wednesday, December 26, 2018

ദേശീയസഭ - ജോസഫ് പുലിക്കുന്നേല്‍


[2001 മാര്‍ച്ചു ലക്കത്തില്‍ വന്ന 'ഓശാന' എഡിറ്റോറിയല്‍]

ദേശീയസഭ എന്ന ആശയം അടുത്ത കാലത്ത് ചര്‍ച്ചയ്ക്കു വിധേയമായത്, R.S.S. നേതാവ് കെ.എസ്. സുദര്‍ശന്‍ നടത്തിയ ഒരു പ്രസ്താവനയേത്തുടര്‍ന്നാണ്. ദേശീയസഭ എന്ന ആശയം ഏതര്‍ഥത്തിലാണ് അദ്ദേഹം ആവിഷ്‌കരിച്ചതെന്ന് ഒരു പൂര്‍ണവിവരണം അദ്ദേഹം നടത്താതിരുന്നതിനാലാണെന്നു തോന്നുന്നു, വിവിധതരം പ്രതികരണങ്ങള്‍ ഉണ്ടായത്. ഇന്ത്യയിലെ ക്രൈസ്തവസഭ വിദേശീയമായിരുന്നില്ല. പോര്‍ട്ടുഗീസുകാരുടെ ആഗമനംവരെ അത് തികച്ചും സ്വദേശീയമായിരുന്നു.

ക്രൈസ്തവമതം ഭാരതത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ട ഒരു വിദേശച്ചരക്കല്ല. ലോകത്തിലെ മറ്റ് പല സഭകളില്‍നിന്നും വ്യത്യസ്തമായി, ഈ മണ്ണില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് വളര്‍ന്നുവികസിച്ച ഒരു സഭാകൂട്ടായ്മയാണ് ഇന്ത്യയിലുള്ളത്. പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷം ഈ സഭയുടെ പൂര്‍വവിശുദ്ധിക്ക് കളങ്കം വന്നിട്ടുണ്ട് എന്ന് ഏവരും സമ്മതിക്കും. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ പാരമ്പര്യംപോലുമില്ലാത്ത പാശ്ചാത്യര്‍, അവരുടെ മതകൊളോണിയലിസത്തിലൂടെ വികലമാക്കിയ, ഇറക്കുമതി ചെയ്ത, ആശയങ്ങളെയും ആടയാഭരണങ്ങളെയും നിരാകരിച്ചുകൊണ്ട് ഭാരതക്രൈസ്തവരുടെ പൂര്‍വതനിമയിലേക്ക് ക്രൈസ്തവരെ ആനയിക്കുക എന്നതാണ് ദേശീയസഭ എന്ന ആശയത്തിന് ക്രൈസ്തവര്‍ നല്കുന്ന വ്യാഖ്യാനം. ഒരുപക്ഷേ, വടക്കേ ഇന്ത്യക്കാരനായ കെ.എസ്. സുദര്‍ശന് ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു ദേശീയസഭ ഉണ്ടായിരുന്നു എന്ന കാര്യം അറിയുമോ എന്നറിഞ്ഞുകൂടാ. അതുകൊണ്ടായിരിക്കാം അദ്ദേഹം ദേശീയസഭയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ദേശീയസഭാപ്രസ്ഥാനത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

ചൈനയില്‍ ക്രൈസ്തവമതം 13-ാം നൂറ്റാണ്ടിനുശേഷം പാശ്ചാത്യമിഷനറിമാര്‍ ഇറക്കുമതി ചെയ്തതാണ്. അതു വളര്‍ന്നതും വികസിച്ചതും പാശ്ചാത്യപ്രേരണയിലാണ്. സഭാഘടനാരീതിയും ആചാരങ്ങളും രാഷ്ട്രീയബന്ധങ്ങളും പാശ്ചാത്യദേശത്തുനിന്നു പൂര്‍ണമായും ഇറക്കുമതി ചെയ്യപ്പെട്ടവയായിരുന്നു. ചൈനയുടെ ദേശീയത്തനിമയിലൂന്നിയ ഒരു ക്രൈസ്തവസഭ ചൈനയിലുണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ അങ്ങനെയായിരുന്നില്ല. പാശ്ചാത്യസഭയോടു ബന്ധപ്പെടാതെ വ്യക്തവും തനിമയാര്‍ന്നതുമായ പാരമ്പര്യങ്ങളില്‍ അടിയുറച്ചു വളര്‍ന്നതായിരുന്നു ഇവിടുത്തെ ക്രൈസ്തവസഭ. ആ സഭാഘടനയും രീതിയും പുനരുദ്ധരിച്ചു പ്രതിഷ്ഠിക്കുന്നതിന് ഈ സഭാംഗങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇതരസമൂഹങ്ങളുടെ സഹായവും ഗവണ്‍മെന്റിന്റെ പിന്തുണയും ആവശ്യമാണ്. പാശ്ചാത്യ അടിമത്തത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന ഇന്ത്യയിലെ ക്രൈസ്തവര്‍ എന്നും ഗൃഹാതുരത്വത്തോടെ അവരുടെ പൂര്‍വകാലവിശുദ്ധിയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു. സഭയുടെ വിദേശബന്ധങ്ങള്‍ അവരെ ദേശീയത്തനിമയില്‍നിന്നു പൂര്‍ണമായും അകറ്റിനിറുത്താന്‍ പരിശ്രമിച്ചുപോന്നു എന്ന ചരിത്രസത്യം ഇവിടുത്തെ ക്രൈസ്തവര്‍ക്കറിയാം.

പൂര്‍വദേശീയസഭ

ഇന്ത്യന്‍ സമൂഹത്തില്‍ ബ്രാഹ്മണാധിപത്യം കൊടികുത്തി വാണിരുന്ന അവസരത്തില്‍പ്പോലും ഇവിടുത്തെ സഭയ്ക്ക് തികച്ചും വ്യത്യസ്തവും ക്രൈസ്തവവുമായ ഒരു ഘടനാരീതിയുണ്ടായിരുന്നു. ഇവിടുത്തെ പള്ളികളുടെമേല്‍ ബാഹ്യമായ ഒരു ശക്തിക്കും അധികാരമുണ്ടായിരുന്നില്ല. സഭ തികച്ചും ദേശീയമായിരുന്നു; ജനാധിപത്യപരമായിരുന്നു. സഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ആ ദേശീയ സഭയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തേയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരൂമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേയ്ക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്നുള്ള അടിസ്ഥാനതത്ത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്ത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.

പല പള്ളികള്‍ ചേര്‍ന്നുള്ള പൊതുയോഗം 

പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരൂമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരൂമാനിച്ചിരുന്നത്. അകത്തോലിക്കരുടെ ഇടയില്‍ ഈ സമ്പ്രദായം ഇന്നും പ്രാബല്യത്തിലുണ്ട്. കത്തോലിക്കരുടെ ഇടയില്‍ ലത്തീന്‍ സ്വാധീനംമൂലം 18-ാം നൂറ്റാണ്ടിനുശേഷം ഇതുപേക്ഷിക്കേണ്ടിവന്നു. 

ഇവിടുത്തെ സഭാഭരണം തികച്ചും ഏതദ്ദേശീയമായിരുന്നു. ആര്‍ച്ചുഡീക്കന്മാരും പള്ളിയോഗവുമെല്ലാം ഇവിടുത്തെ സംസ്‌കാരത്തിനും ആചാരത്തിനും യോജിച്ച രീതിയിലുള്ളവയായിരുന്നു. വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനംചെയ്തു നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന 'പാരീഷ് കൗണ്‍സിലിനെ'ക്കാള്‍ മെച്ചപ്പെട്ട സംവിധാനം 'പള്ളിയോഗമെന്ന'പേരില്‍ നമ്മുടെ പൂര്‍വികന്മാര്‍ പണ്ടുമുതല്‍ നടപ്പിലാക്കിയിരുന്നുവെന്നത് നമുക്ക് അഭിമാനാര്‍ഹമാണ്. എന്നാല്‍ സ്വന്തം പാരമ്പര്യമറിയാതെ പുതുതായി 'പാരീഷ് കൗണ്‍സില്‍' ഉണ്ടാക്കിയ സ്ഥലങ്ങളുമുണ്ട്. ചരിത്രത്തിന്റെ നെട്ടോട്ടത്തില്‍ നമ്മുടെ അതുല്യവും അമൂല്യവുമായ പാരമ്പര്യങ്ങള്‍ പലതും പൊയ്‌പ്പോയി. അവയെ കഴിയുന്നത്ര പുനഃസ്ഥാപിക്കുവാന്‍ നമുക്ക് കടമയുണ്ട്. പല ഇടവകകള്‍ ചേര്‍ന്ന് പൊതുവായി സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പൊതുയോഗങ്ങളും പുനര്‍ജ്ജീവിപ്പിക്കേണ്ടതത്രേ. പാശ്ചാത്യസഭയില്‍ 'പാസ്റ്ററല്‍ കൗണ്‍സില്‍' എന്ന പേരില്‍ ഒരു സംവിധാനത്തിനു രൂപംകൊടുത്തതോടെ ഇവിടെയും ഒരു പാസ്റ്ററല്‍ കൗണ്‍സിലിനു രൂപം കൊടുത്തിട്ടുണ്ട്. ഈ രംഗത്തും മഹത്തായ പൈതൃകമെന്തെന്നറിയാത്ത സഭാനേതൃത്വം പാശ്ചാത്യരെ അന്ധമായി അനുകരിച്ച് ഇവിടുത്തെ അപ്പസ്‌തോലസഭയെ ബലഹീനമാക്കുകയാണ്. തനതായ പാരമ്പര്യങ്ങളെ ബഹുമാനിക്കാന്‍ വിജ്ഞാനവും വിശുദ്ധിയും ആവശ്യമത്രേ'' (ഭാരതസഭാചരിത്രംറവ.ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 198,199).

ഈ സഭാഘടന ക്രിസ്തുവിന്റെ പഠനത്തിന് തികച്ചും യോജിച്ചതായിരുന്നു. കൂടപ്പുഴ ഈ വസ്തുത എടുത്തു പറയുന്നു:

''The spiritual role of the hierarchy and the ministers of the Church was quite in harmony with the cultural and religious traditions of India. The 'Guru-Sishya' relation reveals the core of Indian culture. The authority of the 'Guru' is not of a Juridical nature but of a spiritual realm. A brief analysis of this aspect is very useful at present when people speak much on indiginisation...

Unfortunately the Church in India from the 16th century inherited foreign tradition of religious authority with a juridical emphasis. The association with the Portuguese marked the beginning of this new tradition which was found in conflict with the 'Law of Thomas.' In a community where the spiritual authority is given priority, juridical claims of submission, rights and privileges will appear ridiculous. The authority is based on the Spirit and the intensity of the religious and spiritual experience. The renunciation of worldly attachment is the sign of a spiritual leader. One can be a spiritual guide or leader only in proportion to his spiritual depth and openness to the Spirit. He Should be able to speak like St Paul. ''I live now not with my own life but with the life of Christ who lives in me''(Gal 2: 20) and with St. John the Baptist ''He must increase and  I must decrease.'' The religious authority becomes credible by the integrity of one's life and conduct. Pomp and dominion are alien to the idea of an authentic guru. The Christians in the Indian set up do not want to see their ecclesiastical leaders as administrators but want to see them as real spiritual men who can lead them to God. The bishop who is a successor of the apostles has to prove that he is transmitting the spiritual heritage of the church through his word and witness. Thus the bishop is a vehicle of the ''mighty current of spirituality.'' Hence Abhishiktananda makes the following observation on the Indian situation: ''The Spirit leads her from with in. He calls to her memory the words of Christ, and makes her realize their truth in an ever new way. Through his shining presence he enables her to deal with all problems put to her on all planes by the new circumstances of time'' (B. Bhatt; art. cit. p. 337).

The particular hierarchical tradition and set up of the St.Thomas Christians have to be appreciated in this Indian context. For them bishops and clergy were not rulers but spiritual men or guru'' (Ecclesial Identity of the Thomas Christians, page 83,84,85).

ഇന്ത്യന്‍ ക്രിസ്ത്യന്‍ പാരമ്പര്യമനുസരിച്ച് മെത്രാന്മാര്‍ക്ക് യാതൊരു ഭൗതികാധികാരങ്ങളുമുണ്ടായിരുന്നില്ല. റവ.ഡോ. കുറിയേടത്ത് ഇക്കാര്യം തന്റെ ആധികാരികഗ്രന്ഥത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''To the question whether the bishops were involved in the temporal administration of the community, historians almost unanimously say that the bishops exercised no such powers except perhaps in rare and unusual situations, and that the actual administration of the socio-temporal matters of the community was normally in the hands of an archdeacon and Yogam'' (Authority in the Catholic Community in Kerala, Jose Kuriedath, page 86).

ഈ സഭയ്ക്ക് ഉണ്ടായിരുന്ന എല്ലാ വിശുദ്ധ പാരമ്പര്യങ്ങളെയും തകര്‍ത്തുകൊണ്ട് ഒരു വൈദേശികറോമന്‍ കൊളോണിയല്‍ ഭരണസമ്പ്രദായമാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്. 1991-ല്‍ റോമില്‍ ക്രോഡീകരിച്ച പൗരസ്ത്യകാനോന്‍ നിയമം 191-ല്‍ ഇങ്ങനെ പറയുന്നു: 'The eparchial bishop governs the eparchy entrusted to him with legislative, executive and judicial power. The eparchial bishop personally exercises legislative power, he exercises executive power either personally or through a protosyncellus or syncellus; he exercises judicial power either personally or through a judicial vicar and judges.'

ഇന്ത്യന്‍ ഭൂവിഭാഗത്തെ ഇന്ന് 143 രൂപതകളായി വിഭജിച്ച് ഈ 'റവന്യൂ ഡിസ്ട്രിക്റ്റു'കളുടെ ആധ്യാത്മിക ഭരണാധികാരികളായി, 'കുട്ടിരാജാക്കന്മാ'രായി, മെത്രാന്മാരെ റോമാ നിയമിക്കുന്നു. അവര്‍ എല്ലാ ഭൗതികാധികാരത്തോടുംകൂടി ഈ സഭയുടെ സ്വത്ത് സ്വന്തെമന്നപോലെ ഭരിക്കുന്നു. കന്യാകുമാരിമുതല്‍ ഹിമാലയംവരെയുള്ള രൂപതകളിലെ കോടാനുകോടി രൂപയുടെ ഭൗതികസമ്പത്ത്, ഇന്ന് വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവനായ മാര്‍പ്പാപ്പാ താന്‍ നിയമിക്കുന്ന മെത്രാന്‍ രാജകുമാരന്മാരിലൂടെ ഭരിക്കുന്നു. ഈ രൂപതകള്‍ ആധ്യാത്മികതയുടെപേരില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സാമ്പത്തിക പണ്ടകശാലകളാണ്. ഇവയുടെ ഭരണത്തിന് വിശ്വാസികള്‍ക്ക് നൈയാമികമായ യാതൊരധികാരാവകാശങ്ങളുമില്ല.

ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നല്കിയിട്ടുള്ള മതസ്വാതന്ത്ര്യത്തിന്റെ മറവിലാണ് റോമായുടെ കൊളോണിയല്‍ സാമ്പത്തികഭരണം ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്.

ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്. ഈ ജനാധിപത്യവ്യവസ്ഥിതിയാണ് ഇവിടുത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യപൗരാവകാശം അനുവദിച്ചിരിക്കുന്നത്. ജനാധിപത്യപ്രവൃത്തിക്രമം അനുസരിച്ച് പൊതുസമുദായസമ്പത്തു ഭരിക്കാനുള്ള അവകാശം അതാത് മതസമൂഹത്തില്‍ നിക്ഷിപ്തമായിരിേക്കണ്ടതാണ്. മാര്‍പാപ്പാ ഇന്ത്യയിലെ കത്തോലിക്കരുടെ ആധ്യാത്മികതലവന്‍ മാത്രമാണ്. എന്നാല്‍ ഇന്നു നിലവിലുള്ള റോമന്‍ നിയമമനുസരിച്ച് മാര്‍പാപ്പാ ഇന്ത്യയിലെ സഭാവക സമ്പത്തുകളുടെ ഭരണാധികാരികൂടിയാണ്. ഈ നിയമവ്യവസ്ഥ പൂര്‍ണമായും റദ്ദാക്കേണ്ടിയിരിക്കുന്നു.

മെത്രാന്മാരുടെ അധികാരത്തെക്കുറിച്ച് പാലാ സബ്‌കോടതിയില്‍ സീറോ-മലബാര്‍ സഭയിലെ 24 മെത്രാന്മാര്‍ ചേര്‍ന്ന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ഇങ്ങനെ കാണുന്നു: 'All defendants are Archbishops and bishops appointed by His Holiness the Pope of Rome and they derive power and jurisdiction from the Pope and Ecclesiastical laws. They have got authority to frame and enforce rules for the administration of the Syro-Malabar Major Archiepiscopal Church.....

The administration of Church property both temporal and spiritual rests with the Archbishop and Bishops and they have to administer the property in accordance with Canon Law, statutes and particular laws. The members of the Church have got the right reserved for them in the Code of Canons of the Eastern Churches and the statutes and particular laws''. അതായത്, ഇവരുടെ സാമ്പത്തിക-ആധ്യാത്മികാധികാരങ്ങള്‍ മാര്‍പാപ്പാ അവരെ നിയമിച്ചതിലൂടെയാണ് അവര്‍ക്കു ലഭ്യമായത്. ഒരാള്‍ക്ക് ഇല്ലാത്തതു കൊടുക്കാന്‍ സാധ്യമല്ല. അപ്പോള്‍ സഭാസമ്പത്തുകളുടെ ഭരണം സഭാനിയമനുസരിച്ച് മാര്‍പാപ്പായില്‍ നിക്ഷിപ്തമാണ്. അങ്ങനെ മാര്‍പാപ്പായില്‍ നിക്ഷിപ്തമായ അധികാരം മെത്രാന്മാര്‍ക്ക് നല്കുന്നതിലൂടെയാണ് അവര്‍ രൂപതയുടെ സാമ്പത്തികഭരണത്തിന്റെ അധികാരികളായിത്തീരുന്നത്. മാര്‍പാപ്പാ അവരെ മെത്രാന്‍സ്ഥാനത്തുനിന്നു മാറ്റിയാല്‍ ഈ അധികാരങ്ങള്‍ അവര്‍ക്കു നഷ്ടപ്പെടും. അതായത്, ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മുഴുവന്‍ സമ്പത്തിന്റെയും ഭരണാധിപന്‍ മാര്‍പാപ്പായാണ്.

ഇന്ത്യയിലെ സഭവക സമ്പത്തുകളുടെ ഉടമസ്ഥതയും ഭരണവും ഇന്ത്യന്‍ നിയമത്തിന്‍കീഴിലാണ് നടക്കേണ്ടത്. ഇവിടുത്തെ ഇസ്ലാംമതവിഭാഗത്തിന്റെ സമ്പത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും അതതു സ്ഥലത്തെ ഇസ്ലാം മതസമൂഹത്തില്‍ നിക്ഷിപ്തമാണ്. അതിന് വഖഫ് നിയമം രൂപീകരിച്ചിട്ടുണ്ട്. മെക്ക ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രമാണ്. എന്നാല്‍, സൗദി അറേബ്യന്‍ രാജാവിന് ഇന്ത്യയിലെ മുസ്ലീമുകളുടെ സമ്പത്തിനുമേല്‍ യാതൊരു ഭരണാവകാശവുമില്ല. ഇന്ത്യയിലെ ഇസ്മായേലി വിഭാഗത്തിന്റെ തലവന്‍ അഗാഖാന്‍ ആണ്. എന്നാല്‍, അഗാഖാന് ഇന്ത്യയിലെ ഇസ്മായേലി വിഭാഗത്തിന്റെ സാമ്പത്തികഭരണത്തില്‍ യാതൊരധികാരവുമില്ല.

മാര്‍പാപ്പായുടെ ആധ്യാത്മികാധികാരം ക്രിസ്തുവില്‍നിന്നു ലഭിച്ചിട്ടുള്ളതാണ്. ഈ ആധ്യാത്മികാധികാരമല്ലാതെ മാര്‍പാപ്പായ്ക്ക് ഇന്ത്യയിലെ വിശ്വാസികളുടെ സമ്പത്തിന്റെമേല്‍ ഒരധികാരവും ക്രിസ്തു നല്കിയിട്ടില്ല. 'എന്റെ രാജ്യം ഐഹികമല്ല' എന്ന ക്രിസ്തുവിന്റെ പ്രഖ്യാപനം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ ആധ്യാത്മികകാര്യങ്ങളല്ലാതെ സഭയുടെ ഭൗതികകാര്യങ്ങളുടെ ഭരണം മാര്‍പാപ്പാമാരും, മാര്‍പാപ്പാമാര്‍ നിയോഗിക്കുന്ന മെത്രാന്മാരും കൈകാര്യം ചെയ്യുന്നത് ക്രിസ്തുവിന്റെ പഠനങ്ങള്‍ക്കുതന്നെ വിരുദ്ധമാണ്.

ദേശീയസഭ എന്ന സങ്കല്പത്തില്‍ ക്രൈസ്തവര്‍ കാണുന്നത് അതിപുരാതന ക്രൈസ്തവരുടെ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നുള്ളതാണ്. ആദിമസഭയില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുകയാണു ചെയ്തിരുന്നത്. വിശുദ്ധ ഹിപ്പോളിറ്റസ് (A.D- 236) വ്യക്തമായി ഇങ്ങനെ പറയുന്നു: ''Let the bishop be ordained after he has been chosen by all the people. When someone pleasing to all has been named, let the people assemble on the Lord's Day with the presbyters and with such bishops as may be present. All giving assent, the bishops shal impose hands on him and the presbytery shall stand by in silence. Indeed, all shall remain silent, praying in their hearts for the descent of the Spirit.

Then one of the bishops present shall at the request of all, impose his hand on the one who is being ordained bishop and shall pray'' (The Faith of the Early Fathers, Vol i, William A. Jurgens, page 166).

പാശ്ചാത്യര്‍ ഇന്ത്യയില്‍ നിയമിച്ച ആദ്യത്തെ മെത്രാനായിരുന്ന മാര്‍ പറമ്പില്‍ ചാണ്ടി മെത്രാനെ കടുത്തുരുത്തിയില്‍ച്ചേര്‍ന്ന പള്ളിപ്രതിപുരുഷയോഗമാണ് മെത്രാനായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ക്രൈസ്തവരുടെ ഈ പൂര്‍വപാരമ്പര്യം പുനഃസ്ഥാപിക്കുക എന്നതാണ് ഇന്ത്യന്‍ ദേശീയസഭയെക്കുറിച്ചുള്ള ക്രൈസ്തവസങ്കല്പം.

ദേശീയസഭയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനശിലകള്‍ മാനിക്കപ്പെടണം. 1) ബൈബിള്‍, 2) വിശുദ്ധ പാരമ്പര്യം.

1) ബൈബിള്‍:- ബൈബിള്‍ പ്രബോധനമനുസരിച്ച് സഭയുടെ ഭൗതികഭരണം സഭാംഗങ്ങളില്‍ നിക്ഷിപ്തമാക്കണം. യേശുവിന്റെ മരണശേഷം  അപ്പോസ്തലന്മാര്‍ സഭയുടെ ഭരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി: ''അതുകൊണ്ട്, ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ചു ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നതു ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ 6: 2-4).

ഈ പ്രബോധനമനുസരിച്ച് അപ്പോസ്തലന്മാരും, അപ്പോസ്തലന്മാരുടെ പിന്‍ഗാമികളായ മാര്‍പാപ്പാമാരും മെത്രാന്മാരും പ്രാര്‍ഥനയിലും വചനശുശ്രൂഷയിലുംമാത്രം വ്യാപരിക്കണം. ഭൗതികസമ്പത്തിന്റെ ഭരണം സഭാംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളില്‍ നിക്ഷിപ്തമാക്കണം.  ഈ സുവിശേഷപാരമ്പര്യത്തിന്റെ പുനഃസ്ഥാപനത്തിലൂടെയാണ് ഇന്ത്യയിലെ സഭ ദേശീയമാകേണ്ടത്.

2) വിശുദ്ധ പാരമ്പര്യം:- ആദിമസഭയുടെ വിശുദ്ധ പാരമ്പര്യമനുസരിച്ച് സഭാസമൂഹങ്ങളുടെ ആധ്യാത്മിക മതാചാര്യന്മാരായ മെത്രാന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് മുമ്പു ചൂണ്ടിക്കാണിച്ച ബൈബിള്‍ നിര്‍ദേശത്തിന് അനുസൃതവും ആയിരുന്നു. ഈ വിശുദ്ധപാരമ്പര്യം 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ വരുന്നതുവരെ ഇന്ത്യയിലെ ക്രൈസ്തവരുടെ വിശുദ്ധപാരമ്പര്യമായിരുന്നു.

പാശ്ചാത്യസഭയില്‍ റോമന്‍ അധികാരവ്യവസ്ഥയില്‍ ആദിമസഭാപാരമ്പര്യം നഷ്ടപ്പെട്ടു. ആ സ്ഥാനത്ത് ക്രിസ്തു ഒരിക്കലും ആഗ്രഹിക്കാതിരുന്ന രാജകീയപാരമ്പര്യം സ്ഥാപിക്കപ്പെട്ടു. വികലമായ ഈ രാജകീയ പാരമ്പര്യം പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്തു. അവര്‍ ഇന്ത്യയിലെ അതിപുരാതനരായ ക്രൈസ്തവരുടെ വിശുദ്ധപാരമ്പര്യങ്ങളെ നശിപ്പിച്ചു. ദേശീയസഭയുടെ പുനഃസ്ഥാപനത്തോടെ ഇന്ത്യന്‍സഭ കൂടുതല്‍ ക്രൈസ്തവമാകും, ഭാരതീയവും. ഇന്ത്യയിലെ കത്തോലിക്കരുടെ ഈ മതനിഷ്‌കോളനീകരണത്തിനുള്ള പരിശ്രമങ്ങള്‍ക്ക്, ആശയപരമായും നിയമപരമായും പിന്തുണനല്കാന്‍ ഇതരസമൂഹങ്ങള്‍ക്കും ഗവണ്‍മെന്റിനും കടമയുണ്ട്.

ദേശീയസഭ എന്ന കാഴ്ചപ്പാടില്‍ അതിപ്രധാനമായ ഘടകങ്ങള്‍ താഴെ കൊടുക്കുന്നു:

1) ക്രൈസ്തവര്‍ക്ക്, അവരംഗീകരിച്ച ആധ്യാത്മികപ്രബോധകരായുള്ള ആചാര്യന്മാരുടെ വിശ്വാസപരവും ആത്മീയവുമായ ഉപദേശങ്ങള്‍  സ്വീകരിക്കാനും നടപ്പാക്കാനുമുള്ള അവകാശമുണ്ടായിരിക്കും.

2) അതിപുരാതനമായ ഭാരതസഭാപാരമ്പര്യമനുസരിച്ചും ആദിമസഭാ പാരമ്പര്യമനുസരിച്ചും ആധ്യാത്മികപ്രബോധകരായ മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള അധികാരം വിശ്വാസികളില്‍ നിക്ഷിപ്തമാകണം.

3) സമുദായംവക സമ്പത്തും സ്ഥാപനങ്ങളും ഇന്ത്യന്‍ നിയമമനുസരിച്ച് അതതുസ്ഥലങ്ങളിലെ വിശ്വാസികളുടെ ഉടമസ്ഥതയിലും ഭരണത്തിന്‍കീഴിലുമാകണം.

ഇത്തരം ഒരു വ്യവസ്ഥയ്ക്കുള്ളില്‍ ക്രൈസ്തവികതയുടെ അന്തര്‍ദേശീയതയും ദേശീയതയും മാനിക്കപ്പെടും.

No comments:

Post a Comment