Translate

Monday, December 24, 2018

ജോസഫ് പുലിക്കുന്നേല്‍: ഒരു അനുസ്മരണം


ചാക്കോ കളരിക്കല്‍ - യു.എസ്.എ ഫോണ്‍: (001) 586 207 1040

ഡിസംബര്‍ 28, 2018 ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാംചരമ വാര്‍ഷിക അനുസ്മരണദിനമാണ്. നാമിന്നറിയുന്നതരത്തിലുള്ള സഭാനവീകരണ പ്രസ്ഥാനം രൂപപ്പെടുത്തിയതിന്റെ ബഹുമതിക്ക് അര്‍ഹനായ, കേരളകത്തോലിക്കാസഭയിലെ എതിര്‍ശബ്ദമായിരുന്ന, പുലിക്കുന്നേലിനെ ഇന്നു നാം ഓര്‍മിക്കുകയാണ്. സഭയെ നവോത്ഥാനത്തിലേക്കു നയിക്കുക എന്ന പാവനകര്‍മത്തിന് സ്വയം സമര്‍പ്പിച്ചിട്ടുള്ള പലരുമുണ്ടെങ്കിലും, അവര്‍ക്കെല്ലാമിടയില്‍ ശിഖരംപോലെ ഉയര്‍ന്നുനില്‍ക്കുന്നു അദ്ദേഹത്തിന്റെ മാന്യസ്ഥാനം. ഓശാന ലൈബ്രേറിയനും 'ഏകാന്ത ദൗത്യം - ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹം തന്റെ ആമുഖത്തില്‍ ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, 'ആശയങ്ങളുടെ ആഴങ്ങള്‍കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തി
ന്റേത്'എന്നാണ്. കത്തോലിക്കാസഭ, പ്രത്യേകിച്ച് സീറോ-മലബാര്‍സഭ വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തില്‍ക്കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍ത്തോമാക്രിസ്ത്യാനികളുടെ പൗരാണികത ലോകത്തിന്റെയും സമുദായത്തിന്റെയും സഭാമേലധികാരികളുടെയുംമുമ്പില്‍ വ്യക്തമായും സുശക്തമായും തുറന്നുകാട്ടാന്‍  അദ്ദേഹത്തിനു കഴിഞ്ഞു.  മാര്‍ത്തോമ്മായുടെ മുന്തിരിത്തോട്ടം തകര്‍ത്തുകൊണ്ടിരുന്ന സ്‌നേഹശൂന്യരായ, കഠിനഹൃദയരായ, പണക്കൊതിയന്മാരായ സഭാധികാരികള്‍ക്കെതിരെ അദ്ദേഹം ജീവിതത്തിന്റെ സിംഹഭാഗവും ഒറ്റയാള്‍ പോരാട്ടംനടത്തി. പുലിക്കുന്നേലിന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും അദ്ദേഹം സമൂഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളെയുമെല്ലാം കേവലം ഏതെങ്കിലുമൊരു അളവുകോലുകൊണ്ട് അളക്കാന്‍ സാധിക്കുമെന്ന് എനിക്കുതോന്നുന്നില്ല. കാരണം അവ അത്രമാത്രം ബഹുമുഖങ്ങളായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭയിലും സമൂഹത്തിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നേല്‍ ഒരു പ്രസ്ഥാനമായിരുന്നു; അതിനായി അവതരിച്ച ഒരു വ്യക്തിയായിരുന്നു.
പള്ളിയില്‍ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്കു സംഭാവന നല്കാനും പ്രാര്‍ത്ഥിക്കാനുംമാത്രമേ തങ്ങള്‍ക്ക്  കടമയുള്ളുവെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. സമൂഹത്തില്‍ മാറ്റംവന്നാലേ സഭാമേലധികാരികള്‍ക്ക് മാറ്റംവരൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. 'സഭയിലെ മെത്രാന്മാരും പട്ടക്കാരും ദൈവജനത്തിന് സേവനംചെയ്യാന്‍ സ്വമനസ്സാ ജീവിതം അര്‍പ്പിച്ചവരാണ്; വിശ്വാസികളുടെമേല്‍ അധികാരം കൈയാളാന്‍  നിയോഗിക്കപ്പെട്ടവരല്ല, അവര്‍. കോണ്‍സ്റ്റന്റൈന്‍  ചക്രവര്‍ത്തി റോമാസാമ്രാജ്യത്തില്‍ സ്ഥാപിച്ച സംഘടിതസഭ യേശുവിന്റെ സദ്വാര്‍ത്താസന്ദേശത്തില്‍ അധിഷ്ഠിതമല്ല' തുടങ്ങിയ പുലിക്കുന്നേലിന്റെ നിലപാടുകള്‍ക്ക് യേശുപഠനങ്ങളും  ആദിമ സഭാപാരമ്പര്യങ്ങളുമായിരുന്നു ആധാരം. 'സേവനസഭ' എന്ന സങ്കല്‍പം പാശ്ചാത്യസഭയിലില്ല. റോമന്‍നിയമത്തെ ആധാരമാക്കി കാനോനകളുണ്ടാക്കി ദൈവജനത്തെ വരിഞ്ഞുകെട്ടി ഭരിക്കുന്ന ഒരു പുരോഹിതസംവിധാനമാണ് പാശ്ചാത്യസഭ. അതാണല്ലോ ഹയരാര്‍ക്കി സമ്പ്രദായത്തിന്റെ കാതലും അടിസ്ഥാനവും. ഈ ഹയരാര്‍ക്കിയല്‍ സമ്പ്രദായത്താല്‍ ഭരിക്കപ്പെടുന്ന ഏതു സംഘടനയും കാലക്രമേണ ദുഷിക്കുമെന്നുള്ളതു വ്യക്തമാണ്. പൂര്‍ണമായ അധികാരവും അളവില്ലാത്ത സമ്പത്തുസമാഹരണവുമാണ് അതിനു കാരണം.
കേരളത്തിലെ നസ്രാണികള്‍ യേശുശിഷ്യരുടെ കുടുംബകൂട്ടായ്മാസമ്പ്രദായത്തില്‍ വളര്‍ന്നവരാണ്. പതിനാറാം നൂറ്റാണ്ടോടുകൂടിയാണ് പാശ്ചാത്യര്‍ മലബാര്‍ പ്രദേശങ്ങളില്‍ വരുന്നതും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെമേല്‍ തങ്ങളുടെ അധികാരശ്രേണി അടിച്ചേല്പിക്കുന്നതും. അതിന്റെ പിന്തുടര്‍ച്ചയായി സീറോ-മലബാര്‍സഭയില്‍ ഹയരാര്‍ക്കിയല്‍ ഭരണം ഉണ്ടാകുകയും പാശ്ചാത്യസഭയിലെപ്പോലെ അധികാരവും സമ്പത്തും മെത്രാന്മാരുടെയും വൈദികരുടെയും പിടിയിലമരുകയും ചെയ്തു. കൂടാതെ, സീറോ-മലബാര്‍സഭയെ സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്രസഭയായി റോം പ്രഖ്യാപിക്കുകയുംചെയ്തു. ആ സന്ദര്‍ഭത്തിലാണ് ശ്രീ പുലിക്കുന്നേലിന്റെ സഭാനവീകരണസംരംഭങ്ങള്‍ ശക്തിപ്രാപിച്ചത്. സഭ ആദിമസഭയുടെ കൂട്ടായ് മാസമ്പ്രദായത്തിലേക്കു തിരിച്ചുപോകണമെന്നും പുരോഹിതര്‍ ദൈവജന
ശുശ്രൂഷയില്‍ വ്യാപൃതരാകണമെന്നും പള്ളിഭരണം അല്മായരുടെ അവകാശമാണെന്നും വിശുദ്ധഗ്രന്ഥത്തെയും നസ്രാണി സഭാപാരമ്പര്യത്തെയും ആധാരമാക്കി അദ്ദേഹം വാദിച്ചു. ആ വാദമുഖങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഒരു മെത്രാനും കഴിഞ്ഞിട്ടില്ല. കാരണം, തന്റെ ബോധ്യങ്ങള്‍ പഴുതടച്ചു സമര്‍ത്ഥിക്കാനുള്ള അഗാധ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്ന് പുലിക്കുന്നേലിനെ അനുസ്മരിക്കുമ്പോള്‍, സഭയില്‍ വരുത്തേണ്ട സ്ഥായിയായ മാറ്റത്തെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം'ഓശാന' മാസികവഴിയും പുസ്തകങ്ങള്‍വഴിയും സംവാദങ്ങള്‍ വഴിയും പ്രഭാഷണങ്ങള്‍വഴിയും നമുക്കു നല്‍കിയിട്ടുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റെടുക്കുക എന്ന നമ്മുടെ ദൗത്യം  നാം തിരിച്ചറിയുകയാണുവേണ്ടത്. സഭയെ അധികാരഭരണത്തില്‍നിന്ന് അജപാലനത്തിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ കേരളക്രൈസ്തവസമുദായത്തിനു നൂറു നൂറു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വി.കെ. കുര്യന്‍ സാറിന്റെ മൃതസംസ്‌കാരശുശ്രൂഷയും, കുറി നിഷേധിക്കപ്പെട്ട ഡസന്‍കണക്കിനു വധൂവരന്മാരുടെ വിവാഹശുശ്രൂഷയും സഭാപരമായി നടത്തി പൗരോഹിത്യത്തിനു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി വിശാസികളുടെ ആത്മവിശ്വാസം ഉണര്‍ത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ എടുത്തു പറയാവുന്നതാണ്. വിശ്വാസിസമൂഹം നേടിയ ഈ ആത്മവിശ്വാസത്തിന്റെ  ഉത്തമ ഉദാഹരണങ്ങളാണ,'ചര്‍ച്ച്ആക്റ്റി' നായുള്ള അല്മായപ്രസ്ഥാനങ്ങളുടെ നിരന്തരസമരവും, ഈയിടെ വഞ്ചീസ്‌ക്വയറില്‍ നടന്ന കന്യാസ്ത്രീ സമരവുമൊക്കെ. സഭയിലെ ബഹുസ്വരതയുടെയും നീതിയുടെയും വീണ്ടെടുപ്പിനുവേണ്ടിയുള്ള എല്ലാ സമരങ്ങള്‍ക്കും അദ്ദേഹം വഴികാട്ടിയായി. അന്ധമായ അധികാരഭയത്തില്‍നിന്നു  നസ്രാണിക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യംചെയ്യാന്‍ അദ്ദേഹത്തിന്റെ  നിലപാട് സമുദായാംഗങ്ങള്‍ക്ക് ഇന്നും ധൈര്യം പകരുന്നു.
നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണസംവിധാനത്തെ, അതായത് പള്ളിയോഗ ജനാധിപത്യ ഭരണസമ്പ്രദായത്തെ അട്ടിമറിച്ച്, വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരീഷ്  കൗണ്‍സില്‍ സ്ഥാപിച്ചുകൊണ്ട് സീറോ-മലബാര്‍ മെത്രാന്‍ സിനഡ് ഏകാധിപത്യഭരണം സഭയില്‍ നടപ്പിലാക്കി. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതാത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളി പുരോഹിതരുടേതല്ലെന്നും   പള്ളിക്കാരുടേതാണെന്നുമുള്ള  തിരിച്ചറിവ് നസ്രാണികള്‍ക്കെന്നുമുണ്ട്. ജനാധിപത്യമൂല്യമോ സാമാന്യമര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി ദുരുപയോഗം ചെയ്തുതുടങ്ങി. പുലിക്കുന്നേല്‍ അതിനെ നഖശിഖാന്തം  ചോദ്യംചെയ്തു. ഇന്ന് സാദാവിശ്വാസികള്‍പോലും മേലധികാരികളെ ചോദ്യംചെയ്യാന്‍ ധൈര്യംകാണിക്കുന്നു! അതൊരു വമ്പിച്ച മാറ്റമാണ്.
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഇടമറ്റം എന്ന ഗ്രാമത്തില്‍ ഏപ്രില്‍ 14, 1932-ല്‍ പുലിക്കുന്നേല്‍ മിഖായേലിന്റെയും എലിസബത്തിന്റെയും മകനായി ജോസഫ് പുലിക്കുന്നേല്‍ ജനിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബി. എ. ഓണേഴ്‌സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സില്‍ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളില്‍ കൊച്ചുറാണിയെ വിവാഹംകഴിച്ചു. അദ്ദേഹം കേരളാകോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. കൂടാതെ, കേരളാ യൂണിവേഴ്‌സിറ്റി സെനറ്റുമെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെപേരില്‍ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചറര്‍സ്ഥാനത്തുനിന്നു പുറത്തുവന്നു. അതുകൊണ്ട് കേരളക്രൈസ്തവര്‍ക്കുവേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാവനചെയ്യാന്‍ അസാധ്യമായത്ര കാര്യങ്ങളാണ് അദ്ദേഹം ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ത്തത്.
അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്ഛാശക്തിയുമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേല്‍ മറ്റെല്ലാ മേഖലകളും ഉപേക്ഷിച്ച് തന്റെ ജീവിതം സഭാനവീകരണപ്രസ്ഥാനത്തിനായി മാറ്റിവച്ചു.ലിറ്റര്‍ജി, ദൈവശാസ്ത്രം, കാനോന്‍നിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹംനേടി. പുലിക്കുന്നേലിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഓശാന'മാസികയായിരുന്നു അദ്ദേഹത്തിന്റെ നാവ്. കേരളനസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യപൈതൃകങ്ങള്‍ നശിപ്പിച്ച് പാശ്ചാത്യസഭാസ്വഭാവം അടിച്ചേല്പിക്കാന്‍ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിര്‍ത്തത് ഓശാനയാണ്. മാര്‍ത്തോമ്മായാല്‍ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണികത്തോലിക്കാസഭയുടെ പുനരുജ്ജീവന
മായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'മര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും' എന്ന നമ്മുടെ പൗരാണികപൈതൃകത്തിലേക്കു സഭയെ തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നത്. ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്നും മറിച്ച്, ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ചു ജീവിക്കുകയാണ് യേശുവിന്റെ സന്ദേശമെന്നുമുള്ള സുവിശേഷസത്യം  അദ്ദേഹം സമര്‍ത്ഥമായി ഈ സമുദായത്തിന്റെ മുമ്പില്‍  അവതരിപ്പിച്ചു.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണഗ്രന്ഥമായ ബൈബിളിന്റെ മലയാള വിവര്‍ത്തനത്തിന് ശ്രീ. പുലിക്കുന്നേല്‍ മുന്‍കൈയെടുത്തു. എല്ലാ ക്രൈസ്തവവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തരത്തില്‍ തയാറാക്കിയ മലയാളം ഓശാന ബൈബിളിന്റെ പ്രചാരം വിസ്മയകരമായിരുന്നു.
നസ്രാണികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് പുലിക്കുന്നേല്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രശസ്തി കാംക്ഷിക്കാതെ, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, ലളിതജീവിതത്തിന് പ്രാധാന്യംനല്കി ശുഭ്രവസ്ത്രധാരിയായി ജീവിച്ച അദ്ദേഹം പല പ്രസ്ഥാനങ്ങളും ഓശാന മൗണ്ടില്‍ സ്ഥാപിച്ചു. ആശ്രയമില്ലാത്തവര്‍ക്ക് അദ്ദേഹം അത്താണിയായി. പാവപ്പെട്ടവര്‍ക്കുവേണ്ടി ആവുന്നത്ര സേവനങ്ങള്‍ ചെയ്യാന്‍  അദ്ദേഹം  'ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ്' സ്ഥാപിച്ചു. അതിനുകീഴില്‍  ക്യാന്‍സര്‍ പാലിയേറ്റീവ് സെന്റര്‍, ഓശാനവാലി പബ്ലിക് സ്‌കൂള്‍, പ്രമേഹരോഗ ബാലികാഭവനം, സുനാമി ബാധിതര്‍ക്ക് വീടുനിര്‍മ്മിക്കല്‍തുടങ്ങി പല ജീവകാരുണ്യപ്രവര്‍ത്തന ങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഓശാന ലൈബ്രറിയും കൂടാതെ ഓശാനയില്‍നിന്നു പ്രസിദ്ധീകരിച്ച സഭാപരമായ അനേകം പുസ്തകങ്ങളും പഠനക്ലാസ്സുകളും ചര്‍ച്ചാസഹവാസങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു. പുലിക്കുന്നേലിന്റെ 'ഭാരതീയ ക്രൈസ്തവപഠനകേന്ദ്രത്തിന്റെ  മുദ്രാവാക്യംതന്നെ 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം' എന്നതാണ്.
വളരെ ചെലവുകുറഞ്ഞ പരമ്പരാഗത രീതിയില്‍  പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടു കൂടിയും തടികൊണ്ടു നിര്‍മ്മിച്ച കെട്ടിടങ്ങള്‍കൊണ്ട് അലംകൃതമായ പതിനൊന്ന് ഏക്കറോളം വരുന്ന ഓശാനാമൗണ്ട് ആരെയും ആകര്‍ഷിക്കും. പ്രകൃതിയോടു ലയിച്ച്  ശാന്തസുന്ദരമായി, നിലകൊള്ളുന്ന  ഓശാന ഗസ്റ്റ് ഹൗസില്‍ എനിക്കും എന്റെ കുടുംബത്തിനും പലവട്ടം, ചിലപ്പോള്‍ മാസങ്ങളോളം, താമസിക്കുവാനുള്ള ഭാഗ്യമുണ്ടായി എന്ന കാര്യം കൃതജ്ഞതയോടെ ഈ അവസരത്തില്‍ അനുസ്മരിക്കുന്നു.
ശ്രീ പുലിക്കുന്നേലിന്റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാല്‍ അവയില്‍ മിക്കതും  പ്രസക്തങ്ങളാണെന്ന് സാര്‍വ്വത്രികസമ്മതം ഉണ്ടാകും. വൈദികനായ (വേദജ്ഞാനി) ശ്രീ പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ ആര്‍ക്കും കാണാന്‍ കഴിയൂ. ഒരു നിര്‍ണായക കാലഘട്ടത്തില്‍ സഭയില്‍ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയര്‍ത്തിയ, സഭയെ ആശയപരമായി ധീരതയോടെ  നയിച്ച മഹാനായി ഭാവിയില്‍ അദ്ദേഹം അറിയപ്പെടും. ശ്രീ ജെയിംസ് ഐസക് കുടമാളൂരിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ: 'കേരളസഭയില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട മഹാതേജസ്സുകളില്‍ ഒന്നായി ഭാവിയില്‍ ജോസഫ് പുലിക്കുന്നേല്‍ അറിയപ്പെടും.'
ശ്രീ പുലിക്കുന്നേലിന്റെ പ്രഥമമരണവാര്‍ഷിക അനുസ്മരണം ആചരിക്കുന്ന ഈ അവസരത്തില്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്‌നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു! അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.

No comments:

Post a Comment