Translate

Saturday, December 29, 2018

റവ. ഡോ. ജയിംസ് ഗുരുദാസ് അച്ചനും KCRMNA ടെലികോൺഫെറൻസും



ചാക്കോ കളരിക്കൽ

ജനുവരി 09, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെ സി ആർ എം നോർത്ത് അമേരിക്കയുടെ പതിമൂന്നാമത് ടെലികോൺഫെറൻസ് നയിക്കുന്നത്, ജർമനിയിലെ ബോഹും (Bochum) യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിസ്തുശാസ്ത്രത്തിൽ (Christology) ഡോക്‌ടറേറ്റ്‌ നേടിയിട്ടുള്ള പണ്ഡിതനായ റവ. ഡോ. ജയിംസ് ഗുരുദാസ് സി.എം.ഐ. അച്ചനാണ്. അദ്ദേഹം ഭോപ്പാൽ റീജണൽ സെമിനാരിയിൽ ദീർഘകാലം ദൈവശാസ്ത്രാദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. ഒറീസയിലെ സാമ്പൽപൂർ സെമിനാരിയിൽ 18 വർഷം അസോസിയേറ്റ്‌ പ്രഫസറായും മറ്റ് പല സെമിനാരികളിലും വിസിറ്റിംഗ് പ്രഫസറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.  കോട്ടയത്തിനടുത്ത് തെള്ളകം മതസൗഹാർദ്ദകേന്ദ്രമായ  'സ്നേഹവാണി' യുടെ സ്ഥാപക ഡയറക്ടറും അതേ പേരിലുള്ള ത്രൈമാസികയുടെ എഡിറ്ററുമായിരുന്നു, അദ്ദേഹം. അച്ചൻറെ 'മോചന കാഹളം' എന്ന കവിതാ സമാഹാരം കാവ്യഭംഗിയിലും അവതരണ ശൈലിയിലും ആശയ കൊഴുപ്പിലും വേറിട്ടുനിൽക്കുന്ന പ്രൗഢഗംഭീരമായ പുസ്തകമാണ്. ഇപ്പോൾ പുതുപ്പള്ളിയിലെ ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്നു. പണ്ഡിതനും സെമിനാരി പ്രഫസറും കവിയും ചിന്തകനും നവോത്ഥാന നായകനും എഴുത്തുകാരനുമെല്ലാമായ ഗുരുദാസച്ചൻ അവതരിപ്പിക്കുന്ന വിഷയം: "യേശു എന്ന മനുഷ്യൻ".

ശ്രീ ജോസഫ് കാലായിൽ എഴുതി പ്രസിദ്ധീകരിച്ച 'ഫ്രാൻസിസ് മാർപ്പാപ്പയും സീറോ മലബാർ സഭയും' എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഗുരുദാസച്ചനാണ്. അതിലെ ഒരു വാചകം ഇവിടെ ഉദ്ധരിക്കട്ടെ: "അഹങ്കാരികളും അധികാര പ്രമത്തരുമായ അച്ചന്മാർ ഭരിക്കുന്ന പല ഇടവകയിലും ഓണം ഒന്നല്ല അഞ്ചാണ്. വന്നോണം, നിന്നോണം, തന്നോണം, കേട്ടോണം, പൊക്കോണം. ഇത്തരം ഓണങ്ങൾ ഉണ്ടു മനം നിറഞ്ഞവരുടെ മുമ്പിൽ ഫ്രാൻസിസ് എന്നൊരു പാപ്പാ വിളമ്പുകയാണ് പലസ്തീനയിലെ യേശു വിളമ്പിയ പരിശുദ്ധ സ്നേഹസമൃദ്ധമായ ഓണം." സ്നേഹസമൃദ്ധമായ ആ ഓണം വിളമ്പിയ യേശുവിനെ പഠിക്കുകയും മനനം ചെയ്യുകയും അനുകരിക്കാൻ സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത ഗുരുദാസച്ചനിൽനിന്ന് യേശുവിനെപ്പറ്റി കേൾക്കാൻ ധാരാളം കാര്യങ്ങൾ നമുക്ക് ഉണ്ടാകും.

കോൺസ്റ്റൻറൈൻ ചക്രവർത്തിയുടെ സൃഷ്ടിയായ ക്രിസ്‌തീയ സഭയുടെ ദുഃസ്ഥിതി എത്ര പരിതാപകരമാണെന്നു മനസ്സിലാക്കണമെങ്കിൽ യേശുവിൻറെ മൂല പ്രബോധനങ്ങളിലേയ്ക്കും ആദിമസഭയിലേയ്ക്കും നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു. എന്താണ് യേശു പഠിപ്പിച്ചത്? യഹൂദർക്ക് യേശു ഉപദേശിച്ച പുതുജീവിതക്രമത്തിൻറെ പശ്ചാത്തലവും അടിസ്ഥാനവുമെന്ത്? യേശുവിൻറെ പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു? ആദിമ സഭ എങ്ങനെ ജീവിച്ചു? മനുഷ്യഹൃദയങ്ങളിൽ യേശുവിനെ തിരിച്ചറിഞ്ഞ് പ്രതിഷ്ഠിക്കാൻ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുകയാണ് വേണ്ടത്. ക്രൈസ്തവർ കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച സഭയിലെ അടിമകളല്ല. അവർ യേശുവിൻറെ ശിഷ്യരാണ്. സഭയിലാണ് പൗരോഹിത്യ തേര്വാഴ്ച. എന്നാൽ ക്രിസ്ത്യാനികൾ ക്രിസ്തു കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കണം. സഭാപഠനങ്ങളെക്കാൾ പ്രാധാന്യമർഹിക്കുന്ന യേശുവിൻറെ സദ്വാർത്തയുടെ അതുല്യവൈശിഷ്ഠ്യം മനസ്സിലാക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

യേശു ഒരു യഹൂദ മത പരിഷ്‌ക്കാരകനായിരുന്നു. യഹൂദ മത പരിഷ്‌ക്കാരം വഴി യേശു ഉദ്ദേശിച്ചത് ഈ ലോകത്തിൽ "ദൈവാരാജ്യം" സ്ഥാപിക്കാമെന്നാണ്. രോഗശാന്തി നൽകുന്നവനും ഗുരുവും പ്രവാചകനുമായ യേശുവിൻറെ യഹൂദ മത പരിഷ്‌ക്കാരം യഹൂദ മത പുരോഹിത മേധാവിത്വത്തിന് പിടിച്ചില്ല. റോമൻ സാമ്രാജ്യത്വ അധികാരത്തെ കൂട്ടുപിടിച്ച് യേശുവിനെ അവർ കുരിശിൽ കയറ്റി. മനുഷനായ ആ യേശുവിനെ ലോകത്തിൻറെ പാപങ്ങൾക്കായി കുരിശിൽ മരിച്ചവനും മനുഷ്യവർഗത്തിൻറെ രക്ഷകനും ദൈവപുത്രനും ദൈവവും കർത്താവുമായി സഭ പ്രതിഷ്‌ഠിച്ചു. യേശുവിനെ സംബന്ധിച്ചുള്ള ചരിത്രമാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രമെങ്കിലും, വ്യക്തതയില്ലാത്ത ഒരു വ്യക്തിയായി യേശു ഇന്നും മനുഷ്യമനസുകളിൽ കുടികൊള്ളുന്നു.

യേശുവിൻറെ സദ്വാർത്ത ലളിതവും സുന്ദരവുമായിരുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. മധുരമനോഹരമായ യേശുസന്ദേശത്തെ സ്വീകരിച്ച ശിഷ്യർ കൂട്ടായ്‌മയിലൂടെ ആനന്ദം അനുഭവിച്ചു. ആദിമ സഭയുടെ ജീവിതരീതിതന്നെ കൂട്ടായ്‌മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലുമുള്ള പങ്കുചേരലായിരുന്നു. തൻകാര്യവ്യഗ്രത കൂടാതെ വിശ്വാസിസമൂഹം ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടുംകൂടെ ജീവിച്ചു. അവർ ദേവാലയത്തിൽ (സുനഗോഗിൽ) ഒരുമിച്ചുകൂടുകയും വീടുകൾതോറും അപ്പം മുറിക്കുകയും ചെയ്തിരുന്നു. എല്ലാവരും ഭക്ഷണത്തിൽ പങ്കുപറ്റുകയും ചെയ്‌തിരുന്നു. യേശു പ്രസംഗിച്ച സുന്ദരസത്യങ്ങളെ വികലമാക്കി കോൺസ്റ്റൻറൈനും കൂട്ടരും വിശ്വാസപ്രമാണങ്ങളും കാനോൻ നിയമങ്ങളും സൃഷ്ട്ടിച്ചു. അതോടെ യേശു പള്ളിയിൽനിന്നും പടിയിറങ്ങി. ഇന്നത്തെ പുരോഹിതപ്രഭുക്കൾക്ക് യേശുവിൻറെ സദ്വാർത്തയും ആദിമക്രൈസ്തവകൂട്ടായ്മയുടെ കാര്യവും ഓർമയില്ല!

സഭാപ്രമാണികൾ ഇടതടവില്ലാതെ ആധിപത്യവും അധികാരവും പ്രയോഗിക്കുന്നു. എന്നാൽ ക്രൈസ്തവരുടെ ഇടയിൽ അത് പാടില്ലായെന്ന് യേശു തറപ്പിച്ച് പറഞ്ഞിട്ടുള്ളതാണ് (മാർക്കോ. 10: 42-45). അധികാരം സ്നേഹപ്രേരിതമായിരിക്കണം. മതനിയമങ്ങളെ മുറുകെപ്പിടിക്കുന്ന പ്രീശന്മാരായ വേദപണ്ഡിതർക്ക് അത് മനസ്സിലാവുകയില്ല. അതിന് യേശു എന്ന മനുഷ്യനെ പഠിക്കണം. അതിനുള്ള നല്ലൊരവസരം കെ സി ആർ എം നോർത്ത് അമേരിക്ക നിങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ്. ജനുവരി 09, 2019 ബുധനാഴ്ച്ച (Time 9 pm EST) നടക്കാൻ പോകുന്ന ടെലികോൺഫെറൻസിലേയ്ക്ക് നിങ്ങളെല്ലാവരെയും സ്നേഹാദരപൂർവം ക്ഷണിച്ചുകൊള്ളുന്നു.  അതിൽ സംബന്ധിക്കുവാനുള്ള നമ്പർ: 1-605-472-5785, ആക്‌സസ് കോഡ്: 959248#

1 comment:

  1. please visit for the report of the 12th teleconference of KCRM-NA http://www.malayalamdailynews.com/?p=429296

    ReplyDelete