Translate

Sunday, May 5, 2013

എന്താണ് ധ്യാനം?


കവിയും ഗായകനുമായ സാമുവേൽ കൂടലിന്റെ ധ്യാനം എന്ത് എന്ന സമകാലികപ്രാധാന്യമുള്ള പോസ്റ്റിന് ഒരു കമെന്റായി ഉദ്ദേശിച്ച ഈ കുറിപ്പ് അല്പം നീണ്ടുപോയതിനാൽ വേറൊരു പോസ്റ്റായി ഇടേണ്ടിവരുന്നത് ക്ഷമിച്ചാലും.

ഹംബോധത്തിൽ നിന്ന് ആത്മബോധത്തിലേയ്ക്ക് എത്തിച്ചേരാനുള്ള ഏക മാർഗ്ഗം ധ്യാനമാണ്. മാനസാന്തരം എന്ന് ക്രിസ്തു പേരിട്ട ഈ അനുഭവമാണ് നമുക്കില്ലാത്തത് - ഒരു പക്ഷേ, അന്ധവിശ്വാസിയായ ഒരു ക്രിസ്ത്യാനിക്കും ഇല്ലാത്തത്. അതുകൊണ്ടാണ് നമ്മൾ ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ വിശ്വാസികളും മതത്തിന് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. അടിമപ്പണി ഒരുവിധത്തിൽ സുഖവും സ്ഥിരതയും തരുന്നതിനാൽ സ്വന്തം അസ്തിത്വത്തിന്റെ ഉത്തരവാദിത്തം ഉൾക്കൊള്ളുന്ന സ്വാതന്ത്ര്യത്തെ സാധാരണ വിശ്വാസി ഒരിക്കലും ആഗ്രഹിക്കുന്നില്ല. വാസ്തവത്തിൽ നമ്മൾ ഗഹനമായി ചർച്ച ചെയ്യേണ്ട ഏക വിഷയം ധ്യാനമാണ്. നമ്മൾ ധ്യാനിക്കുന്നവരാകുമ്പോൾ ശണ്ഠകളെല്ലാം തന്നെ അനാവശ്യമായിക്കൊള്ളും. അതുകൊണ്ട് ആദ്യം നമുക്ക് മാനസാന്തരപ്പെടാം.

നിങ്ങൾക്ക് ധ്യാനം എന്തെന്നറിയാമോ, ധ്യാനം നിങ്ങൾക്ക് ആവശ്യമാണോ എന്ന് എങ്ങനെ നിശ്ചയിക്കാം? അതിന്, ഓരോ ജീവിതകർമ്മത്തിലും നിങ്ങളുടെ മനസ്സ് സ്വസ്ഥമാണോ എന്നന്വേഷിച്ചാൽ മാത്രം മതി. ധ്യാനിക്കാനറിയാവുന്നവന് സ്വന്തം മനസ്സിനെ എളുപ്പത്തിൽ സ്വസ്ഥമാക്കാനറിയാം. എങ്ങനെ? ഈ ചോദ്യം, എന്താണ് ധ്യാനം എന്ന ചോദ്യം തന്നെയാണ്.

നിങ്ങളുടെ ജീവിതമാണെന്ന് നിങ്ങൾ കരുതുന്നതിനുവേണ്ടി നിങ്ങളുടെ ജീവിതമല്ലാത്ത പലതും ചെയ്യേണ്ടിവരുന്നെങ്കിൽ നിങ്ങൾ ധ്യാനനിരതനല്ല. എല്ലാ ഉടയാടകളും അഴിച്ചു കളഞ്ഞാൽ ആരാണോ നിങ്ങൾ എന്നറിയുകയും അതേ സമയം നിങ്ങളല്ലാത്ത ഒരാളായി അഭിനയിക്കേണ്ടിവരികയും ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് ധ്യാനിക്കാനറിയില്ല. അരുതാത്തതെന്നും ഒഴിവാക്കേണ്ടതെന്നും നിങ്ങൾക്കറിയാവുന്ന പലതും അനിവാര്യമായി ചെയ്യേണ്ടിവരുന്ന ഒരു സാഹചര്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ, ധ്യാനമെന്തെന്ന് നിങ്ങൾ മനസിലാക്കിയിട്ടില്ല. നിങ്ങൾ ചെയ്യുന്നത് എന്തുമാകട്ടെ, - കിള, കുളി, വായന, വണ്ടിയോടിക്കൽ, അലക്ക്, ഭക്ഷണമുണ്ടാക്കൽ, കൃഷിപ്പണി, വഴി തൂപ്പ്, പ്രസവം, അദ്ധ്യയനം എന്ന് തുടങ്ങി എന്തും - അത് ചെയ്യുന്ന നേരത്ത്, അത് നിങ്ങളുടെ ജീവിതമാണെന്ന് ബോധ്യമുണ്ടെങ്കിൽ അത് ധ്യാനം നിങ്ങളുടെ ജീവിതത്തെ ധന്യമാക്കുന്നു എന്നതിന്റെ തെളിവാണ്. പ്രകൃതിസഹജമായ അടക്കത്തിലൂടെ ജീവിതത്തെ സുന്ദരമാക്കുന്നത് ധ്യാനമാണ്. മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും  അകന്നു നിൽക്കുന്നവർക്ക് ധ്യാനമൊരിക്കലും കൈവരില്ല. കാരണം, തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശരിയായ ധാരണയുണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്നതാണ് ധ്യാനം.

തസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That) എന്നാണ് ആത്മപൂജോപനിഷത്തിലുള്ളത്. എല്ലാ സത്തിന്റെയും സത്തായ, പരമമായ സത്തയെയാണ് 'തത്' എന്ന് ഇവിടെ പറയുന്നത്. ആ ശബ്ദത്തോട് സംബന്ധിക പ്രത്യയം ചേർന്നുണ്ടാകുന്ന വിഭക്തി രൂപമാണ് തസ്യ. അതിന്റെ എന്നർത്ഥം. അപ്പോൾ, അതിന്റെ അനുസ്യൂതമായ സാന്നിദ്ധ്യബോധമാണ് ധ്യാനം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അത് (തത്) എല്ലായ്പ്പോഴും എല്ലാത്തിലും പ്രഥമസ്ഥാനത്തു നിൽക്കുന്നു എന്ന ചിന്താശീലം. അഹംബോധത്തെ ഓരോ തവണയും മനസ്സറിഞ്ഞ് മാറ്റി നിറുത്തിക്കൊണ്ട്, തല്സ്ഥാനത്ത് പരമമായ സത്തയെ പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് അതിലേയ്ക്കുള്ള ഒരേയൊരു വഴി. പ്രവൃത്തിപഥത്തിൽ അതുതന്നെയാവും ലക്ഷ്യവും. 

കർമ്മങ്ങളെ നിയന്ത്രിക്കുന്നത്‌ ചിന്തയാണ്. ഞാൻ ഈ പ്രവൃത്തി ചെയ്യുന്നു എന്ന ഭാവത്തെയാണ് ഗീത കർമ്മമെന്നു പറയുന്നത്. ഞാനല്ല അത് ചെയ്യുന്നത്, അതൊക്കെ അങ്ങനെയങ്ങ് സംഭവിക്കുകയാണ് എന്ന ഭാവത്തിൽ അതിനെ കാണാനാകുന്നതാണ് അകർമ്മം. അകർമ്മത്തിൽ അഹം മാറ്റിനിറുത്തപ്പെടുന്നു. ചിന്തയുടെ കാർമ്മികൻ അഹംബോധമാണ്. ഇത്രടം വരെ നമുക്കൊന്നും മാറ്റാനാവില്ല. എന്നാൽ കർമ്മങ്ങളുടെ ഗുണഭോക്താവ് അഹമായിരിക്കണം എന്ന സ്വാഭാവികമായ സ്വാർഥതാത്പര്യത്തിൽ മനസ്സറിഞ്ഞ് തിരുത്തൽ വരുത്തി, അഹത്തെ അവിടെനിന്നു തുരത്താൻ നമുക്ക് സാധിക്കും. മാറ്റമില്ലാത്ത ഒരു കേന്ദ്രം നമുക്കുള്ളിലുണ്ടെന്നും, ഞാൻ അതാണെന്നും മനസ്സിന്റെ ചാഞ്ചല്യങ്ങൾ അതിനെ ബാധിക്കുന്നില്ലെന്നും ഉള്ള അവബോധമാണ് നിതാന്തമായ ശാന്തിയിലേയ്ക്കുള്ള മാർഗ്ഗം. ഈ കേന്ദ്രത്തെ മറക്കാനിടവരുത്തുന്നത് അഹത്തിന്റെ തിക്കിക്കയറ്റമാണ്. ശ്രദ്ധ യഥാർത്ഥ സത്തയിൽ കേന്ദ്രീകരിക്കുമ്പോൾ അഹത്തിനു അർത്ഥമില്ലാതായിത്തീരുന്നു. ഈ ശ്രദ്ധയാണ് ധ്യാനം എന്ന് പറയുന്നത്. അപ്പോൾ, ചിന്തയും കർമ്മവും തുടങ്ങുന്നത് അഹത്തിലാണെങ്കിലും, അവയുടെ പരിസമാപ്തി പരമമായ സത്തയിൽ ആയിരിക്കും. എല്ലാ അർത്ഥത്തിലും സ്വാർത്ഥത വെടിഞ്ഞ ജീവിതരീതി എന്നേ ഇതിനർത്ഥമുള്ളു. ധ്യാനം എന്തെന്ന് വിശദീകരിക്കാൻ സാങ്കേതികമായ വാക്കുകളുടെയോ വിദ്യകളുടെയോ  ആവശ്യമില്ല. മനസ്സിനെ ശുദ്ധീകരിക്കാനുള്ള താത്പര്യം, അഭിവാഞ്ച, മാത്രമാണ് വേണ്ടത്. ഇത്ര സമയത്തേയ്ക്ക്, ഒരു സവിശേഷ രീതിയിൽ ശരീരത്തിന്റെ നിലയുറപ്പിച്ചിരുന്ന്, ഇന്ന വിഷയത്തിൽ കേന്ദ്രീകരിച്ച്, ഇന്നയിന്ന മന്ത്രങ്ങൾ ഉരുവിട്ട് എന്നൊക്കെയുള്ള നിബന്ധനകൾ ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ധ്യാനം. അത് പഠിച്ചെടുക്കാൻ ഒരു കോഴ്സിന്റെയും ആവശ്യമില്ല. ചിന്തയേയും പ്രവൃത്തിയേയും നിരന്തരം നിയന്ത്രിക്കുന്ന ഒരു സ്വാഭാവികതയായി മാറാത്ത ഒരു പരീക്ഷണവും ധ്യാനമല്ല.

ശരീരത്തെ നമ്മൾ ദിവസേന പലതവണ കഴുകി ശുദ്ധീകരിക്കാറുണ്ട്. അതുപോലെയൊരു ശുദ്ധീകരണം മനസ്സിനും ആവശ്യമാണ്‌. ശരീരത്തിൽ പൊടിയും അഴുക്കുമെന്നപോലെ മനസ്സിലും അശുദ്ധികൾ - അസൂയ, അഹങ്കാരം, വെറുപ്പ്, പക തുടങ്ങിയവ - വന്നു നിറഞ്ഞുകൊണ്ടിരിക്കും. അതിന്റെ ലക്ഷണങ്ങളാണ് പിരിമുറുക്കങ്ങളും അസ്വസ്ഥതകളും മറ്റും. ശരീരത്തെ കഴുകാൻ സോപ്പുപയോഗിക്കുന്നതുപോലെ ആത്മാവിനെ കഴുകാൻ വേണ്ടത് ശ്രദ്ധയാണ്. മേൽപ്പറഞ്ഞ ഓരോ തരം അശുദ്ധിയും ആത്മാവിൽ കളങ്കമായി തീരുംമുമ്പ് അതിനെ തിരിച്ചറിയുക, തല്ക്ഷണം അത് നീക്കംചെയ്യുക എന്ന ശീലമാണ് ഈ പറഞ്ഞ ശ്രദ്ധ.

എന്നാലും ധ്യാനം പരിശീലിക്കാൻ സഹായകരമാകുന്ന ചില കാര്യങ്ങളുണ്ട്. ശാന്തശീലരായ ആളുകളുടെ സഹവാസം, ഒച്ചപ്പാടിലാത്ത ചുറ്റുപാടുകൾ, തമോജന്യമായ മാംസാഹാരത്തെക്കാൾ സ്വാത്വികമായ സസ്യഭക്ഷണം, പ്രകൃതിയുമായുള്ള അടുപ്പം എന്നിവ അവയിൽ പ്രധാനമാണ്. ജീവിതലാളിത്യം > ഹൃദയലാളിത്യം > ധ്യാനം.

ഇന്ദ്രിയനിയന്ത്രണം അതിപ്രധാനമാണ്. അവയുടെ ഉപയോഗം എത്ര കുറയുന്നുവോ, അത്രയും കുറഞ്ഞിരിക്കും അയഥാർത്ഥമായ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധം. അത്രയും കുറച്ച് അഴുക്കേ ഉള്ളിലേയ്ക്ക് കടന്നുവരൂ. ഒരുദാഹരണം പറയട്ടെ. നമ്മൾ ബസ്സിൽ യാത്ര ചെയ്യുന്നു. ഇരു വശങ്ങളിലും ആകർഷണീയമായ ചിത്രങ്ങളോടെ സ്വർണ്ണത്തിന്റെയും സിൽക്കിന്റെയും കാറിന്റെയുമൊക്കെ കൂറ്റൻ പരസ്യങ്ങൾ കണ്ണുകളെ ക്ഷണിക്കുന്നുണ്ടാവും. ഒരാൾക്കവയെ നോക്കുകയോ അവഗണിക്കുകയോ ചെയ്യാം. അവയെ ശ്രദ്ധിക്കുക വഴി നമ്മൾ അത്രയുമധികം അസത്യങ്ങളെ ഉള്ളിലേയ്ക്ക് കടത്തുകയാണ് ചെയ്യുന്നത്. പരസ്യങ്ങൾ പോതുവെതന്നെ തൊണ്ണൂറു ശതമാനം കള്ളമാണെന്നത് അഴുക്കിന്റെ വ്യാപ്തിയെ ശതഗുണീഭവിപ്പിക്കും. വായനയുടെയും സംഭാഷണത്തിന്റെയും കേൾവിയുടെയുമൊക്കെ കാര്യത്തിൽ ഇങ്ങനെയൊരു ശ്രദ്ധയില്ലെങ്കിൽ ധ്യാനം അപ്രാപ്യമായിത്തീരും.


അന്ധന്മാരെ ഭാരതത്തിൽ പ്രജ്ഞാചക്ഷുക്കൾ എന്ന് വിളിച്ചിരുന്നു. ജ്ഞാനദൃഷ്ടിയുള്ളവർ എന്നാണർത്ഥം. കണ്ണുകളിലൂടെ പുറത്തേയ്ക്കൊഴുകുന്ന ഊർജ്ജത്തെയെല്ലാം അകത്തേയ്ക്കു തിരിച്ചുവിടാൻ അന്ധര്ക്ക് സാധിക്കും എന്നതാണ് കാരണം. കണ്ണുകളെ നിയന്ത്രിക്കുക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാൽ ചെവികൾക്ക് അത്രതന്നെ  സ്വാതന്ത്ര്യമില്ല. അതുകൊണ്ടാണ് ശബ്ദമലിനീകരണം കുറ്റകരമായ ഒരു കയ്യേറ്റമായി കണക്കാക്കേണ്ടി വരുന്നത്. പൊതുസ്ഥലങ്ങളിൽ മൈക്കിന്റെയുപയോഗം നിയന്ത്രിക്കാൻ പുതുതായി നിയമങ്ങൾ ഉണ്ടെങ്കിലും അവയെ കാറ്റിൽ പറത്താൻ മടിക്കാത്തവരുടെ കൂട്ടത്തിൽ പള്ളികളും പെടുന്നു എന്നത് ലജ്ജാകരമാണ്. നാട്ടുകാരുടെ സഹനശക്തിയെ ഇങ്ങനെ  പരീക്ഷിക്കുന്നത് ക്രൂരവും അധമവുമാണ്. ധാരാളം അക്രൈസ്തവർ ചുറ്റുപാടും വസിക്കുന്നുണ്ടാവും. ഉഷസ്സന്ധ്യയിൽ ഉണർന്നിരുന്ന് ധ്യാനിക്കുന്നവരും ഈശ്വരനാമം ജപിക്കുന്നവരും ഈ ശല്യം സഹിച്ച് ജീവിക്കേണ്ടിവരുന്നു. ധ്യാനമെന്തെന്ന് ഒരു ധാരണയും വിചാരവുമില്ലാത്ത ഒരു മതത്തിന്റെ അതിക്രമങ്ങളായി വേണം ഇതിനെ കാണാൻ.

ഒരു ചെറിയ ഹാളിൽ ഇരിക്കുന്നവർക്ക് സ്റ്റെയ്ജിൽ നിന്നുകൊണ്ട് ഒരാൾ ഉറക്കെ സംസാരിച്ചാൽ നന്നായി കേൾക്കാമെന്നിരിക്കിലും, മൈക്കില്ലാതെ ഒരു സെമിനാറോ ചർച്ചയൊ നടത്തുന്നത് കുറച്ചിലായി കരുതുന്നവർ ഉണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും മൈക്കിന്റെ മുഴക്കം അല്പമൊന്നു കുറയ്ക്കാൻ നടത്തിപ്പുകാർ കൂട്ടാക്കാത്തപ്പോൾ (മുഴക്കമില്ലെങ്കിൽ മൈക്കെന്തിന്!) സ്ഥലം വിടേണ്ട ഗതികേട് എനിക്ക് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ശീലത്തിന്റെ ബലമായിരിക്കാം, ഇത്തരം അവസരങ്ങളിൽ ആരുംതന്നെ അല്പമെങ്കിലും സഹികേട്‌ പ്രകടിപ്പിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. മലയാളിയുടെ ചെവിക്കട്ടി  അപാരം തന്നെ!


ധ്യാനത്തിലേയ്ക്ക് തിരിച്ചുപോകാം. നിങ്ങളുടെ ഉളളിലാണത് എന്ന് യേശു പറഞ്ഞ ആ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് ധ്യാനം. നമ്മുടെ കേന്ദ്രത്തെ അറിയുക എന്നതാണ് അതിലെ ദൗത്യം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനപ്പുറം, ഇന്ദ്രിയങ്ങൾക്കപ്പുറം, മനസ്സിനപ്പുറം എന്തെങ്കിലുമുണ്ടെങ്കിൽ മാത്രമേ അതിനെ നമ്മുടെ കേന്ദ്രമെന്ന് വിളിക്കാനാവൂ. ശരീരത്തെ ഒരു നദിയോട് ഉപമിക്കാം. നദി നിമിഷംപ്രതി പുതുതായിക്കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ ശരീരവും മാറിക്കൊണ്ടിരിക്കുന്നു. ഒരു മാസംകൊണ്ട് നമ്മുടെ ത്വക്ക് മുഴുവനായി മാറിയിരിക്കും. ഒരു വർഷംകൊണ്ട് തലച്ചോറിലെ കോശങ്ങളുൾപ്പെടെ ശരീരം മുഴുവൻ മാറിക്കഴിഞ്ഞിരിക്കും. മനസ്സാകട്ടെ, ഓരോ നിമിഷവും പുതിയ ചിന്തകളാൽ നവമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ എന്ന ബോധം തുടരുന്നു. അതിനർത്ഥം ഞാൻ എന്നത് എന്റെ ശരീരമോ മനസ്സോ ചിന്തകളോ അല്ലെന്നാണ്. അപ്പോൾ, ശരീരമനസ്സുകൾക്ക് പിന്നിലുള്ള സൂക്ഷ്മമായ ഒരസ്തിത്വമാണത് എന്ന് വ്യക്തമാണ്. എന്നാൽ അതിനെ തിരിച്ചറിയാൻ ഒരാൾക്ക്‌ സൂക്ഷ്മദൃഷ്ടി ആവശ്യമാണ്‌. സ്ഥൂലദൃഷ്ടി സ്ഥൂലമായതിനെ, മാറ്റമുള്ളതിനെ മാത്രം കാണുന്നു. സൂക്ഷ്മമായതിന് സ്ഥൂലമായതിലേയ്ക്ക് കടക്കാം. ഉദാ. മനസ്സിന് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളിലേയ്ക്ക്‌ കടക്കാം; തിരിച്ച്‌ ആവില്ല. ചലനമായ മനസ്സിന് ചലനമില്ലാത്ത സത്തയെ അറിയാനാവില്ല. പ്രാർത്ഥനക്കും അതാവില്ല. കാരണം, പ്രാർത്ഥന മനസ്സിന്റെ വ്യാപാരമാണ്. ധ്യാനമാകട്ടെ അതിലും സൂക്ഷ്മമായ ഒരു പ്രക്രിയയാണ്. അത് വെറും എകാഗ്രതയുമല്ല. ഏകാഗ്രത മനസ്സിനെ എന്തെങ്കിലുമൊന്നിൽ പിടിച്ചു നിറുത്തുന്ന അഭ്യാസമാണ്. മനസ്സവസാനിക്കുന്നിടത്താണ് ധ്യാനം തുടങ്ങുന്നത്.

ഓഷോയുടെ ഒരു നല്ല ഉപമയുണ്ട്‌. ഒരു ചുഴിയിൽ പെട്ടുപോകുന്നയാൾ അതിനൊത്ത് കറങ്ങിക്കൊണ്ടിരിക്കും. ചുഴിയുടെ പരിധിക്കപ്പുറം കടന്നാലേ അയാൾക്ക്‌ കറക്കം നിറുത്താനാവൂ. അഹംബോധവും ആഗ്രഹങ്ങളും വികാരങ്ങളുമെല്ലാം മനസ്സിനോടൊപ്പമുള്ള ചലനങ്ങളാണ്. സമയവും ഇടവും പോലും ഈ ചലനത്തിന്റെ ഭാഗമാണ്. ഭൂതമെന്നത് കഴിഞ്ഞുപോയതും ഇപ്പോൾ ഒർമ്മയിലല്ലാതെ അസ്തിത്വം ഇല്ലാത്തതുമാണ്. ഭാവിയും അതുപോലെ തന്നെ, ഇപ്പോൾ അസ്തിത്വമില്ലാത്ത വെറും അനിശ്ചിതത്വമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, സത്യത്തിൽ ഉള്ളത് ഈ നിമിഷത്തിന്റെ അതിസൂക്ഷ്മമായ ഒരു കണിക മാത്രമാണ്. അവിടെ മനസ്സിന് ചലിക്കാൻമാത്രം ഇടമില്ലാത്തതിനാൽ അതിന്റെ ശല്യമുണ്ടാവില്ല. അവിടെ മാത്രമേ ഞാനുള്ളൂ എന്ന സത്യത്തെപ്പറ്റിയുള്ള  ബോധത്തിൽ ഉറച്ചു നിൽക്കുന്നതാണ് ധ്യാനം. അതായത്, ചലിക്കുന്ന എല്ലാറ്റിന്റെയും അപ്പുറം കടന്ന് എന്റെ തനിമയിൽ അവക്കൊന്നിനും സാരമായ ഒരസ്തിത്വവുമില്ല എന്ന തിരിച്ചറിവ്.  ചലനമില്ലാത്ത കേന്ദ്രമായി സ്വയം തിരിച്ചറിഞ്ഞ്‌, ചുറ്റും നടക്കുന്ന ചലനങ്ങളെ ഒരു സാക്ഷിയെപ്പോലെ വീക്ഷിക്കുക എന്നതാണ് അത്. മനസ്സിനെയും അഹവുമൊത്തുള്ള അതിന്റെ കളികളേയും തിരിച്ചറിയുന്ന അവബോധത്തിന്റെ അവസ്ഥയാണ് ധ്യാനം.


8 comments:

 1. പരിശുദ്ധആത്മ അഭിഷേക ധ്യാനം ,വരദാന വളർച്ചാ ധ്യാനം ,മരിയൻ ധ്യാനം ,തപസ്സു (പട്ടിണി ) ധ്യാനം ,
  ആന്തരിക സൌഖ്യ ധ്യാനം ,കന്യസ്ത്രീകൾക്കുള്ള ധ്യാനം , അച്ചന്മാർക്കുള്ള ധ്യാനം , എന്നൊക്കെ കേട്ടിട്ടുണ്ട് - സാറെ - നിങ്ങൾ പറഞ്ഞ ധ്യാനം എവിടെ കിട്ടും ?
  കൈകൊട്ടി സ്തുതിക്കാതെ അല്ലെലൂയ്യ അലറാതെ ഒരു ധ്യാനം ഉണ്ടോ ?

  ReplyDelete
  Replies
  1. 'AHAM'....PITRU DYANAM.... തന്തക്ക് ജനിച്ചവർ പിതൃക്കളെയും ധ്യാനിക്കണം. നല്ല ലേഖനങ്ങളൾ ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോൾ കന്യാസ്ത്രി കുപ്പായ ധ്യാനം എന്തിന് കൊണ്ടു വരണം? ഈ ബ്ലോഗിൽ നിങ്ങളുടെ ലക്‌ഷ്യം എന്തെന്നും പറയൂ? പട്ടക്കാരൻ അനോനിമസ്സെ ഇത്രയും പൊട്ടനാകണോ?

   Delete
 2. അനോനിമോസേ , ഇത് ചന്തയിലെ വില്പനച്ചരക്കല്ല ! മറിച്ചു , സ്വന്തം ആത്മാവിനെ കണ്ടെത്തുക ,അപ്പോൾ അതിനുറവിടമായ പരമാത്മാവിലലിയുക , ഇതൊക്കെ ഒരാളുടെ ആത്മദാഹത്തിലൂടെ ,വിവേകത്തിലൂടെ , നിരന്തര പരിശീലനത്തിലൂടെ , മനസിന്റെ വൈരാഗ്യത്തിലൂടെ അവനവൻ നേടിയെടുക്കുന്ന ആത്മീക നിർവൃതിയാണ് ! എവിടെ കിട്ടുമെന്ന ചോദ്യത്തിനുത്തരം തങ്കളുടെ ഉള്ളിൽമാത്രം കിട്ടും എന്നാണു ... പിന്നൊരു കാര്യം , സക്കരിയാച്ചായൻ പറഞ്ഞത് മനസിലായില്ലേൽ കൊഞ്ഞനം കുത്തിക്കാണിക്കല്ലെ പന്നപിള്ളാരുടെകണക്കെ ...

  ReplyDelete
 3. അനോനിമസ് കമെന്റുകൾക്കു പ്രതികരണം ഉണ്ടാവരുത് എന്നാണ് എനിക്കപേക്ഷിക്കാനുള്ളത്. അനോനിമസിന്റെ എണ്ണം കൂടുന്നത് ബ്ലോഗിന് ദോഷമാണ്. ഇടയ്ക്കിടയ്ക്ക് മുഖമില്ലാതെ നുഴഞ്ഞു കയറുന്നവരെ തടയാനാവുന്നില്ലെങ്കിൽ വെറുതേ അവഗണിക്കണം. സാരാംശമില്ലാത്ത, ഉപരിപ്ലവമായ വിഷയങ്ങളിലൂടെ കൊണ്ടുപോയി വായനക്കാരുടെശ്രദ്ധ തിരിക്കാൻ മാത്രമേ ഇവർ ആഗ്രഹിക്കുന്നുള്ളൂ. അതിനു വളം വച്ച് കൊടുക്കരുത്.

  ReplyDelete
 4. അവസാനം എല്ലാം ശരിയാകും. എല്ലാം ശരിയല്ലെങ്കിൽ, ഇനിയും അവസാനമായിട്ടില്ലെന്നറിയുക.

  ReplyDelete
 5. ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത് ചൂണ്ടിക്കാണിച്ചോട്ടെ. അലറി വിളിക്കാതെ ധ്യാനം ഉണ്ടോയെന്നാണ് അജ്ഞാതന്‍ ചോദിച്ചത്. സത്യത്തില്‍ ഇത് സാധാരണ എല്ലാ വിശ്വാസികളും ചോദിക്കുന്ന ഒരു ചോദ്യം തന്നെയല്ലേ? അതിലെന്താ അവിവേകമായിട്ടുള്ളത്?

  മിക്ക മതങ്ങള്ക്കും ധ്യാനം ആള് കൂട്ടിയുള്ള ഒരു ബ്രെയിന്‍ വാഷിംഗ് പരിപാടി മാത്രമാണ്. ധ്യാനം എന്ന വാക്കില്‍ നിന്നാണ് സെന്‍ എന്ന പദം ബുദ്ധിസത്തില്‍ വന്നത്. ഇതിന്‍റെയര്ത്ഥം മനസ്സിനെ ഇല്ലാതാക്കല്‍ എന്ന് ചുരുക്കത്തില്‍ പറയാം. ധ്യാനത്തിന്‍റെ കേന്ദ്രം ഏകാഗ്രത കൈവരിക്കലല്ല ചിന്തകളുടെ വികേന്ദ്രീകരണമാണ് - ചിന്തകളെ ചിതറിച്ചു നിര്വ്വീര്യമാക്കി മനസ്സിനെ നശിപ്പിക്കല്‍. ആണിത്. ഉള്ളിലുള്ള ആനന്ദത്തില്‍ എത്താന്‍ പുറത്തുള്ള ചതുര്കോശങ്ങളെയും നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും വിഷമം പിടിച്ച പണിയാണ് മനസ്സിനെ ഒതുക്കലെങ്കിലും ധ്യാനത്തെ ഒരു പ്രക്രിയ ആയി സാങ്കേതികമായി കാണാനും പാടില്ല. പക്ഷേ, ഈ തലത്തിലേക്കെത്താന്‍ എന്തെങ്കിലും മാധ്യമം ആവശ്യമുണ്ട് താനും.

  ഒരു ഗ്ലാസ് ചെളിവെള്ളം പോലെയാണ് നാം. ചെളിയും വെള്ളവും വേര്‍തിരിക്കാന്‍ ആ ഗ്ലാസ്സും ജലവും വെറുതെ കുറച്ചുനേരം ഒരിടത്തു തന്നെ വെച്ചിരുന്നാല്‍ മാത്രം മതി. ശരിയായ ധ്യാനത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌. ധ്യാനം ഒരനുഭവമാണെന്നത് നാം മറക്കരുത്. അത് വിശദീകരിച്ചു കൊടുത്തതുകൊണ്ട്‌ ആരും അതിന്റെ് ഒരു നന്മയും അറിയാന്‍ പോകുന്നില്ല. അതുകൊണ്ട്, ധ്യാനത്തെപ്പറ്റിയുള്ള ഒരു നീണ്ട ചര്ച്ചിക്ക് വേണ്ടത്ര ഫലം ലഭിക്കാനും ഇടയില്ല. യോഗാ ക്ലാസ്സുകളും, ആര്ട്ട് ഓഫ് ലിവിംഗ്, റെയ്ക്കി തുടങ്ങിയ സാധനകളുമൊക്കെ പരിശീലിച്ചാല്‍ പതിയെ ഇതിന്‍റെ രുചി അറിഞ്ഞു തുടങ്ങും. പ്രധാന കാര്യം ഇതൊക്കെ അനുഭവിക്കാനുള്ള തീവ്രമായ ഇശ്ച ഉണ്ടായിരിക്കണമെന്നതാണ്. ആര്ക്കെ്ങ്കിലും ഭയമുണ്ടെങ്കില്‍ ‘യേശുവേ എന്നെ നോക്കിക്കൊള്ളണമേ’ എന്ന് പ്രാര്ഥിച്ചുകൊണ്ട്‌ ചെയ്യാവുന്നതെയുള്ളൂ, ഇതൊക്കെ. ഒരു കാര്യം കൂടി പറഞ്ഞോട്ടെ,നിരവധി ക്രൈസ്തവാശ്രമാങ്ങളില്‍ മായം കല്ര്‍ത്തിയതാണെങ്കിലും ശരിയായ ധ്യാനം പഠിപ്പിക്കുന്നുണ്ട്.

  എല്ലാം ദൈവം കൊണ്ടെത്തരട്ടെയെന്നു പറഞ്ഞു മാറി നില്ക്കുരന്നവരുണ്ട്. ഒരാള്ക്ക് ‌ ദാഹം ഉണ്ട്, അടുത്തു കൂജയില്‍ വെള്ളവുമുണ്ട്. ഇതുകൊണ്ട് അയാളുടെ ദാഹം തീരുമോ? അയാളുടെ ദാഹം തീരണമെങ്കില്‍ കൂജയിലെ വെള്ളം അയാളുടെ വായില്‍ ചെല്ലണം. ഇതിനു ഉപയോഗിക്കുന്ന മാര്ഗ്ഗം എന്തെന്നതല്ല, ഒരു നിശ്ചിത മാര്ഗ്ഗം അവലംബിക്കാതെ കൂജയിലെ വെള്ളം വായില്‍ വരില്ലായെന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെയാണ് നാം ദൈവാനുഗ്രഹം നേടേണ്ടതും. അതിനു ധ്യാനം പോലുള്ള മാര്ഗ്ഗ ങ്ങള്‍ തന്നെ വേണം.

  ധ്യാനം തരുന്ന ശാന്തത എതൊരുവനെയും വല്ലാത്ത ഒരു equanimity (നിസ്സംഗത?) യിലേക്ക് കൊണ്ടുവരും. അവന്‍ പക്ഷെ ഓരോ നിമിഷത്തെപ്പറ്റിയും പൂര്ണ്ണി ജാഗ്രതിയിലുമായിരിക്കും. ഇതിനെ ‘അറിയല്‍’ എന്ന് മലയാളത്തില്‍ പറയാമെങ്കിലും പകരമുള്ള awareness എന്ന ഇംഗ്ലിഷ് വാക്കിന്റെന അര്ത്ഥരതലത്തിലേക്ക് വരില്ല. പിതാവേ ഇവര്ക്ക്ള വേണ്ടത്ര awareness ഇല്ലായെന്നാണ് (ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല’) യേശു കുരിശില്‍ കിടന്നുകൊണ്ട് പറഞ്ഞതെന്നോര്മ്മി ക്കുക. Aawareness ഉണ്ടായാല്‍ എല്ലാമായി എന്ന് തീര്ത്തുു പറയാന്‍ കഴിയും... പക്ഷെ, awareness ആര്ക്കുനണ്ട്? Aawareness കൈവരിച്ചവരാരും ആരെയും പഴിക്കുകയുമില്ല, ആരെയും പുകഴ്ത്തുകയുമില്ല, അവനു പ്രപഞ്ചത്തില്‍ നടക്കുന്നത് മുഴുവന്‍ ശരിയായ സമയത്തും സ്ഥലത്തും സംഭവിക്കുന്നത്‌ മാത്രം. ഈ Awareness ഒരു ദിവസം തുടര്ച്ച യായി അഞ്ചു മിനിട്ടെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിക്കുന്നു. ചര്ച്ച് തുടരട്ടെ...

  ReplyDelete
  Replies
  1. awareness=അവബോധം

   Delete
 6. റെയ്ക്കി , ആർട്ട്‌ ഓഫ് ലിവിംഗ് ,യോഗ ഒക്കെ തീര്ച്ചയായും പ്രയോജനം ചെയ്യും ജോസഫ്‌ സർ , പക്ഷെ അതിനു എത്ര കടമ്പകൾ ഒരു സാധാരണ വിശ്വാസി കടക്കേണ്ടി വരും ? റെയ്ക്കി ,പ്രാണിക് ഹീലിംഗ് എന്നീ സാധനകളെ പറ്റി മലബാറിലെ അല്മായ ധ്യാനഗുരു ഇറക്കിയ ഒരു കൊച്ചു പുസ്തകം ഉണ്ട് - ഇത്ര മണ്ടത്തരം നിറഞ്ഞ ഒരു പുസ്തകം മലയാള ഭാഷയിൽ വേറെയില്ല .

  ReplyDelete