Translate

Friday, July 24, 2020

ആരാധന, സത്യത്തിലും അരൂപിയിലും!



(സത്യജ്വാല ജൂലൈ 2020 മുഖക്കുറി)
.....തീര്‍ച്ചയായും ഇടിമിന്നലും കൊടുങ്കാറ്റുമൊക്കെ കണ്ട് പേടിച്ചരണ്ടുപോയ മനുഷ്യന്‍ അറിയാതെ ഉരുവിട്ടുപോയ, അങ്ങനെ രൂപംകൊണ്ട ഒന്നല്ല മനുഷ്യന്റെ ദൈവസങ്കല്പം. അതിനു പിന്നിലുള്ളത് മനുഷ്യന്റെ യുക്തിബോധത്തിലധിഷ്ഠിതമായ സത്യാന്വേഷണത്വരയും കല്‍പനാശക്തിയിലധിഷ്ഠിതമായ സര്‍ഗ്ഗാത്മകഭാവനയുമാണ്.
*
ഒഴുകാന്‍ വെമ്പുന്ന വെള്ളത്തുള്ളിക്ക് ചാലുകീറി,
ഒരു കുഴിയിലേക്കോ കുളത്തിലേക്കോ ഒഴുക്കി ഇതാണ് സമുദ്രം എന്നു വിശ്വസിപ്പിക്കുന്നതുപോലെയാണ് എല്ലാ പുരോഹിതമതങ്ങളും ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച് ദൈവാരാധന നടത്തി ജനത്തെ അവിടെ തളച്ചിടുന്നത്.
ഇത് ജനവഞ്ചനമാത്രമല്ല, ദൈവദൂഷണംകൂടിയാണ് എന്ന് നാം കാണേണ്ടിയിരിക്കുന്നു.
*
സത്യത്തിലും അരൂപിയിലുമുള്ള ആ ആരാധനയുടെ ഫലമായി മനുഷ്യനില്‍ സാര്‍വ്വത്രികസ്‌നേഹവും സേവനമനോഭാവവും ഉറവുപൊട്ടുന്നു. അപ്പോള്‍ യേശുവിന്റെ മനുഷ്യസ്‌നേഹം സംബന്ധിച്ച, 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരെയും സ്‌നേഹിക്കുക' എന്ന കല്പന ആദ്യകല്പനയുടെ അനുബന്ധം അഥവാ പ്രാവര്‍ത്തികതലം മാത്രമാണെന്ന് കാണാം.
*
ദൈവം അറിഞ്ഞാണ് കൊറോണ വന്നതെങ്കില്‍, അതു മുടക്കിയ ഒരു കാര്യവും ദൈവപ്രീതിക്ക് ആവശ്യമായിരുന്നില്ല എന്ന് എല്ലാ മതസ്ഥര്‍ക്കും സമ്മതിക്കേണ്ടിവരും.
*
ദൈവം ഉണ്ടോ എന്നുതന്നെ നിശ്ചയമില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ ആ ദൈവത്തിന് ആരാധന ആവശ്യമുണ്ടോ? - സ്വതന്ത്രചിന്തകര്‍ എക്കാലത്തും ചോദിക്കുന്ന ഒരു ചോദ്യമാണിത്.
ദൈവമുണ്ടോ എന്ന ചോദ്യത്തിന് 'ഞാനുണ്ടോ' എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മതി, ഉത്തരം കിട്ടും. താന്‍ 'ഉണ്ട്' എന്ന് ഓരോരുത്തര്‍ക്കുമറിയാം. പക്ഷേ, താന്‍ എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. താന്‍ സ്വയംഭൂ അല്ലെന്ന, തന്നത്താന്‍ ഉരുവായതല്ലെന്ന കാര്യവും ഓരോരുത്തര്‍ക്കും അറിയാം. സ്വയം ഉരുവായതല്ലെങ്കില്‍, പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്ത ഒരു ഉറവിടം തനിക്ക് ഉണ്ടായേ പറ്റൂ എന്ന് യുക്തിചിന്തയില്‍നിന്നുതന്നെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഉള്ളതായി കാണുന്ന സകലതിനും പിന്നില്‍ ഒരു ഉള്ളായ്മ, ഉണ്മ ഉണ്ടായേപറ്റൂ. അതിസൂക്ഷ്മജീവികള്‍(microbes)മുതല്‍ മനുഷ്യന്‍വരെയുള്ള ജീവികളുടെയും, അതിസൂക്ഷ്മകണങ്ങള്‍(sub atomic particles)മുതല്‍ ലക്ഷക്കണക്കിന് നക്ഷത്രങ്ങളും ആയിരക്കണക്കിന് സൗരയൂഥങ്ങളുമുള്ള അനന്തകോടി താരാപഥങ്ങള്‍ (Galaxies) നിറഞ്ഞ അതിബൃഹത്തായ സ്ഥൂലപ്രപഞ്ചത്തിന്റെയും വേറിട്ടതെന്നു തോന്നുന്ന അസ്തിത്വങ്ങള്‍ക്കെല്ലാംപിന്നില്‍ ഒരു  ആകമാന അസ്തിത്വം ഉണ്ടായേപറ്റൂ എന്നത് മനുഷ്യന്റെ യുക്തിബോധത്തില്‍ത്തന്നെ തെളിയുന്ന ആശയമാണ്, ദര്‍ശനമാണ്. ഈ ആകമാന അസ്തിത്വത്തെ, സകലതിന്റെയും അധിഷ്ഠാനമായിരിക്കുന്ന, സര്‍വ്വതിനും മൂലകാരണവും ഒപ്പം മൂലകാര്യവുമായിരിക്കുന്ന ഈ അദൃശ്യസത്തയെ ദൈവമെന്നും ഈശ്വരനെന്നും അള്ളാഹു എന്നും പരമാത്മാവെന്നും പരമസത്തയെന്നുമൊക്കെ  മനുഷ്യര്‍ പേരുചൊല്ലി വിളിക്കുന്നു എന്നുമാത്രം.
തീര്‍ച്ചയായും ഇടിമിന്നലും കൊടുങ്കാറ്റുമൊക്കെ കണ്ട് പേടിച്ചരണ്ടുപോയ മനുഷ്യന്‍ അറിയാതെ ഉരുവിട്ടുപോയ, അങ്ങനെ രൂപംകൊണ്ട ഒന്നല്ല മനുഷ്യന്റെ ദൈവസങ്കല്പം. അതിനു പിന്നിലുള്ളത് മനുഷ്യന്റെ യുക്തിബോധത്തിലധിഷ്ഠിതമായ സത്യാന്വേഷണത്വരയും കല്‍പനാശക്തിയിലധിഷ്ഠിതമായ സര്‍ഗ്ഗാത്മകഭാവനയുമാണ്.
ശരി, ദൈവമുണ്ട് എന്നിരിക്കട്ടെ, ആ ദൈവത്തിന് ആരാധന ആവശ്യമുണ്ടോ? -ഇതും ഒരു ചോദ്യമാണ്.
വിശേഷബുദ്ധിയോടുകൂടി ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ മനുഷ്യനും തിരിച്ചറിവാകുമ്പോള്‍മുതല്‍ താന്‍ ആര് എന്നും, തന്റെ യഥാര്‍ത്ഥ ഉറവിടം ഏത് എന്നും, സ്വന്തം മാതാപിതാക്കള്‍ ആരെന്നറിയാത്ത ഒരു അനാഥനെപ്പോലെ അന്വേഷിച്ചു തുടങ്ങുന്നു. ഓരോ ജലകണവും സമുദ്രംതേടി ഒഴുകുന്നതുപോലെ സ്വാഭാവികമാണിത്. സമുദ്രമെന്ന തറവാടുതേടിയുള്ള ഓരോ തുള്ളിയുടെയും ഒഴുക്കിന് ഒരു ഗൃഹാതുരത്വത്തിന്റെ ആവേശമുണ്ട്. അതുപോലെ തന്റെയും സര്‍വ്വതിന്റെയും ആധാരശിലയായി, ജീവനായി വര്‍ത്തിച്ച് തന്നെയും സകലതിനെയും സനാഥമാക്കുന്ന ആകമാന ഉണ്മയോടു ചേരാന്‍ മനുഷ്യനും അദമ്യമായ ആവേശമുണ്ടാകും. ആ ആവേശമാണ് മനുഷ്യനില്‍ ആരാധനാഭാവമായി പ്രകടമാകുന്നത്. സ്വഗൃഹത്തിലേക്കണയുന്നവന്റെ സഹജമായ ആത്മപ്രകര്‍ഷമാണത്. അത് ദൈവത്തിനുവേണ്ടിയുള്ളതല്ല, ദൈവത്തിലായിരുന്നുകൊണ്ട് സ്വയം പ്രകാശിക്കുവാനുള്ള മനുഷ്യസഹജമായ ത്വരയാണ്. മനുഷ്യമനസ്സിനെ ആരും കൃത്രിമമായി നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുന്നില്ലെങ്കില്‍, ഈ ആരാധനയിലേക്കു മനുഷ്യന്‍ തന്റെ ആന്തരികതയിലൂടെ, അരൂപിയിലൂടെ, സ്വാഭാവികമായിത്തന്നെ കടന്നുചെല്ലും. അതോടൊപ്പം ഹൃദയം സ്‌നേഹംകൊണ്ടും സേവനമനോഭാവംകൊണ്ടും നിറയുകയുംചെയ്യും. അങ്ങനെ, യേശു പഠിപ്പിച്ച രണ്ട് കല്പനകളും (മത്താ. 22: 37-40) മനുഷ്യസഹജമായിത്തന്നെ നിറവേറ്റപ്പെടുന്നു; അഥവാ സഫലമാക്കപ്പെടുന്നു. സത്യത്തിലും അരൂപിയിലുമുള്ള ആരാധനയുടെ ഫലം!
എന്നാല്‍ ഇപ്രകാരം സത്യത്തിലും അരൂപിയിലും ദൈവാരാധന നടത്താന്‍ പൗരോഹിത്യമെന്ന ഇത്തിള്‍ക്കണ്ണിസംവിധാനം മനുഷ്യനെ അനുവദിക്കുന്നില്ല. ആദ്യമായിത്തന്നെ, അസ്തിത്വസംബന്ധിയായി മനുഷ്യനിലുയരുന്ന മൗലിക ചോദ്യങ്ങള്‍ക്കുത്തരം സ്വയം തേടാനും, കണ്ടെത്തി ബോധ്യപ്പെടാനും, അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം പൗരോഹിത്യം നിഷേധിക്കുന്നു. പകരം, അനന്തതയുടെ സ്ഥല-കാല അപാരതകളില്‍ ഇടമുറിയാതെ നിറഞ്ഞുനില്‍ക്കുന്ന ആകമാന അസ്തിത്വത്തെ, സത്യത്തെ, ദൈവത്തെ, തങ്ങളുടെ ദൈവശാസ്ത്ര സിദ്ധാന്തച്ചിമിഴുകളിലൊതുക്കി, ഗുളികപ്പരുവത്തില്‍ ഇളംപ്രായത്തില്‍ത്തന്നെ തീറ്റിച്ച് മനുഷ്യരെ സിദ്ധാന്തവിശ്വാസികളാക്കിത്തീര്‍ക്കുന്നു. നിര്‍ബന്ധമായി വിശ്വസിക്കേണ്ട സിദ്ധാന്തങ്ങളിലെ 'റെഡിമെയ്ഡ്' ഉത്തരങ്ങള്‍ മനുഷ്യനിലെ മൗലികചോദ്യങ്ങളെ മരവിപ്പിച്ചു കളയുന്നു. സത്യം അറിയാനുള്ള ജിജ്ഞാസയും അതിനുള്ള അന്വേഷണത്വരയും കൂമ്പടയുന്നു. നിലവിലുള്ള എല്ലാ വ്യവസ്ഥാപിത ചിന്തകളെയും സംവിധാനങ്ങളെയും സംശയലേശമില്ലാതെ മുന്‍കൂറായി അംഗീകരിക്കുന്ന (taken for granted) മനോഭാവം രൂപമെടുക്കുന്നു; മനുഷ്യര്‍ യാഥാസ്ഥിതികരാകുന്നു. അതോടെ, പ്രകൃതിയിലെ ലീലാവിലാസങ്ങള്‍ കണ്ട് കുട്ടികളുടേതുപോലെ അത്ഭുതംകൂറി വിടരേണ്ട കണ്ണുകള്‍ ആലസ്യത്തില്‍ കൂമ്പിച്ചുരുങ്ങുന്നു. സര്‍ഗ്ഗാത്മകതയുടെ ഉറവകള്‍ വറ്റുന്നു. സ്വന്തം അസ്തിത്വത്തെക്കുറിച്ചും ഇക്കാണുന്ന ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ചും വിസ്മയഭരിതരാകാനും, അതിന്റെയെല്ലാം പിന്നിലുള്ള ഉണ്മയോടുള്ള, ചൈതന്യസത്തയോടുള്ള ആരാധനാഭാവംകൊണ്ടും കൃതജ്ഞതാഭാവംകൊണ്ടും സാര്‍വ്വത്രികസ്‌നേഹംകൊണ്ടും മനസ്സുനിറയ്ക്കാനും കഴിവില്ലാത്തവരായിത്തീരുന്നു, മനുഷ്യര്‍. പകരം, അവരുടെ മനസ്സുകള്‍ അവനവനിലേക്കുതന്നെ ചുരുങ്ങിക്കൂടി ഊഷരമായിത്തീരുന്നു; പരാര്‍ത്ഥതാഭാവമെന്ന ആത്മീയത (Spirituality) വറ്റിവരണ്ട് അവര്‍ സ്വകാര്യമാത്രപരര്‍ (Individualistic) ആയിത്തീര്‍ന്നു. ഇഹലോകത്തും പരലോകത്തും തങ്ങളുടെ സ്വകാര്യസുഖലബ്ധിക്കായി, മറ്റുള്ളവരെ സഹായിക്കുകയെന്നതൊഴികെ എന്തും ചെയ്യാന്‍ സന്നദ്ധരായിത്തീരുന്നു മനുഷ്യര്‍.
പുരോഹിതമതങ്ങള്‍, പ്രത്യേകിച്ച് റോമന്‍ ക്രിസ്തുമതം മനുഷ്യരെയാകെ ആ നിലയില്‍ എത്തിച്ചിരിക്കുകയാണിന്ന്. തങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള വ്യക്തിദൈവങ്ങളെ തങ്ങളുണ്ടാക്കിയിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെ ആരാധിച്ചു പ്രീണിപ്പിച്ചാല്‍ ഇഹലോക-പരലോകസുഖങ്ങള്‍ ലഭ്യമാകുമെന്നു വ്യാമോഹിപ്പിച്ച് മനുഷ്യരുടെ ആള്‍ക്കൂട്ടസംഘാടനം നടത്തുകയാണ്, ദൈവാരാധനയ്ക്കായി 'ആ മലയിലും ഈ മലയിലു'മെല്ലാം ദൈവാലയങ്ങള്‍ പണികഴിപ്പിച്ച് ആരാധന തങ്ങളുടെ ചൊല്‍പ്പടിയിലാക്കുകയാണ്, പൗരോഹിത്യം. ആരാധനക്രമങ്ങളും പ്രാര്‍ത്ഥനക്രമങ്ങളും കൂദാശകളും  കൂദാശാനുകരണങ്ങളുമെല്ലാം അതാതിന്റെ ചിട്ടവട്ടങ്ങളോടുകൂടി തിരക്കഥപോലെ തയ്യാറാക്കി, ദൈവാലയങ്ങളില്‍ പുരോഹിതര്‍ പരസ്യമായി അനുഷ്ഠിക്കുകയും നിയമത്തിനുകീഴില്‍ നിര്‍ബന്ധപൂര്‍വ്വം മനുഷ്യരെ അതില്‍ പങ്കാളികളാക്കുകയും പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ''പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സിനഗോഗുകളിലും (പള്ളികളിലും) തെരുവുമൂലകളിലും (കുരിശുപള്ളികളിലും) നിന്നു പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്കിഷ്ടം. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ക്കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യമായിക്കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാതെ ധാരാളം വാക്കുകള്‍ ഉരുവിടരുത്'' (മത്താ. 6: 5-7) എന്ന യേശുവിന്റെ കാതലായ പ്രബോധനത്തെ പൗരോഹിത്യം ധിക്കാരപൂര്‍വ്വം നിരാകരിക്കുന്നു.
ഈ യേശുവചസ്സുകളുടെ വെളിച്ചത്തില്‍ നോക്കിയാല്‍, ദൈവാലയകേന്ദ്രീകൃതമായി നടത്തപ്പെടുന്ന കുര്‍ബാനയടക്കമുള്ള മുഴുവന്‍ പുരോഹിതാനുഷ്ഠാനങ്ങളും കപടഭക്തിപ്രകടനവും വ്യാജ ആരാധനയുമാണെന്നു കാണാം. ഹൃദയത്തില്‍നിന്ന് ഒരു പ്രാര്‍ത്ഥനയും ഉയരാനിടയാകാത്തവിധം ആരോ എഴുതിവച്ചിരിക്കുന്നതെല്ലാം പ്രാര്‍ത്ഥനാപുസ്തകത്തില്‍ നോക്കി വായിക്കുകയാണിവിടെ പുരോഹിതരും ജനങ്ങളും. കുര്‍ബാനയില്‍ പുരോഹിതബലിയര്‍പ്പകന്‍ ഉരുവിടുന്ന പ്രാര്‍ത്ഥനകള്‍ക്കും കൂദാശാവചനങ്ങള്‍ക്കും താന്ത്രികചലനങ്ങള്‍ക്കുംമുമ്പില്‍ തലകുനിക്കുകയും 'ആമേന്‍' പറയുകയും ചെയ്യുന്ന വിശ്വാസിയും നിര്‍വ്വഹിക്കുന്നതു പ്രാര്‍ത്ഥനയോ ആരാധനയോ അല്ല. മറിച്ച്, യേശുവിരുദ്ധമായി രൂപംകൊണ്ട പുരോഹിതസംവിധാനത്തിന്റെ ആണിക്കല്ലായി, ആദ്ധ്യാത്മികപരിവേഷത്തോടെ പുരോഹിതര്‍ നടത്തുന്ന കപട ആരാധനയോട് ഉപരിപ്ലവമായുള്ള സഹകരണം മാത്രമാണത്. അങ്ങനെ ആ പുരോഹിതസംവിധാനത്തിലും അതിന്റെ മേല്‍ക്കോയ്മയുള്ള സമുദായത്തിലും അംഗീകാരത്തോടെ നിലകൊള്ളാന്‍ വിശ്വാസിക്കു കഴിയുന്നു. 'ലഭിച്ചു കഴിഞ്ഞു' എന്നു യേശു പറയുന്ന പ്രതിഫലം, ഇത്തരം യാഥാസ്ഥിതിക സംവിധാനങ്ങളിലെ അംഗീകാരമാണ്.
അവര്‍ക്ക് ലഭിക്കുന്ന മറ്റൊന്ന്, കണ്ണുകളെ കബളിപ്പിച്ച് അലകടലായി തോന്നിപ്പിക്കുന്ന  മണലാരണ്യത്തിലെ മരീചികപോലുള്ള ഒരുതരം വ്യാജ ആദ്ധ്യാത്മികസംതൃപ്തിയാണ്. ദേവാലത്തിലെ ആരാധനയിലൂടെയും കൂട്ടപ്രാര്‍ത്ഥനയിലൂടെയും ദൈവം തന്നില്‍ സംപ്രീതനായിരിക്കുന്നുവെന്നും സ്വര്‍ഗ്ഗപ്രാപ്തിയും ഇഹലോകനേട്ടങ്ങളും ഏതാണ്ടുറപ്പായിക്കഴിഞ്ഞു എന്നുമുള്ള ഒരു താല്ക്കാലിക തോന്നലും അതു നല്‍കുന്ന അന്ധമായ ഒരു സമാധാനവും ആ അനുഷ്ഠാനഭക്തര്‍ക്കുണ്ടാകുന്നുണ്ട് എന്നതൊരു വസ്തുതയാണ്. ആ സമാധാനമാണ് പൗരോഹിത്യത്തിന്റെ വീതിയേറിയ അനുഷ്ഠാനവഴികളിലേക്ക് ആശയറ്റവരും അന്ധരാക്കപ്പെട്ടവരുമായ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നത്. യേശു ഇന്നാണു ജീവിച്ചിരുന്നതെങ്കില്‍, ജറുസലേമിനെ നോക്കി വിലപിച്ചതുപോലെ (മത്താ. 23: 37-38), ഇന്നത്തെ സഭയെ നോക്കിയും വിലപിച്ചേനെ.
ഒഴുകാന്‍ വെമ്പുന്ന വെള്ളത്തുള്ളിക്ക് ചാലുകീറി, ഒരു കുഴിയിലേക്കോ കുളത്തിലേക്കോ ഒഴുക്കി ഇതാണ് സമുദ്രം എന്നു വിശ്വസിപ്പിക്കുന്നതുപോലെയാണ് എല്ലാ പുരോഹിതമതങ്ങളും ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച് ദൈവാരാധന നടത്തി ജനത്തെ അവിടെ തളച്ചിടുന്നത്. ഇത് ജനവഞ്ചനമാത്രമല്ല, ദൈവദൂഷണംകൂടിയാണ് എന്ന് നാം കാണേണ്ടിയിരിക്കുന്നു.
ഇത് കാണാനുള്ള ഒരു സവിശേഷസന്ദര്‍ഭമാണ് ഈ കൊറോണക്കാലം നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഘടിത-പുരോഹിതമതങ്ങളും അവയുടെ ദൈവാലയകേന്ദ്രീകൃതമായ ആരാധനകളും പ്രാര്‍ഥനകളുമെല്ലാം പൂട്ടിപ്പോയതും ദൈവികമായ  അധികാരപരിവേഷഭൂഷിതമായ തിരുവസ്ത്രങ്ങളണിഞ്ഞ് പുരോഹിതര്‍ അരങ്ങുവാണിരുന്ന, ആരാധനാരവങ്ങളാല്‍ മുഖരിതമായിരുന്ന, ജനങ്ങള്‍ തിങ്ങിനിറഞ്ഞ ബ്രഹ്മാണ്ഡദോവാലയങ്ങള്‍വരെ 'കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ' തകര്‍ന്നുപോയാലെന്നതുപോലെ ശൂന്യമായിത്തീര്‍ന്നതും ലോകചരിത്രത്തില്‍ ആദ്യമായി കണ്ട തലുറയാണിന്നത്തേത്. അതിന്റെ ആഘാത-പ്രത്യാഘാതങ്ങളും ഫലങ്ങളും ഉള്‍ക്കൊള്ളാനും വിലയിരുത്താനും അവസരം ലഭിച്ച തലമുറ.
ലോക്ഡൗണ്‍ മൂലം മാസങ്ങളോളം വീടുകളിലും മുറികളിലും അടച്ചിരിക്കേണ്ടിവന്ന  എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളില്‍ വലിയൊരു ഭാഗവും കൊറോണയ്ക്കുശേഷമുള്ള മതജീവിതത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും തങ്ങളുടെ മതഗ്രന്ഥങ്ങള്‍ വച്ച് മനനം നടത്തുകയും ചെയ്തിട്ടുണ്ടാവണം. ദൈവം അറിയാതെയാണ് കൊറോണ വന്നതെന്ന് ഒരു മതസ്ഥനും പറയില്ല. അങ്ങനെ പറഞ്ഞാല്‍ അവരുടെ ദൈവം പരിമിതനായിത്തീരുമല്ലോ. ദൈവം അറിഞ്ഞാണ് കൊറോണ വന്നതെങ്കില്‍, അതു മുടക്കിയ ഒരു കാര്യവും ദൈവപ്രീതിക്ക് ആവശ്യമായിരുന്നില്ല എന്ന് എല്ലാ മതസ്ഥര്‍ക്കും സമ്മതിക്കേണ്ടിവരും. എല്ലാ മതനടത്തിപ്പുകാര്‍ക്കും അങ്ങനെ പ്രഖ്യാപിക്കേണ്ടിവന്നു എന്നത് നിസ്സാരകാര്യമല്ല. ക്രൈസ്തവരുടെ കാര്യമെടുത്താല്‍, ഞായറാഴ്ച കുര്‍ബാനയിലെ പങ്കുകൊള്ളലും പെസഹാക്കാലത്തെ കുമ്പസാരവും കുര്‍ബാന സ്വീകരണവും ദൈവകല്പനപോലെ അലംഘനീയമെന്നു പഠിപ്പിച്ചിരുന്ന സഭാധികാരികളെക്കൊണ്ടുതന്നെ, അതൊന്നും ആവശ്യമില്ലെന്നും പള്ളിയില്‍ വന്നേക്കരുതെന്നും കല്‍പ്പനയിറക്കിച്ച ഈ കൊറോണക്കാലം തീര്‍ച്ചയായും അനേകരുടെ കണ്ണു തുറപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്; ഇവരുടെ എല്ലാ സിദ്ധാന്തങ്ങളും കല്പനകളും അനുഷ്ഠാനങ്ങളും വ്യാജമായിരുന്നുവെന്നും ദൈവവുമായി ഒരു ബന്ധവും അവയ്‌ക്കൊന്നുമുണ്ടായിരുന്നില്ലെന്നും മനസ്സിലാക്കാന്‍ ഒട്ടേറെ പേര്‍ക്ക് അത് അവസരമായിട്ടുണ്ട്. തന്മൂലം, യേശുവിന്റെ പ്രബോധനപ്രകാരം സത്യത്തിലും അരൂപിയിലുമുള്ള ധ്യാനാത്മകമായ ദൈവാരാധനയിലേക്ക് സ്വയം തിരിഞ്ഞിട്ടുള്ളവരും ചുരുക്കമാവില്ല.
എന്താണ് സത്യത്തിലും അരൂപിയിലുമുള്ള ആരാധനയെന്നാല്‍? ഈ സന്ദര്‍ഭത്തില്‍ ഉത്തരം തേടേണ്ടതും വ്യക്തത നേടേണ്ടതുമായ ഒരു മുഖ്യ ചോദ്യമാണിത്.
 സകലതിനും ആധാരമായിരിക്കുന്ന, സകലതിനെയും പ്രവര്‍ത്തനനിരതമാക്കുന്ന, എല്ലായിടത്തും എല്ലായ്‌പ്പോഴും അദൃശ്യസാന്നിധ്യമായിരിക്കുന്ന ആകമാന  അസ്തിത്വമെന്ന പരമസത്യത്തില്‍, പരമാത്മാവില്‍, വേറിട്ടതായി തോന്നുന്ന എന്റെ അസ്തിത്വത്തെ, ആത്മാവിനെ, ആന്തരികമായി വിലയിപ്പിച്ചൊന്നാക്കാന്‍ ഞാന്‍  സര്‍വ്വാത്മനാ നടത്തുന്ന ഉദ്യമമാണ്, സത്യത്തിലും അരൂപിയിലുമുള്ള എന്റെ ആരാധന. ഈ യഥാര്‍ത്ഥ ആരാധന വ്യക്തിയിലേ സാധ്യമാകൂ എന്നതാണ് മനസ്സിലാക്കേണ്ട പ്രധാനകാര്യം. അത് സാമൂഹികതലത്തില്‍ സാധ്യമല്ല. കാരണം, മനസ്സ് ഓരോ വ്യക്തിക്കുമാണുള്ളത്, സമൂഹത്തിനല്ല. അതുകൊണ്ടാണ്, ദൈവാലയങ്ങളിലെയും മറ്റും ആള്‍ക്കൂട്ടപ്രാര്‍ത്ഥനയും കുര്‍ബാനയുമൊന്നും യേശു അംഗീകരിക്കുന്ന പ്രാര്‍ത്ഥനയോ ആരാധനയോ ആവില്ല എന്ന് പറയേണ്ടിവരുന്നത്. യേശുവിന്റെ പ്രാര്‍ത്ഥന എപ്പോഴും ഏകാന്തതയിലായിരുന്നുവെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. പരമപ്രധാനമെന്ന് പറഞ്ഞ് യേശു അവതരിപ്പിച്ച രണ്ട് കല്പനകളില്‍ (മത്താ. 22: 37-40) ആദ്യത്തേതിന്റെ പാലനമായി ഈ ആരാധനയെ കാണാം.
സത്യത്തിലും അരൂപിയിലുമുള്ള ആ ആരാധനയുടെ ഫലമായി മനുഷ്യനില്‍ സാര്‍വ്വത്രികസ്‌നേഹവും സേവനമനോഭാവവും ഉറവുപൊട്ടുന്നു. അപ്പോള്‍ യേശുവിന്റെ മനുഷ്യസ്‌നേഹം സംബന്ധിച്ച, 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരെയും സ്‌നേഹിക്കുക' എന്ന കല്പന ആദ്യകല്പനയുടെ അനുബന്ധം അഥവാ പ്രാവര്‍ത്തികതലംമാത്രമാണെന്ന് കാണാം. ഒന്ന് സ്‌നേഹത്തിന്റെ ലംബമാനതലത്തെയും മറ്റേത് തിരശ്ചീനതലത്തെയും വ്യവഹരിക്കുന്നു. അതില്‍ തിരശ്ചീനതലത്തിന്റെ ആവിഷ്‌കാരമാതൃകയായിട്ടായിരുന്നു യേശു തന്റെ അന്ത്യഅത്താഴ സദ്യ നടത്തിയത്.
ആദ്യകല്പന ഏകാന്തമായിട്ടേ സാധ്യമാകൂ എങ്കില്‍, രണ്ടാമത്തെ കല്പന സാമൂഹികമായിട്ടേ സാദ്ധ്യമാവൂ. ആദ്യത്തേത് അവനവനില്‍ത്തന്നെ സ്‌നേഹത്തിന്റെ വറ്റാത്ത സ്രോതസ്സ് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് സമൂഹത്തിലേക്കുള്ള അതിന്റെ പ്രവാഹമാണ്, അതിന്റെ പ്രചോദനത്തിലുള്ള സാമൂഹികമായ എളിമപ്പെടലും പങ്കുവയ്ക്കലുമാണ്. യേശു അതുവരെ പഠിപ്പിച്ച മുഴുവന്‍ മൂല്യസംഹിതയുടെ സാരം യേശു നിര്‍വഹിച്ച കാലുകഴുകല്‍ ശുശ്രൂഷയിലും അപ്പം പങ്കുവയ്ക്കലിലും അടങ്ങിയിരിക്കുന്നു. തന്റെ പേരില്‍ ഒന്നിച്ചു കൂടുമ്പോള്‍ നടത്തണമെന്ന് യേശു പറഞ്ഞ ഒരേയൊരു കാര്യവും മറ്റൊന്നായിരുന്നില്ല. സ്‌നേഹവിരുന്ന് എന്ന  പന്തിഭോജനം ആയിരുന്നു, അത്. കുടുംബബോധത്തിലധിഷ്ഠിതമായ പ്രാദേശിക സ്‌നേഹസമൂഹങ്ങളുടെ രൂപീകരണം സാധ്യമാക്കുന്നതിനുള്ള ഒരു ഉപാധിയായിരുന്നു, അത്. ആദിമസഭ രൂപപ്പെട്ടതിലും വളര്‍ന്നതിലും അപ്പം മുറിക്കല്‍ എന്ന പന്തിഭോജനപരിപാടി വലിയ പ്രചോദനമായിരുന്നുവല്ലോ (അപ്പോ.പ്രവ. 2: 46-47).
താന്‍ വിഭാവനംചെയ്ത ഭൂമിയിലെ ദൈവരാജ്യത്തിന്റെ സജീവഘടകങ്ങളായി പ്രാദേശിക സ്‌നേഹകൂട്ടായ്മകളെ രൂപീകരിക്കുന്നതിനും പരാര്‍ത്ഥതാബോധത്തെ ഉത്തേജിപ്പിച്ച്  ലോകത്തില്‍ ഒരു പാരസ്പര്യജീവിതസമ്പ്രദായം വ്യവസ്ഥാപിക്കുന്നതിനും അതിനെ ഉത്തരോത്തരം ഊഷ്മളമാക്കുന്നതിനും ലക്ഷ്യംവച്ച് യേശു അവതരിപ്പിച്ച ഈ സ്‌നേഹവിരുന്നു സമ്പ്രദായത്തെയാണ് വക്രീകരിച്ച് യേശുവിന്റെ ബലിയായി, കുര്‍ബാനയായി, '' വട്ടത്തില്‍ കടലാസുകനത്തിലുള്ള ഓസ്തിയായി നാക്കില്‍വച്ചുതന്ന് പുരോഹിതര്‍ ദൈവാലയങ്ങളില്‍ അവതരിപ്പിക്കുന്നത് എന്നോര്‍ക്കുക. സ്‌നേഹവിരുന്ന് അവര്‍ യേശുവിന്റെ ബലിയാക്കി മാറ്റി; വീടുകളില്‍ നടത്തിയിരുന്ന ഈ കൂട്ടായ്മപരിപാടി അവര്‍ പള്ളികളിലേക്ക് മാറ്റി; വയര്‍ നിറയെയുള്ള ഭക്ഷണം അവര്‍ ഊതിയാല്‍ പറക്കുന്ന ഓസ്തിയിലേക്കൊതുക്കി...!
ഇതെല്ലാം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഇതെല്ലാം ഉറക്കെപ്പറയാനും അതിനുവേണ്ടി പ്രവര്‍ത്തിക്കുവാനും പറ്റിയ ഒരന്തരീക്ഷം ഈ 'കൊറോണ'ക്കാലം ഇവിടുത്തെ ക്രൈസ്തവര്‍ക്ക് ഒരുക്കിത്തന്നിട്ടുമുണ്ട്. ആദ്യമായി വേണ്ടത്, ദൈവാലയം എന്ന പുരോഹിതര്‍ വ്യവഹരിക്കുന്ന കെട്ടിടങ്ങളില്‍നിന്ന് യഥാര്‍ത്ഥ ദൈവാലയമായിരിക്കുന്ന ഓരോ മനുഷ്യഹൃദയത്തിലേക്കും ദൈവാരാധന മാറ്റാനാവശ്യമായ ആശയപ്രചരണം കഴിയുന്നത്ര സംഘടിതമായി ചെയ്യുകയെന്നതാണ്; അതുപോലെതന്നെ, യേശുവിന്റെ അന്ത്യഅത്താഴ മാതൃക അതിന്റെ സത്തയില്‍നിന്നു മാറാതെ കാലാനുസൃതം വീണ്ടെടുത്ത് ആവിഷ്‌കരിക്കുന്നതു  സംബന്ധിച്ചുള്ള  ചിന്തകളും നീക്കങ്ങളുംകൂടി ഉണ്ടാകേണ്ടതുണ്ട്.
ഈ രണ്ടു കാര്യങ്ങളിലും മുന്നേറാന്‍ കേരളത്തിലെ ചിന്തിക്കുന്ന ക്രൈസ്തവര്‍ക്ക് സാധിച്ചാല്‍  മഹത്തായ ഒരു ആധ്യാത്മികവിപ്ലവത്തിനും അതിന്‍ഫലമായി ഒരു സാമൂഹികനവോത്ഥാനത്തിനും കേരളം സാക്ഷിയാവുകതന്നെ ചെയ്യും.                                              - എഡിറ്റര്‍

No comments:

Post a Comment