Translate

Wednesday, July 29, 2020

ക്രിസ്തുമതം - ആദ്യനൂറ്റാണ്ടുകളിലും ഇന്നും


പ്രൊഫ. പി.സി ദേവസ്യ ചെയര്‍മാന്‍, KCRM - പാലാ ഫോണ്‍: 9961255175


ഒരു ആശയസംഹിത എന്നതിനേക്കാള്‍ ആദിമസഭ ഒരു ജീവിതക്രമം ആയിരുന്നു.  പരസ്പരം പങ്കുവയ്ക്കുന്ന ആ സാമൂഹികജീവിതത്തില്‍ ഉച്ചനീചത്വങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. പത്രോസിന്റെയോ പൗലോസിന്റെയോ പേരു പറഞ്ഞ് ഏകകേന്ദ്രസ്ഥമാകാതെ കൂട്ടായ ഒരു നേതൃത്വം അവര്‍ സ്വീകരിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രചോദനം ഒരു വഴിയില്‍ക്കൂടിയേ ഉണ്ടാകൂ എന്ന വിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു ആഗ്രഹിച്ചതുപോലെ, ''ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പോ.പ്രവ. 1:.8) എന്ന ആശംസ പൂര്‍ത്തീകരിക്കാന്‍ ആദിമക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞു.


*
ഇന്നത്തെ സഭയാകട്ടെബലിയേപ്പറ്റി പറഞ്ഞതുമറന്ന്മറ്റുള്ളവരോട് കരുണകാണിക്കാനുള്ള നിര്‍ദ്ദേശം മറച്ചുവച്ച്, 'ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ!എന്ന് നമ്മേക്കൊണ്ട് മുകളിലേക്കുനോക്കി നിലവിളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വഴിതെറ്റിയ വേദോപദേശത്തിനാണ് നാം തിരുത്തല്‍ ആവശ്യപ്പെടുന്നത്.
*

പഴയനിയമം, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ ഒരു കഥയാണ്. മതം എന്ന നിലയിലുള്ള വിശദാംശങ്ങള്‍ ഒഴിവാക്കിയാല്‍ത്തന്നെ ഒരു രക്ഷകന്റെ വരവിനെ സംബന്ധിച്ചുള്ള സൂചനകള്‍ അതില്‍ എമ്പാടും നിറഞ്ഞുനില്പുണ്ട്. ദാവീദിന്റെ പരമ്പരയില്‍പ്പെട്ട ഒരു വീരനായകന്‍ വരും, യഹൂദരെ ഒന്നിപ്പിക്കും, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും ഇതൊക്കെ ആയിരുന്നു പ്രതീക്ഷകള്‍. അതിനിടയില്‍ രക്ഷകന്‍എന്ന് അവകശപ്പെട്ടുവന്ന പല കലാപകാരികളെയും റോമന്‍ ഭരണാധികാരികള്‍ വളഞ്ഞുപിടിച്ച് കുരിശില്‍തൂക്കി കൊല്ലുകയും ചെയ്തിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ് യേശു എന്ന ക്രിസ്തു ജനശ്രദ്ധ ആകര്‍ഷിച്ചത്. വളരെ നാളായി ആ നസ്രായന്‍ നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തന്നെയുമല്ല രാഷ്ട്രീയമായ ഒരു അവകാശവാദവും യേശു പുറപ്പെടുവിച്ചുമില്ല. പക്ഷേ, ആ രൂപത്തിലും ഭാവത്തിലും പ്രത്യേകതകള്‍ പലതും ഉണ്ടായിരുന്നു. അനുകമ്പാര്‍ദ്രമായ മുഖം, ആശ്വസിപ്പിക്കുന്ന വാക്കുകള്‍, സ്‌നേഹത്തിന്റെ പ്രവൃത്തികള്‍! തികഞ്ഞ ആധികാരികതയോടെയാണ് അദ്ദേഹം സംസാരിച്ചത്. സിനഗോഗുകളിലെ വായനകളില്‍ മാത്രമല്ല, പൊതുസ്ഥലങ്ങളിലെ പ്രസംഗങ്ങളില്‍പ്പോലും യേശു നടത്തിയ വിമര്‍ശനങ്ങള്‍ യൂദയായിലെ സമ്പന്നവിഭാഗത്തെ ചൊടിപ്പിച്ചു. പക്ഷേ, സാധാരണക്കാര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. കടല്‍ത്തീരത്തും മലയോരത്തും ജനങ്ങള്‍ ഒന്നിച്ചുകൂടി രാത്രിവരെ യേശുവിനെ കേട്ടിരുന്നു. നസ്രത്തിലെ ഗ്രാമങ്ങളിലും യൂദയായിലെ നഗരങ്ങളിലും ചുറ്റി സഞ്ചരിച്ച് രോഗികളെ സുഖപ്പെടുത്തി, പീഡിതരെ ആശ്വസിപ്പിച്ചു. ചക്രവര്‍ത്തിഭരണത്തെ യേശു വിമര്‍ശിച്ചില്ലെങ്കിലും യേശുവിന്റെ ജനപിന്തുണ റോമന്‍ഗവര്‍ണ്ണറെ ഭയപ്പെടുത്തി. ഫരിസേയരുടെയും പുരോഹിതരുടെയും ഭയം പകയായി വളര്‍ന്നു. രണ്ടുകൂട്ടരും ഒന്നിച്ച് ഗൂഢാലോചന നടത്തി, ദിവസം നിശ്ചയിച്ച്, രാത്രിയില്‍ പിടികൂടി വിസ്തരിച്ച് കലാപകാരി എന്നു മുദ്രകുത്തി ജനശ്രദ്ധ എത്തുംമുമ്പ് യേശുവിനെ അവര്‍ കുരിശില്‍ തൂക്കിക്കൊന്നു.

അവിടെമുതലായിരുന്നു അസാധാരണ സംഭവങ്ങളുടെ തുടക്കം. അതുവരെ അറിയപ്പെടാതിരുന്ന ക്രിസ്തു അനുയായികള്‍ സമൂഹത്തെ ഇളക്കിമറിച്ചു. അവരുടെ വാക്കുകള്‍ക്ക് തീനാളങ്ങളുടെ ചൂടും വെളിച്ചവും ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന്റെ നേതൃത്വം പത്രോസിനാണെന്നു മനസ്സിലാക്കിയ ഫരിസേയപ്രമാണിമാരും പുരോഹിതന്മാരും അദ്ദേഹത്തെ 'സെന്‍ഹെദ്രിന്‍സംഘ'ത്തിന്റെ മുമ്പില്‍ എത്തിച്ചു ചോദ്യം ചെയ്തു. പക്ഷേ, ഭരണാധികാരികളെ  പ്രതിക്കൂട്ടിലാക്കത്തക്കവിധമായിരുന്നു പത്രോസിന്റെ നിലപാട്. ''ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു' (അപ്പോ.പ്രവ. 3: 15) എന്ന ഒരു വ്യക്തമായ 'ചാര്‍ജ്' ആണ് അവര്‍ക്കെതിരെ പത്രോസ് ഉയര്‍ത്തിയത്. ഞങ്ങള്‍ എല്ലാവരും അതിന് സാക്ഷികളാണ് എന്ന് എടുത്തു പറയുകയും ചെയ്തു. ''നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്ന യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ജനം മുഴുവനും വ്യക്തമായി അറിയട്ടെ'' (അപ്പോ. പ്രവ. 2: 36) എന്ന് തീര്‍പ്പുകല്പിക്കുകയും ചെയ്തു. അനുനയത്തിന് ക്രിസ്തു അനുയായികള്‍ വഴങ്ങിയില്ല. ''ദൈവത്തേക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ദൈവസന്നിധിയില്‍ ന്യായമാണോ'' എന്നായിരുന്നു മറുചോദ്യം.

ഒന്നും ചെയ്യാതെ സെന്‍ഹെദ്രിന്‍സംഘം പത്രോസിനെ തിരിച്ചയച്ചു. ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു (അപ്പോ.പ്രവ. 5: 26). തന്നെയുമല്ല, 'ഗമാലിയേ'ലിനെപ്പോലെയുള്ള ചില ആദരണീയര്‍ സംയമനം പാലിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

പക്ഷേ കാര്യങ്ങള്‍ അങ്ങനെ ഒതുക്കിത്തീര്‍ക്കാന്‍ റോമന്‍ അധികാരികള്‍ തയ്യാറായില്ല. അങ്ങനെ ആദിമക്രിസ്ത്യാനികളുടെ പീഡനകാലം ആരംഭിച്ചു. പിടിച്ചുനില്‍ക്കാന്‍ മാത്രമുള്ള ചില പിന്തുണ അവര്‍ക്കും കിട്ടി. ക്രിസ്തുവിനെപ്പോലെതന്നെ ഒരു 'യസീന്യ' ഗുരുവായിരുന്ന വധിക്കപ്പെട്ട സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാര്‍ ഇക്കാലമായപ്പോഴേക്കും ക്രിസ്ത്യാനികള്‍ക്ക് ഒപ്പം എത്തിയിരുന്നു. മര്‍ദ്ദകരുടെ അണിയിലെ ശക്തനായിരുന്ന സാവൂളും മാനസാന്തരപ്പെട്ട് ക്രിസ്തുശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നു. പന്തക്കുസ്തായില്‍നിന്നു നേടിയ ആത്മാഭിഷേകം അവരെ മേല്‍ക്കുമേല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു.

അനുകൂലഘടകങ്ങള്‍ പിന്നെയുമുണ്ടായിരുന്നു. ഒരു ആശയസംഹിത എന്നതിനേക്കാള്‍ ആദിമസഭ ഒരു ജീവിതക്രമം ആയിരുന്നു.  പരസ്പരം പങ്കുവയ്ക്കുന്ന ആ സാമൂഹികജീവിതത്തില്‍ ഉച്ചനീചത്വങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. പത്രോസിന്റെയോ പൗലോസിന്റെയോ പേരു പറഞ്ഞ് ഏകകേന്ദ്രസ്ഥമാകാതെ കൂട്ടായ ഒരു നേതൃത്വം അവര്‍ സ്വീകരിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രചോദനം ഒരു വഴിയില്‍ക്കൂടിയേ ഉണ്ടാകൂ എന്ന വിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു ആഗ്രഹിച്ചതുപോലെ, ''ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പോ.പ്രവ. 1:.8) എന്ന ആശംസ പൂര്‍ത്തീകരിക്കാന്‍ ആദിമക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞു.

സര്‍വ്വാദരണീയമായ ഈ സാമൂഹികക്രമവും ക്രൈസ്തവജീവിതവും ക്രിസ്തുവിനുശേഷം എത്രകാലം നിലനിന്നു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ ആത്മപ്രകാശത്താല്‍മാത്രം നയിക്കപ്പെടുന്ന ഈ ജീവിതസാക്ഷ്യത്തിന് എതിര്‍പ്പുകളെ ഏറെക്കാലം അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രലോഭനങ്ങള്‍ക്കെതിരെ സ്ഥിരമായി പിടിച്ചുനില്‍ക്കാനും കഴിഞ്ഞില്ല. വിശപ്പിനോടും കായികശക്തിയോടും ഭൗതികഅധികാരത്തോടു ബന്ധപ്പെട്ട ത്രിവിധ പ്രലോഭനങ്ങളെ ക്രിസ്തുവിന് തോല്പിക്കാന്‍ കഴിഞ്ഞു. പക്ഷേ ആദിമക്രിസ്ത്യാനികള്‍ സാത്താനികമായ പ്രലോഭനങ്ങള്‍ക്കുമുമ്പില്‍ പതറിപ്പോയി. വിശപ്പും വേദനയും അനുഭവിച്ചു തളര്‍ന്നവര്‍ ചക്രവര്‍ത്തിയുടെ തണലും സംരക്ഷണവും ആഗ്രഹിച്ചുപോയി. പ്രതിയോഗികളെ തോല്പിക്കാന്‍ വേണ്ട ആയുധശക്തി ചക്രവര്‍ത്തി വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ കുരിശുയുദ്ധത്തിലെ പടയാളികളായി. മാര്‍പാപ്പായ്ക്കു ചക്രവര്‍ത്തിവേഷവും മെത്രാന്മാര്‍ക്ക് രാജകുമാരസ്ഥാനവും അനുയായികള്‍ക്ക് സ്ഥാനികപട്ടവും ചാര്‍ത്തിക്കിട്ടി. വിശ്വാസങ്ങള്‍ മാറിമറിഞ്ഞു. എ.ഡി.325-ലെ നിഖ്യാസൂനഹദോസിനേത്തുടര്‍ന്ന് നിഖ്യാവിശ്വാസപ്രമാണം പുറത്തുവന്നു. സര്‍വ്വശക്തനായ പിതാവും രക്ഷകനായ പുത്രനും രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കിയ പരിശുദ്ധാത്മാവുമൊക്കെ കര്‍ട്ടനു പിന്നിലേക്കു മാറി. അവരെയൊക്കെ കാണാതെ വിശ്വസിക്കാനേപറ്റൂ. പക്ഷേ, 'ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ സഭ' ദൃശ്യസാക്ഷ്യമാണ്, ക്രിസ്തുവിന്റെ ശരീരമാണ്. അപ്പോള്‍ സഭതന്നെയല്ലേ വലുത്? സഭ വലുതായപ്പോള്‍ മാര്‍പാപ്പായ്ക്ക് അപ്രമാദിത്വം കൈവന്നു. ക്രിസ്തുവിന്റെ ചൈതന്യവും പരിശുദ്ധാത്മാവിന്റെ പ്രകാശവുമെല്ലാം സഭ എന്ന ഒരേയൊരു സ്രോതസ്സില്‍ക്കൂടി ഒഴുകിവരാന്‍ തുടങ്ങിയപ്പോള്‍ സഭ ഏകകേന്ദ്രസ്ഥമായ 'നിലപാടുതറ'യില്‍ ഉറച്ചു. ഒരു ആട്ടിന്‍കൂട്ടവും ഒരു ഇടയനും എന്ന് പ്രഘോഷിച്ച് 'തിരുസഭ വിജയത്തിന്‍ തൊടുകുറി' അണിഞ്ഞു.

പുതിയ വിശ്വാസപ്രമാണം ഉണ്ടായതുപോലെതന്നെ, തിരുത്തലോടുകൂടിയ പുതിയ സുവിശേഷവും ഉണ്ടായിക്കാണാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ത്തന്നെ അക്ഷരംതിരിയാത്ത, മീന്‍മണം മാറാത്ത ശ്ലീഹന്മാര്‍ക്ക് എങ്ങനെ ലോകക്ലാസിക്കുകളില്‍പ്പെട്ട സുവിശേഷം എഴുതാന്‍ കഴിയും?

സഭ ഇന്ന് അവതരിപ്പിക്കുന്ന ക്രിസ്റ്റോളജിതന്നെ ആദിമസഭയുടെ വീക്ഷണത്തോട് വേണ്ടത്ര പൊരുത്തപ്പെടാത്തതാണ്. ഭരണം മാറുമ്പോള്‍ ചാര്‍ജുഷീറ്റുകള്‍ തിരുത്തപ്പെടുന്നത് ഇക്കാലത്തെ സാധാരണ സംഭവമാണ്. അതുപോലെതന്നെ സഭയിലും സംഭവിച്ചിരിക്കണം.

ക്രിസ്ത്വനുഭവം ഏറ്റവും ശക്തമായിരുന്ന ആദിമസഭയില്‍ ക്രിസ്തുവിന്റെ കൊലപാതകം ഒരു സജീവവിഷയമായിരുന്നു. പത്രോസിന്റെ 'ചാര്‍ജുഷീറ്റ്' ഇതായിരുന്നു: ''അധര്‍മ്മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍  തറച്ചുകൊന്നു'' (അപ്പോ.പ്രവ. 2: 24). നാലു സുവിശേഷങ്ങളിലെയും പീഡാനുഭവവായനകളിലൂടെ കടന്നുപോകുന്ന ഒരു സാധാരണ ക്രൈസ്തവന് പത്രോസിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവും ഇല്ല. എന്നാല്‍ ക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച് ആദിമക്രിസ്ത്യാനികളുടെ നിലപാടല്ല ഇന്നത്തെ സഭയുടേത്. ഇന്ന് നമുക്ക് ക്രിസ്തുവിന്റെ മരണം കല്പിച്ചുകൂട്ടിയുള്ള ഒരു രക്ഷാകരപ്രവൃത്തിയാണ്. ആ നിലയ്ക്ക് അത് ഒഴിവാക്കാന്‍വയ്യാത്ത ഒരു 'സത്കര്‍മ്മ'വുമാണ്. അപ്പോള്‍ ഫരിസേയപ്രമാണിമാര്‍ക്കും സെന്‍ഹെദ്രിന്‍ സംഘത്തിനും ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ ഒരു 'പോസിറ്റീവ് റോള്‍' ആണ് ഉള്ളതെന്നു വരുന്നു. അങ്ങനെവരുമ്പോള്‍ പത്രോസിന്റെ 'ചാര്‍ജു ഷീറ്റ്' തള്ളിപ്പോകാന്‍ എളുപ്പമായി. ഹരിസേയരും പുരോഹിത പ്രമാണിമാരും ഒരു പരുക്കും കൂടാതെ രക്ഷപെടും. മഹസ്സര്‍ തയ്യാറാക്കലും ശിക്ഷാവിധിയും ഒന്നും നടപ്പിലാക്കിയില്ലെങ്കിലും പ്രതികളെ അങ്ങനെ മനഃപൂര്‍വ്വം വെറുതെവിടുന്നത് ഒട്ടും ശരിയല്ല.

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു മരിച്ചു എന്നു പറയുന്നതില്‍ വേറെയും കുഴപ്പങ്ങളുണ്ട്. പാപത്തിന്റെ പ്രതിവിധി മരണമാണോ? മരിച്ചേക്കാം എന്നുവച്ചാല്‍ പാപത്തിന്റെ ശിക്ഷ ഒഴിഞ്ഞുപോകുമോ? അങ്ങനെയെങ്കില്‍ യൂദാസിന്റെ മരണവും രക്ഷാകരമാണെന്നു പറയേണ്ടിവരും. അതുശരിയല്ല, മരണത്തിന് രക്ഷാകരമൂല്യം ഉണ്ടാകുന്നത് ആ ത്യാഗത്തില്‍നിന്ന് സ്‌നേഹത്തിന്റെ പുതുനാമ്പുകള്‍ പൊട്ടിവിരിയുമ്പോഴാണ്. സോക്രട്ടീസുമുതല്‍ ഗാന്ധിജിവരെമറ്റുള്ളവര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്തവരൊക്കെ പുതുജീവന്റെ അച്ചാരമായിത്തീരുന്നത് അതുകൊണ്ടാണ്. ക്രിസ്തുവിന്റെ മരണം ആദിമക്രിസ്ത്യാനികള്‍ കരയാനുള്ള അവസരമാക്കിയില്ല. ഒരു പകലിന്റെ മരവിപ്പിനുശേഷം ഉത്ഥാനത്തിലേക്ക് അവര്‍ കണ്ണുതുറക്കുകയാണുണ്ടായത്. അതിനുശേഷം സ്വര്‍ഗ്ഗാരോഹണംവരെ അവിടുന്ന് അവരെ പിരിഞ്ഞില്ല. പിന്നെ പരിശുദ്ധാത്മാവിനെ കാത്തിരിപ്പിന്റെ നാളുകള്‍. ആ അത്ഭുതം സംഭവിച്ചതിനുശേഷം  ക്രിസ്ത്യാനികള്‍ 'മതിമറന്ന' അവസ്ഥയില്‍ ആയിരുന്നു. ക്രിസ്ത്വനുഭവം അവരെക്കൊണ്ടെത്തിച്ചത് സെന്‍ഹെദ്രിന്‍സംഘത്തെപ്പോലും ചോദ്യംചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇതെല്ലാം മറന്നിട്ടാണ് ഇന്നത്തെ സഭ കുരിശിന്‍ചുവട്ടിലിരുന്ന്, 'പാപബോധം തരണേ, പശ്ചാത്താപം തരണേ' എന്നു വിലപിക്കുന്നത്!

ക്രിസ്തുവിന്റെ മരണവും പാപവുമായി കൂട്ടിയിണക്കുന്നതില്‍ അടിസ്ഥാനപരമായ തെറ്റുണ്ട്. ദൈവകല്പനയുടെ ലംഘനമാണ് പാപം എന്നാണ് വേദോപദേശം. പറുദീസായിലെ പഴം പറിച്ചുതിന്ന ധിക്കാരത്തിന് ഇത്ര കടുത്തശിക്ഷ ദൈവനീതിക്കു നിരക്കുമോ? പറുദീസായിലെ അതിക്രമം എന്ന ജന്മപാപം കായേന്റെ കാലത്ത് സോദരനിഗ്രഹമായി വളര്‍ന്നിട്ടും വ്യക്തിപരമായി കായേന് സംരക്ഷണം ഒരുക്കുകയാണ് ദൈവം ചെയ്തത് (ഉല്പ. 4: 15). സോദരരക്തം മണ്ണില്‍ ഒഴുക്കിയ വ്യക്തിപരമായ പാപം സാമൂഹികതിന്മയായി വളര്‍ന്ന നോഹിന്റെ കാലത്താണ് പാപത്തിന്റെ സാമൂഹികവ്യാപനത്തെ തടയാന്‍വേണ്ടി ദൈവം പൊതുവായ ശിക്ഷ വിധിച്ചത്.

ഒരുപടികൂടിക്കടന്ന്, പുതിയ നിയമത്തിലേക്കു വന്നപ്പോഴാകട്ടെ, ചുങ്കക്കാരനെയും, വ്യഭിചാരിയെയുമൊക്കെ സ്‌നേഹവും സാന്ത്വനവും നല്‍കി ചേര്‍ത്തുനിറുത്താനാണ് യേശു ശ്രമിച്ചത്. ചുരുക്കത്തില്‍, വ്യക്തിപരമായ പാപത്തെയല്ല, പാപം എന്ന അതിക്രമത്തെ വളര്‍ത്തുന്ന സാമൂഹികസാഹചര്യങ്ങളെയാണ് ക്രിസ്തു എതിര്‍ത്തത്. അക്കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ല. തന്നെയുമല്ല, എതിര്‍പ്പ് അതിക്രമങ്ങള്‍ക്കെതിരെയുള്ള പക്ഷംചേരലിലേക്കും, പക്ഷംചേരല്‍ ചെറുത്തുനില്പിലേക്കും, ചെറുത്തുനില്പ് സഹനത്തിലേക്കും, ചിലപ്പോള്‍ മരണത്തിലേക്കുംവരെ എത്തിച്ചേരാം എന്ന് യേശു കാണിച്ചുതരുന്നു. അവിടെ മരണം മരണമല്ല, ഉയിര്‍പ്പാണ്! ക്രിസ്തുവിന്റെ ഉയിര്‍പ്പും അതുതന്നെയാണ്. അടിസ്ഥാനപരമായ ഈ ക്രിസ്തുദര്‍ശനത്തെ ക്രൈസ്തവസഭ അപകടകരമായ വിധത്തില്‍ വകമാറ്റി വഴിമാറ്റിയിരിക്കുന്നു എന്നതാണ് നവീകരണവാദികളുടെ കണ്ടെത്തല്‍.

ക്രിസ്തുവിന്റെ മരണം പാപപരിഹാരത്തിനുവേണ്ടിയുള്ള ബലിയാണെന്നു പറയുന്നതും തെറ്റാണ്. കാരണം, പരിഹാരബലി എന്ന സങ്കല്പംതന്നെ പ്രാകൃതമതങ്ങളില്‍ നിന്നുവന്നതാണെന്ന് മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. പഴയനിയമത്തിന്റെ ആദ്യഭാഗത്തൊക്കെ ദൈവപ്രീതികരമായ ബലികള്‍ക്കു പ്രാധാന്യമുണ്ട്. ലേവ്യരുടെ പുസ്തകത്തില്‍ ബലിവ്യവസ്ഥകള്‍ ദീര്‍ഘമായി വിവരിക്കുന്നുമുണ്ട് (ലേവ്യര്‍. 5: 1-5). പക്ഷേ, 'രക്തദാഹിയും ബലിഭോജിയുമായ ദൈവം' എന്ന സങ്കല്പം പഴയനിയമകാലത്തുതന്നെ തിരുത്തപ്പെട്ടു. ''നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്ക് എന്തിന്? .... കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെയോ രക്തംകൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല... നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കുവാന്‍ ശീലിക്കുവിന്‍. അനാഥരോട് നീതി ചെയ്യുവിന്‍, വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍'' (ഏശ. 1:11-17). വ്യക്തവും ശക്തവുമായ ഈ ആഹ്വാനം അന്നോ അതിനുശേഷം പുതിയനിയമകാലത്തോ ജനം ചെവിക്കൊണ്ടില്ല. അല്പം നിരാശ കലര്‍ന്ന സ്വരത്തില്‍ യേശു പറഞ്ഞു: ''ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍പോയി പഠിക്കുക'' (മത്താ. 8: 13). എന്നാല്‍ സഭ ക്രിസ്തുവില്‍നിന്ന് എന്തെങ്കിലും പഠിച്ചോ...? ഇല്ല എന്നു മാത്രമല്ല, ഇന്ന് സഭ സകലവിധ സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടിയിട്ടും നമ്മുടെ സെമിനാരികളില്‍ പഠിപ്പിക്കുന്നതും ധ്യാനഗുരുക്കന്മാര്‍ പ്രസംഗിക്കുന്നതും സഭ പ്രയോഗിക്കുന്നതും ക്രിസ്തുവിന്റെ രക്തംകൊണ്ട് ബലിചെയ്യുന്ന ക്രിസ്റ്റോളജിയാണ്.

വാസ്തവത്തില്‍ നവീകരണപ്രവര്‍ത്തകര്‍ക്ക് ഒരു പുതിയ വേദോപദേശത്തിന്റെ ബാലപാഠമാണ് വേണ്ടത്. പറുദീസായിലെ 'അതിക്രമം' എന്ന 'ജന്മപാപം', അതു വളര്‍ന്നുണ്ടാകുന്ന ചൂഷണം എന്ന സാമൂഹികപാപം, ഈ പാപത്തിനു പരിഹാരമായി ചൂഷിതരുടെ പക്ഷംചേരുന്ന കാരുണ്യപ്രവര്‍ത്തനം ഇതാണ് രക്ഷാകരമായ സുവിശേഷപ്രവര്‍ത്തനം എന്ന് നാം വിശ്വസിക്കുന്നു. തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുമ്പോള്‍ത്തന്നെ, ചൂഷണത്തെ എതിര്‍ത്തു തോല്പിക്കുന്ന രക്ഷാകരപ്രവര്‍ത്തനംവഴി ഇവിടെ ഈ ഭൂമിയില്‍ത്തന്നെ ദൈവരാജ്യം വരണമേ എന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. അങ്ങനെയാണ് ക്രിസ്തു പ്രാര്‍ത്ഥിച്ചതും, അങ്ങനെ പ്രാര്‍ത്ഥിക്കാനാണ് നമ്മേ പഠിപ്പിച്ചതും.

ഇന്നത്തെ സഭയാകട്ടെ, ബലിയേപ്പറ്റി പറഞ്ഞതുമറന്ന്, മറ്റുള്ളവരോട് കരുണകാണിക്കാനുള്ള നിര്‍ദ്ദേശം മറച്ചുവച്ച്, 'ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ!' എന്ന് നമ്മേക്കൊണ്ട് മുകളിലേക്കുനോക്കി നിലവിളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വഴിതെറ്റിയ വേദോപദേശത്തിനാണ് നാം തിരുത്തല്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment