Translate

Monday, July 27, 2020

കോവിഡനന്തരമതം ദൈവകേന്ദ്രിതവും പുരോഹിതമുക്തവുമാകണം

സ്വാമി അഗ്‌നിവേശ് ഫോണ്‍: 7011774976 

റവ. ഡോ. വല്‍സന്‍ തമ്പു ഫോണ്‍: 8848339230
മതസംസ്‌കാരത്തെയും മതസമൂഹങ്ങളുടെ ജീവിതത്തെയും ദൈവകേന്ദ്രിതമാക്കേണ്ടതിനു പകരം, മതസ്ഥാപനങ്ങളും പുരോഹിതവര്‍ഗവും വിശ്വാസത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് അവയെ ആരാധനാസ്ഥലങ്ങളില്‍ കേന്ദീകരിച്ചിരിക്കുന്നു.
[വേദിക് പണ്ഡിതനും മുതിര്‍ന്ന സാമൂഹികപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശും, ബൈബിള്‍ പണ്ഡിതനും പ്രഭാഷകനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കേളേജ് മുന്‍പ്രിന്‍സിപ്പലുമായ റവ. ഡോ. വത്സന്‍ തമ്പുവും ചേര്‍ന്നെഴുതി, 2020 ജൂണ്‍ 30-ന് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പ്രസിദ്ധീകരിച്ച 'Emancipated By Virus' എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ. സ്വന്തം തര്‍ജമ - എഡിറ്റര്‍.]

ഫ്രാന്‍സീസ് മാര്‍പാപ്പ പറയുന്നതുപോലെ, നാം ജീവിക്കുന്നത് പരിവര്‍ത്തനത്തിന്റെ ഒരു യുഗത്തില്‍ മാത്രമല്ല, ഒരു യുഗപരിവര്‍ത്തനത്തിലും കൂടിയാണ്. കോവിഡ്-19 പകര്‍ച്ചവ്യാധി ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമാണ്. ഇന്നത്തെ ക്രമക്കേടുകളും നാശങ്ങളും ക്ലേശങ്ങളുമൊക്കെ ഒരു പുതുയുഗത്തിന്റെ ജനനത്തിനുവേണ്ടിയുള്ള ഈറ്റുനോവാണ്. നമ്മുടെ മുന്നിലേക്ക് ആഗതരായിക്കൊണ്ടിരിക്കുന്ന ദൈവങ്ങളുടെ പാദമുദ്രകള്‍ നാം  കാണുന്നില്ലെങ്കിലും, വിടപറയുന്ന ദൈവങ്ങളുടെ പാദപതനശബ്ദങ്ങള്‍ നമ്മുടെ പിന്നിലേക്ക് നേര്‍ത്തുപൊയ്‌ക്കൊണ്ടിരിക്കുന്നത് നാം കേള്‍ക്കുന്നുണ്ട്.
മതങ്ങളെ പുഷ്ടിപ്പെടുത്തുന്നത് ഭൂതകാലമായതിനാല്‍, ഈ വര്‍ത്തമാനകാല പരിവര്‍ത്തനത്തിന്റെ ആഘാതം ശക്തമായി പതിക്കുന്നത് അവയുടെമേലാണ്. ഓരോ മതത്തിന്റെയും നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്, ദൈവികമായ ആദ്ധ്യാത്മിക പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തങ്ങള്‍മാത്രമാണ് എന്നാണ്. അതുകൊണ്ടുതന്നെ അവയോരോന്നും അടഞ്ഞ സംവിധാനങ്ങളായിത്തീരുന്നു. ചുറ്റുമുള്ള ലോകം തിരിച്ചറിയാനാവാത്തവിധം  മാറുമ്പോഴും ഓരോ മതവും അതിന്റെ ലിഖിതങ്ങളെ അക്ഷരാര്‍ഥങ്ങളിലും നിസ്സാരതകളിലും തീക്ഷ്ണതയോടെ  തളച്ചിടുന്നു. അതിന്റെ ഫലമായി, എന്നും മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍, അധോഗതിയുടെ അടച്ചുകെട്ടിയ ഇടുക്ക് ഇടങ്ങളായി (Enclaves) മതങ്ങള്‍ അവശേഷിച്ചിരിക്കുന്നു.
'വിശ്വാസ'ത്തോടു ബന്ധപ്പെടുത്തി മതങ്ങള്‍ നേടിയിട്ടുള്ള മേധാവിത്വത്തിന്റെ ഫലമാണിത്. ഈ പറയുന്ന 'വിശ്വാസം' എന്നും യുക്തിയുക്തതയ്ക്ക് എതിരാണ്. അതുകൊണ്ടുതന്നെ അതു ദൈവത്തിലുള്ള വിശ്വാസമാകാന്‍ സാദ്ധ്യമല്ല. കാരണം, ദൈവം പരമമായ യുക്തിയുക്തതയാണ്. വിശ്വാസമെന്നാല്‍ ഇന്ന് നിലവിലുള്ള മതവ്യവസ്ഥിതിയിലും അതിന്റെ സ്ഥാപിതതാത്പര്യങ്ങളിലുമുള്ള വിശ്വാസമാണ്. ഈ പ്രത്യേക വിശ്വാസം, മനുഷ്യരിലെ ദൈവികദാനങ്ങളായ സ്നേഹവും സത്യവും നീതിയും കരുണയും അടിച്ചമര്‍ത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അത് വേദഗ്രന്ഥങ്ങളിലെ സാരവത്തായ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. തന്മൂലം, ഈശ്വരവിശ്വാസം വേദവാക്യങ്ങളുടെ പ്രകാശം വിശ്വാസികളില്‍നിന്നു മറച്ചുവച്ചിരിക്കുന്നു. ചരിത്രപരമായി, പുരോഹിതവര്‍ഗമാണ് മനുഷ്യന്റെ ദൈവികസിദ്ധികള്‍ക്കുമുകളില്‍ 'വിശ്വാസ'ത്തെ  പ്രതിഷ്ഠിച്ചിരിക്കുന്നത്. ദൈവത്തെ തന്റെ സിംഹാസനത്തില്‍നിന്ന് ബഹിഷ്‌കരിക്കുന്നതിനു തുല്യമാണിത്.
മതസംസ്‌കാരത്തെയും മതസമൂഹങ്ങളുടെ ജീവിതത്തെയും ദൈവകേന്ദ്രിതമാക്കേണ്ടതിനു പകരം, മതസ്ഥാപനങ്ങളും പുരോഹിതവര്‍ഗവും വിശ്വാസത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട്  അവയെ ആരാധനാസ്ഥലങ്ങളില്‍ കേന്ദീകരിച്ചിരിക്കുന്നു. ഇതിലുള്ള അയുക്തികത മറച്ചുവയ്ക്കുന്നതിനായി ദൈവമെന്ന ആശയത്തെത്തന്നെ വക്രീകരിച്ച്, സര്‍വവ്യാപിയായ ദൈവത്തെ പുരോഹിതരുടെ ഇടുങ്ങിയ താത്പര്യങ്ങള്‍ക്കു വഴങ്ങുന്ന വിധത്തിലും അവരുടെ താന്ത്രികക്കൈകള്‍ക്കു പ്രാപ്യമാകുന്നവിധത്തിലും പ്രാദേശിക ദൈവമാക്കിയിരിക്കുന്നു. അങ്ങനെ, മാനവവംശത്തെ ചിതറിക്കുന്നതിനും വര്‍ഗ്ഗീയവിഷം പരത്തുന്നതിനുമുള്ള ഒരൊഴികഴിവായി ദൈവത്തെ അവര്‍ മാറ്റിയിരിക്കുന്നു. സ്നേഹത്തിന്റെ ദൈവത്തെ വിദ്വേഷത്തിന്റെ ദൈവമാക്കിത്തീര്‍ത്തിരിക്കുന്നു. സത്യത്തിന്റെ ദൈവം അസത്യത്തിന്റെ ദൈവമായി മാറിയിരിക്കുന്നു. പ്രകാശത്തിന്റെ ദൈവം അന്ധകാരത്തിന്റെ ദൈവമായിക്കഴിഞ്ഞിരിക്കുന്നു. 
കോവിഡ് പകര്‍ച്ചവ്യാധി, മനുഷ്യത്വഗുണങ്ങളെ നിര്‍ജീവമാക്കുന്ന ഈ വ്യവസ്ഥയില്‍നിന്ന് നമ്മെ മുക്തരാക്കാന്‍ വന്നതുപോലെ കാണപ്പെടുന്നു. ഈ വൈറസ്, ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്‌കുകളിലുമുള്ള പുരോഹിതരുടെ ലഹരിനിറച്ച കഷായക്കൂട്ടുകളോടുള്ള നമ്മുടെ ആസക്തി(Addiction)യില്‍നിന്ന് നമ്മെ മുക്തരാക്കി. ആരാധനാസ്ഥലങ്ങളെ കേന്ദ്രീകരിച്ചു നിലനിന്നിരുന്ന ഈ ആചാരാനുഷ്ഠാന ലഹരിയുടെ തകര്‍ച്ചയിലൂടെ, പുരോഹിതനേതൃത്വത്തിലുള്ള ദേവാലയകേന്ദ്രിതമായ മതാചാരങ്ങളുടെ ഉപരിപ്ലവസ്വഭാവം അനേകര്‍ തിരിച്ചറിഞ്ഞു. ഇത് പുരോഹിതവര്‍ഗത്തെ മൊത്തം വിഷമത്തിലാക്കിയിരിക്കുന്നു. ഇത്തരം മതാചരണങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നില്ലെന്നും, മറിച്ച്  മതസ്ഥാപനങ്ങളുടെ ലാഭത്തിനുവേണ്ടി മനുഷ്യര്‍ ദുരുപയോഗിക്കുകയായിരുന്നെന്നും എല്ലാവര്‍ക്കും ഒരുവിധം വ്യക്തമായിക്കഴിഞ്ഞു.
സ്നേഹത്തില്‍നിന്നു വ്യത്യസ്തമായ വിശ്വാസം അതില്‍ത്തന്നെ സങ്കുചിതമാണ്. ഓരോ മതവിഭാഗത്തിനുമാത്രമുള്ളതാണ് 'വിശ്വാസം'. ഒരു വിഭാഗത്തിന്റെ വിശ്വാസതീക്ഷ്ണത മറ്റു വിശ്വാസങ്ങളോട് വെറുപ്പും വിദ്വേഷവും ഉളവാക്കുന്നു. ഇതാണ് വിഭാഗീയതകള്‍ക്ക് ജന്മം കൊടുക്കുന്നതും മാരകമായ ഫലങ്ങള്‍ ഉളവാക്കുംവിധം മതകാവല്‍ക്കാര്‍ ചൂഷണം ചെയ്യുന്നതും.
ഈ പുരോഹിതവര്‍ഗത്തിന്  കോവിഡാനന്തരയുഗത്തിലേക്കും അവരുടെ സ്ഥാപിത താത്പര്യങ്ങളുടെ അജണ്ട ഇറക്കുമതിചെയ്യാന്‍ കഴിയും. എന്നാല്‍ മാനവികതയുടെ ആവശ്യം മാനിച്ച് അതിനുള്ള അനുമതി അവര്‍ക്കു നാം നല്‍കരുത്. ഒരു പുതുയുഗം ഒരു പുതിയ ആത്മീയദര്‍ശനവും ആവശ്യപ്പെടുന്നുണ്ട്. ആ ദര്‍ശനം ദൈവികഗുണങ്ങളായ സ്നേഹം, സത്യം, നീതി, കരുണ എന്നിവയാല്‍ രൂപീകരിക്കപ്പെട്ടതായിരിക്കണം. പുരോഹിതവര്‍ഗത്തിന് ഈ മൂല്യങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ല. പുരോഹിതതാത്പര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവയ്ക്കു സാധിക്കുകയുമില്ല. പുതിയ ലോകത്തിന് അധോഗതിയിലേക്കുള്ള ഭൂതകാലഭക്ഷണക്രമത്തില്‍ ജീവിക്കാനും സാധിക്കുകയില്ല. പുതിയലോകത്തിലെ മാനവവംശം ആവശ്യപ്പെടുന്നത് മതമല്ല, ആത്മീയതയാണ്.
ഈ വൈറസ് പുരോഹിതനിയന്ത്രിതമായ സ്ഥാപിതമതത്തിന്റെ എല്ലാ വശങ്ങളുടെയും അടിത്തറ തോണ്ടിക്കഴിഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും അടയ്ക്കപ്പെട്ടു. പക്ഷേ, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഒന്നും നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടില്ല. ആരാധനാലയങ്ങളിലെങ്ങും നാണയക്കിലുക്കത്തിന്റെ സ്വരം ഇന്നു കേള്‍ക്കുന്നില്ല. അതൊന്നും ദൈവങ്ങളെ അസ്വസ്ഥരാക്കിയതായും കാണപ്പെട്ടില്ല. മതവും രാഷ്ട്രീയവും തമ്മിലുണ്ടായിരുന്ന ഗാഢമായ വര്‍ഗ്ഗീയ ചങ്ങാത്തങ്ങളെയും തളര്‍ച്ച ബാധിച്ചുകഴിഞ്ഞു.
കോവിഡനന്തരമതം ദൈവകേന്ദ്രിതവും പുരോഹിതമുക്തവും ആരാധനാലയങ്ങളില്‍നിന്നു സ്വതന്ത്രവും ആയിരിക്കണം. അനുഷ്ഠാനങ്ങളില്‍നിന്നും സിദ്ധാന്തങ്ങളില്‍നിന്നും  പുരോഹിതകാപട്യങ്ങളില്‍നിന്നും വഞ്ചനകളില്‍നിന്നും മുക്തമായ ആരാധനയാണ് ജീവിതത്തെ പരിപോഷിപ്പിക്കുന്നത്. ശാരീരികജീവിതത്തില്‍ ശ്വസനംപോലെയാണ് ആത്മീയജീവിതത്തില്‍ ആരാധന. നമ്മുടെ ശ്വസനത്തില്‍, ഇടയ്ക്കു വരാറുള്ള മാലിന്യത്തിന്റെ മാരകസാഹചര്യങ്ങളിലൊഴികെ, ഇടനിലക്കാര്‍ ഇല്ലാത്തതുപോലെ, ആത്മീയശ്വസനമായ ആരാധനയിലും ഇടനിലക്കാരുടെ ആവശ്യമില്ല.
ആത്മരക്ഷ എന്നതില്‍നിന്ന് സാമൂഹികനീതിയിലേക്ക്, മതഭക്തിയില്‍നിന്നു ശാന്തിയിലേക്ക്, ആചാരാനുഷ്ഠാനങ്ങളില്‍നിന്ന് മാനവവികാസത്തിലേക്ക്, വിഭാഗീയ വിശ്വാസത്തില്‍നിന്ന് സാര്‍വ്വത്രികസ്നേഹത്തിലേക്ക് നാം നമ്മുടെ ഊന്നല്‍ മാറ്റേണ്ടിയിരിക്കുന്നു. കാരണം, മാനവവംശം സ്വതന്ത്രമാകാന്‍ പോകുന്നത്, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരോ പ്രത്യേക ഇടനിലക്കാരോ ഇല്ലാത്ത നീതിയുടെ ദൈവത്തെ മനുഷ്യന്‍ തിരിച്ചറിയുമ്പോഴാണ്.

No comments:

Post a Comment