Translate

Sunday, September 13, 2020

ചർച്ച് ആക്ട് ക്രൈസ്തവരുടെ അവകാശം

ജോൺ കരമ്യാലിൽ, ചിക്കാഗോ(USA)

*

ചർച്ച് ആക്ട് ഇല്ലാത്തതുകൊണ്ടാണ്, കേരളത്തിലെ ക്രൈസ്തവരുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോവുകയും പുരോഹിതാധിപത്യം സഭയിൽ നിലനിൽക്കുകയും ചെയ്യുന്നത്. കേരളത്തിലെ ഓർത്തോഡോക്‌സ് - യാക്കോബായക്കാരുടെ പ്രശ്‌നത്തിനും ഇത്തരമൊരു നിയമത്തിന്റെ അഭാവമാണു കാരണം.

*

ചർച്ച് ആക്ട് എന്നത് ഉപഭോക്താക്കളായ വിശ്വാസികളെ, അതായത് ആത്മായരായ സാധാരണക്കാരെ  അവരുടെ സഭാസ്വത്തിന്റെ ഉടമസ്ഥരാക്കുന്ന നിയമമാണ്. തദ്വാരാ, അവർ മതമേധാവികളുടെ അടിമത്വത്തിൽനിന്നു  മോചിതരാവുന്നു; അവർ ചൂഷണത്തിൽനിന്നു പുറത്താകുന്നു. എല്ലാ വരുമാനത്തിനും കൃത്യമായ കണക്കുകളും രേഖകളും ഉണ്ടാവുന്നു; സുതാര്യത കൈവരുന്നു; പണം ധൂർത്തടിക്കപ്പെടാത്ത സാഹചര്യമുണ്ടാകുന്നു.  വിശ്വാസികളുടെ ഇടയിൽനിന്നു വിശ്വാസികൾതന്നെ നടത്തിപ്പുകാരെ തെരെഞ്ഞെടുക്കുന്നതിനാൽ പണം ധൂർത്തടിക്കപ്പെട്ടാൽ ചോദ്യംചെയ്യാനും, ആ പണം തിരിച്ചുവരുത്താനും സാധിക്കും. രണ്ടാമതൊരാവശ്യം വന്നാൽ ആദ്യം സമാഹരിച്ചതിൽനിന്നു മിച്ചമുള്ള പണം ഉപയോഗിക്കുകയും ആവാം.  

കേരള നിയമപരിഷ്‌കരണ കമ്മീഷൻ ചെയർമാനായിരുന്ന ബഹു. ജസ്റ്റീസ്  വി. ആർ. കൃഷ്ണയ്യർ ചർച്ച് ആക്ടിന്റെ കരടുരേഖ 2009-ൽ ഗവണ്മെന്റിന് സമർപ്പിച്ചതാണ്.

ചർച്ച്  ആക്ട്  നിലവിൽ വന്നാൽ, മതസ്ഥാപനങ്ങളിലും സഭാസ്ഥാപനങ്ങളിലും പണം  മിച്ചം  വരും; സഭാസ്ഥാപനങ്ങളിലെ   സാമ്പത്തിക   ഇടപാടുകളിൽനിന്നു പൂജാരിമാർ മാത്രമായ പുരോഹിതരെ പൂർണ്ണമായും ഒഴിവാക്കാം. പൂജാരിമാരുള്ളിടത്താണ് പണത്തിന് എപ്പോഴും കുറവുണ്ടാവുക; അവരുള്ളിടത്തോളം കാലം ഒന്നിനും പണം തികയില്ല. ഒരു ആവശ്യം വരുമ്പോൾ, ആവശ്യത്തിനുള്ള  തുകയുടെ പല മടങ്ങു പണമാണ് സമാഹരിക്കുക.  ചെലവു കഴിഞ്ഞുള്ള വൻതുകയുടെ കണക്കുകൾ  പൂജാരിമാർക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ  ആ പണം അവർ എടുത്ത് കണക്കുകൾ സമാസമമാക്കും. എന്നാൽ ഈ പണം വിശ്വാസികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണു കൈകാര്യം ചെയ്യുന്നതെങ്കിൽ, ആദ്യം സമാഹരിച്ചതിൽ മിച്ചമുള്ളതിൽനിന്നെടുത്തു കാര്യങ്ങൾ നടത്തുകയും, രണ്ടാമതൊരു  പണപ്പിരിവു ഒഴിവാക്കുകയും ചെയ്യാം. ചോദ്യം  ചെയ്യപ്പെടാത്ത  പൂജാരിമാർ (വൈദികർ) പണം കൈകാര്യം ചെയ്യുന്നിടത്ത് എപ്പോഴും പണം ആവശ്യമായിവരും; പിരിക്കുന്തോറും, അഥവാ കൊടുക്കുന്തോറും പുതിയ ആവശ്യങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇവരുടെ പ്രവൃത്തികൾ വിലയിരുത്തുമ്പോൾ ഇവർ ദൈവശാസ്ത്രത്തിനുപകരം, തട്ടിപ്പുസാമ്പത്തികശാസ്ത്രമാണ് പഠിച്ചതെന്നു തോന്നും.

'ചർച്ച് ആക്ട്' അഥവാ 'ചർച്ച് ട്രസ്റ്റ് ബിൽ' എന്നു കേട്ടപ്പോഴേ അതിന്റെ ഗുണവും  മഹത്വവും മനസ്സിലാക്കിയ ക്രിസ്ത്യൻ പുരോഹിതർ, അത് തെറ്റാണെന്നും വിശ്വാസികളായ മനുഷ്യർക്കു ദോഷം വരുത്തുമെന്നും പള്ളികളെയും വൈദികരെയും ദൈവത്തെയും അത് ഇല്ലാതാക്കുമെന്നും, സ്വയം ചിന്തിക്കുവാനുള്ള കഴിവോ പ്രതികരണശേഷിയോ ഇല്ലാത്തവരായ വിശ്വാസികളെ    വിശ്വസിപ്പിക്കുന്നതിൽ  കുറെയൊക്കെ വിജയിച്ചു. എങ്കിലും,  അവർക്കുതന്നെ ആ വിജയത്തിൽ അത്ര വിശ്വസിക്കുവാനാവുന്നില്ല. കാരണം, ഒരു സ്ത്രീയ്ക്കു തന്റെ ഗർഭം എക്കാലത്തും മറച്ചുവയ്ക്കുവാനും  മൂടിവയ്ക്കുവാനും ആവില്ലാത്തതുപോലെ,   ചർച്ച്    ആക്ടിലെ   സത്യങ്ങളും  പുറത്തുവരുമെന്നും അത് അധികം വൈകാതെ നിലവിൽ വരുകതന്നെ ചെയ്യുമെന്നും അവർക്കറിയാം.  ചർച്ച് ആക്ട് നിലവിൽ വന്നാൽ സഭകൾ നികുതി കൊടുക്കേണ്ടിവരുമെന്നും, ആ നികുതി ജനത്തിനു വെറുതെ നഷ്ടപ്പെടുമെന്നും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വിശ്വസിപ്പിക്കുന്നു. ഇനി അങ്ങനെ കൊടുക്കേണ്ടിവന്നാൽത്തന്നെ, ചെലവുകൾ കഴിഞ്ഞുള്ള വരുമാനത്തിന്റെ ഒരംശം മാത്രമാണുകൊടുക്കേണ്ടിവരിക. അങ്ങനെയാവുമ്പോൾ സാധാരണ വിശ്വാസികളിൽനിന്നുമുള്ള കുത്തിപ്പിഴിയലുകൾ കുറയും; കുറയുകമാത്രമല്ല,  അതില്ലാതാവുകയും ചെയ്യും.

      

അമേരിക്കയിലെയും യൂറോപ്പിലെയുംപോലെ പള്ളികൾ പൂട്ടിപ്പോവാതിരിക്കുവാനും, വിശ്വാസികൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും ചർച്ച് ആക്ട് അത്യന്താപേക്ഷിതമാണ്.  ഇടവകപ്പള്ളിയുടെ സ്വത്തുക്കൾ ഇടവകക്കാരുടെ ഉടമസ്ഥതയിൽ കൊണ്ടുവരുന്ന ഒരു സിവിൽനിയമമാണ് ചർച്ച് ആക്ട്. മെത്രാന്മാരും മെത്രാപ്പോലീത്തന്മാരും കർദ്ദിനാളന്മാരും ഇന്ന് രാജാക്കന്മാരെപ്പോലെ വാഴുകയാണ്. രാജാവിനു നിയമസംഹിതകൾ ഇല്ലല്ലോ, പറയുന്നതെല്ലാം നിയമങ്ങളാണ്. എന്നാൽ, അവർ ജനസേവകരും കാവൽക്കാരുമായിരിക്കണം. അവരെ അപ്രകാരമാകാൻ നിർബന്ധിക്കുന്നു, ചർച്ച് ആക്ട്. അതോടെ ജനത്തിന്റെ ഐക്യവും കൂട്ടായ്മയും വർധിക്കും.

 ചർച്ച് ആക്ട് നടപ്പിൽ വരുത്തുന്നത് ഔദാര്യമല്ല; അത് ഗവണ്മെൻരിന്റെ ഭരണഘടനാബാധ്യതയും ജനങ്ങളുടെ അവകാശവുമാണ്. കാനോൻ നിയമം വിശുദ്ധമെന്നു പറഞ്ഞു പൗരോഹിത്യം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ഭയപ്പെടുത്തുകയും  ചെയ്യുന്നു. ഇവിടെ ജനങ്ങൾ ഭയപ്പെടാൻ പാടില്ലാത്തതാണ്. കാരണം, കാനോൻ  നിയമങ്ങൾ  ദൈവികനിയമമല്ല; മറിച്ച്, സുഖലോലുപരും സ്വേച്ഛാധിപതികളുമായ പുരോഹിതവർഗ്ഗത്തിന്റെ നിർമ്മിതിയാണ്. ഏതു സഭാ നിയമങ്ങളായാലും, അതെല്ലാം സിവിൽ നിയമത്തിന്റെ അധീനതയിൽ ആക്കേണ്ടതാണ്.

ചർച്ച് ആക്ട് ഇല്ലാത്തതുകൊണ്ടാണ്, കേരളത്തിലെ ക്രൈസ്തവരുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോവുകയും പുരോഹിതാധിപത്യം സഭയിൽ നിലനിൽക്കുകയും ചെയ്യുന്നത്. കേരളത്തിലെ ഓർത്തോഡോക്‌സ് - യാക്കോബായക്കാരുടെ പ്രശ്‌നത്തിനും ഇത്തരമൊരു നിയമത്തിന്റെ അഭാവമാണു കാരണം.

ചർച്ച് ആക്ട്, ക്രൈസ്തവസഭകൾക്ക് ദോഷംചെയ്യുമെന്നു വിശ്വാസികളെ പഠിപ്പിച്ചു  വിശ്വസിപ്പിച്ചാലേ സഭാധികാരികളായിത്തീർന്നിരിക്കുന്ന പൂജാരിമാർക്ക്      സ്വത്തുക്കൾ പൂർണ്ണമായും അനുഭവിക്കുവാനാവൂ. ചർച്ച് ആക്ട്  ശരിക്കും വായിച്ചു മനസ്സിലാക്കിയാൽ അത് തികച്ചും ക്രൈസ്തവമാണെന്നും ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ  ഗുണകരമാണെന്നും മനസ്സിലാക്കാം. ചർച്ച് ആക്ടുമൂലം തങ്ങളുടെ സ്വകാര്യസുഖങ്ങൾക്കുവരുന്ന ഭംഗമാണ്  വൈദികവൃന്ദത്തെ ക്ഷോഭിപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും. സഭകളുടെ സ്വത്ത്  സർക്കാർ   കൊണ്ടുപോവുമെന്ന് അവർ   പറയുന്നത് തെറ്റും നുണയുമാണ്. ചർച്ച് ആക്ടിലൂടെ  സഭകൾക്കും സഭാസ്വത്തിനും കൂടുതൽ സംരക്ഷണമാണ് ലഭിക്കുന്നത്.

 

No comments:

Post a Comment