Translate

Friday, September 11, 2020

'ചർച്ച് ആക്റ്റ് നിരസിച്ചവർക്ക് ഇനി സമാധാനമുണ്ടാകില്ല!'


*

...ചർച്ച് ആക്റ്റ് നടപ്പാക്കി ന്യായം നടപ്പാക്കണം എന്ന വ്യക്തമായ സന്ദേശം അദ്ദേഹം നൽകിയിരിക്കുകയാണ്.

ഇത് വിശ്വാസികൾക്ക് ശുഭലക്ഷണമാണ്. സർക്കാരിന് അശുഭകരമാവുകയും ചെയ്യും.

ലക്ഷങ്ങളായ വിശ്വാസികളുടെ ആവശ്യം തിരസ്‌കരിച്ച് വിരലിലെണ്ണാവുന്ന ബിഷപ്പുമാരുടെ ആവശ്യം അംഗീകരിച്ച സർക്കാരിന് ഇനി സമാധാനമുണ്ടാവില്ല...

*

['അഖിലകേരള ചർച്ച് ആക്റ്റ് ആക്ഷൻകൗൺസിൽ' ചെയർമാൻ  അഡ്വ ബോറിസ് പോൾ, സെക്രട്ടറി ജോസഫ് വെളിവിൽ എന്നിവർ ചേർന്നു നടത്തിയ പ്രസ്താവന]

ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ നിയമപരിഷ്‌കരണ കമ്മീഷൻ ക്രൈസ്തവവരുടെ സഭാസ്വത്തു ഭരണത്തിനായി കരട് നിയമം തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ചത് 2009-ൽ ആണ്. ഇന്ത്യൻ ഭരണഘടന പ്രകാരം അങ്ങനെയൊരു നിയമം പാസ്സാക്കി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥവുമാണ്.

ഇത് 2020. വിവിധ രാഷ്ട്രീയനിലപാടുകളുള്ള സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ ഇത്രയുംകാലം ഭംഗിയായി തട്ടിക്കളിച്ചു. ക്രൈസ്തവ വിശ്വാസിസമൂഹത്തേക്കാൾ ഏതാനും ചില ബിഷപ്പുമാരുടെ വാക്കുകൾക്കാണ് എല്ലാ ഭരണാധികാരികളും വിലകല്പിക്കാറുള്ളത്. ഇടതുപക്ഷ സർക്കാർ പ്രതീക്ഷ നൽകിയിരുന്നു. സി.പി.ഐ പരസ്യമായി നിയമനിർമ്മാണത്തെ അനുകൂലിച്ചു. 2019 നവംബറിൽ രണ്ടു ലക്ഷം ക്രൈസ്തവർ സെക്രട്ടേറിയറ്റിനു മുന്നിൽ ശക്തിപ്രകടനം നടത്തി തങ്ങളുടെ ഇംഗിതം സർക്കാരിനെ അറിയിച്ചു. കേരള ഗവർണർ സമരക്കാർക്ക് അനുകൂല നിലപാടെടുത്ത് സർക്കാരിന്റെ ഭരണഘടനാബാധ്യത സർക്കാരിനെ ഓർമ്മിപ്പിച്ചു.

എന്നാൽ പ്രതീക്ഷകളെ ഇല്ലാതാക്കി, 'ആ നിയമം നടപ്പിലാക്കേണ്ട എന്ന് തീരുമാനിച്ച'തായി സർക്കാർ രേഖാമൂലം അറിയിച്ചു! ബിഷപ്പുമാർ എന്ന ന്യൂനപക്ഷത്തെ അംഗീകരിച്ച് സമൂഹം എന്ന ഭൂരിപക്ഷത്തെ കൊഞ്ഞനംകുത്തി കാണിച്ച തീരുമാനം!

ഇനിയൊരു സമരം എങ്ങനെ എന്ന ചിന്തയിലിരിക്കെ, സാഹചര്യങ്ങൾ ദൈവികമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! പിറമാടം ദയാറായിൽ ആഗസ്റ്റ് 19-ന് അഭിവന്ദ്യ ബാർ യൂഹാനോൻ റമ്പാച്ചൻ മരണം വരെയുള്ള നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു.

ചർച്ച് ആക്റ്റ് നടപ്പാക്കി ന്യായം നടപ്പാക്കണം എന്ന വ്യക്തമായ സന്ദേശം അദ്ദേഹം നൽകിയിരിക്കുകയാണ്. ഇത് വിശ്വാസികൾക്ക് ശുഭലക്ഷണമാണ്. സർക്കാരിന് അശുഭകരമാവുകയുംചെയ്യും. ലക്ഷങ്ങളായ വിശ്വാസികളുടെ ആവശ്യം തിരസ്‌കരിച്ച് വിരലിലെണ്ണാവുന്ന ബിഷപ്പുമാരുടെ ആവശ്യം അംഗീകരിച്ച സർക്കാരിന് ഇനി സമാധാനമുണ്ടാവില്ല. ക്രൈസ്തവ വിശ്വാസികൾ കൂടുതൽ ഊർജ്ജസ്വലരായി ഉണർന്ന് പ്രതികരിക്കാൻ റമ്പാച്ചന്റെ നിരാഹാര സമരം നിമിത്തം ആകും. എല്ലാക്കാലവും എല്ലാവരേയും പറ്റിക്കാനാവില്ല.

ഈ സമരം വിജയിച്ചിരിക്കും. വിജയിപ്പിച്ചിരിക്കും.

No comments:

Post a Comment