Translate

Thursday, September 10, 2020

'ചർച്ച് ആക്ട് ചാട്ടവാർ' ചുഴറ്റി വീശി, ദൈവത്തിന്റെ ദൂതൻ പുറപ്പെട്ടുകഴിഞ്ഞു!

ബാർ യൂഹാനോൻ റമ്പാൻ (ഡയറക്ടർ മക്കാബി), ഫോൺ: 9645939736

[സഭകളിലെ പ്രശ്‌നങ്ങൾക്കു പരിഹാരമായ ചർച്ച് ആക്ട് പാസ്സാക്കണം എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 19-ന് രാവിലെ മുതൽ അനിശ്ചിതകാലനിരാഹാരസമരം ആരംഭിച്ചിരിക്കുന്ന അഭിവന്ദ്യ റമ്പാച്ചൻ, സമരത്തിന്റെ നാലാം ദിവസമായ 22-ാം തീയതി നൽകിയ സന്ദേശത്തിൽനിന്ന്] 

ഇന്ന് സമരത്തിന്റെ നാലാം ദിവസം ആണ്. ആരവങ്ങൾ ഇല്ല, ശബ്ദഘോഷങ്ങൾ ഇല്ല. ഏകനായി എന്റെ അറയിൽ ഞാൻ പരിശുദ്ധസഭയുടെ വിമോചനത്തിനായി സഹനം സ്വീകരിച്ചിരിക്കുകയാണ്. എന്റെ മാതാപിതാക്കൾ വാർദ്ധക്യത്തിൽ എന്നെ ഓർത്തു കരയുന്നു. എന്റെ സഹോദരങ്ങൾ വലിയ വിഷമത്തിലാണ്.

ഞാൻ അവരെ ഉപേക്ഷിച്ചതാണ്, എന്റെ കുടുംബം യാക്കോബായ സഭ ആണ്. എന്റെ നാഥൻ കർത്താവായ മിശിഹായാണ്. ഞാൻ എന്റെ വീട്ടുകാർക്കുവേണ്ടി അവരുടെ ഭവനം കൊള്ളചെയ്യപ്പെടാതിരിക്കുവാൻ ശത്രുവിനോട് പോരാടുകയാണ്.

എന്റെ സഹനത്തിന് അംഗീകാരം ഇല്ല; ഞാൻ വെറുക്കപ്പെട്ടവനും അനുസരണമില്ലാത്ത അഹംഭാവിയുമായി കണക്കാക്കപ്പെട്ടിരിക്കുന്നു; എന്റെ പരിശുദ്ധ പിതാവുപോലും, എന്നെ ഒരു ദുഷ്ടദാസനായി കാണുന്നു. എന്നാൽ ഈ നാലാം ദിവസവും എന്നെ താങ്ങി നിർത്തുന്ന  എന്റെ കർത്താവിന്റെ കരങ്ങളുടെ സ്പർശം ഞാൻ അറിയുന്നു.

ഞാൻ പൊരുതുന്നത് ആരോടാണ് എന്ന് എനിക്കറിയാം. പരിശുദ്ധ പൗലോസ് അപ്പോസ്തലൻ അത് എന്നെ പഠിപ്പിച്ചിട്ടുണ്ട്: ''എന്തെന്നാൽ നിങ്ങളുടെ സമരം ജഡരക്തങ്ങളോടല്ല; പിന്നെയോ, വാഴ്ചകളോടും അധികാരികളോടും, ഈ അന്ധകാരലോകത്തിന്റെ അധിപന്മാരോടും, ആകാശത്തിൻകീഴിലുള്ള ദുരാത്മാക്കളോടുമാകുന്നു'' (എഫെ. 6:12). ആയതിനാൽ ഇപ്പോഴുള്ള സഹനം, വരുംകാലത്ത് ജീവന്റെ കിരീടം എനിക്കു നേടിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു.

 മത്തായി 17:21-ൽ നമ്മുടെ കർത്താവ് പറയുന്നു:  ''ഉപവാസവും പ്രാർത്ഥനയുംകൊണ്ടല്ലാതെ ഈ വർഗ്ഗം മാറിപ്പോകയില്ല'' എന്ന്. ഏതാണ് ഈ ജാതി. അത് നമ്മളിൽത്തന്നെയാകുന്നു. നമ്മൾ അവരെ അറിയുകയും ചെയ്യുന്നു.

എന്റെ ഈ സഹനത്തിൽ കുറച്ചുപേർ എന്നോടുകൂടെ ഇവിടെ പ്രാർത്ഥനയിൽ ആയിരിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചു. പക്ഷേ, ഇവിടെ അതിനുള്ള സൗകര്യങ്ങളൊന്നുമില്ല. ക്രിസ്തുവിന്റെ ശിഷ്യത്വത്തെ സ്വീകരിക്കുമ്പോൾ പലപ്പോഴും അധികാരികൾക്ക് ഞാൻ ശിഷ്യൻ അല്ലാതാകുന്നു! ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാൻ ഞാൻ ഓടുമ്പോൾ, എന്റെ സഹകശീശന്മാർക്കും അദ്ധ്യക്ഷൻമാർക്കും ഞാൻ അന്യനായിത്തീരുന്നു.

എബ്രായ ലേഖനം 2:1-3 വാക്യങ്ങൾ എന്നെ ഭയപ്പെടുത്തുന്നു, 'ദൂതന്മാരാൽ സംസാരിക്കപ്പെട്ട വചനം സ്ഥിരപ്പെട്ടിരിക്കുകയും, അത് കേട്ടശേഷം അതിനെ ലംഘിച്ച ഏവനും, നീതിപൂർവ്വമായ പ്രതിഫലം പ്രാപിക്കയും ചെയ്തിട്ടുണ്ടെങ്കിൽ, നമ്മുടെ കർത്താവ് സംസാരിച്ചുതുടങ്ങിയതും തന്നിൽനിന്നു കേട്ടവരാൽ നമ്മിൽ ഉറപ്പിക്കപ്പെട്ടിട്ടുള്ളതുമായ നമ്മുടെ ജീവന്റെ കാര്യങ്ങളെ നാം അഗണ്യമാക്കിയാൽ നാം എങ്ങനെ ഓടി മാറും?' ഇതുമൂലം, ദൈവഭക്തിയുടെ വേഷംധരിച്ചുകൊണ്ട്  ഈ ലോകത്തിന്റെ തത്വങ്ങളനുസരിച്ചു ജീവിക്കാൻ കല്പിക്കുന്നവർക്കുമുൻപിൽ ഞാൻ നന്ദി കെട്ടവനും അനുസരണയില്ലാത്ത അഹങ്കാരിയും ആകുന്നു. എന്നാൽ അവർ അറിയുന്നില്ല, ശ്ലീഹന്മാർക്കു വേണ്ടി  ഗമാലിയേൽ നീതിയോടെ പറഞ്ഞ വാക്യങ്ങൾ: ''ഈ മനുഷ്യരിൽ നിന്ന് നിങ്ങൾ വിട്ടുനിൽപ്പിൻ; അവരെ വിട്ടയപ്പിൻ. ഈ ചിന്തയും, ഈ പ്രവർത്തനവും മാനുഷികമെങ്കിൽ, അഴിഞ്ഞുമാഞ്ഞു പോകും. എന്നാൽ, ദൈവത്തിൽനിന്ന് എങ്കിലോ, അതിനെ മായിച്ചുകളയുവാൻ നിങ്ങൾക്ക് കഴിവില്ലതന്നെ. നിങ്ങൾ ദൈവത്തിനെതിരായി നിൽക്കുന്നുവെന്ന് കണ്ടെത്തപ്പെടുകയും ചെയ്യും'' (അപ്പോ. പ്രവ. 5:37-38).

 അപ്പോ. പ്രവ. 7: 51-ൽ, ''നിയോഗത്താൽ വിളിച്ചുപറഞ്ഞവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ അവർ മനസ്സ് വയ്ക്കാത്തവിധം ലോകത്തിന്റെ ബന്ധനങ്ങളിൽ വീണുപോയി. കഠിനകണ്ഠന്മാരും ഹൃദയത്തിനും ചെവിക്കും പരിഛേദനമില്ലാത്തവരുമായവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിന് എതിരായി നിലകൊള്ളുന്നു'' എന്നത്രെ, സ്‌തെഫനോസ് മരണം അടുത്തപ്പോൾ പ്രധാനാചാര്യന്മാരോട് വിളിച്ചു പറഞ്ഞത്.

ദൈവത്തിന്റെ സിംഹാസനത്തിൽനിന്നുള്ള നീതിയുടെ ചാട്ടവാർ ആകുന്നു ചർച്ച് പ്രോപ്പർട്ടി ആക്ട്. ചാട്ടവാർ ചുഴറ്റി വീശിക്കൊണ്ട് ദൈവത്തിന്റെ ദൂതൻ പുറപ്പെട്ടുകഴിഞ്ഞു. ഈ അടിയിലൂടെ ദൈവനീതി നിറവേറ്റപ്പെടുക തന്നെ ചെയ്യും. മത്സരക്കാരേ, ഇനിയും മൽസരിക്കുക, ലോകമോഹങ്ങളിൽ ചേർന്നുനിൽക്കുക. നിങ്ങളെ വിളിച്ചവന്റെ ദണ്ഡനം ഏൽക്കുമ്പോളെങ്കിലും,  നിങ്ങളുടെ  ഹൃദയം പരിച്ഛേദനം ഏൽക്കുവാൻ തക്കവിധത്തിൽ നിങ്ങൾ അനുതപിക്കുവിൻ!

എന്തെന്നാൽ കർത്താവ് പറയുന്നു: ''സ്വന്ത നഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലുമല്ലാതെ അപമാനിതനായ പ്രവാചകൻ ഇല്ല'' (മർക്കോ. 6:4).

'കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!'

വിശ്വാസികളുടെ ശ്രദ്ധയ്ക്ക്

'പുതിയ ആക്ട്', 'മലങ്കര ആക്ട്', 'വർഷിപ് ആക്ട്' തുടങ്ങി വിവിധ രീതിയിൽ നിങ്ങളെ തെറ്റിക്കാൻ പലരും ശ്രമിക്കും. ആ പദപ്രയോഗങ്ങളിൽ വീണുപോകരുത്. ഒരേ യൊരു ലക്ഷ്യം, 'ചർച്ച് പ്രോപ്പർട്ടി ബില്ല് 2009' നിയമം ആക്കുന്നതിനുവേണ്ടി ക്യാബിനറ്റ് പരിഗണിക്കണം എന്നതാണ്.

മുകളിൽ പറഞ്ഞവ എന്തുകൊണ്ട് പറ്റില്ല എന്നത് വ്യക്തമാക്കാം. വിവിധ കാരണങ്ങൾ കൊണ്ട് സാധ്യമല്ല:

1. 1991-ലെ കേന്ദ്രസർക്കാരിന്റെ 'പ്ലേസ് ഓഫ് വർഷിപ്  ആക്ട്' നിലനിൽക്കുന്നു. അതുപ്രകാരം, 1934-ന്റെ സാധുതയ്ക്കു കോട്ടം വരില്ല എന്ന് 1995-ലെ ജഡ്ജ്‌മെന്റിൽ ഉണ്ട്. കൂടാതെ, സെൻട്രൽ ആക്ടിന് വൈരുധ്യമുള്ള ഒരു നിയമം സംസ്ഥാനസർക്കാരിന് കൊണ്ടുവരാൻ പറ്റില്ല.

2. മലങ്കര ആക്ട്‌സംബന്ധിച്ച്, ഇത് ആരു പറഞ്ഞു, എപ്പോൾ പറഞ്ഞു, ഏത് രേഖയിൽ ഉണ്ട്, എവിടാണ് ഡ്രാഫ്റ്റ്, ആരാണ് തയ്യാറാക്കിയത് തുടങ്ങി ഒറ്റ ചോദ്യത്തിനുപോലും ഉത്തരമില്ല.

3. സെമിത്തേരി ആക്ട് ഒരു മനുഷ്യാവകാശ സംബന്ധമായ നിയമം ആയിരുന്നതിനാൽ ഒരു ബില്ല് നിയമം ആക്കുന്നതിന്റെ പ്രൊസീജിയറുകൾ വളരെ എളുപ്പമാ യിരുന്നു. എന്നാൽ പള്ളികളുടെ സ്വത്ത് സംബന്ധിച്ച് ഒരു നിയമം നിർമ്മിക്കുവാൻ നിയമപരമായ ധാരാളം പ്രൊസീജിയറുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ആദ്യമായി ഒരു ഡ്രാഫ്റ്റ് ബില്ല് നിർമ്മിക്കുവാൻ ഒരു സമിതിയെ ഏൽപ്പിക്കണം; പിന്നെ ഡ്രാഫ്റ്റ് ഉണ്ടാക്കി ക്യാബിനറ്റ് സബ് കമ്മിറ്റിക്കു സമർപ്പിക്കണം; പിന്നെ, ഡിപ്പാർട്‌മെന്റ്തല നടപടികൾ പൂർത്തിയാക്കണം; അവയ്ക്കുശേഷം ക്യാബിനറ്റ് പരിഗണനയിൽ എടുക്കണം; തുടർന്ന്, കേരളനിയമ സഭയുടെ 'കണ്ടക്ട് ഓഫ് ബിസിനസ് അധ്യയം 14 ലെജിസ്ലേഷൻ' എന്നുള്ള ഹെഡിങ്ങിൽ പറയുന്നതുമുഴുവൻ പൂർത്തിയാക്കി ഗവർണർ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണ് നിയമം ആകുന്നത്.

ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കുവാൻ വളരെയേറെ മാസങ്ങൾ എടുക്കും. ആയതിനാൽ നമുക്ക് ഇത്തരം ഒരു മൂവ്‌മെന്റ് പ്രയോജനം ചെയ്യില്ല.

2021 മെയ് മാസം പുതിയ സർക്കാർ വരേണ്ടതുള്ളതു മൂലം തിരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള 160 ദിവസംമാത്രമാണ് നമ്മുടെ മുന്നിൽ ശേഷിക്കുന്നത്. ഇതിൽ ആദ്യപടികളെല്ലാം കഴിഞ്ഞുകിടക്കുന്ന ഒന്നാണ് 'ചർച്ച് പ്രോപ്പർട്ടി ബില്ല് 2009' എന്നുനമുക്കറിയാമല്ലോ. അതുകാണ്ടാണ് അതുതന്നെ പാസാക്കണമെന്ന് നാം നിർബന്ധം പിടിക്കേണ്ടത്. അല്ലെങ്കിൽത്തന്നെ, അത് കേരളത്തിലെ ക്രൈസ്തവരെയെല്ലാം സംബന്ധിച്ച് കുറ്റതാണുതാനും. അതുകൊണ്ട് വഴിതെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളെയും മറികടക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണം.

No comments:

Post a Comment