Translate

Tuesday, September 15, 2020

സഭയുടെ അധികാരച്ചരടുകൾ

ഷൈജു ജോസ് താക്കോൽക്കാരൻ (അഡ്മിൻ JSL) ഫോൺ-9372220215

ഇപ്പോളെനിക്ക് ഭീഷണികളും അസഭ്യവർഷങ്ങളും തീരെയില്ല എന്നുതന്നെ പറയാം. ഒരു സമയത്ത് നിരന്തരം ഫോൺ വിളിച്ച് കൊല്ലുമെന്നും കാലുവെട്ടുമെന്നും ഒക്കെപ്പറയുമായിരുന്നു. തന്നെയുമല്ല, ഒരു പാട് നുണപ്രചരണങ്ങളും നടത്തുമായിരുന്നു. ഇപ്പോൾ അതെല്ലാം നിശ്ശേഷം നിലച്ചിരിക്കുന്നു! അകാരണമായി വികാരിയും പുരോഹിതഭക്തരും ഒറ്റപ്പെടുത്താൻ നോക്കിയപ്പോൾ, ഓടാതെ തിരിഞ്ഞുനിന്നു എന്നതായിരുന്നു ഭീഷണിക്കു കാരണം.

ഈ അസഭ്യവർഷം നടത്തുന്നവർ ആരുംതന്നെ മറ്റു മതസ്ഥരല്ല; എല്ലാം ക്രിസ്ത്യാനികൾതന്നെയാണ്! എന്തുകൊണ്ട് ക്രിസ്ത്യാനികൾ ഇങ്ങനെയായി എന്നത് വളരെ ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്. ഇത്രത്തോളം നിയന്ത്രണശേഷിയുള്ള, സുസംഘടിതമായ മറ്റൊരു മതമില്ല. വത്തിക്കാനിലിരിക്കുന്ന മാർപ്പാപ്പയ്ക്ക് കേരളത്തിലെ നാട്ടിൻപുറത്തിരിക്കുന്ന ഒരു സാധാരണ വിശ്വാസിയെ കൈയെത്തിപ്പിടിക്കാൻ കഴിയുന്നത്ര ആസൂത്രിതമായ സംഘടനാരീതികളാണ് സഭയ്ക്കുള്ളത്. അതിരൂപത, രൂപത, ഇടവക, പ്രാർത്ഥനായൂണിറ്റുകൾ എന്നുവേണ്ട, ഓരോ വിശ്വാസിയുടെയും ഓരോ നീക്കവും കൃത്യമായി അറിയുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്, ആധികാരിക സഭ. അതിൽ കുടുംബ ഡയറി, കുമ്പസാരക്കണക്ക്, വരിസംഖ്യക്കണക്ക് എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും വിവരങ്ങളും ഉൾപ്പെടുന്നു.

സത്യം പറയാം, ഇത്രകാലം ഇതെല്ലാം ഒരുതരം അഭിമാനമായി, അല്ലെങ്കിൽ വളരെ നിസ്സാരമായിക്കണ്ട് നമ്മളെല്ലാവരും ഈ സംവിധാനത്തോട് സഹകരിക്കുകയായിരുന്നു.

എന്നാൽ ഇതൊന്നും ഒട്ടും നിസ്സാരമോ അഭിമാനകരമോ ആയ കാര്യങ്ങളല്ല. ഇതെല്ലാം മത-പുരോഹിതനിയന്ത്രണങ്ങളുടെ ചരടുകളാണ്. ഓരോ ചരടും ഓരോ ചങ്ങലയായി വളർന്നിരിക്കുന്നു. ദൈവത്തിന്റെപേരിൽ പലരും നമ്മളെ അടക്കിഭരിക്കുന്നു, നമ്മളെ അതിരുവിട്ട് നിയന്ത്രിക്കുന്നു. ഈ അധികാരസ്വരം കുറച്ചുനാൾ മുമ്പുവരെ മിക്കപുരോഹിതരുടേയും പ്രസംഗങ്ങളിൽ കേൾക്കാമായിരുന്നു. ഇപ്പോൾ ആ അധികാരസ്വരം പുറപ്പെടുവിക്കുന്നതിനുള്ള അവസരം യാദൃശ്ചികമായി അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാത്രം. അവർ വീണ്ടും വരും, പൂർവ്വാധികം ശക്തിയോടെ. ഇന്ന് ക്രൈസ്തവസമൂഹത്തിലെ എല്ലാ മേഖലകളിലും പുരോഹിതാധിപത്യമാണുള്ളത്. സകല കാര്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നത് പൗരോഹിത്യമാണ്. മുഴുവൻ അധികാരവും അതിന്റെ അടയാളമായ സമ്പത്തും പൗരോഹിത്യത്തിന്റെ കൈവശമാണ്. ഭൂമിയിൽ സമ്പാദ്യം കൂട്ടിവയ്ക്കരുതെന്ന് വിശ്വാസികളെ കാലാകാലങ്ങളായി ഉപദേശിച്ച പുരോഹിതവർഗ്ഗം ഇന്ന് ജന്മികളായി മാറിയിരിക്കുന്നു. അവരുടെ ഒരിറ്റ് ദയവിനുവേണ്ടി ജനങ്ങൾക്ക് അവരുടെമുമ്പിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട് വന്നിരിക്കുന്നു.

വിദ്യാഭ്യാസരംഗത്താണ് ഈ ആധിപത്യം ഏറ്റവും കൂടുതലുള്ളത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ 75%-വും ക്രൈസ്തവസഭകളുടെ കീഴിലാണ്. ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷാവകാശപ്രകാരമാണ് ഇതെല്ലാം അവർ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധാരണ വിശ്വാസി അഭിമാനിക്കുന്നുണ്ടെങ്കിൽ, അത് അവന്റെ അറിവില്ലായ്മ എന്നുമാത്രമേ പറയാൻ സാധിക്കൂ. ആലോചിച്ചുനോക്കൂ, ഭരണഘടനയിലെ ഈ ആനുകൂല്യം ക്രൈസ്തവസമുദായത്തിലെ ഒരു സാധാരണക്കാരനും അനുഭവിക്കാൻ സാധിക്കുന്നില്ല എന്നതല്ലേ സത്യം? സഭാനിയമപ്രകാരമാണ് (കാനോൻ നിയമം) ഇവയെല്ലാം ഭരിക്കപ്പെടുന്നത് എന്നതാണ്, അതിനു കാരണം. ഇത് എത്രയോ വലിയ അനീതിയാണ്!

വാസ്തവത്തിൽ, ജനാധിപത്യ ഇന്ത്യയിലെ നിയമപ്രകാരമാണ് ഇവ ഭരിക്കപ്പെടേണ്ടത്. ഈ നീതിനിഷേധത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല; മറിച്ച്, ഇന്ത്യയിലെ ഓരോ പൗരനുമാണ്. ഇത് അത്യന്തം ഗൗരവതരമായ ഒരു വിഷയമായതുകൊണ്ടാണ്, ഇവിടെ ഒരു പള്ളി നിയമം (ഇവൗൃരവ അര)േ കൊണ്ടുവരണമെന്ന് നമ്മൾ പറയുന്നത്. പൗരോഹിത്യാധികാരം അതിനെ നഖശിഖാന്തം എതിർക്കുന്നത്, കാനോൻ നിയമം അവർക്കു നൽകുന്ന അധികാരസുഖം അതവർക്കു നഷ്ടപ്പെടുത്തും എന്നുള്ളതുകൊണ്ടാണ്. 'ചർച്ച് ആക്ട് വേണ്ട' എന്ന് വിശ്വാസികളിൽനിന്നും ഒപ്പു ശേഖരണം നടത്തിയവർ, ചർച്ച് ആക്ടിനെതിരെ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചവർ എന്തുകൊണ്ട് ചർച്ച് ആക്ടിന്റെ വിശദാംശങ്ങൾ ദേവാലയങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നില്ല? കേരളത്തിലെ പ്രബുദ്ധരായ വിശ്വാസികൾ, ഈ നിയമം എന്താണെന്നും, അതിന്റെ ആവശ്യകത എന്താണെന്നും സ്വയം മനസ്സിലാക്കട്ടെ. പുരോഹിതർ പറയുന്നത് മുഴുവൻ അതേപടി അനുസരിക്കുന്ന വെറും വിഡ്ഢിവിശ്വാസികളായി നമ്മൾ ഇനിയും മാറരുത്!

ഇന്ത്യൻ ഭരണകൂടം, ഓരോ സാധാരണക്കാരനും അവകാശമായി നൽകിയ ആനുകൂല്യങ്ങളാണ് ക്രൈസ്തവസമൂഹത്തിലെ അണുമാത്ര ന്യൂനപക്ഷമായ പുരോഹിതവിഭാഗം കൈവശം വച്ച് അനുഭവിക്കുന്നത്. ഇവരുടെ ആധിപത്യം ഇന്ന് അതിവിപുലമായിരിക്കുന്നു. ഭരിക്കുന്ന ഗവൺമെന്റുകളെപ്പോലും നിയന്തിക്കാൻ തക്ക സ്ഥിതിയിലേക്ക് അത് വളർന്നിരിക്കുന്നു. ഇതു മനസ്സിലാക്കാൻ ഒറ്റക്കാര്യംമാത്രം നോക്കിയാൽമതി - ഇവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സാധാരണക്കാരന്റെ നികുതിപ്പണത്തിൽനിന്ന് ഗവൺമെന്റ് ശമ്പളം കൊടുക്കണം. എന്നാലോ, ജീവനക്കാരെ ഇവർ നേരിട്ട് നിയമിക്കും, അതിൽ ഗവൺമെന്റിന് ഇടപെടാൻ പാടില്ല! ഇതെന്ത് നീതി? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ നടക്കുന്നത് എന്തുകൊണ്ടാണ്? ഇതിന് ഒരു മാറ്റം വരുത്താൻ 1957 മുതൽ പലരും ശ്രമിച്ചിട്ടുണ്ട്. അവരെല്ലാം ഈ 'ദൈവികാധികാരി'കളുടെ കരുത്തിന്റെ ഫലം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്!

എന്നാൽ, ഇന്ന് കാലം മാറിയിരിക്കുന്നു. ഇവിടെ തുല്യനീതിക്കുവേണ്ടിയുള്ള മുറവിളി ഉയരുകയാണ്. ജനങ്ങൾ ഇത്തരം വിഷയങ്ങളിൽ ബോധവാന്മാർ ആയിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.  ഇനിയും ഈ അനീതി ഇവിടെ നടമാടാൻ നാം അനുവദിച്ചുകൂടാ...!

 

No comments:

Post a Comment