Translate

Monday, September 7, 2020

കേരളസഭയിൽ നടക്കുന്ന ആധുനിക കുരുക്ഷേത്രയുദ്ധം!

ജോർജ് മൂലേച്ചാലിൽ

(സത്യജ്വാല 2020 ആഗസ്ററ് ലക്കം എഡിറ്റോറിയൽ)

കേരളക്രൈസ്തവസമൂഹം പൊതുസമൂഹത്തിനുമുന്നിൽ, തങ്ങളുടെ ആദ്ധ്യാത്മിക നേതൃത്വത്തെപ്രതി ഇത്രയേറെ ലജ്ജിതരായി തലതാഴ്ത്തിനിന്ന ഒരു കാലം ഇന്നത്തെപ്പോലെ മുമ്പുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അതേസമയം, തങ്ങളുടെ അധർമ്മചാരിത്വത്തിൽ ഇത്രമേൽ ലജ്ജയില്ലാതെ ധാർഷ്ട്യത്തോടെ നിലകൊണ്ട ഒരു സഭാനേതൃത്വവും ഇതിനുമുമ്പുണ്ടായിട്ടുള്ളതായി കാണുന്നില്ല. ശ്രദ്ധിക്കേണ്ട വേറൊന്ന്, സമുദായത്തിന്റെ ഉപ്പായി വർത്തിക്കേണ്ട ഈ ആദ്ധ്യാത്മികനേതൃത്വം തങ്ങളുടെ ഉവർപ്പ് സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നും അവരെയിനി 'പുറത്തേക്കു വലിച്ചെറിയാനും ചവിട്ടിത്തേക്കാനുമല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ല' (മത്താ. 5:13) എന്നുമുള്ള തിരിച്ചറിവ് ഈ സമൂഹത്തിൽ ഇത്രമേൽ വളർന്ന ഒരു സമയവും മുമ്പുണ്ടായിട്ടില്ല എന്നതാണ്. അങ്ങനെ നാണക്കേടിന്റെയും ധാർഷ്ട്യത്തിന്റെയും, അവയെ മറികടന്ന് ഈ സമുദായത്തിന്റെ ശിരസ്സുയർത്താനുള്ള ഊർജ്ജസ്വലതയുടെയും മുഖങ്ങളാണിന്ന്, സഭയിലെ ഓരോ ആനുകാലിക സംഭവവികാസങ്ങളിലും നമുക്കു കാണാൻ കഴിയുന്നത്.

ഇതെല്ലാം തെളിഞ്ഞുകാണാൻ തുടങ്ങിയത്, സഭാതലവനുൾപ്പെട്ട എറണാകുളത്തെ ഭൂമികുംഭകോണത്തോടെയായിരുന്നു. കേരളസഭാചരിത്രത്തിലെ ആധുനിക വഴിത്തിരിവായി ഈ സംഭവത്തെ കാണാം. മേജർ ആർച്ചു ബിഷപ്പിന് അബദ്ധം പിണഞ്ഞതാവാം എന്ന പൊതുധാരണയിൽ അദ്ദേഹത്തിനനുകൂലമായ ഒരു സഹതാപതരംഗം ഉയർന്നുനിൽക്കെത്തന്നെ, സഭാസ്വത്തെല്ലാം തന്റേതാണെന്നും അവ വിൽക്കാനുള്ള അധികാരം തനിക്കുണ്ടെന്നും അതിനെ ചോദ്യംചെയ്യാൻ ആർക്കും അവകാശമില്ലെന്നും കാനോൻ നിയമമുയർത്തി കോടതിയിൽ വാദിച്ച് ധാർഷ്ട്യത്തിന്റെ മകുടോദാഹരണമായി സ്വയം പ്രദർശിപ്പിക്കുകയാണ്, കർദ്ദിനാൾ ആലഞ്ചേരി ചെയ്തത്! അതോടെ പൊതുസമൂഹത്തിന്റെ സഹതാപം ക്രൈസ്തവസമൂഹത്തോടായി. നാണിച്ചു തലതാഴ്ത്തിനിന്ന ക്രൈസ്തവസമൂഹത്തിന്റെ തല പിടിച്ചുയർത്തിയത്, എറണാകുളം-അങ്കമാലി അതിരൂപതയിൽ രൂപംകൊണ്ട 'സുതാര്യതാ സമിതി'(AMT)യും 'അത്മായ മുന്നേറ്റ'വുമാണ്. അവരും വൈദികസമൂഹവും ചേർന്നുനടത്തിയ ചെറുത്തുനിൽപ്പിനൊടുവിൽ, അതിരൂപതയുടെമേലുള്ള അധികാരത്തിൽനിന്ന് ആലഞ്ചേരിക്ക് പുറത്തുപോകേണ്ടിവന്നു. ഇത് സഭാസമൂഹത്തിന്റെ ആത്മബലമുയർത്തിയ വലിയൊരു വിജയമായിരുന്നു.

ഭൂമികുംഭകോണത്തിന്റെ പശ്ചാത്തിലാണ്, ചർച്ച് ആക്ട് നിയമമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വ്യാപകമായതും, അതിനുവേണ്ടി 'All Kerala Church  Act ActionCouncil' (AKCAAC)-ലും തുടർന്ന് അധികം വൈകാതെ യാക്കോബായ സഭയിൽ, 'Malankara Action Council for Church Act Bill Implimentation' (MACCABI)-യും രൂപംകൊണ്ടത്. ക്രൈസ്തവസഭാഗാത്രത്തിൽ അഖിലകേരളാടിസ്ഥാനത്തിൽ ഒരു ഉണർവുണ്ടാകാൻ ഇവ രണ്ടിന്റെയും പ്രവർത്തനങ്ങൾ ഇടയാക്കി. ഫ്രാങ്കോ വിഷയത്തിൽ സജീവമായി ഇടപെടാനും വഞ്ചീസ്‌ക്വയറിൽ കന്യാസ്ത്രീസമരത്തിന് അരങ്ങൊരുക്കാനും അതൊരു മഹാവിജയമാക്കാനും ഈ ഉണർവ് സഹായകമായി.

വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരത്തിന്റെ ഐതിഹാസിക വിജയത്തിൽനിന്നു പാഠമുൾക്കൊണ്ട്, സീറോ-മലബാർ മെത്രാന്മാർ ബിഷപ്പ് ഫ്രാങ്കോയെ തള്ളിപ്പറയുമെന്നും, ബലാൽക്കാരത്തിനിരയായ കന്യാസ്ത്രീക്കൊപ്പം നിൽക്കാൻ തയ്യാറാകുമെന്നുമായിരുന്നു, കേരള ക്രൈസ്തവസമൂഹവും പൊതുസമൂഹവും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കോപവും അസഹിഷ്ണുതയുംകൊണ്ട് കണ്ണുകാണാതായിപ്പോയ അവർ, കന്യാസ്ത്രീ സമരത്തിന് നേതൃത്വം കൊടുത്ത 'SOS ആക്ഷൻ കൗൺസി'ലിലുള്ളവർ സഭാവിരുദ്ധരും നിരീശ്വരരും മാവോയിസ്റ്റുകളുമാണെന്ന് അടച്ചാക്ഷേപിച്ചും ശിക്ഷണനടപടികൾ സ്വീകിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയും, തങ്ങളെല്ലാം ഫ്രാങ്കോ പക്ഷക്കാരാണെന്ന് ജനത്തിനുമുന്നിൽ സ്വയം തുറന്നുകാട്ടുക(exposs)യാണ് ചെയ്തത്! 'SOS ആക്ഷൻ കൗൺസിൽ' കൺവീനറായിരുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ ശിക്ഷണത്തിന്റെ വാളുയർത്തിക്കാട്ടി ഒതുക്കുകയും, സമരത്തെ പിന്തുണയ്ക്കാൻ വയനാട്ടിൽനിന്നും വഞ്ചീസ്‌ക്വയറിലെത്തിയിരുന്ന സിസ്റ്റർ ലൂസി കളപ്പുരയെ ഒതുക്കാനുള്ള കുത്സിത നീക്കങ്ങൾക്കു തുടക്കംകുറിക്കുകയും ചെയ്ത്, തങ്ങളുടെ ഫ്രാങ്കോയിസ്റ്റ് മുഖമുദ്ര ജനമനസ്സുകളിൽ ഉറപ്പിക്കുകയും ചെയ്തു, അവർ! അങ്ങനെ, മെത്രാന്മാർ അനീതിയുടെയും അധർമ്മത്തിന്റെയും പക്ഷംചേർന്നിരിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാക്കിക്കൊടുത്തത് വാസ്തവത്തിൽ അവർതന്നെയാണ്.

ഇക്കാരണത്താലാവാം, തനിക്കെതിരെയുള്ള ശിക്ഷണനടപടികളെ ധീരോദാത്തമായി ചെറുത്തുനിന്ന സിസ്റ്റർ ലൂസി കളപ്പുര ജനങ്ങളെ വല്ലാതെ ആകർഷിച്ചത്. സ്വന്തം സന്ന്യാസസഭാധികൃതർമുതൽ വത്തിക്കാനിലുള്ള പൗരസ്ത്യസംഘത്തിലെ അത്യുന്നതർ വരെയുള്ള, കത്തോലിക്കാസഭയുടെ അതിഭീകരമായ സംഘടിതശക്തിക്കു മുമ്പിൽപ്പോലും അടിപതറാതെ, ചങ്കൂറ്റത്തോടെ നീതിയുടെ മുഖമായി നിലകൊണ്ട അവർ, നീതിയുടെ പക്ഷത്തുള്ള ജനലക്ഷങ്ങളെ ആകർഷിച്ചതിൽ അത്ഭുതമില്ല. അധർമ്മം കൊടികുത്തി വാഴുമ്പോൾ അവിടെ ധർമ്മത്തിന്റെ മുഖംപേറി ആരെങ്കിലും അവതരിക്കുമെന്നത് പ്രകൃതിയുടെ ഇച്ഛയായിരിക്കണം. ഏതായാലും, കേരളസഭയുടെ നവീകരണചരിത്രത്തിൽ പ്രകാശമാനമായ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കാൻ സിസ്റ്റർ ലൂസിക്കെതിരെയുള്ള സഭാനടപടികൾ നിമിത്തമാവുകയായിരുന്നു. പ്രവാസികളുൾപ്പെടെ ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന, വിദ്യാഭ്യാസവും ലോകവിവരവും നവസമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യവും നീതിബോധവുമുള്ള ആയിരക്കണക്കായ മലയാളി ചെറുപ്പക്കാർ, ജാതിമതഭേദമെന്യേ സിസ്റ്റർ ലൂസിയ്ക്കും അസ്വതന്ത്രരായ കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും നീതി, പിന്നെ 'ചർച്ച് ആക്ട്' എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കാനുറച്ച്, 'ജസ്റ്റീസ് ഫോർ സിസ്റ്റർ ലൂസി' (JSL) എന്ന ബാനറിനുമുന്നിൽ ഒരുമിച്ചുവന്നു. സിസ്റ്റർ ലൂസിയെ വച്ചു നിർമ്മിച്ച അവരുടെ വീഡിയോകളെല്ലാം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ട് കൈയടിച്ചത്!

അതുപോലെ, നാട്ടിലുള്ള മുതിർന്ന പ്രവർത്തകരുമായി ചേർന്ന് JSL എറണാകുളത്തു നടത്തിയ വമ്പൻ പരിപാടികളും അവയുടെ ലൈവ് സംപ്രേഷണങ്ങളും ലോകമെമ്പാടും ജനശ്രദ്ധ നേടുകയുണ്ടായി. സെക്രട്ടേറിയേറ്റ് ഗേറ്റിനു മുമ്പിൽ 2019 നവം. 27-ന് നടന്ന 'ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലി'ന്റെയും 'മക്കാബി'യുടെയും സംയുക്താഭിമുഖ്യത്തിൽ രണ്ടു ലക്ഷത്തോളം ആൾക്കാരെ അണിചേർത്തു നടത്തിയ 'ചർച്ച് ആക്ട് ക്രൂസേഡ്' എന്ന കൂറ്റൻ പരിപാടിയെ തങ്ങളുടെ അധീനതയിലുള്ള സമൂഹമാധ്യമങ്ങൾവഴി മികച്ച രീതിയിൽ പ്രൊമോട്ടു ചെയ്തിരുന്നു, 'JSL' കൂട്ടായ്മ. സിസ്റ്റർ ലൂസി കളപ്പുര 'ചർച്ച് ആക്ട് ക്രൂസേഡ്' പരിപാടിയുടെ ഉദ്ഘാടകയായി രംഗപ്രവേശനം ചെയ്തതോടെ, JSL സഭാനവീകരണരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി.

പ്രതീക്ഷിച്ചതുപോലെ, ചർച്ച് ആക്ട് ക്രൂസേഡിനെത്തുടർന്ന് ചർച്ച് ആക്ട് പാസ്സായിക്കിട്ടിയില്ല എന്നുവരുകിലും, ആ പരിപാടിയുടെ പ്രഭാവം ഒരിക്കലും മങ്ങുകയില്ല എന്നുറപ്പാണ്. സഭയിൽ ഇനിയങ്ങോട്ടു നടക്കാൻ പോകുന്ന എല്ലാ സ്വാതന്ത്ര്യസമരങ്ങൾക്കും അതൊരു ശക്തിദുർഗ്ഗമായി നിലകൊള്ളുകതന്നെ ചെയ്യും. അതിന്റെ മുഖ്യസാരഥിയായിരുന്ന ബാർ യൂഹനോൻ റമ്പാച്ചൻ ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 19-നു പിറമാടം ദയാറയിലാരംഭിച്ച് ഇപ്പോൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ തുടരുന്ന അനിശ്ചിതകാല നിരാഹാസസമരത്തിന്റെ പിന്നിലെ ഊർജ്ജസ്രോതസ്സും മറ്റൊന്നല്ല.

പിന്നിലേക്ക് നോക്കിയാൽ, 2018 സെപ്തം. 8-നാരംഭിച്ച വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരത്തോടെ, കേരളസഭ വ്യക്തമായും കൗരവപക്ഷവും പാണ്ഡവപക്ഷവുമായി വേർതിരിഞ്ഞു തുടങ്ങിയതായി കാണാം. നൂറ്റവർക്കു പകരം, നൂറിലേറെ 'മെത്രാൻകൗരവ'രും അവരുടെ ആയിരക്കണക്കായ പുരോഹിതപ്പടയും ലക്ഷക്കണക്കിന് പുരോഹിതഭക്തരുടെ അക്ഷൗഹിണികളും, അതിരില്ലാത്ത അധികാരശക്തിയും പണശക്തിയുമായി ആധികാരിക കൗരവ സൈന്യനിര ഒരു വശത്തും, യേശുവിന്റെ മൂല്യബോധം തേർ തെളിയിക്കുന്ന കുറേയേറെ സാധാരണക്കാരുടെ പാണ്ഡവപ്പട മറുവശത്തുമായി കേരളത്തിൽ ഒരു ധർമ്മാധർമ്മ മഹായുദ്ധം അന്നാണാരംഭിച്ചത്. 'ജസ്റ്റീസ് ഫോർ ലൂസി'  എന്ന ന്യൂജൻ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ, ഈ ധർമ്മയുദ്ധം അത്യാധുനികവും ചടുലവുമായി. അതിന്റെ ചുവടുപിടിച്ച് ഇപ്പോഴിതാ, പുതിയ പുതിയ ഓൺലൈൻ സംരംഭങ്ങളുമായി നിരവധി യുവാക്കൾ സഭാവിമർശന-നവീകരണരംഗത്തേക്കു കടന്നു വന്നുകൊണ്ടിരിക്കുന്നു! (കാണുക, പേജ് - 53,54). ഇതുവരെ മധ്യവയസ്‌കരും വൃദ്ധരും മാത്രമുണ്ടായിരുന്ന ഈ മേഖലയിൽ യുവരക്തം ഒഴുകിത്തുടങ്ങിയിരിക്കുന്നു എന്നതാണ് ഇന്നിന്റെ പ്രത്യേകത. അവരിനിയും കൂടുതലായി കടന്നുവരും. സഭാവ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ സഭകളിൽനിന്നും യുവതലമുറ ഈ കുരുക്ഷേത്രയുദ്ധഭൂമിയിലേക്കു കടന്നുവരുകതന്നെ ചെയ്യും. കാരണം, കത്തോലിക്കാസഭയിൽ മാത്രമല്ല, എല്ലാ സഭകളിലുമിന്ന് നടന്നുവരുന്നത് കൗരവഭരണമാണ്.

 കേരളത്തിലെ എല്ലാ എപ്പിസ്‌കോപ്പൽ സഭകളിലുംതന്നെ ഇന്ന് ദുര്യോധനഭരണമാണ് നടന്നുപോരുന്നത്. 14 കേസുകളിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന കർദ്ദിനാൾ ആലഞ്ചേരിയാണ് സീറോ-മലബാർസഭയിൽ ദുര്യോധനസ്ഥാനത്തെങ്കിൽ, കോടികളുടെ കോഴക്കേസിൽ പ്രതിസ്ഥാനത്തുള്ള ധർമ്മരാജ് റസാലമാണ്, ബിഷപ്പും മോഡറേറ്ററുമായി, സി.എസ്.ഐ സഭ ഭരിക്കുന്നത്! വയസ്സ് 90 കഴിഞ്ഞിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാത്ത, സഭാകൗൺസിലുമായി ആലോചിക്കുകപോലും ചെയ്യാതെ കോടികൾ വിലയുള്ള കാറുകൾ വാങ്ങുകയും സ്വന്തമായി സ്ഥാവര-ജംഗമവസ്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയാണ് മാർത്തോമസഭ അടക്കിഭരിക്കുന്നത്!  ബിലിവേഴ്‌സ് ചർച്ചിന്റെ അധിപൻ, ശതകോടികളുടെ വിദേശഫണ്ട് വകമാറ്റി തിരിമറി നടത്തിയതിന്റെപേരിൽ കുറ്റാരോപിതനാകുകയും, വൻതുക പിഴയടച്ച് കഷ്ടിച്ച് മുഖം രക്ഷിക്കുകയും ചെയ്ത, 'മോറോൻ മോർ അത്തനേഷ്യസ് യോഹാൻ' എന്ന് അടുത്ത കാലത്ത് പേരുമാറ്റി  പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്ന ബിഷപ്പ് കെ.പി. യോഹന്നാനാണ്! തങ്ങളുടെ ഏറ്റവുമടുത്ത സഹോദരസഭയായ യാക്കാബാസഭയുടെ പള്ളികൾ പിടിച്ചെടുത്ത് സ്വന്തമാക്കുന്നതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും സഹ'ആലിബാവാ'മാരുമാണ് ഓർത്തഡോക്‌സ് സഭ ഭരിക്കുന്നത്! തങ്ങളുടെ പള്ളികളെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും, 1934-ലെ വിവാദ പള്ളിഭരണഘടനയെ അടിസ്ഥാനമാക്കി തങ്ങൾക്കെതിരെയുണ്ടായ സുപ്രീംകോടതി വിധിയെ മറികടക്കുന്നതിന് രാജ്യത്തിന്റേതായ ഒരു നിയമനിർമ്മാണം ആവശ്യപ്പെട്ട് രംഗത്തിറങ്ങാൻ മടിച്ചുനിൽക്കുന്ന, 'ചർച്ച് ആക്ടിനെ' കുരിശുകണ്ട പിശാചിനെപ്പോലെ ഭയക്കുന്ന ഒരുകൂട്ടം മെത്രാന്മാരാണ് യാക്കോബായ സഭയെ നയിക്കുന്നത്! (ഇതുപറയുമ്പോൾ 'ചർച്ച് ആക്ട് 2009'-നെ അനുകൂലിക്കുന്ന നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായെയും ഈ അടുത്തദിവസങ്ങളിൽ 'ചർച്ച് ആക്ടിന്' അനുകൂലമായി നിലപാടെടുത്ത കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസിനെയും മറക്കുന്നില്ല.) ഫലത്തിൽ, അവരും നീതിക്കു കാലുകുത്താൻ പോലും ഇടംനൽകില്ലെന്നു ശഠിക്കുന്ന കൗരവപക്ഷത്തുതന്നെ!

എന്നാൽ ഈ സഭകളിലെല്ലാംതന്നെ, സത്യം, ധർമ്മം, നീതി, സ്‌നേഹം, ധീരോദാത്തത എന്നീ അഞ്ചു കുതിരകളെ കെട്ടിയ യേശുവിന്റെ തേരൊരുങ്ങുകയാണ്! ഒരു ധർമ്മയുദ്ധത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. രാജ്യം നഷ്ടപ്പെട്ട പാണ്ഡവരുടെ സ്ഥാനത്തുള്ള ക്രൈസ്തവസമൂഹം അജ്ഞതയുടെ അജ്ഞാതവാസം അവസാനിപ്പിച്ച് ഉണർന്നു തുടങ്ങിയിരിക്കുന്നു. വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിമാർ മുടിയഴിച്ചിട്ട്, 'ക്രൈസ്തവ' ദുശ്ശാസനന്മാർക്കെതിരെ ഉഗ്രശപഥങ്ങളുയർത്തുന്നു! അരക്കില്ലങ്ങളുടെ ദുരനുഭവങ്ങളുംപേറി, സഭയിലെ അർജുനന്മാരും ധർമ്മപുത്രന്മാരും ഭീമന്മാരും നകുല-സഹദേവന്മാരും ധാർമ്മിക ശക്തിയാർജിച്ച്  സത്യ-ധർമ്മങ്ങളുടെ ചുരിക-പരിചകളുമായി കുരുക്ഷേത്ര യുദ്ധഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്നു. കെ.സി.ബി.സി.യും സി.ബി.സി.ഐ.യും മറ്റെല്ലാ മെത്രാൻസംഘങ്ങളും ധൃതരാഷ്ട്രരുടെ അന്ധത എടുത്തണിയുകയും ചെയ്യുന്നു!

കേരളസഭയിലെ ആനുകാലിക സംഭവവികാസങ്ങളിലേക്ക് കണ്ണുതുറക്കുന്നവർക്ക്, ഇപ്രകാരം മഹാഭാരതയുദ്ധത്തിന് സമാനമായ ഒരന്തരീക്ഷം അവിടെ പൊതിഞ്ഞു നിൽക്കുന്നതായി കാണാം. വിശ്വാസികളുടെ പൊതുസ്വത്തായ സഭാസ്വത്തുക്കൾ, ഇല്ലാത്ത അധികാരമുപയോഗിച്ച് ഏകപക്ഷീയമായി പിടിച്ചെടുത്ത് സഭാസമൂഹത്തെ അവകാശമില്ലാത്തവരാകുന്നത് കൗരവസ്വഭാവമല്ലെങ്കിൽപ്പിന്നെ മറ്റെന്താണ്? നാബോതിന്റെ മുന്തിരിത്തോട്ടം, നാബോതിനെ ജനങ്ങളെക്കൊണ്ട് കല്ലെറിയിച്ച് കൊന്നിട്ടാണെങ്കിലും സ്വന്തമാക്കാനാഗ്രഹിച്ച ആഹാബ് രാജാവിനെപ്പോലെ (1 രാജാ: 21), സി.എം.സി കന്യാസ്ത്രീകളുടെ ഞാറയ്ക്കലിലെ സ്വത്തും സ്‌കൂളുകളും കൈക്കലാക്കാനാഗ്രഹിച്ച് അതിനായി പള്ളിഗുണ്ടകളെവരെ ഉപയോഗിച്ച എറണാകുളം-അങ്കമാലി അതിരൂപതാധികാരികൾ പ്രകടിപ്പിച്ചത് കൗരവസ്വഭാവമല്ലാതെ മറ്റെന്താണ്? സുപ്രീംകോടതി വിധിയെയും, കോടതിയിൽവച്ച് രൂപംകൊടുത്ത ധാരണാപത്ര വ്യവസ്ഥകളെയും ധിക്കരിച്ച് സി.എം.സി.യുടെ മേജർ സുപ്പീരിയർമാരെ സമ്മർദ്ദം ചെലുത്തി സ്വാധീനിച്ച് കോടികൾ വിലവരുന്ന ആ മുഴുവൻ സ്വത്തും രണ്ടു സ്‌കൂളുകളും ഇഷ്ടദാനമായി എഴുതിച്ചു പിടിച്ചെടുത്ത അതിരൂപതാ നടപടിയെ വേറെ ഏതു വിധത്തിലാണ് കാണേണ്ടത്? ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് സുപ്രീംകോടതിവരെ പറഞ്ഞിട്ടും, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാതെ സംരക്ഷിക്കുകയും, ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും വേട്ടയാടുകയും ചെയ്യുന്ന മെത്രാൻ സംഘങ്ങളുടെ മനോഭാവത്തെ, പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനെ പിന്തുണച്ചും പാഞ്ചാലിയെ അപഹസിച്ചും അട്ടഹാസച്ചിരി മുഴക്കിയ കൗരവസദസ്സിനോടല്ലാതെ മറ്റെന്തിനോടുപമിക്കാൻ? 'അന്യരുടെ വസ്തുക്കൾ ആഗ്രഹിക്കരുത്' എന്ന ദൈവികകൽപന ലംഘിക്കുന്നതിനുമപ്പുറം, യാക്കോബായക്കാർ വിയർത്തുണ്ടാക്കിയ പള്ളികൾ മുഴുവനും നിഷ്‌കരുണം പിടിച്ചെടുക്കുന്നത് നീതി സ്ഥാപിക്കാൻ വേണ്ടിയാണ് എന്ന അവകാശവാദംകൂടി ഉന്നയിക്കുന്ന കുയുക്തിയെ, 'പാണ്ഡവർക്ക് സൂചികുത്താനിടം കൊടുക്കില്ല' എന്ന ദുര്യോധനന്റെ കടുത്ത നിലപാടിനോടല്ലാതെ വേറെന്തിനോടാണ് ഉപമിക്കേണ്ടത്?

ഇപ്രകാരം, ആർത്തിയുടെയും അധികാരത്തിന്റെയും പ്രൗഢിയുടെയും സുഖലോലുപതയുടെയും സ്ത്രീലമ്പടത്വത്തിന്റെയും സോപാനങ്ങളിൽ, യേശുവിന്റെ പേരിൽ കുയുക്തിവാദങ്ങളുന്നയിച്ച് ജനപീഡകരായി വാഴുകയാണ് വിവിധ സഭകളിലെ 'മെത്രാൻ ദുര്യോധനന്മാ'രിവിടെ. 'അന്ധകാരലോകത്തിന്റെ അധിപന്മാരായും തിന്മയുടെ ദുരാത്മാക്കളായും പ്രഭുത്വത്തിലും ആധിപത്യത്തിലും, സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന അവർക്കെതിരെ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ച്' (എഫ. 6:11-12) ധർമ്മയുദ്ധം  നടത്തേണ്ടിയിരിക്കുന്നു, നാം.

ദൈവത്തിന്റെ ഈ ആയുധവും ധരിച്ചാണ് ഇവിടുത്തെ ക്രൈസ്തവസമുദായത്തെയാകെ പരിഹാസപാത്രമാക്കുന്ന പള്ളിപിടുത്ത കോലാഹലങ്ങളും ദുര്യോധനവാഴ്ചകളും അവസാനിപ്പിക്കാൻ പോരുന്ന 'ചർച്ച് ആക്ട്' അടിയന്തിരമായി നിയമമാക്കണമെന്നാവശ്യപ്പെട്ട് അഭിവന്ദ്യ റമ്പാച്ചൻ അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. ഈ സഹനസമരത്തിന്റെ പ്രാധാന്യവും ചർച്ച് ആക്ടിന്റെ ആവശ്യകതയും ലോകംമുഴുവൻ വിളംബരം ചെയ്യുവാനും, ഗവൺമെന്റിനെക്കൊണ്ട് അത് പാസാക്കിക്കാനും, സഭാനവീകരണരംഗത്ത് കഴിഞ്ഞ രണ്ടുവർഷം കൊണ്ടുണ്ടായ അത്ഭുതാവഹമായ വളർച്ച നമ്മെ സഹായിക്കട്ടെ!

                                                            എഡിറ്റർ

No comments:

Post a Comment