Translate

Tuesday, September 22, 2020

വഴിതെറ്റിപ്പോകുന്ന വേദോപദേശം

നവീകരണത്തിന്റെ വഴിയേ-20

പ്രൊഫ. പി.സി ദേവസ്യ

ചെയർമാൻ, KCRM - പാലാ ഫോൺ: 9961255175

*

ഒരു ക്രൈസ്തവനായിരിക്കുന്നു എന്നതിൽ അഭിമാനിക്കത്തക്കവിധം ക്രിസ്തു എനിക്ക് അഭിമതനാണ്. പക്ഷേ സഭ അവതരിപ്പിക്കുന്ന ക്രിസ്തുവുമായി എന്റെ ക്രിസ്തുവിനു ഒത്തിരി വ്യത്യാസവുമുണ്ട്. എന്നാൽ അതിന്റെ പേരിൽ സഭാംഗത്വം രാജിവെച്ചു പോകാനൊന്നും ഞാൻ തയ്യാറല്ല.

*

ഒരു കണക്കിന് നാം ഭാഗ്യവാന്മാരാണ്. ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പൊതുവേ അംഗീകരിക്കുന്ന ഒരു കാലയളവിലാണ് നമ്മുടെ ജീവിതം. കാനോൻ നിയമപ്രകാരം ആരുടെയും കഴുത്തുവെട്ടാൻ സഭയ്ക്ക് കഴിയുകയുമില്ല. സഭാധികാരികളോട് പറ്റിക്കൂടിനിന്നാൽ കിട്ടുന്ന ചില്ലറ 'നക്കാപ്പിച്ച'കൾ നഷ്ടപ്പെടുമെന്നുമാത്രം. അതിനു തയ്യാറുള്ളവർക്ക് തിരുത്തലുകൾ നിർദ്ദേശിക്കാം, ആവശ്യപ്പെടാം, അതിനുവേണ്ടി പ്രത്യക്ഷസമരം പോലും ചെയ്യാം.

*

വേദോപദേശത്തിന് വഴിതെറ്റുന്നു എന്ന തോന്നൽ ഒരു സാധാരണ ക്രിസ്ത്യാനിയായ എനിക്ക് കുറെ മുമ്പുതന്നെ ഉണ്ടായതാണ്. ആകാവുന്ന സ്ഥലങ്ങളിലൊക്കെ അതു ഞാൻ തുറന്നു പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ പത്തിരുപത് ലക്കങ്ങളിലായി 'സത്യജ്വാല'യിൽത്തന്നെ വിയോജനസ്വഭാവമുള്ള കുറിപ്പുകൾ ഞാൻ എഴുതിയിരുന്നു. അടുപ്പമുള്ള ചില അച്ചന്മാരോട് ഒന്നു വായിച്ച് അഭിപ്രായം പറയണം എന്ന് പറയുകയും ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു സത്യക്രിസ്ത്യാനിയാണ് എന്നറിയാവുന്നതുകൊണ്ടാകും, ആരും ഒരു അഭിപ്രായവും പറഞ്ഞില്ല.

 ക്രിസ്തുവിന്റെ ദൃശ്യശരീരമാണ് എന്ന് സ്വയം അവകാശപ്പെടുന്ന സഭയിലെ അഭിഷിക്തർ, അനഭിഷിക്തരുടെ നേതൃത്വത്തിലുള്ള സഭാപ്രവർത്തനങ്ങളോട് വ്യക്തമായ അകലം പാലിക്കുന്ന സ്ഥിതിയാണ് കത്തോലിക്കാസഭയിൽ ഉള്ളത്. അടുപ്പമോ സാഹോദര്യമോപോലും ആ നിലപാടിന് മാറ്റം ഉണ്ടാക്കാറില്ല. വിശ്വാസസംബന്ധമായ ഗഇഞങ നിലപാടു സ്വീകരിക്കാൻ അതുകൊണ്ട് അവർക്ക് കഴിയുകയില്ല എന്ന് എല്ലാവർക്കുമറിയാം. പൗരോഹിത്യാഭിഷേകത്തിന്റെ സമയത്ത് മേൽപ്പട്ടക്കാരന്റെമുമ്പിൽ  മുട്ടുകുത്തിനിന്ന് ഔദ്യോഗികസഭയുടെ നിലപാടുകൾ ശരിയായാലും തെറ്റായാലും അതിനു വിധേയമായിക്കൊള്ളാം എന്നൊരു പ്രതിജ്ഞ അഭിഷിക്തർ ചെയ്യുന്നുണ്ട്. തീർച്ചയായും അത് പാലിച്ചേ പറ്റൂ. പാലിച്ചാൽമാത്രംപോരാ, എതിർനിലപാടുകൾ കണ്ടാൽ എതിർക്കുകയും വേണം. അതുകൊണ്ടുതന്നെ, സഭയോടുള്ള വിധേയത്വം പ്രകടമാക്കുകയാണ് പുരോഹിതർ പൊതുവേ ചെയ്യുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, പുതിയ വേദോപദേശത്തിനുവേണ്ടിയുള്ള ആവശ്യം ഞാൻ ഒന്നുകൂടി ശക്തമായി ഉന്നയിക്കുകയാണ്. അതിനുള്ള കാരണങ്ങൾ പല കുറിപ്പുകളായി ഞാൻ മുമ്പേതന്നെ ഉന്നയിച്ചിട്ടുള്ളവയാണെങ്കിലും ഒന്നുകൂടി ചുരുക്കി എഴുതാം.

വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങളായി പഠിപ്പിക്കുന്ന രണ്ടു കാര്യങ്ങൾ- ദൈവത്തിന്റെ ഏകത്വവും ത്രിത്വവും! കർത്താവിന്റെ കുരിശു മരണവും ഉയിർപ്പും വീണ്ടെടുപ്പും - എനിക്കുവേണ്ടി എന്റെ മാമോദീസാക്കാലത്തുതന്നെ തലതൊട്ടപ്പനും തലതൊട്ടമ്മയും അംഗീകരിച്ചിട്ടുള്ളവയാണ്. അതിനെ നിഷേധിച്ചു പറയാൻമാത്രം തെളിവുകളൊന്നും എന്റെ പക്കൽ ഇപ്പോഴുമില്ല. പക്ഷേ അവയെപ്പറ്റി പഠിക്കുവാനും, സംശയം ഉന്നയിക്കുവാനും വേണ്ടിവന്നാൽ  തിരുത്തുവാനുമുള്ള അവകാശം അഭിഷേകപ്രതിജ്ഞ ചെയ്യാത്ത എനിക്ക് തീർച്ചയായും ഉണ്ട്. ഞാൻ ക്രിസ്തുവിനെ പഠിക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. ഒരു ക്രൈസ്തവനായിരിക്കുന്നു എന്നതിൽ അഭിമാനിക്കത്തക്കവിധം ക്രിസ്തു എനിക്ക് അഭിമതനാണ്. പക്ഷേ സഭ അവതരിപ്പിക്കുന്ന ക്രിസ്തുവുമായി എന്റെ ക്രിസ്തുവിനു ഒത്തിരി വ്യത്യാസവുമുണ്ട്. എന്നാൽ അതിന്റെ പേരിൽ സഭാംഗത്വം രാജിവെച്ചു പോകാനൊന്നും ഞാൻ തയ്യാറല്ല. നിൽക്കുന്നിടത്തുനിന്ന് ക്രിസ്തുവിശ്വാസം മുറുകെപ്പിടിക്കാനാണ് എന്റെ തീരുമാനം. കാരണം, സഭയുടെ ഒരു 'സ്വകാര്യസ്വത്താണ്' ക്രിസ്തു എന്ന വാദം ഞാൻ അംഗീകരിക്കുന്നില്ല. സഭാനുഷ്ഠാനങ്ങൾക്കിടയിൽ സഭയുടെ വിശ്വാസപ്രമാണം ഞാനും ഏറ്റുചൊല്ലാറുണ്ടെങ്കിലും  മറ്റു മഹാഭൂരിപക്ഷം വിശ്വാസികളെയുംപോലെ അതിന്റെ അർത്ഥതലം പൂർണമായി ഉൾക്കൊള്ളാൻ ഞാനും ശ്രദ്ധിക്കാറില്ല. ഇതൊരു കുറവായി ഞാൻ കരുതുന്നുമില്ല. ക്രിസ്തു ലോകത്തിലേക്ക് വന്നത് സകലമനുഷ്യരെയും രക്ഷിക്കാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, മാമോദിസാവെള്ളം തലയിൽ വീണാലേ രക്ഷപ്പെടൂ എന്ന വിശ്വാസം എനിക്കില്ല. ബൈബിൾ പഴയനിയമം യഹൂദജനതയുടെ സാംസ്‌കാരികവളർച്ചയുടെ രേഖാചിത്രമായി ഞാൻ കരുതുന്നു. ആ പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന കൃതിയാണ് പുതിയനിയമം. ഇതിനുപുറമേ, ക്രിസ്തുവിനെ സംബന്ധിക്കുന്ന ഒത്തിരി പാരമ്പര്യങ്ങളും നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽനിന്നെല്ലാം ഉരുത്തിരിഞ്ഞുവരുന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കൂദാശ എന്ന പേരിൽ സഭ പിന്തുടരുന്നുണ്ട്. നവീകരണവാദികൾക്ക് നല്ലതെന്ന് തോന്നുന്നവയിലൊക്കെ പങ്കെടുത്ത് നമ്മുടെ സാമൂഹ്യബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് ഞാൻ കരുതുന്നു. വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസത്തെപ്പറ്റി ചിന്തിക്കുവാനോ പഠിക്കുവാനോ അവകാശമില്ല എന്ന 'ഇമ്പിരിമേത്തൂർ മനോഭാവം' സഭ അവസാനിപ്പിക്കണം.

വിയോജിപ്പുകൾ സഭയിൽ പണ്ടുമുതലേ ഉണ്ടായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. പക്ഷേ നിഖ്യാ, കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസുകളും വിശ്വാസപ്രഖ്യാപനങ്ങളുംവഴി ഔദ്യോഗികസഭ പരിശുദ്ധാത്മാവു നൽകിയ അഭിഷേകവരം (കാരിസം) വിശ്വാസികളിൽനിന്ന് തട്ടിപ്പറിച്ചു സ്വന്തമാക്കുകയാണ് ചെയ്തത്. ചക്രവർത്തിഭരണത്തിന്റെ അധികാരഗർവ്വും ശിക്ഷയുടെ വാൾമുനയും കാണിച്ച് പാവം വിശ്വാസികളെ, അന്നുമുതൽ ഇന്നുവരെ സഭ അടക്കി നിർത്തിയിരിക്കുന്നു! പക്ഷേ, അത്രയും വിധേയത്വം കാണിക്കേണ്ട സ്ഥിതി ഇപ്പോഴില്ല. എന്നാൽ പണ്ട് എതിർക്കുന്നവരെയൊക്കെ 'കച്ചിത്തുറു'വിൽ കെട്ടിയിട്ട് തീ കൊളുത്തുന്ന ഇൻക്വിസിഷന്റേതായ ഒരു ഇരുണ്ടയുഗം ഉണ്ടായിരുന്നു എന്ന് അഭിഷിക്തരും സമ്മതിക്കുന്നു.

ഒരു കണക്കിന് നാം ഭാഗ്യവാന്മാരാണ്. ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പൊതുവേ അംഗീകരിക്കുന്ന ഒരു കാലയളവിലാണ് നമ്മുടെ ജീവിതം. കാനോൻ നിയമപ്രകാരം ആരുടെയും കഴുത്തുവെട്ടാൻ സഭയ്ക്ക് കഴിയുകയുമില്ല. സഭാധികാരികളോട് പറ്റിക്കൂടിനിന്നാൽ കിട്ടുന്ന ചില്ലറ 'നക്കാപ്പിച്ച'കൾ നഷ്ടപ്പെടുമെന്നുമാത്രം. അതിനു തയ്യാറുള്ളവർക്ക് തിരുത്തലുകൾ നിർദ്ദേശിക്കാം, ആവശ്യപ്പെടാം, അതിനുവേണ്ടി പ്രത്യക്ഷസമരംപോലും ചെയ്യാം. എന്നുകരുതി എന്നും കൊടി പിടിക്കണം എന്നല്ല പറയുന്നത്.

ചർച്ച് ആക്റ്റിന് വേണ്ടിയുള്ള സമരം ആവശ്യമാണ്. എന്നുകരുതി ചർച്ച് ആക്ട് വന്നതുകൊണ്ടുമാത്രം പ്രശ്‌നങ്ങൾ തീരുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട എത്രയോ പ്രതിനിധികൾ ചൂഷകരായി മാറുന്നു. അപ്പോൾ നിലപാടുകൾ ആണ് വേണ്ടത്. അടിച്ചു തകർക്കുന്ന നിലപാടുകളാണ് ഒന്നാംതരം എന്നും കരുതരുത്.  ആധ്യാത്മികതയും അനുഷ്ഠാനങ്ങളുമൊക്കെ തകർക്കുകയല്ല നമ്മുടെ ലക്ഷ്യം. എല്ലാം എപ്പോഴും യുക്തിയുടെയും ബുദ്ധിയുടെയും വെളിച്ചത്തിൽ പരിശോധനാവിധേയമാക്കുക. സത്യം കണ്ടെത്തിക്കഴിഞ്ഞാൽപ്പിന്നെ വിട്ടുവീഴ്ച പാടില്ല, അത്രമാത്രം!

 ഇവിടെ നാം ചർച്ച ചെയ്യുന്ന അടിസ്ഥാന വേദോപദേശത്തിന്റെ കാര്യം അതല്ല. പാപ-പുണ്യങ്ങൾ, ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനം, രക്തസാക്ഷിത്വം ദൈവരാജ്യസ്ഥാപനം ഇവയൊക്കെ ശരിയായിത്തന്നെ വിലയിരുത്തപ്പെടണം.

ക്രിസ്തു ഒറ്റപ്പെട്ട പാപങ്ങളെയോ പാപികളെയോ അല്ല എതിർത്തത്; മറിച്ച്, സംഘടിത ചൂഷണങ്ങളെയാണ്. ഇത് മനസ്സിലാക്കാൻ അക്വീനാസോ ആഗസ്തീനോസോ ഒന്നും പഠിച്ച് ഡോക്ടറേറ്റ് എടുക്കണമെന്നില്ല, സുവിശേഷം മനസ്സിരുത്തിവായിച്ചാൽ മതി. പഴയനിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ കഥയാണുള്ളത്. പഴം പറിച്ചുതിന്നു എന്ന ക്രിയയല്ല പ്രധാനം,  തനിക്കു അവകാശമില്ലാത്തത് കൈയടക്കി എന്ന അന്യന്റെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ് പാപമാകുന്നത്. കായേന്റെ കാലമാകുമ്പോൾ അവകാശനിഷേധം സോദരനിഗ്രഹമായി വളരുന്നു. എന്നിട്ടും ദൈവം കായേന് സംരക്ഷണം കൊടുക്കുകയാണ് ചെയ്തത്. അവകാശനിഷേധം, അന്യന്റെ മുതലിലേക്കുള്ള തിരിഞ്ഞുനോട്ടം ഇവ സാമൂഹ്യതിന്മയായി വളർന്നുവരുമ്പോഴാണ് വെള്ളം, തീ, മഹാമാരി ഇവയൊക്കെക്കൊണ്ട് പ്രപഞ്ചനാഥൻ തിരിച്ചടിക്കുന്നത്. യേശു വന്നപ്പോൾ അദ്ദേഹം ചുങ്കക്കാരെയും വേശ്യകളെയും വെറുത്തില്ല. സമ്പന്നരും നിയമവ്യാഖ്യാതാക്കളും പാവങ്ങളെ ഞെരുക്കിയപ്പോൾ ക്രിസ്തു വ്യക്തമായും അവശരുടെ പക്ഷംചേർന്നു (ലൂക്കാ. 4:18-19). അന്ധർക്ക് കാഴ്ച്ചയും ബന്ദിതർക്ക് മോചനവും പ്രഖ്യാപിച്ചു. സമ്പത്ത് അഴിച്ചു പങ്കിടുന്ന ജൂബിലിവർഷം ആവശ്യപ്പെട്ടു. ഇതായിരുന്നു സുവിശേഷത്തിൽ നാം കാണുന്ന ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തി. ഇതാണ് ആദിമസഭ പിന്തുടർന്ന സാമൂഹികക്രമം (അപ്പ.പ്രവ.2:44-47).  ഇതിന്റെ പേരിലാണ് എതിരാളികൾ ക്രിസ്തുവിനെ രാത്രിയിൽ പിടിച്ച്,  വെളുപ്പിന് വിസ്തരിച്ച്,  ഉച്ചയ്ക്ക് പച്ചയ്ക്കു കൊന്നത്.  ഇത് പരിഹാരബലിയൊന്നുമല്ല; ധീരരക്തസാക്ഷിത്വമാണ്. രക്തസാക്ഷി മരിക്കുന്നില്ല. ക്രിസ്തുവിന്റെ ഉയിർപ്പ് ഏറെ പ്രധാനമാകുന്നത് അങ്ങനെയാണ്. ക്രിസ്ത്യാനിയുടെ മനസ്സിൽ ക്രിസ്തു ഉയിർത്തിട്ടുണ്ടെങ്കിൽ അയാൾ ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തിതന്നെ തുടരണം. മരണാനന്തരം അല്ല, ജീവിച്ചിരിക്കുമ്പോൾത്തന്നെ ചെയ്യേണ്ട പ്രവൃത്തിയെപ്പറ്റിയാണ് നാം പറയുന്നത്. അതാണ് നാം പഠിപ്പിക്കേണ്ട വേദോപദേശവും.

ഈ ഭൂമിയിൽ ദൈവരാജ്യം വരുത്താനാണ് ക്രിസ്തു രക്തസാക്ഷിത്വം വരിച്ചത്. നിന്റെ രാജ്യം ഈ ഭൂമിയിൽ വരണമേ എന്നാണല്ലോ ക്രിസ്തു ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും. അങ്ങനെ പ്രാർത്ഥിക്കാനാണല്ലോ അനുയായികളെ പഠിപ്പിച്ചതും. നമുക്കും ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തിതന്നെ തുടരാം!

No comments:

Post a Comment