Translate

Monday, April 23, 2012

2.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര

സഭാനേതൃത്വത്തിന്‍റെ അഴിമതികള്, കള്ളത്തരങ്ങള്,
തീവെട്ടിപണം കൊള്ളകള്‍, പുരോഹിത
ലൈംഗികകുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങളുടെ ചുരുക്കമാണ് ഈ ഗവേഷണഗ്രന്ഥം. സ്തീവിവേചനമെന്ന ആദ്യഅധ്യായത്തില്‍ കൂടിയാണ് കളരിക്കന്‍ തന്‍റെ വിജ്ഞാനപ്രദമായ തൂലിക ചലിപ്പിച്ചിരിക്കുന്നത്. വൃദ്ധന്മാരായ യാഥാസ്ഥിതികരാല്‍ ഭരിക്കപ്പെടുന്ന സഭതന്നെ ഇന്ന് ഒരു പരിഹാസമാണ്. സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. സെന്‍റ് പോള്‍ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിക്കുന്നതിലും ‍ വിമര്‍ശിക്കുന്നുണ്ട്. പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോള് വരെ സ്ത്രീയെ തരം താഴ്ത്തികാണിക്കുന്നു. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും സാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി പുരുഷന്മാര്‍ രചിച്ച ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍ ഇങ്ങനെ സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും കളരിക്കന്‍ വിശ്വസിക്കുന്നു.

പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍ സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. രാക്ഷ്ട്രീയ സാമൂഹിക മേഖലകളില്‍ സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. ഈ പ്രതിഫലനം മനുവ്യന്‍ തത്വങ്ങള്‍ മുതല്‍ പൌലീന്‍ വചനങ്ങള്‍വരെ വ്യക്തമാണ്. സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍ അവള്‍ക്കു വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.

സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ കളരിക്കന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രി ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു. അങ്ങനെയും വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുകയാണ്. ഇതിനെല്ലാം സമൂല പരിവര്‍ത്തനം ആവശ്യമാണെന്നുള്ള അനേക നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം.

സ്നാപകംവഴി സ്ത്രീയും പുരുഷനും ഒന്നാണ്. പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയാണ്. സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്ന് ശക്തിയായ ഭാഷയിലാണ് ചാക്കോ സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ വാദിക്കുന്നത്. സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ് പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെയും ഇവിടെ വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കാമായിരുന്നുവെന്നും പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല മാതൃത്വം മാത്രമെന്നായിരുന്നു മാര്‍പാപ്പയുടെ വിശ്വാസം.

ചാക്കോയുടെ അഭിപ്രായങ്ങളുടെ ചുരുക്കം ഇങ്ങനെ. . . പോളിന്‍റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട്‌ സഭയെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായങ്ങളുമായി ഭര്‍ത്താവിനെ സമീപിച്ചാല്‍ ചിലപ്പോള്‍ ഇടിയും കുത്തുമായിരിക്കും ഫലം. സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍ കാലത്തിനനുസരിച്ച് സ്ത്രീക്കും സ്വാതന്ത്ര്യം വേണം. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യഅവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി
രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രമെന്നു ചാക്കോ സഭയോട് ഒരു
യുക്തിവാദിയെപ്പോലെ തുറന്നടിച്ചിട്ടുണ്ട്.

കത്തോലിക്കാസഭ എന്ന അധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള വിജ്ഞാനപ്രദങ്ങളായ വിവരങ്ങള്‍ തന്മയത്വമായി ചാക്കോ ഇവിടെ വിവരിച്ചിട്ടുണ്ട്. അനേക ഗ്രന്ഥപ്പുരകളിലെ പുസ്തകങ്ങളുടെ സാരാംശമായി ഈ അദ്ധ്യായം വായിച്ചാല്‍ ബോധ്യമാകും. . ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും ഈ പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്.
പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം
പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും.

ആദ്യ നൂറ്റാണ്ടുകളില്തന്നെ സഭയില്‍ തെറ്റായ
വിശ്വാസങ്ങള്‍ ഉടലെടുത്തു. പാഷണ്‍ഡികള്‍
ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസ്സില് വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോരിയനില്നിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്വം. പുറത്താക്കപ്പെട്ട ഇവരുടെ മാനിക്കയിന്‍ മതക്കാരുടെ കുരിശിനു വേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാര്സഭ മുഴക്കി കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും.കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള
അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.

എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായകൂട്ടായ്മ സാമ്രാജ്യത്തിലെ സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രസഭ, രാജകീയ വേഷങ്ങളോടെ സമ്പത്ത് സഭയായി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും ചാക്കോയുടെ അഗാധമായ ഗവേഷണ പാടവത്തോടെ ഈ പുസ്തകത്തില്‍ തുടരുന്നു. ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ് ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ ഇവരുടെയെല്ലാം കുറ്റങ്ങളും കുറവുകളും വായനക്കാരനു മനസ്സിലാക്കുവാന്‍ സാധിക്കും.

മുക്കവന്‍റെ കസ്സെരയില്‍ വെറും നാലുവര്‍ഷവും
ഏഴുമാസവും ഇരുന്ന ജോണ് ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ് മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.

അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണമായി ഉണ്ട്. അല്‍മായ എന്ന വാക്കിനു പരഹാസരൂപത്തില്‍ അടിമയെന്നും വിവരിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുമുതല്‍ മൌനമായി അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. അല്മായര്‍ എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം ഇവിടെ നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യം ഇല്ലെന്നും ചാക്കോ വിവരിച്ചിട്ടുണ്ട്. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും
അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്സ്സ്റ്റാന്റ്റിന്‍ കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു. യുക്തിയും ചിന്താശക്തിയും ശക്തമായ ഗവേഷണവും ഉള്‍ക്കൊണ്ടതാണു ഈ അദ്ധ്യായം മൊത്തവും.

അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പൌരാഹിത്യത്തില്‍ പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളില് ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു. ഒരു സ്ഥലത്തു ചാക്കോ അല്മായര്‍ എന്നു പറഞ്ഞാല്‍ അനുസരണയുള്ള അടിമകളെന്നും പരിഹസിച്ചിട്ടുണ്ട്. ആദ്യമസഭയില്‍ ക്രിസ്തു മാത്രമായിരുന്നു പുരോഹിതന്‍. അല്‍മായരും പുരോഹിതരും ഒന്നുപോലെ
ദൈവജനമായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. മൂന്നാംനൂറ്റാണ്ടില്‍ കൈവേയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടില്‍ ആയി.

കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി
പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്നതായിരുന്നു. ചാക്കോ കളരിക്കന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് പുതിയ നിയമത്തിന്‍റെ ഉള്‍കാഴ്ചയോടെ അല്മായാര്‍ക്ക് പൂര്‍ണ്ണ അധികാര- അവകാശങ്ങളോടെ സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കുവാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരുവാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്. സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ പൌരാഹിത്യത്തില്‍ പങ്കു ചേരണം. ക്രിസ്തുവില്‍ തുല്ല്യരാവണം. ജാതിഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ ഭേദമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നു ഇവിടെ നിര്‍ദേശിക്കുന്നുണ്ട്.

1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തന്കുര്‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും കളരിക്കന്‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ.ഇന്നു സഭയില്‍ ഭരിക്കുന്ന ജോക്കര്‍ രാജാക്കന്മാര്‍ക്ക്, പ്രത്യേകിച്ചു സീറോമലബാറിലെ വൈദികര്‍ക്കും
വൈദികപ്രമാണികള്‍ക്കും ആ മനസ്ഥിതിയാണ് എന്നും. അന്നും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പുരോഹിത അല്‍മായ അന്തരങ്ങള്‍ ഉദയംപേരൂര്‍ സുനഹദോസുവരെ അധികം സഭയില്‍ ഉണ്ടായിരുന്നില്ല. പോര്ട്ടുഗീസ്സുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മെനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളില്ക്കൂടി നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു.

അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയര്‍ത്തു എഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാഅധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. എന്‍റെ നാമത്തില്‍രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാന്‍ ഉണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദംവേണം. ഈ കഥകള്
‍കളരിക്കന്‍റെ പുസ്തകം വായിച്ചാലേ തനിമനോഹാരിത വായനക്കാരനു ലഭിക്കുകയുള്ളൂ.

അല്മെനിയുടെ പണം കൊണ്ട് സ്വത്തുക്കള്‍ സമ്പാദിച്ചു ആ സ്വത്തുക്കളുടെ മേല്‍ അല്മെനിക്ക് അവകാശമില്ലാത്ത മതവ്യവസ്ഥയെയും ഈ പുസ്തകത്തില്‍ ഉടനീളം പരിഹസിച്ചിരിക്കുന്നതും കാണാം. "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍
ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നു "കുടുംബാസൂത്ര ണത്തില്‍ വത്തിക്കാന്‍റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇങ്ങനെ ചാക്കോ ചോദിക്കുന്നുതും കാണാം. അല്മെനികള്‍ക്ക് വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോര്ട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെമൊത്തം റോമിന് വിറ്റതില്‍ ക്ഷമിക്കുവാന്‍ സാധിക്കുകയില്ലായെന്നാണ്ചാക്കോയുടെ കാഴ്ചപ്പാടില്‍ ഇവിടെ വിവരിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും വളരെ നന്നായി ഇരിക്കുന്നു. ഹോളിവൂഡ്‌ സിനിമാകള്‍ക്ക് മെത്രാന്മാരുടെ ചരിത്രത്തിലെ ആ ചത്തചിരി നല്ല ഒരു ചിത്ര വിഷയം ആയിരിക്കും. സഭയെ വിമര്ശിക്കുന്നവര്‍ അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും ചാക്കോ നര്‍മ്മരസത്തോടെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌.

ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്. "പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും ആരെയും കൂസാതെ ചാക്കോ ഉറക്കെ വിളിച്ചുപറയുകയാണ്‌.

മതാധിപത്യം കത്തോലിക്കാസഭയില്‍: Online-ഇവിടെ ക്ലിക്ക് ചെയ്യുക :


തുടരും...










1 comment:

  1. സ്ത്രീകള്‍ക്ക് പൌരോഹിത്യം കൊടുക്കണം എന്ന് പറയുന്നവരോട് ചില ചോദ്യങ്ങള്‍. പൌരിഹിത്യം തന്നെ അഴിമതി നിറഞ്ഞതും തിന്മ നിറഞ്ഞതും അനാവശ്യം ആണെന്ന് പറയുന്നവര്‍ തന്നെ ആണ് സ്ത്രീ പൌരോഹിത്യത്തെയും പരിഷ്ക്കാരത്തിന്റെ പേരിലും സ്ത്രീ പുരുഷ സമത്വത്തിന്റെ പേരിലും പിന്‍താങ്ങുന്നത്‌. ഞാന്‍ ഒരു സ്ത്രീ വിരോധിയോ പുരുഷ മേധാവിയോ അല്ല എന്നാദ്യം പറയട്ടെ. പുരുഷനും സ്ത്രീയും ഒരിക്കലും തുല്യര്‍ അല്ല. അവര്‍ തുല്യര്‍ ആണ് എന്ന് പറയുന്നത് കാപട്യമാണ്. ഒരു സ്ത്രീ ക്കും ഒരപ്പന്‍ അവാനാവില്ല ഒരു പുരുഷന് ഒരമ്മയും. അങ്ങിനെ അനേകം ശാരീരിക മാനസിക ബൌദ്ധിക വൈകാരിക സാമൂഹിക തലങ്ങളില്‍ അവര്‍ വ്യത്യസ്തര്‍ ആണ് എന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യ ബോദ്ധം ഇല്ലാത്തവര്‍ ആണ് സ്ത്രീയും പുരുഷനും തുല്യര്‍ ആണ് എന്ന് പറയുന്നത്. പിന്നെ എല്ലാ കാര്യങ്ങളിലും തുല്യ അവകാശവും നീതിയും പുരുഷനോടൊപ്പം സ്ത്രീക്കും ലഭിക്കണം എന്ന് പറയുന്നത് ആണ് സത്യം. അതിന്റെ അര്‍ഥം സ്ത്രീക്ക് "പൌരോഹിത്യം" നല്‍കണം എന്ന് പറയുന്നത് യുക്തിയല്ല, ഭക്തിയല്ല പിന്നെയോ ഒരാന മണ്ടത്തരം ആയിരിക്കും. കത്തോലിക്കാ പൌരോഹിത്യം വളരെ പ്രശ്നം പിടിച്ച ഒന്നാണെന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. ആണ്‍ അച്ചന്മാരുടെ ഓട്ടന്‍ തുള്ളലും , പകിട കളിയും, ചതുരംഗ കളിയും, അവിഹിത ഗര്‍ഭ കഥകളും ,അശുദ്ധ ബന്ധങ്ങളുടെ അണിയറ രഹസ്യങ്ങളും കേട്ട് ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്‍ക്കെങ്ങിനെ ഈ പെണ്ണച്ഛന്മാരെ സഹിക്കാനാവും. ഇനി പെണ്‍ അച്ചന്മാരുടെ തിരുവാതിരയും, കുച്ചിപ്പുടിയും മാര്‍ക്കം കളിയും കാണാന്‍ നിങ്ങക്ക് കരുത്തുണ്ടോ? പെണ്‍ കൊച്ചച്ചന്‍ വികാരി ആണ്‍ അച്ഛനു മയി പ്രണയം. പെണ്‍ കൊച്ചച്ചന്‍ ഗര്‍ഭം അലസിപ്പിച്ചു . അല്ലെങ്കില്‍ പെണ്‍ അച്ഛന്‍ മേരി കണ്ടത്തില്‍ മരിച്ച നിലയില്‍ വികാരി തോമസ്‌ കുഴിതോട്ടില്‍ "അച്ഛന്‍" ആകുമോ എന്ന് പേടിച്ചു കൊന്നത് ആകാം എന്ന് മഞ്ഞ പത്ര വാര്‍ത്തയും പിന്നെ അഭിമുഖങ്ങളും. അസ്തെന്തി ലീന കാപ്പില്‍ പള്ളി കമ്മറ്റി അംഗം ജൈസണ്‍ പുല്ലുകാലായുമയി പ്രണയത്തില്‍. ബഹു.വികാരി റോസ് തെക്കേക്കര പള്ളിമുറിയില്‍ പീഡിപ്പിക്കപ്പെട്ടു, കൈക്കാരന്‍ അറസ്റ്റില്‍, വികാരി ലിസ തെക്കേതില്‍ അടുത്ത ഇടവക വികാരിയുടെ കൂടെ കുര്‍ബാനയ്ക്ക് മുന്‍പ് സങ്കീരതിയില്‍ വച്ച് വാക്കേറ്റം ഉണ്ടാക്കി എങ്കിലും പരസ്പര ധാരണയില്‍ പിരിഞ്ഞു. പിന്നീടു അവര്‍ അടുത്ത രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. എന്ന് തുടങ്ങിയ മഞ്ഞ വാര്‍ത്തകള്‍ ഉണ്ടാകില്ല എന്ന് നിങ്ങള്ക്ക് എന്താ ഇത്ര ഉറപ്പു. നിങ്ങള്‍ കുമ്പസാരത്തില്‍ പറഞ്ഞ പരമ രഹസ്യങ്ങള്‍ നാട്ടില്‍ മുഴുവന്‍ പരസ്യമാകണോ ഈ പെണ്‍ അച്ചന്മാര്‍ വഴി. പിന്നെ കുടുംബ കലഹവും,വിവാഹ മോചനവും നാണക്കേടും. എന്റമ്മോ എനിക്ക് വയ്യ. ഇനിയും നിങ്ങള്‍ ഒന്നും പഠിച്ചില്ല എന്നര്‍ത്ഥം.ആണുങ്ങള്‍ അച്ചന്മാര്‍ ആയിട്ടു ഉണ്ടാക്കിയ പുകില് പോരെ മക്കളെ നമ്മള്‍ക്ക്. കത്തോലിക്കാ സഭയില്‍ ഒരു മാര്‍പാപ്പ പ്രസവിച്ച ചരിത്രം നിങ്ങള്‍ക്കറിയില്ലേ.? ആണ് ആണെന്ന് പറഞ്ഞു മാര്‍പാപ്പയായ ആ അവള്‍ക്കു പോലും ഗര്‍ഭം ഒഴിവാക്കാന്‍ ആയില്ല. പിന്നെ ആണോ ലൈംഗിക അതി പ്രസരണത്തിന്റെ ഈ കാലത്ത്. ഇനിയും വേണോ തെളിവ് . പെണ്ണ് അച്ചനയാല്‍ പറയണോ പൂരം. നിന്നെ ഞാന്‍ എന്ത് വിളിക്കും ? അച്ചി എന്നോ. ശ്ശെ.വൃത്തികേട്‌. പാതിരക്ക് ഒരു അന്ത്യ കൂദാശ കൊടുക്കാന്‍ പോകാന്‍ അവര്‍ക്ക് പറ്റുമോ ? കൂടെ ഏത് പുരുഷനെ കൊണ്ട് പോയാലും പ്രശ്നമാകാം. സമൂഹ കുര്‍ബ്ബാനയില്‍ മുട്ടിയുരുമ്മുന്ന ആണ്‍ പെണ്‍ അച്ചന്മാര്‍ക്ക് ഉത്തേജനം ഉണ്ടായാല്‍ കുര്‍ബ്ബാന കുളമാവില്ലേ? ഒന്ന് സങ്കല്പിച്ചു നോക്കണം ആ രംഗങ്ങള്‍. അത് കൊണ്ട് വേണ്ട വേണ്ട വെണ്ടാതീനം വേണ്ട എന്നെ ഈയുള്ളവന് പറയാന്‍ ഉള്ളു. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ച് താലോലിക്കണോ. കൊത്തിയാല്‍ ഉണങ്ങാന്‍ ഇത്തിരി പാടാണ് കേട്ടോ. മരണ വേദനേം. വേണോ വേറൊരു പൌരോഹിത്യ ഇടര്‍ച്ചയുടെ നീണ്ടകഥകള്‍ ഇനിയും ? സ്ത്രീക്ക് പൌരോഹിത്യം കൊടുത്തില്ല എന്ന് വിചാരിച്ചു ഒരാത്മാവും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതെ സമയം കൊടുത്താല്‍ ഒത്തിരി പേര്‍ക്ക് ആത്മ നാശം വരാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ് എന്ന് വസ്തു നിഷ്ടമായ് ചിന്തിച്ചാല്‍ മനസിലാകും.അത് കൂടാതെ കുശുമ്പും കുന്നായ്മയും വഴി വേറെ പുകിലുകള്‍. അച്ചനയാല്‍ പിന്നെ പെണ്‍ മെത്രാന്‍. പെണ്‍ കര്‍ദിനാള്‍, പെണ്‍ പപ്പാ അങ്ങിനെ പോകുന്നു പുതിയ വിഷയങ്ങള്‍. ഈ പെണ്‍ അച്ചന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന ഏതെങ്കിലും ആണുങ്ങള്‍ അവരുടെ മകളെ അച്ഛന്‍ ആവാന്‍ പറഞ്ഞു വിടുമോ?

    ReplyDelete