Translate

Wednesday, April 25, 2012

മതങ്ങളുടെ മതിലുകള്‍ തകര്‍ത്ത് മിശ്രവിവാഹം സഭയില്‍



- എം.എല്‍.ജോര്‍ജ്, മാളിയേക്കല്‍ (സെക്രട്ടറി, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)
ഇന്‍ഡ്യ ഒരു മതേതര രാഷ്ട്രമാണ്. മതനിരപേക്ഷതയാണ് ഇന്‍ഡ്യയുടെ മുഖമുദ്ര. നൂറ്റാണ്ടുകളായി നാനാജാതിമതസ്ഥര്‍ ഇവിടെ ഐക്യത്തിലും സമാധാനത്തിലും ജീവിച്ചുവരുന്നു. മനുഷ്യനെ സന്മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നതിനുള്ള ദൗത്യമാണ് മതങ്ങള്‍ക്കുളളത്. എന്നാല്‍, മതനേതൃത്വങ്ങള്‍ മതങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളില്‍നിന്നകന്ന് മനുഷ്യരെ മതാടിസ്ഥാനത്തില്‍ വര്‍ഗ്ഗീയവല്‍ക്കരിച്ചു മനുഷ്യസൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനായി കാണാതെ ജാതീയമായിമാത്രം കണ്ട് മതങ്ങളില്‍ തളച്ചിടുന്ന സമീപനമാണ് പൊതുവെ കാണുന്നത്. ഹൈന്ദവമതത്തിലും ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും മറ്റു മതങ്ങളിലും അതാതു മതത്തിന്റെ അന്തഃസന്തയ്ക്കു നിരക്കാത്തവിധത്തില്‍, മതനേതൃത്വങ്ങള്‍ തങ്ങളുടെ ആധിപത്യത്തിനുവേണ്ടി, സമൂഹങ്ങളെ വിവിധ മതഗ്രൂപ്പുകള്‍ സൃഷ്ടിച്ചു ഭിന്നിപ്പിച്ച് മതസ്പര്‍ദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. മതപ്രചാരണം എന്ന പേരില്‍ മതസ്പര്‍ദ്ധപ്രചരണമാണ് സര്‍വ്വത്ര നടമാടുന്നത്. ''മറ്റു സമുദായങ്ങള്‍ സംഘടിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്ന ഈ കാലത്ത് നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ഒരു അത്മായസംഘടന നമുക്കും ആവശ്യമാണ്'' എന്ന ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവന നമ്മുടെ സഭാധികാരികളുടെ ഉള്ളിലിരിപ്പ് വെളിവാക്കുന്നു. രാഷ്ട്രീയനേതൃത്വവും മതനേതൃത്വവും ചേര്‍ന്നുള്ള അവിഹിതബന്ധങ്ങാണ്, നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയകലാപങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും ഇടയാക്കിയിട്ടുള്ളത്. ഇതിന് അറുതിവരുത്തണമെങ്കില്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന മതപ്രചാരണങ്ങളെ ശക്തമായ നിയമംവഴി നിരോധിക്കണം. 
രാജ്യത്തെ ഏതൊരു പൗരനും ഏതു മതസമൂഹത്തില്‍നിന്നും വിവാഹം ചെയ്യുവാന്‍ നിയമം നിലവിലുണ്ട്. ക്രിസ്തുമതത്തിലും മിശ്രവിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാംമതത്തിലും ക്രിസ്തുമതത്തിലെതന്നെ ക്‌നാനായ കത്തോലിക്കര്‍ക്കിടയിലും ഇത്തരത്തിലൊരു നിയമവാഴ്ച നിലവിലില്ല. 
ക്രിസ്തുമതത്തില്‍, പ്രത്യേകിച്ച് ക്‌നാനായ കത്തോലിക്കര്‍ അടക്കമുള്ള കത്തോലിക്കാ സഭകളില്‍, പൗരസ്ത്യകാനോന്‍ നിയമം 813 മുതല്‍ 816 വരെയുള്ള വകുപ്പുകള്‍ പ്രകാരം, മിശ്രവിവാഹം വളരെ സുതാര്യമായ വ്യവസ്ഥകളോടെ മാര്‍പ്പാപ്പാ അനുവദിച്ചിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. മിശ്രവിവാഹം അനുവദിച്ചുകൊണ്ടുള്ള പ്രാദേശിക സഭാനിയമങ്ങളും നിലവിലുണ്ട്. ''കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള മിശ്രവിവാഹം കത്തോലിക്കാപള്ളിയില്‍ വെച്ചാണ് നടത്തേണ്ടത്.'' എന്നു നിര്‍ദ്ദേസിക്കുന്ന താമരശ്ശേരി രൂപതാ നിയമാവലിയുടെ 424.5-ാം വകുപ്പ് ഒരുദാഹരണംമാത്രം. എന്നാല്‍, വിവാഹക്കാര്യത്തില്‍ ക്‌നാനായ കത്തോലിക്കര്‍ മാര്‍പ്പാപ്പയെ അംഗീകരിക്കുന്നില്ല. അതുപോലെ, മിശ്രവിവാഹം ആവശ്യപ്പെട്ട് സഭാധികാരികളെ സമീപിക്കുന്നവരെ നിയമം ലംഘിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും, അതിന് വഴങ്ങാത്തവര്‍ക്ക് അര്‍ഹമായ വിവാഹം നിഷേധിച്ച് പീഡിപ്പിക്കുകയും ചെയ്യുന്ന ധാരളം സംഭവങ്ങളും വിവിധ കത്തോലിക്കസഭകളില്‍ നടക്കുന്നുണ്ട്.
നിര്‍ബന്ധിതമതപരിവര്‍ത്തനം ആവശ്യപ്പെടുന്നതും, നിയമം അനുശാസിച്ചിരിക്കുന്ന മിശ്രവിവാഹം നിഷേധിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. വിശ്വാസിസമൂഹം തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഇത്തരം ബോധവല്‍ക്കരണത്തിന് സഭാനേതൃത്വം തയ്യാറാകാത്ത സാഹചര്യത്തില്‍, സ്വതന്ത്രസഭാസംഘടനകള്‍ അതിനു നേതൃത്വം നല്‍കേണ്ടിയിരിക്കുന്നു. 'കാത്തലിക് ലെമെന്‍സ് അസ്സോസിയേഷന്‍' ഇത്തരമൊരു ദൗത്യം അടുത്തകാലത്ത് ഏറ്റെടുക്കുകയും സഭാധികൃതരുടെ അംഗീകാരത്തോടുകൂടി കത്തോലിക്കാ പള്ളിക്കുള്ളില്‍ ഒരു മിശ്രവിവാഹം നടത്തുന്നതിന് കളമൊരുക്കുകയും ചെയ്തു. അങ്ങനെ, താമരശ്ശേരി രൂപതയിലെ ഒരു കത്തോലിക്കാവിശ്വാസിയും കീഴോത്ത് പഞ്ചായത്തിലെ ഒരു ഹൈന്ദവ മതവിശ്വാസിയും തമ്മില്‍, മതപരിവര്‍ത്തനം നടത്താതെയും അവരവരുടെ മതവിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭംഗം വരാതെയും, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയസ് പോള്‍ ഇഞ്ചനാനിയുടെ അംഗീകാരത്തോടെ താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പള്ളിയില്‍വച്ച,് റവ.ഫാ. ജോസഫ് കീലത്തിന്റെ കാര്‍മ്മികത്വത്തില്‍, 2012 ഫെബ്രുവരി 16- ന് വിവാഹിതരായി, പള്ളി രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കി (ഫെബ്രുവരി17 -ലെ ഇന്‍ഡ്യവിഷനില്‍ ഈ വിവാഹത്തിന്റെ വിവരങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഫെബ്രുവരി 18-ലെ ദേശാഭിമാനി ദിനപത്രത്തില്‍ ഇതു സംബന്ധിച്ച വാര്‍ത്തയുമുണ്ടായിരുന്നു). കേരളകത്തോലിക്കാ സഭയില്‍ ഇത്തരമൊരു വിവാഹം ആദ്യമാണെന്നാണ് അറിയുന്നത്. അങ്ങനെ, മിശ്രവിവാഹകാര്യത്തില്‍ കത്തോലിക്കാ സഭയില്‍ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്, സഭ ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു വലിയ മതമതില്‍ തകര്‍ത്തിരിക്കുകയാണ,് ഈ വിവാഹത്തിലൂടെ. 
യഹൂദപൗരോഹിത്യാധിപത്യത്തില്‍നിന്നും അവരുടെ ചൂഷണങ്ങളില്‍നിന്നും ജനസമൂഹത്തെ സ്വതന്ത്രരാക്കിക്കൊണ്ടുള്ള യേശുവിന്റെ വിപ്ലവാത്മകമായ സന്ദേശം ഇപ്രകാരമായിരുന്നു ''നിങ്ങള്‍ ഏതു ജനസമൂഹങ്ങളില്‍പ്പെട്ടവനായാലും എന്റെ കല്‍പനകള്‍ പാലിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുന്നവന്‍ എനിക്ക് സ്വീകാര്യനാണ.്'' ക്രൈസ്തവരെല്ലാം ആര്‍ജിക്കേണ്ടത് യേശുവിന്റെ ഈ മനോഭാവമാണ് സഭാനേതൃത്വം അതിനു തയ്യാറാകാതെ വരുന്നപക്ഷം, വിശ്വാസിസമൂഹംതന്നെ അവര്‍ക്കുമുമ്പേ സഞ്ചരിച്ച്, അവര്‍ക്കു വഴികാട്ടികളാകേണ്ടതുമുണ്ട്.



3 comments:

  1. What is essential for marriage is the coming together of a man and woman and their commitment to love and support each other for life since marriage is to be a unity of love in the service of life. In the present times we live we can't insist even on partners being male and femail since gay and lesbian marriages, though controversial, are in vogue and are approved and supported by special sunday services conducted for them by the Catholic church in countries like UK. So we have to think ten times before we start condemning people when they follow honest dictates of their consciences.

    ReplyDelete
  2. Mixed Marriage



    What is essential for marriage is coming together of a man and woman and their commitment to love and support each other for life since marriage is to be a unity of love in the service of life. In the present times we live we can't insist even on partners being male and female since gay and lesbian marriages, though controversial, are in vogue and are approved and supported by special Sunday services conducted for them by Catholic church in countries like UK. So we have to think ten times before we start condemning people who follow honest dictates of their consciences.

    *********

    ReplyDelete
  3. മിശ്രവിവാഹം ആഗോളസഭയില്‍ അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലോ യൂറോപ്പിലോ പള്ളിയില്‍‍ കെട്ടിക്കുന്നതിനു മിശ്രവിവാഹം ഒരു പ്രശ്നമേയല്ല. കാനോന്‍‍ നിയമപ്രകാരം ഇതു അനുവദനീയമാണ്. ജനിക്കുന്ന മക്കളെ ക്രിസ്ത്യന്‍‍ അന്തരീക്ഷത്തില്‍‍ വളര്‍‍ത്തണമെന്ന് ഒരു പ്രതിജ്ഞ ചെയ്യണമെന്നു മാത്രം. കാനോന്‍‍ നിയമങ്ങളെ തകിടംമറിച്ചുകൊണ്ടുള്ള ഒളിച്ചുകളിയാണ് കേരളസഭ മതപരിവര്‍‍ത്തനത്തില്‍ക്കൂടി വൈവാകിക ബന്ധം ആവശ്യപ്പെടുന്നത്.

    ജാതിമത സാംസ്ക്കാരിക ചിന്താഗതികള്‍‍ക്കുപരിയായ വിവാഹബന്ധങ്ങള്‍‍ ഗംഭീരങ്ങളായ ആശയങ്ങളെന്നു സംശമില്ല. രാഷ്ട്രീയക്കാരും ദളിത്‌ പ്രവര്‍‍ത്തകരും വാതോരാതെ ഇമ്പമേറിയ ഭാഷയില്‍‍ സംസാരിക്കും.

    നെഹ്‌റു യുഗവും ഓര്‍‍ക്കുന്നു. ഭാരതത്തിലെ കറുത്തവരും വെളുത്തവരും ചണ്ടാളനും ബ്രാഹ്മണനും കറുത്ത തമിഴ്നും വെളുത്ത കാശ്മീരിയും
    ഒന്നാണെന്ന് അദ്ദേഹവും പ്രസംഗിക്കുമായിരുന്നു. മകള്‍ ഇന്ദിരാ ഒരു പാര്‍‍സിയെ വിവാഹംചെയ്യുവാന്‍‍ തുനിഞ്ഞപ്പോള്‍‍ ഏറ്റവും എതിര്‍‍ത്തത് സ്വന്തം അപ്പന്‍‍ ആയിരുന്നു.വിവാഹശേഷവും മകള്‍‍ക്കൊപ്പം പ്രധാനപരിപാടികളില്‍‍ ഫെരോസ്സിനെ പങ്കെടുപ്പിക്കുകയില്ലായിരുന്നു. ഫെറോസ്മായുള്ള ഇന്ദിരയുടെ വിവാഹം അപ്പനായ നെഹ്രുവിനെ തളര്‍‍ത്തിയിരുന്നുവെന്ന് ചരിത്രസത്യമാണ്.

    മിശ്രവിവാഹം എന്ന ആശയം കമ്മ്യൂണിസ്റ്റ്കാരനും കമ്മ്യൂണിസവും തമ്മിലുള്ള വിത്യാസം ഉണ്ട്. മതത്തിനും വിശ്വാസത്തിനും ഉപരിയായി രണ്ടു ദമ്പതികളുടെ ഉറച്ച സ്നേഹബന്ധം പ്രധാന ഘടകംതന്നെ. അത്രമാത്രം മലയാളീസംസ്ക്കാരവും മലയാളീകുടുംബങ്ങളും വളര്‍ന്നുവോയെന്നും സംശയമുണ്ട്.

    പിന്നീടു മതത്തിന്‍റെ പേരില്‍‍ കലഹിച്ചുകൊണ്ടിരിക്കുന്ന അനേക കുടുംബങ്ങളെ അറിയാം. ഇതറിഞ്ഞായിരിക്കാം കേരളസഭകള്‍‍ ഒന്നായ മതവിശ്വാസവും നിര്‍ബന്ധിക്കുന്നത്‌. ഒരു മാര്‍ത്തോമ്മാ-കത്തോലിക്കാ ദമ്പതികളെ അറിയാം. ST. മേരിയെകൂട്ടി അവന്‍റെ ഭാര്യയെ പത്തു പുഴുത്തതെറി എന്നും പറഞ്ഞില്ലങ്കില്‍‍ ആ മാനസ്സികരോഗിക്ക് അന്നു ഉറക്കംവരുകയില്ല. ഇത്തരം അനേക സംഭവവികാസങ്ങള്‍ ‍ഞാന്‍‍ ജീവിക്കുന്ന സമൂഹത്തിനു ചുറ്റുമുണ്ട്.ഈ പ്രശ്നങ്ങള്‍ കരഞ്ഞുപറയുന്ന മാതാപിതാക്കളെയും അറിയാം.

    മതവിശ്വാസം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍‍ മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു ഘടകംതന്നെയാണെന്ന് സംശയമില്ല. മക്കളെ വളര്‍ത്തുന്ന കാലഘട്ടങ്ങളിലായിരിക്കും ഇതു രൂക്ഷമാകുന്നത്. മതംപറഞ്ഞു ദമ്പതികള്‍ പരസ്പരം കുത്തികൊണ്ടിരിക്കും.

    മതത്തെയും ദൈവത്തെയും വെറുക്കുന്ന ഒരു സമൂഹമായിരിക്കും പിന്നീടുള്ള തലമുറകള്‍. രണ്ടു വിത്യസ്ത സംസ്ക്കാരങ്ങളില്‍ വളര്‍ന്നവര്‍ക്ക് സ്നേഹത്തോടെയുള്ള ജീവിതം ദുഷ്ക്കരമാകുവാനും സാധ്യതകള്‍ ഉണ്ട്. രണ്ടു
    വിശ്വാസആചാരങ്ങള്‍ കുടുംബത്ത് അസ്വസ്തയുണ്ടാക്കും. വിവാഹമെന്നു പറയുന്നത് പരസ്പര രണ്ടു കുടുംബങ്ങള്‍തമ്മിലുള്ള ബന്ധംകൂടിയാണ്.

    ഹരിജന്‍ പുതുക്രിസ്ത്യാനിയെ, ഉള്‍ക്കൊള്ളുവാന്‍ നസ്രാണി ഇനിയും രണ്ടു തലമുറകളെങ്കിലും ജനിക്കണം. അവസാനം പരസ്പരം രണ്ടുപേരുടെയും ദൈവനിന്ദ,ജാതിവിജാതി വാദപ്രതിവാദങ്ങളില്‍ അവസാനിക്കും. ഒടുവില്‍ വിവാഹ മോചനത്തിലോ ആത്മഹത്യയിലോ നരഹത്യകളിലോ അവസാനിച്ച കുടുംബങ്ങളും വാര്‍ത്തകളില്‍ കാണുന്നു.

    ReplyDelete