Translate

Monday, April 23, 2012

1.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര


ശരിയോ തെറ്റോ, നന്മയോ തിന്മയോ അല്ല ഇവിടെ പ്രശ്നം. സഭയെയോ സഭാധികാരികളെയോ അല്മായര്‍ വിമര്‍ശിച്ചാല്‍ ശിക്ഷ നിത്യനരകമെന്നാണ് വെപ്പ്. പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് ഈ
വിധികര്‍ത്താക്കള്‍ വിധി എഴുതുന്നു. നാളിതുവരെ അല്മായര്‍ ഇതു വിശ്വസിച്ചിരുന്നു.ഞാനും വിശ്വസിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ശ്രീ ചാക്കോ കളരിക്കന്‍ രചിച്ച മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു  തപാലില്‍ അയച്ചുതന്നു.  തികച്ചും, യാദൃശ്ചികമായി  അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ താളുകള്‍ മറിച്ചു നോക്കി. വല്ല പുരോഹിത ആശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.  എന്നാല്‍ പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ പുസ്തകമാണെന്ന് പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക കണ്ടപ്പോള്‍   തീര്‍ച്ചപ്പെടുത്തി. ദീര്‍ഘനാളിലുള്ള അമേരിക്കന്‍ ജീവിതം മലയാള ഭാഷയുമായി എന്നെ വളരെയധികം അകത്തിയിരുന്നു. മലയാള അക്ഷരങ്ങള്‍ കൂട്ടി വായിക്കുവാനുള്ള ക്ഷമക്കുറവു മൂലം   മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായി തീര്‍ന്നിരുന്നു.

ശ്രീ ചാക്കോയുടെ   മതാധിപത്യം കത്തോലിക്കാസഭയില്‍ തികച്ചും  വിപ്ലവ ആശയങ്ങള്‍ അടങ്ങിയ   ഒരു  ഗവേഷണ  പുസ്തകമാണ്. ഞാന്‍ ആദ്യപേജു  മുതല്‍  അവസാന  പേജുവരെ  എന്തെന്നില്ലാത്ത  ആവേശത്തോടെ വായിച്ചു.   അന്നുവരെ  ഞാന്‍  ഉള്ളില്‍  ഒതുക്കി  വെച്ചിരുന്ന  എന്‍റെയുംകൂടി  ആശയങ്ങളായിരുന്നു  ഇതില്‍ ‍  ഉടനീളം  പ്രതിഫലിച്ചിരുന്നത്. ഇങ്ങനെയുള്ള  പുസ്തകങ്ങള്‍  സ്കൂളിലോ  കോളെജിലോ  പഠിക്കുവാന്‍  സാധിക്കുകയില്ല. ഗ്രന്ഥപ്പുരകളിലും  കണ്ടെത്തുവാന്‍  വിഷമം.  സ്വതന്ത്രമായ  ആശയങ്ങള്‍  ഉള്‍കൊള്ളൂവാന്‍   കഴിവുള്ളവര്‍ക്ക്  ഈ  ഗ്രന്ഥം  ആനന്ദം  നല്‍കും. മനസ്സിന്  കുളിര്‍മ്മയും. മറിച്ചു മാറ്റത്തിനെതിരായ ബുദ്ധിശൂന്യര്‍ക്ക്, പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായ അനുസരണയുള്ള സഭാമക്കള്‍ക്ക്‌   കളരിക്കന്‍റെ ഈ പുസ്തകം ബോറടിയായിരിക്കും.

പ്രായോഗിക ജീവിതത്തില്‍ പുരോഹിതരുടെ കൊള്ളരുതായ്മകള്‍ കണ്ടും കേട്ടും വളര്‍ന്ന ഞാന്‍ എന്നും മനസ്സില്‍  പുരോഹിതര്‍ക്കും സഭയ്ക്കും എതിരായ ഒരു വിപ്ലവകാരിയായിരുന്നു. ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കുവാന്‍ ഭാഗ്യം ഉണ്ടായില്ല. എങ്കില്‍ ഗഹനമായി ആഴത്തില്‍ ഇറങ്ങി ചിന്തിച്ചു പണ്ടേ ഞാന്‍ ഇവര്‍ക്കെതിരെ പ്രഹരിക്കുമായിരുന്നു. മൊത്തം പുരോഹിതരെ എനിക്ക് മതിപ്പും കുറവായിരുന്നു.  എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കും നല്ല പുരോഹിതര്‍ക്കും വേണ്ടിയുള്ള മുറവിളിയാണെന്ന് ഈ ഗ്രന്ഥത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത് കാണാം. ഏതെങ്കിലും പുരോഹിതനോ മേത്രാനോ ഈ പുസ്തകം വായിച്ചാല്‍ യേശുവിനോട് അവര്‍ കൂടുതല്‍  അടുക്കുമെന്നു തീര്‍ച്ചയാണ്. ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു ചികച്ചില്‍ കൂടിയാണ്.

വെറുപ്പുമാത്രം എനിക്കു സമ്മാനിച്ച പുരോഹിതരില്‍നിന്നും കഴിഞ്ഞ കാലങ്ങളില്‍ അകന്നു ജീവിച്ചതുമൂലം യേശുവിനെയും തത്വങ്ങളെയും ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് ചാക്കോച്ചന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്. പുരോഹിതരോടുള്ള വെറുപ്പു എന്നില്‍ നിന്നും മാറി സഭയുടെ നന്മക്കായുള്ള ചാക്കോച്ചന്‍റെ ചിന്താഗതികളുമായി ഈ പുസ്തക വായനക്കുശേഷം ഞാനും അലിഞ്ഞു ചെര്‍ന്നു. എന്നിലെ  മാറ്റത്തിന്‍റെ ഒരു  തുടക്കമെന്നും  പറയാം.

വൈദികരുടെ കൊള്ളരുതായ്മമൂലം ലോകം മുഴുവന്‍ സഭ വിട്ടുപോവുന്നുണ്ട്. വൈദിക അധികാരം വെട്ടിക്കുറച്ചു സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണംക്കൂടിയാണ് പണ്ഡിതനായ
ചാക്കോച്ചന്‍റെ  തൂലികയില്‍നിന്ന് പുറപ്പെട്ട ഈ  അമൂല്ല്യ പുസ്തകത്തിന്‍റെ  ഉള്ളടക്കം.ഗ്രന്ഥകാരന്‍റെ   സ്വന്തം ജീവിതാനുഭവങ്ങള്‍ പകര്‍ന്നുവെച്ച ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന വായനക്കാരനു ഞെട്ടിക്കുന്ന സത്യങ്ങള്‍ക്ക് മുമ്പില്‍ ഒരു കൊള്ളിയാന്‍ മിന്നുന്നതുപോലെ തോന്നും. സഭയുടെ അന്തസും പാരമ്പര്യവും നിറഞ്ഞ  പഴയതില്‍ നിന്നും പുതിയതിലേക്ക് ഒരു കുതിച്ചു ചാട്ടത്തിനും ആഗ്രഹിക്കും.

കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ
വിമര്ശിക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളും ഉണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോഥാന ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ ഇല്ലാതാക്കി. അഴുക്കു ചാലുകളില്‍ നിന്നും രക്ഷപെട്ടു പുറത്തു ചാടി അനേകം നവീകരണ സഭകള്‍ക്കും തുടക്കമിട്ടു. ചില മുറിവുകള്‍മായിച്ചു കളയുവാന്‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ  വൈദികരും ലോകമെമ്പാടും യേശുവിന്‍റെ സന്ദേശം എത്തിക്കുവാന്‍ ശ്രമിച്ചു.

കുരിശുയുദ്ധങ്ങള് വഴി യൂറോപ്പു മുഴുവന്‍   രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചു ലോകത്തെ മുഴുവന്‍ ദരിദ്രക്കയത്തില്‍ മുക്കുവാനായിരുന്നു സഭയുടെ തീവ്രമായ മുന്നേറ്റം.  മാര്‍ട്ടിന്‍ ലൂതരിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും. സഭയുടെ ഒഴുകുന്ന അഴുക്കു ചാനലില്‍ ഇന്നും ഇവരുടെ ദീനരോദനങ്ങള്‍ കേള്‍ക്കാം. മറക്കാന്‍  സാധിക്കാത്ത  കുറ്റങ്ങളുമായി നാസിക്യാമ്പില്‍ നടന്ന നൂറായിരം കൂട്ടകൊലകളുടെ ചരിത്ര പാപങ്ങള്‍  ഇന്ന് യഹൂദ മാധ്യമങ്ങളും സഭയുടെ മേല്‍ കെട്ടിവെക്കുന്നു.

അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി  മുദ്രകുത്തുന്ന ഒരു
കീഴ്വഴക്കമാണ് സഭക്കുള്ളത്. തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു  സഭാ നേതാക്കള്‍ക്ക് എന്നും താല്പര്യം. അര്‍ഹമായ വിമര്‍ശനം  ഇവര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം   സഭാ വിമര്‍ശന  പുസ്തകങ്ങള്‍ വളരെ വിരളമായെ ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസ്സമാണ്. ഇതിനപവാദമായി അത്യുഗ്ര
 പ്രഹരശേഷിയുള്ള ആഗ്നേയ മിസ്സൈലുപോലെ സഭയെ വിമര്‍ശന  കേന്ദ്രമാക്കി ഒരു നല്ല പുസ്തകം ശ്രീ കളരിക്കന്‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.

'മതാധിപത്യം കത്തോലിക്കാ സഭയില്‍' എന്ന  പുസ്തകത്തിന്‍റെ  തലവാചകത്തില്‍ക്കൂടി സഭ എന്ന ഏകാധിപത്യത്തെ ഒരു ഗവേഷണ പരമ്പരപോലെയാണ് കളരിക്കന്‍ ഓരോ അധ്യായങ്ങളിലുംഇവിടെ  വിവരിച്ചിരിക്കുന്നത്. സഭ നേതൃത്വത്തിന്‍റെ അഴിമതികള്, കള്ളത്തരങ്ങള്, തീ വെട്ടി പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍  ഇങ്ങനെ അനേക സാമൂഹ്യക   പ്രശ്നങ്ങളുടെ  ചുരുക്കമാണ്  ഈ  ഗവേഷണഗ്രന്ഥം.  സഭയിലെ സ്തീ വിവേചനമെന്ന ആദ്യ 
അധ്യായത്തില്ക്കൂടിയാണ് കളരിക്കന്‍ തന്‍റെ വിജ്ഞാനപ്രദമായ തൂലിക ചലിപ്പിച്ചിരിക്കുന്നത്.

മതാധിപത്യം കത്തോലിക്കാസഭയില്‍: Online-ഇവിടെ ക്ലിക്ക് ചെയ്യുക :

തുടരും:

1 comment:

  1. Roman catholic church a prdominant denomination in India failed to grow in India after independence remaining as 2.5% only why? because the church's main agenda is to make money by running minority hospitals & schools which were beneficiary for others. Priests & their relatives with the family name enjoyed the luxuries of catholic church. They did binaami investments sacrificing church money or poor laity contribution like that in the case of Rashtra Deepika where once sold news paper has been bought back spending 7 times or more the amount. Who is benefited from such bloody deals?

    ReplyDelete