Translate

Sunday, April 8, 2012

ഈസ്റ്ററിനു പാടാന്‍ ക്രിസ്തുവിന്റെ പാട്ട്:

നെല്ലിക്കാ കയ്ചിടുന്നതുപോല്‍
മുമ്പിലുള്ളൊരു പാനപാത്രത്തില്‍
കയ്പാണെന്നതു കണ്ടിട്ടും
അതു കുടിക്കാന്‍ മടിക്കാതെല്ലാം
നെല്ലിക്കാ പോലെയുള്‍ക്കൊള്‍കെ
യേശു ചൊന്നു : പൂര്‍ത്തിയായെല്ലാം.

താതാ നിന്‍ ഹിതം നിറവേറ്റാന്‍
ഗോതമ്പുമണിപോല്‍ ഞാനീ
മണ്ണില്‍വീണഴിഞ്ഞീടുമ്പോള്‍
അറിഞ്ഞൂ ഞാനായിരം ചെടികള്‍
ആയിരമായിരം മണികളുമായ്
വളര്‍ന്നീടും ഫലം നല്കീടും.

ഞാനറിയുന്നെവിടെയെല്ലാമെന്‍
വചനമണികള്‍ വീണഴിയുന്നു.
എത്രപേരെന്‍ മാതൃക കണ്ടി-
ട്ടെന്റെ വഴിയെ ചരിച്ചീടുന്നു,
സ്‌നേഹമാം ദൈവത്തെയറിയുന്നു,
സ്‌നേഹമായ് ദൈവത്തിലലിയുന്നു.

ദൈവവചനം ഫലം നല്കുന്നി-
ല്ലെന്നു കാണുന്നിടത്തും നോക്കൂ:
പറവകള്‍ക്കാഹാരമായെങ്കില്‍
പാറമേല്‍ വീണതിനു സാഫല്യം.
മുള്‍ചെടികള്‍ക്കിടയില്‍ വീണവയും
മുള്‍ കരിഞ്ഞാല്‍ മുളച്ചുകൊള്ളും.  

1 comment:

  1. ഓസ്‌റ്റര്‍ എന്ന വസന്തകാലത്തിലെ ദേവതയില്‍ നിന്നും ഈസ്റ്റര്‍ എന്ന പദം ഉണ്ടായി.
    ആര്യകുലത്തിലെ ടുടോനിക്ക് എന്ന വര്‍ഗം പൂജിച്ചിരുന്ന ഒരു ദേവതയായിരുന്നു ഓസ്‌റ്റര്‍.

    ആദ്യകാലങ്ങളില്‍ ഈസ്റ്റര്‍ ഒരു വസന്ത ഉത്സവമായിരുന്നു. വസന്തകാലങ്ങളില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇരുട്ടിനേക്കാള്‍ പകല്‍ കൂടുതല്‍ ഉണ്ട്. ഉയര്‍ത്തെഴുന്നേറ്റ ഒരു ദേവനെആരാധിക്കുവാന്‍ എന്തുകൊണ്ടും അനുയോജ്യമായ സമയവും. ഒസിരിസ്, മിത്രാസ്, ഓടിന്‍, എന്നിങ്ങനെ മറ്റു അനേക ഉയര്‍ത്തെഴുന്നേറ്റ ദൈവങ്ങള്‍ ക്രിസ്തുവിനു മുമ്പുമുതല്‍ ആര്യ പേഗന്‍വര്‍ഗങ്ങളില്‍ കാണാം.

    പൂക്കളും പക്ഷികുഞ്ഞുങ്ങളും മുയല്ക്കുട്ടികളും നിറമുള്ള മുട്ടകളും,വിരിയാന്‍ പോകുന്ന മുട്ടകളും പ്രകൃതി അനുഗ്രഹിച്ച ഈ സുദിനങ്ങളില്‍ സുലഭമാണ്. ഈ അടയാളങ്ങളെല്ലാം പുതു ജീവിതങ്ങളുടെയും പുഷ്കലത്വത്തിന്‍റെയും തുടക്കവും. പൌരാണിക കാലംമുതല്‍ മനുഷ്യന്‍ ആചരിച്ചുവന്ന ഒരു വസന്തോത്സവവുമാണ്.

    ലില്ലിപൂക്കള്‍ കൂടുതലും മരണത്തിന്‍റെ അടയാളങ്ങളായി കണക്കാക്കിയിരുന്നുവെങ്കില്‍ വസന്തത്തിന്‍റെ ഈ പൂക്കളെ പൌരാണിക റോമിലും ഗ്രീക്കിലും പുതുജീവിതത്തിന്‍റെ ചിന്ഹം ആയി അല്ത്താരകളിലും ദേവസന്നിധിയിലും അര്‍പ്പിച്ചിരുന്നു.

    ക്രൂശിതനായ യേശു ആണികള്‍ വലിച്ചൂരി മാലാഖമാര്‍ക്കൊപ്പം സ്വര്‍ഗത്തില്‍നിന്ന് താഴേക്കു വന്നിരുന്നുവെങ്കില്‍ അവിടുത്തെ വചനങ്ങള്‍, അത്ഭുതങ്ങള്‍, സ്നേഹമെല്ലാം തികച്ചും വക്ക്രമാക്കിയതായി കണ്ടേനെ. എങ്കില്‍ കലിയുഗ പിറവികളായ ഒരു വന്‍ജനതയെതന്നെ നാശത്തിന്‍റെ വിത്തുവിതച്ചു നിത്യനരകം നല്‍കുമായിരുന്നു.

    പ്രവചനങ്ങളും പ്രതീക്ഷകളും ഉഗ്രഭീതിയുണ്ടാക്കി പച്ചകള്ളങ്ങളായി ഭവിക്കുമായിരുന്നു. പാപങ്ങള്‍ ക്ഷമിക്കാതെ, ഹൃദയങ്ങളില്‍ സമാധാനം നല്‍കാതെ , സൌഖ്യം നല്‍കാതെ, പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാതെ ഇന്ന് തുടക്കമിടുന്ന ഈസ്റ്റര്‍ എന്ന പുതുജീവിതം താറുമാറാക്കുമായിരുന്നു.

    വെറുപ്പും സ്വാര്‍ഥതയും അഹങ്കാരവും വാണരുളുന്ന ഈ ഭൂമിയെ ചാമ്പലാക്കുമായിരുന്നു. നന്മയെന്നുള്ളത് വിഡ്ഢികളുടെ സങ്കല്പ്പമായി കാണുമായിരുന്നു. യേശു താഴേക്കു വന്നിരുന്നുവെങ്കില്‍ ഒന്നു ചിന്തിക്കൂ!!!

    എന്നാല്‍ യേശു താഴേക്കു വന്നില്ല. ആ പൂര്‍ണ്ണനായ മനുഷ്യന്‍ മരിക്കേണ്ട യാതൊരു കാരണവും ഇല്ലായിരുന്നു. എങ്കിലും ഉയര്‍ത്തെഴുന്നേറ്റ യേശു പാപികള്‍ക്കും നീതിമാന്മാര്‍ക്കും ഒരുപോലെ
    രക്ഷയുടെ വാഗ്ദാനവുമായി സ്വര്‍ഗത്തിലിടം തയ്യാറാക്കുന്നു. വായനക്കാര്‍ക്ക് ഈസ്റ്ററിന്‍റെ മംഗളങ്ങള്‍.

    ReplyDelete