Translate

Monday, September 21, 2015

ശാന്തി അഥവാ രക്ഷ


സത്യജ്വാല സെപ്റ്റംബര്‍ ലക്കത്തിലെ മുഖക്കുറി

ജോര്‍ജ് മൂലേച്ചാലില്‍

'ശാന്തി' എന്ന അര്‍ത്ഥത്തിലാണ് യേശു പ്രഘോഷിച്ച 'രക്ഷ' (Salvation) യെ മനസ്സിലാക്കേണ്ടതെന്ന, കേരളത്തിലെ വിഖ്യാതദൈവശാസ്ത്രജ്ഞന്‍ റവ.ഡോ.സിപ്രിയന്‍ ഇല്ലിക്കമുറിയുടെ പ്രസ്താവന (കാണുക, 'സത്യജ്വാല' ആഗസ്റ്റ് ലക്കം, പേജ് 32) ആഴത്തിലുള്ള വിചിന്തനം അര്‍ഹിക്കുന്നു. ''എല്ലാ അര്‍ത്ഥത്തിലും മനുഷ്യന് - ഓരോ മനുഷ്യനും എല്ലാ മനുഷ്യര്‍ക്കും - സമഗ്രത, ശാന്തി, സുസ്ഥിതി ഉണ്ടായിരിക്കുന്ന അവസ്ഥയെയാണ് രക്ഷ എന്നു പറഞ്ഞപ്പോള്‍ യേശു അര്‍ത്ഥമാക്കിയ''തെന്നും, ''അതിന്റെ പര്യായമായിട്ടാണ് യേശു ദൈവരാജ്യം അഥവാ സ്വര്‍ഗ്ഗരാജ്യം എന്നു പറഞ്ഞത്'' എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 'രക്ഷ'യെക്കുറിച്ച് ഇപ്രകാരമൊരു വ്യാഖ്യാനം സഭ എന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതായി അറിയാനിടവന്നിട്ടില്ല.
 ''യേശു പ്രഘോഷിച്ച ഈ രക്ഷയെ തെറ്റിദ്ധരിച്ചുകൊണ്ടാണ് ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷ, പരലോകത്തിലെ രക്ഷ എന്നെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത''തെന്നും, ''ഈ രക്ഷയെ ഓരോരുത്തരുടെയും വ്യക്തിപരമായ രക്ഷയായി തെറ്റിദ്ധരിച്ചത് പില്‍ക്കാലത്തുണ്ടായ individualistic   ചിന്താഗതി മൂലമാണെ''ന്നുംകൂടി അദ്ദേഹം എഴുതിയിരിക്കുന്നു... രക്ഷയെക്കുറിച്ച് യേശുവചസ്സുകളുമായി ഏറ്റം ഒത്തുപോകുന്നതും യുക്തിഭദ്രവുമായ ഇല്ലിക്കമുറിയച്ചന്റെ വിപ്ലവകരമായ ഈ വ്യാഖ്യാനം, വ്യക്തിപരമായ സ്വര്‍ഗ്ഗം ലക്ഷ്യംവച്ചുള്ള ഭക്ത്യാഭാസങ്ങളും പ്രാര്‍ത്ഥനകളും കുരിശുമലകേറ്റങ്ങളും തീര്‍ത്ഥാടനങ്ങളും കൂടിവരുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായി തോന്നുന്നു.

രക്ഷയെക്കുറിച്ചുള്ള ഈ വ്യാഖ്യാനം ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ പ്രബോധനങ്ങളുമായും ഏറെ ചേര്‍ന്നുപോകുന്നതാണ്. മനുഷ്യനുമപ്പുറം, പ്രകൃതിയിലെ സൂക്ഷ്മജീവികളുള്‍പ്പെടെ സമസ്ത ജീവജാലങ്ങളുടെയുംകൂടി സുസ്ഥിതിയെ തന്റെ ബൈബിളധിഷ്ഠിത വീക്ഷണചക്രവാളത്തില്‍ മാര്‍പ്പാപ്പാ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതേ വ്യത്യാസമായി കാണുന്നുള്ളൂ. ഭൂമി സര്‍വ്വജീവജാലങ്ങളുടെയും പൊതുഭവനമാണെന്നും ആ ഭവനത്തിന്റെയും അതിലുള്ള സകലതിന്റെയും സംരക്ഷണം മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നുമുള്ള, 'സ്തുതിയായിരിക്കട്ടെ' എന്ന തന്റെ ചാക്രികലേഖനത്തിലെ അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാടുതന്നെ, വ്യക്തികേന്ദ്രീകൃത ആത്മരക്ഷയെന്ന സങ്കുചിതസങ്കല്പത്തെ നിരാകരിക്കുന്നുണ്ടല്ലോ. അദ്ദേഹം അതില്‍ പറയുന്നു: ''...അവനവനില്‍നിന്നു പുറത്തുവന്ന് അപരനിലേക്കു കടക്കാന്‍ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, മറ്റു സൃഷ്ടികളുടെ യഥാര്‍ത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള കാര്യങ്ങളില്‍ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേല്‍തന്നെ പരിധി നിര്‍ണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതില്‍ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതല്‍ മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (individualism) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്.... സ്വകാര്യമാത്രപരതയെ മറികടക്കാന്‍ നമുക്കു കഴിഞ്ഞാല്‍, തീര്‍ച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുവാനും നമുക്കു കഴിയും'' (208-ാം ഖണ്ഡിക).സ്വകാര്യമാത്രപരതയുടെ എല്ലാ രൂപങ്ങളെയും നിരാകരിക്കേണ്ടതുണ്ട് എന്നു പറയുമ്പോള്‍, സ്വന്തം ആത്മരക്ഷയോര്‍ത്തുള്ള വ്യഗ്രതയും അതിലുള്‍പ്പെടുന്നു. അതിനെക്കുറിച്ചൊന്നും ആകുലചിത്തരാകാതെ, തന്റെയും മറ്റുള്ളവരുടെയും മനുഷ്യകുലത്തിന്റെയാകെയും സുസ്ഥിതിക്കും ആനന്ദത്തിനും ശാന്തിക്കും വേണ്ടി ആവുംവിധം പ്രവര്‍ത്തിക്കുകയാണ് രക്ഷയിലേക്കുള്ള മാര്‍ഗ്ഗം എന്നു വരുന്നു. അദ്ദേഹം പറയുന്നു: ''ഇനിയെന്താണു സംഭവിക്കാന്‍ പോകുന്നത് എന്ന ചിന്തയേയില്ലാതെ, ഏതു മനുഷ്യന്റെയും മുമ്പില്‍ പൂര്‍ണ്ണസാന്നിദ്ധ്യമായിരിക്കാനും, സമ്പൂര്‍ണ്ണമായി ജീവിക്കേണ്ട ദൈവദാനമായിക്കണ്ട് ഓരോ നിമിഷത്തെയും സ്വീകരിക്കാനും കഴിയുന്ന ഹൃദയഭാവത്തെക്കുറിച്ചാണു നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. വയലിലെ ലില്ലിപുഷ്പങ്ങളെയും ആകാശത്തിലെ പറവകളെയുംകുറിച്ച് മനനംചെയ്യാന്‍ ക്ഷണിച്ചപ്പോഴും അസ്വസ്ഥനായിത്തീര്‍ന്ന ധനികയുവാവിനെ സ്‌നേഹമസൃണമായി കടാക്ഷിച്ചപ്പോഴും യേശു നമ്മെ ഈ മനോഭാവം പഠിപ്പിക്കുകയായിരുന്നു... (226-ാം ഖണ്ഡികയില്‍നിന്ന്). പരാര്‍ത്ഥഭാവത്തോടെ അപരന്റെ മുമ്പില്‍ കരുതലിന്റെയും സ്‌നേഹകടാക്ഷത്തിന്റെയും നിറസാന്നിദ്ധ്യമായിരിക്കുക എന്നതാണ് യേശു പഠിപ്പിച്ച ആദ്ധ്യാത്മികത എന്നു വ്യക്തമാക്കുകയാണിവിടെ ഫ്രാന്‍സീസ് പാപ്പാ.

''ആത്മാവിലുള്ള ദൈവികപ്രവര്‍ത്തനത്തെ കണ്ടെത്താന്‍ ഒരുവന്‍ ബഹിര്‍മുഖതയില്‍നിന്ന് തന്റെ ആന്തരികതയിലേക്കു കടന്നാല്‍ മാത്രം പോരാ; മറിച്ച്, എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തേണ്ടതുണ്ട്'' (233-ാം ഖണ്ഡികയില്‍നിന്ന്) എന്നു പറയുമ്പോഴും, ''വ്യക്തിതലത്തില്‍ നന്മ ആര്‍ജ്ജിച്ച് ഓരോരുത്തര്‍ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല... അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേര്‍ത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്മാശൃംഖലകള്‍ക്കു രൂപം
കൊടുത്ത് ആ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്'' (219-ാം ഖണ്ഡികയില്‍നിന്ന്) എന്നു വിശദീകരിക്കുമ്പോഴും, ''.... നാം എന്തെങ്കിലും സ്വന്തമാക്കുന്നെങ്കില്‍, അതു മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുന്നതിനു മാത്രമായിട്ടുള്ളതാണ്. നമ്മളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ നിലനില്പിനെ നിഷേധിക്കുന്നതുവഴി നമ്മുടെ മനഃസാക്ഷിയെ ഭാരപ്പെടുത്തുകയാണ്'' (95-ാം ഖണ്ഡികയില്‍നിന്ന്) എന്നു കാട്ടിത്തരുമ്പോഴും, വൈയക്തികമാനം മാത്രമുള്ള നന്മപ്രവൃത്തികളും ആത്മീയതയും  ദൈവരാജ്യസൃഷ്ടി എന്ന ലക്ഷ്യത്തിലേക്കും, ശാന്തി അഥവാ രക്ഷ എന്ന അനുഭവത്തിലേക്കും മനുഷ്യനെ എത്തിക്കുകയില്ല എന്നു വ്യക്തമാക്കുന്നു, അദ്ദേഹം. മനഃസാക്ഷി ഭാരപ്പെട്ടിരിക്കുമ്പോള്‍ അവിടെയെങ്ങനെ ശാന്തിയുണ്ടാകും?

യേശു പ്രഘോഷിച്ച രക്ഷയെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷയെന്നും പരലോകത്തിലെ രക്ഷയെന്നും മറ്റും ദുര്‍വ്യാഖ്യാനം ചെയ്തത് എന്ന് ബഹു. ഇല്ലിക്കമുറിയച്ചന്‍ പറഞ്ഞ അതേ പ്രകാരത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായും ഒരു കാര്യം തന്റെ ചാക്രികലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. അതിങ്ങനെയാണ്: 

''....ലോകത്തില്‍നിന്നു വിട്ടുനിന്നുള്ള സന്ന്യാസസമാനമായ ഒരു ജീവിതമായിരുന്നില്ല യേശുവിന്റേത്.... ശരീരത്തെയും ഭൗതികവസ്തുക്കളെയും ലോകകാര്യങ്ങളെയും നിന്ദിക്കുന്ന തത്വചിന്തകളില്‍നിന്നൊക്കെ അദ്ദേഹം വളരെ ദൂരത്തായിരുന്നു. എന്നിരുന്നാലും, ചരിത്രഗതിയില്‍ അനാരോഗ്യകരമായ അത്തരം ദ്വന്ദ്വാത്മകചിന്തകളുടെ സ്വാധീനത്താല്‍ ചില ക്രൈസ്തവചിന്തകര്‍ സുവിശേഷത്തെ വികൃതമാക്കി അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്'' (98-ാം ഖണ്ഡിക). ഫ്രാന്‍സീസ് മാര്‍പ്പാപ്പായും ഇല്ലിക്കമുറിയച്ചനും പരാമര്‍ശിച്ച 'ഈ ചിലരു'ടെ ചിന്തകളാണ് ക്രൈസ്തവസഭയുടെ ചരിത്രത്തെ തുടര്‍ന്നിന്നോളം നയിച്ചത് എന്ന് പിറകോട്ടു നോക്കിയാല്‍ കാണാനാകും. സഭാപിതാക്കന്മാരെന്നും സന്ന്യാസിവര്യന്‍ എന്നും ദൈവശാസ്ത്രജ്ഞരെന്നും വിശുദ്ധരെന്നും അറിയപ്പെടുന്ന 'ഈ ചിലരു'ടെ ചിന്തകള്‍മൂലം, ശരീരത്തോടും ലോകത്തോടും യുദ്ധം ചെയ്യുന്നതാണ് ക്രിസ്തീയ ആദ്ധ്യാത്മികതയെന്നും പുണ്യമെന്നുമുള്ള ചിന്ത സഭയില്‍ രൂഢമൂലമായി. 

ഉദാഹരണത്തിന്, 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഹെസിക്കിയോസ് എന്ന പുരോഹിതന്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ''വിദ്വേഷമുള്ള ഒരുവന്‍ തന്റെ വിദ്വേഷത്തെ പിശാചുക്കള്‍ക്കു നേരെ പ്രയോഗിക്കട്ടെ; കലഹപ്രിയനായ ഒരുവന്‍ തന്റെ കോപത്തെ ഒരിക്കല്‍ എന്നന്നേക്കുമായി സ്വന്തം ശരീരത്തിനെതിരെ ഉപയോഗിക്കട്ടെ. ശരീരം ചതിയനായ ഒരു സുഹൃത്താണ്. ....നിങ്ങളുടെ ശരീരത്തെ എതിര്‍ക്കുക; നിങ്ങളുടെ വയറിനെതിരെ യുദ്ധം ചെയ്യുക...'' (ഫിലോകാലിയ, 1-ാം വാല്യം, പേജ്; 333). 

വിശുദ്ധ ജോണ്‍ കാസിയാനോസ് ഇങ്ങനെ എഴുതുന്നു: ''നമ്മുടെ രണ്ടാമത്തെ പോരാട്ടം (ആദ്യത്തെ പോരാട്ടം വയറിനെതിരെയാണ്!), ഒരു മനുഷ്യനെ തന്റെ യൗവനംമുതല്‍ ആക്രമിക്കുന്ന ചാരിത്ര്യഭംഗത്തിന്റെയും വിഷയാസക്തിയുടെയും പിശാചിനെതിരായിട്ടാണ്. രൂക്ഷമായ ഈ പോരാട്ടം നമ്മുടെ ആത്മാവിലും ശരീരത്തിലും നാം നടത്തേണ്ടതുണ്ട്... സ്ത്രീകളെപ്പറ്റിയുള്ള ചിന്ത, അതു നിങ്ങളുടെ അമ്മയോ സഹോദരിയോ ഭക്തസ്ത്രീയോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ മനസ്സില്‍നിന്നു ബഹിഷ്‌ക്കരിക്കുക... ശാരീരികാസക്തി സ്രഷ്ടാവ് നമുക്കു നല്‍കിയിരിക്കുന്നത് പ്രത്യുല്പാദനത്തിനും വംശനിലനില്പിനും വേണ്ടിയാണ്; അല്ലാതെ, ചാരിത്രഭംഗത്തിനു വേണ്ടിയല്ല'' (മുന്‍ഗ്രന്ഥം, പേജ്: 149, 151, 154). 
''കണ്ണീരിന്റെ വരം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക... നിങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവ് അതിയായി സന്തോഷിക്കുന്നു'' എന്നാണ് ഒരു താപസനായി അറിയപ്പെടുന്ന ഇവാഗ്രിയോസ് എഴുതിയിരിക്കുന്നത്! 

അങ്ങനെ, 3-ാം നൂറ്റാണ്ടു മുതല്‍ ഏതാണ്ട് 14-ാം നൂറ്റാണ്ടുവരെ നടത്തിയ, ദുഃഖഭാവത്തിലേക്കും ജീവിതനിഷേധത്തിലേക്കും നയിക്കുന്ന ഇത്തരം ചിന്തകള്‍ സഭയുടെ നിലപാടുകളായി പിന്നീടു മാറുകയുണ്ടായി. ശാരീരികചോദനകളെയും നൈസര്‍ഗികവാസനകളെയും സന്തോഷഭാവത്തെയും ദൈവത്തിനുവേണ്ടി നിഗ്രഹിക്കുന്നവര്‍ക്കു സമ്മാനമായി മരണാനന്തരം നിത്യസ്വര്‍ഗ്ഗസൗഭാഗ്യം ലഭിക്കുമെന്നും, അങ്ങനെ ചെയ്യാത്ത പാപികള്‍ക്ക് നിത്യമായ തീനരകമാണു ലഭിക്കുന്നതെന്നുമുള്ള സഭയുടെ വാക്കുകള്‍ ദൈവവചനങ്ങളായി മനുഷ്യഹൃദയങ്ങളില്‍ പതിച്ചു. ശരീരത്തിലായിരുന്നുകൊണ്ട് സ്വന്തം ശരീരത്തെയും, ലോകത്തിലായിരുന്നുകൊണ്ട് ഈ ലോകത്തെയും ചെറുത്തുതോല്പിക്കാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നു, മനുഷ്യര്‍. ഇതു മനുഷ്യരെ നിരന്തരമായ പാപബോധത്തിന് അടിമകളാക്കുകയും അവന്റെ സൗന്ദര്യാസ്വാദനശേഷിയെയും സര്‍ഗ്ഗാത്മകതയെയും സ്വതന്ത്രചിന്തയെയും പ്രസാദാത്മകതയെയും കെടുത്തു
കയും ചെയ്തു. താന്‍ ജീവിക്കുന്നത് ശരീരത്തിലാണ് എന്ന യാഥാര്‍ത്ഥ്യബോധവും, സ്വര്‍ഗ്ഗത്തിനുവേണ്ടി ആ ശരീരത്തെ എതിര്‍ക്കേണ്ടതുണ്ട് എന്ന അടിച്ചേല്പിക്കപ്പെട്ട വിചാരവും തമ്മിലുള്ള മല്‍പ്പിടുത്തത്തില്‍ മനുഷ്യന്റെ സ്വത്വംതന്നെ രണ്ടായി പിളര്‍ന്നു. പുറമേയ്ക്ക് ശാരീരികതൃഷ്ണകള്‍ താല്കാലികമായി തലതാഴ്ത്തി നില്‍ക്കുന്ന ഒരു 'ആത്മീയ'മുഖവും, ഉള്ളില്‍ പതിന്മടങ്ങ് ശക്തിയാര്‍ജ്ജിച്ച തൃഷ്ണകളെ ഉപബോധമനസ്സിന്റെ കലവറകളിലൊളിപ്പിച്ചുവച്ച ഒരു ഭൗതികമുഖവുമായി, ഒരു ദ്വിമുഖവ്യക്തിത്വത്തിനുടമകളായിത്തീര്‍ന്നു, മനുഷ്യര്‍.... 

മനുഷ്യന്റെ സമഗ്രതയെയും സര്‍ഗ്ഗാത്മകതയെയും സുസ്ഥിതിയെയും ശാന്തിയെയും തകര്‍ത്തെറിഞ്ഞ ഈ കപട ആദ്ധ്യാത്മികതയുടെ കിരാതവാഴ്ചക്കാലമാണ്, ചരിത്രത്തില്‍ ഇരുണ്ട നൂറ്റാണ്ടുകള്‍ എന്നറിയപ്പെടുന്നത്. മറിച്ചെന്തെങ്കിലും പറയാന്‍ നാവു പൊക്കിയ എത്രയോ ലക്ഷം മനുഷ്യരാണ് ക്രൈസ്തവ പൗരോഹിത്യം  ഒരുക്കിയ ചിതയില്‍ ചാരമായത്! 
തുടര്‍ന്നുണ്ടായതോ, അമര്‍ത്തിവച്ചിരുന്ന ഇഹലോകസ്വകാര്യ സുഖാര്‍ത്തിയുടെ അണപൊട്ടലും ഭൗതികമാത്രപരമായ ഒരു ലോകവീക്ഷണവും! 'ക്രൈസ്തവ'രാജ്യങ്ങളെല്ലാം ഭൗതികവും ലൗകികവുമായ ചിന്തകളുടെ വിളനിലമായിത്തീരുകയായിരുന്നു. 

സ്വകാര്യമാത്രപരമായ ആദ്ധ്യാത്മികത, സ്വകാര്യമാത്രപരം തന്നെയായ ഒരു ഭൗതികജീവിതവീക്ഷണത്തെയും ജീവിതക്രമത്തെയും ഉല്പാദിപ്പിക്കും എന്നതിന് ഒരു തെളിവാണിത്.

സഭയ്ക്കും രണ്ടു മുഖമുണ്ടായിരുന്നു - ഒന്ന്, കപട ആത്മീയതയുടെ മുഖം; മറ്റൊന്ന്, അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭൗതികമുഖം. ഇതില്‍ ആത്മീയമുഖം മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളെയെല്ലാം നിരോധിച്ചെങ്കില്‍, ഭൗതികമുഖം സഭയുടെയും ക്രൈസ്തവരാഷ്ട്രങ്ങളുടെയും ലോകമേല്‍ക്കോയ്മക്കാവശ്യമായ അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും വഴി തുറന്നുകൊടുത്തു. 

വ്യാവസായികവിപ്ലവത്തെത്തുടര്‍ന്ന്, പ്രകൃതിചൂഷണത്തിലും മാത്സര്യത്തിലും അധിഷ്ഠിതമായ വ്യാവസായിക-കമ്പോളവ്യവസ്ഥിതി പാശ്ചാത്യക്രൈസ്തവരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ലോകമാകെ വ്യവസ്ഥാപിതമായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താളംതെറ്റിയ ഈ ഭൗതികമാത്രജീവിതവീക്ഷണമാണെന്നു കാണാം. ഇതുതന്നെയാണ്, ഭൂമിയെന്ന സര്‍വ്വജീവജാലങ്ങളുടെയുമായ ഈ പൊതുഭവനത്തിന്റെ അടിത്തറ തകരുന്നതിനും മേല്‍ക്കൂര ഇളകിയാടുന്നതിനും ഇന്നു കാരണമാത്തീര്‍ന്നിരിക്കുന്നതും. 

സമൂലം സ്വകാര്യമാത്രപര (individualistic) മായിരിക്കുന്ന, പരസ്പരമാത്സര്യത്തിലും ശത്രുതയിലും ചൂഷണത്തിലും അധിഷ്ഠിതമായിരിക്കുന്ന, അതുകൊണ്ടുതന്നെ വിനാശത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാന്തിരഹിതവും ബഹളമയവും സംഘര്‍ഷഭരിതവുമായ ലോകത്തെ സൃഷ്ടിച്ചെടുത്തതില്‍ ക്രൈസ്തവസഭയ്ക്കുള്ള പങ്ക് വളരെ വലുതാണ്. പണവും അധികാരവും എങ്ങനെയും ആര്‍ജ്ജിക്കുക എന്ന ഏക ലക്ഷ്യത്തിലേക്കു മനുഷ്യമനസ്സുകള്‍ ഇന്ന് ചുരുങ്ങിയിരിക്കുന്നു. ബഹുമുഖവും സമഗ്രവുമായ മനുഷ്യജീവിതത്തെ കേവലം സാമ്പത്തിക ഉപജീവനം എന്ന ജന്തുതലലക്ഷ്യംകൊണ്ട് ആദേശം ചെയ്തിരിക്കുന്നു. ആ തലത്തിലെ മാത്സര്യം ദുര്‍ബലരുടെ അതിജീവനത്തെത്തന്നെ അപകടത്തിലാക്കുകയും ചെയ്തിരിക്കുന്നു. പണത്താല്‍ ഭരിക്കപ്പെടുന്ന മനസ്സുകള്‍, ലോകത്തെയാകെ പണത്തിന്റെ അധിദേവതയായ മാമോന്‍ ഭരിക്കുന്ന കമ്പോളമാക്കിയിരിക്കുന്നു. കച്ചവടബന്ധങ്ങള്‍ക്കപ്പുറം മാനുഷികബന്ധങ്ങള്‍ക്കു സ്ഥാനമില്ലാതായിരിക്കുന്നു.... 

യേശു പ്രസംഗിച്ച സാഹോദര്യത്തിന്റെയും കൂട്ടായ്മാജീവിതത്തിന്റെയും പരസ്പരാനന്ദത്തിന്റെയും ശാന്തിയുടെയുമായ ദൈവരാജ്യത്തിനുപകരം, അതേ യേശുവിന്റെപേരില്‍ സ്‌നേഹശൂന്യതയുടെയും മാത്സര്യത്തിന്റെയും വ്യഗ്രതകളുടെയും അശാന്തിയുടെയുമായ ഒരു മാമോന്‍സാമ്രാജ്യം വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്നു....

ചരിത്രത്തിന്റെ പെന്‍ഡുലം ആയത്തിലാടി സ്വകാര്യമാത്രപരതയുടെ, ഭൗതികതയുടെ, ഉച്ചിയിലെത്തിക്കഴിഞ്ഞു, ഇന്ന്. അതിനെ ഇനി, പരാര്‍ത്ഥതാഭാവത്തിന്റെ, യഥാര്‍ത്ഥ ആത്മീയതയുടെ, വശത്തേക്കു തിരിച്ചാടിച്ചേ ഒക്കൂ. വ്യാഖ്യാനവികലതകള്‍ വികൃതമാക്കിയ സഭയുടെ മുഖത്തെ സുവിശേഷത്തിന്റെ ശരിയായ വ്യാഖ്യാനങ്ങള്‍കൊണ്ടും ആഖ്യാനങ്ങള്‍കൊണ്ടും പ്രശോഭിതമാക്കേണ്ടതുണ്ട്. സഭാചരിത്രത്തെ യേശുവെന്ന വിഗ്രഹത്തില്‍നിന്ന്, അവിടുത്തെ ജീവിക്കുന്ന പ്രബോധനങ്ങളിലേക്കു തിരിച്ചുനടത്തിക്കേണ്ടതുണ്ട്. 

യേശുചൈതന്യമുള്‍ക്കൊണ്ട് മഹാതേജസ്വിയായിത്തീര്‍ന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഈ ഭഗീരഥപ്രയത്‌നത്തിന് ദീര്‍ഘദൃഷ്ടിയോടെ അതിസാഹസികമായി തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു. സുവിശേഷസാരം ഗ്രഹിച്ചിട്ടുള്ള വൈദികരും അല്ലാത്തവരുമായ എത്രയോ പേര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി സഭയില്‍ ഇന്ന് ഒതുങ്ങിക്കഴിയുന്നുണ്ടാകണം! അവരെല്ലാം ഉണര്‍ന്നെണീറ്റ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പം പുതിയ സുവിശേഷപ്രഘോഷണം നടത്തുവാന്‍ ഉത്സുകരാകേണ്ട സമയമാണിത്. അങ്ങനെ ചെയ്താല്‍ അത്രയെങ്കിലും സാഫല്യബോധം, ശാന്തി, രക്ഷയുടെ അനുഭവം അവരുടെ ജീവിതത്തിലുണ്ടാകും. 

ആനന്ദവും ശാന്തിയും മനുഷ്യന്റെ ജന്മലക്ഷ്യങ്ങളാണ്. അവയുടെ വിത്തുകളും പേറിയാണ് ഓരോ മനുഷ്യനും ജനിക്കുന്നതുതന്നെ. അവ മുളപൊട്ടി വളര്‍ന്ന് പൂക്കുകയും കായ്ക്കുകയും ചെയ്യുമ്പോഴത്തെ ജീവിതത്തികവ് എന്ന അനുഭവം ആത്യന്തിക ശാന്തിയിലേക്കുള്ള പ്രവേശനകവാടമാണ്. ദൈവികത മനുഷ്യനെ ക്ഷണിക്കുന്നത് അവിടേക്കാണ്.
                                                              -എഡിറ്റര്‍

No comments:

Post a Comment