Translate

Tuesday, September 29, 2015

ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ


https://www.facebook.com/saidatimes/videos/756827154426856/

വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന് full screen / HD യിൽ കാണുക! 

നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തിൽ എനിക്ക് വിശ്വസിക്കാനാവില്ല" എന്ന് ഈശ്വരവാദികളെക്കാൾ ഗൌരവമായി ഈശ്വരനെ പരിഗണിച്ച നീറ്റ്ഷേ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് അസ്സീസിയിലെ ഫ്രാൻസിസ് നൃത്തം ചെയ്യുന്ന ദൈവത്തെ കണ്ടുമുട്ടിയിരുന്നു. സ്വർഗത്തിനുവേണ്ടിയല്ലാതെ, ഭൂമിക്കുവേണ്ടി അയാൾ ആ ദൈവത്തെ സ്നേഹിച്ചു. സൗന്ദര്യാത്മകത അങ്ങേയറ്റം പ്രതിഫലിപ്പിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ്. എന്താണ് സൗന്ദര്യാത്മകത? ജീവിതത്തിന്റെ ബാഹ്യതലങ്ങൾക്ക് താഴെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ മനുഷ്യന് കഥകളും ഐതിഹ്യങ്ങളും ചിത്രങ്ങളും, സംഗീതവും കവിതയും നാടകവും, നിറങ്ങളും ചലനങ്ങളും ആവശ്യമുണ്ട്. ഇതെല്ലാം ചേരുന്നതാണ് സൗന്ദര്യാത്മകത. ഗദ്യം കൈവിടുമ്പോൾ, ആഴങ്ങളിലേയ്ക്ക് വലയെറിയാൻ ആത്മാവ് മന്ത്രിക്കുമ്പോൾ, ഒരു ഗോതമ്പു മണിയിൽ ജീവനും മരണവും ഉത്ഥാനവും ദര്ശിക്കുമ്പോൾ, ഒരു പുൽനാമ്പിൽ ജീവന്റെ പ്രതീക്ഷ തുടിക്കുന്നത് കാണുമ്പോൾ, കുഞ്ഞിനെ മാറോടണച്ച, കുഞ്ഞിനെ മുലയൂട്ടുന്ന ഒരമ്മയെ കാണുമ്പോൾ, സൗന്ദര്യാസ്വാദകനിൽ കവിതയുണരുന്നു. ഗദ്യം അറിവുതരുമ്പോൾ കവിത ആനന്ദം പകർന്നുതരുന്നു. 

കുഞ്ഞുങ്ങളായിരിക്കെ നമ്മളും പക്ഷികൾക്ക് പിന്നാലെ പാഞ്ഞിരിക്കാം. അവ പക്ഷേ, പറന്നകന്നു. എന്നാൽ, ഈ ലോകത്ത് എത്തിപ്പിടിക്കാനാവാത്ത സൗന്ദര്യത്തിന്റെ പ്രതീകമായി എന്തോ നമുക്ക് പക്ഷികൾ നല്കുന്നുണ്ട്. 

ഭൂമിയുടെ സൗന്ദര്യത്തിലൂടെയല്ലാതെ സ്വർഗത്തിലെയ്ക്ക് കയറാനുള്ള ഒരു വഴിയും കാണാൻ എന്റെ ആത്മാവിനാവില്ല" എന്ന് പറഞ്ഞത് മൈക്കളാഞ്ചെലോ ആണ്. അയാൾ രൂപങ്ങളുടെ മനോഹാരിതയെ സ്നേഹിക്കുകയും അവയെ അതിൽത്തന്നെ നന്മയായി കാണുകയും അവയെ ചിത്രങ്ങളിലൂടെയും കൊത്തുപണികളിലൂടെയും ആവിഷ്കരികയും ചെയ്തു. അദ്ദേഹത്തിനത് ദൈവാനുഭവമായിരുന്നു. 

ഫ്രാൻസിസിനെപ്പറ്റി അദ്ദേഹത്തിൻറെ ചരിത്രകാരൻ സൊലാനൊ എഴുതുന്നു: "എല്ലാ കലാസൃഷ്ടിയിലും അവൻ കലാകാരനെ സ്തുതിച്ചിരുന്നു. അദ്ദേഹത്തിന് എല്ലാ വസ്തുക്കളും ദൈവത്തിലേയ്ക്കുള്ള ഗോവണിയായിരുന്നു. "ദൈവത്തോടും സർവ്വചരാചരങ്ങളോടുമുള്ള അനുരഞ്ജനം ഘനീഭവിച്ച മനുഷ്യനായി ഫ്രാൻസിസ് ചരിത്രത്തിൽ നിലകൊള്ളുന്നു. ആത്മാവിന്റെ മൃദുമന്ത്രണങ്ങളോട് അത്യധികം ജാഗ്രതയോടെ, ആർദ്രതയോടെ പ്രതികരിച്ച്, ദൈവാരൂപി തന്നിൽ പൂവിടാൻ അവൻ സ്വയം വിട്ടുകൊടുത്തു. ഈ അനുരഞ്ജനവും സമാധാനവും അവനിൽനിന്ന് സൃഷ്ടപ്രപഞ്ചത്തിലെ ഓരോ അണുവിലേയ്ക്കും കവിഞ്ഞൊഴുകി - വഴിവക്കിലേയ്ക്ക്, പുഴുവിലേയ്ക്ക്, സൂര്യചന്ദ്രന്മാരിലേയ്ക്ക്, മരണത്തിലേയ്ക്ക്. തന്റെ സഹോദരസ്നേഹത്തിൽ അയാൾ എല്ലാറ്റിനെയും വാരി പുണർന്നു. ഉള്ളിന്റെയുള്ളിൽ പറുദീസാ വീണ്ടെടുത്തവർക്ക് മാത്രമാണ് അത് സാദ്ധ്യമാവുക. എന്നാൽ, ശൈശവത്തിന്റെ ജിജ്ഞാസകളെ നഷ്ടപ്പെടുത്താത്ത ഏവർക്കും ഒരു പരിധിവരെ അതിനുള്ള വരമുണ്ട്‌. 

(കടപ്പാട്: A New Kind of Fool, Christopher Coelho ofm. വിവർത്തനം 'ദൈവത്തിൻറെ ഭോഷൻ' ജിജോ കുര്യൻ കപ്പൂച്ചിൻ - ജീവൻ ബുക്സ് ഭരണങ്ങാനം)/Saida Times video.

1 comment:

  1. എന്‍റെ സക്കരിയാച്ചായാ ,ആ വീ ഡി ഓ ഞാന്‍ കണ്ടു ! "ഉലകം ഇത് നിന്റെചിത്രഭവനം ഒന്നോര്‍ക്കില്‍,പാറും സലഭചിറകില്‍ അധികരമ്യരചന കാണ്മൂ ഞാന്‍...;നിമിഷതാളങ്ങള്‍ രാഗസ്തുതികളാണെങ്ങും ദേവാ,അനുവദിക്കീ കൃപണനെന്നെ ഏറ്റുപാടീടാന്‍.".(sama sangeetham) കേരളത്തിലെ ഈ മണ്ടന്‍ പാതിരിമാര്‍ക്കൊരു സ്റ്റഡി ക്ലാസ്സ്‌ അച്ചായന്‍ കൊടുത്തെ ..ചിലപ്പോള്‍ ഇതുങ്ങള് നല്ലവ്ഴിക്കു വരും !

    ReplyDelete