Translate

Wednesday, September 23, 2015

മരിക്കാത്ത ചില ബാലപാഠങ്ങൾ!

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒന്നാം ടെർമിനലിലെ വെയിറ്റിങ്ങ് റൂമിൽ ഞാനിരിക്കുകയായിരുന്നു, രണ്ടു യുവമിഥുനങ്ങളുടെ തൊട്ടടുത്ത്. ഒരു കൈക്കുഞ്ഞുമായി സല്ലപിച്ചിരുന്ന അവരുമായി ഒരു മലയാളിയമ്മച്ചി നടത്തിയ സൗഹൃദസംഭാഷണം ഞാൻ നന്നായി കേട്ടു. കൊച്ചിന്റെ മാമ്മോദീസായും കഴിഞ്ഞു ഭരണങ്ങാനത്തും പോയി വരാനുള്ള യാത്രയാണതെന്നു കേട്ടതിൽ നിന്ന്  'തിരുക്കുടുംബം' സീറോ കത്തോലിക്കരാണെന്നു മനസ്സിലായി. കുട്ടിക്കിടാൻ പോകുന്ന പേരവർ വെളിപ്പെടുത്തിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്, ആബിദ് എന്നൊരു മുസ്ലീം പേര് ഒരു കത്തോലിക്കാ കുട്ടിക്കിടാൻ പോകുന്നത് അൽപ്പം കട്ടിയല്ലേയെന്നെനിക്കും തോന്നാതിരുന്നില്ല. കുട്ടി ആണാണോ പെണ്ണാണോ, ആബിദ് എന്ന പേരിൽ ഒരു പുണ്യവാളനുണ്ടോ, എന്നൊക്കെ ആലോചിച്ചിരുന്നപ്പോഴേക്കും കുട്ടി കരച്ചിൽ തുടങ്ങി, അവരവിടെനിന്നെണീറ്റു പോവുകയും ചെയ്തു. ഒരു കാര്യം എനിക്കു മനസ്സിലായി, പുണ്യവാന്മാരുടെ പേരു വേണം കുട്ടികൾക്കിടാൻ എന്നുള്ള മെത്രാൻ സമിതിയുടെ അഭ്യർത്ഥനക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിച്ചിട്ടില്ല. മാർപ്പാപ്പായുടെ നിർദ്ദേശങ്ങൾ കൃത്യമായി മെത്രാന്മാർ അനുസരിക്കുന്നില്ലല്ലൊ (കുടുംബ സർവ്വെ നടത്താതിരുന്നത് ഉദാഹരണം); അതുകൊണ്ടായിരിക്കാം മെത്രാന്മാരെ അവഗണിക്കുന്ന ഒരു ട്രെൻഡ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല. മെത്രാനെ തെറി വിളിക്കുകയെന്നതു യുവാക്കളുടെ ഇടയിൽ ഒരു ജ്വരമായി വളർന്നിട്ടുണ്ടെന്നു തോന്നുന്നിപ്പോൾ. അതവരുടെ കൈയ്യിലിരിപ്പുകൊണ്ട് രൂപപ്പെട്ടതാണുതാനും. സ്വന്തം സ്ഥാനമഹിമ കാണിക്കാൻ എന്തുതറപ്പണിയും കാണിക്കാൻ മടിക്കാത്തവരാണു മെത്രാന്മാർ എന്നു പൊതു ജനം കരുതുന്നു. അവരുടെ ഭരണചക്രത്തിന്റെ കീഴെ തല വെച്ചുകൊടുക്കാൻ വിശ്വാസികൾക്കാഗ്രഹമില്ല. മെത്രാനായാലും കോടതിയിൽ കയറിയാൽ തിരുവോസ്തിയിൽ തൊട്ടു സത്യം ചെയ്തിട്ടാണെങ്കിലും സത്യമേ പറയൂ എന്നു കപ്യാരന്മാർ പോലും വിശ്വസിക്കുന്നുമില്ല. പത്തു പ്രമാണങ്ങളിൽ ഏതു വേണമെങ്കിലും അവർക്കു ലംഘിക്കാമെന്നപോലെയാണു മെത്രാന്മാരുടെ നടപ്പ്. 

കത്തോലിക്കാ സഭാംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനുള്ള ഉപാധികളെപ്പറ്റി ഒരു സമഗ്ര ചർച്ച സിനഡിൽ നടന്നതിന്റെ അവസാനമാണ് കത്തോലിക്കാ കുട്ടികൾക്ക് പുണ്യവാന്മാരുടെ പേരിടണമെന്ന നിർദ്ദേശം വന്നതെന്നു ഞാൻ അനുമാനിക്കുന്നു. എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞു കൊടുത്തേനേ - ഒരു സിമിന്റു ചാക്കിന്റെയോ നേർച്ചപ്പെട്ടിയുടേയോ അടയാളം ഒരോരുത്തരുടെയും നെറ്റിയിൽ ചാർത്തിയാൽ മതിയാരുന്നെന്ന്. വി. അൽഫോൻസാമ്മയുടെ കബടറിടത്തിനു ചുറ്റും നേർച്ചപ്പെട്ടികൾ വെച്ചവരാ ക്രിസ്ത്യാനികൾ (ഇപ്പോൾ നിലവിൽ ഒരു കുറ്റിയേ ഉള്ളൂ; ദൈവത്തിനു സ്തോത്രം!). അതുപോലെ ഒരു സിമിന്റ് ചാക്കെങ്കിലും സ്റ്റോറിൽ ഇല്ലാത്ത ഒരു പള്ളിയെങ്കിലും കാണില്ലല്ലോ! ഒരു മുസ്ലീമിനെ കണ്ടാൽ തിരിച്ചറിയാം, മിക്ക ഹിന്ദുക്കളെയും തിരിച്ചറിയാം; ചുരുക്കത്തിൽ, ക്രിസ്ത്യാനിയൊഴിച്ചു ബാക്കിയെല്ലാവരെയും കണ്ടാൽ തിരിച്ചറിയാമെന്ന അവസ്ഥ! മെത്രാന്മാരുടെ ഹൃദയങ്ങൾ എങ്ങിനെ തകരാതിരിക്കും? പുണ്യവാന്മാരുടെ പേരുകളെല്ലാം ഉപയോഗിച്ചുപയോഗിച്ചു ചീത്തയായതുകൊണ്ടാവാം അവയോട് സാമ്യമുള്ളതൊന്നും വിശ്വാസികൾ എടുക്കാത്തതെന്നു വേണമെങ്കിലും കരുതാം. ചില മെത്രാന്മാരുടെ കുടുംബാംഗങ്ങൾ സ്വന്തം വീട്ടുപേരുപോലും പരസ്യമായി പറയാൻ മടിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. 

ഉദാഹരണം പറഞ്ഞാൽ, കാഞ്ഞിരപ്പള്ളിയിലെ ഞങ്ങടെ മെത്രാന്റെ പേര് മാത്യു. മത്തായിയെന്താ മോശപ്പെട്ട ശിക്ഷ്യനായിരുന്നോ? എന്നിട്ടും ഈ മെത്രാന്റെ പേര് കേൾക്കുമ്പോഴെ പലർക്കും തുള്ളലു വരും. എന്തു മാത്രം അപവാദങ്ങളാ ആ പാവത്തിനേപ്പറ്റി മനുഷേര് പ്രചരിപ്പിക്കുന്നത്. സമ്മാനം കിട്ടിയ ഓഡി കാറിൽ നടന്നതിന്റെ പേരിൽ അദ്ദേഹം എന്തെല്ലാം കേട്ടു; അറക്കൽ തോമസ് ചേട്ടന്റെ സർവ്വ സ്വത്തുക്കളും രൂപതയുടെ പേരിലാക്കിയെന്നു പറഞ്ഞും കേസുണ്ട്; ഒരന്യ മതസ്ഥനോട് ആദരവോടെ പെരുമാറിയതിന്റെ പേരിൽ ദീപികക്കെന്തോ സംഭവിച്ചെന്നു പറയുന്നവർ ധാരാളം; അദ്ദേഹത്തിൻറെ ഡ്രൈവറെ ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിച്ച പോലീസുകാരന് പിറ്റേന്നു സ്ഥലം മാറ്റം കിട്ടിയെന്നു പറയപ്പെടുന്നു. പഴി മെത്രാനും. ഈ നാട്ടിൽ ഇനി കാലുകുത്തിയാൽ ............മെന്നു പോലും ജർമ്മൻ മലയാളികൾ അദ്ദേഹത്തോടു പറഞ്ഞില്ലേ? അടുത്തിടെ അൽഫോൻസ് കണ്ണന്താനത്തിന്റെ മകന്റെ കല്യാണം കുർബ്ബാനയില്ലാതെ, പ്രീക്കാനയില്ലാതെ, കുറിയും വരയും ഇല്ലാതെ പള്ളിയിൽ വെച്ചു മെത്രാൻ വെഞ്ചരിക്കാൻ പോകുന്നുവെന്നു പറഞ്ഞു സോഷ്യൽ മീഡിയായിൽ എന്തൊരു ബഹളമായിരുന്നു. പാവങ്ങൾക്കു മാത്യു മെത്രാൻ ഈ സൗജന്യങ്ങൾ അനുവദിക്കുമോയെന്നു ചോദിക്കുന്നവർ മെത്രാന്റെ സൗജന്യം ചോദിച്ചിട്ടുണ്ടോ? ഇല്ല! മെത്രാൻ ബി ജെ പിയാണെന്നു വേറൊരു കൂട്ടർ. അടുത്തിടെ കേട്ടത് മെത്രാനേക്കൊണ്ട് വെഞ്ചരിപ്പിക്കാൻ മെത്രാന്റെ സൗകര്യം നോക്കി സ്പീഡിൽ പണിതതുകൊണ്ടാ പൊൻകുന്നം പള്ളിയുടെ കൊടിമരം ഒടിഞ്ഞുപോയതെന്നാണ് (ഇതിൽ അൽപ്പം സത്യം കണ്ടേക്കാം; ഭൂരിഭാഗം പകലുകളിലും അദ്ദേഹം കളത്തിലില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, കാഞ്ഞിരപ്പള്ളിയിൽ). പക്ഷേ, മെത്രാനാണോ ഈ കൊടിമരം വെഞ്ചരിച്ചതെന്നു പോലും ആരും അന്വേഷിക്കുന്നില്ല. (കൊടിമരം ഒടിഞ്ഞതിനു വിശ്വാസികൾ പറയുന്ന വ്യാഖ്യാനങ്ങൾ ഇതുകൊണ്ടും തീരുന്നില്ല കേട്ടോ. കൊടിമരം വീഴുന്നതു ഭാഗ്യമാണ്, ഒടിഞ്ഞിടത്തു സിമിന്റില്ലായിരുന്നു, നൂൽകമ്പിയിട്ടാണു കോണ്ട്രാക്റ്റർ കൊടിമരം വാർത്തത്...... എന്നിങ്ങനെ പോകുന്നു വിശദീകരണങ്ങൾ. ദൈവകോപത്തിന്റെ ഒരു സാദ്ധ്യത പോലും ഇവിടെ ആരും കൽപ്പിക്കുന്നില്ല: സംഭവം നടന്നതു പള്ളിമുറ്റത്താണല്ലൊ, സ്ഥലത്തിന്റെ പേര് ജറൂസലേമെന്നും അല്ലല്ലൊ! ഇത്ര ശക്തമായ വിശ്വാസം ഉള്ളവരെ സമറിയായിൽപ്പോലും കർത്താവു കണ്ടിരിക്കാൻ ഇടയില്ല). 

മറ്റു മിക്ക മെത്രാന്മാരുടേയും സ്ഥിതിയും ഭിന്നമല്ല. നല്ല പേരുള്ള എല്ലാ കത്തോലിക്കാ മെത്രാന്മാരുംതന്നെ ഇവിടെ നല്ലപേരു കേൾക്കുന്നു.  ഒരു മെത്രാൻ തന്നെ പറഞ്ഞതുപോലെ ഇവിടെ ഓട്ടോ റിക്ഷാ പോലെ മെത്രാന്മാരുണ്ട്. വണ്ടിക്കൂലിയും പടിയും കൊടുക്കാമോ, എന്തു വെഞ്ചരിക്കാനും മെത്രാൻ ഓടി വരും, എവിടെയാണെങ്കിലും - അതാണു സ്ഥിതി (അതിശയിക്കണ്ട, വിദേശികൾ രസകരമായ ഒട്ടേറെ കഥകൾ പറയും). പക്ഷേ, ഇതെന്റെ മെത്രാനാന്നു പറയാൻ എല്ലാ കത്തോലിക്കരും തയ്യാറല്ല! എന്തോ പന്തികേട് എവിടെയോ എനിക്കും തോന്നുന്നുമുണ്ട്. റാഫേൽ തട്ടിൽ മെത്രാൻ പറയുന്നു, യുവാക്കൾക്ക് അറിവല്ല വേണ്ടത് പകരം തിരിച്ചറിവാണെന്ന്. അവർക്കറിവുള്ളതുകൊണ്ടും തിരിച്ചറിവില്ലാത്തതുകൊണ്ടുമാണുവിദേശങ്ങളിൽ മെത്രാന്മാർക്കു വിലസാൻ കഴിയുന്നതെന്നു തട്ടിൽ മെത്രാൻ ചിന്തിക്കുന്നില്ല. അവർക്കു വിവരം വെച്ചുവരുന്നുണ്ട് മെത്രാനെ; പ്ലീസ് വെയിറ്റ് എ മിനിറ്റ്! ഇതിലും വലിയ തമാശ പറഞ്ഞത് നമ്മുടെ കർദ്ദിനാൾ തന്നെ. അദ്ദേഹം പറഞ്ഞത് കുട്ടികൾ നന്മ ചെയ്തു ജീവിക്കണം എന്നാണ്. അവർക്കു പള്ളിവക പരിശീലനം നൽകാൻ മിഷൻലീഗുണ്ട്, അവർക്കു ചെയ്യാൻ ഞായറാഴ്ചകളിൽ പാട്ട പെറുക്കും, പെരുന്നാളിനു കച്ചവടവുമുണ്ട്. എന്തു നന്മ ചെയ്താലും അതു പിരിവെടുത്തേ ആകാവൂയെന്നും അവർ പഠിക്കുന്നുണ്ട്.  ഇവർ വളർന്നു വലുതാകുമ്പോൾ സ്വന്തം നിലയിൽ എന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്താൽ സൂക്ഷിക്കണം. അവർക്കു കാണിച്ചു കൊടുക്കാൻ വികാരിയച്ചൻ കാണിക്കുന്ന ഒരു സ്ഥിരം നന്മ ഏതാ മേജർ പിതാവേ? ഞായറാഴ്ചകളിലെ അരമണിക്കൂർ ചപ്പടാച്ചിയും കാതിന്റെ ഡയഫ്രം പൊട്ടിക്കുന്ന മൈക്ക് സെറ്റും ഒന്നു നിർത്തിയിരുന്നെങ്കിൽ അതു തന്നെ വലിയ നന്മ ആയേനെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള രൂപതയിൽ രജിസ്റ്റർ ചെയ്യണമെന്ന അവസ്ഥ ഇപ്പോ തന്നെ കോട്ടയം ജില്ലയിൽ ഉണ്ടു താനും. 

മെത്രാന്മാരോടും സഭയോടുമുള്ള ജനങ്ങളുടെ മനോഭാവം എങ്ങിനെ മാറ്റുമെന്നതാണു പ്രശ്നം. അടുത്ത ദിവസം പാലായിൽ ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടു. ആ സംഭവം പൊതുജനം എങ്ങിനെ കണ്ടുവെന്നത്, കത്തോലിക്കാ സഭയെ ജനങ്ങൾ എങ്ങിനെ കാണൂന്നുവെന്നതിന്റെ അടയാളമായി എടുക്കാം. മെത്രാന്മാരോടും സഭയോടും വിശ്വാസികൾക്കുള്ള സർവ്വ വൈരാഗ്യവും പാലാക്കാർ പറഞ്ഞുതീർത്തു എന്നു പറഞ്ഞാൽ മതിയല്ലൊ. ഒന്നുകിൽ ഹോസ്പിറ്റലിൽ അല്ലെങ്കിൽ സ്കൂളിൽ നാട്ടുകാർക്കു കിട്ടുന്ന അനുഭവമായിരിക്കണം എല്ലാ കന്യാസ്ത്രികളെയും ജനങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്താൻ കാരണം. ഏതാനും ചിലരുടെ ബിസിനസ്സ് കാരണം അനേകം നല്ലവരായ കന്യാസ്ത്രികളുടെ പേരും മോശമാക്കപ്പെടുന്നു. കേരളത്തിലെ നേഴ്സുമാർക്ക് കന്യാസ്ത്രീകൾ എന്നു പറഞ്ഞാൽ ചെകുത്താൻ കുരിശു കാണുന്നതുപോലെ. ഇതിനെല്ലാം  ചൂട്ടു പിടിക്കുന്ന മെത്രാന്മാരെ ഈ വിശ്വാസികൾ എങ്ങിനെ സഹിക്കും? നേര്സുമാർ അടുത്ത കാലത്തു വീണ്ടൂം സമരം ചെയ്യാൻ തീരുമാനിച്ചുവെന്നു കേട്ടു
ഉള്ളിൽ ഐക്യം എന്നു പറയുന്നതു സഭയിൽ ഇല്ല. താമരക്കുരിശു മാർത്തോമ്മാ കൊത്തിയതാണെന്നു മാർ പവ്വം; അതു സഭയുടെ ട്രേഡ് മാർക്ക് മാത്രമാണെന്നു ബഹുഭൂരിപക്ഷം വൈദികരും. ഓണം പിശാചിന്റേതാണെന്ന് ഒരച്ചൻ, അദ്ദേഹത്തിനു ബുദ്ധിസ്ഥിരതയില്ലെന്ന അർത്ഥത്തിൽ ദർശകൻ (കാഞ്ഞിരപ്പള്ളി രൂപതയുടെ മുഖപത്രം. പൂക്കളം ഇടുന്നതു കർത്താവിനിഷ്ടമല്ലെന്നു പറഞ്ഞ അച്ചന്റെ പേര് ദർശകൻ വെളിപ്പെടുത്തിയിട്ടില്ല). വാളെടുക്കുന്നവൻ വെളിച്ചപ്പാട്! ഷാലോം പറയുന്നു, യോഗാ പിശാചിന്റെ പണിയാണെന്ന്, സാക്ഷാൽ കർദ്ദിനാൾ ആലഞ്ചേരി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കിക്കൊണ്ട് ഇയ്യിടെ പറഞ്ഞത്, ധ്യാനയോഗവും കര്‍മയോഗവും ഒരുപോലെ സമന്വയിപ്പിച്ച വിശുദ്ധ ജീവിതമായിരുന്നു ചാവറ പിതാവിന്റേതെന്നാണ്. യോഗായുടെ കര്യം പറഞ്ഞതു മേജറായിരുന്നില്ലെങ്കിൽ കാണാമായിരുന്നു, ഷാലൊമിന്റെ ശൗര്യം! വർഗ്ഗിയത കൂടുന്നുവെന്നു ക്ലീമ്മിസ് കർദ്ദിനാളും പറയുന്നു. സമയം കിട്ടുമ്പോൾ മെത്രാപ്പോലീത്താ ചങ്കിന്റെ ഉള്ളിലേക്കൊന്നു നോക്കിയാൽ നന്നായിരിക്കുമെന്നു തൃശ്ശൂർകാരൻ കൊച്ചുവർക്കിസാർ. ഈ കിളിമസ് കൂടി പങ്കെടുത്ത സിനഡിലാണോ ആവോ പേരിടുന്നിടത്തു പോലും ക്രിസ്ത്യൻ ക്രമം തെറ്റിക്കരുതെന്നു നിർദ്ദേശിക്കാൻ മെത്രാന്മാർ തീരുമാനിച്ചത്? ഭണ്ഡാരക്കുറ്റിയിൽ കള്ളൻ കൈയ്യിട്ടതിന്റെ പേരിൽ പോലും പ്രതിക്ഷേധയോഗം വിളിച്ചു കൂട്ടുന്നവർക്ക് (അതിരമ്പുഴ) പാലായിൽ കന്യാസ്ത്രീ കൊല്ലപ്പെട്ടിട്ടും അനക്കമുണ്ടായില്ല. കണ്ഡമാലിൽ  ക്രിസ്ത്യാനികളുടെ കൂരകൾ മുഴുവൻ കത്തിച്ചിട്ടും കാര്യമായി അനങ്ങിയവരല്ലല്ലൊ നമ്മുടെ ഇടയന്മാർ (അതു ലത്തീങ്കാരായിപ്പോയി). ഇനി സത്യദീപം വായിക്കാമെന്നു വെച്ചാൽ, കമ്മ്യൂണിസ്റ്റ്കാർക്കു വിവരം വെച്ചു വരുന്നുവെന്നതിനെപ്പറ്റിയാ അതിലെ ആദ്യത്തെ ലേഖനം (സത്യദീപം ഓൺ ലൈൻ), സഭാവിശ്വാസികൾ അറിഞ്ഞിരിക്കേണ്ട ആത്മീയ കാര്യങ്ങൾ പ്രായേണ അതിലില്ലെന്നു തന്നെ പറയാം.

കൊല്ലപ്പെട്ട സി. അമല ഒരു നല്ല സ്വഭാവക്കാരിയല്ലെന്നു വ്യാപകമായ പ്രചാരണം പാലായിൽ നടന്നുവെന്നു ഞാൻ കേട്ടു. ഒരു വ്യക്തിയോടുള്ള പകയല്ല പകരം ഒരു വർഗ്ഗത്തോടുള്ള പകയാണ് ജനങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. മരിച്ച കന്യാസ്ത്രിയെ വസ്ത്രം മാറ്റി, കൊലപാതകം നടന്ന മുറിയും കഴുകി തെളിവും നശിപ്പിച്ച കന്യാസ്ത്രികളെല്ലാവരും ഇൻഡ്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ വരുമെന്നു കരുതുന്നവർ പാലായിൽ കാണില്ല. ആ കന്യാസ്ത്രികളെ അകാരണമായി ബുദ്ധിമുട്ടിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ, അവരുടെ ചെവി വിശദമായി ഒന്നു പരിശോധിക്കുന്നതു നല്ലതാ. തലക്കടികിട്ടുമ്പോഴുള്ള സഹജീവിയുടെ ശബ്ദം അവർ കേൾക്കുന്നില്ല, പക്ഷെ, ദൈവവിളി ആർക്കുണ്ടായാലും ആദ്യം കേൾക്കുന്നതവരായിരിക്കും താനും. അന്വേഷണം ക്രൈം ബ്രാഞ്ചിനെക്കൊണ്ട് നടത്തിക്കണം എന്നു പരാതിപ്പെടുന്നവർ, നേരം വെളുത്തപ്പോൾ മരിച്ചു കിടക്കുന്നതായി കണ്ട അടുത്ത കാലത്തു നടന്ന എല്ലാ മഠം മരണങ്ങളേപ്പറ്റിക്കൂടി അന്വേഷിക്കാൻ ഏർപ്പാടാക്കണം. കോട്ടയം മാത്രം കത്തിയാൽ പോരല്ലൊ, പാലായും കത്തട്ടെ. വിശ്വാസികൾക്കറിയാം, സത്യം അൽപ്പമെങ്കിലും മറക്കപ്പെടാതെ ഇവിടെയും നാടകം അവസാനിക്കില്ലെന്ന്. ഇപ്പോ കേൾക്കുന്നത്, കന്യാസ്ത്രികളെ കൊല്ലുകയെന്ന ലക്ഷ്യത്തോടേ ഒരു ഗൂഢ സംഘം പാലായിൽ എത്തിയിട്ടുണ്ടെന്നാണ്.  എങ്കിൽ ഉറപ്പായിട്ടും ദൈവം തമ്പുരാൻ തന്നെ പാലായിൽ ഇറങ്ങിയെന്നു കരുതാം. സെമ്മിനാരികളും സൂക്ഷിക്കുക!

നാട്ടിൽ തെരുവുനായ്ക്കളേക്കൊണ്ട് മടുത്തു. എസ് ഐ യെ വരെ പട്ടി കടിച്ചു. എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കത്തോലിക്കാ സഭ ഒന്നും മിണ്ടി കേട്ടില്ല (ഒരു മെത്രാനെയും പട്ടികടിക്കാത്തതു കൊണ്ടായിരിക്കാം: ഒറ്റക്കവർ പുറത്തിറങ്ങുന്നുമില്ലല്ലൊ!). മൃഗങ്ങളോട് കരുണ കാണിക്കണമെന്ന് ഏതെങ്കിലും മെത്രാൻ പറഞ്ഞിരുന്നെങ്കിൽ ......യെ ഓടിച്ചിട്ടടിച്ചതുപോലെ സോഷ്യൽ മീഡിയാ അദ്ദേഹത്തെ കൈകാര്യം ചെയ്തേനെ. പോത്തോ പന്നിയോ മീനോ ഇല്ലാതെ ആഹാരത്തെപ്പറ്റി ചിന്തിക്കാത്തവർ അങ്ങിനെ പറയില്ലായെന്നാർക്കാ അറിയില്ലാത്തത്? പട്ടികളെ കൊല്ലാൻ പറഞ്ഞാൽ ആരുടെ നേരെയാ ജനം തിരിയുന്നതെന്നു നിശ്ചയമില്ല താനും; എന്താ ചെയ്ക?   

No comments:

Post a Comment