Translate

Saturday, September 19, 2015

അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.

ബോബിയച്ചന് ആയിരക്കണക്കിന് ആരാധകർ ഉണ്ടെന്നറിയാം. അവരെല്ലാം ഇന്നദ്ദേഹത്തിന് (17.9. 2015)  ജന്മദിനാശംസകൾ നേരുന്നു. എന്നാൽ ഈ ആശംസകൾ അസ്ഥാനത്താണെന്ന് അറിയുന്നവർ അവരിൽ എത്രയുണ്ട്? അവബോധത്തിലായിക്കഴിഞ്ഞ ഒരു ഗുരുവിനു ഒരു വിലയും കല്പിക്കാൻ കഴിയാത്ത ഒന്നാണ് ജന്മദിനം. അവർ സമയത്തിനും കാലത്തിനും അതീതരാണെന്നതാണ് കാരണം. അച്ചന്റെ പ്രഭാഷണങ്ങൾ നൂറുകണക്കിന് കേട്ടവരും ഈ സത്യം ഗ്രഹിക്കുന്നില്ല എന്നാണ് ഇതിനർഥം. അതേ സാദ്ധ്യമാകൂ, കാരണം, അച്ചന്മാരും  കന്യാസ്ത്രീകളും അവരുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് ഇവിടെയുള്ളത്. അവരുടെ ആശ്രമങ്ങളിൽ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് എന്നും തന്നെ പെരുന്നാളായിരിക്കും. ജീവിതത്തിലെ ഏറ്റം വലിയ ദൗർഭാഗ്യം എന്തെന്ന് വച്ചാൽ, സമയത്തിലൂടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ നമ്മൾ സത്യമായി അംഗീകരിക്കുകയും സ്ഥിരമായി നിലനില്ക്കുന്നതിനെ തീര്ത്തും മറന്നുപോകുകയും ചെയ്യുന്നു എന്നതാകുന്നു. അസ്സാധാരണനായ ഈ മനുഷ്യൻ ദൈവവിളി കേട്ട് ഇറങ്ങിത്തിരിച്ചെന്നും എവിടെയോ എത്താൻ വേണ്ടി നീണ്ടനാൾ പ്രയത്നിച്ചെന്നും അവസാനം എന്തൊക്കെയോ ആയിത്തീർന്നുവെന്നുമായിരിക്കാം മിക്കവാറും ആരാധകർ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരു മഹദ്വ്യക്തിയോടുള്ള സമീപനത്തിന്റെ ബഹിർസ്പുരണങ്ങളായി ഈ അനുമോദനങ്ങളെ കാണുക എന്നത് സ്വാഭാവികമാണ്. എന്നാൽ എന്താണ് അദ്ദേഹത്തിൽ സംഭവിച്ചത് എന്ന് ആരും ചിന്തിച്ചുനോക്കുന്നില്ല. അവബോധത്തിലെത്തിയ ഒരാൾ എത്ര ഓടിത്തളർന്നാലും തുടങ്ങിയിടത്താണ് അവസാനം താൻ നില്ക്കുന്നതെന്ന് തിരിച്ചരിഞ്ഞയാളാണ്. താനായിരിക്കുന്നതിൽ നിന്ന് വേറിട്ട്‌ ഒന്നുംതന്നെ ആര്ക്കും ആയിത്തീരാനാവില്ല എന്ന സത്യം കണ്ടെത്തുക സാധാരണ യുക്തിയിൽ മുളക്കുന്നതല്ല. ആ സത്യത്തിലെത്തിയവർക്ക് ജന്മദിനാശംസകളിൽ എന്ത് പ്രസക്തി കാണാനാവും? എനിക്കൊന്നുമായിത്തീരേണ്ട എന്ന ബോധം വരികയും ഞാനായിരിക്കുന്നതിനെ മാത്രമായിരുന്നു അന്വേഷിക്കേണ്ടത് എന്നുള്ള അറിവുണ്ടാകുകയും ചെയ്യുമ്പോൾ അത് ക്രാന്തദർശനത്തിന്റെ നിമിഷമായിത്തീരുന്നു. ദൈവത്തിന്റെ വിളി ശ്രദ്ധിക്കപെടുന്ന നിമിഷം അതാണ്‌. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും പിന്നെയൊരു മാറ്റവും സംഭവിക്കുന്നില്ല. അതറിയാത്ത നാം ചെയ്യുന്നത് ജീവിതംകൊണ്ട് മണ്‍കൊട്ടാരങ്ങൾ മെനയുക മാത്രമാണ്. ഒരു ചെറിയ കാറ്റുമതി അതിനെ നിലംപരിശാക്കാൻ. മേല്പറഞ്ഞ തിരിച്ചറിവിൽ എത്തുംവരെ, ആയിരം ജന്മങ്ങൾ കിട്ടിയാലും, നമ്മൾ ചെയ്യുന്നത് വെള്ളത്തിൽ വരക്കുക മാത്രമായിരിക്കും. പുറത്തെന്തു സംഭവിച്ചാലും ബോബിയച്ചനെപപോലൊരാളുടെ ഉള്ളിൽ എല്ലാം നിശബ്ദമാണ്. എല്ലാം ഒന്നുതന്നെയെന്ന ആനന്ദത്തിന്റെ മൌനസാന്ദ്രതയാണത്. അവിടെ കാലം നിശ്ചലമായിക്കൊണ്ട്, അനന്തത കടന്നുവരുന്നു. അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല. അവിടെ ജന്മദിനത്തിന് അർഥമില്ലാതായിത്തീരുന്നു.

https://.ywoutube.com/watch?v=-lKDmOucbPcww

1 comment:

 1. "സന്ധ്യയ്ക്കെന്തിനു സിന്ദൂരം? ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം?
  കാട്ടാറിനെന്തിനു പാദസരം? എൻ കന്മണിക്കെന്തിന്നാഭരണം"?
  എന്ന സിനിമാഗാനം പോലെ ,"ദൈവവും താനും ഒന്നാകുന്നു,(ഞാനും പിതാവും ഒന്നാകുന്നു) അഹം ബ്രഹ്മാസ്മി " എന്നൊക്കെ ഉള്ളറിവുള്ളവന് , 'സമുദ്രത്തിനു ദാഹമില്ല' എന്നകണക്കെ ഒന്നിനോടും ആശയില്ലായ്മ അനുഭവത്തിലാകും!
  "എനിക്ക് നിൻ കൃപ മതി ,അമൃതാ ,നിൻ സ്നേഹം മതി ;
  പഴയപോൽ ഇടം നിന്റെ കരളിൽ മതി !" എന്നറിയാതെ മനം മൂളിപ്പാട്ട് പാടിപ്പോകും !(സമസംഗീതം )
  "ഞാൻ ജനിച്ചിട്ടില്ല /മരിക്കുന്നുമില്ല, ഞാൻ അബ്രഹാമ്മിനു മുൻപേ ഉണ്ടായിരുന്നു" എന്നൊക്കെ ഊറിയൂറി മനനം ചെയ്യുന്ന മനസിന്‌ ജന്മനാളോ/പിറന്നാളാശംസകാളോ മരണാന്തരബഹുമതിയോ എതുമില്ലല്ലൊ ! ജീവന്റെ ഉപകരണമായ ശരീരം oru കുപ്പായമണിയുംപോലെ ജീവികൾ എടുക്കുന്നു /ഉപേക്ഷിക്കുന്നു എന്നല്ലേ ഗീതയിലൂടെ വേദവ്യാസൻ ശ്രീകൃഷ്ണന്റെ നാവിൽനിറച്ചത്‌ ?

  ReplyDelete