Translate

Thursday, March 10, 2016

കരുണ പെറ്റു, കൊച്ചിനു തലയില്ല !

ആണുങ്ങൾക്ക് നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കെന്തുകൊണ്ടു നാലു ഭർത്താക്കന്മാരായിക്കൂടായെന്നു ജസ്റ്റീസ് കമാൽ പാഷാക്കു ചോദിക്കാമെങ്കിൽ പെണ്ണുങ്ങൾക്കെന്താ പൊരോഹിത്യം പാടില്ലേയെന്നും, മെത്രാന്മാർക്കും അച്ചന്മാർക്കും പെണ്ണുങ്ങടെ കാലു കഴുകിക്കൂടേയെന്നും എനിക്കും ചോദിക്കാം. കാലിലെങ്കിലും കഴുകി ചുംബിക്കാൻ സാധിക്കുമല്ലോയെന്നോർത്ത് സന്തോഷിച്ചിരുന്ന ചിലരും ഉണ്ടായിരുന്നിരിക്കണം. അളവെടുക്കുന്നവരേയും കുംപസ്സാരത്തിനിടക്കു തന്നെ കാലു തിരുമ്മിയവരേയും അടുത്തിടെ പിടിച്ചല്ലോ. അത്തരക്കാരെ, മാർപ്പാപ്പായുടെ ആ നിർദ്ദേശം വേണ്ടാന്നു വെയ്കാൻ അനുവദിക്കുന്നുവെന്നു സീറോ മലബാർ സഭ പറഞ്ഞിരിക്കുന്നുവെന്ന വാർത്ത നിരാശപ്പെടുത്തിയിരിക്കണം. മാർപ്പാപ്പാ ഇങ്ങിനെ പറഞ്ഞുവെന്നു കേട്ടതേ കത്തോലിക്കാ ബുദ്ധിജീവികളുടെ നാക്കിറങ്ങിപ്പോയിപ്പോയിക്കാണണം. ഏതായാലും സംഘർഷാവസ്ഥ ഉണ്ടാകാതെ മെത്രാന്മാർ കാത്തുവെന്നു പറഞ്ഞാൽ മതിയല്ലോ. ഇന്നു കാലു കഴുകണമെന്ന് പറഞ്ഞ മാർപ്പാപ്പാ നാളെ അര കഴുകണമെന്നും മറ്റന്നാൾ മുക്കാലു കഴുകണമെന്നും പറഞ്ഞാലത്തെ സ്ഥിതി ഓർത്താൽ ആരുടെ നാക്കാ ഇറങ്ങി പോവാത്തത്? ലോകാവസാനം ഇത്ര വേഗം ഇങ്ങടുത്തുവോ കർത്താവേ? തിരുസഭയോടും മേലദ്ധ്യക്ഷന്മാരോടും മറുത്തൊന്നും പറയാതെ അനുസരിക്കണമെന്നുള്ളത് ഏതൊരു ധ്യാനത്തിലും പത്തു പ്രാവശ്യമെങ്കിലും പറയാറുള്ള കാര്യമാണല്ലോ! പെസഹാ വ്യാഴാഴ്ച കഴുകിക്കാൻ തയ്യാറായി കാലുകളിൽ സെന്റും പൂശി സാരിയും അൽപ്പം പൊക്കിപ്പിടിച്ചു മാതൃദീപ്തിക്കാരു വന്നാലവരോടു ഞാനെന്തു പറയും? കെ എം മാണി സാർ കൂട്ടത്തിൽ നിന്നു പിരിഞ്ഞുപോയ അനുയായികളോടു പറഞ്ഞ പോലെ 'നിങ്ങൾ ദുഖിക്കേണ്ടി വരു'മെന്നു ഞാനും പറയും (ദുഃഖം സഹിക്കവയ്യാഞ്ഞിട്ടാ പാർട്ടിക്കാർ വിട്ടിട്ടു പോയതെന്ന് മാണി സാർ എന്താ ഓർക്കാത്തതാവോ?). മാർപ്പാപ്പയുടെ അനുവാദം ഇക്കാര്യത്തിൽ സഭക്കുണ്ടെന്നാണറിവ്. ഇതുപോലൊരു അസൌകര്യ പരാതി അത്മായാൻ മെത്രാനയച്ചാലൊ? ഹോ! ചിന്തിക്കാൻ കൂടെ വയ്യ.

എന്റെ മനസ്സിൽ തട്ടിയ ഒരു കാര്യം ഞാൻ പറയാം, ഈ മെത്രാന്മാർക്കു പ്രവചനവരമുണ്ടെന്നു പറയുന്നത് ശരിയാ; അല്ലായിരുന്നെങ്കിൽ കഴിഞ്ഞതിന്റെ മുമ്പിലത്തെ കൊല്ലം തന്നെ (മാണി സാർ അധികാരത്തിലിരുന്നപ്പോൾ) പാലായിൽ വെച്ചു സി ബി സി ഐ യുടെ സമ്പൂർണ്ണ സിനഡ് നടത്താനുള്ള ക്രമീകരണങ്ങൾ അവരെന്തിനാ ചെയ്തത്? അതു നടത്താനുള്ള എറ്റവും പറ്റിയ ഒരവസരമായിരുന്നതെന്നുള്ള ഒരു സൂചനയതിലില്ലേ? ഹാല്ലെലൂയാ! ചില ശാപങ്ങൾ ഫലിക്കാതെ പോവില്ലെന്നും മെത്രാന്മാർക്കറിയാം! ആലു പൂക്കുമ്പോൾ കാക്കയ്ക് വായ്പുണ്ണെന്നു പറഞ്ഞത് പോലെയാ കാര്യങ്ങൾ; പാലാ തൊടുപുഴയേക്കാളും ജയിച്ചങ്ങു വരികയായിരുന്നു. ഉണ്ട് എന്നതിനു തെളിവുള്ളതും, ഇല്ലായെന്നതിനു തെളിവില്ലാത്തതുമായ ഒരു സ്ഥലമായി പാലാ മാറാതിരുന്നാൽ മതിയായിരുന്നു. മകൻ പഞ്ഞം കിടന്നപ്പോൾ ഉപവാസമെടുക്കാൻ എത്ര മെത്രാന്മാരായിരുന്നു! അപ്പൻ തോൽക്കുമ്പോൾ ആത്മഹത്യയൊന്നും ചെയ്യരുതെന്ന് മെത്രാന്മാരോടു പറയണമെന്നുണ്ട്. അവർക്കും അറിയില്ല, എനിക്കും അറിയില്ല, മാണി പോയാൽ ചർച്ച് ആക്റ്റ് ആരു തടുക്കുമെന്ന്. ഇക്കാര്യത്തിൽ പി സി ജോർജ്ജും ഇന്ദുലേഖയും ഒറ്റക്കെട്ടാവാനും മതി. 

ഒരു കേരള പൌരൻ കാലനെഴുതി, അടുത്ത കുറെ നാളുകളായി സിനിമാക്കാരെ ഒന്നൊന്നായി നീ വിളിക്കുന്നുണ്ടല്ലോ, ലോകം നന്നാക്കാനാണെങ്കിൽ എന്തിനു പാവം കലാകാരന്മാരെ വിളിക്കുന്നു, ഇവിടുത്തെ തറ രാഷ്ട്രീയക്കാരിൽ രണ്ടെണ്ണത്തിനെ എടുത്തു കൂടേന്ന്. ഇഷ്ടമുള്ള അഞ്ചു പേരെ തിരഞ്ഞെടുത്തയക്കാൻ എന്നോടു കാലൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ അഞ്ചു സർക്കസുകാരെ കാലനു കാണിച്ചു കൊടുത്തേനെ. സിനിമയേക്കാൾ രോമാഞ്ചജനകമാണ് സർക്കസ്സെന്നു ദേവലോകത്തിലുള്ളവർ സമ്മതിക്കുകയും ചെയ്യുമായിരുന്നു. ഞാൻ സർക്കസ്സുകാരെന്നു പറഞ്ഞത് ഇവിടുത്തെ മെത്രാന്മാരെ ഉദ്ദേശിച്ചാ. കർത്താവു പഠിപ്പിച്ച കാര്യങ്ങൾക്ക് സ്വന്തം വ്യാഖ്യാനങ്ങൾ നല്കി ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ തെളിച്ചുകൊണ്ടു പോകുന്നവരെ സർക്കസുകാരെന്നല്ലാതെ എന്താ വിളിക്കുക? മുക്കൂട്ടുതറ - കോരൂത്തോട് ഭാഗത്തൂടെ പോയാൽ ഒരു പത്തു പന്ത്രണ്ടു സൈസ് പള്ളികളുണ്ടെന്നാ ഞാൻ കേട്ടിരിക്കുന്നത്. ഒരു കൂട്ടരും പള്ളി മാറികേറുന്ന പ്രശ്നമേയില്ല. ഈ ഹിന്ദുക്കളിൽ ജാതികൾ പന്തീരായിരം ഉണ്ടെങ്കിലും അവരു പോകുന്നത് ഒരേ അമ്പലത്തിലാണെന്നോർക്കണം. ഇങ്ങു സീറോ മലബാറിൽ വന്നാൽ ഒരേ ഹോസ്റ്റലിൽ കഴിയുന്ന ലത്തീങ്കാരോടു പോലും യോജിക്കാൻ നമ്മുടെ മെത്രാന്മാർക്കു സാധിക്കില്ല. മാർപ്പാപ്പാ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാണ്ടിരിക്കാൻ എന്താ മാർഗ്ഗമെന്നു മീറ്റിംഗ് കൂടി ചർച്ച ചെയ്യുന്ന ഈ മെത്രാന്മാരെ എന്തു വിളിക്കണം? ശത്രുവിനേപ്പോലും സ്നേഹിക്കണമെന്നു പറയുന്ന യേശുവിന്റെ പേരിൽ ഞെളിഞ്ഞു നടക്കുന്ന ഒരാളു കാരണമാ സനൽ ഇടമറുക് സ്വന്തം വീട്ടിൽ നടന്ന ശവമടക്കിനു പോലും പങ്കെടുക്കാൻ പറ്റാതെ വിദേശത്തു കഴിയുന്നത്. നിങ്ങൾ വിധിക്കരുതെന്നു പ്രസംഗിക്കുന്ന ഓരോ മെത്രാന്റെ കീഴിലുമുണ്ട് ഓരോ അരമനകോടതി! സ്നേഹത്തിൽ അധികാരമില്ലെന്നും, അധികാരത്തിൽ സ്നേഹമില്ലെന്നും നമ്മൂടെ മൂപ്പന്മാർ പറഞ്ഞതും അവർ കേട്ടിട്ടില്ല. കരുണയുടെ ചിത്രമൊട്ടിച്ച ബനിയനുമിട്ട്, കരുണാ ബ്രാൻഡ് തോൾസഞ്ചിയും തൂക്കി നടക്കാൻ ആർക്കും ഒരുളുപ്പുമില്ല താനും! 

ലാളിത്യം അത്യാവശ്യമാണെന്നു ബാംഗ്ലൂർ സിനഡിൽ പിതാക്കന്മാർ തീരുമാനിച്ചിരിക്കുന്നു (ലത്തീൻ മെത്രാന്മാർ നമുക്കിട്ടൊതുക്കത്തിൽ ഒന്നു കൊട്ടിയതാവാനും മതി). ഒരു കോമ്പ്രമൈസ് എന്ന നിലയിൽ സന്ധ്യ മുതൽ പുലരും വരെ മെത്രാന്മാർ ലാളിത്യം നടപ്പാക്കുന്നതായിരിക്കും (ഇപ്പോ തന്നെ ലാളിത്യം കൂടുതലാണെന്നു വിശ്വസിക്കുന്ന മെത്രാന്മാരാ നമുക്കു കൂടുതലും). മെത്രാന്മാരുടെ മറ്റൊരു കണ്ടുപിടുത്തം, കുടുംബങ്ങളിൽ നിന്നു മൂല്യങ്ങൾ ഒഴിഞ്ഞു പോകുന്നുവെന്നതാണ്. അങ്ങിനെ പറയാൻ ഞാൻ കണ്ട കാരണം സീറോ സഭക്കെതിരായി റോമിനു പെറ്റീഷനയക്കാൻ ചെന്നൈ കത്തോലിക്കർ ഒരുങ്ങുന്നുവെന്നു കേട്ടതാവണം. ഒരു കാര്യം ഷുവർ! പഴം മോശമാകുന്നത് കായുടെ കുഴപ്പംകൊണ്ടു തന്നെ. മറ്റൊരു കാര്യവും ഷുവർ, ചെന്നൈയിൽ രൂപത വന്നാൽ മെത്രാൻ കാക്കനാട്ട് തന്നെയായിരിക്കും. 

പാലായിൽ ചേർന്ന സിനഡ് സഭാ മക്കൾ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു. സിനഡ് ഇമ്പാക്റ്റ് പലയിടത്തും കാണുന്നുണ്ട്. തൃശ്ശൂരൊരു നേതാവ് മൂന്നു സീറ്റാഗ്രഹിച്ചതിനു പിന്നാലെ താമരശ്ശേരിയിലെ നേതാവും രംഗത്തു വന്നിരിക്കുന്നു. അദ്ദേഹത്തിനു തിരുവാമ്പാടിയിൽ ഒരു പൊതു സ്ഥാനാർഥിയെ വേണമത്രെ (മുസ്ലീം മാറി കത്തോലിക്കൻ വരണമെന്നായിരിക്കില്ല ഉദ്ദേശിച്ചത്!). താമരശ്ശേരിക്കാരൻ പറഞ്ഞത് പൊതു സ്തനാർത്തിയെന്നാണോ ശ്രീ  ഓ അബ്ദുള്ളാ കേട്ടതെന്നറിയില്ല, വായിൽ തോന്നിയതെല്ലാം പറഞ്ഞിട്ടുണ്ട്. ശ്രീ ഓ അബ്ദുള്ളാ ഒന്നോർക്കണം, കടുവായുടെ ആക്രമത്തിനെതിരെ നാളെ പ്രതിക്ഷേധ ജാഥായുണ്ടെന്ന് അബ്ദുള്ളാ പറഞ്ഞാൽ എത്ര പേരു വരും? സഭയെ ചോദ്യം ചെയ്തവന്റെ മകന്റെ കല്യാണം മുടക്കേണ്ടതല്ലേയെന്ന് വികാരിയച്ചൻ മനസ്സിലോർത്താൽ പോലും ഇടവക മുഴുവൻ ഇളകും. നഴ്സുമാർക്ക് ശമ്പളം കൂട്ടാൻ പാടില്ലെന്നു ളോഹയിട്ട ആരെങ്കിലും പറയേണ്ട താമസം, നഗരത്തെ വിറപ്പിക്കുന്ന പ്രകടനം തന്നെ നടന്നെന്നിരിക്കും; അതിൽ നഴ്സുമാരുടെ മാതാപിതാക്കന്മാരും കാണും. സമ്പൂർണ്ണ ദണ്ഡവിമോചനം ഇതാ വരുന്നൂവെന്നാരെങ്കിലും പറയുന്നത് കേട്ടാലും ക്രിസ്ത്യാനി 'എന്റെ കർത്താവേ എന്റെ ദൈവമേ'യെന്ന് പറഞ്ഞെന്നിരിക്കും. അതാ കേരള ക്രിസ്ത്യാനി! തിരഞ്ഞെടുപ്പഭിഷേക ധ്യാനം വേണമെങ്കിലും ഇവിടെ നടക്കും. മുകളിൽ നിന്നൊരോർഡർ കിട്ടാത്ത താമസമേയുള്ളൂ. സ്വന്തം പാട്ടുകൂട്ടവുമായി ഏതു നിമിഷവും യുദ്ധത്തിനിറങ്ങാൻ തയ്യാറായി നില്കുന്ന ഒരഞ്ഞൂറു സംഘങ്ങളെങ്കിലും ഇവിടുണ്ടാവും. പാട്ടെന്നു പറഞ്ഞാൽ കൂടെ വരുന്നവർ പാടിയാലെ ശരിയാവൂ. ചില ഗ്രൂപ്പുകളുടെ റേറ്റ് (പാട്ടിനു മാത്രം) റിമി ടോമിയുടെ അത്ര വരും. അമേരിക്കയിൽ പോയി പറഞ്ഞൊത്ത ഡോളർ കിട്ടിയിട്ടും ഇത്രേമേ ഉള്ളോയെന്ന് അഭിഷേകാഗ്നിയിൽ മുങ്ങിയിരിക്കുന്ന പാട്ടുകാർ ചോദിച്ചതായി കേട്ടിട്ടുണ്ട്. ഒരച്ചൻ കൈയ്യും വീശിച്ചെന്നാൽ ചെയ്യാവുന്ന കാര്യമാണ് ബിഗ്‌ ബഡ്ജറ്റ് ബിസ്സിനസ്സായി വളർത്തിക്കൊണ്ടു വന്നിരിക്കുന്നത്. ഒരു മതം ഇതിൽ കൂടുതൽ ദ്രവിക്കാനുണ്ടോയെന്നു ഞാൻ ചോദിക്കുന്നു. ഉത്തരം നിങ്ങൾ പറ!

ഇൻകം ടാക്സ് അപേക്ഷയിൽ ആശ്രിതരുടെ പേരെഴുതാനുള്ള കോളത്തിൽ ഇന്ത്യൻ പ്രസിഡന്റു മുതൽ പോലീസുകാരൻ വരെയുള്ളവരുടെ പേരെഴുതി വെച്ചു, ഒരു വിരുതൻ. അയാളേതായാലും കേരള കത്തോലിക്കൻ ആയിരിക്കില്ല, ആയിരുന്നെങ്കിൽ സ്വന്തം രൂപതാ മെത്രാന്റെയും ഇടവക വികാരിയുടേയും കപ്യാരുടേയും പേരുകൾ കൂടിയെങ്കിലും ചേർക്കുമായിരുന്നു.

2 comments:

  1. .... ഇന്നു കാലു കഴുകണമെന്ന് പറഞ്ഞ മാർപ്പാപ്പാ നാളെ അര കഴുകണമെന്നും മറ്റന്നാൾ മുക്കാലു കഴുകണമെന്നും പറഞ്ഞാലത്തെ സ്ഥിതി ഓർത്താൽ ആരുടെ നാക്കാ ഇറങ്ങി പോവാത്തത്?

    ReplyDelete
  2. "ആണുങ്ങൾക്ക് നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കെന്തുകൊണ്ടു നാലു ഭർത്താക്കന്മാരായിക്കൂടായെന്നു ജസ്റ്റീസ് കമാൽ പാഷാക്കു ചോദിക്കാമെങ്കിൽ പെണ്ണുങ്ങൾക്കെന്താ പൊരോഹിത്യം പാടില്ലേയെന്നും, മെത്രാന്മാർക്കും അച്ചന്മാർക്കും പെണ്ണുങ്ങടെ കാലു കഴുകിക്കൂടേയെന്നും എനിക്കും ചോദിക്കാം"എന്ന റോഷന്റെ രോഷം ചുമ്മാതാണ് .
    ഇതില്‍ ജസ്റ്റീസ് കമാൽ പാഷായുടെ ചോദ്യം അനാമാത്താണ് , 5 ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിക്കു ഓരോരുത്തരുടെകൂടെ ഓരോകൊല്ലം ഭാര്യയാകാന്‍ നിര്‍ദ്ദേശിച്ച ശ്രീകൃഷ്ണന്‍ ഒരു മടയനല്ലെന്നോര്‍ക്കണം. കാരണം അഞ്ചു പേരുംകൂടി ഒന്നിച്ചു പൊറുത്താൽ ഉണ്ടാകുന്ന കുഞ്ഞു ആരുടേതാണെന്ന് പിന്നെ ക്രിഷ്ണനും കൂടി പറയാന്മേലാതാകും. ആയതിനാല്‍ ഒരുപെണ്ണിനൊരു ഭര്‍ത്താവാണ് "തന്തയ്ക്കു പിറന്ന പിള്ളാരുണ്ടാകാന്‍" നല്ലത് . ഉല്‍പ്പത്തിയിലെ "ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു" എന്നതില്‍ നിന്നും ഇവറ്റകള്‍ രണ്ടിനങ്ങള്‍ എന്നാണല്ലോ ! പെണ്ണിന്‍റെ "പ്രസവം" കൂടി കാലമേ നീ പുരുഷനോട് ചെയ്യാന്‍ പറയല്ലേ ..വയ്യ ! അതിനുള്ള സംവിധാനമല്ലല്ലോ തമ്പുരാന്‍ തന്നത് .ഒള്ളതുകൊണ്ട് ഓണം പോലെ പെണ്ണ് പെണ്ണായും ആണു ആനയും ജീവിച്ചാല്‍ ദൈവത്തിനും ഒരുപൊടി സുഖം കിട്ടും . പാവം ദൈവമൊന്നു സുഖിചോട്ടെന്റെ രോഷാ....

    ReplyDelete