Translate

Saturday, March 5, 2016

ഓടിക്കോ അമ്മാ, രൂപത വരുന്നേ!

നോക്കണേ പുകില്! ഒരു വൈദികനു തട്ടുകേട് പറ്റിയാൽ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് മാർപ്പാപ്പാ; സഭയെ പൊതുജനമദ്ധ്യത്തിൽ നാറ്റിക്കരുതെന്ന് അങ്ങാടിയത്ത്. എന്തും മറന്നു പോയെന്നതുപോലെ ക്ഷമിക്കണമെന്നു മാർപ്പാപ്പാ, ന്തു തന്നെ സംഭവിച്ചാലും (ആരു സഭ വിട്ടു പോയാലും) ചർച്ചക്കില്ലെന്ന് അങ്ങാടിയത്ത് (വർഷം കരുണയുടേതായാലും അനുരജ്ഞനത്തിന്റേതാണേലും)എങ്ങനുണ്ട്?  മാർപ്പാപ്പാ എന്നെ എന്നാ ചെയ്യാനായെന്നു ചോദിച്ചെന്ന്  ഇടുക്കി മെത്രാന്റെ പേരിലൊരാരോപണം പറഞ്ഞു കേട്ടിട്ടുണ്ട്;  അതൊക്കെ എത്ര നിസ്സാരം, അല്ലേ? അമേരിക്കക്കാരെ നന്നാക്കാനാ മാർപ്പാപ്പാ വിഷമിക്കുന്നതെങ്കിൽ, പാപ്പാ അവരെ തല്ലണ്ട. അവരു നന്നാവില്ല. ഒരച്ചനെ മാറ്റണമെന്നു പറഞ്ഞ്‌ ബഹളം വെയ്കുന്ന അമേരിക്കൻ കത്തോലിക്കരെപ്പറ്റി പത്രക്കാർ ചോദിച്ചപ്പോൾ, സഭയുടെ ഒരു മഹാരഹസ്യവും അങ്ങാടിയത്തെന്ന മഹാന്റെ വായിൽ നിന്നു പത്രക്കാരുടെ മുമ്പിലേക്ക് മുത്തു മണി പോലെ തെറിച്ചു വീണു - 'അച്ചന്മാരും സഭയും (മെത്രാനും) ഉദ്ദേശിക്കുന്നതു പോലെ കാര്യങ്ങൾ നടക്കണം'. എന്തിനാ മെത്രാനെ പാരീഷ് കമ്മറ്റി? പണം കൊടുക്കുക, വീട്ടിപ്പോകുക ഇതായിരിക്കണം അത്മായന്റെ കടമകൾ! ഇല്ല, ഞാനിനി ഒരു വാക്ക് കൂടിയെങ്കിലും അയാളെപ്പറ്റി എഴുതിയാൽ എന്റെ കംപ്യുട്ടർ ചാണകവെള്ളത്തിൽ കഴുകേണ്ടി വരും. 'ഈ മലയാളി'യിൽ വന്ന അയാളുടെ അഭിമുഖം വായിക്കാൻ http://www.emalayalee.com/varthaFull.php?newsId=116359#.VtEqZ3gJAFk.twitter/ ക്ലിക്ക് ചെയ്യുക. മുതലാകും, ഉറപ്പ്! ഇതൊക്കെ അറിഞ്ഞിട്ടും വാ തുറക്കാത്ത മേജറിനെ എന്താ വിളിക്കേണ്ടത്? ആ കസേര ഒഴിഞ്ഞു കിടന്നിരുന്നെങ്കിൽ, കേരളത്തിലേക്കു നോക്കി ആരും ആരെയും കുറ്റം പറയില്ലായിരുന്നു!

സത്യം തിരിച്ചറിയാൻ ഞങ്ങൾക്ക് വിശേഷബുദ്ധി തരുവോ കർത്താവേയെന്ന് ഒരാൾ ഫെയിസ് ബുക്കിലൂടേ വിളിച്ചപേക്ഷിക്കുന്നതും ഞാൻ കേട്ടു. അയാൾ ഒരു ധ്യാന പ്രസംഗത്തിൽ കേട്ടത് എഴുതി.  "..... ഞാൻ അമേരിക്കയിൽ ധ്യാനിപ്പിക്കാൻ പോയപ്പോൾ, അവിടെ കാറുകളിലെല്ലാം ഇപ്പോൾ GPS ആണ്. നൂറു മീറ്റർ കഴിഞ്ഞാൽ ഇടത്തോട്ട് തിരിയുക, അതുകഴിഞ്ഞ്‌ വലത്തോട്ട് തിരിയുക എന്നിങ്ങനെ നമുക്ക് ഇഷ്ടമുള്ള ഭാഷയിൽ നമുക്ക് വഴി പറഞ്ഞുതരികയാണ്. എല്ലാം സാറ്റലൈറ്റ് വഴിയാണ്. സഹോദരങ്ങളെ, ആരാണീ സാറ്റലൈറ്റ് നിർമ്മിച്ചത്‌? സകലത്തിന്റെയും സൃഷ്ടാവായ നമ്മുടെ കർത്താവ്....." ഇത്രയുമേയയാളെഴുതി കണ്ടുള്ളൂ. ആരാ സ്മാർട്ട് ഫോൺ കണ്ടുപിടിച്ചതെന്ന്, ആ അച്ചനോട് ചോദിച്ചാൽ എന്തു പറയുമോ ആവോ? ഇത്രയും കേട്ടപ്പോഴേ അയാളുടെ സർവ്വ നിയന്ത്രണവും പോയിക്കാണും. ദൈവമേ, എന്താ ഇങ്ങിനെ? അമേരിക്കയിലെത്തുന്ന സർവ്വർക്കും ബോധക്ഷയം സംഭവിക്കുന്നല്ലോ! രാവിലെ ഗൂഗിളിൽ തപ്പികിട്ടുന്ന കുറേ മഹദ്വചനങ്ങളുമായി യാത്ര തുടങ്ങുന്ന മെത്രാന്മാരെക്കൊണ്ട് ഇവരെ നന്നാക്കാൻ പറ്റുമോ? പല മെത്രാന്മാരുടേയും സാരോപദേശം കേൾക്കുമ്പോൾ ഇവരുടെ അറിവിൽ ആദരവു തോന്നുമായിരുന്നു. നല്ല മനോഭാവം ഔന്നത്യത്തിന്റെ അടിത്തറയാണെന്ന് ദാർശനികനും ദൈവശാസ്ത്രജ്ഞനുമായ ഒരു ബി ഷോപ്പ് പറഞ്ഞപ്പോൾ എനിക്കു കത്തി!  "Your attitude, not your aptitude, will determine your altitude." എന്നിഗ്ലീഷിൽ ആദ്യം പറഞ്ഞത്  അമേരിക്കയിലെ ഒരു പ്രസിദ്ധ പ്രഭാഷകനായിരുന്ന Zig Ziglar എന്ന മനുഷ്യനും, മലയാളത്തിൽ സമാനമായി പറഞ്ഞത് കല്ലറങ്ങാട്ടു ബിഷപ്പുമാണ്.

ധ്യാന കച്ചോടക്കാരുടെ ടെക്നിക്ക് വല്ലോന്റേം മോഷ്ടിച്ചു വിളമ്പല് മാത്രമല്ല, അതൊരുതരം പേടിപ്പിക്കലുമാണ്. കേട്ടോളൂ, "യഹൂദരു സഭയെ നശിപ്പിക്കാൻ നോക്കി, എന്നിട്ടോ? അവരു നശിച്ചു; റോമ്മാക്കാരു സഭയെ തകർക്കാൻ നോക്കി. എന്നിട്ടോ? അവരു തകർന്നു; മദ്ധ്യകാലഘട്ടത്തിൽ മുസ്ലീമുകൾ ശ്രമിച്ചിട്ടും സഭ തകർന്നില്ല; കത്തോലിക്കാ സഭയെ തകർക്കാൻ ശ്രമിച്ച പ്രോട്ടെസ്റ്റന്റുകാർക്കെന്തു സംഭവിച്ചുവെന്നു നോക്കിയിട്ടുണ്ടോ നിങ്ങൾ? ഹിറ്റ്‌ലർ നോക്കിയിട്ടും കമ്മ്യൂണിസ്റ്റുകാർ നോക്കിയിട്ടും സഭ തകർന്നില്ല. ഒരിക്കലും തകരുകയുമില്ല." ഇനി ഇതേ കാര്യം ഹിന്ദുക്കൾ പറഞ്ഞാലെങ്ങിനിരിക്കുമെന്നു നോക്കിക്കോ. "ചർവ്വാകന്മാർ എക്കാലത്തും അകത്തു നിന്നും, മുസ്ലീമുകളും, ക്രിസ്ത്യാനികളും, വിദേശികളും പുറത്തു നിന്നും എത്രയൊക്കെ ശ്രമിച്ചിട്ടും തകർക്കാൻ പറ്റിയോ? ചരിത്രത്തിൽ, തുടരുന്ന ഒരു സംസ്കാരമെന്ന നിലയിൽ ഇപ്പോഴും അവശേഷിക്കുന്നത് ഹിന്ദുയിസം മാത്രം!" സഭ രണ്ടായിരം കൊല്ലമായിട്ടും നശിക്കാതെ നില്കുന്നു, ഹൈന്ദവ സംസ്കാരമാകട്ടെ എണ്ണായിരം വർഷങ്ങൾക്കു മുമ്പ്‌ രൂപം കൊണ്ടതാണെന്ന് പറയപ്പെടുന്നു. മുസ്ലീമുകളൂം ഇവിടുണ്ട്, ബുദ്ധിസ്റ്റുകളൂം ഇവിടുണ്ട്, പിന്നെ കത്തോലിക്കാ സഭക്കെന്താ ചരടു കൂടുതലുണ്ടോന്നാരെങ്കിലും ചോദിക്കുന്നിടം വരെ അവർ ഇതും പറഞ്ഞോണ്ടിരിക്കും. ദൈവം നോക്കിയിട്ടും ചെകുത്താനെ നശിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ! ബളാലിൽ മാതാവിന്റെ രൂപത്തിൽ നിന്നൂർന്നു വരുന്ന കൊപ്രായാട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണയിലും ലിക്വിഡ് പാരഫിന്റെ അംശം കണ്ടെത്തീന്നു ശത്രുക്കൾ പറയുന്നു. കത്തോലിക്കാ സഭയെപ്പറ്റി അവർക്കെന്തറിയാം? ഏറ്റുമാനൂരാണെങ്കിൽ അതിലും വല്യ അത്ഭുതം; കോവൽത്തണ്ടിൽ നിന്നു കോവലിന്റെ പൂവും കായും ഉണ്ടായിരിക്കുന്നു! വെറുതെയല്ല കത്തോലിക്കാ സഭയെ ഡേവീസ് കാച്ചപ്പള്ളിയച്ചൻ 'കച്ചവടോലിക്ക സഭ' യെന്നു വിളിക്കുന്നത്. ആരാ ഇതിനുത്തരവാദികൾ? ഈ പുണ്യവാന്മാരും പുണ്യവതികളും തന്നെ!

ബാംഗ്ലൂരിൽ സി ബി സി ഐ യുടെ പ്ലീനറി സമ്മേളനം നടക്കുന്നു. ഒരുപാട് ഡോക്ടർമാർ വരുന്നുണ്ട്. ബാംഗ്ലൂരുകാരുടെ ഭാഗ്യം! എന്നാലും രോഗവിവരവും പറഞ്ഞോണ്ടാരും അങ്ങോട്ട്‌ പോവേണ്ടാ - അതുക്കൂട്ട് ഡോക്ടർമാരല്ല, കൂടുതലും ഗ്രിഗോറിയൻ ഡോക്ടർമാരാണ് - മനുഷ്യരുടെ കൂട്ടത്തിൽ പുറത്തിറങ്ങി നടക്കുന്നവരുമല്ല മനുഷ്യരു പറയുന്നത് കേൾക്കുന്നവരുമല്ല കൂട്ടത്തിൽ ഭൂരിഭാഗം പേരും. ഭാരതത്തിലെ സഭ നേരിടുന്ന വെല്ലുവിളികൾക്ക് മറുമരുന്നു കണ്ടെത്തുകയാണ് ഈ സിനഡിന്റെ ലക്‌ഷ്യം. അതുകൊണ്ടാണോ അത്മായരെ ആരെയും അടുപ്പിക്കാതിരുന്നതെന്നു ഞാൻ സംശയിക്കുന്നു. പരസ്പര ചർച്ചയിലൂടെയെ കാര്യങ്ങൾ നന്നാക്കാനാവൂയെന്നു ക്ലീമ്മസ് തിരുമേനി പറഞ്ഞതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു നൂലുകൊണ്ടെങ്കിലും ബന്ധിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! കഴിഞ്ഞ സിനഡിലെ കാര്യങ്ങൾ മുഴുവൻ ആ ആഴ്ച തന്നെ നടപ്പിൽ വരുത്തിയിരുന്നല്ലോ! ഭാരതത്തിലെ സഭ  നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം തേടി എല്ലാ മാസവും പാലായിൽ അത്മായർ യോഗം ചേർന്നു ചർച്ച ചെയ്യുന്നുണ്ട്. ഇത് രണ്ടും കൂടി ഒരിടത്തു വെച്ചു ഡോ. കൊട്ടൂരിന്റെ അദ്ധ്യക്ഷതയിൽ ചേരാമെങ്കിൽ ഒന്നും ചർച്ച ചെയ്യേണ്ട ആവശ്യമേ വരില്ലായെന്ന് എനിക്ക് തോന്നുന്നു.

ചെന്നെയിലെ സഭയുടെ വളർച്ച വെച്ചു നോക്കിയാൽ ബാംഗ്ലൂരൊക്കെ എന്ത്? ചെന്നൈയിലോ പരിസരപ്രദേശത്തോ ഒരു സീറോ മലബാർ രൂപത വരാതെ കണ്ണിലെണ്ണയൊഴിച്ചാ അവിടുത്തെ സീറോ മലബാർ വിശ്വാസികൾ കാത്തിരിക്കുന്നത്. ചെന്നൈയിലെ മൂന്നു പ്രമുഖ കത്തോലിക്കാ സംഘടനകളാണ് കല്ലും തടിയുമായി ഇറങ്ങിയിരിക്കുന്നത്. എപ്പാർക്കി ഓർഡറായെന്നാ  കേൾക്കുന്നത്. എവിടെയാണെന്ന് ഒരു രൂപരേഖയും കിട്ടിയിട്ടില്ല. അനുവദിക്കുന്നത് എപ്പാർക്കിയാണെങ്കിലും ലെറ്റർപാഡടിക്കുമ്പോൾ ആർച്ച് ഡയോസിസ് എന്നായിരിക്കും വരിക - ഉദാഹരണം ഫരീദാബാദ്. റോമിന്റെ കഴിഞ്ഞ ആഴ്ച്ച വന്ന കത്തിലും എപ്പാർക്കി ഓഫ് ഫരീദാബാദെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. മാണ്ഡ്യ (ബാംഗ്ലൂർ),  കല്യാൺ (മുംബെ), ഫരീദാബാദ് (ഡൽഹി), എന്നിവപോലെ, നഗരങ്ങളുടെ പര്യമ്പുറങ്ങളിലാണ് സീറോ മലബാർ കൂടു കൂട്ടുന്നത്‌ (അവിടെയെ അനുവാദം കിട്ടൂ); പിന്നെ, അവിടെ നിന്നു തല നീട്ടി നഗരങ്ങളിലുള്ള പച്ചയും അവർ തിന്നും. അവസാനം, ലത്തീൻ അതിരൂപതെയെന്നു പറയുന്നത്  ഒറീസ്സായിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നുമുള്ള ദളിതർ മാത്രമായും മാറും. ചെന്നൈയിലെ മെത്രാനെ വത്തിക്കാനിൽ വെച്ചു വാഴിക്കേണ്ടി വരുമോയെന്നാ എന്റെ സംശയം. സാന്തോം കത്തീദ്രലിനും ചെന്നൈ റയിൽവേ സ്റ്റേഷനും അവകാശവാദവുമായും ചിലർ ഇറങ്ങിയിട്ടുണ്ടെന്നു കേൾക്കുന്നു. ഓടിക്കോ അമ്മാ! 

റോമിനു പുറത്ത് വിറ്റീനിയൊയിൽ ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നതു വിമാനത്തിലിരുന്നു കാണാം. ആകെ കൺഫ്യുഷൻ! പ്രിയപ്പെട്ട തോമസ് അപ്പസ്തോലാ, അങ്ങിവിടെ വന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, മരിച്ചത് ഞങ്ങൾ അവകാശപ്പെടുന്നതു പോലെ മൈലാപ്പൂരാണെങ്കിലും റോം പറയുന്നത് പോലെ എഡേസ്സായിൽ വെച്ചാണെങ്കിലും, അങ്ങുന്ന് സ്ഥാപിച്ച ഏഴര പള്ളികളിൽ സുറിയാനി കുർബാന ആയിരുന്നെങ്കിലും അല്ലെങ്കിലും, അവിടൊക്കെ വികാരിമാർ ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, അന്നു ബ്രാഹ്മണർ ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, മാനം മര്യാദയായിട്ടു സ്വർഗ്ഗത്തിൽ കഴിയണമെങ്കിൽ ഞങ്ങളോടു പൊറുത്തേ ഒക്കൂ! 

No comments:

Post a Comment