Translate

Sunday, March 13, 2016

തിരഞ്ഞെടുപ്പു സ്പെഷ്യൽ

തൃപ്പൂണിത്തുറക്കടുത്തുള്ള കുമ്പളം പഞ്ചായത്തിൽ പതിനേഴാം വാർഡിൽ കോൺഗ്രസ് പാർട്ടി ഒരു 'കോൺഗ്രസ്സ് കത്തോലിക്കനെ' കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നു; ഇടവക വികാരി അതു വീറ്റോ ചെയ്യുന്നു. പിന്നൊരു ഹിന്ദു സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർദ്ദേശിച്ചു, അതും വികാരിയച്ചൻ തള്ളി. സംഗതി ഇടയന്ത്രത്തു പിതാവിന്റെ അടുക്കൽ വന്നു, മെത്രാൻ വികാരിയച്ചൻ നിർദ്ദേശിച്ച മുൻ പോലീസുകാരനെ പിന്തുണച്ചു - ഫലമോ?  ജനങ്ങൾ പ്രകോപിതരായി; ആ വാർഡിൽ കോൺഗ്രസ്സ് നാലാം സ്ഥാനത്തെത്തിയെന്നു മാത്രമല്ല, ചരിത്രത്തിലാദ്യമായി ആ പഞ്ചായത്തിൽ താമരയും വിടർന്നു. ഈ സംഭവം വിവരിച്ചുകൊണ്ട് അഡ്വ. ജയശങ്കർ (ഏഷ്യാ നെറ്റിൽ) ചോദിക്കുന്നു, തിരഞ്ഞെടുപ്പിൽ ഓരോ ജാതിക്കാരനും ചോദിക്കുന്നതിനനുസരിച്ചു സീറ്റുകൾ കൊടുത്താൽ ഈ രാഷ്ട്രത്തിന്റെ ഗതി എവിടെപ്പോയി നില്കുമെന്ന്. മാത്രമല്ല, നട്ടെല്ല് നിവർത്തി അദ്ദേഹം ഒരു കാര്യം കൂടി ചോദിച്ചു, ഈ മെത്രാന്മാരുടെ തൊഴിലിതാണോയെന്ന്. എന്റെ ചുരുങ്ങിയ കാലത്തെ അനുഭവത്തിൽ നിന്നും അറിവിൽ നിന്നും പറയാം, കോൺഗ്രസ്സിനെ ഇവിടെ തകർക്കാനും, ഇടതിനെ ഉയർത്താനും മെത്രാന്മാരും അച്ചന്മാരും സഹായിച്ചതുപോലെ ആരും സഹായിച്ചിട്ടില്ല (ഉദാ: ഇടുക്കി). തിരഞ്ഞെടുപ്പിനു മുമ്പേ ഇത്തവണയും യു ഡി എഫ് പരാജയം ഉറപ്പാക്കിയ നിരവധി സീറ്റുകളിൽ തിരുവമ്പാടിയും അങ്കമാലിയും വന്നു കഴിഞ്ഞു! മെത്രാന്മാർ കളിച്ച ഭൂരിഭാഗം സീറ്റുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് തോറ്റു. മെത്രാന്മാർ മെത്രാന്മാരുടെ പണി നോക്കാൻ എന്നു യു ഡി എഫ്  നട്ടെല്ലു നിവർത്തിപറയുന്നോ അന്ന്, ആ തന്റേടത്തിനു ജനങ്ങൾ വോട്ടു ചെയ്യും!

മെത്രാന്മാർ തന്നെ വർഗ്ഗീയ കക്ഷിയെന്നാരോപിക്കുന്ന ബി ജെ പി യെ സഹായിക്കുകയെന്നതാണെന്നു തോന്നുന്നു വേറെ ചില മെത്രാന്മാരുടെ ലക്ഷ്യം. കഴിഞ്ഞ ക്രിസ്മസ്സിനു നടന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാൻ രാജ് നാഥ് സിംഗിനെ ക്ഷണിച്ചപ്പോഴും, ബി ജെ പി യുമായി ചർച്ചകൾ നടക്കുന്നുവെന്നു പത്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴും പൊതു ജനങ്ങൾ സംശയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നതു ശ്രദ്ധിക്കുക: മാണിയുടെ മകൻ കോട്ടയത്തു നിരാഹാരം ഇരിക്കുമ്പോൾ അറക്കൽ മെത്രാന്റെ മുഴു ആശിർവാദവുമുള്ള ഇൻഫാമിന്റെ ഒരു നേതാവു പറഞ്ഞത്, ഇത് തട്ടിപ്പാണെന്നാണ്. അറക്കൽ മെത്രാൻ കേരളാ കോൺഗ്രസ്സിനെതിരാണെന്നുള്ളതിനു സൂചനകളേറെ. അതിന്റിടക്ക് കേരളാ കോൺഗ്രസ്സ് പിളരുന്നു - അതിൽ കാഞ്ഞിരപ്പള്ളി മെത്രാനു പങ്കില്ല; പക്ഷേ, ഒരിടത്തുമല്ലാത്ത ഒരു കാഞ്ഞിരപ്പള്ളിക്കാരൻ പൂഞ്ഞാറിൽ വിമത വിഭാഗത്തിന്റെ സ്ഥാനാർത്തിയായി വരാൻ സാദ്ധ്യതയെന്നു കേട്ടപ്പോൾ എന്റെ ചിന്തകൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീളുന്നു. അൽഫോൻസ്‌ കണ്ണന്താനത്തിന്റെ, മുംബെയിൽ നിന്ന് ഹിന്ദുവിനെ കെട്ടിയ മകന്റെയും അമേരിക്കക്കാരത്തിയെ കെട്ടിയ മകന്റെയും വിവാഹങ്ങൾ കാഞ്ഞിരപ്പള്ളി പള്ളിയിൽ വെച്ചാശീർവദിച്ച ഈ മെത്രാന്റെ മണ്ഡലത്തിൽ ഹിന്ദുവായ ജയരാജും (യു ഡി എഫ്), ഒരു ഇടതു പക്ഷ സ്ഥാനാർത്തിയും (?), ബി ജെ പി യായ മുൻ എം എൽ എ (ക്രിസ്ത്യാനി) യും മത്സരിച്ചാൽ ഒപ്പത്തിനൊപ്പമുള്ള ത്രികോണ മത്സരമാകാതിരിക്കുന്നതെങ്ങിനെ? താമര കേരളത്തിൽ വിരിഞ്ഞാൽ ആരായിരിക്കും അതിനുത്തരവാദി? മോനിക്കായുടെതായിരുന്ന ഭൂമിക്കു മേൽ കരിമേഘം പോലെ നിൽക്കുന്ന ഹിന്ദു തീവ്രവാദികളെ ഒതുക്കാനായി ഒത്തിരി വട്ടം കറങ്ങി മൂക്കേൽ പിടിക്കുകയാണോ ഈ മെത്രാൻ? ഒരു കാര്യം പറയാം - രാഷ്ട്രീയം കളിക്കുന്ന ഈ മെത്രാന്മാർ സഭയെ രക്ഷിക്കുകയല്ല, ശിക്ഷിക്കുക തന്നെയാണു ചെയ്യുന്നത്. ഇതേ സമൂഹത്തിൽ പെട്ട കത്തോലിക്കർ തന്നെയാണു ചെന്നൈയിൽ ഞങ്ങൾക്കു സീറോ മലബാർ രൂപത വേണ്ടേ വേണ്ടേയെന്നു പറയുന്നത്. അത്രമേൽ സഭാംഗങ്ങൾ മെത്രാന്മാരെ വെറുക്കുന്നു. വെറും രണ്ടു ശതമാനം പോലുമില്ലാത്ത ക്രിസ്ത്യാനികൾ എഴുപതു ശതമാനം വരുന്ന ഹിന്ദുക്കളേയും ഇരുപതു ശതമാനം വരുന്ന മുസ്ലീമുകളേയും പ്രകോപിപ്പിക്കുന്നത് വഴി സ്വന്തം നാശമേ കൊയ്യാനിടയുള്ളൂ. മുസ്ലീമിനെ പ്രീണിപ്പിക്കാൻ സ്വന്തം അംഗത്തെ ബലി കൊടുക്കാനും ഒരു മെത്രാൻ ഈയ്യിടെ തയ്യാറായല്ലൊ, പക്ഷെ, ഫലം തിരിച്ചായിപ്പോയില്ലേ?


തിരുവനന്തപുരത്തൊരു ക്രിസ്ത്യാനി കോടതിയിൽ ചെന്ന് കോടതിയോടു ചോദിക്യാ, ഞാൻ വിവാഹിതനാണോ അല്ല്യ്യോന്ന്. കോടതി എന്താ പറയാനാ? പിന്നെ പറയാമെന്നു പറഞ്ഞിരിക്കുന്നു. പ്രശ്നം സിമ്പിൾ! അയാളുടെ ഭാര്യയുമായി അയാൾ പിണങ്ങി, സംഗതി കേസായി - പള്ളിക്കോടതിയിലും, കുടുംബക്കോടതിയിലും. പള്ളിക്കോടതി വിവാഹമോചനം അനുവദിച്ചു, അങ്ങിനെ പള്ളിയുടെ നോട്ടത്തിൽ അയാൾ അവിവാഹിതൻ. ഇപ്പോ ആ ക്രിസ്ത്യാനി ചോദിക്കുന്നത്, എന്തിനാ രണ്ടു കോടതിയെന്നാണ്. രൂപതാ കോടതിയോടായിരുന്നു ആ ചോദ്യമെങ്കിൽ അപ്പോത്തന്നെ ഇന്ത്യൻ കോടതി സമ്പ്രദായം തന്നെ ഒറ്റയടിക്കവർ  റദ്ദു ചെയ്തേനെ. തിരുവനന്തപുരത്ത് നിന്ന് അതിലും രസകരമായ ഒരു കരുണാ വാർത്ത! ക്രിസ്ത്യാനികളുടെ വക കെട്ടിടങ്ങളിൽ വാടകക്ക് താമസിക്കുന്നവർ ഇടവകയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു ജീവിച്ചു കൊള്ളാമെന്നു ഫോറം പൂരിപ്പിച്ച് ഒപ്പിട്ട്, ഐ ഡി കാർഡിന്റെ ഒരു കോപ്പി സഹിതം വികാരിയച്ചനു കൊടുക്കണമത്രെ. ഇവിടെയൊരു സർക്കാരില്ലായിരുന്നാലത്തെ കത്തോലിക്കന്റെ സ്ഥിതിയൊന്നോർത്തു നോക്കിക്കെ. കത്തോലിക്കൻ നടത്തുന്ന ലോഡ്ജുകളിലും ഹോസ്ടലുകളിലും, ആശുപത്രികളിലുമെല്ലാം ഇതു ബാധകമാക്കുമോ ആവോ? ക്രിസ്ത്യാനി നടത്തുന്ന ചായക്കടകളിൽ കാപ്പികുടിക്കാൻ വരുന്നവരും ഭാവിയിൽ ഇങ്ങിനെ ഫോറം പൂരിപ്പിച്ചു കൊടുക്കേണ്ടി വന്നേക്കാം. കർത്താവേ, ആ പഴയ ചാട്ടവാറും കൊണ്ടൊന്നു വരുമോ ഇതിലേ? പ്ലീസ്!  ഏതായാലും, മെത്രാന്മാരുടെ മുഖത്തു നോക്കി ചോദിക്കാൻ മാത്രം കത്തോലിക്കൻ വളർന്നു - അതെന്താ നിസ്സാര കാര്യമാണോ? ഇനിയും അത്മായാൻ വളർന്നാലെ മെത്രാന്മാർ പാഠം പഠിക്കൂ. 

സി ബി സി ഐ മീറ്റിങ്ങും കഴിഞ്ഞ് ക്ലീമസ് കർദ്ദിനാൾ നടത്തിയ പത്ര സമ്മേളനത്തിൽ റായ്പൂരിൽ പള്ളി തകർത്ത കാര്യം ചോദിച്ചപ്പോൾ അമ്പലങ്ങളും മോസ്കുകളുമൊക്കെ ആക്രമിക്കപ്പെടാറുണ്ടല്ലൊ എന്നാണദ്ദേഹം മറുപടി പറഞ്ഞത്. 'പുകു പുകെ ഏറു വരുമ്പോഴാ അമ്മേടേ കോൺഗ്രസ്സെ'ന്നൊരു മകൻ പറഞ്ഞതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വാലിൽ തീ പിടിച്ച കുറുക്കൻ നടക്കുന്നതുപോലെ ആയിരക്കണക്കിനു ഇന്റേർണൽ പ്രോബ്ലംസ് ഉള്ളപ്പോഴാ പള്ളി! ലത്തീങ്കാരുടെ പള്ളി ലത്തീങ്കാരു തന്നെ നോക്കട്ടെയെന്നൊരു സ്വരം അതിലുണ്ടോ ആവോ. ഏതായാലും സെ. ജോൺസ് അക്കാഡമിയുടെ ഡയറക്ടർ ഫാ. പോൾ നടത്തിയ പത്ര സമ്മേളനത്തിലൂടെ രണ്ടെണ്ണം കൂടി കേട്ടിട്ടാ നമ്മുടെ നേതാക്കന്മാർ വാലും ചുരുട്ടി പൊടീം തട്ടി പോന്നത്. ബാംഗ്ലൂർ സെ. ജോൺസിൽ ക്യാപ്പിറ്റേഷനായി ഒരു നയാപൈസാ വാങ്ങുന്നില്ലെന്നും, റക്കമെന്റേഷനുമായി വരുന്നവരെ അയോഗ്യരാക്കുമെന്നും, നൂറ്റമ്പതു സീറ്റിൽ പത്തെണ്ണം ദളിതർക്കു വേണ്ടി റിസർവ്വ് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത് അവർ കേട്ടിരിക്കാൻ വഴിയില്ല. കേരളത്തിൽ ഇത് പോലെ തലയുയർത്തി നിന്നൊരു കുറവുമില്ലാതെ സാക്ഷ്യം പറയാൻ എത്ര പേർക്കു കഴിയും? എല്ലാ ബിഷപ്പുമാരും കൂടി അംഗീകരിച്ച ഇണ്ടാസ് പ്രകാരം പാവങ്ങൾക്ക് ഹോളിസ്ടിക് വിദ്യാഭ്യാസം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു ശാലോം ബെന്നിയെ പേടിച്ചു കേരളത്തിലാരും പൂർണ്ണമായി നടപ്പാക്കാൻ ഇടയില്ല. ഇവിടുത്തെ സഭയെന്നു പറയുന്നത് പലർക്കും ശാലോമാണല്ലോ! ഹോളിസ്റ്റിക്കിൽ ഹോമിയോപ്പതി, യോഗാ, പ്രാണിക് ഹീലിംഗ്, റെയ്കി, ധ്യാനം എല്ലാം വരും. റെയ്കി ചെകുത്താന്റെ സ്വന്തം സൂത്രമാണെന്ന് ബെന്നി പ്രേഷിതനു ബോദ്ധ്യപ്പെട്ടിട്ടുള്ളതും അതിനെപ്പറ്റി വിശദമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുള്ളതുമാണ്. ഇത്രയും പുണ്യവാളന്മാരും സാക്ഷാൽ മാതാവും എണ്ണ ഒഴുക്കാനും തേനൊഴുക്കാനും പാലൊഴുക്കാനും രക്തമൊഴുക്കാനും മന്നാ വർഷിക്കാനും തയ്യാറായി നിൽക്കുമ്പോൾ കരിസ്മാറ്റിക് ധ്യാനത്തിന്റെയും മിക്ക ആശുപത്രികളുടേയും നടുവൊടിക്കാൻ പോന്ന ഹോളിസ്ടിക് വേണോന്നു വെച്ചാലും ഇനിയെങ്ങിനാ മാറ്റി പറയുക? 

അമ്ബികാപുരംകാരൻ ടോണി പുളിക്കൻ ചങ്ങനാശ്ശേരിക്കടുത്തുള്ള അംബികാപുരം ക്ഷേത്രത്തിലെ ഉൽസവക്കമ്മറ്റി പ്രസിഡന്റായല്ലൊ. ഭയങ്കര മത സൗഹാർദ്ദമെന്നു പറഞ്ഞ്  പത്രക്കാരത് കൊട്ടിഘോഷിക്കുന്നു. ചങ്ങനാശ്ശേരി നഗരത്തിലുള്ള ചിലർ ടോണിയെ നോട്ടമിട്ടിട്ടുണ്ട്. വരുമല്ലോ, എന്നെങ്കിലും ആ വഴി! 

2 comments:

 1. മെത്രാന്മാർ പിന്നെ വേറെ എന്തു പണി ചെയ്യണമെന്നാണ് റോഷൻ പറയുന്നത്? അവര്ക്ക് വേറെ ഏത് പണിയാണ് അറിയാവുന്നത്? ഭൺഡാരപ്പെട്ടിയിൽ വീഴുന്ന കാശെണ്ണുന്നന്നത് പോലും അവരല്ല, യന്ത്രങ്ങളാണ്. അരുവിത്തുറയിലും ഭരണങ്ങാനത്തും വീഴുന്ന തുട്ടുകൾ ബാങ്കുകാർ തൂക്കിയാണ് കണക്കാക്കുന്നത്.

  പിന്നെ അവർ ചെയ്യുന്നത് കെസിബിസി, സിബിസിഐ മീറ്റിങ്ങുകൾ നടത്തുകയാണ്. സ്ത്രീസംവരണം ചർച്ചചെയ്യാൻ മുസ്ലിം തങ്ങൾമാരും ശിങ്കിടികളും ബിരിയാണിക്ക് ചുറ്റും ഇരിക്കുന്നതുപോലെയാണ് ഈ മീറ്റിങ്ങുകൾ. എല്ലാം കഴിയുമ്പോൾ, നിങ്ങൾ ചർച്ച ചെയ്തതെന്ത്, എടുത്ത ത്രീരുമാനങ്ങൾ എന്ത് എന്ന് ചോദിച്ചാൽ പറയും അടുത്ത മീറ്റിങ്ങിന്റെ തിയതി നിശ്ചയിച്ചു എന്ന്!

  ബാംഗ്ലൂർ സെ. ജോൺസിൽ ക്യാപ്പിറ്റേഷനായി ഒരു നയാപൈസാ വാങ്ങുന്നില്ലെന്നും, റക്കമെന്റേഷനുമായി വരുന്നവരെ അയോഗ്യരാക്കുമെന്നും, നൂറ്റമ്പതു സീറ്റിൽ പത്തെണ്ണം ദളിതർക്കു വേണ്ടി റിസർവ്വ് ചെയ്തിരിക്കുന്നുവെന്നും കേട്ടത് ഒരു നല്ല തുടക്കമാണ്. കേജ്രിവാൾ ഡൽഹി സ്കൂളുകളിൽ മാനജ്മെന്റ്റ് ക്വോട്ടായേ നിയമം മൂലം നിറുത്തലാക്കി. മെത്രാന്മാരുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു നീക്കം എന്നാണുണ്ടാവുക? ഇവിടെ വാഴാൻ വരുന്ന ഗവ.കൾക്ക് അതിനുള്ള നട്ടെല്ല് ഒരിക്കലും വളരില്ല. അണിഞ്ഞൊരുങ്ങി മൂന്നുനാലു കുരിശുകളുമായി നടക്കുന്ന നമ്മുടെ തിരുമേനിമാരുടെ വര്ഗ്ഗത്തെ ചെറ്റകൾ എന്ന് വിളിക്കുന്ന ധാരാളം അല്മായർ പള്ളിയിൽ സ്ഥിരം പോകുന്നവരുടെ ഇടയിലും ഉണ്ട്. അവരുടെ എണ്ണം കൂടും. അതിനുമുമ്പ് സ്വഭാവം മാറില്ലെങ്കിൽ വേഷമെങ്കിലും മാറുന്നതാണ് നന്ന്.
  മതേതരത്വം ഔദ്യോഗികമായി നിലവിലുള്ള ഈ രാജ്യത്ത് തിരഞ്ഞെടുപ്പായാലും അല്ലെങ്കിലും അത് ചവുട്ടി മെതിക്കപ്പെടുകയാണ്. നെഹൃപോലും മതേതരത്വത്തെ ശരിക്ക് മനസ്സിലാക്കിയിരുന്നോ എന്ന് സംശയിക്കണം. അല്ലെങ്കിൽ 57 ലെ മന്ത്രിസഭ ഒരു നൂനപക്ഷത്തിന്റെ ബഹളി കണ്ട് പിരിച്ചുവിടില്ലായിരുന്നു. മറ്റു മതങ്ങളിൽ നിന്ന് ഒരാൾ പോലും അംഗമല്ലാത്ത മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നാണ് ഉമ്മൻ ചാണ്ടി ഒരഭിമുഖത്തിൽ ഈയിടെ പറഞ്ഞത്. കൂടെ നിറുത്താൻ എന്തും പറയുക, ചെയ്യുക എന്നതാണ് ഇവിടുത്തെ നേതൃത്വത്തിന്റെ സ്റ്റൈൽ. അപ്പോൾ ബാക്കിയുള്ളവർ എന്ത് മനസ്സിലാക്കുന്നു എന്ന് അദ്ഭുതപ്പെട്ടാൽ മതി.
  ഇക്കാര്യത്തിൽ വേണ്ട ചികിത്സ ഒന്നുമാത്രമേയുള്ളൂ - രാഷ്ട്രീയത്തിൽ മതം ഒരു കാരണവശാലും ഇടപെടരുത്. സ്ഥാനാർഥികളുടെ മൂല്യനിർണ്ണയം അവരുടെ മത ചായ്‌വുകൾ നോക്കിയാകരുത്. പർലമെന്ററി, അസ്സംബ്ലി തിരഞ്ഞെടുപ്പുകളിൽഇടപെട്ട് അച്ചന്മാരും മെത്രാന്മാരും അലങ്കോലം സൃഷ്ടിക്കരുത്. രണ്ട്, മതവും അതിന്റെ ആൾക്കാരും പള്ളിയിലും വീട്ടിലും മാത്രമായി ഒതുങ്ങി പ്രവര്ത്തിക്കുക, യാതൊരുവിധ മതപരമായ ചേഷ്ടകളുമായി തെരുവിലേക്ക് ഇറക്കരുത്. രണ്ട്, ബുദ്ദുറബ് ചെയ്യുന്നതുപോലെ എല്ലായിടത്തും ഒരേ നിറം വാരിത്തേക്കരുത് അതൊക്കെ നാറിത്തരമാണ്!

  ReplyDelete
 2. " "മെത്രാന്മാർ മെത്രാന്മാരുടെ പണി നോക്കാൻ" എന്നു യു ഡി എഫ് നട്ടെല്ലു നിവർത്തിപറയുന്നോ അന്ന്, ആ തന്റേടത്തിനു, ജനങ്ങൾ വോട്ടു ചെയ്യും!"എന്ന റോഷന്റെ കാഴ്ചപ്പാട് നൂറു ശതമാനം ശരിയാണ് ! ദൈവത്തെ അറിയാത്ത ഈ മമോന്റെ കക്ഷികൾ എങ്ങിനെ ദൈവത്തെയും സര്ക്കാരിനെയും വേർതിരിച്ചറിയും? ആയതിനാൽ കൈസര്ക്കുള്ളത് കൈസര്ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാതെ രണ്ടും തന്റെ ഇടതു വലതു കീശകളിലാക്കുന്ന കത്തനാരെ കണ്ടാൽ ജനമെല്ലാം ഇവന്റെയൊക്കെ കീശയിലാണെന്നു കരുതുന്ന്ന രാഷ്ട്രീയ നേതാക്കളെ നിങ്ങൾ ജനങ്ങളെ ഭരിക്കെണ്ടാ എന്ന് ജനം പറയുന്ന കലമാണീ ത്തെരഞ്ഞെടുപ്പ് ! കത്തനാരുടെ മൂടുതങ്ങികല്ക്കിനി വോട്ടില്ല ! കോര്പ്പറേറ്റുകലാണീ മതമാഫിയാകൾ എന്ന് മനനമുള്ള ജനം തിരിച്ചറിഞ്ഞ കാര്യം എന്നിനീ ഈ മോഷണവീരന്മാർ മനസിലാക്കും?

  ReplyDelete