Translate

Tuesday, March 22, 2016

ഇതാ മണവാളനെത്തിക്കഴിഞ്ഞു!

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തേക്കാളും കടുത്തതായിരിക്കാം ഇരിഞ്ഞാലക്കുട രൂപതയും, ചിറ്റിലപ്പള്ളി ബെന്നിയും തമ്മിൽ നടക്കാൻ പോകുന്ന പോരാട്ടം. പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു ശരിയെങ്കിൽ, സമാനമായ ഒരു പോരാട്ടം കാഞ്ഞിരപ്പള്ളി മെത്രാനും പൂഞ്ഞാറിലെ വോട്ടറന്മാരും തമ്മിലും അടുത്തു തന്നെ നടന്നേക്കാം; പൂഞ്ഞാർ സീറ്റ്, ഇടതു മുന്നണി കേ. കോൺഗ്രസ്സ് വിമത വിഭാഗത്തിനു കൊടുത്തിരിക്കുകയാണെന്നും, അവരതു മെത്രാന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും ചില പത്രങ്ങൾ എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിൽ, ആർക്കും വേണ്ടാത്ത ഒരു ഭക്ത സ്ഥാനാർത്തിയെ ഇടതു മുന്നണിയുടെ ബാനറിൽ അവിടെ നിർത്തി ആ സീറ്റ് ജോർജ്ജിനു തന്നെ തരപ്പെടുത്തുകയായിരിക്കുമോ, അതോ 'വോട്ടർസിയോ മറക്കൽസ്യാ' എന്ന രോഗം കലശലായി ബാധിച്ചിരുന്നുവെന്നാരോപിക്കപെട്ട ജോയി എബ്രാഹം മൂലം നഷ്ടപ്പെട്ടുപോയ പൂഞ്ഞാർ സീറ്റ് യു ഡി എഫിന് തന്നെ തിരിച്ചു കിട്ടാൻ സഹായിക്കുകയാവുമോ മെത്രാൻ ചെയ്യുക? മെത്രാന്റെ സ്ഥാനാർഥിയെ ഞങ്ങൾക്കു വേണ്ടായെന്ന പോസ്ടറുകൾ കേരളത്തിൽ  വ്യാപകമായി കാണപ്പെടുന്നുവെന്ന റിപ്പോർട്ടുകളുള്ളത് കൊണ്ടാ ഞാനങ്ങിനെ ചിന്തിച്ചത്. പത്രക്കാർ ആരോപിക്കുന്നത് പോലെ ഈ മെത്രാൻ പി സി യോട് മുൻ വൈരാഗ്യം വെച്ചു പ്രവർത്തിക്കാൻ സാദ്ധ്യതയില്ല - വർഷം കരുണയുടേതല്ലേ? കരുണ എല്ലാ തുറകളിലും ആകാമെന്ന് ഈ മെത്രാൻ അടുത്തിടക്കു പറഞ്ഞതായും ഞാൻ വായിച്ചതാ. ഏതായാലും, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഈ മെത്രാനെന്താ ഉദ്ദേശിക്കുന്നതെന്നു ദൈവത്തിനു പോലും പിടികിട്ടിയിട്ടില്ലെന്നാണറിവ്  - പിന്നല്ലേ മനുഷ്യന്. പൂഞ്ഞാറിൽ മെത്രാൻ പിന്തുണക്കുന്ന (?) ഇടതു മുന്നണിയുടേതിനോടൊപ്പം, അദ്ദേഹത്തിന്റെ ഒരിഷ്ടതാരവും ബി ജെ പി ബാനറിൽ കാഞ്ഞിരപ്പള്ളിയിൽ മൽസരിക്കുന്നുണ്ട്. ഇടതു മുന്നണിയുടെ നിർദ്ദേശപ്രകാരമാണോ ഇതൊക്കെ കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നതെന്നും എനിക്ക് സംശയമുണ്ട്. 

ബെന്നിക്കു തുണയായി പള്ളിയോടു യുദ്ധം ചെയ്യാൻ ഒരു തിരുവനന്തോരംകാരനുമുണ്ട്. അച്ചന്മാർക്ക് ഞങ്ങടെ വീട്ടിലെന്തു കാര്യമെന്നാണു ബെന്നി ചോദിക്കുന്നത് (ബെന്നി ഒരു ഹിന്ദു യുവതിയെ കെട്ടി, രണ്ടു മക്കളുമായി സന്തോഷമായിട്ട് ജീവിക്കുന്നു - പത്തു വർഷങ്ങൾ കഴിഞ്ഞപ്പോൾ കാരണം കാണിക്കണമെന്നു സൂചിപ്പിച്ച് അരമനയിൽ നിന്നും കത്ത്; അവരു സന്തോഷമായി കഴിയുന്നുവെന്നറിഞ്ഞതായിരിക്കില്ല കാരണം). അന്യദേശങ്ങളിലുള്ളവരേയോ ഹിന്ദുക്കളേയോ കെട്ടുന്നവർക്ക് ഇത്തരം നോട്ടീസ് അയക്കില്ലെന്നായിരുന്നു കാഞ്ഞിരപ്പള്ളിക്കാരനായ എന്റെ ധാരണ (ഞങ്ങടെ കാഞ്ഞിരപ്പള്ളി മെത്രാൻ മിശ്ര വിവാഹം നടത്തിയവരെ അതേ നിലയിൽ നേരിട്ടുതന്നെ കെട്ടിച്ചു കൊടുത്തിട്ടുണ്ട് - ഇന്നേവരെ ഒരു നോട്ടീസും അവർക്ക് അരമനയിൽ നിന്ന് പോയിട്ടില്ലെന്നാണറിവ് ). ഞാൻ വിവാഹിതനാണോ അല്ലയോന്നു പറയേണ്ടത്‌ രൂപതാ കോടതിയാണോന്നാണ് തിരുവനന്തോരംകാരൻ കത്തോലിക്കൻ ഹൈക്കോടതിയോട് ചോദിച്ചത് (കഥയിങ്ങനെ: അയാളുൾപ്പെട്ട വിവാഹമോചന കേസിൽ കുടുംബക്കോടതി തീരുമാനം പറഞ്ഞിട്ടില്ല, പക്ഷെ, രൂപതാക്കോടതി ഭാര്യയുടെ പരാതി സ്വീകരിച്ച് ഭർത്താവിന്റെ വിശദീകരണം കേൾക്കാതെ വിവാഹം അസാധുവാക്കി); അതിനു ചങ്ങനാശ്ശേരി അരമനയും കോടതിയിൽ മറുപടി പറയണം. രൂപതകളേയും മെത്രാന്മാരെയും കൂടി വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന ഒരു കേസും, മാനനഷ്ടത്തിന് ഒരു വിശ്വാസി മെത്രാന്മാർക്കെതിരെ കൊടുക്കുന്ന ഒരു കേസും കൂടിയുണ്ടായാൽ കഥക്കൊരു വഴിത്തിരിവുണ്ടാകും. 

ഈ യുദ്ധങ്ങളുടെ ഫലം, കണ്ടും കേട്ടും കഴിഞ്ഞാലേ, അരമനക്കോടതികൾ വേണോ, മതവും ജാതിയും ഒന്നാണോ, അന്യമതസ്ഥർ മനുഷ്യരാണോ, മെത്രാന്മാരെ എന്തു ചെയ്യണം തുടങ്ങിയ ചില പ്രധാനകാര്യങ്ങളിൽ തീരുമാനമാകൂ. ഒളിപ്പോരാളികൾ ഐ എസ് കളിച്ചതു കൊണ്ടുമാത്രം പ്രയോജനമില്ല, മേൽക്കാര്യങ്ങളിൽ മാർപ്പാപ്പായുടെ തീരുമാനങ്ങളും കാനോനും എന്താണു പറയുന്നതെന്നു മനസ്സിലാക്കണം, അക്കാര്യം കോടതിയിൽ എത്തിക്കുകയും വേണം. ഇതിന്റെ കൂട്ടത്തിൽ ചർച്ച് ആക്റ്റ്‌ തിളപ്പിച്ച് പലരേയും ആവിപിടിക്കേണ്ടതുമുണ്ട്.
ബാറുകളിൽ വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ശ്രീ കൂടല്ലൂരിനെപ്പോലുള്ള പ്രഗൽഭരായ വക്കീലന്മാർ ബെന്നി പക്ഷത്തുള്ളവർക്കു പരുക്കേൽക്കാതെ നോക്കാനുള്ള സൌകര്യങ്ങൾ നേരത്തെ തന്നെ ചെയ്തിരിക്കുന്നതു കൊണ്ട്, ഈ യുദ്ധവും പതിനെട്ടു വർഷങ്ങളെങ്കിലും നീണ്ടു പോകാൻ ഇടയുണ്ട്. ഭീമന്റെ സ്ഥാനത്ത്, ഒല്ലൂരുനിന്നുള്ള റാഫേലും, അർജ്ജുനന്റെ സ്ഥാനത്ത് ഇപ്പനും ഈ കുരുക്ഷേത്ര ഭൂമിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇപ്പന്റെ കൂടയിൽ കൊക്കാസ്ത്രം, എഡ്വിനാസ്ത്രം ബെനഡിക്റ്റാസ്ത്രം അഭയാസ്ത്രം മുതലായവക്ക് പുറമേ മാരകശക്തിയുള്ള ഓശാനാസ്ത്രവും ഉണ്ട്. ദിവ്യദൃഷ്ടിയുള്ള സത്യജ്വാലൻ യുദ്ധരംഗത്തു നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ അമേരിക്കയിലും ലോകമെങ്ങുമുള്ള വിശ്വാസികളെ അറിയിക്കുന്നതായിരിക്കും. 

ഈ കടുത്ത യുദ്ധത്തിൽ ഇരു പക്ഷത്തുമായുള്ള 18 അക്ഷൗണികളും നാമാവശേഷമാകാനും, മെത്രാൻ പക്ഷത്തുള്ള ഏഴു കൂദാശകൾക്കും ക്ഷതമേക്കാനും സാദ്ധ്യതയുണ്ട്. അണുബോംബിനു സമാനമായ മടയലേഖനങ്ങളുടെ ഒരു നിര തന്നെ ശത്രുപക്ഷത്തെ ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇടുക്കിയിൽ ആരോ രാസായുധം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും സംസാരമുണ്ട്. സർവ്വതും നഷ്ടപ്പെട്ട മോനിക്കയുടെ ശപഥം നിലനില്കുന്നതു കൊണ്ടും, കട്ടപ്പനക്കാരൻ റെജിസാർ ഈയ്യിടെ പുറത്തിറക്കിയ ഡ്രോണുകളുടെ പ്രഹരശേഷി കടുത്തതായതു കൊണ്ടും അത്മായാ  ശല്യക്കാർ മൂട്ടകളേപ്പോലെ പെരുകുന്നതു കൊണ്ടും, മെത്രാൻ പക്ഷത്തിനു പരാജയം വന്നേക്കാമെങ്കിലും, ഫലം പ്രവചനാതീതം! 

ഞാനിന്നലെയൊരു റ്റൈംസ് ഓഫ് ഇന്ത്യ വാർത്ത വായിച്ചൊത്തിരി ചിരിച്ചു. വാർത്തയിൽ ചിരിക്കാനൊന്നുമുണ്ടായിട്ടല്ല ചിരിച്ചത്; എനിക്കു തകരാറൊന്നും പറ്റിയിട്ടുമല്ല ചിരിച്ചത്. റായ്പൂർ പള്ളിക്കത്തു ഗുണ്ടകൾ വിളയാടിയതിനു പിന്നാലെ റായ്പൂർ മുനിസിപ്പാലിറ്റി പള്ളിക്കാർക്കു നോട്ടീസ് കൊടുത്തിരിക്കുന്നു - അനധികൃതമായി സർക്കാർ സ്ഥലം കൈയ്യേറി നിർമ്മിച്ചതായതു കൊണ്ട് പള്ളി പൊളിക്കേണ്ടിവരുമെന്നു കാണിച്ച്. സംഗതിയുടെ കിടപ്പ് മനസ്സിലായിട്ടാ, ക്ലീമ്മിസ് പ്രസിഡണ്ട് എങ്ങും തൊടാതെ റായ്പൂർ  പ്രശ്നത്തിനു മറുപടി പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചിരിച്ചതതോർത്തുമല്ല - അങ്ങിനെയൊരു വകുപ്പു കേരളത്തിലാരെങ്കിലും പ്രയോഗിച്ചാൽ, അല്ലെങ്കിൽ വികസനത്തിനാവശ്യമുള്ള സ്ഥലങ്ങളിലെ കുരിശുകൾ മുഴുവൻ മാറ്റാൻ തീരുമാനിച്ചാൽ നാമാവശേഷമായിപ്പോകുന്ന ആയിരക്കണക്കിനു കുരിശുപള്ളികളെപ്പറ്റി ഞാൻ ചിന്തിച്ചു പോയി. അങ്ങിനെ സംഭവിച്ചാൽ, വാലില്ലാത്ത, അല്ലെങ്കിൽ അരവാലു മാത്രമുള്ള കുരങ്ങന്മാരെപ്പോലെ നിരവധി പള്ളികൾ കേരളത്തിൽ അങ്ങിങ്ങു കാണാൻ കഴിയും. ഓർത്താൽ എങ്ങിനെ ചിരിക്കാതിരിക്കും? കാഞ്ഞിരപ്പള്ളിയിൽ മെയിൻ റോഡുകളുടെ നടുക്കുണ്ടൊരെണ്ണം, ഏറ്റുമാനൂർ കവലയിലും കോട്ടയം കഞ്ഞിക്കുഴിക്കവലയിലുമെല്ലാം ഉണ്ടോരോന്ന്. സത്യത്തിൽ പള്ളിക്കാരെ അപ്പാടെ ഇവിടെ നിരോധിച്ചാൽ തന്നെ നാടും രാഷ്ട്രീയവും അരമുഴം നന്നാവുമെന്നു മനസ്സിലായല്ലോ!

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷത്തോടേ ജീവിക്കുന്നവരിൽ ഇന്ത്യയുടെ റാങ്ക് 118 (സോമാലിയായുടെ റാങ്ക് 76 ആണെന്നോർക്കണം). ഏറ്റവും സന്തുഷ്ടരായ ആളുകളുള്ളത് ഡെന്മാർക്കിൽ. ആളുകൾക്കിടയിലുള്ള അസന്തുലിതാവസ്ഥയാണ് പ്രധാന വില്ലനെന്നും യു എൻ പറയുന്നു. അച്ചന്മാരും അത്മേനികളും പരസ്പരം തോളിൽ കൈയ്യിട്ടു നടക്കുന്ന നമ്മുടേ കത്തോലിക്കാ സഭയുടെ റാങ്ക് നോക്കിയിരുന്നെങ്കിൽ പതിനായിരത്തിനു മുകളിൽ ആകുമായിരുന്നെനിക്ക് തോന്നുന്നു. ഒന്നാം സ്ഥനത്തു നിൽക്കുന്ന രാജ്യങ്ങളിലെ അമ്മമാരിൽ നല്ല പങ്കും അവിവാഹിതകളാണെന്നുള്ളതും അവരുടെ സമ്പത്തിന്റെ വലിപ്പമല്ല അവരെ സന്തുഷ്ടരാക്കുന്നതെന്നുമൊക്കെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. സ്വാതന്ത്ര്യമാണ് മനുഷ്യനു വലുത്! അതു സീറോ മലബാറിൽ ഉള്ളിടത്തോളം മറ്റെവിടെ കിട്ടും? ഒരു യുവകത്തോലിക്കൻ, അവന്റെ ഗതികേടിന് നാടുവിട്ട് എവിടെങ്കിലും പോയി രണ്ടു വർഷം കഴിയേണ്ടി വന്നാൽ (അത് തിഹാർ ജയിലിലായാലും), ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നു കാണിച്ച് തൊട്ടടുത്ത സീറോ പള്ളിയിലെ എഴുത്തുമായി വരണം, കെട്ടണമെങ്കിൽ. അവധിയെടുത്തു മൈലുകൾ താണ്ടി തൊട്ടടുത്ത പള്ളിയിൽ ചെല്ലുമ്പോൾ .......... (വിട്ടു പോയ ഭാഗം വായനക്കാർ പൂരിപ്പിക്കുക).

എളിമ മുഖമുദ്രയാക്കണമെന്ന് ഈ ഓശാന ഞായറാഴ്ച മാർപ്പാപ്പാ പറഞ്ഞിട്ടുണ്ട്. സഭ അപകടത്തിലാണെന്ന് മുൻ മാർപ്പാപ്പാ പത്രസമ്മേളനം നടത്തി പറഞ്ഞതും കൂടി ശ്രദ്ധിച്ചാൽ ... പേടി തോന്നുന്നു. യൂറോപ്പിലേക്കു പോകുന്ന ഏതെങ്കിലും ഫ്ലൈറ്റിൽ കീടനാശിനിക്കുപ്പി കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംഗതി പ്രശ്നമാണെന്നു ഞാൻ മനസ്സിലാക്കിയത് ഈ  21 ലെ ദീപിക 'ഇ പേപ്പർ'കൂടി കണ്ടപ്പോഴാണ്. ഓശാന ഞായറാഴ്ച്ചത്തെ പത്രത്തിൽ മാർപ്പാപ്പായുടെ പടം മുന്നിലുണ്ട്, പക്ഷേ മാർപ്പാപ്പാ എന്താണന്നു പറഞ്ഞതെന്നെഴുതിയിട്ടില്ല. പക്ഷെ, അവസാന പേജിൽ അഭയാർത്ഥികളേ കൈവിടരുതെന്നു കുറേനാൾ മുമ്പ് മാർപ്പാപ്പാ പറഞ്ഞതിട്ടിട്ടുമുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മെത്രാന്മാർ കുരിശോല വിതരണം ചെയ്യുന്ന ഫോട്ടോകളൂടെ അടിയിൽ മത്തങ്ങാ മുഴുപ്പിൽ കാഞ്ഞിരപ്പള്ളിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നുമുണ്ട്. ഓശാനക്ക് എല്ലാരും ഓല വാങ്ങി വീട്ടിപ്പോയി. ഈ ഓല എങ്ങിനെ അവിടെ വന്നെന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ചിക്കാഗോയിൽ തെങ്ങില്ലെന്നു ചിക്കാഗോക്കാർ പോലും ഓർക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? മാർത്തോമ്മായുടെ പാരമ്പര്യം... കാക്കാനും വയ്യ, കാക്കാതിരിക്കാനും വയ്യ! ജെരൂസലേമിൽ നമ്മൂടെ രൂപത വന്നാലീമെത്രാന്മാർ എന്തു തീരുമാനിക്കുമോ ആവോ!

രണ്ടു കള്ളുകുടിയന്മാർ നടന്നു പോകുന്ന വഴി ഒരാൾ പറഞ്ഞു, "നമ്മൾ പട്ടണത്തിനടുത്തെത്തിയിട്ടുണ്ട്."
രണ്ടാമൻ ചോദിച്ചു, "നിനക്കതെങ്ങിനെ മനസ്സിലായി?" 
ആദ്യത്തവൻ മറുപടി പറഞ്ഞു, "ഇപ്പോൾ നമ്മൾ കൂടുതൽ പേരുടെ ദേഹത്തു മുട്ടുന്നുണ്ട്!" 
സഭയിപ്പോൾ സ്വർഗ്ഗത്തിനടുത്തെത്തിയെന്ന് എനിക്കും തോന്നുന്നു.  കൂടുതൽ അത്മായരിപ്പോൾ സഭയുമായി മുട്ടുന്നുണ്ട്. ഇതാണോ ആവോ പവ്വം കൊണ്ടോന്ന ആ കുരിശിന്റെ ശക്തി? 

No comments:

Post a Comment