Translate

Monday, April 25, 2016

ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും

AMERICA  25-Apr-2016


ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും  

(ഏതാനും വർഷങ്ങൾ മുമ്പ് ഈ ലേഖനം ഞാൻ അല്മായ ശബ്ദത്തിൽ പ്രസിദ്ധീകരിച്ചതാണ്. കുറച്ചുകൂടി മോഡിഫൈ ചെയ്ത് ' വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ ചുറ്റുപാടുകളിൽ സഭയെ വിലയിരുത്താൻ ഈ ലേഖനം പ്രയോജനപ്പെടുമെന്നും വിശ്വസിക്കുന്നു.)

By ജോസഫ് പടന്നമാക്കൽ

ഭാരതത്തിൽ നടപ്പിലുള്ള ജാതിവ്യവസ്ഥ നിയമവിരുദ്ധമെങ്കിലും ഇത് സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും. ദളിതരെന്നു പറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഭാരതഭൂമിയിൽ നാം കാണുക. ഈ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തിൽ ചേർന്നു. മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവർ ‍എന്തു നേടി? സവര്‍ണ്ണ ക്രിസ്ത്യാനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യൻ ക്രിസ്ത്യാനികളിൽ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്. 


സഭയോടു  ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ ജീവിത നിലവാരം ഹൈന്ദവ ദളിതർക്കു തുല്യമോ? ഈ നീണ്ടകാലയളവിൽ  സഭ അവർക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത്  ക്രിസ്ത്യാനികൾ  സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയി ദളിത്  ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന്  പറഞ്ഞ്  സഭ കൈകഴുകുന്നതു ശോചനീയമാണ്.


"ദളിതക്രിസ്ത്യാനി" എന്ന പദം തന്നെ തെറ്റാണ്. 'സിറോമലബാർ  സഭയിൽ വിവേചനമില്ല, സഭയിലെ വിശ്വാസികൾ ഒന്നുപോലെയെന്നു' ക്രിസ്ത്യൻ ബിഷപ്പുമാരും നേതൃത്വവും  അവകാശപ്പെടുന്നു. ക്രിസ്തുവചനമനുസരിച്ചു സുന്ദരമായ തത്ത്വം. ഇങ്ങനെ ബ്രാഹ്മണരും അവരുടെ ചതുർവേദങ്ങളും പറയും. 'ദളിതർ ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളുടെ ഭാഗമാണ്. കാരണം ഒരു ശരീരത്തിന്  എല്ലാ അവയവങ്ങളും ഒന്നായ ആവശ്യംപോലെ ദളിതരും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്.' അങ്ങനെ തത്ത്വങ്ങൾക്കു യാതൊരു കുറവുമില്ല. കർദ്ദിനാൾ ജോർജ് ആലഞ്ചേരി സഭയിൽ ജാതിവ്യവസ്ഥയില്ലെന്നു കൂടെ കൂടെ പറയാറുണ്ട്‌. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചുകൊണ്ട്  ദളിതരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പ്രസ്താവനയാണിതെന്നു അദ്ദേഹം മനസിലാക്കുന്നില്ല. തത്ത്വത്തിൽ  സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാൽ,‍ പരസ്പര വിരുദ്ധമായി തികച്ചും പുരോഹിതരുൾപ്പടെ ക്രിസ്ത്യസമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങൾ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റിൽ പറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളിൽ  അടിമകളായി അവ ജീവിച്ചിരുന്ന കാലങ്ങളെക്കാൾ  കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാർഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തെക്കാൾ ‍എത്രമാത്രം ഉയന്നുവെന്നു സഭാ നേതൃത്വത്തിനു  വ്യക്തമാക്കാമോ ? 



ക്രിസ്ത്യൻദളിതർ   ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയർന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു  ചേർന്നത്   ഹിന്ദുമൌലികവാദികളുടെ വർണ്ണ വ്യവസ്ഥയിനിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാർ  തങ്ങളെ  തുല്യമായി പരിഗണിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവർപോലും ഇന്നും ഇവരുടെ ഇടയിൽ കുറവാണ്.            

മതപരിവര്‍ത്തനം ചെയ്ത ദളിതകൃസ്ത്യാനികൾ ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇവരുടെ നിലനില്‍പ്പുതന്നെ സവർ‍ണ്ണ ക്രിസ്ത്യാനികളോടും ഹിന്ദു ഭീകര വർ‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്. തീണ്ടൽ‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തിൽ വന്നകാലംമുതൽ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ദളിത ക്രിസ്ത്യാനികൾ അനുഭവിച്ചുവെന്നാണു സത്യം.ആദ്യകാലങ്ങളിൽ മതപരിവര്‍ത്തനം ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കൻ പാൽപ്പൊടിയും വിതരണമുണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യോത്പ്പന്നങ്ങൾ കരിംച്ചന്തയിൽ വിറ്റു മെത്രാന്മാരും പള്ളിയും അരമനക്കു മുതലു കൂട്ടിയിരുന്നു.


മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ മൌലിക വാദികളായവർ ദളിതരുടെ ഭവനങ്ങളിൽ കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി. ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ദളിത ക്രിസ്ത്യാനികളെ പള്ളി ഒരു വിധത്തിലും സഹായിക്കുകയില്ല. കടുംദാരിദ്ര്യമുള്ള ദളിതര്‍ക്കുപോലും സഭയുടെ ഹോസ്പ്പിറ്റലിൽ മനുഷ്യത്വത്തിന്‍റെ പേരിലെങ്കിലും ചീകത്സ നല്‍കാതെ കണ്ണടക്കുകയാണ് പതിവ്. ഹോസ്പിറ്റല്‍പോലും അമിതമായി പണം ഈടാക്കി സവര്‍ണ്ണര്‍ക്കു മാത്രമുള്ളതായി. 


സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയുണ്ടാക്കിയപ്പോൾ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്നു നക്കലു തയ്യാറാക്കിയത്. അതായത്, ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തിലുള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്നു വാദിക്കുന്ന അന്നത്തെ ക്രിസ്ത്യൻസമുദായ നേതൃത്വം ക്രിസ്ത്യാനികളായ ദളിതര്‍ക്കുള്ള സംവരണം നിരസിച്ചുകൊണ്ടു ഇല്ലാതാക്കി. ജാതിതിരിവു ക്രിസ്ത്യന്‍ മതത്തിലില്ലെന്നു നെഹ്രുവിനെയും അംബേദ്ക്കർ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി വിശ്വസിപ്പിച്ചു. അന്നുള്ള ക്രിസ്ത്യൻസമുദായ നേതൃത്വമാണ്, ദളിത് ക്രിസ്ത്യാനി‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ മുളയിലേതന്നെ നുള്ളിക്കളഞ്ഞതും. അങ്ങനെ അവർ ദളിത്ക്രിസ്ത്യാനികളുടെ കഞ്ഞിയിൽ കല്ലുവാരിയിട്ടു. കിട്ടേണ്ട ആനുകൂല്യങ്ങളെ അവര്‍ക്കു നഷടപ്പെടുത്തി. ക്രിസ്ത്യാനികളായ ദളിതർ തങ്ങളുടെ ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു. പിന്നോക്ക സമുദായ പട്ടികയിലാക്കുവാനുള്ള കാരണം അക്കാലത്തെ ബിഷപ്പുമാരുടെ ഇത്തരം അബദ്ധ പ്രഖ്യാപനങ്ങളാണ്. പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂല്യങ്ങളും ഹിന്ദുദളിതർ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതർ അറുപതുകൊല്ലങ്ങളോളം പുറകോട്ടു പോയി. അവരിന്നും അവശതയനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും അര്‍ദ്ധ പട്ടിണിക്കാരുമായി കഴിയുന്നു. ഇവരുടെ ദു:ഖാവസ്ഥയിൽ സഭാ നേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്മാരെപ്പോലെ പുരോഹിതമതം കൈകഴുകയാണ്. മെത്രാന്മാരുടെ അധീനതയിലുള്ള കോര്‍പ്പറെറ്റു സ്ഥാപനങ്ങളിൽ ‍ദളിതർക്ക്  അര്‍ഹതയുണ്ടെങ്കിലും മെച്ചമായ ഉദ്യോഗം കൊടുക്കുവാൻ തയ്യാറാവുകയില്ല. തുണിയലക്ക്, കുശിനി, ശിപായി എന്നീ തുറകളിലുള്ള‍ ജോലി കൊടുത്തെങ്കിലായി. സര്‍ക്കാരിലുള്ള‍ ജോലിക്കും ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ടു മെറിറ്റിലും മത്സരിക്കണം. 


ദളിത്‌ ക്രിസ്ത്യാനികളിൽ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. കുലത്തൊഴിലായ മത്സ്യം പിടിച്ച് വിറ്റും ഭൂരിഭാഗവും ഉപജീവനം നടത്തുന്നു. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ക്രിസ്ത്യന്‍ മിഷ്യണറിമാർ ഹിന്ദുജാതികളിൽനിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ മിഷ്യണറിമാര്‍ക്ക് അന്ന് ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥകളെപ്പറ്റി വ്യക്തമായി അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തിൽ ജാതിവ്യവസ്ഥ ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെയിടയില്‍ ഉണ്ടായിരുന്നതിനെക്കാൾ ക്രിസ്ത്യൻ-ദളിതരുടെയിടയിൽ പകര്‍ന്നു പിടിച്ചിരുന്നു. സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചുകൊണ്ട് അവരെ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. 


കേന്ദ്രം ഭരിക്കുന്നവർ കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നതിനു ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദുപുരോഹിത വര്‍ഗത്തിന്‍റെ തദ്ദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്നും ലോകവാര്‍ത്തകളില്‍,‍ നിറഞ്ഞിരിക്കുന്നതായി കാണാം. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത് ആയിരക്കണക്കിനു ദളിതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും. കരംചെടുവിലും ചുന്ദൂരിലും ദളിതർ‍ക്കെതിരെ നടന്ന ഭീകരാക്രമത്തിൽ  ഇരയായയതു കൂടുതലും ദളിത ക്രിസ്ത്യാനികളായിരുന്നു. ദളിതർക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലായെന്നുള്ളതും പരിതാപകരമാണ്. ദളിത് ക്രിസ്ത്യാനികളും ദളിത് മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഭരണഘടനയ്ക്കു മാറ്റം വരുത്തി ദളിത ക്രിസ്ത്യാനികളെ ഷെഡ്യൂൾഡ് കാസ്റ്റിലുള്‍പ്പെടുത്തുവാനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയം പലവിധ സാങ്കേതിക കാരണങ്ങൾകൊണ്ട് ബില്ലവതരണം പരാജയപ്പെടുന്നതായും കാണുന്നു. ഉയര്‍ന്ന ജാതികളിൽനിന്നുമുള്ള എതിർപ്പ് ഒരു കാരണമാണ്.


ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷമായ ദളിതക്രിസ്ത്യാനികള്‍ക്കു പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങളുള്ളതു ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. പുരോഹിതര്‍ക്കും പിന്‍വാതിലില്‍ക്കൂടി കോഴ നല്‍കുന്നവരുടെ മക്കള്‍ക്കും ജോലിനല്‍കുന്ന സങ്കേതങ്ങളിൽ തകര്‍ന്നു ജീവിക്കുന്ന ദളിതർക്ക് എന്തുകാര്യം? സീറോമലബാര്‍സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ തൊഴിലുകളിലുള്ള ദളിതര്‍ ഒരു ശതമാനംപോലും ഇല്ല. ദളിത് ജനങ്ങളെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു. ഇവര്‍ക്കു സര്‍ക്കാരിലെ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളായിരുന്നു.


ഭാരത്തില്‍ കത്തോലിക്കാസഭയ്ക്കു തന്നെ ആയിരക്കണക്കിന് കോളേജുകളും പതിനായിരക്കണക്കിനു സെക്കണ്ടറി സ്കൂളുകളും ഹൈസ്കൂളും പ്രൈമറിസ്കൂളും നൂറുകണക്കിന് മെഡിക്കല്‍ സ്ഥാപനങ്ങളുമുണ്ട്‌. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകൾ, 2800 ഡിസ്പന്സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ നിയന്ത്രണത്തിലുണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം. സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യാനികളില്‍നിന്നും പ്രൊഫസർ‌മാർ‌, ഫാക്കല്‍റ്റിഡീന്‍, ഡോകടർമാര്‍, എന്നിവരിൽനിന്നും നിയമിതരായിട്ടുള്ളവർ വിരലിലെണ്ണാൻ പോലും കാണില്ല. ക്രിസ്ത്യന്‍ ദളിതരിൽനിന്നും ഹോസ്പിറ്റലുകളിൽ ഡോക്ടര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളിൽ ഡയറക്റ്റര്‍മാരോ കാണ്മാന്‍പോലും കഴിയുകയില്ല.


സഭയ്ക്കുള്ളിൽ ബ്രാഹ്മണരെപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച് ദളിതർക്ക് അവരുടെ സമുദായ നവോത്ഥാനത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങൾ കൊടുത്തില്ലെങ്കിൽ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല. വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നതു തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ യേശു നല്‍കിയ സന്ദേശങ്ങള്‍ക്കു വിരുദ്ധവും. മതവും രാഷ്ട്രവും ഒരുപോലെ ദളിത് ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. മതമെന്നുള്ളത് ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെപേരിൽ ദളിതര്‍ക്കു റിസര്‍വേഷനുള്ള അവകാശങ്ങളെ നിഷേധിക്കുന്നതു ഭരണഘടനാ വാഗ്ദാനത്തിന്‍റെ ലംഘനവും. ദളിത് ‌ക്രിസ്ത്യാനികളുടെ ഈ ആവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും. നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇവർ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ പരിഗണനയും ഇവരോടു കാണിച്ചിട്ടില്ല.‍ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് ഇവരെ ചതിക്കുകയായിരുന്നു. കൃസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഇവർ പൂർവ്വി‍കരെ പഴിക്കുന്നു. ഉന്നതകുല ക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയും ചൂഷണം ചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലി തേടിയാലും ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലി ഏറെയും. ദളിതര്‍ ബുദ്ധമതത്തിലേക്കോ സിക്കുമതത്തിലേക്കോ മതപരിവര്‍ത്തനം നടത്തിയാലും റിസർവേഷനെ ബാധിക്കുകയില്ല. എന്നാൽ ക്രിസ്ത്യൻ ദളിതർ ഹിന്ദുമതത്തിലേയ്ക്ക് വീണ്ടും മാറിയാലും ഹിന്ദു ദളിതരുടെ അനുകൂല്യങ്ങൾ കൊടുക്കുകയുമില്ല. 


യാതൊരുവിധ വിവേചനവും ക്രൈസ്തവധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്. തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാ‍ർഗം സ്വീകരിച്ചത്. 1981-ൽ സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യദ്രോഹമാണ്. മനുഷ്യാവകാശലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. തൊട്ടുകൂടായ്മ, വിവേചനം എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേകം തവണ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്‍റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍ അവൻ  അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‍ ദളിതരെ ഷെഡ്യൂൾഡ്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്‍റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‍ നേതൃത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്കു  തിരിച്ചു വിടുവാന്‍ ബിഷപ്പ്  സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ച് മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.


ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയ‍ർത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ക്രൈസ്തവ നേതൃത്വത്തിനുണ്ടായിരുന്നുള്ളൂ. അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ ഇരുന്നൂറിൽപ്പരം ബിഷപ്പുമാരിൽ ദളിതരായിയുള്ളതു വെറും നാലു ബിഷപ്പുമാരാണ്. പതിനായിരക്കണക്കിനു പുരോഹിതർ ഭാരത സഭയ്ക്കുണ്ട്. ലക്ഷക്കണക്കിന്‌ കന്യാസ്ത്രികളും. ഇവരില്‍ ദളിത് പുരോഹിതര്‍ ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും. അടുത്ത കാലത്ത് ദില്ലി അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത് പുരോഹിതന്‍ തന്‍റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മസങ്കടങ്ങളും 'അധികപ്പറ്റായ പുരോഹിതന്‍' (Unwanted  Priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സ‍ർക്കാ‍ർ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റിയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്ന് ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത അവകാശങ്ങള്‍ സഭാ സ്വത്തിന്മേൽ സഭക്കുണ്ട്. സഭാസ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയും പ്രായോഗികമാക്കേണ്ടതുമുണ്ട്.


ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടിക്കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത് വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്‌ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്. സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷണൽ  തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ?


മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതർ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‍ ദളിതര്‍ പരാജയമടഞ്ഞു പിന്‍വാങ്ങി. ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‍ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ദളിതരായവർ ചോദിക്കുന്നു. ദളിത് ക്രിസ്ത്യാനികളെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ക്രിസ്ത്യൻ ദളിത സംഘടനകളുടെ ശക്തമായ താക്കീതുമുണ്ട്. 


സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ കര കയറ്റുകയെന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ആധുനിക ക്രിസ്ത്യൻ നേതൃത്വം വഹിക്കുമോ? സഭയുടെ വാഗ്ദാനങ്ങളെ ദളിതർ അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകളായി സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്. ദാരിദ്ര്യത്തില്‍നിന്നും അവർ ‍എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷൻപോലും ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളിൽനിന്നും പീഡനം സഹിക്ക വയ്യാതെയാണു ദളിതർ ക്രിസ്ത്യൻസഭകളിലേക്കു ചെക്കേറിയത്. എന്നാൽ ദളിതരെ ഭാരതത്തിലെ ക്രിസ്ത്യന്‍സഭകൾ മൊത്തം പീഡിപ്പിക്കുന്നതായും വാര്‍ത്തകളിലുണ്ട്. ദളിത കൃസ്ത്യാനികൾക്ക് സംസ്കാരകര്‍മ്മങ്ങൾ നിഷേധിച്ചതായി പത്രങ്ങളിലെ റിപ്പോർട്ടുകൾ വായിക്കുന്നു. തമിഴ്നാട്ടിലെ  സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും വേര്‍തിരിച്ചു പ്രത്യേക ശവക്കോട്ടകളുണ്ട്. മരിച്ച ദളിതരുടെ ശരീരം ദുരിതം പിടിച്ച വഴികളുള്ള വിജനമായ സ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതർ‍ക്കു പ്രവേശനമില്ല. 









Late Marampudi Joji (First Dalit Arch Bishop-Hydrabad)

1 comment: