Translate

Tuesday, April 12, 2016

'ദ വേൾഡ്സ് മോസ്റ്റ് എൻലൈറ്റനിഗ് റീജിയൻ' (The World's Most Enlightening Region) എന്ന ഡോക്കുമെൻറ്ററി ഫിലും (documentary film)


                                                         
N. S. Xavier, M. D.

By Chacko Kalarickal
1893 സെപ്റ്റംബർ 11-ന് ഷിക്കാഗോയിലാണ്  ' പാർലമെൻറ് ഓഫ് ദ വേൾഡ്സ് റിലിജൻസ്' (The Parliament of the World's Religions) ജന്മം കൊണ്ടത്‌. വിവേകാനന്ദ സ്വാമിജി ഇൻഡ്യയെയും ഹിന്ദുയിസത്തെയും പ്രതിനിധാനം ചെയ്ത് മഹാ സമ്മേളനത്തിൽ സംബന്ധിച്ചതും സമ്മേളനത്തിൻറെ ആദ്യദിവസംതന്നെ സ്രോതാക്കളെ ഞെട്ടിപ്പിച്ച ഗംഭീര പ്രഭാഷണം നടത്തിയതും ലോകപ്രസിദ്ധമാണല്ലോ. ഷിക്കാഗോയിൽ ആരംഭം കുറിച്ച സമ്മേളനം പിന്നിട് ഇടക്കിടെ വിവിധ രാജ്യങ്ങളിൽവച്ച് നടത്താറുണ്ട്. പല മതങ്ങളിലും വിവിധ വിശ്വാസ പാരമ്പര്യങ്ങളിലുമുള്ള 10,000-ഓളം ജനങ്ങൾ 80 രാജ്യങ്ങളിൽനിന്നുമായി സമ്മേളനങ്ങളിൽ ഇന്നു സംബന്ധിക്കാറുണ്ട്. 2015 ഒക്റ്റൊബറിലാണ് അവസാനത്തെ സമ്മേളനം അമേരിക്കയിലെ സോൾട്ട് ലേക്ക് സിറ്റിയിൽ (Salt Lake City) നടന്നത്.

അലബാമയിലെ (Alabama) ബർമിങ്ങാമിൽ (Birmingham) കഴിഞ്ഞ 36 വർഷങ്ങളായി പ്രശസ്ത മനോരോഗ ചികിത്സാവിദഗ്ദ്ധനായി പ്രവർത്തിക്കുന്ന ഡോ. എൻ. എസ്. സേവ്യർ സമ്മേളനത്തിൽ സംബന്ധിക്കുക മാത്രമല്ല, നമ്മുടെ കൊച്ചു കേരളത്തിലെ മതസൗഹാർദ്ദത്തെ സംബന്ധിച്ച ' വേൾഡ്സ് മോസ്റ്റ്എൻലൈറ്റനിഗ് റീജിയൻ' (The World's Most Enlightening Region) എന്ന ഒരു ഡോക്യുമെൻറ്ററി ഫിലും (documentary film) പ്രദർശിപ്പിക്കുകയുമുണ്ടായി. മൂന്ന് നീണ്ട വർഷത്തെ പരിശ്രമഫലമായി നിർമ്മിച്ച ഫിലിമിനെ സംബന്ധിച്ച് ഡോ. സേവ്യർ പറയുന്നത്  'മതങ്ങളിലും സംസ്കാരങ്ങളിലും അലിഞ്ഞു ചേർന്നിരിക്കുന്ന ഭ്രാന്തിനേയും നന്മയേയും (madness and goodness) കൂടാതെ സമാധാനം, സ്നേഹം, സദ്ഗുണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മനസ്സാക്ഷിയുടെ സുപ്രധാന പങ്കിനേയുംപറ്റി പര്യവേഷണവും വ്യാഖ്യാനവുമാണ് ഡോക്യുമെൻറ്ററി ഫിലുംകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ്'.

ഇന്നത്തെ ലോക/ഭാരതീയ/കേരളീയ ചുറ്റുപാടിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഡോക്യുമെൻറ്ററി ഫിലിം ആണത്. രണ്ടായിരം വർഷത്തെ കേരളത്തിലെ മതസൌഹാർദ്ദത്തിൻറെ ചരിത്രം ഡോക്യുമെൻറ്ററി ഫിലിമായി സൃഷ്ടിക്കാൻ ഡോ. സേവ്യർ തൻറെ ധനവും സമയവും ചെലവഴിച്ചു. കേരളജനതയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ മതസൗഹാർദ്ദം നിലനിന്നതിനെപ്പറ്റിയും മതമൗലികവാദപ്രശ്നങ്ങൾക്ക് സമാധാനപരമായി തീർപ്പുണ്ടാക്കിയിരുന്നതിനെപ്പറ്റിയും ലോകജനതയുടെ ഇടയിൽ ബോധവൽക്കരണം ചെയ്യാനുള്ള ഉൾതള്ളലാണ് ഡോ. സേവ്യർക്ക്   യജ്ഞത്തിനുള്ള പ്രേരണ നല്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

മതമൗലികവാദം മൂത്ത് മനുഷക്കുരുതി നടക്കുന്ന ഇക്കാലത്ത് ഇൻഡ്യയുടെ ഒരു ചെറു കോണിൽ ലോകത്തിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യൻ, യൂദ മതങ്ങൾ സ്നേഹത്തിലും സ്വരുമയിലും കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി കഴിഞ്ഞിരുന്നു എന്ന യാഥാർത്ഥ്യം വിശുദ്ധ നാടുമായി (Palestine, Jordan, and Israel) തട്ടിച്ചു നോക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. വിശുദ്ധ നാടിന് രക്തക്കളത്തിൻറെ ചരിത്രമല്ലേയുള്ളൂ. 700-കളിൽ മലങ്കരയിൽ വേരൂന്നിയ ഇസ്ലാം മതവും മറ്റുമതക്കാരുമായി വളരെ സൗഹൃദത്തിൽ കഴിഞ്ഞ കഥയെ കേരളത്തിനുള്ളൂ. ഡോ. സേവ്യർ കേരള മതസൗഹൃദ കഥകളിൽ ആകൃഷ്ടനായിരുന്നു. അതിൻറെ ഫലമാണ്  "The World's Most Enlightening Region" എന്ന ഡൊക്യുമെൻറ്ററി ഫിലിം. ഫിലിമിലൂടെ മനുഷർ തമ്മിലും മതങ്ങൾ തമ്മിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും സമാധാനത്തിലും സന്തോഷത്തിലും പര്യവസാനിപ്പിക്കാമെന്നുള്ള സന്ദേശം വ്യക്തികളിലും ആഗോളതലത്തിലും പ്രചരിപ്പിക്കുകയെന്നതാണ് ഡോ. സേവ്യർ ഡോക്യുമെൻറ്ററികൊണ്ട് ഉദ്ദേശിക്കുന്നത്.

മതവും സംസ്കാരവും നന്മയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അത് സാധിച്ചെടുക്കുന്നത് തെറ്റും ശരിയും തിരിച്ചറിയുന്ന മനസ്സാക്ഷി അഥവാ അന്ത:കരണത്തെ പരിപോഷിപ്പിച്ചാണ്. അപ്പോൾ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ദേശങ്ങളിലും ലോകമാസകലവും സുസ്ഥിതി വളരും. അത്യുദാത്തമായ അത്തരമൊരു സന്ദേശമാണ് ഡോ. സേവ്യറിൻറെ ഫിലിം നമുക്കു നല്കുന്നത്.

ഇതിൻറെ നിർമ്മാണത്തോടനുബന്ധമായി അദ്ദേഹം ഫിലിം പ്രൊഡക്ഷൻ സംഘവുമായി ചരിത്രപ്രാധാന്യമുള്ള പുരാതന സ്ഥലങ്ങൾ, കൊടുങ്ങല്ലൂരെ കുറുംബ ഭഗവതി ക്ഷേത്രം (Kurumba Bhagavati Temple), വി. തോമശ്ളിഹായുടെ പൂജ്യസ്ഥാനം (St. Thomas Shrine), ചേരമാൻ മസ്ജിത് (The Cheraman Mosque), കൊച്ചിയിലുള്ള യൂദ ദേവാലയം (Cochin Synagogue) തുടങ്ങിയവ സന്ദർശിക്കുകയും ചരിത്രപണ്ഡിതരുമായി വ്യക്തിപരമായ ചർച്ചകൾ നടത്തുകയുമുണ്ടായി.

'The Two Faces of Religion’ (1987), ‘The Holy Region: A Wonder of World Religions in Harmony’ (2003), 'Fulfillment Using Real Conscience’ (2009)
എന്നീ പുസ്തകങ്ങൾ ഡോ. സേവ്യർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോബൽ സമ്മാന ബഹുമതി ലഭിച്ചിട്ടുള്ള പ്രൊഫ. എലി വീസൽ (Prof. Elie Wiesal, പ്രെസിഡെൻറ് ഒസ്കാർ ഏരിയാസ് (Oscar Arias), കൂടാതെ ദീപക് ചോപ്ര, എം. ഡി. (Deepak Chopra, M. D.), ഫാ. റിച്ചാർഡ്റോർ (Fr. Richard Rohr), ഹിന്ദുവിശ്വവിജ്ഞാനകോശത്തിൻറെ പ്രധാന പത്രാധിപൻ പ്രൊഫ. കെ. എൽ. എസ്. റാവു (Prof. K. L. S. Rao) തുടങ്ങിയ സമുന്നത വ്യക്തികൾ   അദ്ദേഹത്തിൻറെ പുസ്തകങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

സേവ്യർ, എം. ഡി. കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത്  പുരാതന നരിതൂക്കിൽ കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം സയൻസിൽ ബിരുദവും ഗ്വാളിയാർ (Gwalior) മെഡിക്കൽ കൊളിജിൽ നിന്നും മെഡിക്കൽ പഠനവും പൂർത്തിയാക്കി കേരളത്തിലും ജമെയ്ക്കയിലും (Jamaica) വൈദ്യസേവനം ചെയ്യുകയുമുണ്ടായി. പിന്നീട്വെസ്റ്റ്ഇൻഡീസ്  യൂണിവേഴ്സിറ്റിയിൽനിന്നും അമേരിക്കയിലെ വിർജിനിയ യൂണിവേഴ്സിറ്റിയിൽനിന്നും മനോരോഗ ചികിത്സയിൽ (Psychiatry) പ്രാവീണ്യം നേടുകയും ചെയ്തു. മനോരോഗ ചികിത്സയിലുള്ള വൈദഗ്ദ്ധ്യം കൂടാതെ മതം, സാഹിത്യം, ചരിത്രം, തത്വശാസ്ത്രം, മനശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻറെ അഗാധമായ അറിവ് തൻറെ മെഡിക്കൽ പ്രക്റ്റീസിലും എഴുത്തുകളിലും പ്രസംഗങ്ങളിലും സ്പഷ്ടമാണ്. ഡോ. സേവ്യറിൻറെ മനോരോഗ ചികിത്സാരീതി ആദ്ധ്യാത്മികതയിലുള്ള അദ്ദേഹത്തിൻറെ പരിജ്ഞാനവുമായി കൂട്ടിയിണക്കിക്കൊണ്ടുള്ളതാണന്നുള്ള സവിശേഷതയുംകൂടിയുണ്ട്.

ഭാര്യ, മക്കൾ, മരുമക്കൾ എന്നിങ്ങനെ ആറ് ഡോക്ടർമാരുള്ള ഒരു കുടുംബത്തിൻറെ നായകനും കൂടിയാണ് ഡോക്ടർ സേവ്യർ.

നമ്മുടെ ചിന്തയിലും പ്രവർത്തികളിലും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും മതസൗഹാർദ്ദത്തിൻറെയും വിത്തുകൾ പാകുമെന്നുള്ള പ്രത്യാശയോടെ, അതിനായി കഠിനാദ്ധ്വാനം ചെയ്ത ഡോ. സേവ്യറിന് എല്ലാവിധ മംഗളങ്ങളും നേർന്നുകൊള്ളുന്നു. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന  ഡോക്യുമെൻറ്ററി ഫിലിം കാണാൻ ആഗ്രഹിക്കുന്നവർക്കായി ഡോ . സേവ്യറിൻറെ വെബ്‌ അഡ്രെസ് ഇവിടെ ചേർക്കുന്നു:
https://vimeo.com/144007123
ഡോ. സേവ്യറിൻറെ വെബ്അഡ്രസ്: www.nsxavier.com

No comments:

Post a Comment