Translate

Tuesday, April 26, 2016

ഞാന്‍ എന്തിനു മത്സരിക്കുന്നു?


അഡ്വ. ഇന്ദുലേഖാ ജോസഫ്


1. അഴിമതിയും അനീതിയും ഇണചേര്‍ന്ന് ദാരിദ്ര്യത്തെ പ്രസവിക്കുന്നു. അഞ്ചാം വയസ്സില്‍ ഒരു ശിശുദിനപ്പുലരിയില്‍ പാര്‍ലമെന്റിനുമുമ്പില്‍ ഞാന്‍ അഴിമതിക്കെതിരെ കുറിച്ച അങ്കം കണ്ണകിയുടെ കരുത്തോടെ ആജീവനാന്തം തുടരാന്‍.
2. അതിസമര്‍ത്ഥരും നല്ലവരുമായ മക്കളെ ഏതെങ്കിലും മാതാപിതാക്കള്‍ ഇന്നു രാഷ്ട്രീയത്തിലേക്ക് പറഞ്ഞുവിടുമോ? അതുകൊണ്ടു മാലാഖാമാര്‍ അറച്ചു നില്‍ക്കുന്നിടത്തേക്കു ചെകുത്താന്‍മാര്‍ ഇരച്ചുകയറുന്നു. ഒപ്പം - രാഷ്ട്രീയക്കാര്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ പ്രായം? കഴിവും നന്മയുള്ള യുവതീയുവാക്കള്‍ രാഷ്ട്രീയത്തിലേക്കു കടന്നുവരണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍.
3. കണിശ്ശമായും ഒരാള്‍ രണ്ടുവട്ടത്തില്‍ കൂടുതല്‍ എം.എല്‍.എ. സ്ഥാനത്തും മന്ത്രിസ്ഥാനത്തും ഇരിക്കരുത്. പരിചയത്തേക്കാള്‍ പ്രധാനം പ്രതിഭയാണ്. പ്രതിഭയുള്ളവര്‍ അതിവേഗം ജോലി പഠിച്ചെടുത്തുകൊള്ളും. അതുപോലെ, എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും നിയമംമൂലം നിരോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന 'മീറ്റ് ദി കാന്‍ഡിഡേറ്റ്' പ്രോഗ്രാമിലൂടെയും, മാധ്യമങ്ങള്‍ കൊടുക്കുന്ന സൗജന്യ അവസരങ്ങളിലൂടെയും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടട്ടെ. ഇതു നാടിനെ ധനാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കു നയിക്കും. ഞാനൊരു എം.എല്‍.എ. ആയാല്‍ ഈ ആശയങ്ങള്‍ ആസേതുഹിമാചലം മാറ്റൊലിക്കൊള്ളിക്കും.
4. എന്റെ നിയോജകമണ്ഡലത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ആഫീസുകളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ - നീതി ലഭിച്ചില്ലെങ്കില്‍ മാത്രം - അവരോടൊപ്പം പോലീസ് സ്റ്റേഷന്റെ മുമ്പില്‍പോലും കുത്തിയിരിക്കാന്‍ ഞാനുണ്ടാവും.
5. 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന്റെ രക്തസാക്ഷിയാണ് ഞാന്‍. 'ചര്‍ച്ച് ആക്ട്', ആത്മീയനേതൃത്വം പുരോഹിതന്മാര്‍ക്കും പള്ളി സ്വത്തുഭരണം വിശ്വാസികള്‍ക്കും വ്യവസ്ഥ ചെയ്യുന്നു. ഈ ആശയം ഞങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ അവരുടെ കോളേജില്‍നിന്ന് എന്നെ പുറത്താക്കി. വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു. അതെ, ചരിത്രത്തിലെന്നും പുതിയ ആശയങ്ങള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, പൂഞ്ഞാറിലെ ഇലക്ഷന്‍ ഇക്കുറി, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഗവണ്‍മെന്റിനു ശിപാര്‍ശ ചെയ്ത 'ചര്‍ച്ച് ആക്ടി' ന്റെ ഒരു രഹസ്യഹിതപരിശോധനയായി മാറണമെന്ന് ഞാനാഗ്രഹിക്കുന്നു. ഞാന്‍ എം.എല്‍.എ. ആയാല്‍, 'ചര്‍ച്ച് ആക്ട്' പാസാക്കുന്നതിനുവേണ്ടി കേരളനിയമസഭയില്‍ ജീവന്‍മരണ പോരാട്ടം നടത്തും.
6. ക്‌നാനായ കത്തോലിക്കാ സഹോദരങ്ങളുടെയിടയില്‍ നിലനില്ക്കുന്ന രക്തശുദ്ധിയുടെ പേരിലുള്ള സമുദായഭ്രഷ്ട് ക്രൈസ്തവസമുദായത്തിനു മാത്രമല്ല, 21-ാം നൂറ്റാണ്ടിനുതന്നെ അപമാനമാണ്. ഞാന്‍ ഒരു ങഘഅ ആയാല്‍, പ്രസ്തുത അനാചാരം നിയമംമൂലം നിരോധിക്കാന്‍ നിയമസഭയില്‍ പരമാവധി പരിശ്രമിക്കും.
7. കല്ലിട്ടും കല്ല്യാണമുണ്ടും നാടമുറിച്ചും നാടുചുറ്റലായിരിക്കരുത്, ഒരു എം.എല്‍.എയുടെ ജോലി. അയാള്‍ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിച്ച് പരിഹാരമുണ്ടാക്കണം. കല്ലിടാനും നാടമുറിക്കാനും തദ്ദേശവാസികളായ കൊച്ചുകുട്ടികളില്‍നിന്നു നറുക്കു വീഴുന്ന ആളെ തിരഞ്ഞെടുക്കുക. കലുങ്ക് പണിയുന്നിടത്തും പാലം പണിയുന്നിടത്തും റോഡ് പണിയുന്നിടത്തും ആണ് എം.എല്‍.എ. ഉണ്ടാവേണ്ടത്.
8. മീനച്ചിലാറ്റിലൂടെ തേനും പാലും ഒഴുക്കാമെന്നൊന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം, നിങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ആകെത്തുകയായ നികുതിപ്പണത്തില്‍നിന്ന് ഒരു നയാപൈസ ഞാന്‍ മോഷ്ടിക്കില്ല.
ഫോണ്‍: 9446561252


2 comments:


  1. Zacharias Nedunkanal
    Zacharias Nedunkanal ആര്ക്കും മനസ്സിലാകാത്ത പഴകിപ്പോയ പ്രത്യയശാസ്ത്രങ്ങളോ താത്ക്കാലിക നേട്ടങ്ങൾ ലക്‌ഷ്യം വച്ചുള്ള വാചകക്കസർത്തുകളോ നാട്ടുകാർക്ക് ഒരു നന്മയും ചെയ്യില്ല എന്ന് ഇത്രയും നാളത്തെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് പടയോട്ടങ്ങൾ പഠിപ്പിച്ചു കഴിഞ്ഞു. തന്ത്രമല്ല, ആത്മാർഥതയാണ് സ്ഥാനാര്ഥികളിൽ നാം തിരയേണ്ടത്. അതുള്ളവർ വിശ്വാസവഞ്ചകരുടെ ഒരു പാർട്ടിയെയും ആശ്രയിക്കാതെ ഇറങ്ങിയിരിക്കുന്നവർ മാത്രമാണ്. ഇത്തരക്കാരെ തിരിച്ചറിയാൻ പോലും കഴിയാത്തവിധം സമ്മതിദായകരുടെ മനസ്സുകൾ കളങ്കപ്പെട്ടുപോയി എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കാശും താത്ക്കാലിക മോടികളും കാണിച്ച് അവരെ സ്വാധീനിക്കാൻ സ്ഥിരം വോട്ടുപിടുത്തക്കാർക്ക് സാധിക്കുന്നത് അതുകൊണ്ടാണ്. വേണമെന്നുണ്ടെങ്കിൽ അതിനൊരു മാറ്റം വരുത്താനാവും എന്നതാണ് ഡൽഹിയിൽ നിന്നുള്ള പാഠം. ഇത്തവണ വോട്ടു ചോദിക്കുന്നവരിൽ 90% വും സ്വന്തം അഹത്തിന്റെ തേരാളികളാണ്. ഇതുവരെ കളിച്ച നാടകത്തിന്റെ ബാക്കി കളിക്കാനാണ് അവർ കാത്തിരിക്കുന്നത്. അതനുവദിക്കരുത് എന്നാണ് ഇന്ദുലേഖയെപ്പോലുള്ളവർ പറയുന്നത്.
    പ്രത്യയ ശാസ്ത്രം എന്നാൽ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഒരു സംവിധാനത്തിന്റ നട്ടെല്ലാണ്, അതിനു ആധാരമായി നില്ക്കേണ്ട ആശയങ്ങളും അവയ്ക്ക് ചേരുന്ന പെരുമാറ്റരീതികളുമാണ്. നമ്മുടെ സ്ഥിരം പാർട്ടികളിൽ ഏതിനാണ് ഇതൊക്കെ അല്പമെങ്കിലും ഉള്ളത്?അധികാരപ്രമത്തതയും കളവും കൊലയും പ്രവര്ത്തനശൈലിയായി തീർന്നിരിക്കുന്ന എല്ലാ പഴയ ആൾക്കാരെയും ഒറ്റപ്പെടുത്താനാവില്ലെങ്കിൽ നമ്മൾ നശിക്കുകയെ ഉള്ളൂ. ഈ അവസരം കളഞ്ഞുകുളിച്ചാൽ കേരളത്തിന്റെ ഭാവിതന്നെ നമ്മെ കൈവിട്ടുപോകും.

    ReplyDelete
  2. "ബാറാബാസിനെ വിട്ടുതരിക ,ക്രിസ്തുവിനെ കുരിശിക്ക " എന്ന പുരോഹിതന്റെ മുദ്രാവാക്യം വിളിച്ചുകൂവിയ യഹൂദ ജനതയാണീന്നും കേരളത്തിൽ ! "നന്മയെ കുരിശിക്കുക ,തിന്മയെ പുണരുക " എന്ന മനോരോഗികലാണ് മലയാളികൾ ! 'മാറ്റുവീൻ ചട്ടങ്ങളെ' എന്നപോലെ "മാറ്റുവീൻ ശീലങ്ങളെ,വോട്ടു ശീലങ്ങളെ" ..ഇതാണ് കാലത്തിന്റെ യാചന ! ഈ യാചനയ്ക്കു ചെവി കൊടുക്കാതെ , അതിക്രമത്തിനും അനീതിക്കുംവേണ്ടി രാജ്യത്തെ രാഷ്ട്രീയ കൊലയാളികൾക്ക് ഒറ്റിക്കൊടുക്കുന്ന കുറ്റക്കാരാണീ മനനമില്ലാത്ത വോട്ടറന്മാർ ! ഇവരുടെ ഈ മന്ദബുദ്ധിക്കു പകരം മരിക്കുവോളം ഇവർ രാഷ്ട്രീയക്കാരുടെ അടിമകളായി (പള്ളിയിൽ കത്തനാരുടെ ആടുകളായി) ജീവിക്കട്ടെ !

    ReplyDelete