Translate

Tuesday, April 19, 2016

25 ലക്ഷത്തിനുള്ള പ്രസംഗം ഫ്രീ!

എന്റമ്മോ പരിചയപ്പെടുകാണേൽ പാലാക്കാരെ പരിചയപ്പെടണം. മൂന്നു 'ക' (കള്ള്, കപ്പ, കത്തി) യാണ് പാലാക്കാരുടെ ശക്തിയെന്നൊരു ചൊല്ലുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. ഞാൻ പറയാൻ പോകുന്ന പാലാക്കാരനു നാലിൽ കൂടുതൽ 'കാ' കാണണം. 
ഇയ്യിടെ യെമനിൽ നിന്നു ജീവനും കൊണ്ട് നാട്ടിലെത്തിയ പാലാക്കാരൻ ഒരെഞ്ചിനീയർ ഞങ്ങടെ കമ്പനീൽ കേറി. ചുമ്മാ പരിചയപ്പെട്ടതാ. 
ഞാൻ ചോദിച്ചു, എന്തിനാ ഈ ഗൾഫിലോട്ടു പിന്നേം പോന്നതെന്ന്. സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായ ഒരു കാരണം, പെമ്പ്രന്നോത്തിയുടെ പള്ളി പ്രേമം തന്നെ. അയാൾ പറഞ്ഞത്,
"ഞാനവിടെ ഉണ്ടെങ്കിൽ പെമ്പ്രന്നോത്തിയെ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും ചേർപ്പുങ്കക്കും എല്ലാ ചൊവാഴ്ച്ചകളിലും കിഴതടിയൂർക്കും കൊണ്ടുപോണം. ഞാനവിടെയില്ലേൽ, തന്നേ ബസ്സിനു പൊയ്കോളും താനും." അയാൾ പറഞ്ഞു. 
പള്ളിയെന്നു കേൾക്കുന്നതേ അയാൾക്ക്‌ അലർജിയാണെന്നെനിക്കു മനസ്സിലായി. എന്നെ അടുത്തു പരിചയമില്ലായെന്നു മനസ്സിലായപ്പോൾ ഞാൻ ഇരയിട്ടു കൊടുത്തു. 
"ഭാര്യമാരുടെ കാര്യം ഭർത്താക്കന്മാരല്ലെ നോക്കേണ്ടത്?"
"ചേർപ്പുങ്കലെ എണ്ണയൊഴിക്കുന്ന കുരിശിനടുത്ത് ഉണ്ണിശോയുടെ രൂപമുണ്ട്; തൊട്ടടുത്ത തൂണിൽ എഴുതി തൂക്കിയിരിക്കുന്നു, 'നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുകയെന്ന് '. ഇല്ലെങ്കിൽ, ഉണ്ണീശോ കക്കുമെന്നായിരിക്കില്ലല്ലോ ഉദ്ദേശിച്ചത് - ഉണ്ണീശോ നോക്കിക്കൊള്ളുമെന്നു കരുതരുതെന്നല്ലേ അർത്ഥം? സമാനമായ ബോർഡുകൾ മിക്കവാറും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇതെല്ലാം ബിസിനസ്സല്ലേ ബിസ്സിനസ്. അവിടെ ഒരു വല്യ മെഡിക്കൽ കോളേജ് പണി തീരാറായിട്ടുണ്ട്, അതിതാ വിൽക്കുകാന്നു കേട്ടു. സഭക്കൊരു മെഡിക്കൽ കോളേജ് ഉണ്ടാകട്ടെയെന്നു കരുതി സംഭാവന കൊടുത്തവർക്കെല്ലാം കൊടുത്ത തുക തിരിച്ചു കിട്ടുമായിരിക്കും!"

തുടങ്ങാൻ പോകുന്ന മെഡിക്കൽ കോളേജ് വിൽക്കാൻ ആലോചിക്കുന്നുവെന്ന കാര്യം ഞാനാദ്യം കേൾക്കുകാരുന്നു. ഇതയാളുടെ ഭാവനയാണോ എന്തോ? അയാൾ വീണ്ടും തുടർന്നു,
"കരുണയുടെ കാലം പെട്ടെന്നു തീരും അതു നവംബർ വരെയേയുള്ളൂ - അത് കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി?" അയാൾ ചോദിച്ചു. 

ഞാനൊന്നും മിണ്ടാതിരുന്നപ്പോൾ അയാൾക്ക്‌ വാശി കേറിയെന്നു തോന്നുന്നു. അയാൾ തുടർന്നു.
"ഈ പള്ളീടെ മദ്യനിരോധനം തന്നെ എടുത്താ മതി. ശരിക്കും വിവരക്കേടല്ലേ? വാറ്റുന്ന മഠംകാരുമുണ്ട്, സഭക്കാരുമുണ്ട്; മദ്യപാനികൾക്കൊരു മദ്ധ്യസ്ഥനുമുണ്ട് . വി. ബൈബിൾ, മദ്യപിക്കാത്തവനായി വന്ന യോഹന്നാനെപ്പറ്റി പറയുന്നു, അവനിൽ പിശാചുണ്ടെന്നു നാട്ടുകാർ ആരോപിച്ചെന്ന്. മദ്യപാനം എല്ലാക്കാലത്തും എവിടെയും ഉണ്ടായിരുന്നു. കർത്താവ് കാനായിലെ കല്യാണ വിരുന്നിനുണ്ടാക്കി കൊടുത്തത് നല്ല ഉഗ്രൻ സാധനമായിരുന്നില്ലേ? ഇതുണ്ടാക്കി കൊടുക്കാൻ മേരി തന്നെയാണ് യേശുവിനോടു പറഞ്ഞതെന്നും ഓർക്കണം. ഇവരീ മുറുക്കെ പിടിക്കുന്ന പൗലോസ് തിമൊത്തിയോടു പറഞ്ഞത് വീഞ്ഞ് വയറു വേദനക്ക് നല്ലതാണെന്നല്ലേ? ഹൃദ്രോഗങ്ങൾക്കും, കൊളസ്ട്രോളിനും ബ്ലഡ് പ്രഷറിനുമെല്ലാം ഡോക്ടർമാർ മദ്യം നിർദ്ദേശിക്കുന്നുണ്ടെന്നുമോർക്കണം. റോമിലാകാം, എറണാകുളത്തു പറ്റില്ല; ഇന്നാ, ഈ വകുപ്പ് ചിക്കാഗോയിലോ കാനഡായിലോ ഒന്നു പറയട്ടെ. അതും നമ്മുടെ രൂപതകളല്ലേ? ഇവിടുത്തെ പാപം അമേരിക്കയിലെ പുണ്യമാണല്ലോ! ഇക്കാര്യത്തിലുമില്ലേ നിർവ്വചനങ്ങളിൽ വ്യത്യാസം?" അയാളൊന്നു നിർത്തി; ഞാനെത്ര അജ്ഞനാണെന്ന് എനിക്കു തന്നെ തോന്നിപ്പോയ ഒരപൂർവ സന്ദർഭമായിരുന്നതെന്നു പറയാതെ വയ്യ. 

"ഇയ്യിടെ പിറന്നാളിനു പഴയ ബനഡിക്റ്റ് പതിനാറാമൻ ബിയർ കുടിക്കുന്ന പടം ഇംഗ്ലീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നല്ലൊ. എലിസബത്ത് രാജ്ഞി പ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ എന്താ ഗിഫ്റ്റ് കൊടുത്തത്? ഒന്നാന്തരം വാറ്റ്." ഒന്ന് നിർത്തിയിട്ട്, അയാൾ തുടർന്നു. 
"മദ്യം മാന്യമായ രീതിയിൽ കുടിക്കുന്നതിനെ ഒരിക്കലും ബൈബിൾ കുറ്റപ്പെടുത്തിയിട്ടില്ല. ഈ പോക്കു പോയാൽ കർത്താവിനേപ്പോലും ഇവർ സുവിശേഷം പഠിപ്പിക്കും." അയാൾ പറഞ്ഞു നിർത്തി. പാലാക്കാരുടെ അറിവും 'ക'ഴിവും അപാരം! അവിടെനിന്നാണല്ലോ പുലിക്കുന്നനും ഉദയം ചെയ്തത്; അവിടെനിന്നാണല്ലോ സത്യജ്വാല കത്തിക്കയറുന്നതും. എന്റെ അറിവിൽ തൃശ്ശൂർ നിന്ന് റാഫേലിനെ വിളിച്ചു വരുത്തി പൊന്നാട അണിയിക്കാനും വേറൊരു നാട്ടുകാർക്കും കഴിഞ്ഞിട്ടില്ലല്ലോ.

'ക' യിലാണ് ഞങ്ങളുടെ സ്ഥലപ്പേരും തുടങ്ങുന്നതെങ്കിലും കാഞ്ഞിരപ്പള്ളിയെ പുശ്ചത്തോടെ നോക്കുന്നവർ കാഞ്ഞിരപ്പള്ളിയെ അറിയുന്ന നാൽപ്പതു ലക്ഷ(?)മെങ്കിലും (45 ലക്ഷം - 5 ലക്ഷം അല്ലെങ്കിൽ 50 ലക്ഷം - 10 ലക്ഷം അല്ലെങ്കിൽ 30 ലക്ഷം + 10 ലക്ഷം) കാണും! അവരുടെ അഭിപ്രായം മാറ്റാൻ തൽക്കാലം നിവൃത്തിയില്ല. ഈ മാസം ഒരു പ്രമുഖ മലയാളം ചാനൽ നടത്തിയ ഒരു ചർച്ചയിൽ ഒരു കാഞ്ഞിരപ്പള്ളിക്കാരനെ 'കാന്റർബെറി' എന്നയർത്ഥം വരുന്ന വാക്കുകൾ കൊണ്ടാണ്‌ വിശേഷിപ്പിച്ചത്. കാന്റർബെറി ആർച്ച് ബിഷപ്പിന്റെ DNA പരിശോധിച്ചപ്പോൾ അപ്പൻ വേറെയാണെന്നു കണ്ടു. അതാണോ കൃത്യമായും ഉദ്ദേശിച്ചതെന്നു നിശ്ചയമില്ല. ആ ചാനൽ ചർച്ചയിൽ കേട്ടതു ശരിയെങ്കിൽ ചില കാഞ്ഞിരപ്പള്ളിക്കാരെ അതുമിതുമൊക്കെ ആരും വിളിച്ചു പോകും. ഞങ്ങളാരെയും വിധിക്കുന്നില്ല. എല്ലാം മാറും! അന്നു ഞങ്ങൾ മറുപടി പറഞ്ഞുകൊള്ളാം. ഞങ്ങളെ അപമാനിച്ചതിനു ഞങ്ങൾ ഉരുളക്കുപ്പേരി പോലെ പ്രതികരിക്കും. ഇതു സത്യം! 

അച്ചൻമാർ ആത്മഹത്യ ചെയ്യുകയോ? ഞെട്ടലോടെയേ ഇത്തരം വാർത്തകൾ വിശ്വാസികൾക്ക്‌ വായിക്കാനാവൂ. ഞാനാ വൈദികനെ കുറ്റപ്പെടുത്തുന്നില്ല. ഡിപ്രഷൻ ഒരു രോഗമാണ്, അതിന്റെ പിടിയിൽ പെട്ടാൽ ആത്മഹത്യയിലെ മിക്കവാറും കാര്യങ്ങൾ അവസാനിക്കൂ. ഒരു രോഗിയോട് കാണിക്കുന്ന പരിഗണന ഈ വൈദികനോടു കാണിക്കാൻ സഭക്കായേക്കാം; പക്ഷേ, ഇതുപോലെ രോഗാവസ്ഥയിൽ മരണപ്പെടുകയും, അച്ചന്റെ സാന്നിദ്ധ്യമില്ലാതെ തെമ്മാടിക്കുഴിയിൽ അടക്കപ്പെടുകയും ചെയ്ത അനേകം വിശ്വാസികളുണ്ട്. അവരോടാരു ക്ഷമ പറയും? ഈ മാസം തന്നെ രണ്ടാമത്തെ വൈദികനാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. താനീ ചെയ്യുന്നതിൽ മുക്കാലും തട്ടിപ്പിന്റെ അഭ്യാസങ്ങളാണെന്നും, ജീവിതകാലം മുഴുവൻ ഇതു തന്നെ ചെയ്യാൻ താൻ വിധിക്കപ്പെട്ടവനാണെന്നും, മനുഷ്യനവകാശപ്പെട്ട പലതും വൈദികവൃത്തിയിൽ എന്നേക്കുമായി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെ ഒരു വൈദികൻ ചിന്തിക്കാനിടയായാൽ അയാൾ വിഷാദരോഗിയായി മാറിയേക്കാം - അത്ഭുതപ്പെടാനില്ല! 

കേരളത്തിലെ ഒരു പ്രമുഖ നിയമസഭാ മണ്ഡലത്തിൽ മെത്രാൻ ഒരു സ്ഥാനാർത്തിയെ നിശ്ചയിക്കുന്നു; സ്ഥാനാർത്തിയാകട്ടെ നന്ദി സൂചകമായി 25 ലക്ഷത്തോളം ചിലവിടുകയും ചെയ്തു. സംഗതി വന്നപ്പോൾ, ഉദ്ദേശിച്ച മുന്നണിയുടെ സ്ഥാനാർത്ഥിത്വം ഈ കക്ഷിക്കു കിട്ടിയില്ല. ഞാൻ കൂടുതൽ പറഞ്ഞാൽ ആളിനെ ജനം തിരിച്ചറിയും (കാഞ്ഞിരപ്പള്ളിയിൽ സംഭവിച്ചതല്ലെന്നൊരു ക്ലൂ തരാം). ഈ 25 ലക്ഷത്തിനുള്ള പ്രസംഗം ആ ഹതഭാഗ്യന്റെ കുടുംബത്തിലാരെങ്കിലും മരിച്ചാൽ ഫ്രീയായി കിട്ടുന്നതായിരിക്കും!  

ഗുണപാഠം - ആരെയും കണ്ണടച്ചു വിശ്വസിക്കരുത്, പ്രത്യേകിച്ചും..... 

2 comments:

 1. "ആരെയും കണ്ണടച്ചു വിശ്വസിക്കരുത്, പ്രത്യേകിച്ചും.... പുരോഹിതരെ /പൊലിറ്റീഷ്യൻസിനെ /പ്രോസ്ടിടുടുകളെ /പിന്നെ പോലീസ്സ് കാരെ" ... 4 'P 'എന്ന ഇംഗ്ലീഷ് ചൊല്ലിനെ സാധൂകരിക്കുന്ന റോഷന്റെ മനസിന്റെ കുസ്രിതിയാണീ രചന,,, അതിമനോഹരമായ ഗുണപാഠം !

  "ചേർപ്പുങ്കലെ എണ്ണയൊഴിക്കുന്ന കുരിശിനടുത്ത് ഉണ്ണിശോയുടെ രൂപമുണ്ട്; തൊട്ടടുത്ത തൂണിൽ എഴുതി തൂക്കിയിരിക്കുന്നു, 'നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുകയെന്ന് '. ഇല്ലെങ്കിൽ, ഉണ്ണീശോ കക്കുമെന്നായിരിക്കില്ലല്ലോ ഉദ്ദേശിച്ചത് - ഉണ്ണീശോ നോക്കിക്കൊള്ളുമെന്നു കരുതരുതെന്നല്ലേ അർത്ഥം? സമാനമായ ബോർഡുകൾ മിക്കവാറും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇതെല്ലാം ബിസിനസ്സല്ലേ ബിസ്സിനസ്".

  ഇത് വായിച്ചപ്പോൾ ഒരു നടന്ന സംഭവം എനിക്ക് ഒര്മ്മവന്നു ! എന്റെ വകേലൊരളിയന്റെ ഏകമകൻ ഗൾഫിൽ വച്ച് മരിച്ചു ! ശവം വീട്ടില് നിന്നും പള്ളിയിലോട്ടെടുത്തു,.സകലരും പുറകെ പോയി . എന്ടളിയാൻ മാത്രം പുറപ്പെട്ടില്ല. ഞാൻ "അളിയാ, എല്ലാരും പോയി; നമുക്കും പോകാം" എന്നായി. അളിയന് "ദാ വരുന്നു " എന്ന് പറഞ്ഞുകൊണ്ട് കാലിൽ കിടന്ന നല്ല ചെരുപ്പും ഊരിപ്പിടിച്ചു വീട്ടിനുള്ളിലെയ്ക്കു ഒരോട്ടം ! രണ്ടു മിനിട്ട് കഴിഞ്ഞു ഒരു ചപ്രാസി ചെരിപ്പും കയ്യിലേന്തി അലിയന് വീണ്ടും മുന് വശത്തെ മുറ്റത്തെത്തി . ഞാൻ ചോദിച്ചു "ങ്ഹാ എന്ത് പറ്റി" എന്ന് . അളിയൻ വീരോചിത ഭാവത്തോടെ "നല്ലചെരുപ്പു പള്ളിയിൽ കൊണ്ടുപോയാൽ വല്ലോരും അടിച്ചോണ്ട് പോകും. ഈ പഴയ ചെരിപ്പെടുക്കാൻ ഞാൻ പിന്നാമ്പുറത്തു പോയതായിരുന്നു "എന്ന് !
  തന്റെ ഏക ആണ് തരിയെ പള്ളിപ്പരംപിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും നിന്റെ മനസാകെ പള്ളിയിലെ കള്ളന്മാരെയാണ് ഭയം ! ചെരുപ്പിന്റെ മൂല്യമാണ് കണക്കുകൂട്ടൽ ! എന്പതിലെത്തിയ ഹേ ഭോഷാ, നീനക്ക് "ആത്മീയത" എന്തെന്ന് പറഞ്ഞുതരാൻ ആ പള്ളിയിൽ ഒരു കത്തനാരും ഇന്നോളം ഉണ്ടായിട്ടില്ല എന്നതല്ലേ സത്യം? മതിലേൽ കുരുത്തവനാണെങ്കിലും , BA ,BD ,LT ക്കാരാൻ അപ്പന് പിറന്നതാണെങ്കിലും , ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും പാവം മനുഷ്യാ "വാലും കൊമ്പും എഴാതുള്ള മഹിഷം തന്നയാണ് നീ പ്രിയനേ"..പള്ളി ഇന്നും എന്നും "കള്ളന്മാരുടെ ഗുഹകൾ തന്നെ!" "ക്രിസ്തുവേ നമഹ:"

  "ഈ മാസം തന്നെ രണ്ടാമത്തെ വൈദികനാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. താനീ ചെയ്യുന്നതിൽ മുക്കാലും തട്ടിപ്പിന്റെ അഭ്യാസങ്ങളാണെന്നും, ജീവിതകാലം മുഴുവൻ ഇതു തന്നെ ചെയ്യാൻ താൻ വിധിക്കപ്പെട്ടവനാണെന്നും, മനുഷ്യനവകാശപ്പെട്ട പലതും വൈദികവൃത്തിയിൽ എന്നേക്കുമായി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെ ഒരു വൈദികൻ ചിന്തിക്കാനിടയായാൽ അയാൾ വിഷാദരോഗിയായി മാറിയേക്കാം - അത്ഭുതപ്പെടാനില്ല!"
  ഒരു നിമിഷത്തിന്റെ പ്രേരണയിൽ ളോഹയ്ക്കുള്ളിൽ ആയെങ്കിലും പിന്നീട് പുറത്തു ചാടാൻ ഭയക്കുന്ന പാവം കത്തനാരന്മാര് പണ്ട് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് "രുചി കണ്ട പൂച്ചകളാണ്" അധികവും . ആയതിനാൽ ഇവരെ ഭയപ്പെടുക/അധികം അടുക്കാതിരിക്കുക/നമ്പാതിരിക്കുക .. മനുഷ്യാ നീ രക്ഷിക്കപ്പെടും !  ReplyDelete
 2. മദ്യനിരോധനം വേണമെന്ന് സഭ പറയുന്നത് വെറുതെയല്ല ,നിരോധനം വന്നാൽ വ്യാജമദ്യം ഒഴുകും ,കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും അതാണ് സഭയ്ക്ക് വേണ്ടതും .സന്തോഷവും സമാധാനവും സമൃദ്ധിയുമുള്ളിടത്ത് കത്തോലിക്കാ സഭയ്ക്ക് നിലനില്പ്പില്ല .അതാണ് സത്യം

  ReplyDelete