Translate

Wednesday, April 6, 2016

"ഞാനൊരു വലിയ മരം കാണുന്നുണ്ടല്ലൊ!"

വീടു പൂട്ടി കല്യാണം വിളിക്കാൻ പോയി, പ്രാർത്ഥനക്കു വീട്ടിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരി കെടുത്താതെ. തിരിച്ചു വന്നപ്പോൾ ആ മുറി ഫ്ലാറ്റ്! ഏരുമേലിക്കടുത്തു കനകപ്പലത്തുള്ള ഒരു ക്രിസ്ത്യാനിയുടെ വീടിന്റെ ഒരു മുറിയാണ് മെഴുകുതിരിയിൽ നിന്നു തീ പടർന്ന് ഇങ്ങിനെ കത്തി നശിച്ചത്. ഇതു റിപ്പോർട്ട് ചെയ്ത ദീപിക ഇത്രയും കൂടി പറഞ്ഞു, അയൽവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം ബാക്കി കൂടി കത്തിയില്ലെന്ന്. ദൈവം സ്ഥാപിച്ച ഭൌതികശാസ്ത്ര നിയമങ്ങൾ ദൈവം തന്നെ ഭേദിക്കുമെന്നു കരുതി, ദൈവം തന്ന സാമാന്യബുദ്ധി ഉപയോഗിക്കാൻ മടിക്കുന്ന ഒരു തലമുറ രൂപപ്പെട്ടു വരുന്നുവെന്നതു ദു:ഖകരമാണ് - വളരെ ദു:ഖകരം! റക്ഷ്യയുടെയും ലോകം മുഴുവന്റെയും മാനസാന്തരത്തിനു വേണ്ടി നമ്മുടെ കാരണവന്മാർ ഒത്തിരി പ്രാർത്ഥിച്ചു; ഇപ്പോ ഇന്ത്യയിലൊരിടത്തും ഒരു പുതിയ ക്രിസ്ത്യാനിക്കു മാമ്മോദീസാ കൊടുക്കാൻ വയ്യാണ്ടുമായി, റക്ഷ്യയിൽ ജനിച്ച കമ്മ്യുണിസം ഇവിടെ വളർത്താൻ വേണ്ടി നമ്മുടെ മെത്രാന്മാർ പരിശ്രമിക്കുന്നതു നാം കാണുകയും ചെയ്യുന്നു. ഉദ്ദേശശുദ്ധിയില്ലാത്ത അനേകം കാര്യങ്ങൾക്കു വേണ്ടി അലക്ഷ്യമായ പ്രാർത്ഥനകളും ഉരുവിട്ടു നാം സമയം വെറുതെ കത്തിച്ചു കളഞ്ഞിട്ടുണ്ടോ പിതാക്കന്മാരെ? അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ നഷ്ടപ്പെടുത്തിയ മണിക്കൂറുകളുടേ കണക്കൊന്നെടുക്കുക.

കഴിഞ്ഞ പ്രാവശ്യം വീട്ടിൽ വന്നപ്പോൾ ഞാനൊരു വീടു വെഞ്ചരിപ്പിനു പോയി. അവിടെയൊരു മൾട്ടി-കരിസ്മാറ്റിക്കുകാരനുണ്ടായിരുന്നു. അച്ചൻ പ്രാർത്ഥന നിർത്തിയതേ, അയാളു പ്രാർത്ഥന തുടങ്ങി. എല്ലാം കഴിഞ്ഞു സ്വീകരണമുറിയിൽ ഞങ്ങളിരുന്നപ്പോൾ അയാളുടെ കഴിഞ്ഞു പോയ കാര്യങ്ങൾ അയാളുടെ ഗുരുവായ ഒരു ദർശനവരക്കാരൻ പ്രവചിച്ച കാര്യം അയാൾ പങ്കു വെച്ചു, അതിങ്ങനെ. ഗുരു, "ഞാനൊരു വലിയ മരം കാണുന്നുണ്ടല്ലൊ!" "ഉവ്വച്ചോ, ഒരു മരത്തിന്റെ മുകളിൽ നിന്നു ഞാനൊന്നു വീണായിരുന്നു." എന്നു മറുപടിയും അയാൾ പറഞ്ഞതായി വിവരിച്ചു. എല്ലാവരെയും വീട്ടുകാരൻ ഊണിനു വിളിച്ചതുകൊണ്ട് കൂടുതൽ കേൾക്കാൻ കഴിഞ്ഞില്ല. ആ മരത്തിന്റെ ചുവട്ടിൽ വെച്ചായിരിക്കാം അയാളുടെ കാമുകിയുമായി അയാൾ സംസാരിക്കുമായിരുന്നത്, അതിന്റെ കൊമ്പിലായിരിക്കാം അയാളുടെ അമ്മാവൻ കാലം ചെയ്തത്. ഇങ്ങിനെ ആയിരക്കണക്കിനു സാദ്ധ്യതകൾ ജനിപ്പിക്കാൻ പോന്ന എത്രയോ സൂചകങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. ഇങ്ങിനെ അവ്യക്തമായി പറയാൻ ഏതു കോന്തനാ പറ്റാത്തത്? കർത്താവിനു കുടിക്കാൻ ദാഹജലം കൊടുത്ത ഒരു സ്ത്രീയോട് 'ഞാൻ കുറെ പുരുഷന്മാരെ കാണുന്നുണ്ടല്ലോ'യെന്നല്ല യേശു പറഞ്ഞത്; പകരം, നീ ഇത്ര പുരുഷന്മാരെ ഭർത്താക്കന്മാരായി കൊണ്ടു നടന്നിട്ടുണ്ടെന്നും അവരാരും ശരിക്കും ഭർത്താക്കന്മാരായിരുന്നില്ലെന്നുമാണ്. കൃത്യമായി പേരും നാളും പ്രവചിക്കുന്ന കാക്കാലത്തിമാരെ എന്റെ ചെറുപ്പത്തിൽ പെരുന്നാളുകൾക്ക് പള്ളി മുറ്റത്തു വെച്ചു ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ചായിരുന്നെങ്കിൽ ഞാനേതെങ്കിലും കാക്കാലത്തിയുടെ പിന്നാലെ പോകേണ്ടതായിരുന്നു. 

ഒരുത്തനും സ്വതന്ത്രമായി ചിന്തിച്ചും, സ്വന്തം ബുദ്ധി ഉപയോഗിച്ചും രക്ഷപ്പെടരുത് - അതല്ലാതെ ഈ അച്ചന്മാർക്കും പ്രാർത്ഥനക്കാർക്കും വേറൊരാഗ്രഹവും ഇല്ലെന്നു തന്നെ ആരും പറഞ്ഞു പോകും (ഈ വ്ര്വവണത മറ്റു മതങ്ങളിലും കാണുന്നു). പലയിടങ്ങളിൽ നിന്നും, പ്ലസ്‌ റ്റൂ വിനും എന്റ്രൻസിനും ഒപ്പം പഠിക്കുന്ന കുട്ടികളുടെ പ്രാക്ക് ഉയരുന്നു. ഇടയ്കു കൊണ്ടുവന്നു സണ്ടേസ്കൂൾ ക്യാമ്പ് വെച്ചാൽ എന്താ പറയുക? എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു വേദപാഠം ഇല്ലാതിരുന്ന ഒരു കാലത്ത് വിശ്വാസം ഇന്നത്തേതിലും കൂടുതലായിരുന്നുവെന്നു കാണണം. വേദപാഠം എന്നാൽ 75%വും സഭാ നിയമങ്ങളാണെന്നും ഓർക്കണം. തെറ്റിയതാർക്കാ? വിശ്വാസം വർദ്ധിപ്പിക്കാൻ താമരശ്ശേരി മെത്രാൻ കണ്ടു പിടിച്ച മാർഗ്ഗം കേട്ടോളൂ, ഇടവകകൾ തമ്മിൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ഏറ്റവും നല്ല ഇടവകക്ക് ഒരു ലക്ഷം രൂപാ സമ്മാനം. അതിലും വിചിത്രം, ആ ഇടവകയുടെ വികാരിക്ക് നാലു ദിവസം സിങ്കപ്പൂർ കറങ്ങാനുള്ള സർവ്വ ചിലവുകളും കിട്ടുമെന്നതാണ്. ഇടവകയെ മികച്ചതാക്കാൻ വേണ്ടി പരിശ്രമിക്കുന്ന അത്മായന് രണ്ടെള്ളുണ്ടയെങ്കിലും കൊടുത്തിരുന്നെങ്കിൽ! കടുവായുടെ ആക്രമണത്തിനെതിരെ സമരം സംഘടിപ്പിക്കുകയും, സർക്കാരിനോട് ഇവിടെ ജാലിയൻ വാലാ ബാഗ് ആവർത്തിക്കുമെന്നു പറയുകയും, ഒരു മെത്രാനെ നികൃഷ്ട ജീവിയെന്ന് വിളിച്ച പിണറായി വിജയനെ അരമനയിൽ വിളിച്ചു വരുത്തി ചായ കൊടുക്കുകയുമൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ചെറുപ്പത്തിലെ മെത്രാനായതിനു പിന്നിൽ അവിശ്രാന്തമായ പരിശ്രമവും പ്രാർത്ഥനയും ഉണ്ടായിരുന്നെന്നും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഞാൻ കരുതിയില്ല. ഈ വാർത്ത ഞാൻ വായിച്ചത് ഇന്ത്യൻ എക്സ്പ്രസ്സിൽ. അത് മാറ്റേർസ് ഇന്ത്യയിൽ വന്നപ്പോൾ കേരളസഭ കോർപ്പറേറ്റ് ആകുന്നുവെന്നായി. ഇടുക്കി മെത്രാന്റെ അടുത്ത കാലത്തെ പ്രസ്താവന കൂടി ചേർത്തുവെച്ചു വായിച്ചാൽ കോർപ്പറേറ്റ് എന്നുമല്ല ഈ സഭയെ വിളിക്കേണ്ടത്. ഈ വാർത്ത വായിക്കുന്ന അക്രൈസ്തവർ മൂക്കത്ത് വിരൽ വെയ്കുന്നു. നാളെ, ഏറ്റവും നല്ല കുംപസ്സാരത്തിനു കുംപസ്സാരിപ്പിക്കുന്ന അച്ചനു ഫ്രീ മാരുതി കാർ വാഗ്ദാനം ചെയ്യപ്പെടുകയില്ലെന്നാരറിയുന്നു? ചോദിക്കാനും പറയാനും ആരെങ്കിലും ഇവിടെ ഈ മെത്രാനു മുകളിലുണ്ടെങ്കിൽ ഇതു നിർത്താൻ പറയുക; അത്മായർ ഒരു പരാതി എഴുതി റോമിനും അയക്കുക - അവരും അറിയട്ടെ!

വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം കല്യാണം കഴിക്കുന്നതിനാണെന്ന് ഇടുക്കി ബിഷപ്പ് പറഞ്ഞത് ലോക മാധ്യമങ്ങളിൽ വരെ വന്നു കഴിഞ്ഞു. സാധാരണ ഗതിയിൽ ആഫ്രിക്കയിലെ ഇരുണ്ട വനാന്തരങ്ങളിൽ നിന്നായിരുന്നു ഇത്തരം കൗതുക വാർത്തകൾ വന്നു കൊണ്ടിരുന്നത്‌. വിദ്യാഭ്യാസവും ജോലിയുമില്ലാത്തതും, മക്കൾക്ക്‌ ചിലവിനു കൊടുക്കാൻ വകയില്ലാത്തതുമായ ചെറുപ്പക്കാരെ തേടി നടക്കുന്ന ഉത്തമ കുടുംബക്കാർ ധാരാളം ഉണ്ടാകുമെന്നാണോ ഈ മെത്രാൻ കരുതിയിരിക്കുന്നത്? ഈ മെത്രാനെന്താ ഇങ്ങിനെ? ഞാൻ വിദ്യാഭ്യാസമുള്ള രണ്ടു പേരോടൊന്നു കൺസൾട്ട് ചെയ്യാൻ പോകുന്നു. അങ്ങിനെയദ്ദേഹം പറഞ്ഞതിന്റെ പശ്ചാത്തലം ഒന്നറിയണമല്ലോ. അതിൽ ന്യായീകരിക്കാൻ എന്തെങ്കിലുമുണ്ടോന്നു വിവരമുള്ളവർ പറയട്ടെ. പണ്ടിവിടെ ഒരു സാമുദായികവിപ്ലവത്തിനു  തന്നെ കാരണമാകാമായിരുന്ന ഒരു പ്രസ്താവന നടത്തിയതാ ഈ മഹാൻ. അയാളുടെ മുഖശ്ചായയെപ്പറ്റിപ്പോലും മറ്റൊരാൾ പ്രതിപാദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മാർപ്പാപ്പാ എന്നെ എന്നാ ചെയ്യാനാന്നു ചോദിച്ചതായും ഇയാളുടെ പേരിൽ ആരോപണമുണ്ട്; അങ്ങേരുടെ തിരുവായിൽ നിന്നൂർന്നു വീണ പരത്തെറിയുടെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയായിൽ കറങ്ങുന്നുമുണ്ട്. അങ്ങേരു വാഴുന്ന അരമനയിലാ ബോംബു വന്നു വീണത്, അങ്ങേരെയാ ഒരെമ്മേല്ലേ നികൃഷ്ടജീവിയെന്നു വിളിച്ചതും. ഞാൻ പറയുന്നത്, വിശ്വാസികൾ ഒത്തു കൂടി ഇതിൽ സത്യമുണ്ടോ, അങ്ങേരു നിരപരാധിയാണോ എന്നൊക്കെ അന്വേഷിക്കുകയും നിരപരാധിയാണെങ്കിൽ അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാ. അല്ലെങ്കിൽ, ളോഹയിട്ട ആർക്കും എന്തും വിളിച്ചു പറയാവുന്നതോ വായിച്ചു കേൾപ്പിക്കാവുന്നതോ ആയ ഒരു വേദിയായി വിശ്വാസികളുടെ പള്ളിയെ തരം താഴ് ത്തുന്ന ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം. യൗസെപ്പിന്റെയും മാതാവിന്റെയും കാലത്ത് ഒത്തു കല്യാണം കഴിഞ്ഞാൽ ഒരുമിച്ചു താമസിക്കാമായിരുന്നല്ലൊ. ആ കീഴ് വഴക്കവും, സോളമന്റെ കാലത്തെ ചില നടപടിക്രമങ്ങളും കൂടി ഇടുക്കിയിൽ നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചേക്കാം. ഇടുക്കിക്കു വേണ്ടിയും താമരശ്ശേരിക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം! 

ഉഗാണ്ടയിലെ ബിഷപ്പ്, കരിസ്മാറ്റിക്കിന്റെ പേരിൽ നടക്കുന്ന സർവ്വ തുള്ളലുകളും നിർത്തിയിരിക്കുകയല്ലേ? പറയുമ്പം ഏക്കണം, പറയുമ്പം കൈ പോക്കണം, പറയുമ്പം അല്ലെലൂജാ വിളിച്ചു പറയണം - ഇങ്ങിനെ പ്രസംഗം കേൾക്കാൻ വരുന്നവരെ മാനസികമായി അടിമപ്പെടുത്തുന്ന പരിപാടികളില്ലായിരുന്നെങ്കിൽ  ഇവരുടെ എത്രയോ പ്രസംഗങ്ങൾ ഞാൻ കേട്ടേനെ. ഈ പരിപാടി യേശുവിന്റെ ശിക്ഷ്യന്മാർ മുതലേ തുടങ്ങിയിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു മതം തന്നെ ഉണ്ടാവുമായിരുന്നില്ല. എന്തു ചെയ്താലും ആരും പോകില്ല, കൂട്ടിൽ തന്നെ കിടന്നുകൊള്ളുമെന്നാ ഓരോ അച്ചനും വിശ്വസിക്കുന്നത്. വിയന്നാ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഷോൺബോൺ പറഞ്ഞത് കരുണയുടെ ഈ വർഷത്തിൽ അഭിഷിക്തരുടെ മനസ്സ് കാഠിന്യപ്പെടുകയാണു ചെയ്തതെന്നാ. റോമിൽ നിന്നെന്തു പറഞ്ഞാലും അതിനു പാരമ്പര്യത്തിന്റെ പേരിൽ ഒഴിവുകഴിവു പറയുക പതിവാക്കിയിരിക്കുന്ന സീറോ മലബാറിന്റെ പോക്കും അദ്ദേഹത്തെ വിഷമിപ്പിച്ചു കാണണം. കരുണയുടെ പാട്ടുകൾ ഇത്രയും ഇമ്പത്തിൽ പാടുന്നത് വേറൊരിടത്തുനിന്നും ആരും കേട്ടിരിക്കാൻ ഇടയില്ല. ഇടിത്തീയെന്നൊരു സാധനം ദൈവം കരുതി വെച്ചിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. അതു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലുമത്മായനു വേണ്ടിയുള്ളതാണതെങ്കിൽ ഇങ്ങോട്ടു തന്നെ പോരട്ടെ; അല്ലെങ്കിൽ, അതെങ്ങോട്ടു പോകുമെന്ന് ഞാനുറപ്പിച്ചു പറയാം.

ഇത്രയും പറയാൻ ഒരു കാരണമുണ്ട്; ഇന്നലെ എന്നെ ഇംഗ്ലണ്ടിൽ നിന്നൊരാൾ വിളിച്ചു. ഒത്തിരി വിഷമിച്ചാണ് എന്റെ നമ്പർ അദ്ദേഹം സംഘടിപ്പിച്ചത്. അബുദാബിയിലുള്ള പരോപകാര തൽപ്പരനായ ജോൺസൺ വൈദ്യരുടെ അടുത്ത് സർവ്വ സമസ്യകൾക്കും പരിഹാരം കാണുമല്ലോ! അദ്ദേഹത്തെ അറിയാത്തവരും അദ്ദേഹം അറിയാത്തവരുമായി മലയാളികൾ അവിടില്ലെന്നു പറയാം. സംഗതി അതല്ല; ഈ സ്നേഹിതൻ ഞാനെഴുതിയ 'ഏപ്രിൽ റൂൾസി'ന്റെ കാര്യം പറഞ്ഞ് എന്നെ പ്രശംസിച്ചതോടൊപ്പം ഞെട്ടിക്കുന്ന ഒരു കാര്യം കൂടി പറഞ്ഞു. കേരളത്തിൽ ഒരാളെ (അറിയപ്പെടുന്ന ഒരു ഗുരു) പണം ഏൽപ്പിച്ചാൽ, വിദേശത്ത്  അവർ പറയുന്ന സ്ഥലത്ത് കൊടുത്ത കാശിനുള്ള തത്തുല്യ പണം (സൂപ്പർ കമ്മീഷൻ കിഴിച്ച്) കിട്ടുമെന്ന്. ഇതിന്റെ പേരു കുഴൽപണ ഇടപാടെന്നാണ്. ഞാനീ വാർത്ത സ്ഥിരീകരിക്കുന്നില്ല, കാരണം വിളിച്ച ആളിന്റെ കൈയ്യിൽ അതിനുള്ള തെളിവില്ലത്രെ. പക്ഷെ, കള്ളപ്പണം പാനമയിൽ കൊണ്ടുപോയി വെളുപ്പിച്ച ഭാരത ധീരന്മാരുടെ കൂട്ടത്തിൽ, ഒട്ടും  പ്രതീക്ഷിക്കാത്ത അമിതാബിന്റെയും കൂട്ടരുടേയും പേരുകൾ വരെ കണ്ടപ്പോൾ, സഭയുടെ കണക്കുകൾ സഭാംഗങ്ങളെപ്പോലും കാണിക്കുന്നില്ലായെന്നും ചിന്തിക്കുമ്പോൾ, ഒരു ചീഞ്ഞ സ്മെൽ എനിക്കു വരുന്നുണ്ടെന്നുള്ളതു സത്യം! സംഗതി സത്യമാണെങ്കിൽ, ഈ നൂറ്റാണ്ടിൽ സഭ നടത്തിയ ഏറ്റവും വലിയ തട്ടിപ്പായിരിക്കാം കരിസ്മാറ്റിക് ധ്യാനങ്ങൾ. അടുത്തിടെ ബാംഗ്ലൂരിൽ നടന്ന ബിഷപ്പുമാരുടെ പ്ലീനറിക്കിടക്കു പോലും ക്രിസ്ത്യൻ പള്ളികൾ 'ജയ്‌ ശ്രീറാം' വിളികളോടേ ആക്രമിക്കപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഗവ. നെ യോ മോഡിയേയോ ശക്തമായി കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും പറയാൻ ആ സമ്മേളനത്തിനു കഴിയാതിരുന്നതും ഈ കണക്കു കാര്യങ്ങളും തമ്മിലും ബന്ധമുണ്ടോ? പാർലമെന്റ് ഇലക്ഷന് തൊട്ടുമുമ്പ് മോഡി കേരളത്തിൽ വന്നപ്പോൾ നമ്മുടെ ബിഷപ്പുമാർ അദ്ദേഹത്തെ കാണാൻ പോകാനും പദ്ധതിയിട്ടിരുന്നല്ലൊ! ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണിത്.   

വൈക്കം സത്യാഗ്രഹത്തിൽ ക്രിസ്ത്യാനികളുടെ പങ്കു ചരിത്രത്തിൽ നിന്നൊഴിവാക്കപ്പെട്ടു എന്നാണ് മാർ ഇടയന്ത്രത്തിന്റെ പരാതി. ഒരൊന്നര നൂറ്റാണ്ടിന്റെ ചരിത്രം റോമിലും കാണുന്നില്ലല്ലോ പിതാവേ! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ പോയവർക്ക് പള്ളികളിൽ നിന്നനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ ചരിത്രവും കൂടി എഴുതട്ടോ തിരുമേനീ? ചരിത്രം മോശമായെന്ന പരാതി വേണ്ട!

1 comment:

  1. ഡീലർമാർക്കിടയിൽ ഏറ്റവും വിൽപ്പന നടത്തുന്നവർക്ക് സിമന്റ്‌ പെയിന്റ് കമ്പനികൾ തായ്‌ലാൻഡിൽ ഒരാഴ്ച അവധിക്കാലം കൊടുക്കാറുണ്ട് . ആ നിലവാരത്തിലേയ്ക്ക് ഇടവകകളെ താഴ്ത്തിയ ജാലിയാൻവാലാഭാഗ് നികൃഷ്ട്ടജീവിയുടെ മാനസിക നിലയ്ക്ക് എന്തോ കാര്യമായ തകരാറുണ്ട് .
    രൂപതയിലെ ഏറ്റവും നല്ല പാറമട നടത്തുന്നവർക്കും ഒരു അവാർഡ്‌ കൊടുക്കണം പ്ലീസ്

    ReplyDelete