Translate

Saturday, April 30, 2016

എന്തൊരു ചൂട് !

ഇവിടെയുള്ള നവീകരണക്കാർ നേരെ നിന്നിരുന്നെങ്കിൽ കത്തോലിക്കാ സഭ എന്നേ ആന കൊമ്പു കുത്തുന്നതു പോലെ നിലത്ത് ഉമ്മ വെച്ചേനെ. പിള്ളേരുമായ ബന്ധപ്പെട്ട ഒരു കേസും കഴിഞ്ഞമേരിക്കയിൽ നിന്നൊരു വിധത്തിൽ ഇന്ത്യയിൽ വന്നയച്ചനെ വീണ്ടും പഴയ തൊഴിലിൽ നിയമിച്ച ബിഷപ്പിന്റെ പേരിൽ കേസു കൊടുക്കാൻ അമേരിക്കക്കാരി തന്നെ വേണ്ടി വന്നു. ഇതൊക്കെ കാനഡാക്കാരെ കണ്ടു പഠിക്കണം, അന്വേഷണം വന്നപ്പോഴേ വൈദികനെ രൂപത ഇന്ത്യയിലേക്ക്‌ തന്നെ മടക്കിഅയച്ചു - രൂപതയ്കു വേറെ പണിയും കാണും, ഇത്തരം കേസുകൾക്ക് ചിലവാക്കാൻ പണവും കാണില്ല. ഈ വൈദികരൊക്കെ നാളത്തെ സഹനദാസരും നാളെ കഴിഞ്ഞത്തെ വിശുദ്ധരും ആയേക്കാം. ബാംഗ്ലൂരിൽ ഈ തന്ത്രം പയറ്റുന്നതു വിശ്വാസികളാണ്. വൈദികനെ കൊന്ന കേസിൽ പ്രതിയായ മരിച്ചു പോയ വൈദികന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടു ബാംഗ്ലൂർ ബിഷപ്പ് പോലീസിന്റെ സഹായം തേടിയിരിക്കുന്നു. മുഖത്തോടു മുഖം നോക്കിയിരുന്നു പറഞ്ഞു തീർക്കാമായിരുന്ന ഒരു വംശീയ പ്രശ്നമാണവിടെ കൊലപാതകത്തിലും വിപ്ലവത്തിലും എത്തിയത്. അതിവിടം കൊണ്ടൊന്നും തീരുന്ന ലക്ഷണവുമില്ല. അല്ലേലും കത്തോലിക്കാ സഭയും കോൺഗ്രസ്സ് പാർട്ടിയുടെ കാര്യം പറഞ്ഞത് പോലാ; കോൺഗ്രസ്സുകാർ തിരഞ്ഞെടുപ്പു കമ്മറ്റികൾ കൂടുന്നത് കഴിവുള്ളവരെ കണ്ടുപിടിക്കാനല്ലല്ലൊ, പകരം നിലയുറപ്പിച്ചിരിക്കുന്ന കിളവന്മാരെ എങ്ങിനെ പറിച്ചെറിയാം എന്നു പഠിക്കാനല്ലേ? സഭ കമ്മറ്റി കൂടുന്നതു വിശ്വാസികളെ എങ്ങിനെയൊക്കെ ഒതുക്കാമെന്നു ചിന്തിക്കാനല്ലേ? ഏതു കമ്മറ്റി കൂടിയാലും ഫലം അനുഭവിക്കേണ്ടത് അത്മായനാണല്ലോ!

കമ്മ്യുണിസ്റ്റുകാരുടെ കലാവിന്യാസങ്ങൾ നമ്മുടെ മെത്രാന്മാരും തുടങ്ങി; ആരു ജയിച്ചാലും അവർക്കു തുണയേകിയ ഒരു മെത്രാൻ കേരളത്തിൽ കാണും - അത് എസ് എൻ ഡി പി ആയാലും, സി കെ ജാനു പാർട്ടി ആയാലും. എന്താ അല്ലേ? ആന്ധ്രയിൽ ഒരു ബിഷപ്പിനെ അക്രമികൾ തടിക്കൊണ്ടുപോയി വെളുക്കോളം ദ്രോഹിച്ചു - ഇക്കഴിഞ്ഞ ആഴ്ച്ച. ഞങ്ങടെ ജോൺസൺ വൈദ്യരു പറഞ്ഞത്, 'ഇത് ശരിയായില്ല, ആ മനുഷ്യനെക്കാൾ അടികൊള്ളേണ്ടവൻ വേറെ ഉണ്ടായിരുന്നെന്നാണ്'. ഒരു ബിഷപ്പിനെ കേറി എടാ പോടാ എന്നൊക്കെ വിളിക്കുന്നതു കേൾക്കുമ്പോൾ പലർക്കും നോവും. ഒരു പ്രമുഖ പട്ടണത്തിൽ ഉണ്ടായിരുന്ന വിലയേറിയ കുറെ സ്ഥലം കത്തോലിക്കാ സഭക്കാവശ്യമുണ്ട്, തല്കാലം ചേട്ടനൊന്നഡ്വാൻസ് കൊടുക്കാമോയെന്ന് ഒരാളോടു ബിഷപ്പു ചോദിച്ചു. ആ ക്രിസ്ത്യാനി അതിന് പ്രകാരം നല്ല ഒരു തുക അഡ്വാൻസും കൊടുത്തു. സമയമായപ്പോൾ മെത്രാൻ പറഞ്ഞു, അതിപ്പോ നടക്കുകേലെന്ന്. അവസാനം, ഉളള വസ്തുവകകളെല്ലാം കിട്ടുന്ന വിലക്ക് വിറ്റ്‌ ആ പാവം ക്രിസ്ത്യാനി ഇടപാടൊന്നൊതുക്കി; ആ കുടുംബവും ഫ്ലാറ്റ് !  ഈ കഥ സത്യമെങ്കിൽ ഈ മെത്രാനെ എന്ത് വിളിക്കണം? ഒരു കുടുംബത്തെ മെത്രാൻ ചതിച്ചുവെന്നു ചിന്തിക്കുന്നവർ, ഞാൻ സഹിതം, ഓർക്കുക. അയാളോടിങ്ങനെ ചെയ്യാൻ പറഞ്ഞ് ഇടയലേഖനം ഒന്നും മെത്രാൻ ഇറക്കിയിട്ടില്ലല്ലോ? മുദ്രപത്രത്തിലൊന്നും മെത്രാൻ ഒപ്പും വെച്ചു കൊടുത്തിട്ടില്ലല്ലോ? എങ്കിലും എല്ലായിടത്തും ഇപ്പോ പ്രശ്നങ്ങളാ. മദ്ധ്യ കേരളത്തിൽ നിന്നും വടക്കൻ ഇല്ലങ്ങളിൽ നിന്നും മണിയടി കേൾക്കുന്നില്ലെന്നു ശ്രദ്ധിക്കുമ്പോഴേ ചിലർ എത്ര സമ്മർദ്ദത്തില്ലാണെന്നു കാണാൻ കഴിയൂ. ചങ്ങനാശ്ശേരിയിൽ നിന്നു പോലും പുക വന്നു തുടങ്ങി. ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ മുകളിലിരിക്കുന്ന ഒരു കാരുണ്യവാൻ സ്വന്തം മുറി എയർ കണ്ടീഷൻ ചെയ്തു. എന്തൊരു ചൂടായിരിക്കണം അല്ലേ? പക്ഷേ, ചൂടായത് അത്മേനികളാ! ചോദിച്ചവൻ വയറു നിറയെ പള്ളിയിലിരുന്നു കേട്ടുവെന്നാണു റിപ്പോർട്ട്. പള്ളിക്കകത്താണെങ്കിൽ വിശ്വാസി ഗോളടിക്കില്ലല്ലൊ! 

വല്യവായിലെ ഏഷ്യയിലെ ദൈവശാസ്ത്രജ്ഞന്മാരെല്ലാം കൂടി ഒത്തു ചേർന്ന മീറ്റിങ്ങിലാണ് തന്റേടമായിട്ട് ഒരു കന്യാസ്ത്രി എണീറ്റു നിന്ന് പറഞ്ഞത്, സ്വയം അനുഭവിക്കാൻ തയ്യാറില്ലാത്ത ദൈവശാസ്ത്രം കടലിൽ കൊണ്ടു പോയിക്കളയാൻ. അത് ലോക മാധ്യമങ്ങളിൽ അച്ചടിച്ചു വന്നു. ഇവിടെ ഒരു മെത്രാനായിക്കഴിഞ്ഞാൽ ആ രൂപതയുടെ രാജാവായി കഴിയാം. പറയുന്ന തിയോളജിയും ചെയ്യുന്ന തിയോളജിയുമായി ഒരു ബന്ധവും കാണണമെന്നില്ല. വിധവകളെയും അശരണരേയും പീഢിപ്പിക്കുന്ന പുരോഹിതവർഗ്ഗത്തിനെതിരെ ശബ്ദിച്ച യേശുവിന്റെ ശിക്ഷ്യരാണ് കാനോനും ഞെക്കി കക്ഷത്തിൽ വെച്ചുകൊണ്ടു നാടു നീളേ നടന്നു സുവിശേഷം പ്രസംഗിക്കുന്നത്. അവർക്കെതിരെയാണു കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ചതിച്ചു സ്വത്ത് തട്ടിപ്പറിച്ചെന്നും, കുടുംബം പെരുവഴിയാക്കിയെന്നുമൊക്കെ പറഞ്ഞ് ഇവിടെ കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത്.
 
ഇലക്ഷൻ വരുന്നു. പല സീറ്റുകളും മെത്രാന്മാരുടെ പേയ്മെന്റ് സീറ്റാണെന്നാരോപണം. എന്തൊക്കെ പറഞ്ഞാലും ക്ലീമ്മസ് തിരുമേനിക്കു ചാണ്ടീടെ മദ്യനയം ഇഷ്ടപ്പെട്ടു. തൃശ്ശൂർ ബിഷപ്പിന് യു ഡി എഫിന്റെ മദ്യനയമാണിഷ്ടം. ആലഞ്ചേരി പിതാവിന്  ഏതു മദ്ധ്യനയവും ഇഷ്ടമാ. ഒരു മെത്രാനിഷ്ടപ്പെടാതെ പോയത് അച്ചുതാനന്ദന്റെ മദ്ധ്യനയമാ! ഒരു മണ്ഡലത്തിൽ കൊണ്ടുവന്നിട്ടും ചാണ്ടിയെ തോൽപ്പിക്കണം എന്നല്ലാതെ ഇന്നയാളെ ജയിപ്പിക്കണമെന്ന്  അദ്ദേഹത്തെക്കൊണ്ട് പറയിക്കാൻ കഴിയാഞ്ഞതിൽ ആ മെത്രാൻ ദു:ഖിക്കുന്നുണ്ടാവണം. ഈ മെത്രാന്റെ ഇടയലേഖനം ആ മണ്ഡലം മുഴുവൻ നീളുന്നതല്ല - എന്തു ചെയ്യാം? മംഗലാപുരത്ത് ബൈബിൾ ക്വിസ്സിനു പഠിക്കാതെ വന്ന ഒരു കുട്ടിയെ അച്ചൻ ഉപദ്രവിച്ചു, അപ്പം വന്ന ദേഷ്യത്തിന് ... അതല്പം കൂടിപ്പോയോന്നു രൂപതക്കും ഇപ്പോൾ സംശയമുണ്ട്. ഏതെങ്കിലും നയത്തിൽ അച്ചന്മാരുമായി അഭിപ്രായ വ്യത്യാസമുള്ളവർ അല്പംമാറി നിന്നേക്കുക, ആത്മരക്ഷയെ കരുതി. 

ഒരു ജന്തുവും അവരുടെ വർഗ്ഗത്തെ കൊന്നു തിന്നാറില്ല! സ്വന്തക്കാരന്റെ രക്തം ഊറ്റിക്കുടിക്കുന്നവരെ ആഫ്രിക്കൻ ഡെവിൾസ് എന്ന് വിളിച്ചൂടേ? വിളിക്കാം, അല്ലേ?

1 comment:

 1. "പുരോഹിതന്‍ എന്ന അതിമാനുഷന്‍" !
  ഇന്നലെ അങ്കമാലിയില്‍ ഉള്ള എന്‍റെ ഒരു സ്നേഹിതന്‍ ശ്രീ. പോള്‍സണ്‍ തളിയില്‍ അദ്ദേഹത്തിന്‍റെ 'കാത്തോലിക്കമനസ്' എന്നോടൊന്നു തുറന്നു ! പുരോഹിതന്‍ സകലതും ശുദ്ധീകരിക്കുന്നവനും, ഏതിനേയും മറ്റൊന്നാക്കാന്‍ കഴിവുള്ളവനും, "എറര്‍ ഈസ്‌ ഹുമൈന്‍" " തെറ്റുകള്‍ മനുഷ്യസഹജം" എന്ന ചൊല്ലുപോലും ഇല്ലാതയാക്കി, സകലതെറ്റുകള്‍ക്കും അതീതനാണന്നും , (തെറ്റുചെയ്യാന്‍ ദൈവത്തില്‍നിന്നും പ്രത്യേകവരം ലഭിച്ചവനും ആകുന്നു) എന്നു എന്നെ ഉദ്ബോധിപ്പിച്ചു! പോപ്പ് തെറ്റ് ചെയ്യുകയില്ലപോലും !
  അദ്ദേഹം വിശദീകരിച്ചതോ ബഹുകേമം ! ഇന്ത്യയുടെ ഇന്നത്തെ ജലക്ഷാമം ഇല്ലാതെയാക്കാന്‍ വെറും ഒരു കാത്തോലിക്കാപുരോഹിതന്‍ മതിയന്നാണ് പോള്സന്റെ വാദം ! കടല്‍ വെള്ളത്തെ ഒരു കത്തനാര്‍ക്ക് വെഞ്ചരിച്ച് ശുദ്ധമായ കുടിവെള്ളമാക്കാന്‍ വെറും അഞ്ചേഅഞ്ചു മിനിട്ടിന്റെ "വെഞ്ചരിപ്പു കൂദാശ" മാത്രം മതി പോലും ! ഏതു അഴുക്കു ജലവും ഉടന്‍ കുടിവെള്ളമായി രൂപാന്തരപ്പെടുമാത്രേ! IAS IPS വരെ എത്തിയ മനസുകള്‍ പുരോതന്റെ മുന്നില്‍ വെറും ആടുകളാണ്; പള്ളിയില്‍ അവര്‍ അനുസരണ ശീലമുള്ള കുഞ്ഞാടുകള്‍ ആയി മാറുന്നു ! കപ്പിയാരുണ്ടാക്കിയ ഗോതമ്പിന്റെ 'അട' കര്‍ത്താവിന്‍റെ "തിരുമേനി"യായി മാറുന്നു ! മുന്തിരികശക്കിയവീഞ്ഞ് "തിരുരക്ത"മായും മാറ്റപ്പെടുന്നു! പിന്നെയെന്തിന് ജലക്ഷാമത്തെ ഓര്‍ത്ത്‌ സര്‍ക്കാര്‍ വ്യാകുലപ്പെടുന്നു എന്നാണു പോള്സന്‍ ചോദിക്കുന്നത്.. .അതിയാന്റെ കസിന്‍ ഒരു കത്തനാര്‍ വയസായപ്പോള്‍ കുര്ബാനചൊല്ലല്ല്‍ നിര്‍ത്തി ഇപ്പോള്‍ കല്യാണ/ശവസംസ്കാര കത്തനാരായി (കൂദാശ ക്കത്തനാര്‍) "എമിരട്സ്" ആയി ജീവിക്കുന്നു പോലും! സാധാരണ പ്രായമാകുമ്പോള്‍ പെന്‍ഷന്‍ പറ്റുന്നതിനു പകരം പുരോഹിതന്‍ 'എമിരട്സ്' ആകുകയാനെന്നു ഇന്നലെ ഞാനുമറിഞ്ഞു . വീട് വെഞ്ചരിപ്പു; കാറ്, കുക്കര്‍, വാഷിംഗ് മെഷിന്‍,പേനാ,എന്നു വേണ്ടാ ദാ മണവാളനു 'റബ്ബര്‍ഉറ' വരെ ..പോരെ ?എല്ലാം ശുദ്ധം/പരിശുദ്ധം! പരിശുദ്ധസഭ /പരിശുദ്ധ ബിഷപ്പ് /പരിശുദ്ധ കത്തനാര്‍/പൊറുതിയോ പരിശുദ്ധ പള്ളിമേടയില്‍ ? ഇവിടെ പരിശുദ്ധ കാലിത്തൊഴുത്തു (അതിലെ എളിമ) എവിടെ എവിടെ എവിടെ ?!
  കള്ളം പറയാന്‍ ഇത്രയും നൈപുണ്യം ഒരു രാഷ്ട്ര്ര്യക്കാരനുപോലും പുരോഹിതനോളം ഇല്ലാന്നാണ്‌ പോള്സന്റെ മറ്റൊരു വാദം . ഒരുവന്‍ മരിച്ചാലുടന്‍ കത്തനാരു "ഇവന്‍ സ്വര്‍ഗത്തിലായി "എന്നു ഒന്നാം കള്ളം പറയും . ആ നാവു ഉള്ളില് വലിച്ചാലുടന്‍ അവനെ സ്വര്‍ഗത്തില്‍ കയറ്റാന്‍ കൂദാശയും ചൊല്ലും കീശ വീര്‍പ്പിക്കാന്‍! കത്തനാരു ഈ പറഞ്ഞതിലെ സത്യം കണ്ടെത്താന്‍ നാമിനിയും കണിയാനെ നാടുതോറും വിളിക്കേണ്ടിവരും ! ക്രിസ്തുവിനെ അറിയാതെപോയ മനനമില്ലാത്ത ക്രിസ്ത്യാനികളുടെ ഒരു ഗതികേടേ...
  ഇവന്റെയൊക്കെ വോട്ടുബാങ്ക് പൊളിക്കാന്‍ ഇക്കുറി മറിച്ചൊന്നു വോട്ടു ചെയ്യെന്റെ ക്രിസ്ത്യാനീ ..കര്‍ത്താവ് കേഴുന്നു !

  ReplyDelete