Translate

Friday, May 12, 2017

സെക്കുലറിസവും മതവും

റവ.ഡോ.ജെ. ഔസേപ്പറമ്പില്‍

[ചിന്തോദ്ദീപകമായ ഈ ദീര്‍ഘലേഖനം 3 ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു]

മതത്തെയും സെക്കുലറിസത്തെയുംപറ്റിയുള്ള നമ്മുടെ ധാരണകള്‍ തിരുത്തേണ്ട സമയമായി. സെക്കുലറിസവും മതവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം വിവരിക്കുകയെന്നതാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്. നമ്മുടെ നീതിന്യായകോടതികളും ഭരണഘടനയും ഇനിയെങ്കിലും ഈ വിഷയം പഠനവിധേയമാക്കേണ്ടതുണ്ട്. അതിനു കളമൊരുക്കാന്‍ സ്വതന്ത്രചിന്തകര്‍ക്കുമുമ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.  
സെക്കുലറിസം അഥവാ ഭൗതികവാദം എന്ന പദത്തിന് ഇന്ത്യയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം മതനിരപേക്ഷത എന്നാണ്. മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും നിരാകരിക്കുന്ന ഒരു ചിന്താസമ്പ്രദായം എന്നാണ് പാശ്ചാത്യര്‍ ഭൗതികവാദത്തെ മനസ്സിലാക്കുന്നത്. രാജ്യഭരണത്തില്‍ ഒരു മതാചാരത്തിനും പരിഗണന നല്‍കുകയില്ല എന്ന ധാരണയ്ക്കാണ് ഭൗതികവാദം എന്ന് അവര്‍ പറയുക. ലൗകികം, അലൗകികം എന്ന തിരിവ് അല്ലെങ്കില്‍ വിവേചനം ഭൗതികവാദത്തെയും മതത്തെയുംപറ്റി പറയുമ്പോള്‍ മനസ്സില്‍ വരുന്നു. ദൈവം, വെളിപാട്, രക്ഷ, ധാര്‍മ്മികത ഇവ മതത്തിന്റെ സ്വന്തമായ കാര്യങ്ങളും, സമ്പദ്ഘടനയും രാജ്യഭരണത്തിന്റെ നിര്‍വ്വഹണവും സെക്കുലറിസത്തിന്റെ കാര്യങ്ങളും ആണെന്ന ധാരണയുമുണ്ട്. മതം പരിശുദ്ധമാണെന്നും ഭൗതികകാര്യങ്ങള്‍ അവിശുദ്ധമാണെന്നുമുള്ള ഒരു തെറ്റിദ്ധാരണയും ഇതിന്റെ പിന്നിലുണ്ട്. ഭൗതികവാദവും മതങ്ങളും തമ്മിലുള്ള ബന്ധം യൂറോപ്പിലോ ഇന്ത്യയിലോ ശരിയായി പഠനംനടത്തി വിശദീകരിച്ചിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും മതങ്ങളുടെ അടിസ്ഥാനമായ ഭൗതികവാദത്തെയും വിശദീകരിക്കേണ്ടിയിരിക്കുന്നു.
മതങ്ങള്‍ പ്രധാനമായി രണ്ടു തരമുണ്ട്: സ്ഥാപിതമതവും അസ്ഥാപിതമതവും. ക്രിസ്തുമതം, ഇസ്ലാം, ബുദ്ധമതം ഇതൊക്കെ സ്ഥാപിതമതങ്ങളാണ്. സ്ഥാപകരുടെ പേരില്‍ അവ അറിയപ്പെടുന്നു. ഈ സ്ഥാപിതമതങ്ങളൊന്നും ആകാശത്തില്‍നിന്നു പൊഴിഞ്ഞുവീണതല്ല; അതെല്ലാം നവീകരണഭാവേന അല്ലെങ്കില്‍ തിരുത്തല്‍രൂപേണ ഏതെങ്കിലും മതത്തില്‍ ഉണ്ടായ പരിഷ്‌കാരങ്ങളാണ്. യഹൂദമതത്തെ തിരുത്തി ക്രിസ്തുമതമുണ്ടായി. കത്തോലിക്കാസഭയെ തിരുത്തി പ്രോട്ടസ്റ്റന്റ് സഭകള്‍ ഉണ്ടായി. ഇസ്ലാമിലും വകഭേദങ്ങള്‍ ഉണ്ടായി. ഹിന്ദുമതത്തിനും ബുദ്ധമതത്തിനും വകഭേദങ്ങള്‍ ഉണ്ടായി. ഈ മതങ്ങളെല്ലാം ആരംഭത്തില്‍ വര്‍ഗ്ഗ(ൃേശയമഹ) മതങ്ങളായിരുന്നു. ഈ ട്രൈബല്‍ മതങ്ങളില്‍ ചിലത്, ദൈവത്തെക്കുറിച്ചും ധാര്‍മ്മികതയേക്കുറിച്ചും സത്യത്തെക്കുറിച്ചും അവര്‍ക്കു കിട്ടിയ അറിവുകള്‍ കുറിച്ചുവച്ചു. കുറിപ്പുകള്‍ എഴുതുന്നതിനുമുമ്പുതന്നെ ഈ സത്യങ്ങള്‍ അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഉണ്ടായിരുന്നു. അഞ്ചോ ആറോ മതങ്ങള്‍ക്കു മാത്രമേ വേദപുസ്തകങ്ങള്‍ ഉള്ളൂ. അനേകം മതങ്ങള്‍ക്കു വേദപുസ്തകങ്ങള്‍ ഇല്ല. വേദപുസ്തകങ്ങള്‍ ഉള്ള മതവും ഇല്ലാത്ത മതവും മതമെന്ന നിലയ്ക്ക് തുല്യതയുള്ളതാണ്. ട്രൈബല്‍ മതങ്ങള്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാനമതമാണ്. വേദപുസ്തകങ്ങള്‍ ഉള്ള മതങ്ങള്‍ ആചാരനുഷ്ഠാനങ്ങള്‍ ഉണ്ടാക്കി, കൂദാശകള്‍ ഉണ്ടാക്കി, പൗരോഹിത്യമതങ്ങളായി മാറി. പൗരോഹിത്യമതങ്ങള്‍ ആചാരാനുഷ്ഠാനങ്ങളെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധിച്ചു രണ്ടു തുട്ടുണ്ടാക്കാനുള്ള വഴി വൈദികര്‍ക്കു തുറന്നുകൊടുത്തു. സമ്പദ്‌വ്യവസ്ഥ രാജ്യഭരണത്തിന്റെ ഭാഗമാണ്. മതാചാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടപ്പോള്‍ മതം രാജ്യഭരണവുമായി ഇടറി. ഈ ഇടര്‍ച്ചയെ അകറ്റാന്‍ യൂറോപ്പില്‍ സെക്കുലറിസം രൂപംകൊണ്ടു. സമ്പത്തും അധികാരവും സുഖഭോഗങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ ക്രിസ്തുമതം കത്തോലിക്കാസഭയായി. സാമ്രാജ്യഭരണം പോയ സഭ മതത്തിന്റെ പേരില്‍ രാജ്യഭരണത്തില്‍ ഇടപെടുന്നതിനെ നിരോധിക്കാനാണ് യൂറോപ്പില്‍ സെക്കുലറിസം വന്നത്. വേദോപനിഷത്തുകളുടെ ഭൗതികമതം രൂപഭേദം വരുത്തി ബ്രാഹ്മണിസമായപ്പോള്‍ ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയെ 5000 വര്‍ഷം ചൂഷണംചെയ്തു. പട്ടാളജീവിതത്തിലെ അപകടങ്ങള്‍ ഒഴിവാക്കി, കൃഷിയുടെയും വ്യവസായത്തിന്റെയും ജോലിഭാരം ഇല്ലാതാക്കി ജീവിതം ആദ്ധ്യാത്മികതയ്ക്കും വിദ്യാഭ്യാസത്തിനുമായി നീക്കിവച്ച ശര്‍മ്മമാര്‍ താരതമ്യേന ചൂഷകരായിമാറി. ബ്രാഹ്മണ ദുരാചാരങ്ങള്‍ക്കെതിരെ ബുദ്ധനും ജിനനും പ്രതിഷേധിച്ചു. ഇപ്പോള്‍ ഭരണഘടനയില്‍ മതനിരപേക്ഷത എന്ന ആശയം വന്നപ്പോള്‍, എല്ലാ മതങ്ങളിലേക്കും പുരോഹിതഞാഞ്ഞൂലുകളും, നമ്മുടെ മെത്രാന്‍ഞാഞ്ഞൂലുകളുള്‍പ്പെടെ, മൂര്‍ഖന്മാരായി തലപൊക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഗ്രഹണകാലമാണ്! ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള്‍പോലും തല പൊക്കും!
യഥാര്‍ത്ഥ മതം അപൗരുഷേയമാണ്; സ്ഥാപകരും വേദഗ്രന്ഥങ്ങളും നിര്‍ബന്ധിത ആചാരാനുഷ്ഠാനങ്ങളും ഇല്ലാത്തതാണ്. മതത്തിന്റെയും സത്യത്തിന്റെയും ധാര്‍മ്മികതയുടെയും വെളിപാടുകളുടെയും ഉറവിടം അപൗരുഷേയമായ വെളിപാടാണ്. ഇത് എഴുതപ്പെടാത്തതാണ്. പൗരുഷേയമതങ്ങളുടെയും പൗരുഷേയവെളിപാടുകളുടെയും അടിസ്ഥാനം അപൗരുഷേയസത്യേശ്രാതസ്സായ വെളിപാടാണ്. ഇത് എല്ലാ ജനതയ്ക്കും ഒന്നാണ്. എന്താണ് അപൗരുഷേയവെളിപാട്?
അപൗരുഷേയം എന്നു പറഞ്ഞാല്‍ വ്യക്തിഗതമല്ലാത്തത്, പൊതുവായത് എന്നാണ് അര്‍ത്ഥം. ഈ വെളിപാടില്‍ അടങ്ങിയിരിക്കുന്ന സത്യത്തിന് നമുക്ക് ആരോടും കടപ്പാടില്ല. ആരും വെളിപ്പെടുത്തിയില്ലെങ്കിലും അത് നമ്മുടെ ജീവിതത്തില്‍ പ്രസക്തമാണ്. വേറെ ആര്‍ക്കു വേണമെങ്കിലും അതു വെളിപ്പെടുത്താം. വെളിപ്പെടുത്തുന്നവന് അതിന്റെ പകര്‍പ്പവകാശമില്ല, പേറ്റന്റ് ഇല്ല. എഴുതപ്പെട്ട എല്ലാ വെളിപാടുകളും കത്തിച്ചുകളഞ്ഞാലും പുതിയ വെളിപാടുകള്‍ എഴുതപ്പെടും. സത്യങ്ങളുടെ അനന്തശ്രോതസ്സാണ് അപൗരുഷേയവെളിപാട്. ഈ സത്യങ്ങളെല്ലാം നമ്മുടെ നിലനില്‍പ്പിനായി ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നുണ്ട്. എഴുതപ്പെട്ട സത്യങ്ങള്‍ പരിമിതമാണ്; എഴുതപ്പെടാത്തത് അപരിമിതമാണ്. ഒരു സത്യം മറ്റൊരു സത്യത്തിന് എതിരല്ല. ഇങ്ങനെ അപരിമിതമായി എഴുതപ്പെടാത്ത സത്യഗ്രഹണമാണ് അപൗരുഷേയവെളിപാട്. ഈ അപൗരുഷേയസത്യത്തിലധിഷ്ഠിതമാണ് ഭൗതികവാദം (secularism) ഇത് മതങ്ങളുടെ മതമാണ്; മാതാവാണ്. എല്ലാ വ്യക്തിഗതമതങ്ങളും ഭൗതികമതത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. ഈ അപൗരുഷേയസത്യം എല്ലാ ജനതയുടെയും പൈതൃകമാണ്-വര്‍ണ്ണവര്‍ഗ്ഗകാലഭേദവ്യത്യാസമില്ലാതെ. അറിഞ്ഞുകൂടായിരുന്നു എന്ന് ഒഴിവുകഴിവു പറയാന്‍ പറ്റാത്തവിധം ദൈവം എല്ലാ മനുഷ്യര്‍ക്കും സത്യം വെളിപ്പെടുത്തി എന്ന് പൗലോസ് (റോമാ. 1:18) പറയുന്നതിന്റെ അര്‍ത്ഥമിതാണ്. 
വേദങ്ങള്‍ അപൗരുഷേയമാണെന്നു പറയുന്നു. മനുഷ്യരാല്‍ ഉണ്ടാക്കപ്പെടാത്തത് എന്ന അര്‍ത്ഥം ആദ്യം മനസ്സില്‍ വരും. നമുക്കറിയാം, എല്ലാ വേദങ്ങളും എഴുതപ്പെട്ടതാണ്. വേദങ്ങള്‍ക്ക് അനേകം രചയിതാക്കളുണ്ട്. അവരുടെ കുടുംബപ്പേരും വേദങ്ങളിലുണ്ട്. 'അപൗരുഷേയം' എന്നു പറയുന്നത് സത്യത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്-മനുഷ്യഎഴുത്തുകാരനെ പ്രതിപാദിക്കുന്നതല്ല. എഴുതിയാലും ഇല്ലെങ്കിലും സത്യം അപൗരുഷേയമാണ്. സത്യം പറയണം, മോഷ്ടിക്കരുത്, കൊല്ലരുത് ഇതൊക്കെ അപൗരുഷേയസത്യങ്ങളാണ്. എത്ര പേരെഴുതിയാലും ആര്‍ക്കും ഇതിന്റെ പകര്‍പ്പകാശം കിട്ടത്തില്ല. അപൗരുഷേയസത്യം പൊതുവായ സത്യങ്ങളുടെ അടിത്തറയാണ്. 
ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്ന അനേകം പ്രതിപാദനങ്ങള്‍ ഉണ്ട്. അതില്‍ ചിലതുമാത്രം പരിശോധിക്കാം:
ബൃഹദാരണ്യകോപനിഷത്തില്‍ (1.4.11-14) നാലുജാതികളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ അന്യോന്യബന്ധങ്ങളെക്കുറിച്ചും പ്രതിപാദനമുണ്ട്. ബ്രഹ്മന്‍ നാലുജാതികളെ സൃഷ്ടിച്ച് അവര്‍ക്കു കടമകളും പദവികളും നല്‍കി: ബ്രാഹ്മണന് വിദ്യാഭ്യാസം, ആദ്ധ്യാത്മികത; ക്ഷത്രീയന് രാജ്യസംരക്ഷണം; വൈശ്യന് കൃഷിയും വ്യവസായവും; ശൂദ്രന് കായികാധ്വാനം. എല്ലാവരും അവരവരുടെ കടമകള്‍ നിര്‍വ്വഹിച്ചാല്‍ സമുദായം സ്വസ്ഥമായിരിക്കും. പക്ഷേ, ഒരുകൂട്ടര്‍ പണിമുടക്കിയാലോ? എല്ലാവരെക്കൊണ്ടും അവരുടെ കടമകള്‍ നടത്തിക്കാന്‍ ബ്രഹ്മന്‍ സൂപ്പര്‍വൈസറായി രാജാവിനെ സൃഷ്ടിച്ചു. പക്ഷേ രാജാവ് തന്റെ ജോലി ശരിക്കും ചെയ്തില്ലെങ്കിലോ? ഈ അവസ്ഥാവിശേഷങ്ങളെ ഒഴിവാക്കാന്‍ ബ്രഹ്മന്‍ ഒരു സ്വയംപ്രവര്‍ത്തകതത്വം (auto-principle) ഉണ്ടാക്കി: ധര്‍മ്മം. ധര്‍മ്മത്തെ രക്ഷിക്കുന്നവനെ ധര്‍മ്മം രക്ഷിക്കും. ധര്‍മ്മത്തെ നശിപ്പിക്കുന്നവനെ ധര്‍മ്മം നശിപ്പിക്കും. ധര്‍മ്മ ഏവം ഹതോ ഹന്തി ധര്‍മ്മോ രക്ഷതി രക്ഷിതഃ (മഹാഭാരതം, വനപര്‍വം, യക്ഷപ്രശ്‌നം 127). ഈ തത്വത്തിന് ഇപ്പോഴുള്ള പേര് മനുഷ്യാവകാശം (human right) എന്നാണ്. 
'Predictions of Nostradamus'എന്ന ഗ്രന്ഥത്തില്‍ ഇരുമ്പുമത്സ്യത്തില്‍ (Iron fish) നിന്ന് അമേരിക്കയില്‍ ബോംബിടുമെന്ന് നോസ്ട്രഡാമസ് പറഞ്ഞു. ഇരുമ്പുമത്സ്യം അന്തര്‍വാഹിനി (submarine) ആണ്. ബലഹീനന് അവകാശം നിഷേധിച്ചാല്‍ ധര്‍മ്മബലംകൊണ്ട് ശക്തനെ സ്വാധീനിക്കാനുള്ള കഴിവാണ് മനുഷ്യാവകാശം. ഗാന്ധിജി സത്യഗ്രഹംകൊണ്ട് അര്‍ത്ഥമാക്കിയത് ഈ വസ്തുതയാണ്. ഇതാണ് ഭൗതികമതത്തിന്റെ അടിസ്ഥാനം. (തുടരും)
ഫോണ്‍: 9822256275

No comments:

Post a Comment