Translate

Wednesday, May 31, 2017

ശാസ്ത്രവും മതവും, പിന്നെ പുരോഹിതമതങ്ങളും

ജോര്‍ജ് മൂലേച്ചാലില്‍
എഡിറ്റോറിയല്‍, സത്യജ്വാല മെയ് 2017

മതമെന്ന നിലയില്‍ ലോകത്തിന്നു കാണപ്പെടുന്നത് സംഘടിതപുരോഹിതമതങ്ങളാണ്. ഈ മതങ്ങളില്‍ വാഴുന്നതാകട്ടെപുരോഹിതര്‍ സൃഷ്ടിച്ച ദൈവങ്ങളും അതിന്റെ മറവില്‍ ഈ പുരോഹിതര്‍തന്നെയുമാണ്. പുരോഹിതനിര്‍മ്മിതങ്ങളായ വിശ്വാസസത്യങ്ങളില്‍ സത്യമോവിശ്വാസപ്രമാണങ്ങളില്‍ വിശ്വാസയോഗ്യമായ എന്തെങ്കിലുമോ ഉണ്ടെന്നു പറഞ്ഞുകൂടാ. ഇതും അനുഷ്ഠാനങ്ങളുമെല്ലാം ജനങ്ങളുടെമേല്‍ അധീശത്വമുറപ്പിക്കുന്നതിനും മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന ആരാധനയുടെയും വണക്കത്തിന്റെയും പങ്കുപറ്റുന്നതിനും ലക്ഷ്യംവച്ചുള്ളതാണ്.
കത്തോലിക്കാസമുദായത്തില്‍ ജനിച്ചുവളരുന്ന ഒരാള്‍ക്ക് പക്ഷേഇത്തരം നിഗമനങ്ങളിലെത്തുക എളുപ്പമല്ല. കൗമാരപ്രായത്തിനുള്ളില്‍ത്തന്നെ പുരോഹിതസൃഷ്ടമായ ദൈവവും വിശ്വാസങ്ങളും അവരുടെ മനസ്സുകളില്‍ വേരുറച്ചിരിക്കും എന്നതാണിതിനു കാരണം. സംശയങ്ങളും ചോദ്യങ്ങളും ഉദിക്കാത്തിടത്തോളം കാലം അതെല്ലാം അങ്ങനെതന്നെ നിലനില്‍ക്കുമല്ലോ.
മനുഷ്യരില്‍ സന്ദേഹങ്ങളും ചോദ്യങ്ങളും ഉണര്‍ത്തുന്നത് അധികവും ശാസ്ത്രവും  യുക്തിചിന്തയുമാണ്. സത്യാന്വേഷണത്വരയുള്ളവര്‍, ശാസ്ത്രീയപഠനങ്ങളുടെയും യുക്തിചിന്തയുടെയും വെളിച്ചത്തില്‍ താന്‍ കൊണ്ടുനടക്കുന്ന ദൈവ-മതവിശ്വാസങ്ങളെ പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നു. മനസ്സിലുറച്ചിരുന്ന ദൈവവിഗ്രഹം ഇളകുകയും സിദ്ധാന്തങ്ങളോടും മതവിശ്വാസസംഹിതകളോടും അവര്‍ വിടപറയുകയുംചെയ്യുന്നു. ഇത് വലിയൊരു ധീരസാഹസികപ്രക്രിയയാണ്. പക്ഷേഅതിനൊടുവില്‍ സംഭവിക്കുന്നതെന്തെന്നാല്‍, അവര്‍ ശാസ്ത്രവിശ്വാസികളും നിരീശ്വരരും ആയിത്തീരുന്നു എന്നതാണ്. ശാസ്ത്രം അവരുടെ മതവും നിരീശ്വരത്വം അവരുടെ വിശ്വാസപ്രമാണവുമായിത്തീരുകയാണ്. വാസ്തവത്തില്‍, അവര്‍ നിഷേധിക്കുന്നത് പൗരോഹിത്യം സൃഷ്ടിച്ച്  അവരില്‍ അടിച്ചേല്പിച്ച ഇല്ലാദൈവങ്ങളെമാത്രമാണെന്ന് അവരറിയുന്നില്ല. അതായത്പുരോഹിതസൃഷ്ടമായതും മനുഷ്യന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടതുമായ ദൈവങ്ങളെ ശാസ്ത്രീയമായ ചില അറിവുകളുടെ വെളിച്ചത്തില്‍ നിഷേധിക്കാന്‍ കഴിയുന്നു എന്നതിനപ്പുറംമനുഷ്യന്റെയോ ഈ പ്രകൃതിയുടെയോ അസ്തിത്വത്തെക്കുറിച്ച് മൗലികമായ ഒരു കാഴ്ചപ്പാടും ശാസ്ത്രമോ നിരീശ്വരവാദമോ അവതരിപ്പിക്കുന്നില്ല. പകരംശാസ്ത്രീയമായ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ ഈ പ്രകൃതിയെയും മനുഷ്യനെയുംകുറിച്ച് ആത്യന്തികമായ ഒരറിവില്‍ മനുഷ്യനെത്തിച്ചേരുമെന്ന അന്ധമായ ഒരു വിശ്വാസത്തില്‍ അഭയംതേടുകയാണവര്‍. ഇതെത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യം അവരില്‍ ഉയരാത്തിടത്തോളംകാലം ഈ അന്ധവിശ്വാസത്തില്‍നിന്ന് അവര്‍ക്കും മോചനമുണ്ടാകുന്നില്ല.
പഞ്ചേന്ദ്രിയങ്ങളുടെയും മനഷ്യനുണ്ടാക്കുന്ന ഉപകരണങ്ങളുടെയും നിരീക്ഷണപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയപുതിയ കണ്ടെത്തലുകളിലെത്തിച്ചേരുന്ന ഒരു വിജ്ഞാനമേഖലമാത്രമാണ് ശാസ്ത്രം. അതായത്ഗണിതത്തിനു ശരിയായി കൈകാര്യം ചെയ്യാനാകുന്നത് ശൂന്യത്തിനും അനന്തതയ്ക്കുമിടയിലുള്ള സംഖ്യകളെമാത്രമാണ് എന്നതുപോലെതന്നെയാണ് ശാസ്ത്രത്തിന്റെ കാര്യവും. മറ്റൊന്ന്ശാസ്ത്രം അതിന്റെതന്നെ നിഗമനങ്ങള്‍ തിരുത്തിത്തിരുത്തിയാണ് മുന്നേറുന്നത് എന്നതാണ്. കുറേനാള്‍ മുമ്പുവരെ ആറ്റമായിരുന്നുവല്ലോ ഏറ്റവും ചെറിയ കണം. അത് വിഭജിക്കാനാകാത്ത കട്ടിവസ്തുവായിരുന്നു. പിന്നീടതു വിഭജിക്കാമെന്നായി. ന്യൂട്രോണ്‍, പ്രൊട്ടോണ്‍, ഇലക്‌ട്രോണ്‍ എന്നിങ്ങനെ 'ദൈവകണം' (God particle) വരെ എത്രയോ അതിസൂക്ഷ്മകണങ്ങള്‍ (sub atomic particles) ആണ് ഇപ്പോഴുള്ളത്! ക്വാണ്ടം സിദ്ധാന്തപ്രകാരംവസ്തുവിനെ ഒരേസമയം പിണ്ഡമായും ഊര്‍ജ്ജതരംഗമായും നിര്‍വ്വചിക്കേണ്ട അനിശ്ചിതത്വ സാഹചര്യംകൂടി ശാസ്ത്രമിന്നു നേരിടുന്നുണ്ട്. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്‌സ് പ്ലാങ്ക് പറയുന്നു: ''.... വസ്തു എന്നൊന്ന് അടിസ്ഥാനപരമായി ഇല്ല. പരമാണുവിലെ ഊര്‍ജകണങ്ങളെ പ്രത്യേകതരം ഭ്രമണപഥങ്ങളില്‍ വരുത്തിക്കൊണ്ട് അതിസൂക്ഷ്മമായ സൗരയൂഥങ്ങളായി അവയെ നിലനിര്‍ത്തുന്ന  ഒരു ശക്തിയില്‍നിന്നാണ് വസ്തുവിന്റെ ഉത്ഭവം. അതുതന്നെയാണു വസ്തുവും. എന്നാല്‍, ഈ പ്രപഞ്ചഘടനയില്‍ ഒരു ബുദ്ധിതത്വത്തെയോ ആന്തരികശക്തിയെയോ നാം നേരില്‍ ദര്‍ശിക്കാത്തതിനാല്‍ ഈ ശക്തിയുടെ പശ്ചാത്തലത്തില്‍ ബോധാത്മകമായ ഒരു ആത്മസത്ത നിലവിലുണ്ടെന്ന അഭ്യൂഹത്തില്‍ നാം എത്തേണ്ടിയിരിക്കുന്നു. എല്ലാ വസ്തുവിന്റെയും അടിസ്ഥാനം ഈ ബോധശക്തിതന്നെയാണ്'' (അവലംബം:'ജ്ഞാനഗീത2016 മെയ് ലക്കം). മഹാശാസ്ത്രജ്ഞനായ മാക്‌സ് പ്ലാങ്കിന്റെ തുറന്ന അന്വേഷണബുദ്ധി ഒരു 'ക്വാണ്ടം ജംപി'ലുടെയെന്നവണ്ണംശാസ്ത്രമേഖലയില്‍നിന്ന് ശാസ്ത്രീയമായി  തെളിയിക്കാനാവാത്ത ദാര്‍നികമണ്ഡലത്തിലേക്ക് ഉയര്‍ന്നുചാടുന്നത് നാമിവിടെ കാണുന്നു. ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നറിഞ്ഞിട്ടുംമഹാശാസ്ത്രജ്ഞനായ ഐന്‍സ്റ്റൈന്‍ 'സര്‍വ്വചരാചരങ്ങളുടെയും പാരസ്പര്യത്തില്‍ വെളിപ്പെടുന്ന ഒരു ദൈവ'ത്തില്‍ വിശ്വസിച്ചിരുന്നുവല്ലോ.
പ്രപഞ്ചോത്പത്തി സംബന്ധിച്ച് ഇപ്പോള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന 'മഹാസ്‌ഫോടനസിദ്ധാന്ത' (Big Bang Theory)ത്തിനൊപ്പംഒരുകാലത്ത് 'സ്ഥിരസ്ഥിതിസിദ്ധാന്ത' (Steady State Theory)വും ശരിയെന്നമട്ടില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇനിയും കൂടുതല്‍ ശാസ്ത്രീയവും വിശ്വാസയോഗ്യവുമായ സിദ്ധാന്തങ്ങള്‍ ഈ വിഷയത്തില്‍ ഉദയംകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല. പറഞ്ഞുവരുന്നത്ഒന്നിനെപ്പറ്റിയും അന്തിമമായ ഒരു ശരിയുത്തരം നല്‍കാന്‍, മനുഷ്യനെ ജ്ഞാനത്തിലേക്കു നയിക്കാന്‍, മനുഷ്യന്റെ സൃഷ്ടിയായ ശാസ്ത്രത്തിനു കഴിയുകയില്ല എന്നാണ്. ഇലക്‌ട്രോണിന്റെ പിണ്ഡമൂല്യം എത്രയെന്നു കണക്കാക്കാന്‍ ഇന്നും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക.
തനിക്കും ഈ മഹാപ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഉണ്മ (ഉള്ളതെന്തോ അത്, Truth) എന്ത് എന്നതിനേക്കുറിച്ചുള്ള അവബോധമാണ് യഥാര്‍ത്ഥ മതം. യഥാര്‍ത്ഥ സത്യാന്വേഷകര്‍ അന്വേഷിക്കുന്നതും അന്വേഷിക്കേണ്ടതും എല്ലാറ്റിനും അധിഷ്ഠാനമായി വര്‍ത്തിക്കുന്ന ആ പരമസത്യത്തെയാണ്. അങ്ങനെയൊരു പരംപൊരുള്‍ ഇല്ലാതെ നിവൃത്തിയില്ല എന്ന് മനുഷ്യന് അവന്റെ യുക്തികൊണ്ടുതന്നെ മനസ്സിലാക്കാനാവും. 'ഞാനുണ്ട്എന്ന ഓരോ മനുഷ്യനിലുമുള്ള അറിവുതന്നെതാന്‍ സ്വയം ഉരുവായതല്ല എന്നറിയാവുന്ന അവന്തനിക്കാധാരമായി വര്‍ത്തിക്കുന്ന ഒരു പരാശക്തിയെക്കുറിച്ചു സൂചന നല്‍കുന്നുണ്ട്. മറ്റൊന്ന്യുക്തികൊണ്ടുതന്നെ യുക്തിക്കപ്പുറം വേറെയും കാര്യങ്ങളുണ്ട് എന്നു മനസ്സിലാക്കാന്‍ മനുഷ്യനു കഴിവുണ്ട് എന്നതാണ്. മനുഷ്യമനസ്സിന്റെഅഥവാ പ്രജ്ഞയുടെവളരെ ചെറിയൊരു ഭാഗംമാത്രമാണ് ബോധമനസ്സ് എന്നുംപ്രജ്ഞയുടെ ഭീമഭാഗവും ഉപബോധ-അബോധമണ്ഡലങ്ങളാണെന്നും മനുഷ്യന്‍ കണ്ടെത്തിയത്അവന്റെ യുക്തിപരമായ ശാസ്ത്രീയ
നിരീക്ഷണങ്ങളിലൂടെയാണല്ലോ. ബോധമനസ്സും ഉപബോധമനസ്സും വേരാഴ്ത്തിനില്‍ക്കുന്നത്അഥവാ പൊന്തിക്കിടക്കുന്നത്മനസ്സിന്റെ മഹാഭാഗമായ അബോധമണ്ഡലത്തിലാണെന്നും  പഠനങ്ങളുണ്ട്. അങ്ങനെയെങ്കില്‍, ബൃഹത്തായ ഈ അബോധമണ്ഡലം മനുഷ്യനെ സംബന്ധിച്ച് എന്തു ധര്‍മ്മമാണു നിര്‍വ്വഹിക്കുന്നതെന്നന്വേഷിക്കാന്‍ ബോധമനസ്സ് അല്പം വിനയം കാണിക്കേണ്ടതില്ലേമനസ്സിന്റെ ചെറിയൊരംശം മാത്രമായ ബോധമനസ്സിനും അവിടെ നടക്കുന്ന യുക്തിപരവും ശാസ്ത്രീയവുമായ  ചിന്തകള്‍ക്കും നിഗമനങ്ങള്‍ക്കും 'തെറ്റാവരംപ്രഖ്യാപിക്കുന്നത് ശരിയോ എന്നാലോചിക്കേണ്ടതില്ലേ?
മനുഷ്യനിലെ ഈ അബോധമനസ്സ് ബോധരഹിതമല്ലെന്നും മനുഷ്യന്റെ മൂലബോധം (archetype) തന്നെയാണതെന്നും പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാള്‍ യുംഗ് വിശദീകരിച്ചിട്ടുണ്ട്. ബോധ-ഉപബോധമനസ്സുകളുടെയും മുഴുവന്‍ ശാരീരികപ്രക്രിയകളുടെയും നിയാമകനിയമമായി വര്‍ത്തിക്കുന്ന ഈ മൂലബോധം മനുഷ്യനിലെ സര്‍ഗ്ഗാത്മകധിഷണാശേഷി (creative intelligence)യുടെ ആസ്ഥാനമാണെന്ന പഠനവുമുണ്ട്.
പീറ്റര്‍ ഹിഗ്ഗ്‌സ് (Peter Higgs), ഫ്രാങ്കോയ്‌സ് എംഗ്ലേര്‍ട്ട് (Francois Englert) എന്നീ നോബല്‍ പ്രൈസ് ജേതാക്കളായ ആധുനികശാസ്ത്രജ്ഞന്മാര്‍, ഈ പ്രപഞ്ചത്തില്‍ ഒരു അദൃശ്യമണ്ഡലം (invisible field) സര്‍വ്വവ്യാപിയായി നിലനില്‍ക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ അദൃശ്യമണ്ഡലത്തില്‍നിന്നാണത്രെ, 'ദൈവകണ'മെന്നു ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്ന 'ഹിഗ്ഗ്‌സ് ബോസോണ്‍ കണംഉണ്ടായിവരുന്നത്! ശൂന്യതയില്‍നിന്നു പ്രകൃതിനിയമപ്രകാരംതന്നെ പദാര്‍ത്ഥമുണ്ടാകുന്നു എന്നതിന്അതിനൊരു ദൈവം ആവശ്യമില്ലെന്നതിന്തെളിവായാണ് മറ്റൊരു പ്രമുഖശാസ്ത്രജ്ഞനായ ലോറന്‍സ് ക്രാവ്‌സ് (Lawrence Krauss) ഈ കണ്ടെത്തലിനെ ഉപയോഗിച്ചിരിക്കുന്നത്. അതിനായി വിചിത്രമായ ഒരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്: ''ശൂന്യത അസ്ഥിരമാണ്തന്മൂലംഅതില്‍നിന്നെന്തെങ്കിലും ഉത്ഭവിച്ചേ പറ്റൂ'' (nothingness is unstable; something was almost bound to spring into existance from it) എന്നാണദ്ദേഹം സിദ്ധാന്തിക്കുന്നത്! ഇല്ലായ്മയെശൂന്യതയെഒരു വസ്തുവെന്നതുപോലെ അവതരിപ്പിക്കുന്നത് എത്ര വലിയ മൗഢ്യമാണ് എന്നോര്‍ത്തുനോക്കൂ. 'ഇല്ലായ്മ'യെക്കുറിച്ച് എന്തെങ്കിലും ചിന്തിക്കാന്‍പോലും മനുഷ്യനാവുകയില്ല എന്നതല്ലേ വസ്തുതഇത്തരം 'ശാസ്ത്രീയ'സിദ്ധാന്തങ്ങളെപുരോഹിതര്‍ ചമച്ചിട്ടുള്ള അബദ്ധജഡിലമായ ദൈവശാസ്ത്രസിദ്ധാന്തങ്ങളോടാണു തുലനംചെയ്യാനാവുന്നത് എന്നു തോന്നുന്നു.
ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ സര്‍വ്വവ്യാപിത്വമുള്ള ഈ അദൃശ്യമണ്ഡലം ബോസോണ്‍ കണങ്ങളുടെ ഈറ്റില്ലമാണെന്ന ഒറ്റ കാരണംകൊണ്ടുതന്നെ ശൂന്യമല്ലെന്നു വ്യക്തമാണ്. മനുഷ്യമനസ്സിലെ അബോധമണ്ഡലം ബോധശൂന്യമല്ലാത്തതുപോലെതന്നെഈ അദൃശ്യമണ്ഡലവും ശൂന്യവുമായിരിക്കില്ല. മനുഷ്യനില്‍ അബോധമണ്ഡലമെന്നും പ്രപഞ്ചത്തില്‍ അദൃശ്യമണ്ഡലമെന്നും മനുഷ്യനു പ്രത്യക്ഷത്തില്‍ തോന്നിപ്പോകുന്ന ഈ രണ്ടു മേഖലകള്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍തമ്മിലും സാമ്യമുണ്ടെന്നു തോന്നിപ്പോകുന്നു. അബോധമനോമണ്ഡലം മനുഷ്യനില്‍ (മറ്റു ജീവികളിലും) അവന്റെ മൂലബോധമായും നിയാമകനിയമമായുമാണു വര്‍ത്തിക്കുന്നതെങ്കില്‍, സര്‍വ്വപ്രപഞ്ചവും വ്യാപിച്ചുനില്‍ക്കുന്ന അദൃശ്യമണ്ഡലം ആകെപ്രപഞ്ചത്തിന്റെ മൂലബോധമായുംസൃഷ്ടി-സ്ഥിതി-സംഹാരപ്രക്രിയകളുടെയെല്ലാം നിയാമകനിയമ(നിയതി)മായുമാകാംഅഥവാ പ്രപഞ്ചത്തിന്റെ പ്രജ്ഞയായിട്ടാകാംവര്‍ത്തിക്കുന്നത്. 'പ്രജ്ഞാനാം ബ്രഹ്മംഎന്ന ഭാരതീയദര്‍ശനപ്രകാരംഈ പ്രജ്ഞയെ ബ്രഹ്മമായിപരമാത്മാവായികാണാമെന്നും തോന്നുന്നു. അബോധമണ്ഡലമെന്ന മനുഷ്യനിലെ മൂലബോധം അവന്റെ പ്രജ്ഞയായിരിക്കുന്നതിനാല്‍, അതിനെ ജീവാത്മാവ് എന്നും മനസ്സിലാക്കാം. ആകെപ്രപഞ്ചത്തിന്റെ പ്രജ്ഞയും വ്യക്തിയുടെ പ്രജ്ഞയും ഒന്നെന്നപോലെ അവിഭാജ്യമാണെന്ന കണ്ടെത്തലിന്റെ അനുഭവതലപ്രഖ്യാപനമായി 'അഹം ബ്രഹ്മാസ്മിഎന്ന മഹാവാക്യത്തെ കാണാമെന്നും തോന്നുന്നു. 'ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്എന്നു പറഞ്ഞ് യേശുവും ഈ ഏകാത്മകദര്‍ശനം ഉദ്‌ഘോഷിച്ചിട്ടുണ്ടല്ലോ.
പ്രപഞ്ചോല്പത്തി മഹാസ്‌ഫോടനസിദ്ധാന്ത (Big Bang Theory) പ്രകാരംനിയതമായ പ്രകൃതിനിയമത്തിന്റെ അടിസ്ഥാനത്തില്‍ ശൂന്യതയില്‍നിന്നു സംഭവിച്ചതാണെന്നുംജീവന്‍ യാദൃച്ഛികമായി സംഭവിച്ച് പരിണാമസിദ്ധാന്തപ്രകാരം വ്യത്യസ്ത ജീവജാലങ്ങളായതാണെന്നുമാണ്ശാസ്ത്രവിശ്വാസികളായ നിരീശ്വരര്‍ ഇന്നു പൊതുവേ കരുതിവരുന്നത്. യുക്തിചിന്തയുടെ വക്താക്കള്‍ക്കു സംഭവിച്ചിരിക്കുന്ന യുക്തിഭംഗം ഇവിടെ എത്രയോ വ്യക്തമാണ്! പ്രകൃതിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചോല്പത്തിക്കു കാരണമായ മഹാസ്‌ഫോടനം സംഭവിച്ചത് എന്നു പറയുമ്പോള്‍ത്തന്നെഅതിനുമുമ്പ് പ്രകൃതിനിയമമെന്ന ഒരു സംഗതി ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചുകഴിഞ്ഞു. എന്തെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കില്‍, പിന്നെയെവിടെയാണു ശൂന്യതഅതുപോലെതന്നെഅങ്ങനെയൊരു പ്രകൃതിനിയമം നിലനില്‍ക്കേജീവോല്പത്തി എങ്ങനെ യാദൃച്ഛികമായി സംഭവിക്കുംഅതും ഈ നിയാമകനിയമത്തിന്റെ അടിസ്ഥാനത്തിലല്ലേ നടക്കൂ?
അദൃശ്യമായി വര്‍ത്തിക്കുന്നതും അജ്ഞേയവുമായ ഈ നിയാമകനിയമത്തെയാണ്എല്ലാറ്റിനും അധിഷ്ഠാനമായി നിലകൊള്ളുന്ന ഒരു ബോധസ്വത്വമായിപ്രജ്ഞാചൈതന്യമായിദൈവമായിസത്യാന്വേഷികള്‍ അംഗീകരിച്ചുവിശ്വസിക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യന് തന്റെയും ഈ പ്രപഞ്ചത്തിന്റെയും അസ്തിത്വംസംബന്ധിച്ച അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിന് സ്വന്തം പ്രജ്ഞയുടെ ചെറിയൊരു ഭാഗംമാത്രമായ ബൗദ്ധികയുക്തിക്കപ്പുറത്തേയ്ക്ക്കാല്പനികയുക്തിയിലേക്ക്കടക്കേണ്ടതുണ്ട്. ഇപ്രകാരം മനുഷ്യന്‍ കണ്ടെത്തി വിശ്വസിക്കുന്ന ദൈവംസ്വാര്‍ത്ഥപൂരണത്തിനായി മനുഷ്യന്‍ (പുരോഹിതന്‍) സ്വന്തം ഛായയില്‍ സൃഷ്ടിച്ചെടുക്കുന്ന തരത്തിലുള്ള ഒന്നല്ലതന്നെ. അവനവനിലും സര്‍വ്വത്തിലും പ്രജ്ഞാചൈതന്യമായി പരിലസിക്കുന്ന ആകമാനസത്തയാണത്.
'ജീവിക്കുകജീവിക്കാനനുവദിക്കുകഎന്ന തത്വംപാലിച്ച് എല്ലാവരും ജീവിച്ചാല്‍ മെച്ചപ്പെട്ട ഒരു ലോകം ഉദയംകൊള്ളും എന്നാണ് ശാസ്ത്രവിശ്വാസികളായ യുക്തിവാദികളുടെ പൊതുനിലപാട്. അതിന് ജന്മസിദ്ധമായ സ്വാര്‍ത്ഥത കുറയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അവര്‍ പറയുന്നു. ഈ സ്വാര്‍ത്ഥത കുറച്ചുകൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുന്ന പോസിറ്റീവായ എന്തെങ്കിലുമൊരു ചോദന മനുഷ്യനിലില്ലെങ്കില്‍ എങ്ങനെ ഈ നിര്‍ദ്ദേശം നടപ്പില്‍വരുംചൈതന്യരഹിതമായ പദാര്‍ത്ഥത്തില്‍നിന്ന് യാദൃച്ഛികമായി ഉദയംകൊണ്ട്ശക്തിയുള്ളവയുടെ അതിജീവനമെന്ന പ്രകൃതിനിര്‍ദ്ധാരണ (natural selection) നിയമപ്രകാരം അതിജീവനത്തിനായി പൊരുതി നിലനില്‍ക്കുന്നതിനിടെ എന്തു പോസിറ്റീവ് ചോദനയാണ് മനുഷ്യനിലുണ്ടാകുകമനുഷ്യന്റെ പരിണാമവഴിയിലെങ്ങും ഏതെങ്കിലും മൂല്യം കടന്നുവരുന്നത് ശാസ്ത്രം നിരീക്ഷിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. മൂല്യങ്ങളുടെ ഉത്പാദനം ശാസ്ത്രത്തിന്റെ 'അജണ്ട'യില്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. ''ശാസ്ത്രത്തിന്റെ അനിയന്ത്രിതമായ പുരോഗതി മനുഷ്യസമൂഹത്തെയൊട്ടാകെ ഉന്മൂലനത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്'' എന്ന പ്രശസ്തശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രസ്താവന കൈചൂണ്ടുന്നത്ശാസ്ത്രം ഉല്പാദിപ്പിക്കുന്ന മൂല്യശോഷണത്തിലേക്കല്ലേഅതു ശരിയെങ്കില്‍, സ്വാര്‍ത്ഥത മനുഷ്യനു ജന്മസിദ്ധമാണ് എന്നു കരുതുന്ന ശാസ്ത്രവിശ്വാസികള്‍ക്ക്അതു കുറച്ചുകൊണ്ടുവരുവാനുള്ള വഴി എങ്ങനെ കണ്ടെത്തുവാന്‍ കഴിയും?
മനുഷ്യനില്‍ സ്വാര്‍ത്ഥതയെന്നപോലെ പരാര്‍ത്ഥതയും സഹജമായുണ്ട് എന്നതല്ലേ വസ്തുതമൂല്യരഹിതശാസ്ത്രവും മൂല്യരഹിത അനുഷ്ഠാനമതങ്ങളും മൂല്യരഹിതസാമ്പത്തികശാസ്ത്രവും ശക്തിരാഷ്ട്രീയവുമെല്ലാം ചേര്‍ന്നുള്ള അരക്ഷിതസാഹചര്യത്തില്‍ മനുഷ്യനിലെ ഈ പരാര്‍ത്ഥതയ്ക്ക് തലപൊക്കാന്‍ കഴിയുന്നതില്ലെന്നേയുള്ളൂ. മനുഷ്യനില്‍ താന്‍ ആര് എന്നതിനേക്കുറിച്ച് ജ്ഞാനമുണര്‍ത്തിക്കൊണ്ടേ മനുഷ്യരാശി നേരിടുന്ന ഈ മഹാപ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. 'സര്‍വ്വം വ്യാപിച്ചിരിക്കുന്ന ഒരു പ്രജ്ഞാചൈതന്യത്തിന്റെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന പ്രജ്ഞയാണു ഞാന്‍' എന്ന ജ്ഞാനത്തില്‍ മനുഷ്യന്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു. അപ്പോള്‍, 'ഞാന്‍ഭാവ' (ego)ത്തെ മറികടന്ന് വിശ്വമാകെ വ്യാപിക്കുന്ന സ്‌നേഹത്തിന്റെയും മുഴുവന്‍ മാനുഷികമൂല്യങ്ങളുടെയും ഉറവിടമായി മനുഷ്യന്‍ മാറും. അവിടെ നിലനില്പിനായുള്ള പരസ്പരമത്സരത്തിനപ്പുറം, 'ജീവിക്കുകജീവിക്കാനനുവദിക്കുകഎന്ന നയതന്ത്രജ്ഞതയ്ക്കുമപ്പുറംസഹവര്‍ത്തിത്വമനോഭാവത്തോടെ കൊണ്ടും കൊടുത്തും കൂട്ടായി ജീവിക്കാനുള്ള പ്രചോദനം മനുഷ്യന് അവന്റെ ഉള്ളില്‍നിന്നുതന്നെ ലഭിക്കും. പരമാണുവിന്റെ തോടുപൊട്ടുമ്പോഴത്തെ ഊര്‍ജവിസ്‌ഫോടനംപോലെഈ ജ്ഞാനകണസ്പര്‍മേല്‍ക്കുന്ന ഓരോ മനുഷ്യമനസ്സും പോസിറ്റീവ് ഊര്‍ജത്തിന്റെ മഹാപ്രവാഹമായിത്തീരും....
ശാസ്ത്രത്തിന്റെ ലക്ഷ്യം വിജ്ഞാനമാണ്. അതിനുമപ്പുറത്താണു ജ്ഞാനം. ഇവ രണ്ടും മനുഷ്യനാവശ്യമാണ്. എങ്കിലുംവിജ്ഞാനത്തെ ജ്ഞാനത്തിന്റെ സിംഹാസനത്തില്‍ ഇരുത്താന്‍ പാടില്ല. പ്രസിദ്ധ പരമാണുശാസ്ത്രജ്ഞന്‍ ഹൈസന്‍ബര്‍ഗ് പറയുന്നു: ''...ശാസ്ത്രത്തിന് അപ്പുറമുള്ളവയെ ബഹുമാനിക്കുക. അവയെക്കുറിച്ച് എന്തെങ്കിലും പറയുക പ്രയാസമാണ്. എങ്കിലും അവയത്രെ സുപ്രധാനം.''
പുരോഹിതമതങ്ങള്‍ മനുഷ്യന്റെ വിശേഷബുദ്ധിയെത്തന്നെ നിരോധിച്ച് അവനെ അന്ധനും സ്വാര്‍ത്ഥനുമാക്കുന്നു. ശാസ്ത്രമതമാകട്ടെഅവന്റെ ബോധമനസ്സിനെമാത്രം അംഗീകരിച്ച് ആ തലത്തില്‍ തെളിയിക്കാനാവാത്തതിനെയെല്ലാം നിരാകരിക്കുന്നുഎല്ലാം തമ്മിലുള്ള ആന്തരികബന്ധത്തിന്റെ പട്ടുനൂല്‍ ദര്‍ശിക്കാനാകാത്തതിനാല്‍, എല്ലാവരും ഒറ്റപ്പെട്ടവരാണെന്ന നിലപാടിലെത്തുന്നു. തന്മൂലംഅപരനെ ഉള്‍ക്കൊള്ളാനുള്ള ആത്മീയപ്രചോദനം ലഭിക്കുന്നില്ല. സ്വാര്‍ത്ഥതയെയും മാത്സര്യത്തെയും കുറച്ചുകൊണ്ടുവരാനുള്ള ദാര്‍ശനികാടിത്തറ ഇല്ലാതെ പോകുന്നതിനാല്‍, സാമൂഹികമാറ്റത്തിന് വേണ്ടത്ര സംഭാവനനല്‍കാന്‍, അങ്ങേയറ്റം ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നിട്ടുംശാസ്ത്രവിശ്വാസികളായ യുക്തിവാദികള്‍ക്കു കഴിയാതെപോകുന്നു. യഥാര്‍ത്ഥ മതമാകട്ടെഅബോധമനസ്സുള്‍പ്പെടെ മനുഷ്യന്റെ മുഴുവന്‍ പ്രജ്ഞയെയും അംഗീകരിക്കുന്നുഉത്തേജിപ്പിക്കുന്നു. സര്‍ഗ്ഗാത്മകധിഷണാശക്തിയോടെ സത്യദര്‍ശനം സാധ്യമാക്കുന്നു. എല്ലാം ഒന്ന് എന്ന അവബോധത്തിലെത്തിച്ച് മൂല്യോത്പാദനം നടത്തി സ്വാര്‍ത്ഥത അകറ്റുകയും മനുഷ്യനെ പരാര്‍ത്ഥതാഭാവത്തിലെത്തിക്കുകയും ചെയ്യുന്നു....
പുരോഹിതമതങ്ങളുടെയും മൂല്യബോധമില്ലാത്ത ശാസ്ത്രത്തിന്റെയും പിടിയില്‍ മനുഷ്യന്റെ എല്ലാ ജീവിതമേഖലകളും അകപ്പെട്ടു എന്നതാണ് ഇന്നത്തെ ലോകപ്രശ്‌നങ്ങളുടെയെല്ലാം പിന്നിലുള്ള അടിസ്ഥാനപ്രശ്‌നം എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞേ മതിയാവൂ.
mobile - 9497088904

e- mail: geomoole@gmail.com

No comments:

Post a Comment