Translate

Sunday, May 21, 2017

ജസ്റ്റീസ് കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റും ഇടയലേഖനങ്ങളും വാഗ്വാദങ്ങളും
ജോസഫ് പടന്നമാക്കൽ

മുൻ സുപ്രീം കോടതി ജസ്റ്റിസായിരുന്ന അന്തരിച്ച ശ്രീ വി.ആർ കൃഷ്ണയ്യർ, ക്രിസ്ത്യൻ സഭകളുടെ  സഭാസ്വത്തുക്കൾ സംബന്ധിച്ചുള്ള ബില്ലിന്റെ ഒരു നക്കൽ 2009-ലെ കേരളനിയമസഭയുടെ പരിഗണനയിൽ സമർപ്പിച്ചിരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങൾ ബില്ലിനെ നിയമമാക്കാൻ നാളിതുവരെയായി  ശ്രമിച്ചിട്ടുമില്ല. ക്രിസ്ത്യൻ ശക്തികൾക്കെതിരെ എതിരിടാനുള്ള ത്രാണി ഭരിച്ചിരുന്ന കഴിഞ്ഞ സർക്കാരുകൾക്കൊന്നും ഉണ്ടായിരുന്നുമില്ല. ബില്ലിനെപ്പറ്റി പഠിക്കാൻ കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ പദ്ധതിയിട്ടപ്പോൾ മതമേലാധ്യക്ഷന്മാരും പുരോഹിതരും അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാർ ഇതേ സംബന്ധിച്ച ഇടയലേഖനങ്ങളും ഇറക്കിക്കഴിഞ്ഞു. സത്യത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ ലേഖനങ്ങൾ അല്മായരെ ചിന്താക്കുഴപ്പത്തിലാക്കുന്നുമുണ്ട്. ചർച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണങ്ങൾ അല്മായരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ളതുമാണ്.

ചർച്ച് ആക്റ്റ് സഭയുടെ പഠനങ്ങളെയോ, ദൈവശാസ്ത്രപരമായ വിഷയങ്ങളെയോ, വിശ്വാസങ്ങളെയോ ബാധിക്കില്ല. അത്തരം ആദ്ധ്യാത്മികത സംബന്ധിച്ചുള്ള വിഷയങ്ങളിൽ യാതൊരു കാരണവശാലും സർക്കാരിന് ഇടപെടുവാൻ അവകാശമില്ല. ഈ നിയമത്തെ ചുരുക്കമായി അറിയപ്പെടുന്നത് 'ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിട്യൂഷൻ ട്രസ്റ്റ് ആക്ട് 2009' (The Kerala  Christian Church Properties  and Institution Trust Act, 2009) എന്നായിരിക്കും. നിയമങ്ങളുടെ അധികാര പരിധി കേരള സംസ്ഥാനം മാത്രമായിരിക്കും. നിയമം കേരളാ അസംബ്ളി പാസ്സാക്കിയാൽ ആറുമാസത്തിനുള്ളിൽ പ്രാവർത്തികമാക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

ഇന്ത്യയിലുള്ള മതപരമായ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മതങ്ങൾക്ക് ഭരിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നു ഇന്ത്യൻ ഭരണഘടന ഇരുപത്തിയൊമ്പതാം വകുപ്പ് അനുശാസിക്കുന്നു. എന്നാൽ സഭ ഈ നിയമത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കാനും തുടങ്ങി. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ഈ വാചകത്തിന്റെ കൂടെ 'നിയമം അനുസരിച്ചെന്നും' പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വസ്തുതകൾ ഉൾപ്പെടുത്തുമ്പോൾ അത് പുരോഹിതരുടെ മാത്രമായ സ്വകാര്യതയായി മാറ്റിയെടുക്കുകയും ചെയ്യും. നിയമങ്ങളെ ദുരുപയോഗം ചെയ്ത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 1950-ൽ ഇന്ത്യാ റിപ്പബ്ലിക്കായതോടു കൂടി ഈ നിയമം പ്രാവർത്തികമായി. 

ഇൻഡ്യ റിപ്പബ്ലിക്കായിട്ടു ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാളിതുവരെ എല്ലാ മതക്കാർക്കും ഒരുപോലെയുള്ള നീതിപൂർവമായ ഒരു നിയമം നടപ്പാക്കിയിട്ടില്ല. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് ക്രിസ്ത്യൻ പള്ളികളുടെ ഭരണം ഇടവക ജനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. സഭയുടെ സാമ്പത്തിക സ്രോതസുകളുടെ കണക്കുകൾ ഒരിക്കലും സർക്കാരുകളെ അറിയിച്ചിരുന്നില്ല. പള്ളിയോ മറ്റു സ്ഥാപനങ്ങളോ മറ്റു മതസ്ഥരെപ്പോലെ രജിസ്റ്റർ ചെയ്തിട്ടുമില്ലായിരുന്നു. അതുകൊണ്ടാണ് പള്ളിഭരണത്തെ തീർത്തും ജനാധിപത്യമാക്കി അല്മായനെ പള്ളിയുമായുള്ള സുപ്രധാന തീരുമാനങ്ങളിൽ പങ്കു കൊള്ളിപ്പിക്കണമെന്ന് ചർച്ച് ആക്റ്റ് അനുശാസിക്കുന്നത്. പൂർണ്ണമായും ബൈബിളിന്റെ തത്ത്വ ചിന്തകൾ മാനിച്ചുകൊണ്ട് തന്നെയാണ് ചർച്ച് ആക്റ്റ് തയ്യാറാക്കിയിരിക്കുന്നതും. ചർച്ച് ആക്ടിൽ, ഇടവക മുതൽ കേരളമൊന്നാകെയുള്ള പള്ളികളുടെ സ്വത്തുക്കളും വരുമാനങ്ങളും  സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവത്തിൽ, സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി അല്മായരെ പള്ളിയുടെ ഭരണകാര്യങ്ങളിൽ  പങ്കു കൊള്ളിപ്പിക്കണമെന്നുള്ള ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. ബിഷപ്പുമാർ ഇടയലേഖനങ്ങളിൽക്കൂടി ചർച്ച് ആക്റ്റിലെ ഉള്ളടക്കങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതും കാണാം. അതുമൂലം ഭൂരിഭാഗം അല്മായരും ആശയക്കുഴപ്പത്തിലുമാണ്.  സഭയുടെ ആദ്ധ്യാത്മികമായ കാര്യനിർവഹണങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിനും ധനകാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വസ്തു വകകൾ അല്മായരുടെ താൽപര്യങ്ങളിൽ  സംരക്ഷിക്കുന്നതിനും ചർച്ച് ആക്റ്റ് നിലകൊള്ളുന്നു. വിവിധ തലങ്ങളിലുള്ള ഭരണ നിർവാഹങ്ങൾക്കുള്ള തെരഞ്ഞെടുപ്പുകൾ തികച്ചും ജനാധിപത്യപരമായി നടത്തപ്പെടും. ഇടവകകളിലും രൂപതകളിലും സ്റ്റേറ്റ് ലെവലിലും  ഏകീകൃത നിയമമുണ്ടാക്കുകയെന്നതും ചർച്ച് ആക്റ്റിന്റെ ലക്ഷ്യമാണ്.


വി.ആർ. കൃഷ്ണയ്യർ തയ്യാറാക്കിയ കേരള ചർച്ച് പ്രോപ്പർട്ടി ആക്റ്റിനെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച് തൃശൂർ ബിഷപ്പ് ആൻഡ്രുതാഴത്ത് ഒരു ഇടയലേഖനം ഇറക്കിയിരുന്നു. കേൾവിക്കാർക്ക് ആശയക്കുഴപ്പം തോന്നത്തക്ക വിധത്തിൽ ചർച്ച് ആക്റ്റിനെ ഇടയലേഖനം വഴി സമർത്ഥമായ രീതിയിൽ ബിഷപ്പ് വ്യാഖ്യാനിച്ചിട്ടുണ്ട്. ചർച്ച് ആക്റ്റ് മൂലം പ്രഥമ ദൃഷ്ട്യാ ചിന്തിക്കുന്നവർക്ക് പള്ളിവക സ്വത്തുക്കൾ പൂർണ്ണമായും സർക്കാരും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യുന്നുവെന്ന് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നവർക്കു തോന്നിപ്പോവും. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലേഖനം മതപരമായ വൈകാരികത സൃഷ്ടിക്കുന്നതാണ്.

ചർച്ചാക്റ്റിനെതിരായി കത്തോലിക്കാ സമുദായം ഒറ്റകെട്ടായി എതിർക്കാനാണ് ബിഷപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. സഭയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പുരോഗമനപരമായ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്ന കാലങ്ങളിലെല്ലാം ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പുരോഹിതർ സഭാമക്കളെ സർക്കാരിനെതിരെ ലഹളകളുണ്ടാക്കാനായി പ്രേരിപ്പിച്ചിട്ടുള്ളതായും കാണാം. ഇത് തുടങ്ങിയത് സർ സിപിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കരണ കാലം മുതലാണ്. പിന്നീട് പനമ്പള്ളിയുടെ വിദ്യാഭ്യാസ പദ്ധതികളെയും വിമോചന സമരത്തിലെ മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെയും തൂത്തെറിഞ്ഞു കൊണ്ട് പുരോഹിതർ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു. വിശ്വാസികളിൽ മതാന്ധത നിറഞ്ഞിരിക്കുന്ന കാലത്തോളം ഒരു ശക്തിയ്ക്കും സഭയെ തോൽപ്പിക്കാൻ സാധിക്കില്ല. ചർച്ച് ആക്റ്റ് ബില്ലിനെതിരെയും പുരോഹിതർ ഇടവകകൾ മുതൽ രൂപതകൾ, അതിരൂപതകൾ വരെ കുപ്രചരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 


ചർച്ച് ആക്റ്റിനെതിരെ 'ന്യുന പക്ഷാവകാശ ഹനിക്കൽ', 'രാഷ്ട്രീയവൽക്കരണം' മുതലായ വ്യാജ ജല്പിതങ്ങളും ഇടയലേഖനങ്ങളിലുണ്ട്. "ക്രൈസ്‌തവരെ തകർക്കാൻ പോകുന്നുവെന്നും, ബില്ലു ഭരണഘടനയ്ക്ക് എതിരാണെന്നും ക്രൈസ്തവ അവകാശത്തിനു മേൽ സർക്കാർ തുരങ്കം വെയ്ക്കുന്നുവെന്നും സഭാ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നുവെന്നും സ്വത്തുക്കൾ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലാക്കുന്നുവെന്നും ഭരണഘടന വാഗ്ദാനം ചെയ്ത ഇരുപത്തിയാറാം വകുപ്പ് പ്രകാരം ചർച്ച് ആക്റ്റ് ന്യുനപക്ഷങ്ങൾക്ക് എതിരാണെന്നും ന്യൂന പക്ഷങ്ങൾക്ക് തങ്ങളുടെ മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും" പ്രഖ്യാപിച്ചുകൊണ്ടുള്ള  ജനരോക്ഷമുയർത്തുന്ന പ്രസ്താവനകളാണ് ഇടയലേഖനം വഴി പുരോഹിതരും ബിഷപ്പുമാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.


'വൈദികരും മെത്രാന്മാരും ആത്മീയ ശുശ്രുഷ മാത്രം നടത്തിയാൽ മതിയെന്നും അവർക്കു സഭായോഗത്തിൽ ആദ്ധ്യക്ഷത വഹിക്കാൻ മാത്രമേ അവകാശമുള്ളൂവെന്നും' ചർച്ച് ആക്റ്റ് നിർദേശിക്കുന്നതായി ഇടയലേഖനം ആവലാതിപ്പെടുന്നു. അത്തരം ഒരു നിയമത്തിൽ നീതിയും സത്യവുമുണ്ടെന്നുള്ള വസ്തുത യുക്തിപൂർവം ചിന്തിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.  ഭൗതിക കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാർ നിർദ്ദേശിക്കുന്ന കമ്മീഷനെന്നും ബിഷപ്പിന്റെ ലേഖനം സൂചിപ്പിക്കുന്നു. 'സർക്കാരിന്റ അധികാര പരിധിയിൽ സെമിനാരികൾ, ഹോസ്പിറ്റലുകൾ, സ്‌ക്കൂൾ, കോളേജ്, അനാഥാലയങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, മഠങ്ങൾ പ്രവർത്തിക്കണമെന്നും അവയുടെ സമ്പത്തു സർക്കാരിന്റെ അധീനതയിലായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥയെന്നും' ബിഷപ്പ് പറഞ്ഞു. 'ഇടതു ചായ്‌വുള്ളവർ ക്രൈസ്തവർക്കെതിരെ തിരിയുന്നുവെന്ന' പ്രചരണങ്ങളും ആരംഭിച്ചിരിക്കുന്നു. 'ക്രൈസ്തവരെ തകർക്കുന്ന ഈ ബില്ലിനെ എന്ത് വില കൊടുത്തും ഇല്ലാതാക്കണമെന്നും വിശ്വാസികൾ ജാഗരൂകരായിരിക്കണമെന്നും' ലേഖനത്തിലുണ്ട്. 

ബിഷപ്പ് ആൻഡ്രുസ് താഴത്തിന്റെയും മറ്റു ബിഷപ്പുമാരുടെയും അഭിപ്രായപ്രകടനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ 'ചർച്ച് ആക്റ്റ്' ഭരണഘടനയിൽ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ലെന്നുള്ളത് ബില്ലിനെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാകും. സഭയിലെ ഒരു മേലാധികാരിയും നിയമത്തിനുമേലെയല്ലെന്നു ചർച്ച് ആക്റ്റ് വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ സഭാ സ്വത്തുക്കൾ നിയമപരമായി ഭരിക്കപ്പെടണമെന്ന വകുപ്പ് ഉൾപ്പെടുത്തിയപ്പോൾ ആരും അന്ന് എതിർത്തില്ല. സഭകളുടെ സ്വത്തുക്കൾ ഭരിക്കുന്നതിനു ഭരണ ഘടന കല്പിച്ചിരിക്കുന്ന നിയമം വേണമെന്നുള്ള ആവർത്തനം മാത്രമേ കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റിലുള്ളൂ. 

ഒരു ക്രിസ്ത്യാനിയെന്നാൽ 'യേശുവിൽ വിശ്വസിക്കുന്നവരും യേശുവിനെ രക്ഷകനായി സ്വീകരിച്ചവരെന്നും' ചർച്ച് ആക്റ്റിൽ നിർവചനം നൽകിയിരിക്കുന്നു. യേശുവിൽ വിശ്വസിച്ചുകൊണ്ട് യേശുവിനെ ആരാധിക്കുന്ന സമൂഹത്തെ സഭയെന്നു വ്യക്തമാക്കുന്നു. യേശുവിൽ വിശ്വസിക്കുന്ന സമൂഹങ്ങൾ വിവിധ സഭകളിൽ ഉൾപ്പെട്ടവരാകാം. ഓരോ സമൂഹങ്ങൾക്കും പ്രത്യേകമായ ആരാധനാലയങ്ങളും കെട്ടിടങ്ങളും കാണും. ആദ്ധ്യാത്മിക കാര്യങ്ങളിൽ അതാത് സഭകളുടെ നിയമങ്ങളും വ്യത്യസ്തമായി കാണാം.

പ്രാദേശിക തലങ്ങളിൽ ഒരു 'ഇടവകയെ' സഭയുടെ കീഴിലുള്ള അടിസ്ഥാനഘടകമായി കരുതുന്നു. എല്ലാ ഉപവിഭാഗങ്ങളും അടങ്ങിയ ക്രിസ്ത്യൻ മതം ഒന്നായി കരുതുന്നുണ്ടെങ്കിലും ഓരോ മത ശാഖകളും വെവ്വേറെയുള്ള ഭരണ സംവിധാനങ്ങളുടെ കീഴിലായിരിക്കും. ഓരോ സഭകൾക്കും വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക നേതാക്കളുമുണ്ട്.  ക്രിസ്ത്യൻ സഭകളെന്നാൽ! കത്തോലിക്ക, യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ, എന്നിങ്ങനെ മത വിഭാഗങ്ങളുൾപ്പെട്ടതാകാം. പള്ളിവക സ്ഥാവര സ്വത്തുക്കളായി കരുതുന്നത് പള്ളിക്കെട്ടിടങ്ങൾ, ചാപ്പലുകൾ,  പള്ളിയാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങൾ, മുതലായവകൾ ഉൾപ്പെടും. ചാപ്പലുകളും, പള്ളിയോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ശവക്കോട്ടകളും നിയമ പരിധിയിലുണ്ടായിരിക്കും. പള്ളിക്കു വേണ്ടി മറ്റു സ്ഥലങ്ങളിലും വസ്തു വകകൾ ഉണ്ടെങ്കിൽ നിയമം ബാധകമാണ്.

വസ്തു വകകളോ, കെട്ടിടങ്ങളോ ദാനം കിട്ടിയാലും പള്ളിക്കുവേണ്ടി വസ്തു വിറ്റാലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയാലും, പരിഷ്‌ക്കരിച്ചാലും നിയമത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ    അനുവദിക്കുള്ളു. സെമിനാരികൾ, ഹോസ്പിറ്റൽ, സ്‌കൂൾ, കോളേജുകൾ, അനാഥാലയങ്ങൾ, പുരോഹിത ഭവനങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, വ്യാവസായിക കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, എസ്റ്റേറ്റുകൾ, ട്രെയിനിങ് കേന്ദ്രങ്ങൾ, മീഡിയ, പ്രസിദ്ധീകരണ ശാലകൾ, പുനരധിവാസ സ്ഥലങ്ങൾ, എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ പുരോഹിതരുടെ മേൽക്കോയ്മയിൽ നിന്നും വിടുവിക്കും. സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തികച്ചും ജനാധിപത്യ രീതിയിൽ അല്മായൻറെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

നിയമ വ്യവസ്ഥിതികളുടെ നടത്തിപ്പിനായി കാനോൻ നിയമങ്ങളോ മറ്റു സാമൂഹിക നിയമങ്ങളോ, ഭക്തി മാർഗങ്ങളിൽ പിന്തുടരുന്ന നിയമങ്ങളോ പ്രാധാന്യം അർഹിക്കുന്നില്ല. 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഓരോ പള്ളിയും രജിസ്റ്റർ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളിൽ പ്രത്യേകമായ നിയമങ്ങളും ഓരോ ഇടവകയ്ക്കും രൂപതകൾക്കും എഴുതിയുണ്ടാക്കിയിരിക്കണം. ഇടവക ജനങ്ങൾ ഒത്തുചേർന്നുകൊണ്ടു നിയമങ്ങൾ സൃഷ്ടിക്കണം.  ഓരോ ദിവസത്തെയും ഭരണ കാര്യങ്ങൾ നിർവഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയായിരിക്കണം.

അക്രൈസ്തവർ, നിരീശ്വര വാദികൾ, കുറ്റവാളികൾ, എന്നിവർക്ക് പള്ളിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റികളിൽ മത്സരിക്കാൻ സാധിക്കില്ല. ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ള ഉത്തരവാദിത്വപ്പെട്ട സംഘടനയിൽ പ്രവർത്തിക്കാനോ സ്ഥാനമാനങ്ങൾ വഹിക്കാനോ പാടില്ല. അതുപോലെ മാനസിക അസുഖമുള്ളവർക്കും ജന്മനാ ബുദ്ധി മാന്ദ്യം സംഭവിച്ചവർക്കും സഭയുടെ സ്ഥാനമാനങ്ങൾ പാടില്ല. മദ്യം ഉപയോഗിക്കുന്നവരെയും മയക്കു മരുന്നിനടിമപ്പെട്ടവരെയും പള്ളി കമ്മറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസന്മാർഗിക ജീവിതം നയിക്കുന്നവരെയും തെരഞ്ഞെടുക്കാൻ പാടില്ല. 

ഇടവകയിലുള്ള പതിനെട്ടു വയസു കഴിഞ്ഞ സ്ത്രീ പുരുഷഭേദമെന്യേ ആർക്കും ട്രസ്റ്റി അസംബ്ലിയിൽ വോട്ടവകാശം ഉണ്ടായിരിക്കും. ഓരോ ഇടവകയിലും ഒത്തുചേരുന്ന പൊതു സമ്മേളനത്തിൽ, മാനേജിങ് കമ്മറ്റിയേയും, ട്രസ്റ്റിയെയും മൂന്നു ഓഡിറ്റേഴ്സിനെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലേയും അംഗ സംഖ്യയനുസരിച്ച് ഓരോ മുന്നൂറു അംഗങ്ങൾക്കും ഒരു അംഗത്തെ സ്റ്റേറ്റ് എക്സിക്യൂട്ടീവിലേയ്ക്ക് തിരഞ്ഞെടുക്കാം.


സഭയുടെ സ്വത്തുക്കളും വസ്തു വകകളും നിയന്ത്രിക്കാനുള്ള അധികാരം നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനായിരിക്കും. സഭയുടെ വരുമാനം ശേഖരിക്കേണ്ട അവകാശവും ട്രസ്റ്റിനുമാത്രമായിരിക്കും. ഡൊണേഷനും പള്ളിയിൽ നിന്നുള്ള പിരിവുകളും കടമായി കിട്ടുന്നതും, വസ്തുക്കൾ ക്രയവിക്രയത്തിൽക്കൂടി നേടുന്നതും വിൽക്കുന്നതും ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലായിരിക്കും. പള്ളിയിലേക്ക് വരുന്ന വരുമാനം ശേഖരിക്കുമ്പോഴുള്ള ചെലവുകളുടെ കണക്കുകൾ ബോധ്യപ്പെടുത്താനും ട്രസ്റ്റിന് ബാധ്യതയുണ്ട്. ട്രസ്റ്റ് കമ്മറ്റി സഭാവക എല്ലാ അക്കൗണ്ട് ബുക്കുകളും സൂക്ഷിക്കണം. ഓരോ വർഷവും വാർഷിക സ്റ്റേറ്റുമെന്റും ബാലൻഷീറ്റും തയ്യാറാക്കണം. അക്കൗണ്ട്സ് അതാത് സമയങ്ങളിൽ ഇന്റെർണൽ ഓഡിറ്റേഴ്‌സ് (Internal auditors) ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കണം. കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് വർഷാവസാനത്തിൽ സമ്മേളിക്കുന്ന പൊതു സമ്മേളനമായിരിക്കും. ഓഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ അത് ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച്‌ പരിഹാരം കണ്ടെത്തണം.  


ചർച്ച് ആക്റ്റിന്റെ ഭരണഘടനയനുസരിച്ച് 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനെ' രൂപത, റവന്യു ഡിസ്ട്രിക്റ്റ്, സെൻട്രൽ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഈ മൂന്നു തലങ്ങളുടെ പ്രവർത്തനങ്ങൾക്കായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ഈ കമ്മറ്റിയായിരിക്കും രൂപതകളുടെ സ്വത്തു വകകൾ മാനേജ് ചെയ്യേണ്ടത്. അതിനോടനുബന്ധിച്ചുള്ള വരവു ചെലവ് കണക്കുകളും കൃത്യമായി സൂക്ഷിക്കുകയും വേണം. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് രൂപതകളിലും  രൂപതകളുടെ ആസ്ഥാനങ്ങളിലും വാർഷിക സ്റ്റേറ്റുമെന്റും തയ്യാറാക്കണം. സഭയിലെ അക്കൗണ്ടുകൾ 'ഇന്റർനൽ ഓഡിറ്റ്' കൂടാതെ സർക്കാരിന്റെ നിയന്ത്രണമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുകളും ഓഡിറ്റ് ചെയ്യണം. സ്റ്റേറ്റ് ലെവൽ 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിൽ' മേജർ ആർച്ചു ബിഷപ്പ്, ആർച്ച് ബിഷപ്പ്, ബിഷപ്പ്‌ കൂടാതെ അവരോടൊപ്പം ഓരോ രൂപതയിൽ നിന്നും പത്തുപേരെ തെരഞ്ഞെടുക്കണം. 'സ്റ്റേറ്റ് ട്രസ്റ്റ് കമ്മിറ്റി' കുറഞ്ഞ പക്ഷം 101 അംഗങ്ങൾ നിറഞ്ഞതായതായിരിക്കും. സംസ്ഥാനത്തിന്റെ മുഴുവൻ പള്ളി വക സ്വത്തുക്കളും വരുമാനവും നിയന്ത്രിക്കുന്നത് സ്റ്റേറ്റ് കമ്മറ്റിയായിരിക്കും. 


സഭാവക സ്വത്തുക്കളിൽ നിയമപരമായി തന്നെ ഓരോ അല്മായനും തുല്യാവകാശമാണുള്ളത്. ഈ സ്വത്തുക്കളെല്ലാം പൊതുജങ്ങളിൽ നിന്നും തലമുറകളായി സമാഹരിച്ചതാണ്. പുരോഹിതരുടെ കുടുംബങ്ങളിൽനിന്നും കൊണ്ടുവന്നതല്ല. പൊതു ജനങ്ങളുടെ സ്വത്തായിരിക്കുമ്പോൾ തീർച്ചയായും സർക്കാരിന് നിയന്ത്രണമുണ്ടായിരിക്കണം. പൊതു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർ കണക്ക് ബോധിപ്പിക്കാനും തയ്യാറാകണം. അങ്ങനെയുള്ള സ്വത്തുക്കൾ അത് നല്കിയവർക്കും നിയമാനുസൃതമായി സർക്കാരിനും ചോദ്യം ചെയ്യാവുന്നതായിരിക്കണം. ദൗർഭാഗ്യവശാൽ അല്മായർ സ്വരൂപിച്ച സ്വത്തുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. 

ക്രിസ്ത്യാനികളൊഴികെ ഇന്ത്യയിലെ എല്ലാ മതസ്ഥരുടെയും സ്വത്തു കാര്യങ്ങൾ വീക്ഷിക്കാൻ സർക്കാർ നിയന്ത്രണങ്ങളുണ്ട്. സമുദായ സ്വത്തുക്കളിൽ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിമുകളുടെ വക്കഫ് ബോർഡും ഹിന്ദുക്കളുടെ ദേവസ്വ ബോർഡും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിലാണ് ഈ സംഘടനകൾക്ക് അടിസ്ഥാനമിട്ടിരിക്കുന്നതും. എന്നാൽ ക്രിസ്ത്യാനികളുടെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് മെത്രാന്മാരാണ്. അവരെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നതുമല്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കാത്ത മെത്രാന്മാർക്ക് പൊതുസ്വത്തായ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി യാതൊരു അവകാശവുമില്ല.   


അഭയാക്കേസ്, ബെനഡിക്റ്റ് കേസ്, മാനന്തവാടി റോബിന്റെ ലൈംഗിക പീഡനക്കേസ് മുതൽ  കോടിക്കണക്കിനു രൂപയാണ് പുരോഹിത ലോകം പൊതുഖജനാവായ സഭാ സ്വത്തുക്കളിൽനിന്നും ചെലവഴിച്ചത്. വിദേശ യാത്രകളും ആഡംബര ജീവിതവും മണിമന്ദിരങ്ങൾ പണിതും ആർഭാടമായി ജീവിക്കുന്ന മെത്രാന്മാരുടെ ജീവിതചര്യകളെ ഒരു സർക്കാരും നാളിതുവരെ ചോദ്യം ചെയ്തിട്ടില്ല. അല്മെനികളുടെ വിയർപ്പിന്റെ ഫലം പറ്റുന്ന പുരോഹിത ലോകത്തെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കില്ല. സഭയിലെ സാമ്പത്തിക കാര്യങ്ങൾ അല്മേനികളുടെ ചുമതലകളിലായിരിക്കണമെന്ന ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. 


ഒരു വികാരി ഒരു ഇടവകയിൽ വന്നാൽ ആദ്യം ചെയ്യുന്നത് എത്ര മനോഹരമായ പള്ളിയാണെങ്കിലും അത് പൊളിച്ചു പണിയാനാരംഭിക്കും. മറ്റൊരു വികാരി വരുമ്പോൾ പുരോഹിതർ താമസിക്കുന്ന കെട്ടിടം പൊളിച്ചു ആർഭാടമാക്കാൻ നോക്കും. പിന്നെ സ്‌കൂളുകൾ, അനാഥാലയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിങ്ങനെ സർവ്വതും പുരോഹിത നേതൃത്വത്തിൽ തന്നെ. നല്ല പുരോഹിതരുമുണ്ട്. എന്നാൽ പണം കൈകാര്യം ചെയ്യുന്ന പഠിച്ച കള്ളന്മാർ നിഷ്കളങ്കരായ പുരോഹിതരുടെ വായ് അടപ്പിക്കുകയും ചെയ്യും. പള്ളിക്കെട്ടിടങ്ങൾ പണിയുമ്പോൾ വെട്ടുമേനിയെന്ന വലിയൊരു തുക വികാരി കൈക്കലാക്കുകയും ചെയ്യും. പള്ളിയുടെ പഴയ ഉരുപ്പടികൾ മേടിക്കാനും വികാരിയുടെ ശിങ്കിടികൾ ചുറ്റും തന്നെ കാണും. നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ ആരെയും ഇവർക്ക് കണക്കു ബോധിപ്പിക്കേണ്ടതുമില്ല. 


ഒരു മെത്രാന്റെ അധീനതയിലുള്ള പള്ളിയുടെ വരുമാനമോ, ചെലവുകളോ സംബന്ധിച്ച കണക്കുകൾ അല്മായരെ കേൾപ്പിക്കേണ്ട ആവശ്യമില്ല. അതേ സമയം ഇന്ത്യൻ പൗരാവകാശമനുസരിച്ച് അല്മായനു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മാത്രമേ ചർച്ച് ആക്റ്റുകൊണ്ടു നിർദ്ദേശിക്കുന്നുള്ളൂ. വമ്പിച്ച സഭാസ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ ആർഭാട ജീവിതത്തിനും വിദേശ യാത്രകൾക്കും നാളിതുവരെ ഒരു കണക്കുമില്ല. പണത്തിന്റെ വരവു ചെലവുകളും സ്വത്തു വിവരങ്ങളും കണക്കിൽപ്പെടുത്തണമെന്ന ആവശ്യകതയാണ് ചർച്ച് ആക്റ്റിലുള്ളത്. പൊതുപണം കൈകാര്യം ചെയ്യാൻ തീരുമാനിക്കേണ്ടത് ആ പണം നൽകിയ ജനങ്ങളാണ്. റോമിൽ നിന്ന് നിയമിച്ച മെത്രാന്മാർക്കും പുരോഹിതർക്കും അല്മായരുടെ ധനം കൈകാര്യം ചെയ്യാൻ ധാർമ്മികമായി യാതൊരു അവകാശവും നൽകാൻ പാടില്ലാത്തതാണ്. 


അമേരിക്കൻ ഭരണഘടന ശില്പിയായ ജെഫേഴ്സൺ പറഞ്ഞിരിക്കുന്നത് 'എവിടെ നിയമം അരാജകത്തിലാകുമോ അവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നുവെന്നാണ്.' സഭയുടെ സ്വത്തുക്കൾ സ്വന്തം സ്വാധീനത്തിൽ കൈയടക്കിക്കൊണ്ടു പൗരാഹിത്യ ലോകം തോന്നുന്ന പോലെ സ്വത്തുക്കൾ ദുർവിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇന്ത്യൻ ഭരണഘടനയെക്കാളും പുരോഹിത ലോകത്തിനു പ്രാധാന്യം റോമിലെ കാനോൻ നിയമങ്ങളാണ്. ഇന്ത്യയുടെ വായു ശ്വസിച്ചും വെള്ളം കുടിച്ചും ജീവിക്കുന്ന പുരോഹിത ലോകം കാനോൻ നിയമം പൊക്കിപിടിക്കുന്നു. ഇത് തികച്ചും രാജ്യദ്രോഹപരമായ ചിന്താഗതിയാണ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന നിയമങ്ങളായ 'ചർച്ച് ആക്റ്റ്' നടപ്പാക്കാതെയിരിക്കാൻ തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാരെപ്പോലുള്ളവർ അണികളെ സമരത്തിനായി രംഗത്തിറക്കാൻ പടയൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അനധികൃതമായി മെത്രാന്മാർ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോവുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. 


EMalayalee:

Malayalam Daily News :


No comments:

Post a Comment