Translate

Tuesday, May 9, 2017

കത്തോലിക്കാ പള്ളി റോഡ് ടൈല്‍ വിരിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ???

പി.സി റോക്കി മൊ. 9961217493

എറണാകുളം ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷന്‍ വനിതാ മെമ്പര്‍ തനിക്ക് അനുവദിക്കപ്പെട്ട കടിഞ്ഞൂല്‍ ഫണ്ട് കൂവപ്പടി പഞ്ചായത്ത് ചേരാനല്ലൂര്‍ പള്ളി റോഡ് ടൈല്‍ വിരിക്കാന്‍ അനുവദിച്ച് മാതൃക കാട്ടിയിരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് കൂവപ്പടി പഞ്ചായത്തിലാകെ ചര്‍ച്ചാവിഷയമായിരിക്കയാണ്. ഏക്കറുകണക്കിന് ഭൂസ്വത്തും ആഴ്ചതോറും വന്‍ വരുമാനമുള്ള പാരീഷ്‌ഹോളും ഏഴ് ഭണ്ഡാരപള്ളികളുടെ വരുമാനവും യു.പി സ്‌ക്കൂളും മറ്റുമുള്ള പള്ളിയുടെ പ്രവേശനകവാടം മുതല്‍ അഞ്ഞൂറു മീറ്റര്‍ ദൂരം വരെയാണ്  ടൈല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നത്. ഒരു തകരാറുമില്ലാതിരുന്ന ടാര്‍ റോഡ് പൊളിച്ചടുക്കിയാണ് ടൈല്‍ വിരിച്ചിരിക്കുന്നത്. ഈ റോഡ് ടൈല്‍ വിരിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നോ ഇല്ലയോ എന്ന വിവരത്തിന് ജില്ലാ പഞ്ചായത്തില്‍ വിവരാവകാശ നിയമ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല.
ഈ മെമ്പര്‍ക്ക് ഫണ്ട് അനുവദിപ്പിച്ചതിന് അഭിനന്ദനം നേര്‍ന്നുകൊണ്ട് പള്ളിയങ്ങാടിയില്‍ ഫോട്ടോ സഹിതം പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളെക്‌സ് രണ്ടു ദിവസത്തിനകം പ്രതിഷേധം അറിയിക്കാനെന്നവണ്ണം ആരോ മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ജില്ലാ പഞ്ചായത്തിന്റെ തന്നെ പരിധിയിലുള്ള മുസ്ലീം, ഹിന്ദു എന്നിങ്ങനെ പല വിഭാഗത്തിലുമുള്ള ആരാധനാലയങ്ങള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് അവര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് അറിയുന്നു. രണ്ടാമതും ഫ്‌ളെക്‌സ് സ്ഥാപിച്ചപ്പോള്‍ അതും ഉടന്‍ അപ്രത്യക്ഷമായി.

ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളും കുളങ്ങളും തോടുകളും മണ്ണ് ഇടിഞ്ഞുവീണും മാലിന്യം നിറഞ്ഞും തകര്‍ന്നടിഞ്ഞ് വെള്ളമൊഴുകാതെ കൃഷിക്കുപയുക്തമാകാതേയും വെള്ളം കെട്ടി നശിക്കുമ്പോഴുമാണ് മതപ്രീണനത്തിനും വോട്ടുബാങ്ക് ലക്ഷ്യമാക്കിയും ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപം അയല്‍പ്രദേശങ്ങളില്‍ വരെ ഉയരുന്നുണ്ട്. നാടിന്റെ വികസനത്തിന് ഉതകുന്ന കുടിവെള്ള സ്രോതസ്സുകള്‍ കെട്ടി സംരക്ഷിക്കുവാനോ താറുമാറായി കിടക്കുന്ന മറ്റു റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനോ ടൂറിസം വികസനത്തിനോ ഫണ്ട് അനുവദിക്കാതെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി മതപ്രീണനത്തിന് ഫണ്ട് അനുവദിക്കുന്നത് ശരിയാണോ എന്നും ജില്ലാ പഞ്ചായത്തധികാരികളും മെമ്പര്‍മാരും ചിന്തിച്ചാല്‍ നാട് എന്നേ പുരോഗതി നേടിയേനേ എന്ന് ജനം ആരോപിക്കുന്നു. 

No comments:

Post a Comment