Translate

Sunday, May 28, 2017

ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് ....

Bishop Sunny Abraham Panachamootil
15 hrs
സ്‌കാര ചടങ്ങകളും സംസ്‌കാര സ്ഥലവും സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ പത്രദ്വാരയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് പൊതുജനങ്ങളെ വിശദമായി അറിയിക്കേണ്ടത് ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ വസ്തുതകള്‍ എഴുതി അറിയിക്കട്ടെ.
മരണാനന്തര കര്‍മ്മങ്ങള്‍, ശുശ്രൂഷകള്‍, പ്രാര്‍ത്ഥനകള്‍ എന്നൊന്ന് മാര്‍തോമാ സഭയില്‍ ഇല്ല, മരിച്ചയാളിന്റെ വീട്ടുകാര്‍, ബന്ധുമിത്രാദികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ ആശ്വാസത്തിനും പ്രത്യാശയ്ക്കുമായാണ് ഭവനത്തിലും പള്ളിയിലും, കല്ലറയ്ക്കു സമീപവുമായി ശുശ്രൂഷകള്‍ നടത്തുന്നത്. കൂടാതെ സംസ്‌ക്കാര ചടങ്ങുകളില്‍ സംബന്ധിക്കുന്ന നാനാജാതി മതസ്ഥരായവരോടു ക്രിസ്തുവിലുള്ള വിശ്വാസപ്രത്യാശയെക്കുറിച്ച് സാക്ഷിക്കുന്നതിനും ഘോഷിക്കുന്നതിനുമുള്ള അവസരമായാണ് ശവസംസ്‌കാര ശുശ്രൂഷയെ സഭ കാണുന്നത്. മാര്‍തോമായുടെ വിശ്വാസാചാര ക്രമീകരണങ്ങള്‍ ഇതായിരിക്കെ ശുശ്രൂഷകള്‍ നടത്തിയാലും ഇല്ലെങ്കിലും മൃതദേഹം അതിന്റെ ഉടമസ്ഥരായ വീട്ടുകാരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌ക്കരിക്കുന്നതിന് വിട്ടുകൊടുക്കുന്നത് ന്യായമായ കാര്യമാണ്. പ്രത്യേകിച്ച് ക്രിമറ്റോറിയത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്നതിനോ, മൃതശരീരം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കുന്നതിനോ സഭാംഗങ്ങളെ അനുവദിക്കുന്ന സാഹചര്യത്തില്‍. ഈ അവകാശത്തെ ചുമതലക്കാര്‍ എനിക്കു നിഷേധിച്ചു എന്നതാണ് ദുഃഖകരം.
(1) മാര്‍തോമാ സഭാംഗം എന്ന നിലയില്‍ ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് അവള്‍ക്ക് അവകാശപ്പെട്ട ശവമടക്കു നടത്തുന്നതിന് ഒരു കല്ലറയോ, സെല്ലാറോ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം 108-ാം നമ്പര്‍ സെല്ലാര്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് സ്വന്തം കല്ലറയിലേക്ക് നീക്കം ചെയ്യാന്‍ അനുവദിക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. തിരുവല്ലാ വി.ജി.എം ഹാള്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യത്തിനായി മേയ് 17-ലേക്കു ബുക്കു ചെയ്യുകയും ചെയ്തു.
(2) ഞായറാഴ്ചത്തെ പത്രത്തില്‍ മുകളില്‍പ്പറഞ്ഞ ക്രമീകരണങ്ങള്‍ പരസ്യം കണ്ടപ്പോള്‍ ചിലര്‍ക്കൊക്കെ സുഖിച്ചില്ല. വി.ജി.എം ഹാള്‍ വി.ഐ.പി.കള്‍ക്കു മാത്രമേ ളൗിലൃമഹ ആവശ്യങ്ങള്‍ക്ക് കൊടുക്കുകയുള്ളൂ എന്ന ഒരു പുതിയ കല്പനയും പുറത്തുവന്നു.
'കുടുംബക്കല്ലറ' എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന വ്യക്തികളുടെ ഒറ്റക്കല്ലറ, എന്റെ പിതാവിനെയും മാതാവിനെയും സഹോദരനെയും സംസ്‌ക്കരിച്ചത് ഉള്ളതിനാല്‍, സെല്ലാര്‍ അനുവദിക്കാന്‍ പാടില്ല എന്ന് ഇടവകസംഘം പാസ്സാക്കിയിട്ടുണ്ട് എന്ന് വികാരിയെ ഇടവക ചുമതലക്കാര്‍ പഴയ മിനിറ്റ്‌സ് കാട്ടി ഭയപ്പെടുത്തി. ഇടവക വക സെമിത്തേരിയില്‍ ഇടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.
(3) തിങ്കളാഴ്ച ഉച്ചയായപ്പോഴേയ്ക്കും വി.ജി.എം ഹാളും ലഭിക്കില്ല, സെല്ലാറും ലഭിക്കില്ല എന്ന് ഉറപ്പായി. ഒറ്റക്കല്ലറ തുറന്ന് അതില്‍ സംസ്‌കരിക്കാം, എന്നാല്‍ പിന്നീട് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാന്‍ പാടില്ല എന്നും നിര്‍ദ്ദേശം വന്നു. വി.ജി.എം ഹാളിനു പകരം മഞ്ഞാടിയിലെ സെന്‍ട്രല്‍ ഹാള്‍ അപ്പോള്‍ തന്നെ ക്രമീകരിച്ചു. ബുധനാഴ്ച എസ്.സി.എസ് പള്ളിയില്‍ ശുശ്രൂഷകള്‍ നടക്കുമെന്ന വാര്‍ത്ത ഞായറാഴ്ച പത്രത്തിലും ചൊവ്വാഴ്ചത്തെ പത്രത്തിലും പരസ്യം ചെയ്തു. എസ്.സി.എസ് പള്ളിയില്‍ ശുശ്രൂഷ നടത്തുന്നത് മരിച്ചയാളിന്റെ അവകാശമായതിനാല്‍ അതില്‍നിന്ന് പിന്തിരിയാന്‍ ഞാന്‍ തയ്യാറായില്ല. ശുശ്രൂഷയ്ക്കുശേഷം മറ്റൊരിടത്തു കൊണ്ടുപോയി സംസ്‌കരിക്കുന്നതിനും അനുവാദം ഇല്ല എന്നറിയിച്ചു.
(4) ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കാനോ, ക്രിമറ്റോറിയത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കാനോ അനുവാദം നല്‍കുന്ന സഭ, ഇക്കാര്യത്തില്‍ എന്നെ മനഃപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിക്കയായിരുന്നു. കഴിഞ്ഞ 5 മാസമായി രോഗത്തിലായ എന്റെ ഭാര്യയെ ശുശ്രൂഷിച്ച് മാനസികമായി തളര്‍ന്ന എന്നെ, ഈ ബലഹീന സാഹചര്യത്തില്‍ നിലയ്ക്കു നിര്‍ത്തി മര്യാദ പഠിപ്പിക്കുന്നതിനും, അതു മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ എന്ന ലക്ഷ്യമായിരുന്നു സഭാചുമതലക്കാര്‍ക്ക്. ഈ വിലകുറഞ്ഞ നടപടിയെ ശക്തിയുക്തം എതിര്‍ക്കാന്‍ തന്നെ ഞാന്‍ ഉള്ളില്‍ തീരുമാനിച്ചു. മുന്‍ ക്രമീകരണപ്രകാരം (ഉപയോഗിക്കുന്നില്ലെങ്കിലും) തിരുവല്ലാ എസ്.സി. പള്ളിയിലെ കല്ലറ തുറന്ന് പന്തലിട്ട് ക്രമീകരിക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു ക്രമീകരണമുണ്ട് എന്ന് സംശയം ഉണ്ടാകാതിരിക്കാനായിരുന്നു ഇത്.
(5) മൃതദേഹം ഒരു പ്രത്യേക കല്ലറയില്‍ത്തന്നെ അടക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു ഇന്‍ഡ്യന്‍ പൗരനുണ്ട്. ആ സ്വാതന്ത്ര്യത്തിന്മേല്‍ കുതിരകയറാന്‍ ശ്രമിച്ചത് സുബോധമില്ലായ്മ അല്ലാതെ മറ്റെന്താണ്?
(6) ശവസംസ്‌കാരദിനത്തിനു തലേന്ന് (മേയ് 16 ചൊവ്വ) ഇടവക കൈസ്ഥാനസമിതി കൂടുന്നുണ്ടായിരുന്നു; 108-ാം നമ്പര്‍ സെല്ലാര്‍ ഒരു വര്‍ഷത്തേക്കു മാത്രം (30,000 രൂപ മുഴുവന്‍ വിലയും നല്‍കി) എനിക്ക് അനുവദിക്കാന്‍ കമ്മറ്റി തീരുമാനിക്കണമെന്ന് ഇടവക ട്രസ്റ്റിയോടും ഒരു പ്രധാന കമ്മറ്റിയംഗത്തോടും ഞാന്‍ അപേക്ഷിച്ചു. കമ്മറ്റിയില്‍ അതു ചര്‍ച്ച ചെയ്തില്ല.
(7) ചൊവ്വാഴ്ച രാത്രിയില്‍ മാത്രം ബോംബെയില്‍ നിന്നെത്തിയ എന്റെ ഭാര്യാപിതാവിനോട് സംസ്‌കാര ദിവസം (17-നു) രാവിലെ സാഹചര്യം വിവരിച്ചു. ഒരു സ്വതന്ത്ര കല്ലറ മറ്റൊരിടത്ത് ഞാന്‍ കണ്ടെത്തിയിട്ടുണ്ടെന്നും, അതില്‍ മൃതദേഹം സംസ്‌കരിക്കാനുമാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന് അതിനോടു സമ്മതമായി. തുടര്‍ന്ന് എന്റെ സഹോദരങ്ങളോടു രഹസ്യമായി ചോദിച്ചപ്പോള്‍ അവര്‍ അതിനു സമ്മതിച്ചില്ല. പൊതു കല്ലറയില്‍ തന്നെ മതി എന്ന് എന്നെ നിര്‍ബന്ധിച്ചു.
(8) ഈ രഹസ്യസംഭാഷണം വികാരിയുടെ ചെവിയില്‍ എത്തി. കുടുംബക്കല്ലറ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒറ്റക്കല്ലറയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും തുടര്‍ന്ന് പിന്നീട് അവിടെനിന്നും നീക്കം ചെയ്യാന്‍ പാടില്ല എന്നും 100 രൂപാ മുദ്രപത്രത്തില്‍ എഴുതി സമര്‍പ്പിക്കണമെന്ന് എന്നോടു ആവശ്യപ്പെട്ടു. ഞാന്‍ അതിനു സമ്മതിച്ചു. അപ്പോഴേക്കും പൊതുദര്‍ശനത്തിനുള്ള സമയവുമായി. എനിക്ക് മറ്റൊരു ക്രമീകരണത്തെപ്പറ്റി ആലോചിക്കാന്‍ സമയമില്ലായിരുന്നു. മുദ്രപത്രത്തില്‍ എഴുതേണ്ട കാര്യങ്ങള്‍ ഒരു വെള്ള കടലാസില്‍ എഴുതിയത് എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു ആഹമിസ മുദ്രപത്രത്തില്‍ ഒപ്പിടീക്കുകയും ചെയ്തു. അപ്പോഴേക്കും ഇതൊക്കെയും ഒരു തമാശയായേ എനിക്കു തോന്നിയുള്ളൂ. ഒരു കല്ലറയില്‍ എന്റെ ഭാര്യയെ അടക്കം ചെയ്യുന്നത് എന്റെ ഭാര്യയോടും തലമുറയോടും ഞാന്‍ ചെയ്യുന്ന ഒരു കടമ മാത്രമായിരിക്കുമെന്നും ഇന്‍ഡ്യ മഹാരാജ്യത്തിന്റെ പ്രസിഡന്റിനുപോലും ആ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ല എന്നും ഞാന്‍ ഹൃദയത്തില്‍ നിശ്ചയിച്ചു.
(9) മഞ്ഞാടി സെന്‍ട്രല്‍ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 3.30 ന് തിരുവല്ലാ എസ്.സി.എസ് പള്ളിയിലെ അനുശോചനങ്ങളും ശുശ്രൂഷകളും നടത്തി. ഇനിയും മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാം എന്ന് വികാരി പരസ്യപ്പെടുത്തിയപ്പോള്‍, ഞാന്‍ മൃതദേഹത്തിനരികില്‍നിന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു. അപ്പോള്‍ സമാന്തരമായി നടത്തിയിരുന്ന ടെലികാസ്റ്റിംഗ് നിര്‍ത്താന്‍ ക്യാമറ ഓപ്പറേറ്ററോടു ഞാന്‍ പറഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''വികാരി പറഞ്ഞതില്‍ അല്പം തിരുത്തുണ്ട്. നമ്മുടെ ഇവിടുത്തെ സെമിത്തേരിയില്‍ കല്ലറയോ, സെല്ലാറോ ലഭിക്കാത്തതുകൊണ്ടും, അതിനു സ്ഥലം ഇല്ലാത്തതുകൊണ്ടും ഞാന്‍ മറ്റൊരു ക്രമീകരണം ചെയ്തിരിക്കുന്നു. തല്‍ക്കാലം മൃതദേഹം പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകുകയാണ്.'' അതേ സമയം ആഞ്ഞിലിത്താനത്തെ സ്വതന്ത്ര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സൗജന്യമായി ഒരു കല്ലറ കരുതിയിരുന്നു. തുടര്‍ന്നു നടന്ന വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മൃതദേഹം വിട്ടുതരാന്‍ തീരുമാനമായി. അങ്ങനെ 5.15 ു.ാ ന് ആംബുലന്‍സില്‍ മൃതദേഹം കയറ്റി ഏതാണ്ട് 30 പേര്‍ ചേര്‍ന്ന് എങ്ങോട്ടേക്കെന്നു പറയാതെ ആഞ്ഞിലിത്താനം സെമിത്തേരിയിലെത്തി. ശുശ്രൂഷകള്‍ക്കുശേഷം 5.50 ന് സംസ്‌ക്കാരവും നടത്തി.
വാസ്തവം ഇങ്ങനെയിരിക്കെ നുണക്കഥകളും അന്യായമായി വിധി പ്രസ്താവനകളും നടത്തി ചിലര്‍ സ്വയം വിഡ്ഢികളായി തങ്ങളുടെ പാപ്പരത്തം പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രകടിപ്പിക്കുന്നത് ലജ്ജാകരവും വിലകുറഞ്ഞ സങ്കുചിത മനസ്സുള്ളവരുമെന്ന് തെളിയിക്കുന്നു. തങ്ങള്‍ പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുന്നതല്ലേ അവര്‍ക്കും ഏവര്‍ക്കും നല്ലത്. മസ്സില്‍പവ്വര്‍ കൊണ്ട് കാര്യമായി ഒന്നും നേടാനാവില്ലെന്നു ചരിത്രത്തിന്റെ പാഠങ്ങള്‍ വായിച്ചുപഠിച്ചാല്‍ ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിക്കു കളമൊരുങ്ങും. യുദ്ധങ്ങള്‍ ഒന്നും നേടിയിട്ടില്ല.
കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളില്‍ ശവസംസ്‌കാര സമയത്ത് സഭാംഗങ്ങളോടു കാട്ടുന്ന വിലപേശല്‍ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്താന്‍ സഭാനേതൃത്വങ്ങള്‍, നേരെ ചൊവ്വേ ചിന്തിപ്പാന്‍ ഈ സംഭവം സഹായിക്കും എന്ന് നമുക്കു പ്രത്യാശിക്കാം.
ഇത്രയും പ്രശ്‌നങ്ങളിലേക്ക് കടക്കാനുണ്ടായ പശ്ചാത്തലം കൂടി ഇവിടെ വിവരിക്കുന്നത് ഉചിതമായിരിക്കും എന്നു കരുതുന്നു.
(10) മാര്‍തോമാ സഭയില്‍ ജനിച്ചുവളര്‍ത്തപ്പെട്ടതു (1956) മുതല്‍ 1999 ല്‍ ഞാന്‍ സഭ അംഗത്വത്തില്‍നിന്ന് വിടര്‍ത്തപ്പെട്ടതുവരെയുള്ള പശ്ചാത്തലം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അത് വിശദമായി വിവരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
(മ) 1976-ല്‍ എനിക്കു ലഭിച്ച ഭാരത സുവിശേഷീകരണത്തിനായുള്ള ദൈവവിളി പ്രകാരം ഞാന്‍ സകലവും വിട്ട് ക്രിസ്തുവിനെ അഗുമിക്കയായിരുന്നു. സഭാംഗത്വം ഉപേക്ഷിച്ച് മറ്റൊരു സഭയില്‍ ചേരാനോ പുതിയൊരു സഭ തുടങ്ങണമെന്നോ ലക്ഷ്യമില്ലായിരുന്നു. സഭയുടെ മിഷനറി ഛൗൃേലമരവ പ്രവര്‍ത്തനം വളരെ ശുഷ്‌കമെന്ന് മനസ്സിലാക്കിയതിനാല്‍, സുവിശേഷീകരണ മേഖലയില്‍ സഭ കൂടുതല്‍ മുന്നേറ്റം നടത്തുന്ന ചര്‍ച്ചകള്‍ 1979 മുതല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായും, പട്ടക്കാരുടെ വിവിധ കോണ്‍ഫ്രന്‍സുകളിലും ചര്‍ച്ച നടന്നിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്ഔദ്യോഗിക അംഗീകാരം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ മാര്‍തോമാ സഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ അതിനു തുടക്കം കുറിക്കാം എന്ന വിചാരത്തില്‍ 1991 ലും 1996 ലും തെരഞ്ഞെടുപ്പിലൂടെ യുവജനസഖ്യം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിപ്പാന്‍ ശ്രമിച്ചു. എങ്കിലും യാഥാസ്ഥിതികരുടെയും നിരീശ്വരവാദികളുടെയും പിന്തുണ ലഭിക്കാതിരുന്നതുകൊണ്ട് ശരാശരി കേവലം 15 വോട്ടുകള്‍ക്ക് രണ്ടു പ്രാവശ്യവും പരാജയപ്പെട്ടു.
(യ) സഭയുടെ മിഷനറി വേല വ്യാപനത്തിനായി വടക്കേ ഇന്ത്യയിലെ ബോംബെ ഡല്‍ഹി ഭദ്രാസനത്തിന്റെ യു.പി., മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നോര്‍ത്തേണ്‍ സോണ്‍ മിഷന്‍ മൂവ്‌മെന്റ് എന്ന പദ്ധതിയുടെ കണ്‍വീനറായി 1987 മുതല്‍ 1989 വരെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഈശോ മാര്‍ തിമോഥിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തതോടെ പുതിയ മെത്രാപ്പോലീത്ത ചുമതലയേറ്റതോടെ ഈ പ്രസ്ഥാനത്തെ സീഹോറ ആശ്രമത്തിന്റെ കീഴില്‍ ആക്കി നോര്‍ത്തേണ്‍ സോണ്‍ മിഷന്‍ ഫെലോഷിപ്പ് എന്ന പേരില്‍ ഒരു കടലാസു പ്രസ്ഥാനമായി ഫയലില്‍ ഒതുക്കി.
(ര) 1989-ല്‍ വടക്കേ ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം കേരളത്തിലേക്ക് എന്നെ സ്ഥലം മാറ്റുകയും കോഴഞ്ചേരി ഇടവകയില്‍ നിയമിക്കുകയുമാണുണ്ടായത്. ഇടവകകള്‍ നടത്താന്‍ കേരളത്തില്‍ ആവശ്യത്തില്‍ അധികം വികാരിമാരുള്ളപ്പോള്‍, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വിളിയും താല്പര്യവുമുള്ള എന്നെ ഒതുക്കുന്നതിനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. എന്നാല്‍ ഏതെല്ലാം സ്ഥലങ്ങളില്‍ എനിക്കു നിയമനങ്ങള്‍ നല്‍കിയിട്ടുണ്ടോ അവിടെയെല്ലാം തികഞ്ഞ ആത്മാര്‍ത്ഥതയോടും സമര്‍പ്പണത്തോടും, (എന്നാല്‍ എനിക്കു തൃപ്തികരമല്ലാത്ത വിധത്തിലും) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെ ഇടവക ജനങ്ങള്‍ എന്റെ വേലയെ അംഗീകരിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
(റ) കത്തോലിക്കാ സഭയില്‍ മിഷന്‍ ഓര്‍ഡറുകള്‍ നൂറുകണക്കിന് ഉള്ളതുപോലെ ഒരു മിഷനറി ഓര്‍ഡര്‍ മാര്‍ത്തോമ്മാ സഭയിലും ഉണ്ടായാല്‍ (സഭ സിനഡിന്റെ നിയന്ത്രണത്തില്‍, എന്നാല്‍ സ്വതന്ത്രമായും) സഭയോടു ചേര്‍ന്നു വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. അങ്ങനെയൊന്ന് രൂപീകൃതമാകുന്നതിന് സഭയുടെ പരമാധികാര വേദിയായ സഭാപ്രതിനിധി മണ്ഡലത്തിലെ 26 പട്ടക്കാര്‍ ചേര്‍ന്ന് ഒപ്പിട്ട ഒരു പ്രമേയം അന്നത്തെ മണ്ഡലത്തില്‍ ഞാന്‍ അവതരിപ്പിച്ചു. 25 പേര്‍ ഒപ്പിട്ട പ്രമേയം സഭാകൗണ്‍സിലിനു തള്ളിക്കളയാന്‍ കഴിയില്ല. മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയേ തീരൂ. പുതിയൈാരു മിഷനറി മൂവ്‌മെന്റ് ആരംഭിക്കുന്നതിനുള്ള പ്രമേയം ഞാന്‍ അവതരിപ്പിച്ചെങ്കിലും വോട്ടിട്ട് തീരുമാനിക്കാന്‍ അദ്ധ്യക്ഷന്‍ തയ്യാറാകാത്തതുകൊണ്ട്, പ്രമേയം പിന്‍വലിക്കുകയായിരുന്നു.
(ല) സഭയുടെ നവീകരണം, സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള എന്റെ കാര്യപരിപാടിക്ക് പ്രതികാര നടപടിയെന്നോണം അതിനടുത്ത വര്‍ഷം ബീഹാറിലേക്ക് സ്ഥലംമാറ്റം നല്‍കുകയായിരുന്നു. 15 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സഭയില്‍നിന്ന് ഒരു വര്‍ഷം ശമ്പളം കൂടാത്ത ലീവ് എടുക്കാം എന്ന സാഹചര്യം വന്നപ്പോള്‍ 1999 ല്‍ പൊതു ട്രാന്‍സ്ഫര്‍ സമയത്ത് ഒരു വര്‍ഷത്തെ അവധിക്കായി അപേക്ഷിച്ചു എങ്കിലും അനുമതി ലഭിച്ചില്ല. 'അനുസരണംകെട്ടവന്‍' എന്ന് വരുത്തിത്തീര്‍ക്കുന്നതിനായി അന്ന് ഒരു വര്‍ഷം മാത്രം തികച്ച ചാത്തങ്കേരി സെന്റ്‌പോള്‍സ് ഇടവകയില്‍ നിന്ന് കുലശേഖരത്തേക്ക് സ്ഥലം മാറ്റിയായിരുന്നു താറടിക്കാന്‍ ശ്രമിച്ചത്. 1983 മുതല്‍ 1999 വരെ എന്റെമേല്‍ കാട്ടിക്കൂട്ടിയ ഇത്തരം തരംതാണ നടപടികള്‍ അനേകമാണ്. അതൊന്നും ഇന്നുവരെ ഞാന്‍ പരസ്യമാക്കിയിട്ടില്ല.
സ്ഥലംമാറ്റം ലഭിക്കാഞ്ഞ സാഹചര്യത്തില്‍, മുന്‍ ആലോചനപ്രകാരം, സഭയ്ക്കുള്ളിലെ എന്റെ ഔദ്യോഗിക മിഷന്‍ അവസാനിച്ചു എന്ന വിചാരത്തില്‍ രാജിക്കത്തു നല്‍കി.
(ള) സഭയില്‍ നിന്ന് ശമ്പളം കൈപ്പറ്റാത്ത സൗജന്യസേവനത്തിനായുള്ള എന്റെ അപേക്ഷ സ്വീകരിച്ചില്ല എന്നു മാത്രമല്ല, സഭയുടെ എല്ലാ കൂദാശാനുഷ്ഠാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ലോകമെങ്ങുമുള്ള മാര്‍തോമാ സഭകളില്‍ കല്പനകള്‍ പരസ്യപ്പെടുത്തി എന്നെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചു.
(ഴ) ഭാരത സുവിശേഷീകരണത്തിന് പുതിയൊരു മിഷന്‍ മൂവ്‌മെന്റ് എന്ന നിലയില്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യ ആരംഭിക്കുന്നതിന് 2010 ല്‍ തീരുമാനമായി. വാസ്തവത്തില്‍ 1979-ല്‍ ചെന്നൈയില്‍ വച്ച് ദൈവം നല്‍കിയ ഒരു ദര്‍ശനമായിരുന്നു അത്. എന്നാല്‍ സഭയിലേക്കുള്ള ദൈവിക വിളി അതോടൊപ്പം ഉണ്ടായതുകൊണ്ട്, അത് മാര്‍തോമാ സഭയുടെ ഒരു കാര്യപരിപാടിയായിരിക്കട്ടെ എന്ന ചിന്തയിലായിരുന്നു, സഭയിലേക്കുള്ള ചുമതലാപ്രവേശനം.
(വ) 2012 ല്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയ്ക്ക് തുടക്കമായപ്പോള്‍ അതുവരെയും മാര്‍തോമാ സഭാംഗമായിരുന്ന ഞാന്‍ അത് തുടര്‍ന്ന് പോകാന്‍ അനുവദിക്കണമെന്ന് മെത്രാപ്പോലീത്തായ്ക്ക് അപേക്ഷ നല്‍കി. മറ്റനേകം മൂവ്‌മെന്റുകള്‍ പോലെ ഇതിനെയും ഒരു ആത്മീയ മുന്നേറ്റമായി കണ്ടാല്‍ മതിയാകും എന്നും, മാര്‍തോമാ സഭയുടെ ഭരണഘടനയ്ക്ക് വിധേയപ്പെട്ട് അംഗത്വം എനിക്കും കുടുംബത്തിനും നിലനിര്‍ത്തണമെന്നും അപേക്ഷിച്ചിരുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ എന്റെ ജന്മാവകാശത്തിന്മേല്‍ കൈകടത്തല്‍ നടത്തി എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിര്‍ദ്ദാക്ഷിണ്യം സഭയില്‍നിന്നു പുറത്താക്കി ലോകമെങ്ങും ആ വിവരം ഘോഷിച്ചു. കുടുംബാംഗങ്ങള്‍ അംഗത്വം, നിലനിര്‍ത്തണമെങ്കില്‍ അവര്‍ വീണ്ടും മുദ്രപത്രത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും, അങ്ങനെ ഞാന്‍ ഒഴിച്ചുള്ള കുടുംബാംഗങ്ങളെ തിരുവല്ലാ എസ്.സി.എസ് സെന്റ്‌തോമസ് ഇടവകാംഗത്വത്തിലേക്ക് പുനസ്ഥാപിക്കുകയും ചെയ്തു. അതിനും അന്തര്‍ദ്ദേശീയ കല്പന പരസ്യം ചെയ്തു. സഭ വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത എന്നെ അകാരണമായ മുറകളിലൂടെ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കി.
പുതിയ മിഷനറി സഭ ആരംഭിച്ചപ്പോള്‍ മാതൃസഭയായ മാര്‍തോമാ സഭയ്‌ക്കെതിരെ അംഗത്വത്തെ പുനഃസ്ഥാപിക്കാന്‍ കോടതിയെ സമീപിച്ചാല്‍, ചക്ക് എന്നു പറഞ്ഞാല്‍ കൊക്ക് എന്ന് തിരിയുന്ന നമ്മുടെ സമൂഹത്തില്‍ വിലപ്പോകില്ല എന്നും, ഒരു സംഘര്‍ഷത്തിലേക്കു പോകേണ്ട എന്ന നിലപാടു ഞാന്‍ സ്വീകരിച്ചു. ഇക്കാലമത്രയും എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അത് പൊതുവായി പരസ്യപ്പെടുത്താന്‍ ശ്രമിക്കാതെ, നിശബ്ദനായി ഇരുന്നു.
ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിപ്പാനുള്ള ക്രിസ്തുവിന്റെ രക്ഷണ്യ മിഷനില്‍ പങ്കാളികളാകുന്നതിന് ശ്രമിക്കുക. ഭിന്നത വെടിഞ്ഞ് 'ക്രിസ്തു സഭ ഒന്നു മാത്രം'. കാണപ്പെടുന്ന സഭകളെല്ലാം ഓരോരുത്തരുടെ സൗകര്യത്തിനുള്ള പ്രസ്ഥാനങ്ങള്‍ മാത്രം എന്ന വെളിപ്പാട് ലഭിക്കുന്നതിനായി പരിശുദ്ധാത്മാവ് ചരിത്രത്തില്‍ നമുക്കു ദാനമായി നല്‍കിയിരിക്കുന്ന പുതിയ നിയമം (27 പുസ്തകങ്ങള്‍) വായിച്ചുപഠിച്ച്, ഹൃദയത്തില്‍ സംഗ്രഹിക്കുക. സുബോധത്തിന്റെയും ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും പരിശുദ്ധാത്മാവിന് കീഴ്‌പ്പെട്ടിരിക്കാം.
മാര്‍തോമാ സഭയോടുള്ള ബന്ധത്തില്‍ ഇത്രയും വിശദീകരിച്ചതില്‍, സഭ മോശമാണെന്നോ, എല്ലാം തകര്‍ന്നു എന്നോ വരുന്നില്ല. നമുക്കു പോരാട്ടമുള്ളത് ജഢരക്തങ്ങളോടല്ല... വാഴ്ചകളോടും അന്ധകാരത്തിന്റെ ശക്തികളോടുമാണ്... എഫെസ്യര്‍ 6:1-12. സഭയ്ക്കുള്ളിലെ കര്‍ത്താവിന്റെ പ്രവര്‍ത്തികളെ ഇല്ലാതാക്കാന്‍ മതത്തിന്റെ ആത്മാവ് (സാത്താന്‍) സഭാനേതൃത്വങ്ങളെ സ്വാധീനിച്ച് ഭരിക്കുന്ന ചരിത്രമാണ് സഭാചരിത്രം മുഴുവനും. അതിവിടെ തുടര്‍ക്കഥയാകുന്നു എന്നു മാത്രം. ക്രിസ്തുവിനെ ക്രൂശിച്ച യഹൂദമതവും അങ്ങനെയായിരുന്നല്ലോ!
മുകളില്‍പ്പറഞ്ഞ കൈപ്പേറിയ അനുഭവങ്ങളെയും സംഭവങ്ങളെയും ദൈവം നന്മയ്ക്കായും അനുഗ്രഹത്തിനായും ഉപയോഗിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. നിന്ദ്യമായിരുന്ന കുരിശിനെ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിലൂടെ മാനവജാതിയുടെ രക്ഷാകര പദ്ധതിയുടെ സിംബല്‍ ആയി രൂപാന്തരപ്പെട്ടതുപോലെയുള്ള സംഭവവികാസങ്ങള്‍. സങ്കുചിത മനസ്ഥിതിക്കാര്‍ക്കും രക്ഷിക്കപ്പെടാത്തവര്‍ക്കും ക്രിസ്തീയ ആത്മീയതയെ ഫിലോസഫി മാത്രമായി കാണുന്നവര്‍ക്കും, പള്ളി ഭക്തിയിലും ഞായറാഴ്ച ആത്മീയതകളിലും ഒതുക്കിനിര്‍ത്തുന്നവര്‍ക്കും ഈ വിധ പ്രവര്‍ത്തികളുടെ മര്‍മ്മമോ ലക്ഷ്യമോ ചരിത്രം മനസ്സിലാകില്ല, കാരണം അവര്‍ ഇന്നും ആത്മീയ വിഷയങ്ങളില്‍ നേഴ്‌സറി വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.
വ്യക്തിപരമായ ബന്ധത്തില്‍ സഭയിലെ എല്ലാ ബിഷപ്പുമാരും സൗഹൃദപൂര്‍വ്വമാണ് അന്നും ഇന്നും ഇടപെട്ടിട്ടുള്ളത്. പലതിലും സ്‌നേഹവും സഹകരണവും നല്‍കുന്നതില്‍ ഏവരും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെ ഭയവും തെറ്റിദ്ധാരണകളും കാരണം അവര്‍ക്കും നേരായി ചിന്തിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഞാന്‍ സഭാശുശ്രൂഷയില്‍ ആയിരുന്നപ്പോഴും, 1999-ല്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ രാജി സമര്‍പ്പിച്ചതിനുശേഷവും ഇന്നുവരെയും മാര്‍തോമാ സഭാംഗങ്ങളായ ഇടവക ജനങ്ങള്‍ എന്നെ സ്‌നേഹിക്കയും എന്നോടു സഹകരിക്കയും ചെയ്യുന്നുണ്ട്. സഭയെ നശിപ്പിക്കാനല്ല, സഭയെ നവീകരിക്കയാണ് എന്റെ ലക്ഷ്യമെന്നതിന്റെ നല്ല തെളിവാണ് 1998 മുതല്‍ ഞാന്‍ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന നവീകരണം വാര്‍ത്താപത്രിക. മാര്‍തോമാ സഭയിലെ ഓരോ ഇടവകകളും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം എന്ന മുദ്രാവാക്യമാണ് നവീകരണം സ്വീകരിച്ചിട്ടുള്ളത്. ഭാരത സുവിശേഷീകരണം എന്ന ദൗത്യത്തില്‍ കറയറ്റ തിയോളജിയും, നിര്‍മ്മല സുവിശേഷസന്ദേശവും, സമര്‍പ്പിതരായ പട്ടക്കാരും, വിശാലഹൃദയരായ അത്മായക്കാരുമുള്ള മാര്‍തോമാ സഭ അതിന്റെ റിസോഴ്‌സസ് പരമാവധി ഭാരതജനതയുടെ, മാനവജാതിയുടെ രക്ഷയ്ക്കായും അനുഗ്രഹത്തിനായും വിനിയോഗിക്കാനുള്ള കര്‍മ്മപദ്ധതിയിലേക്ക് പ്രവേശിപ്പാന്‍ ഇടയാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
Comments

1 comment:

  1. ക്രിസ്തീയതയില്ലാത്ത പൗരോഹിത്യം ശവത്തിന്റെ പേരിൽ പോലും തമ്മിലടിക്കുന്നതു കാണുമ്പോൾ, "ഞാൻ നിങ്ങളെ സ്നേഹിക്കുന്നതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പീൻ" എന്ന് കേണവൻ ഇന്ന് കരയുന്നുണ്ടാകും ! ഇന്നല്ലെങ്കിൽ നാളെ ''ശവമാകുന്ന'' മനനമില്ലാത്ത ജനമേ, പള്ളികൾ വിട്ടോടുവീൻ,,,,, ക്രിസ്തുവിനെ അനുസരിക്കുന്ന ക്രിസ്തീയർ ഇവിടെ ഇനിയെങ്കുലും ഉണ്ടാകട്ടെ !

    തിരുവല്ലയിലെ ഒരു പരിശുദ്ധ ബിഷോപ്പിന്റെ ഭാര്യയുടെ ശവം ഒന്ന് മറവുചെയ്യാൻ ആ വയോവൃദ്ധൻ പാടുപെട്ട കദനം നിറഞ്ഞ കഥ ഒന്ന് വായിക്കൂ ...കുരിശു ചുമന്നവനെ അനുസരിക്കാത്ത പള്ളിപ്പരിശരേ, നിങ്ങൾ ''വി.മത്തായി ആറിന്റെ അഞ്ചു'' സത്യം പള്ളി വിട്ടോടുവീൻ! ''കഷണ്ടിക്ക് ബാർബറെ വേണ്ടാ'' എന്നതുപോലെ ദൈവത്തെ ഉള്ളിൽ അറിഞ്ഞ നമുക്കെന്തിന് പാതിരി /പള്ളി? ഗ്രാമങ്ങൾ തോറും നമുക്ക് പൊതുശ്മശാനങ്ങൾ പണിയാം ! ''ഒരു ജാതി ,ഒരു മതം, ഒരു ദൈവം . ഒരു ശ്മശാനം മനുഷ്യന്'', എന്നാകട്ടെ ! ഹല്ലേലുയ്യാ..samuelkoodal

    ReplyDelete