Translate

Thursday, December 28, 2017

സഭാ നവീകരണ പോരാളി മഹാനായ ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു



ചാക്കോ കളരിക്ക
ഡിസംബർ 28, 2017 വ്യാഴാഴ്ച പുലർച്ചെ 3.30-ന് ശ്രീ ജോസഫ് പുലിക്കുന്നേൽ അദ്ദേഹം താമസിച്ചിരുന്ന ഓശാന മൗണ്ടിൽവെച്ച് അന്തരിച്ചു എന്ന വാർത്ത അതീവ സങ്കടത്തോടെയാണ് ഞാൻ ശ്രവിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 85 ആയിരുന്നു.
ഓരോരോ കാലഘട്ടങ്ങളിൽ ഓരോരോ ജന്മങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് നാം കേട്ടിട്ടുണ്ട്. ആഗോള കത്തോലിക്കാസഭയെയും പ്രത്യേകിച്ച് സീറോ മലബാർ സഭയെയും നേർവഴിയിലേക്ക് തിരിക്കാനുള്ള ഒരു ആധുനിക ജന്മമായിരുന്നു ശ്രീ ജോസഫ് പുലിക്കുന്നേൽ.
ഓശാന ലൈബ്രേറിയനും 'ഏകാന്ത ദൗത്യം ജോസഫ് പുലിക്കുന്നേലിൻറെ ജീവിതം' എന്ന പുസ്തകത്തിൻറെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹം തൻറെ ആമുഖത്തിൽ ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, "ആശയങ്ങളുടെ ആഴങ്ങൾകൊണ്ട് ഉയരങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത്." എന്നാണ്. ജീവിതത്തിൽ അനേകം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം കഴിഞ്ഞ 45 ർഷത്തിനുമേൽ, കത്തോലിക്കാ സഭയും സീറോ മലബാർ സഭയും വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തിൽകൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തിൽ, മാർതോമാ ക്രിസ്ത്യാനികളുടെ പൗരാണിക ലോകത്തിൻറെ ശ്രുതി വർത്തമാനകാലത്തിൻറെ മനസ്സിൽ വ്യക്തമായും സുശക്തമായും സഭാമേലധികാരികൾക്കും സമൂഹത്തിനും തുറന്നുകാട്ടി. മാർതോമായുടെ മുത്തിരിത്തോട്ടത്തിൽ സ്നേഹശൂന്യരായ, കാരുണ്യശൂന്യരായ, പണക്കൊതിയന്മാരായ മെത്രാന്മാരായ കാട്ടാനകളുടെ ആക്രമണങ്ങൾക്കെതിരായി ഒറ്റയാനായി ശക്തിയുക്തം അദ്ദേഹം പോരാടി. പുലിക്കുന്നേലിൻറെ സേവനത്തെയും സ്വാധീനത്തെയും കേവലം ഒരു അളവുകോലുകൊണ്ട് അളക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും വളരെയധികം പരിവർത്തനങ്ങൾ സഭയിലും സമൂഹത്തിലും സംഭവിച്ചിട്ടുണ്ടെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുയെന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നേൻ ഒരു പ്രസ്ഥാനമായിരുന്നു; അതിനായി അവതരിച്ച ഒരു വ്യക്തിയുമായിരുന്നു.
പള്ളിയിൽ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്ക് സംഭാവന നല്കാനും പ്രാർത്ഥിക്കാനും മാത്രമെ കടമയൊള്ളൂയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ആശയപരമായ ഒരാവേശം അതിന് ആവശ്യമാണ്. അത് വേണ്ടുവോളം അദ്ദേഹത്തിനുണ്ടായിരുന്നു. സമൂഹത്തിൽ മാറ്റംവന്നാലേ സഭാമേലധികാരികൾക്ക് മാറ്റം വരൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ശക്തവും സംഘടിതവും സ്ഥാപനവൽകൃതവുമായ സഭാശക്തിക്കെതിരെയാണ് അദ്ദേഹം പോരാടുന്നതെന്നോർക്കണം. സഭയിലും സമൂഹത്തിലും ആരോഗ്യപരവും അഭികാമ്യവുമായ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വതന്ത്രവിമർശനങ്ങൾ വഴിയാണ്.
സത്യത്തിലും നീതിയിലും നടക്കാത്തവരാണ്, സത്യത്തിലും നീതിയിലും സഭയെ വിമർശിക്കുന്നവരെ, ചെയ്യുന്നതെല്ലാം തെറ്റാണെന്നും സഭാദ്രോഹികളാണെന്നും പറഞ്ഞ് വിമർശിക്കുന്നത്. ദൈവത്തിനുവേണ്ടി അധികാരം കൈകാര്യം ചെയ്യുമ്പോൾ വിമർശനത്തെ സ്വാഗതം ചെയ്യും; അല്ലാത്ത അധികാരികൾ ബഹളം ഉണ്ടാക്കും. "നിങ്ങളിൽ പ്രധാനിയാകണം എന്ന് ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാവണം" എന്ന ഉപദേശത്തോടെയാണ് യേശു അധികാരസ്ഥാപനം നടത്തിയത്. അധികാര കേന്ദ്രീകൃത സഭയെയല്ല യേശു സ്ഥാപിച്ചത്. മറിച്ച്, പരസ്പര സ്നേഹ, സേവന കൂട്ടായ്മയെയാണ് കർത്താവ് സ്ഥാപിച്ചത്. കർത്താവിൻറെ സഭയാണിത് എന്നുപറഞ്ഞ് ഇതുകൊണ്ടുനടക്കാൻ നാം ലജ്ജിക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. വിമർശനം സഭാസമൂഹത്തിൽ മുഴുവനും പരന്നിട്ടുണ്ടെങ്കിലും വിമർശനങ്ങളെ വെറും മുഖവിലക്കെടുത്ത് മെത്രാന്മാർ തങ്ങളുടെ നയങ്ങളിൽ പുനർവിചിന്തനം ചെയ്യാൻ തയ്യാറല്ല. അതിനാൽ ഇന്ന് വ്യവസ്ഥാപിതസഭയും ജനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
അധികാരത്തിന് വഴിപ്പെടുന്ന ചിന്താഗതിമൂലം സഭാവിമർശനത്തെ - അത് സത്യമായാൽ തന്നെയും - മോശമായ അഭിപ്രായം ജനങ്ങളിൽ ഉണ്ടാക്കുന്നു. അത്തരം ചിന്താഗതിയെ ഊട്ടിവളർത്തുകയാണ് പൗരോഹിത്യ മേധാവിത്വം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. പുലിക്കുന്നേൽ സഭയ്‌ക്കെതിരായി പ്രവർത്തിക്കുന്ന ഒരാളാണെന്ന് പരക്കെ ഒരഭിപ്രായം പുരോഹിതപ്പട സൃഷ്ടിച്ചെടുത്തു. അദ്ദേഹത്തെയും അദ്ദേഹത്തൻറെ പ്രസ്ഥാനത്തെയും അനുകൂലിക്കുന്നതിനുപകരം എതിർക്കാനാണ് സഭാധികാരം തുനിഞ്ഞത്. തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിൻറെ സംഭാവനകളെ മേലധികാരികളും വിശ്വാസികളും കാര്യമായി സ്വീകരിച്ചില്ല. കണ്ടതുപറഞ്ഞാൽ കഞ്ഞിയില്ല' എന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. പുലിക്കുന്നേൽ ചെയ്തതൊക്കെ സഭയെ നശിപ്പിക്കാനാണെന്ന് ഒരുകൂട്ടർ ചിന്തിക്കുമ്പോൾ മറ്റൊരുകൂട്ടർ അദ്ദേഹത്തിൻറെ സേവനങ്ങൽ മഹത്തരമാണെന്ന് അനുമാനിക്കുന്നു. സ്വാർത്ഥചിന്തയുള്ള കുറെ അധികാരികൾക്ക് അദ്ദേഹം എന്നും കണ്ണിൽ കരടായിരുന്നു. അപവാദങ്ങൾകൊണ്ട് അപകീർത്തിപ്പെടുത്തി അദ്ദേഹത്തെ ഇല്ലാതാക്കാൻ സഭാധികാരം കിണഞ്ഞു ശ്രമിച്ചു. അത്തരം ഹീനവും മനുഷ്യത്വരഹിതവുമായ പ്രവർത്തികൾ ചെയ്യാൻപോലും സഭാധികാരം മടികാണിച്ചില്ല. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കണ്ണുതുറപ്പിക്കാനായി പുലിക്കുന്നേൽ മറ്റുള്ളവരുടെ വിമർശനം സ്വയം ഏറ്റുവാങ്ങുകയാണ് ചെയ്തത്.
വിശ്വാസികളും പട്ടക്കാരും സ്വരുമയോടെ കഴിയുകയും പള്ളിക്കാര്യങ്ങൾ ഒന്നിച്ചു നിർവഹിക്കുകയും ചെയ്തുപോന്ന മാർതോമാനസ്രാണി പൈതൃകം ഒരു പഴഞ്ചൻ ചിന്താഗതിയും രീതിയുമാണെന്ന് മെത്രാന്മാർ കാണുന്നു. ജനങ്ങളെ സഹകരിപ്പിക്കാതെ മാറ്റിനിർത്തി സഭയുടെ ദൗത്യനിർവഹണം സഭാധികാരം സ്വന്തം ഏറ്റെടുത്ത് നടത്തുകയാണ് ഇന്നു ചെയ്യുന്നത്. അതാണ് മെത്രാന്മാരുടെ മോഡേണിസം. സഭ ദൈവജനമാണെന്നുള്ള സങ്കല്പത്തിൽ ഒന്നാം നൂറ്റാണ്ടുമുതൽ വളർന്നുവന്ന മാർതോമാ ക്രിസ്ത്യാനികളുടെ ദേശത്തുപട്ടക്കാരും കുടുംബത്തലവന്മാരും ചേർന്ന ദ്രാവിഡരീതിയിലുള്ള പ്രാദേശിക ഭരണരീതിയായിരുന്നു പള്ളിയോഗങ്ങൾ. പടിഞ്ഞാറൻ സഭയിൽനിന്നും വ്യക്തമായി വേറിട്ട ആ പള്ളിഭരണരീതി നസ്രാണികളുടെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിൻറെയും വിലപ്പെട്ട പൈതൃകമായിരുന്നു. പക്ഷെ അധികാര ദുർമോഹികളായ മെത്രാന്മാർ പള്ളിയോഗപൈതൃകത്തെ പാശ്ചാത്യമാതൃകയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ്കൗൺസിൽ സ്ഥാപിച്ച് നമ്മുടെ 2000 വർഷം പഴക്കമുള്ള മാർതോമാ പൈതൃകത്തെ നശിപ്പിച്ചുകളഞ്ഞു. നാണമില്ലാത്തതുകൊണ്ടുമാത്രമാണ് ഇവർ ഇന്നിപ്പോൾ മാർതോമാ പൈതൃകം പ്രസംഗിച്ചു നടക്കുന്നത്!
രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക സംഭവവികാസങ്ങളെ സഭ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾത്തന്നെ പള്ളിയോഗജനാധിപത്യസമ്പ്രദായത്തിൻറെ നേരെ കണ്ണടച്ച് ഏകാധിപത്യഭരണം സഭയിൽ നടപ്പാക്കി. കൂടാതെ പാരീഷ്‌കൗൺസിൽ വെറും ഉപദേശക സമതികളായി തരംതാഴ്ത്തിയതോടെ നസ്രാണികൾക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണാധികാരം നിഷേധിക്കപ്പെട്ടു. ജനാധിപത്യം ഏറ്റവും അധ:പതിച്ച ഭരണരീതിയാണെങ്കിലും മറ്റേതു ഭരണരീതിയേക്കാളും മികച്ചതും അതുതന്നെ. ജനാതിപത്യ മൂല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി കണക്കാക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ പുലിക്കുന്നേൽ ശ്രമിച്ചിട്ടുണ്ട്.
അന്ധമായ അധികാര ഭയത്തിൽനിന്നും നസ്രാണി ക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യാൻ സമുദായാംഗങ്ങൾക്ക് അദ്ദേഹത്തിൻറെ നിലപാട് ധൈര്യം പകർന്നു. വി. കെ. കുര്യൻ സാറിൻറെ മരണാനന്തരശുശ്രൂഷ പള്ളിയധികാരികൾ നടത്തികൊടുക്കാതിരുന്നപ്പോൾ അവരെ വെല്ലുവിളിച്ച് പുലിക്കുന്നേലിൻറെ കാർമികത്വത്തിൽ മരിച്ചടക്ക് നടത്തി. മുപ്പത്തിൽപരം വിവാഹത്തിനും അദ്ദേഹം സാക്ഷിയായിനിന്ന്  നടത്തികൊടുക്കുകയുമുണ്ടായി. ഇന്ന് ജനങ്ങൾ സഭാനേതൃത്വത്തെ അന്ധമായി അനുസരിക്കാതെ പ്രതികരിക്കുന്നതായി കാണാം. സോഷ്യൽ മീഡിയ അതിന് തെളിവാണ്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇടമറ്റം എന്ന ഗ്രാമത്തിൽ ഏപ്രിൽ 14, 1932-ൽ പുലിക്കുന്നേൽ മിഖായേലിൻറെയും എലിസബത്തിൻറെയും മകനായി ജോസഫ് പുലിക്കുന്നേൽ ജനിച്ചു. ഭരണങ്ങാനം സെൻറ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെൻറ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബി. എ. ഓണേഴ്സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജിൽ അധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സിൽ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളിൽ കൊച്ചുറാണിയെ വിവാഹം കഴിച്ചു. അദ്ദേഹം കേരളാ കോൺഗ്രസിൻറെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. കൂടാതെ കേരളാ യൂണിവേഴ്സിറ്റി സെനറ്റുമെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരിൽ കുറ്റമില്ലാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചർസ്ഥാനത്തുനിന്നും പുറത്തുവന്നു. അതുകൊണ്ട് കേരളക്രൈസ്തവർക്കുവേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു പുരുഷായുസ്സിൽ ഭാവന ചെയ്യാൻ അസാധ്യമായ കാര്യങ്ങൾ അദ്ദേഹം സാധിച്ചുകഴിഞ്ഞു. വളരെയധികംപേർ അതൊരു ദൈവനിയോഗമായി കാണുന്നു.
സീറോമലബാർ സഭയുടെ വരും തലമുറയ്ക്ക് വെളിച്ചമേകാൻ അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്‌ഛാശക്തിയുമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേൽ മറ്റ് എല്ലാ മേഖലകളും ഉപേക്ഷിച്ച് തൻറെ ജീവിതം സഭാനവീകരണപ്രസ്ഥാനത്തിനായി മാറ്റിവച്ചു. ലിറ്റർജി, ദൈവശാസ്ത്രം, കാനോൻനിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടി.  അല്മായർക്കും സഭാപഠനങ്ങളിൽ നിപുണരാകാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തോട് സംവാദിക്കാൻ ഒരു മെത്രാനോ പുരോഹിതനോ ധൈര്യപ്പെട്ടിരുന്നില്ല.
പുലിക്കുന്നേലിൻറെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഓശാന മാസികയായിരുന്നു അദ്ദേഹത്തിൻറെ നാവ്. കേരള നസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യപൈതൃകങ്ങൾ നശിപ്പിച്ച് പാശ്ചാത്യ സഭാസ്വഭാവം അടിച്ചേല്പിക്കാൻ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോൾ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിർത്തത് ഓശാനയാണ്. നാട്ടുരാജാക്കന്മാർപോലും പോർട്ടുഗീസ് ഭരണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചപ്പോൾ നസ്രാണികൾ ആ വിദേശ ശക്തിയോട് എതിർത് തങ്ങളുടെ പള്ളികളുടെ നിയന്ത്രണം  അവർക്ക് നൽകാതിരിക്കാൻ നീണ്ട സമരം ചെയ്ത പാരമ്പര്യം നമുക്കുണ്ട്. 1653-ൽ മട്ടാഞ്ചേരിയിൽ 4000-നുമേൽ നസ്രാണി പള്ളിപ്രധിനിധികൾ തങ്ങളും തങ്ങളുടെ തലമുറകളും ഉള്ളിടത്തോളം കാലം “സാമ്പാളൂർ പാതിരിമാരെ” (വിദേശാധിപത്യം) അംഗീകരിക്കുകയില്ലന്ന് സത്യം ചെയ്തു. കൂനൻകുരിശുസത്യം എന്നത് അറിയപ്പെടുന്നു. അതാണ് വിദേശീയർക്കെതിരായ ഇന്ത്യാക്കാരുടെ ആദ്യവിപ്ലവം.1632 ക്രിസ്മസ് ദിനങ്ങളിൽ നസ്രാണികൾ ഏഴുദിവസം ഇടപ്പള്ളിയിൽ യോഗം ചേർന്നു. ബ്രിട്ടോ മെത്രാൻ പള്ളിയുടെമേൽ അധികാരം ഭരിക്കുകയില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്തു. എങ്കിലും പോർട്ടുഗീസുകാർ 500 വർഷങ്ങൾക്കുമുമ്പ് എന്തു ചെയ്യണമെന്ന് ആഗ്രഹിച്ചോ അതെല്ലാം നാട്ടുമെത്രാന്മാർ കഴിഞ്ഞ 30 വർഷംകൊണ്ട് നടപ്പാക്കിക്കഴിഞ്ഞു. സമുദായത്തിൻറെ കോടിക്കണക്കിനു വിലവരുന്ന സമ്പത്ത് പൗരോഹിത്യ ഏകാധിപത്യഭരണത്തിൻ അമർന്നിരിക്കയാണിന്ന്. നസ്രാണി സഭയുടെ പൂർവ്വകാലചരിത്രവും സമകാലിക വ്യവസ്ഥയും കൂട്ടിയിണക്കി പഠിച്ചാലേ ഓശാനയുടെ സംഭാവന മനസ്സിലാക്കാൻ സാധിക്കൂ.
സഭയുടെ ഘടനയും വിദേശസ്വാധീനവും സഭാസമ്പത്തിൻറെ ഏകാധിപത്യപരമായ ഭരണവുമാണ് മതനീതി നഷ്ടപ്പെടാനും സഭയ്ക്കുള്ളിലെ അനീതിക്ക് മുഖ്യകാരണവുമെന്നുള്ള കാഴ്ചപ്പാട് സഭാസമൂഹത്തിൽ പുലിക്കുന്നേൽ അവതരിപ്പിച്ചു. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളിയെന്നാൽ പുരോഹിതരുടെ മാത്രമല്ല അത് സാമാന്യ ജനങ്ങളുടേതുമാണെന്ന തിരിച്ചറിവ് നസ്രാണികൾക്ക് പണ്ടുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതുണ്ടാകേണ്ടിയിരിക്കുന്നു.
മെത്രാന്മാരും പുരോഹിതരും അവിടെയും ഇവിടെയും കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിലുപരി മാർതോമാ ക്രിസ്ത്യാനികളുടെ സാമുദായിക ജീവിതത്തിൻറെ ആന്തര ഒഴുക്കിനെ നിയന്ത്രിക്കുകയും വികലമാക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരായി പോരാടുകയും അതിന് നേരായ ദിശാബോധം നല്കുന്നതിലുമാണ് അദ്ദേഹം ഊന്നൽ നല്കിയത്. പുരോഹിത പത്രാധിപന്മാരുടെ കീഴിൽ പ്രസിദ്ധപ്പെടുത്തുന്ന ഔദ്ധോഗിക ജിഹ്വകൾ ഒരുകാലത്തും അല്മായൻറെ അവകാശങ്ങൾക്കായി പോരാടാറില്ല. 'പെണ്ണെഴുത്ത്' പോലുള്ള പദപ്രയോഗം കൊണ്ട് സ്ത്രീകളെപ്പോലും അവഹേളിക്കുന്ന വൈദിക പ്രസിദ്ധീകരണങ്ങളാണ് അവയൊക്കെ.
മാർതോമായാൽ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണി കത്തോലിക്കാസഭയുടെ പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. 'മാർതോമായുടെ മാർഗവും വഴിപാടും' എന്ന നമ്മുടെ പഴയ അന്ത:സത്തയിലേയ്ക്കു തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നത്. ആചാരാനുഷ്ഠാനങ്ങൾകൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തിൽറെ ലക്ഷ്യം, മറിച്ച്, ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചു ജീവിക്കുകയാണ് യേശുവിൻറെ സന്ദേശമെന്ന് അദ്ദേഹം അവതരിപ്പിച്ചു.
ആധ്യാത്മികത കേവലം കുറെ ഭക്താഭ്യാസങ്ങളും ധ്യാനപരിപാടികളും വിശുദ്ധരോടുള്ള വണക്കവുമായി അധ:പതിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. യേശുവചനങ്ങളെ മനനം ചെയ്ത് ലഭിക്കുന്ന ആഴത്തിലുള്ള ഒരു ക്രൈസ്തവദർശനം ഉണ്ടാകാനുള്ള സ്വയപരിശ്രമങ്ങൾ ജനങ്ങളിൽ നടക്കുന്നില്ല. അതിനാൽ ധ്യാനാരവത്തിലും തിരുനാളാഘോഷങ്ങളിലും വൈകാരികമായി മുങ്ങിപ്പോകുന്ന ഒരു മതപ്രസ്ഥാനമായി കത്തോലിക്കാസഭ തരം താഴ്ത്തപ്പെടുന്നു. അതു മനസ്സിലാക്കിയ പുലിക്കുന്നേൽ, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണ ഗ്രന്ഥമായ ബൈബിൾ വിവർത്തനത്തിന് മുൻകൈയ്യെടുത്തു. എല്ലാ ക്രൈസ്തവവിഭാഗങ്ങൾക്കും സ്വീകാര്യമായ തരത്തിൽ തയാറാക്കിയ മലയാളം ഓശാന ബൈബിളിൻറെ പ്രചാരം വിസ്മയകരമാണ്. പത്തുലക്ഷത്തിലേറെ ഓശാന ബൈബിൾ ഏതാനും വർഷങ്ങൾകൊണ്ട് വിറ്റഴിഞ്ഞു. പുലിക്കുന്നേലിൻറെ ആശയനേതൃത്വത്തിന്നും സഭാവിമർശനങ്ങൾക്കും സഭാനവീകരണസംരംഭങ്ങൾക്കും അടിത്തറ ബൈബിൾത്തന്നെയായിരുന്നു.
പഠിപ്പും പാണ്ഡിത്യവുമുള്ള അല്മായൻറെ അഭിപ്രായങ്ങൾപോലും അർത്ഥമില്ലാത്ത ജല്പനങ്ങൾ എന്ന ഭാവത്തിൽ അവഗണിക്കുക അല്ലെങ്കിൽ അവഗണിക്കുന്നതായി മെത്രാന്മാർ നടിക്കുന്നുണ്ട്. പുലിക്കുന്നേലിനെപ്പോലുള്ള വിവരമുള്ള അല്മായരുടെ എണ്ണം കൂടിയതോടെ ഔദ്യോഗിക സഭ ചർച്ചക്കുള്ള വേദികളുടെ വാതിലുകളും അടച്ചുപൂട്ടി.
കാനോൻ നിയമം രാഷ്ട്രീയമനോഭാവത്തിൽ എഴുതിയുണ്ടാക്കിയതാണ്. യേശുദർശനത്തിൻറെ ആന്തരീകത അതിൽ തൊട്ടുതേച്ചിട്ടില്ല. തിരുവചനത്തിലെ അടിസ്ഥാന മൂല്യങ്ങളുടെ എതിർപകർപ്പാണ് കാനോൻ നിയമം. നിയമമുണ്ടാക്കാനും വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം കാനോൻ നിയമം വഴി മെത്രാനുണ്ട്. കത്തോലിക്കാ സഭ കാനോൻ നിയമസംഹിതപ്രകാരം സ്വയംഭരണം നടത്തുന്ന സംഘടനയാണെന്നും അതിനാൽ രാഷ്ട്രനിയമം അതിന് ബാധകമല്ലെന്നുമുള്ള ഗർവ്വാണ് മെത്രാന്മാർക്കുള്ളത്.
സ്വന്തമായി ചിന്തിക്കാനും പറയാനും എഴുതാനും സ്വാതന്ത്ര്യം നല്കാത്ത ഒരു സഭയിൽ നാം വിഡ്ഢികളായി ജീവിക്കുന്നു. തലച്ചോറാകുന്ന വിശിഷ്ട അവയവത്തെപ്പോലും അവർ അപമാനിക്കുന്നു! ഈ സഭ നമ്മുടെ കൂട്ടായ്മയെ അനുദിനം തകർത്തുകൊണ്ടിരിക്കുന്നു. സഭാരാഷ്ട്രീയത്തിലൂടെ അനർഹർക്കും അധികാരസ്ഥാനങ്ങൾ പങ്കിട്ടുകൊടുക്കുന്ന അവസ്ഥയിലേയ്ക്ക് സഭ അധ:പതിച്ചിരിക്കുന്നു. മെത്രാൻ സ്തുതിപാഠകരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അവിടെ അനീതി കൊടികുത്തിവാഴുന്നു. സൂര്യൻ അസ്തമിക്കാത്ത സീറോ മലബാർ സാമ്രാജ്യത്തെ സ്വപ്നംകണ്ട് സഭാധികാരികൾ പള്ളികൊള്ളുന്നു. ഈ സഭയുടെ ഇപ്പോഴത്തെപ്പോക്കിൽ നാം ലജ്ജിക്കണം.
നസ്രാണികൾക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് പുലിക്കുന്നേൽ വഹിച്ച പങ്ക് ചെറുതല്ല. മെത്രാന്മാരും പുരോഹിതരും ഭാവിയിൽ സഭാനവീകരണ പ്രസ്ഥാനക്കാരോടുള്ള ഇന്നത്തെ നിലപാടിലും സമീപനത്തിലും മാറ്റങ്ങൾ വരുത്താതിരിക്കാൻ നിർവാഹമില്ല.
പ്രശസ്തി കാംഷിക്കാതെ, ആർഭാടവങ്ങളെ ഒഴിവാക്കി, ലളിത ജീവിതത്തിന് പ്രാധാന്യം നല്കി ശുഭവസ്ത്രധാരിയായി ജീവിച്ച അദ്ദേഹം പല സ്ഥാപനങ്ങളും ഓശാന മൗണ്ടിൽ സ്ഥാപിച്ചു. ആശ്രയമില്ലാത്തവർക്ക് അദ്ദേഹം അത്താണിയായി; പാവപ്പെട്ടവർക്കുവേണ്ടി ആവുന്നത്ര അദ്ദേഹം ചെയ്തു. ഓശാന മാസിക, ഓശാന മലയാളം ബൈബിൾ, ഗുഡ് സമരിറ്റൻ പ്രോജക്റ്റ്, ക്യാൻസർ പാലിയേറ്റീവ് സെൻറെർ, ഓശാനവാലി പബ്ലിക് സ്‌കൂൾ, പ്രമേഹരോഗ ബാലികാ ഭവനം, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം, സുനാമി ബാധിതർക്ക് വീടുനിർമ്മിക്കൽ തുടങ്ങി പല പ്രസ്ഥാനങ്ങളും ജീവകാരുണ്ണ്യപ്രവർത്തനങ്ങളും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടന്നിരുന്നു. ഓശാനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും ആതുരശുശ്രൂഷാ സംരംഭങ്ങളും മാതൃകാപരമാണെന്നകാര്യം എടുത്തുപറയേണ്ടതുതന്നെ.
ഓശാന ലൈബ്രറിയും കൂടാതെ ഓശാനയിൽനിന്നും പ്രസിദ്ധീകരിച്ച സഭാസംബന്ധിയായ അനേകം പുസ്തകങ്ങളും പഠനക്ലാസ്സുകളും ചർച്ചാസഹവാസങ്ങളുമെല്ലാം വളരെ വിലപ്പെട്ടതാണ്. പുലിക്കുന്നേലിൻറെ പഠനകേന്ദ്രത്തിൻറെ മുദ്രാവാക്യംത്തന്നെ "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം" എന്നതാണ്.
വളരെ ചെലവുകുറഞ്ഞ രീതിയിലും പരമ്പരാഗത രീതിയിലും പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടും തടികൊണ്ടും നിർമ്മിച്ച കെട്ടിടങ്ങൾകൊണ്ട് അലംകൃതമായ പതിനൊന്നേക്കറോളം വരുന്ന ഓശാനാമൗണ്ട് ആരെയും ആകർഷിക്കും. പ്രകൃതിസുന്ദരമായ, ശാന്തസുന്ദരമായ, മനോഹരമായ ഓശാന ഗസ്‌റ്റ്‌ ഹൌസിൽ ഞാനും കുടുംബവും പലവട്ടം, ചിലപ്പോൾ മാസങ്ങളോളം താമസിച്ചിട്ടുണ്ട്.
മറ്റുള്ളവരെ അംഗീകരിക്കാൻ-പ്രത്യേകിച്ചും ഭിന്നാഭിപ്രായക്കാരെ- പുലിക്കുന്നേലിന് സ്വതവേ ബുദ്ധിമുട്ടായിരുന്നു. അതദ്ദേഹത്തിൻറെ പ്രത്യേക സ്വഭാവമായി അതിനെ കരുതിയാൽ മതി. എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ. 'ഓശാനയുടെ 25 വർഷം വിലയിരുത്തലുകൾ' എന്ന പുസ്തകത്തിൽ ഡോ എം. വി. പൈലി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: "ഓശാന അതിൻറെ ദൗത്യം എന്നെന്നും തുടരേണ്ടതാണ്. അതിൻറെ ദൗത്യം നാളെയും തുടരാൻ പറ്റിയ പ്രതിഭകളെ വാർത്തെടുക്കേണ്ടതുണ്ട്." അതിൽ പുലിക്കുന്നേലിന് പരാജയം പറ്റിയോ? ഭാവി തീരുമാനിക്കട്ടെ ആ കാര്യം.
ശ്രീ പുലിക്കുന്നേലിൻറെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാൽ അവ പ്രസക്തങ്ങളാണെന്ന് സാർവ്വത്രിക സമ്മതം ഉണ്ടാകും. അതുകൊണ്ടുതന്നെ അവകൾ അനവധി സംവാദങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യും. അതാണ് പുലിക്കുന്നേൽ പ്രസ്ഥാനത്തിൻറെ പ്രത്യേകത.
വൈദികനായ (വേദജ്ഞാനി) ശ്രീ പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ കാണാൻ കഴിയൂ. ഒരു നിർണായക കാലഘട്ടത്തിൽ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയർത്തിയ, ധീരമായി സഭയെ നയിച്ച മഹാനായി ഭാവിയിൽ അദ്ദേഹം അറിയപ്പെടും. ശ്രീ ജെയിംസ് ഐസക് കുടമാളൂരിൻറെ വാക്കുകൾ കടമെടുത്തുകൊണ്ട് ഞാൻ പറയട്ടെ: "കേരളസഭയിൽ അപൂർവമായി പ്രത്യക്ഷപ്പെട്ട മഹാ തേജസ്സുകളിൽ ഒന്നായി ഭാവിയിൽ ജോസഫ് പുലിക്കുന്നേൽ അറിയപ്പെടും." ആ ജന്മത്തിൻറെ വിധി അതുതന്നെ.
അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സ്നേഹിതർക്കും എൻറെയും എൻറെ കുടുംബത്തിൻറെയും സ്നേഹപൂർവ്വമായ ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

10 comments:

  1. അദ്ദേഹത്തിന്റെ മരണപത്രത്തില്‍നിന്നുള്ള ശ്രദ്ധേയമായ ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:
    ....മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കുന്നു.
    ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേല്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്കും, (b) മീനച്ചില്‍, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും, (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും, (d) ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.
    അറ്റ വരുമാനത്തില്‍ 20 % തുക ഞാന്‍ സ്ഥാപിച്ച CRLS എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാന്‍ സ്ഥാപിച്ച 'ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്തുവില്‍നിന്നുള്ള വരുമാനം, സേവനപ്രവര്‍ത്തനത്തിനായി മിച്ചംവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.
    ട്രസ്റ്റ് സ്വത്തുക്കള്‍, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വില്‍ക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാല്‍കൃത ബാങ്കിലോ റിസര്‍വ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.
    ഈ മരണപത്രത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.
    എന്റെ ഈ മരണപത്രത്തിനു പിന്നിലെ സാമൂഹികപ്രേരണ
    എനിക്ക് വിവാഹിതരായ 3 പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താല്‍ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകന്‍ രാജു ബാംഗ്ലൂരില്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസില്‍ നല്ല വരുമാനമുണ്ട്. അവന്‍ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതില്‍നിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.....
    ....എന്റെ മൃതദേഹസംസ്‌കാരം പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ മേല്‍വിചാരത്തില്‍ വേണം നടത്താന്‍. മൃതദേഹ സംസ്‌കാരത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത് ഫൗണ്ടേഷന്‍ അംഗങ്ങളാണ്. അതിനുള്ള ചെലവ് ഞാന്‍ അവരെ ഏല്പിച്ചിട്ടുണ്ട്. മൃതദേഹം വെയ്ക്കാനുള്ള പെട്ടി ഞാന്‍ പണിതു വെച്ചിട്ടുണ്ട്.
    ഞങ്ങള്‍, ഞങ്ങളുടെ കുടുംബപ്രാര്‍ത്ഥനയില്‍ നിത്യം ചൊല്ലിവന്നിരുന്ന പ്രാര്‍ത്ഥനയിലെ ഈ ഭാഗം പ്രത്യേകം ഓര്‍ക്കുക. ''കൊടുക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്.''
    എന്റെ മരണശേഷം ഈ മരണപത്രം അച്ചടിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.
    കേരള ക്രൈസ്തവസഭയുടെ മഹത്തായ പാരമ്പര്യമായ മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും പുനഃസ്ഥാപിക്കുന്നതിന് സഹായകമായവിധം ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരിക്കും അദ്ദേഹത്തിനുവേണ്ടി നല്കാവുന്ന സമുചിതമായ അന്തിമോപചാരം.

    ReplyDelete
  2. കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ ശ്രീ പുലിക്കുന്നേൽ സാറിന്റെ വേർപാട് നവീകരണ ചിന്താഗതികളുള്ള ഒരു വലിയ ലോകത്തിന്റെ തീരാനഷ്ടമാണ്.

    വ്യക്തിപരമായി ഞാൻ വളരെയധികം അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ദേഹം അദ്ധ്യാപകനായിരുന്ന കാലത്ത് അതേ കോളേജിൽ ഞാനും വിദ്യാർഥിയായിരുന്നു. നവീകരണ ചിന്താഗതികളുമായി എന്റെ എഴുത്തുകൾ ആരംഭിച്ചതുമുതൽ അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായ പരിചയപ്പെടാനും സാധിച്ചു. എന്റെ ലേഖനം ഓശാനയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം അതിനു മറുപടി എഴുതിയതും കൃതജ്ഞതയോടെ ഓർമ്മിക്കുന്നു.

    ശ്രീ പുലിക്കുന്നേൽ പഠിപ്പിക്കാൻ വളരെ സമർഥനായ അദ്ധ്യാപകനായിരുന്നുവെന്ന് അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾ പറയുമായിരുന്നു. ക്രിസ്ത്യൻ കോളേജുകളിൽ പഠിപ്പിക്കുന്ന ഒരു കോളേജദ്ധ്യാപകനെ സംബന്ധിച്ചടത്തോളം സ്വന്തം പ്രൊഫഷനിൽ ഉയരാനുള്ള കഴിവല്ല വേണ്ടത്. ളോഹ ധാരികളെ കുമ്പിട്ടു നിന്നില്ലെങ്കിൽ അവർ ദ്രോഹിക്കാവുന്നടത്തോളം ദ്രോഹിക്കും. അങ്ങനെ ശ്രീ ജോസഫ് പുലിക്കുന്നേലും പുരോഹിതരുടെ ഹീനമായ പ്രവർത്തികളിൽ ബലിയാടാകുകയായിരുന്നു. പുരോഹിതരുടെ കുതന്ത്രങ്ങളിൽപ്പെട്ട് ശ്രീ ജോസഫ് പുലിക്കുന്നേലിന് ദേവഗിരിയിലെ ജോലിയിൽനിന്നും പിരിയേണ്ടി വന്നു. അത് കേരള നവീകരണ പ്രസ്ഥാനങ്ങളുടെ ഒരു വിജയമായി മാറുകയായിരുന്നു. പിന്നീടദ്ദേഹം കേരളത്തിലെ ഒരു ലൂഥറായി മാറി സഭാ നവീകരണങ്ങൾക്കായി മുഴുവൻ സമയവും പ്രവർത്തിച്ചു.

    കേരളം കണ്ട പ്രഗത്ഭരായ എം.പി. പോളിനെയും ജോസഫ് മുണ്ടശേരിയെയും പുരോഹിത മാനേജുമെന്റുകൾ കോളേജ് അദ്ധ്യാപക ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. പുരോഹിതരുടെ അമർഷവും അനാദരവും എം. പി. പോളിന്റെ ശവശരീരത്തോടും കാണിച്ചുവെന്നുള്ളതു കേരള സഭാചരിത്രത്തിന്റെ കറുത്ത അദ്ധ്യയമാണ്. നാളിതുവരെ പോളിന്റെ കുടുംബത്തോട് കാണിച്ച അനീതിയിൽ ഒരു മെത്രാനും ക്ഷമയും പറഞ്ഞിട്ടില്ല. എം.പി. പോൾ പുരോഹിതർക്കെതിരെ തൂലിക ചലിപ്പിക്കുന്നതിനുമുമ്പെഴുതിയ സഭാ തീയോളജിയാണ് ഇന്നും പുരോഹിതർ സെമിനാരികളിൽ പഠിക്കുന്നത്.

    സഭയുടെ വിശുദ്ധ കൂദാശകളോടൊന്നും വിശ്വസമില്ലായിരുന്ന ശ്രീ പുലിക്കുന്നേൽ സാർ സ്വന്തം ഭാര്യയുടെ ശവശരീരം പോലും സഭാ കാർമ്മികരുടെ സഹായമില്ലാതെ വീട്ടുമുറ്റത്തു നടത്തി മറവു ചെയ്യുകയായിരുന്നു. ശ്രീ എം.പി. പോളിനുശേഷം കേരളത്തിലെ മെത്രാൻ പുരോഹിത ലോകം ഭയപ്പെട്ടിരുന്ന ഗർജിക്കുന്ന ഒരു സിംഹമായിരുന്നു ശ്രീ പുലിക്കുന്നേൽ.

    ശ്രീ പുലിക്കുന്നേൽ സാറിന്റെ താത്ത്വികചിന്തകളിൽ നിന്നും ഉതിർന്നു വന്ന ചില ഉദ്ധരണികൾ കാലത്തിനുമീതെയും അദ്ദേഹത്തെ നിത്യം ജീവിപ്പിക്കുന്നതാണ്. അദ്ദേഹം എഴുതി, "ക്രൈസ്തവമൂല്യങ്ങളുടെ ശുദ്ധവായു പ്രസരിപ്പിക്കേണ്ട സ്ഥാപനങ്ങള്‍ ഇന്ന് തിന്മയുടെ വിഷവായു വമിക്കുകയാണ്. ഈ തകരാറുകണ്ട് മനം ഊന്നി പ്രവര്‍ത്തിക്കാതെ സഭാനവീകരണം അസാദ്ധ്യമാണ്. ക്രിസ്തുവിന്റെ വചനങ്ങള്‍ സമൂഹത്തില്‍ വിക്ഷേപിച്ച് മൂല്യനിര്‍ദ്ധാരണം നടത്തേണ്ടവര്‍ ഇന്ന് പതിനഞ്ചും പതിനാറും വയസ്സുവരെ നല്ല കുഞ്ഞുങ്ങളായി കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ശേഷം സെമിനാരികളിലെ 8-0 കൊല്ലത്തെ പഠനത്തിനു ശേഷം പുറത്തു വരുന്ന പുരോഹിതന്‍ എടുത്തണിയുന്നത് ക്രിസ്തുവിന്റെ സേവനദൗത്യം അല്ല, നേരെമറിച്ച് കയ്യാഫാസിന്റെ അധികാര കിരീടമാണ്. കുറ്റം കുടുംബങ്ങളിലാണോ, എന്താണ് ഇതിന് കാരണം?"

    ശ്രീ പുലിക്കുന്നേൽ കത്തോലിക്ക സഭയിലെ വിഗ്രഹങ്ങൾക്കെതിരെയും ആഞ്ഞടിച്ചിരുന്നു. "ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം പൊന്നായതു കൊണ്ടാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്. അരുവിത്തുറ പുണ്യവാളന്‍ തടിയായതുകൊണ്ട് ആരും കക്കുന്നില്ലെന്നു മാത്രം. ഒരു വിഗ്രഹത്തിനും ശക്തി ഇല്ല എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്."

    മെത്രാന്മാരെ പരിഹസിക്കൽ, നർമ്മ ബോധമുണ്ടായിരുന്ന ശ്രീ പുലിക്കുന്നേൽ സാറിന്റെ ഹോബിയായിരുന്നു. "നേരത്തേ കാല് വൃത്തിയായി കഴുകിയ പന്ത്രണ്ടുപേരുടെ കാലു കഴുകുന്നതുപോലെയല്ല, കുരിശും ചുമന്നുള്ള നടപ്പ്. ശരീരം വേദനിക്കുന്ന പണിയാണ്. അതൊന്നും മെത്രാന്മാര്‍ ചെയ്യുകയില്ല. നിര്‍ബന്ധിച്ചാല്‍ ഒരു ഫോറിന്‍ കാറില്‍ ഒരു കൂരിശു കയറ്റി വെച്ച് തിരുനക്കര എത്തിച്ച് വെല്‍വെറ്റ് പൊതിഞ്ഞ കുരിശിൽ! ‍മെത്രാന്റെ തിരുക്കാല്‍ അവിടെ വെക്കും. മറ്റുള്ളവരെക്കൊണ്ട് തിരുമ്മിക്കാനുള്ള പരിശുദ്ധ അവയവമാണെന്നറിഞ്ഞുകൂടെ!"

    ശ്രീ പുലിക്കുന്നേലിന്റെ ആശയങ്ങൾ പിന്തുടരുന്ന ആയിരക്കണക്കിന് ക്രൈസ്തവർ കേരളത്തിലുണ്ട്. സത്യത്തിനും നീതിക്കുംവേണ്ടിയായിരുന്നു അദ്ദേഹം പോരാടിയിരുന്നത്. അന്ധവിശ്വാസങ്ങളെ എതിർത്തിരുന്നു. അത്ഭുതങ്ങളും രോഗശാന്തിയും നടത്തുന്ന സഭയുടെ വഞ്ചനകളും ചതിയും പച്ചയായി വിളിച്ചുപറയുമായിരുന്നു. അതുമൂലം സ്വന്തം ജീവിതത്തിനു തന്നെ ഭീക്ഷണികളുണ്ടായിട്ടും അധർമ്മങ്ങൾക്കെതിരെ ഒരു ജീവിതം മുഴുവൻ പോരാടി. ആ വലിയ മനുഷ്യന് എന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

    ReplyDelete
  3. Alex Esthappan
    യേശു ദര്ശനത്തിനനുസൃതമായി കേരള സഭയെ നവീകരിക്കുവാൻ ശ്രമിക്കുകയും സത്യത്തിനും നീതിക്കും വേണ്ടി പോരാടുകയും സ്വന്ധം സഹജീവികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു തന്റെ ജീവിതം സമർപ്പിച്ച ജോസഫ് പുലികുന്നേലെന്ന മഹാ മനുഷ്യന് എന്റെ ആദരാജ്ഞലികൾ.

    ReplyDelete
  4. Dear All,

    Joseph Pulikkunel will be remembered as the unbeatable leader of Syro Malabar Christians. He is the man who liberated us from the clutters of ignorant, dictatorial and anti Christ church leadership of the Kerala Church. The Arch Bishops, Bishops and anti Christ leadership of the church may be rejoicing today, but the laity empowered by Late Joseph Pulikuunel will continue to fight for eliminating the corrupted hierarchy of Kerala Church.

    May his soul rest in Peace.

    Jacob Kallupura

    (Former acting President, Indian Catholic Association of North America)

    ReplyDelete
  5. Jose Mullappallil
    Sorry to hear the sad demise of Mr. Pulikunnen. He was a true catholic reformer and his contributions are so great that the Malayali community especially the Syro Malabarians can never forget. May his soul rest in peace

    ReplyDelete
  6. A. C. George
    Sad news. My condolences & prayers.

    Your memory and article is most proper.

    ReplyDelete
  7. The death of Shri. Joseph Pulikunnel is a sad day for the Catholic Reform Movement in India especially in Kerala. He was not just capable of criticizing the Church, but had proved that even lay people could provide many Charitable Services without big claims and publicity. The Church Act Legislation is his Dream and getting it passed by the Kerala Assembly is a big challenge for KCRM and other Reform Movements in Kerala to undertake. In light of the recent controversial Land Deal which has created a big rift among the Syro Malabar Clergy, the relevance of the Church Act is once again emphasized. Enactment of the Church Act is the fittest tribute we can pay to the Memory of our departed Leader Shri. Joseph Pulikunnel.

    ReplyDelete
  8. Joseph
    2017-12-29 14:11:17
    'ക്രിസ്ത്യൻ' എന്ന കമ്മന്റ് എഴുതുന്ന വ്യക്തി പലപ്പോഴും എഴുതുന്നത് സഭയുടെ തീയോളജി കാര്യങ്ങളാണ്. അദ്ദേഹത്തിന് തീയോളജിയിൽ നല്ല ജ്ഞാനവുമുണ്ട്. അതുകൊണ്ടു ദൈവശാസ്ത്ര വിഷയങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ അയോഗ്യനാണ്‌. എങ്കിലും ചില സംശയങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു.

    (1) മിസ്റ്റർ ക്രിസ്ത്യൻ, മരിച്ചു കഴിഞ്ഞാൽ ഒരാൾക്ക് ജാതിയും മതവുമുണ്ടോ?

    (2) ശവം മണ്ണിൽ മാത്രമേ കുഴിച്ചിടാൻ പാടുള്ളുവെന്ന ബൈബിളിലെ വചനം ഏതു സുവിശേഷത്തിലാണുള്ളത്?

    (3) മാമ്മോദീസാ മുങ്ങി ഒരാൾ ക്രിസ്ത്യാനിയായി കഴിഞ്ഞാൽ റുഹാകുദീശാ തമ്പുരാൻ കൊടുത്തുവെന്നു വിചാരിച്ചിരിക്കുന്ന ആ വരപ്രസാദം വീണ്ടും തിരിച്ചെടുക്കാൻ ഭൂമിയിലെ മനുഷ്യന് അവകാശമുണ്ടോ? അങ്ങനെയെങ്കിൽ അയാളുടെ ക്രിസ്തീയത്വം എങ്ങനെ ഇല്ലാതാകും?

    (4) സഭാ നിയമങ്ങൾ പാലിക്കാത്ത ഒരാൾ ക്രിസ്ത്യൻ സഭയിൽ നിന്ന് 'കടക്കൂ പുറത്തെന്നു' പിണറായിയെപ്പോലെ പറയാനുള്ള അവകാശം താങ്കൾക്ക് എവിടെനിന്നു കിട്ടി? ഇത് സാധാരണ തനി പുരോഹിതപല്ലവിയാണ്! സഭയെന്നാൽ പുരോഹിതന്റെ അപ്പന്റെ സ്വത്താണോ?

    (5)അല്മായരെ സഭാമക്കളെന്നാണ് പറയുന്നത്. പുരോഹിതരുടെ കൈവശമുള്ള സഭാസ്വത്തുക്കൾ മുഴുവൻ അല്മായരുടെ പൂർവിക തലമുറകൾ മുതൽ നേടിയെടുത്തതാണ്. അങ്ങനെയെങ്കിൽ പിരിഞ്ഞുപോവുന്നവർക്കെല്ലാം സഭയുടെ സ്വത്തുക്കളുടെ വീതവും മടക്കി കൊടുക്കുമോ?

    (6) കത്തോലിക്കരുടെ മൃതദേഹവും ദഹിപ്പിക്കാമെന്ന് അടുത്തയിടെ ഫ്രാൻസീസ് മാർപ്പാപ്പായുടെ പ്രസ്താവനയുണ്ടായിരുന്നു. കത്തോലിക്കരെ ദഹിപ്പിക്കൽ അമേരിക്കയിൽ വളരെക്കാലം മുമ്പുമുതലുള്ളതാണ്. താങ്കളുടെ അഭിപ്രായമെന്ത്?

    (7) പൗരാഹിത്യം മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആണ് സഭയിൽ വന്നത്. അങ്ങനെയെങ്കിൽ പുരോഹിതരില്ലാതെ അന്നുവരെയുള്ള ശവം മറവ് ചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം വ്യക്തമാക്കുമോ? പുരോഹിതരില്ലാത്ത പ്രദേശങ്ങളിൽ ശവം മറവു ചെയ്യാനുള്ള കാർമ്മീക അധികാരം അല്മായർക്കുമുണ്ട്. അത് ക്രിസ്തീയതയോ?

    (8) ശ്രീ പുലിക്കുന്നേൽ സ്വന്തം ജീവിതകാലത്ത് ഒരിക്കലും താൻ കത്തോലിക്കൻ അല്ലെന്ന് പറഞ്ഞിട്ടില്ല. മറ്റൊരു മതത്തിലേക്കും പരിവർത്തനവും ചെയ്തിട്ടില്ല. ആ സ്ഥിതിക്ക് എന്തുകൊണ്ട് അദ്ദേഹത്തിന് സഭാ പരിഷ്ക്കരണത്തെപ്പറ്റി സംസാരിച്ചുകൂടാ?

    (9) കത്തോലിക്കരായ ദളിതർക്ക് പുരോഹിതർ ശവ സംസ്ക്കാര കർമ്മങ്ങൾ നിഷേധിച്ച സമയങ്ങളിൽ അതിനെതിരായി പ്രതിക്ഷേധ ശബ്ദം ഉയർത്തി പാവങ്ങളുടെ ഒപ്പം അദ്ദേഹം ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ക്രിസ്തു ആർക്കു നീതി കൽപ്പിക്കും? പുരോഹിതനോ ? പുലിക്കുന്നലിനോ?

    (10) അദ്ദേഹത്തിൻറെ മരണാപത്രത്തിൽ അദ്ദേഹത്തിൻറെ അവശേഷിച്ചിരിക്കുന്ന കോടിക്കണക്കിന് സ്വത്തുക്കൾ ദരിദ്രർക്കാണ് എഴുതി വെച്ചിരിക്കുന്നത്? ഇത് ക്രിസ്തീയതയോ? അതോ സ്വത്തുക്കൾ തട്ടിപ്പു നടത്തുന്ന പള്ളിക്കും അരമനയ്ക്കും കൊടുക്കണമായിരുന്നോ? മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു.
    (11) ബൈബിൾ മലയാളത്തിൽ പരിവർത്തനം ചെയ്തു ക്രിസ്തുവിനെ അറിഞ്ഞ ഈ വ്യക്തി എങ്ങനെ ക്രിസ്ത്യാനിയല്ലാതെയാവുമെന്നും വ്യക്തമാക്കാമോ?

    Christian
    2017-12-29 12:21:17
    His body was cremated at home. Obviously, he has no belief in Catholic teachings. Why people who do not believ in the Catholic Church want changes in church? They are questioning the very basics of the church. Such people, like almaya sabdam supporters, can leave the church and start another church with their ideals.
    We will remain with Catholic indoctrination and bishop/priest's authority

    ReplyDelete