Translate

Thursday, May 23, 2019

കെസിആർഎം നോർത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോൺഫെറൻസ് ജൂൺ 12-ന്



ചാക്കോ കളരിക്കൽ

ജൂൺ 12, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോൺഫെറൻസിൽ ന്യൂയോർക്കിൽ നിന്നുള്ള ശ്രീ ജോർജ് തൈല "സുവിശേഷത്തിലെ യേശുവിനെ തേടി" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്. തൊടുപുഴ താലൂക്കിൽ കുണിഞ്ഞി എന്ന സ്ഥലത്ത് ജനിച്ച ശ്രീ തൈല ഈശോസഭക്കാരുടെ പൂനയിലുള്ള വിദ്യാ ജ്യോതി സെമിനാരിയിൽനിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ഡിഗ്രികളും തിരുവന്തപുരത്തുള്ള ലയോള കോളേജിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്. അതിനുശേഷം ലയോള കോളേജിൽത്തന്നെ ആറുവർഷം അധ്യാപകനായി ജോലിചെയ്തു. പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറി. ന്യൂയോർക്ക് സ്റ്റേറ്റുവക സൈക്കിയാട്രിക് ഹോസ്‌പിറ്റലിൽ സോഷ്യൽ വർക്കാറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2015-ൻ അഡ്മിനിസ്ട്രേറ്റർ തസ്‌തികയിൽനിന്നും റിട്ടയർ ചെയ്തു. ഇപ്പോൾ സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും യേശുവിനെ സംബന്ധിച്ച പഠനങ്ങൾ ദൈവശാസ്ത്രജ്ഞരുടെ ഇടയിലും ചരിത്രകാരന്മാരുടെ ഇടയിലും ഇന്നും സജീവമായിത്തന്നെ തുടരുകയാണ്. യേശു തൻറെ ശിഷ്യരോട്‌ തിരക്കി താനാരാണെന്ന്. "അവൻ ശിഷ്യന്മാരോടു ചോദിച്ചു: 'മനുഷ്യപുത്രൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?" കൂടാതെ യേശു ശിഷ്യരോടായി ചോദിക്കുന്നത്: "എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ശിമയോൻ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിൻറെ പുത്രൻ' " (മത്താ. 16: 13-16). ചരിത്രത്തിലെ യേശു, വിശ്വാസത്തിലെ ക്രിസ്തു, മനുഷ്യപുത്രൻ, ദൈവപുത്രൻ തുടങ്ങിയ യേശുവിനെ സംബന്ധിച്ച വിഷയങ്ങൾ നാം ഇന്ന് എപ്രകാരമാണ് മനസ്സിലാക്കേണ്ടത്? നമ്മുടെ ജീവിതത്തിൽ യേശുവിനുള്ള പ്രാധാന്യമെന്ത്? സഭയ്ക്കും ലോകത്തിനുമുള്ള പ്രാധാന്യമെന്ത്?  കഴിഞ്ഞ രണ്ട് നൂറ്റാണ്ടിൽ ഈ വിഷയങ്ങൾ നിരൂപണ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. യേശുവിൻറെ സാമൂഹ്യകാലഘട്ടം, ചെറുപ്പകാലം, പരസ്യജീവിതം, സഹനം, മരണം, പുനരുത്ഥാനം എല്ലാം ഇന്നും പഠനവിഷയങ്ങൾ ആണെങ്കിലും ഓരോ വ്യക്തിയും യേശുവിനെ അന്വഷിച്ചറിയുകയാണ് വേണ്ടത്. യേശുവിൻറെ ദൗത്യത്തെ മനസ്സിലാക്കുന്നതിനും യേശുവുമായി കൂടുതൽ അടുക്കുന്നതിനും സുവിശേഷത്തെ പണ്ഡിതോചിതമായി പഠിച്ചിട്ടുള്ള ശ്രീ തൈലയുടെ വിഷയാവതരണം തീർച്ചയായും സഹായകമാകും.

നിങ്ങൾ ഏവരേയും ആ ടെലികോൺഫെറൻസിലേയ്ക്ക് സ്നേഹപൂർവം ക്ഷേണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ജൂൺ 12, 2019 ബുധനാഴ്ച (June 12, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

 

No comments:

Post a Comment