Translate

Wednesday, May 22, 2019

ചതി, വ്യാജരേഖ, ഗൂഢാലോചന, പണാപഹരണം എല്ലാം മറന്ന് ഇനിയും സഹിക്കരുത്. അതിരൂപത ഔദ്യോഗികമായി പരാതി കൊടുക്കണം.

ഷൈജു ആൻറണി.
AMT വക്താവ്.

വ്യാജരേഖയോ? അതൊക്കെ ചീളു കേസല്ലേ?
എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസിലെ രേഖകൾ പരിശോധിച്ചാൽ മുന്നാധാരം മുതൽ അസ്സലാധാരം വരെ നിറയെ വ്യാജരേഖകളാണ്. ഇവയിൽ പലതിനും എതിരെ കേസെടുക്കണമെന്ന് പലരും പലവട്ടം ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നല്കി. കേസെടുത്തില്ല കമ്മീഷണർക്ക് പരാതി നല്കി. കേസെടുത്തില്ല. അവരുടെ മറുപടി ഇതൊക്കെ ചീളു കേസാണ് എന്നായിരുന്നു.
1) വ്യാജ പട്ടയം : ഒരു ഭൂമിയുടെ വില്പന നടത്തിയത് വ്യാജ പട്ടയമുണ്ടാക്കിയാണ്. എറണാകുളം ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ മുഖാന്തിരം 1976 ൽ 157 മെമ്പറായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരിൽ ഈ സ്ഥലം പതിച്ചു ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തിൽ പറയുന്നത്. 392 ആം നമ്പർ പട്ടയം ആണ് ഇതെന്നും ആധാരത്തിൽ പറയുന്നു. എന്നാൽ 1976ൽ എറണാകുളം-അങ്കമാലി അതിരൂപത എന്നപേരിൽ ഒരു രൂപത തന്നെ നിലവിലുണ്ടായിരുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽവന്നത് 1992ലാണ്. അതിനുമുമ്പേ ഈ രൂപതയുടെ പേരിൽ പട്ടയം ലഭിച്ചു എന്നാണ് ആധാരം പറയുന്നത്.
എന്നാൽ വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖകളിൽ 392 നമ്പറിൽ കാണുന്നത് കുഞ്ഞു താത്തി എന്നപേരിൽ ഒരാൾക്ക് കുടികിടപ്പ് പതിച്ചുകൊടുത്ത രേഖകളാണ്. പെട്ടെന്നുള്ള സ്ഥലം വില്പന നടക്കാൻ വേണ്ടി വ്യാജരേഖകളുണ്ടാക്കി എന്ന് വ്യക്തമാക്കുന്നു ഈ രേഖകൾ. ഇതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കമ്മീഷണർക്കും പരാതിപ്പെട്ടു. ആരും സ്വീകരിച്ചില്ല. അത് പറഞ്ഞ് കോടതിയിൽ പോയിരിക്കയാണ് ഇപ്പോൾ, വ്യാജരേഖയോ, അതു വെറും ചീളു കേസല്ലേ?
2) വ്യാജ റെസലൂഷൻ : സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് പത്തു കോടി രൂപ ലോണെടുത്തത് വ്യാജരേഖകൾ നൽകിയാണ്. ആർച്ച് ഡയസ്സിയൻ സോഷ്യൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് (AlCO) യുടെ പേരിൽ കൂടാത്ത ബോർഡ് മീറ്റിംഗിൻ്റെ ഇല്ലാത്ത റെസലൂഷനും മിനിട്സും ഉണ്ടാക്കിയാണ് ലോൺ എടുത്തത്. ഇതറിഞ്ഞിട്ടും ബാങ്കിന് പരാതിയില്ല. പൊലീസും കേസെടുക്കുന്നില്ല.
ഇതും വെറും ചീള് കേസാണ്·
3) വ്യാജ ഡി.ഡി. : ഭാരത മാതാ കോളേജിന് എതിർവശം 62.33 സെൻ്റ് സ്ഥലത്തിൽ നിന്നും 60.29 സെൻ്റ് സ്ഥലം വിറ്റത് (ബാക്കി ദാനം നല്കി) 3 കോടി 99 ലക്ഷത്തി 70 ആയിരം രൂപയുടെ ഡി.ഡി ലഭിച്ചു എന്നു കാണിച്ചാണ് ആധാരം രജിസ്റ്റർ ചെയ്തത്. എന്നാൽ ആ നമ്പറിലോ തുകക്കോ ഒരു ഡി. ഡി പോലും എടുത്തിരുന്നില്ല എന്ന് പിന്നീട് നടന്ന അന്വേഷണങ്ങൾ വ്യക്തമാക്കി.
പൊലീസിന് ഇതും കേസെടുക്കാവുന്ന കുറ്റമല്ല. കാരണം ചീളു കേസാണ്.
എന്നാൽ ബിഷപ്പ് മനത്തോടത്ത് രഹസ്യമായി ആർച്ച് ബിഷപ്പിന് കൈമാറിയ 28 പേജ് രേഖകളിലെ ഒരു പേപ്പറിൽ പറഞ്ഞിരിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയി എന്നത് ബ്രഹ്മാണ്ട കേസാണ്. ഓർക്കണം. ബാക്കി പേജുകളിലെ വിവരങ്ങളെ സംബന്ധിച്ചോ രേഖകളിലുള്ള മറ്റു ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചോ ആർക്കും പരാതികളില്ല. എന്നാലും ഈ കേസിൽ ഈ അക്കൗണ്ട് നമ്പറിനെക്കുറിച്ച് മാത്രമെ അന്വേഷിക്കൂ. ഇതിന് വേണ്ടി ASP യുടെ കീഴിൽ DYSP യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം. ഡസൻ കണക്കിന് പൊലീസുകാർ· അനധികൃത കസ്റ്റഡി. കസ്റ്റഡി മർദ്ദനം· ടോണി അച്ചനെ അറസ്റ്റ് ചെയ്യാൻ 3 വണ്ടി പൊലീസ് സാൻജോ നഗർ പള്ളിയിലേക്ക് ഇരച്ചു കയറുന്നു. എന്തെല്ലാം കോലാഹലങ്ങൾ.
എന്തായിരിക്കും കാരണം. പരാതിക്കാരൻ്റെ ശക്തി. മറ്റു പരാതികൾ കൊടുത്തത് വെറും സാധാരണക്കാരായ അൽമായർ. വെറും ഏഴാം കൂലികൾ· നിയമവും പൊലീസും പ്രമുഖർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിയണം.
അതിനാൽ ഭൂമി കുംഭകോണത്തിലെ മുഴുവൻ വ്യാജരേഖകളെക്കുറിച്ചും അന്വേഷിക്കാൻ അതിരൂപത ഔദ്യോഗികമായി പരാതി കൊടുക്കണം. ബിഷപ്പ് മനത്തോടത്ത് തന്നെയോ വൈദിക സമിതി സെക്രട്ടറിയോ പരാതിക്കാരനായി ഉടൻ പരാതി രജിസ്റ്റർ ചെയ്യണം. ടോണി അച്ചൻ അറസ്റ്റിലായാൽ അതിരൂപത ഇനിയും അമാന്തിക്കരുത്. ചതി, വ്യാജരേഖ, ഗൂഢാലോചന, പണാപഹരണം എല്ലാം മറന്ന് ഇനിയും സഹിക്കരുത്.
ഇത് ഈ രൂപതയിലെ അഞ്ചു ലക്ഷം വിശ്വാസികളുടെ വികാരമാണിത്. ഒട്ടും വൈകരുത്.

No comments:

Post a Comment