Translate

Tuesday, May 7, 2019

ചരിത്രത്തിൽ പെൺചിന്തകളെ തകർക്കുവാൻ ശ്രമിച്ചിട്ടുള്ളത് 'മതസംരക്ഷകർ'മാത്രം

ഫാ. മാർട്ടിൻ ആന്റണി

https://www.marunadanmalayali.com/scitech/cyber-space/catholic-priest-viral-fb-post-145923 

ക്രിസ്തുമതത്തിൽ സ്ത്രീയെ അരികിലേക്ക് നീക്കുക എന്ന സംഗതി തുടക്കം മുതലുണ്ട്. മഗ്ദനലാമറിയം അതിന്റെ ഒരു ഉദാഹരണമാണ്. അപ്പോൾ ക്രിസ്തുമതം ഉയർത്തിപിടിക്കുന്ന അമ്മ സങ്കല്പത്തേക്കുറിച്ച് ചോദ്യം ഉയരാം. അത് മറിയത്തിന് നൽകിയിരിക്കുന്ന വലിയൊരു പ്രവിലേജ് ആണ്. മറിയത്തിന്റെ ധൈര്യത്തെ കുറിച്ച് എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല എന്നതിനു പിന്നിൽ വലിയൊരു തന്ത്രമുണ്ടെന്നും ഫാ. മാർട്ടിൻ ആന്റണി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം
പഴയൊരു ഫിലോസഫിക്കൽ പ്രമാണീകരണമുണ്ട്. 'അപരിമേയമായതിനെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ് പുരുഷന്മാർക്കാണുള്ളത്. സ്ത്രീകൾക്കാകട്ടെ പരിമിതമായവകളെ വിവേചിക്കുക എന്ന കഴിവ് മാത്രമേയുള്ളൂ'. അപരിമേയത, അനന്തത, നിത്യത, ദൈവം, ഇവകളെല്ലാം പുരുഷന്റെ കുത്തകകളാണ്. അങ്ങോട്ടൊന്നും താത്ത്വിക വിചാരങ്ങളുമായി സ്ത്രീകൾ കടന്നു വരരുത്. അവർ ഇവിടെ ഇന്ദ്രിയഗോചരമായ ചില വിഷയങ്ങളിൽ രമിച്ചാൽ മാത്രം മതി. ഇതാണ് മുകളിൽ കുറിച്ച ആ പ്രമാണീകരണത്തിന്റെ പച്ചയായ ഭാഷ്യം. ആ വരികളിൽ പുരുഷമേധാവിത്വ ഗർവിന്റെ ചരിത്രമുണ്ട്. ദൈവത്തെ പുല്ലിംഗമാക്കിയതിന്റെ തൻപോരിമയുണ്ട്. സ്ത്രീകളെ അരിക് വൽക്കരിച്ച കുടിലതയുണ്ട്. അതുകൊണ്ടെന്താ. 'നീ പെണ്ണല്ലേ? നീ വലിയ കാര്യം ഒന്നും സംസാരിക്കണ്ട'. 'ഞങ്ങൾ പറയും നീ കേട്ടാൽ മതി'. ഇങ്ങനെയുള്ള ചെവിട്ടോർമ്മകൾ പെണ്ണ് എവിടെയുണ്ടോ അവിടെയെല്ലാം വാക്കുകളായി മാത്രമല്ല നോട്ടമായും മനോഭാവമായും നിശബ്ദതയായും ആംഗ്യമായും ആചാരമായും നിറയുവാൻ തുടങ്ങി. അങ്ങനെ ചരിത്രം പുരുഷന്റേതു മാത്രമായി പന്തലിച്ചു.
ചരിത്രത്തിൽ പെൺ ചിന്തകളെ തകർക്കുവാൻ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകർ മാത്രമാണ്. അത് എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ട്. ക്രിസ്തു മതത്തെ സംബന്ധിച്ച സ്ത്രീയെ അരിക് വൽക്കരിക്കുക എന്ന സംഗതി തുടക്കംമുതൽ തന്നെ ഉണ്ടായിട്ടുണ്ട്. മഗ്ദലനമറിയം അതിന്റെ ഒരു ഉദാഹരണമാണ്. അപ്പോൾ ചോദിക്കാം ക്രിസ്തുമതം ഉയർത്തിക്കാണിക്കുന്ന അമ്മ സങ്കല്പത്തെക്കുറിച്ച്. അമ്മ സങ്കല്പം മറിയത്തിന് നൽകിയിരിക്കുന്ന വലിയൊരു പ്രിവിലേജാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ അത് പുരുഷാധിപത്യത്തിലേക്ക് നോട്ടം പതികാതിരിക്കുന്നതിനു വേണ്ടിയുള്ള ഒരു കോലമാണ് എന്നു പറയാം. അതിന് ആദിമകാലത്ത് ഉണ്ടായിരുന്ന മറിയത്തെ കുറിച്ചുള്ള പഠനങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. മറിയം എളിമയുള്ളവളാണ്. അനുസരണയുള്ളവളാണ്. നിശബ്ദയാണ്. സഹിക്കുന്നവളാണ്. അനുസരിക്കാൻ പഠിപ്പിക്കുന്നവളാണ്. അങ്ങനെയങ്ങനെ പോകുന്നു. പക്ഷേ, 'ഇതെങ്ങനെ സാധിക്കും' എന്ന് ചോദിച്ച അവളുടെ ധൈര്യത്തെ കുറിച്ച് പഠിപ്പിക്കുവാൻ ആരും അന്ന് തുനിഞ്ഞില്ല. എന്തുകൊണ്ട് ആ ധൈര്യത്തെ കുറിച്ചൊന്നും പഠിപ്പിച്ചില്ല എന്ന് ചോദിക്കരുത്. അതിനു പിന്നിലുണ്ടായിരുന്നത് ഒരു തന്ത്രമായിരുന്നു. സ്ത്രീ ഞങ്ങൾക്ക് മറിയത്തെ പോലുള്ള അമ്മയാണെന്ന് പറയുകയും അവളെ അരങ്ങിലേക്ക് അടുപ്പികാതിരിക്കുകയും ചെയ്യുന്ന തന്ത്രം. അതുകൊണ്ടു തന്നെ സ്ത്രീകൾക്ക് നൽകിയിരുന്ന ആദ്യ ആത്മീയ പാഠം നിശബ്ദമായി സഹിക്കുക എന്നതായിരുന്നു. കർട്ടന് പിന്നിൽ നിന്നാൽ മതി മുന്നിലേക്ക് വരേണ്ട. നിശബ്ദയാകുക. സഹിക്കുക. പിന്നെ ഒരു കാര്യം കൂടി ഉണ്ടായിരുന്നു. അത് ചിന്തിക്കരുത് എന്നതായിരുന്നു. ചിന്തിക്കുക എന്നത് സ്ത്രീകൾക്ക് നിരോധിച്ചിരിന്ന ഒരു കാര്യമായിരുന്നു.
ആദ്യത്തെ ഗണിതശാസ്ത്രജ്ഞയും തത്വചിന്തകയും ആയ ഹൈപ്പേഷ്യയുടെ കൃതികൾ നശിപ്പിക്കുന്നതിനും അവളുടെ മരണത്തിന് കാരണക്കാരനായതും അലക്‌സാണ്ട്രിയായിലെ സിറിൽ ആയിരുന്നുവെന്ന കാര്യം ഉബർത്തോ ഏക്കോയുടെ ഒരു ലേഖനത്തിൽ വായിച്ചത് ഓർക്കുന്നു. നോക്കുക, അലക്‌സാണ്ട്രിയായിലെ സിറിൽ ഇന്ന് വേദപാരംഗതനായ ഒരു വിശുദ്ധനാണ്! പുരുഷന്റെ വിശുദ്ധി എന്ന സങ്കല്പത്തിൽ സ്ത്രീയേയും അവളുടെ ചിന്തകളേയും പാപവും പാപാത്മകവുമായിട്ടെ എല്ലാ മതങ്ങളും കരുതിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഒരു Historia mulierum അഥവാ ഒരു സ്ത്രീ ചരിത്രത്തിനായി തുനിഞ്ഞാൽ അവരുടെ ചിന്തകൾ കത്തിച്ചാമ്പലായ ചാരങ്ങൾ ആയിട്ടേ കാണുവാൻ സാധിക്കൂ. ഹൈപ്പേഷ്യയെ പോലെ അവരുടെ പേരുകൾ നമുക്ക് കിട്ടും. പക്ഷേ അവരുടെ ചിന്താസംഹിതകൾ ഒന്നും തന്നെ ലഭിക്കില്ല. സഭയുടെ ചരിത്രത്തിൽ സ്ത്രീകളുടെ ആഴമായ ചിന്തകളെ അംഗീകരിക്കാൻ തുടങ്ങിയത് തന്നെ മധ്യ കാലഘട്ടത്തിനു ശേഷമായിരുന്നു. സിയന്നയിലെ കാതറിന്റെ ചിന്തകൾ അപരിമേയതയുടെ മേലുള്ള പുരുഷാധിപത്യത്തെ തകർക്കുന്നവകളായിരുന്നു.
ദൈവികമായ കാര്യങ്ങളിൽ സ്ത്രീകൾക്ക് എന്ത് കാര്യം എന്ന് ചോദിക്കുന്നത് ചില ആചാര സംരക്ഷകർ മാത്രമല്ല. തത്വശാസ്ത്രവും ദൈവശാസ്ത്രവുമൊക്കെ പഠിച്ച ചില അജപാലകരുമുണ്ട് നമ്മുടെയിടയിൽ. തത്വശാസ്ത്രവും ദൈവശാസ്ത്രവും ബൈബിളുമൊക്കെ സ്ത്രീകൾ അല്ലെങ്കിൽ സിസ്റ്റേഴ്‌സ് പഠിക്കുന്നു എന്ന് കാണുമ്പോൾ കുരു പൊട്ടുന്ന ചില ഇടയന്മാർ. ഒരുദാഹരണം ഇതാ. കഴിഞ്ഞദിവസം ബൈബിളിൽ ഉന്നതപഠനം നടത്തുന്ന ഒരു സിസ്റ്റർ അവരുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഒരു വരി എഴുതി. അത് ഇതാണ്, 'The absence of the feminine voice and perspective impoverishes debate and the Church's journey, depriving discernment of a precious contribution'. അതിനുശേഷം ചില സഭാ സംരക്ഷകർ വട്ടു പിടിച്ചത് പോലെയാണ് ആ പാവത്തിനോട് പെരുമാറുന്നത്. 'എന്താണ് നിന്റെ ഉദ്ദേശം?' 'നീ സഭയെ മോശമായി ചിത്രീകരിക്കാൻ ആണോ ശ്രമിക്കുന്നത്?'ചോദ്യങ്ങൾ ഇങ്ങനെ വരുകയാണ്. സത്യം പറഞ്ഞാൽ ആ വരികൾ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണ്. പക്ഷേ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ല. അവരെ സംബന്ധിച്ച് ഒരു സിസ്റ്റർ അങ്ങനെയൊന്നും പറയാൻ പാടില്ല എന്നതാണ്. ഒരു സ്ത്രീ ആഴമായ വിഷയങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കരുത്. സിസ്റ്റർമാരൊക്കെ വലിയ വലിയ കാര്യങ്ങൾ ഒന്നും പറയണ്ട അവർ ഇങ്ങനെ പാട്ടുംപാടി കൊന്തയും ചൊല്ലി നടന്നാൽ മതി.
ഞാൻ ആലോചിക്കുകയായിരുന്നു. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഡോക്ടറേറ്റ് നേടിയ ഒത്തിരി കന്യാസ്ത്രീമാർ മലയാള മണ്ണിലുണ്ട്. പക്ഷേ നല്ല ശതമാനവും നിശബ്ദതയുടെ മേഘപടലത്തിൽ വസിക്കുകയോ അല്ലെങ്കിൽ ഭരണചക്രത്തിന്റെ സ്റ്റീയറിങ്ങുമായി മല്ലിടുകയുമാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും അവരുടെ ചിന്തകളും ശ്രവിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അതിനായി ഒരു കോമൺ ഫോറം ഉണ്ടാകണം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉയർന്നു വരട്ടെ. അവരുടെ ഉയർച്ചയിൽ കുരു പൊട്ടുന്നവർ പരസ്പരം പുറം മാന്തി സുഖം അനുഭവിക്കട്ടെ.

No comments:

Post a Comment