Translate

Sunday, May 12, 2019

പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാർതോമാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചർച്ച് ട്രസ്റ്റ് ബില്ലും


 
ചാക്കോ കളരിക്കൽ

(കെസിആർഎം നോർത് അമേരിക്കയുടെ 17-മത് ടെലികോൺഫെറെൻസ് മെയ് 08, 2019 നടക്കുകയുണ്ടായി. ആ കോൺഫെറെൻസിൽ കെസിആർഎം നോർത് അമേരിക്കയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കൽ അവതരിപ്പിച്ച പ്രബന്ധമാണ് ചുവടെ ചേർക്കുന്നത്)

പ്രാരംഭം

ചർച്ചാവിഷയം: “പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചർച്ച് ട്രസ്റ്റ് ബില്ലും”. വളരെ വിപുലവും പ്രാധാന്യം അർഹിക്കുന്നതുമായ ഒരു വിഷയമാണ് വിശകലനം ചയ്യാൻ പോകുന്നത്.

മാർതോമാനസ്രാണിക്രിസ്ത്യാനികളുടെ സഭാജീവിതപാരമ്പര്യങ്ങളെയും പുതുതായി ആ സഭയ്ക്ക് ബാധകമാക്കിയ പൗരസ്ത്യസഭകളുടെ കാനോനകളെയുംപ്പറ്റി ഒരു താരതമ്യപഠനം നടത്തി വിലയിരുത്തുമ്പോഴാണ് ചർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രസക്തിയും പ്രാധാന്യവും നമുക്ക് വ്യക്തമാകുന്നത്. കെസിആർഎം നോർത് അമേരിക്കയുടെ പ്രവർത്തനലക്ഷ്യവുമായി ഈ ചർച്ചാവിഷയത്തിന് ഗാഢമായ ബന്ധമുണ്ട്.

ഇഹലോകജീവിതത്തിൻറെ പ്രാരാബ്ധങ്ങളിൽ മുഴുകിജീവിക്കുന്ന സാധാരണക്കാരായ സഭാംഗങ്ങൾക്ക് സഭാപാരമ്പര്യങ്ങളെ മനസ്സിലാക്കാനോ  സഭാനിയമങ്ങളെ വായിച്ചുപഠിക്കാനോ കഴിയാറില്ല. എന്നാൽ മാർതോമാക്രിസ്ത്യാനികളുടെ മതജീവിതരംഗത്ത് പുത്തൻ നിയമസംഹിത അവരറിയാതെ നടപ്പിലാക്കുമ്പോൾ അതിൻറെ ഗുണദോഷങ്ങൾ നാം സസൂഷ്‌മം പഠിക്കേണ്ടിയിരിക്കുന്നു. കാരണം, സഭാനിയമങ്ങൾക്ക് എപ്പോഴും സഭാജീവിതപരമായ ഒരു മാനമുണ്ട്. അതായത്, സഭാനിയമങ്ങൾ വിശ്വാസികളുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയായിരിക്കണം. ആത്മാക്കളുടെ രക്ഷയാണ് സഭയുടെ സുപ്രധാന നിയമം.

പാശ്ചാത്യ/പൗരസ്ത്യസഭകൾ, സഭ/റീത്ത്, നസ്രാണിപാരമ്പര്യങ്ങൾ തുടങ്ങിയ അടിസ്ഥാനപരമായ ചില വിഷയങ്ങൾ ചുരുക്കമായി വിശദീകരിച്ചശേഷം കാനോനകളെയും ചർച്ച് ട്രസ്റ്റ് ബില്ലിനെയും സംബന്ധിച്ച്‌ സംസാരിക്കാമെന്ന് കരുതുന്നു.

പാശ്ചാത്യസഭയും പൗരസ്ത്യസഭകളും

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഒരു പാശ്ചാത്യസഭയും, എന്നുവെച്ചാൽ ലത്തീൻസഭയും, സീറോമലബാർ സഭയും മറ്റ് 22 റോമൻ പൗരസ്ത്യസഭകളും കൂടിയതാണ് മാർപാപ്പ തലവനായുള്ള റോമൻ കത്തോലിക്കാസഭ. അപ്പോൾ കത്തോലിക്കാസഭയിൽ മൊത്തം 24 സഭകളുണ്ട്, അതല്ലായെങ്കിൽ 24 റീത്തുകളുണ്ട് എന്നും പറയാം. അതുസംബന്ധമായ കൂടുതൽ വിശദീകരണം പിന്നാലെ പറയാം. കത്തോലിക്കാസഭയിൽ ഒരേ വിശ്വാസ/കൂദാശ പൈത്രുകമാണെങ്കിലും വൈവിധ്യമാർന്ന രീതിയിൽ വിവിധ സഭകൾവഴി അത് ആവിഷ്‌ക്കരിക്കപ്പെടുന്നു. ആദ്യനൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന ഇറ്റലി, ടർക്കി, സിറിയ, ഈജിപ്റ്റ്, പാലസ്റ്റൈൻ എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചു പ്രവിശ്യകളും പിൻകാലത്ത് റോമാ, കോൺസ്റ്റാൻറ്റിനോപ്പിൾ, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ, ജെറുശലേം എന്നീ പട്ടണങ്ങളെ കേന്ദ്രീകരിച്ച് പാത്രിയാർക്കൽ സഭകളായി. അതിൽ റോം പാശ്ചാത്യ പാത്രിയാർക്കൽ സഭയും മറ്റ് നാല് പാത്രിയാർക്കൽ സഭകൾ റോമൻ പൗരസ്ത്യ പാത്രിയാർക്കൽ സഭകളുമായി. പാശ്ചാത്യസഭ, പൗരസ്ത്യസഭകൾ എന്ന വേർതിരുവുകളും നാമങ്ങളും റോമാസാമ്രാജ്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എ ഡി മൂന്നാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ഡയോക്ളീഷൻ ചക്രവർത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു, പാശ്ചാത്യവും പൗരസ്ത്യവും. റോമാസാമ്രാജ്യത്തിൻറെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതിർത്തി വിഭജനത്തിൻറെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാർക്കൽ സഭകൾ ഉണ്ടായത്. റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാർക്കൽ സഭകളും പിൻകലങ്ങളിൽ വിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്കാസഭയിൽ 22 റോമൻ പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യ റോമൻ പാത്രിയാർക്കൽ സഭ വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീൻറീത്തായി തുടരുന്നു. ആ സഭയുടെ തലവൻ റോമിൻറെ മെത്രാനും പാത്രിയാക്കീസുമായ മാർപാപ്പയാണ്. മാർപാപ്പമാർക്ക് നിരവധി സ്ഥാനനാമങ്ങളുണ്ട്. റോമൻ പേട്രിയാർക്ക് എന്ന സ്ഥാനനാമം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിൻറെ ഭരണകാലത്ത് എടുത്തുകളയുകയുണ്ടായി.

റോമാസാമ്രാജ്യത്തിൻറെ കിഴക്കുസ്ഥിചെയ്യുന്ന ഭാരതത്തിൽ തോമാശ്ലീഹ സ്ഥാപിച്ച സഭയായ മാർതോമാനസ്രാണിസഭ റോമൻ പൗരസ്ത്യസഭകളിൽപ്പെട്ട സഭയല്ല. അത് തോമാസ്ലീഹ സ്ഥാപിച്ച കേരളത്തിലെ തനതായ അപ്പോസ്തലിക സഭയാണ്. ഏതാനും റോമൻ പൗരസ്ത്യസഭകാളിലെ മെത്രാപ്പോലീത്തമാർ മലങ്കരയിലെത്തി, പ്രത്യേകിച്ച് ഉദയമ്പേരൂർ സൂനഹദോസു കാലഘട്ടംവരെ (1599), അവർ നസ്രാണികൾക്ക് ആധ്യാത്മിക ശുശ്രൂഷകൾ ചെയ്‌തിരുന്നെങ്കിലും നസ്രാണിസഭ ഒരു കാലത്തും വിശ്വാസപ്രഖ്യാപനംവഴിയായോ  ഭരണപരമായോ റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ളത് ഒരു ചരിത്രസത്യമാണ്. പോർച്ചുഗീസുകാർ മലങ്കരയിലെത്തി വേദം പ്രസംഗിച്ച് പുതുതായി യേശുമാർഗത്തിൽ ചേർത്ത ക്രിസ്ത്യാനികളുടെ ആരാധനഭാഷ ലത്തീൻ ആയിരുന്നതുകൊണ്ട് അവരെ ലത്തീൻകാർ എന്നും നാട്ടുക്രിസ്ത്യാനികളായിരുന്ന മാർതോമാനസ്രാണി ക്രിസ്ത്യാനികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതുകൊണ്ട് അവരെ സുറിയാനിക്കാർ എന്നും വിളിച്ചിരുന്നു. സുറിയാനിക്രിസ്ത്യാനികൾ എന്ന് പോർച്ചുഗീസുകാർ നസ്രാണികളെ അധിസംബോധന ചെയ്തതുകൊണ്ട് അവർ കൽദായ പാത്രിയാക്കീസിൻറെ കീഴിലുള്ള ഒരു സഭാകൂട്ടായ്‌മ ആയിരുന്നൂയെന്ന് അർത്ഥമാക്കുന്നില്ല. അക്കാര്യം വ്യക്തമായിയെന്ന് കരുതുന്നു. അടുത്തത്,

സഭകളും റീത്തുകളും

സീറോ മലബാർ സഭ, സീറോ മലബാർ റീത്ത് എന്ന വ്യത്യാസപ്പെട്ട പേരുകളെ വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്. സഭയും റീത്തും രണ്ടാണെന്ന് പൗരസ്ത്യ സഭകളുടെ കാനോനകളിൽ വ്യക്തമാക്കുന്നുണ്ട്. പൗരസ്ത്യസഭകളുടെ കാനോന 27 ഉദ്ധരിക്കട്ടെ: "നിയമാനുസൃതം ഒരു ഹയരാർക്കിയാൽ കൂട്ടിയോജിക്കപ്പെട്ടതും സ്വയാധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ പരമാധികാരത്താൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവവിശ്വാസികളുടെ ഒരു സമൂഹത്തെ ഈ നിയമസംഹിതയിൽ "സ്വായാധികാര (sui iuris) സഭ" എന്നു വിളിക്കുന്നു."  അപ്പോൾ ഒരു സ്വയാധികാരസഭ വിശ്വാസികളുടെ കൂട്ടമായിരിക്കണം, ഉദാഹരണത്തിന് (മാർതോമാക്രിസ്ത്യാനി സമൂഹമായ സീറോമലബാർ സഭ), നിയമാനുസൃതമായ ഹയരാർക്കിയാൽ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം (സീറോമലബാർ സഭയുടെ കാര്യത്തിൽ മേജർ ആർച്ചുബിഷപ്പ്), നിയമസംഹിതവേണം (കാനോനനിയമസംഹിത), കൂടാതെ കത്തോലിക്കാസഭയുടെ പരമാധികാരത്താൽ സ്വായാധികാരസഭയായി അംഗീകരിക്കപ്പെട്ടതുമായിരിക്കണം (മാർപാപ്പയുടെ അംഗീകാരം). അപ്പോൾ വ്യക്തികൾക്ക് സഭകളാകാൻ സാദ്ധ്യമല്ല. അടുത്തത്,

എന്താണീറീത്തുകൾ? പൗരസ്ത്യ സഭകളുടെ കാനോന 28: §1- ൽ ഇപ്രകാരം വായിക്കുന്നു: "ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്".  അപ്പോൾ റീത്തെന്ന് നാം പറയുമ്പോൾ (Rictual Churches) അത് പൈതൃകത്തെയാണ് ധ്വനിപ്പിക്കുന്നത്‌. പൈതൃകത്തിലെ പല ഘടകങ്ങളും, ഉദാഹരണത്തിന് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകൾക്കും പൊതുഘടകമാകാം. എന്നാൽ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങൾ മറ്റ് ജനതകളിൽനിന്നും ഒരു പ്രത്യേക പൈതൃകത്തെ വേർതിരിക്കുന്നു. ഇനി,

നസ്രാണി പാരമ്പര്യങ്ങളും പൈതൃകങ്ങളും

ആധുനിക സീറോ മലബാർ ക്രൈസ്തവ സമൂഹത്തിൽ പഠനത്തിനും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ആനുകാലിക വിഷയമാണ് നസ്രാണി പാരമ്പര്യങ്ങളും പൈതൃകങ്ങളും. സഭയിൽ ആകമാനം ആരാധനക്രമത്തിലും സഭാഭരണരീതിയിലും കുരിശുവണക്കത്തിലും മറ്റ് സഭാ പൈതൃകങ്ങളിലും ധൃതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് അതിനു കാരണം. ഈ മാറ്റങ്ങൾ സീറോ മലബാർസഭയുടെ അജപാലനദൗത്യനിർവഹണത്തെ സാരമായി ബാധിക്കുമെന്നതിന് സംശയമില്ല.

പേർഷ്യൻ സഭയുടെ, അതായത് ബാഗ്‌ദാദ്‌ ആസ്ഥാനമായുള്ള കൽദായ സഭയുടെ, ഭാഗമാണ് നസ്രാണി കത്തോലിക്കാ സഭ എന്ന അടുത്തകാലത്തെ കണ്ടുപിടുത്തം യഥാർത്ഥത്തിൽ കേരളത്തിലെ നസ്രാണി കത്തോലിക്കരുടെ സഭാ ചരിത്രത്തിലെ വൻ അട്ടിമറിയാണ്. സീറോ മലബാർ സഭ കല്ദായസഭയുടെ പുത്രീസഭയാണെന്നുവരെ ചിലരൊക്കെ പറഞ്ഞുവെയ്ക്കാറുണ്ട്. കല്ദായസഭ രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ ആണ് സ്ഥാപിതമായത്. അപ്പോൾ ഒന്നാംനൂറ്റാണ്ടിൽ സ്ഥാപിതമായ ഭാരതത്തിലെ മാർതോമാ നസ്രാണിസഭ എങ്ങനെ കല്ദായസഭയുടെ ഭാഗമാകും എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. ഇന്ദ്രാഗാന്ധിയുടെ പുത്രനാണ് മഹാത്മാഗാന്ധിയെന്ന് പറഞ്ഞാൽ അത് ചരിത്രസത്യമല്ലെങ്കിലും മറ്റുള്ളവരെ തെറ്റദ്ധരിക്കാൻ ഉപകരിക്കും. റോമിലെ പൗരസ്ത്യതിരുസംഘത്തിൻറെ ഭരണത്തിൻകീഴിൽ നിലനിർത്താൻവേണ്ടി, അവർ മെനഞ്ഞ കെണിയാണ് സീറോമലബാർ സഭയേയും റോമൻ പൗരസ്ത്യ സഭകളുടെ ഭാഗമാക്കിയത്. കേരളത്തിൽനിന്നും ഉപരിപഠനത്തിന് റോമിലെത്തിയ വൈദികരെ ആ യജ്ഞത്തിന് പൗരസ്ത്യതിരുസംഘം വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിച്ചു എന്നത് തർക്കമറ്റ സംഗതിയാണ്. അങ്ങനെയാണ് നസ്രാണിസഭക്കുള്ളിൽത്തന്നെ കല്ദായസഭയുമായി എക്കാലവും ഹയരാർക്കിയൽ ബന്ധമുണ്ടെന്ന ഒരു ധാരണ പൊതുവിൽ സൃഷ്ടിച്ചെടുത്തത്. എങ്കിൽപ്പിന്നെ കല്ദായസഭയുടെ പാത്രിയാക്കീസിനെ സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായി അംഗീകരിച്ചാൽ പോരായിരുന്നില്ലേ? ഒരു മേജർ ആർച്ചുബിഷപ്പിൻറെ കീഴിൽ വേറിട്ട ഒരു സഭയായി നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നോ? അത് ന്യായമായ ചോദ്യങ്ങളാണെന്ന് ഞാൻ കരുതുന്നു. നസ്രാണി സഭാചരിത്രത്തെ വക്രീകരിച്ചതിനെ സംബന്ധിച്ച് മാർതോമാ ക്രിസ്ത്യാനികളുടെ ചരിത്ര യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിൽ നാം പഠിക്കേണ്ടതാണ്. റോമാസാമ്രാജ്യാതിർത്തിക്കു വെളിയിൽ യേശുവിൻറെ ശിഷ്യരിലൊരാളാൽ വേദം പ്രസംഗിച്ച്‌ സ്ഥാപിച്ച മാർതോമ നസ്രാണി കത്തോലിക്കാസഭയിൽ കാലികങ്ങളായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അതിൻറെ ചരിത്രത്തെയും പൈതൃകത്തെയും മുറിവേൽപ്പിക്കുന്നവ ആയിരിക്കാൻ പാടില്ല. സ്വന്തം അധികാരത്തിനും അതിനു സമാനമായി സമ്പത്തിനുംവേണ്ടി പൈതൃകങ്ങളെ എങ്ങനെ വികൃതമാക്കാമെന്നാണ് ചിലർ ചിന്തിക്കുന്നത്.

നസ്രാണിസഭയ്‌ക്ക്‌ പൈതൃകങ്ങൾ പലതുണ്ടെങ്കിലും നമ്മുടെ ചർച്ചാവിഷയം പ്രധാനമായി പള്ളിസ്വത്തുഭരണമായതിനാൽ ആ പാരമ്പര്യത്തിലേക്കുമാത്രം ഞാൻ ഒതുങ്ങുകയാണ്. "ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂർണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്‌ഷ്യം” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ നിർദേശത്തെ സീറോ മലബാർ മെത്രാന്മാർ പരിഗണിച്ചിട്ടില്ലെന്ന് അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. അല്മായർക്ക് സഭാഭരണത്തിൽ പൂർണമായ ഭാഗഭാഗിത്വം ഉണ്ടായിരുന്ന പള്ളിപൊതുയോഗങ്ങൾ വഴിയുള്ള സഭാഭരണരീതി മാർതോമാക്രിസ്ത്യാനികളുടെ തനിമയാർന്ന പൈതൃകമായിരുന്നു.  ആ പൈതൃകത്തെ അവഗണിച്ച് പാശ്ചാത്യ സഭാഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ്കൗൺസിൽ മെത്രാന്മാർ നടപ്പിലാക്കി. അതോടെ പള്ളിഭരണപൈതൃകത്തിലെ സന്തുലിനാവസ്ഥ നഷ്ടപ്പെട്ടു.  നസ്രാണികളുടെ എല്ലാമായ പള്ളിപൊതുയോഗ ഭരണസമ്പ്രദായത്തെ തകിടം മറിച്ച്‌ എല്ലാ അധികാരങ്ങളും മെത്രാൻറെ ഭരണത്തിൻകീഴിലാക്കി. നിയമപ്രകാരം  പാരിഷ്‌കൗൺസിലിനും പൊതുയോഗത്തിനും വികാരിയെ ഉപദേശിക്കാനുള്ള അവകാശമേയുള്ളൂ. തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാനുള്ള അധികാരം ആ സമതികൾക്ക് ഇന്നില്ലായെന്ന് ചുരുക്കം. അക്കാരണത്താലാണ് അടുത്തകാലത്തായി പല ഇടവകപള്ളികളിലും രൂപതകളിലും സാമ്പത്തിക വെട്ടിപ്പുകളും തിരിമറികളും നടക്കുന്നത്.       നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ പാശ്ചാത്യവൽകരിച്ച് അതികേന്ദ്രീകൃതമായ ഹയരാർക്കിയൽ വ്യവസ്ഥയ്ക്കു കീഴിലാക്കി.  കൂടാതെ, ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമാ അപ്പോസ്തലിക സഭയായ സീറോ മലബാർ സഭയ്ക്കും റോമൻ പൗരസ്ത്യസഭകളുടെ കാനോനകൾ 1992- ബാധകമാക്കി.  തൽഫലമായി സഭാഭരണം മെത്രാന്മാരുടെ പിടിയിലമരുകയും മാർതോമാ ക്രിസ്ത്യാനികളുടെ പള്ളിയോഗപ്രകാരമുള്ള ജനാധിപത്യ ഭരണസമ്പ്രദായം അക്ഷരാർത്ഥത്തിൽ നശിച്ചുപോകുകയും ചെയ്തു. സീറോമലബാർസഭയ്ക്ക് ഒരു കാനോൻനിയമസംഹിത വേണ്ടായെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു കാനോൻനിയമം, പ്രത്യേകിച്ച് പള്ളികളുടെ ഭൗതിക സ്വത്തുഭരണകാര്യത്തിലെങ്കിലും, ഉണ്ടാകണമെന്നാണ് സഭാംഗങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും വകവയ്ക്കാതെയും അവഗണിച്ചും കഴിഞ്ഞ ഇരുപത്തഞ്ചു വർഷംകൊണ്ട് സീറോ മലബാർ മെത്രാൻ സിനഡ് മാർതോമാ നസ്രാണി സഭയെ ലത്തീൻ സഭയുമായി അനുരൂപപ്പെടുത്തി. ഹൃദയമുള്ള ഒരു നസ്രാണികത്തോലിക്കനും സഹിക്കാൻ സാധിക്കുന്ന കാര്യമല്ലത്. എന്തിനുവേണ്ടി? യേശുപഠനത്തിന് കടകവിരുദ്ധമായി അധികാരത്തിനും സമ്പത്തിനും വേണ്ടി. പാശ്ചാത്യർ നമ്മെ പാശ്ചാത്യവൽക്കരിക്കാൻ ശ്രമിച്ചെങ്കിൽ നമുക്കത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. എന്നാൽ ഇന്നാകർമ്മം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കിയ നാട്ടുമെത്രാന്മാരും അവർക്ക് ഓശാന പാടിനിന്ന ക്ലർജികളും അക്കാര്യത്തിൽ കൂട്ടുകുറ്റക്കാരാണ്.

പൗരസ്ത്യ കാനോൻ നിയമസംഹിത

സഭയുടെ അന്ധകാരയുഗങ്ങളിലാണ് കാനോൻ നിയമസംഹിതയ്ക്ക് രൂപം നൽകിയത്. 1140-കളിൽ ബൊളോഞ്ഞയിലെ (Bologna) ഒരു സന്ന്യാസിയായിരുന്ന ഗ്രേഷ്യനാണ് കാനോനകൾക്ക് അടിസ്ഥാനമിട്ടത്. അതിനായി പല കള്ളപ്രമാണങ്ങളും അദ്ദേഹം ഉപയോഗിച്ചു എന്ന് പറയപ്പെടുന്നു. ഏകദേശം 400 വർഷങ്ങൾകൊണ്ട് അത് വളർന്ന് 1582-ൽ കാനോൻ നിയമസംഹിതയുടെ ഒരു പതിപ്പ് പുറത്തിറങ്ങി. അതിനുശേഷം 1918-ലാണ് തികഞ്ഞ ഒരു കാനോൻ നിയമപ്പുസ്തകം പുറത്തിറങ്ങുന്നത്. കാലോചിതമായ രീതിയിൽ കാനോൻ നിയമത്തെ പുതുക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗസിലിൻ നിർദേശിക്കുകയുണ്ടായി. എന്നാൽ, അതിയാഥാസ്ഥിതികനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കൗൺസിലിൻറെ നിർദേശത്തെ പരിഗണിക്കാതെ ഹയരാർക്കി ഭരണസമ്പ്രദായത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് ലത്തീൻസഭയ്ക്കുവേണ്ടി 1983-ലും പൗരസ്ത്യസഭകൾക്കുവേണ്ടി 1991-ലും കാനോനാസംഹിതകൾ പ്രസിദ്ധീകരിച്ചു. പൗരസ്ത്യകാനോൻനിയമസംഹിതയിൽ 1546 കാനോനകളും ആയിരക്കണക്കിന് ഉപകാനോനകളുമുണ്ട്. കർത്താവിൻറെ കാലത്ത് യഹൂദജനതയ്ക്ക് 613 നിയമങ്ങളെ ഉണ്ടായിരുന്നുള്ളു. ആ നിയമങ്ങളെ തള്ളിപ്പറഞ്ഞ് 'നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ' എന്ന ഒരു പ്രമാണമാണ്‌ യേശു ശിഷ്യരെ പഠിപ്പിച്ചത്.  കത്തോലിക്കാസഭാസമൂഹത്തിൻറെ പൊതുനന്മയ്ക്കും നിലനില്പിനും നിയമങ്ങൾ ആവശ്യമാണ് എന്നതിൽ തർക്കമില്ല. എങ്കിലും, "പൗരസ്ത്യസഭകളുടെ കാനോനകൾ സഭാജീവിതത്തിൽ" എന്ന പൗരസ്ത്യകാനോനപ്പുസ്തകത്തിൻറെ ആമുഖക്കുറിപ്പിൽ അതിൻറെ എഡിറ്ററിലൊരാളായ  ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിൻറെ "മാനവരാശിക്കു മുഴുവനുംവേണ്ടി മിശിഹാ കാൽവരിയിൽ നേടിയെടുത്ത പാതയുടെ അവിഭാജ്യമായ ഒരു ഘടകമാണ് കാനൻനിയമം" എന്ന പരാമർശ്യവുമായി ചിന്തിക്കുന്ന ഒരു സഭാംഗത്തിന് പൊരുത്തപ്പെടാൻ സാധിക്കുമെന്ന് എനിക്ക് അഭിപ്രായമില്ല.

മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ തെല്ലും പരിഗണിക്കാതെയാണ്, പൗരസ്ത്യതിരുസംഘം പൗരസ്ത്യസഭകൾക്കുള്ള കാനോനസംഹിത സീറോമലബാർ സഭയ്ക്കും 1992- ൽ ബാധകമാക്കിയത്. സീറോമലബാർ സഭയുടെ ഭരണപൈതൃകത്തെ അപ്പാടെ നശിപ്പിക്കുന്ന രീതിയിലാണ് കാനോനകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. അതിലെ പോരായ്മകൾ സീറോമലബാർ മെത്രാൻസംഘം പൗരസ്ത്യതിരുസംഘത്തെ ധരിപ്പിക്കേണ്ടതായിരുന്നു. അതിനുപകരം,'പരിശുദ്ധ' കാനോനകള്‍വഴി അവർ ഓരോ നസ്രാണിയേയും പരിശുദ്ധമായി വഞ്ചിക്കുകയും അടിമകളാക്കുകയുമാണ് ചെയ്‌തത്‌.  കല്‍ദായവാദവുമായി വന്ന ചങ്ങനാശ്ശേരി ഗ്രൂപ്പിനെ എര്‍ണാകുളം/തൃശൂര്‍ ഗ്രൂപ്പുകള്‍ എതിര്‍ത്തെങ്കിലും പള്ളിസ്വത്തുക്കളുടെ ഭരണകാര്യത്തിൽ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കുകയാണ് ചെയ്തത്. റോമൻ പൗരസ്ത്യസഭകളിലെ പല പ്രമുഖ മെത്രാന്മാരും, പൗരസ്ത്യ കാനോനകള്‍, റോമന്‍ രാഷ്ട്രഭരണ സമ്പ്രദായത്തില്‍ വേരൂന്നി പാശ്ചാത്യ ലത്തീന്‍സഭയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത കാനോനകളെ പൗരസ്ത്യവേഷം കെട്ടിച്ചതാണെന്ന് പരസ്യമായി അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ അന്ത്യോഖ്യയിൽ മല്‍ക്കയിറ്റ് പാത്രിയാക്കീസ് ആയിരുന്ന മാക്സിമോസ് അഞ്ചാമന്‍ (Maximos V) പൗരസ്ത്യകാനോനകള്‍ പൗരസ്ത്യരുടെ പാരമ്പര്യത്തിനു വിപരീതമായ പാശ്ചാത്യ പ്രമാണരേഖയാണെന്ന് പ്രസ്താവിച്ച് അതിനെ നിന്ദിക്കുകകൂടി ചെയ്തിട്ടുള്ളതാണ്. പക്ഷെ, പാശ്ചാത്യ അധിനിവേശത്താല്‍ നസ്രാണിസഭ മുഴുവന്‍ ലത്തീനീകരിക്കപ്പെട്ടു എന്ന് വിലപിക്കുന്ന സീറോ മലബാർ മെത്രാന്മാര്‍ പള്ളിസ്വത്തുക്കളുടെ കൈകാര്യകര്‍തൃത്വവും പള്ളിഭരണകാര്യങ്ങളും വന്നപ്പോള്‍ യാതൊരുവക അഭിപ്രായപ്രകടനവും നടത്തിയില്ല.

ചർച്ച് ട്രസ്റ്റ് ബിൽ 

മേൽപറഞ്ഞ തിരിമറികളുടെ അടിസ്ഥാനത്തില്‍ വേണം ചര്‍ച്ച് ആക്ടിൻറെ പ്രാധാന്യത്തെപ്പറ്റി നാം വിലയിരുത്തേണ്ടത്. മലങ്കരയിലെ നസ്രാണി കത്തോലിക്കാസഭാ കൂട്ടായ്മയ്ക്ക് സുവിശേഷത്തിലും അപ്പോസ്തല പാരമ്പര്യങ്ങളിലും അധിഷ്ടിതമായ പള്ളിഭരണ സമ്പ്രദായം നിലനിന്നിരുന്നു എന്ന കാര്യം നേരത്തെ വിശദീകരിച്ചിരുന്നല്ലോ. പാശ്ചാത്യ കൊളോണിയല്‍ അധിനിവേശകാലത്താണ് (1599-ലെ ഉദയമ്പേരൂർ സൂനഹദോസ്) കേരള നസ്രാണി സഭയിലെ ആ നല്ല സമ്പ്രദായങ്ങള്‍ക്ക് മാന്ന്യം സംഭവിച്ചത്. എങ്കിലും നമ്മുടെ പൂർവീകർ പൗരസ്ത്യ കാനോൻനിയമസംഹിത പ്രാബല്യത്തിൽ വരുന്നതുവരെ, അതായത് 1992-വരെ, പള്ളികളുടെ സാമ്പത്തികഭരണം ഇടവകയോഗതീരുമാനപ്രകാരമാണ് നടത്തിയിരുന്നത്. എന്നാൽ ഇന്നത്തെ പാരീഷ് കൗൺസിലിലെ അംഗങ്ങൾ പൊതുയോഗത്താലോ വാർഡ് യൂണിറ്റ് യോഗത്താലോ തെരെഞ്ഞടുക്കപ്പെടുന്നവരും ഉദ്യോഗവശാൽ (ex-offocio) അംഗങ്ങളാകുന്നവരും നാമനിർദേശം ചെയ്യപ്പെടുന്നവരുമാണ്‌. ആ സമിതിയ്ക്ക് രൂപതാദ്ധ്യക്ഷൻറെ സംഗീകാരവും വേണം. സീറോ മലബാർ സഭയുടെ മെത്രാൻസിനഡ് രൂപം കൊടുത്തിട്ടുള്ള പ്രത്യേക നിയമവ്യവസ്ഥകളും പാലിക്കണം. എന്നുവെച്ചാൽ, ഹയരാർക്കിയാൽ നിയന്ത്രിതമായ പാരീഷ്‌കൗൺസിലാണ് പള്ളിഭരണം ഇന്ന് നടത്തുന്നത്.  പള്ളികളുടെ  സാമ്പത്തികഭരണകാര്യത്തിൽ പരമാധികാരമുണ്ടായിരുന്ന പള്ളിപൊതുയോഗത്തെ മെത്രാന്മാർ നാളിതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പകരം പൗരസ്ത്യ കാനോൻനിയമംവഴി പള്ളികളുടെ സാമ്പത്തികഭരണം അവർ പിടിച്ചെടുക്കുകയാണ് ചെയ്തത്. അപ്പോൾ ഇടവകക്കാർക്ക് അവരുടെ സ്വത്ത് കാത്തുസൂക്ഷിക്കണമെങ്കിൽ ചർച്ച് ആക്ട്പോലുള്ള സിവിൽ നിയമത്തെ ആശ്രയിക്കാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. മാർതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലധിഷ്ഠിതമായ പല തട്ടിലുള്ള പള്ളിയോഗങ്ങളെ, അതായത് ഇടവകയോഗം, പ്രാദേശികയോഗം, മലങ്കരപ്പള്ളിക്കാരുടെ പള്ളിപ്രതിപുരുഷയോഗം, എന്നുവെച്ചാൽ, സീറോമലബാർ സഭാ സിനഡ് പുനഃസ്ഥാപിച്ചുകൊണ്ട് പള്ളികളുടെ സ്വത്തുഭരണം സഭയിൽ നടപ്പിലാക്കിയാൽ ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ആവശ്യമേയില്ലായെന്നകാര്യം നാം മനസ്സിലാക്കണം. പൗരസ്ത്യസഭകളുടെ കാനോനകളെ അംഗീകരിച്ചുകൊണ്ടുതന്നെ സീറോമലബാർ മെത്രാൻസിനഡിന് നടപ്പിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണത്. പക്ഷെ, 'my way or high way' ചിന്തകരായ മെത്രാന്മാർ അതിന് സമ്മതിക്കുന്നില്ല.

പള്ളി ഭരണത്തിന് സിവിൽ നിയമം എന്ന ആശയത്തിൻറെ സാഫല്യമാണല്ലോ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 'ദ കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻറ്റ് ഇൻസ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009' അഥവാ 'ചർച്ച് ട്രസ്റ്റ് ബിൽ'. ക്രൈസ്തവസമുദായത്തിലെ ഓരോ വ്യക്തിയുടെയും അവകാശ സംരക്ഷണത്തിനും കൂടിയാണ് ക്രിസ്ത്യന്‍ സഭകള്‍ക്കും അവരുടെ സ്വത്തുഭരിക്കാന്‍ നിയമമുണ്ടാക്കണമെന്ന് സഭാംഗങ്ങൾ ഗവണ്‍മെൻറ്റിനോട് ആവശ്യപ്പെടുന്നത്. സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വന്ന പൗരസ്ത്യസഭകളുടെ കാനോനകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനും കൂടിയായ മാര്‍പാപ്പയാല്‍ നിയമിതരായ കുട്ടിരാജാക്കന്മാരായ മെത്രാന്മാരിലാണ് പള്ളികളുടെ സാമ്പത്തിക ഭരണത്തിൻറെ അധികാരം ഇന്ന് നിക്ഷിപ്തമായിരിക്കുന്നത്. തങ്ങളുടെ സ്വത്തുകള്‍ ജനാധിപത്യപരമായും സുതാര്യമായുമാണ് ഭരിക്കപ്പെടുന്നത് എന്ന് ചർച്ച് ട്രസ്റ്റ് നിയമത്തിലൂടെ ഉറപ്പുവരുത്താന്‍ സഭാംഗങ്ങൾക്ക് സാധിക്കും. അവരുടെ വിയര്‍പ്പിൻറെ ഫലമായി സമ്പാദിച്ച പള്ളിസ്വത്ത് ഇന്ന് മെത്രാന്മാര്‍ തങ്ങളുടെതന്നെ ചെല്ലത്തില്‍ നിന്നെടുത്ത് ആരോടും കണക്കു ബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം ചിലവുചെയ്യുകയാണ് ചെയ്യുന്നത്. ഇതിനൊരറുതിയും കൂടിയാണ് ‘ചര്‍ച്ച് ട്രസ്റ്റ് ബിൽ'. ഇടവകാംഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന ട്രസ്റ്റായിരിക്കും വരവു-ചിലവു കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അവരുടെ കടമയായ ദൈവജനത്തിൻറെ ആധ്യാത്മീക ശുശ്രൂഷകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അത് സഹായകമാകും. സഭയില്‍ ഇന്ന് നടമാടുന്ന ഏകാധിപത്യ ഭരണവും സഭയിലെ അംഗങ്ങളെ ഭയപ്പെടുത്തി പള്ളിസ്വത്തു സമ്പാദിക്കുന്ന പ്രവണതയ്ക്കും ഒരു അറുതി ഉണ്ടാകും. ന്യൂനപക്ഷാവകാശത്തിൻറെ പേരില്‍ പൗരോഹിത്യം തട്ടികൊണ്ടുപോയ അവകാശങ്ങള്‍ അതിൻറെ യഥാര്‍ത്ഥ അവകാശികളായ ദൈവജനത്തിന് തിരിച്ചു ലഭിക്കും.  അങ്ങനെ ക്രിസ്ത്യന്‍ സഭകളില്‍ സുതാര്യവും സുവിശേഷാധിഷ്ടിതവുമായ പള്ളിസ്വത്തുഭരണം ആ ബില്ലുവഴി നേടിയെടുക്കാന്‍ സാധിക്കും. ‘ചര്‍ച്ച് ട്രസ്റ്റ് ബിൽ' ക്രിസ്ത്യന്‍ സമൂഹത്തിൻറെ അടിത്തറയാണ്. അതുകൊണ്ട് ക്രിസ്ത്യൻ സഭകളുടെ നല്ല ഭാവിയെ കാംക്ഷിക്കുന്ന വൈദികരും സന്യസ്തരും വിശ്വാസികളും 'ചർച്ച് ട്രസ്റ്റ് ബിൽ' നിയമമാക്കിയെടുക്കാന്‍ എല്ലാ വിധേനയും പരിശ്രമിക്കേണ്ടതാണ്.

ചർച്ച് ആക്ടിനെപ്പറ്റി സത്യവിരുദ്ധ പ്രസ്താവനകൾ

1.  2018 മാർച്ചുമാസത്തിൽ പാംപ്ലാനിമെത്രാൻ എഴുതി: ചർച്ച് ആക്ട് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണ്. എല്ലാ സ്വത്തും സർക്കാരിന് കൊണ്ടുപോയി സമർപ്പിക്കലാണ്.

സത്യത്തെ അറിഞ്ഞുകൊണ്ട് അറുകുലചെയ്യാനും സത്യവിരുദ്ധ പ്രസ്താവനകൾ ഇറക്കാനും ഈ പാംപ്ലാനിമെത്രാൻ നല്ല മിടുക്കനാണ്.

2.  2019-ലെ മെത്രാൻ സിൻഡിനുശേഷം കർദിനാൾ ജോർജ് ആലച്ചേരിയുടെ സർക്കുലറിൽ: "സഭാതനയർ കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു."

കരടുബില്ലിലെ ഒരു വകുപ്പിലും സഭാസ്വത്തുക്കൾ സർക്കാരിനെ ഏല്പിക്കണമെന്ന് പറഞ്ഞിട്ടില്ല. സഭാസ്വത്തുക്കൾ സുതാര്യമായി ഭരിക്കപ്പെടുന്നതിനുള്ള വകുപ്പുകളെ കരടുബില്ലിൽ ഉള്ളു. കുഞ്ഞാടുകൾ മൊത്തം പൊട്ടന്മാരല്ലെന്ന് ഈ മെത്രാന്മാർ മനസ്സിലാക്കണം

3.  ചർച്ച് ആക്ടിനെപ്പറ്റി കെസിബിസിയുടെ സർക്കുലറിൽ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: "ക്രൈസ്തവസഭകളെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ താല്പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാൽ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലർത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്‌ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മർദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സഭയിലെ അസംതൃപ്‌തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്. സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല."

ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളുടെയും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളുടെയും അഭിപ്രായണെങ്കിൽ കെസിബിസി ചർച്ച് ബില്ലിനെ എന്തുകൊണ്ട് ഭയപ്പെടുന്നു?

4.  ഇനി, ഡോ ജോർജ് തെക്കേക്കരയച്ചൻറെ വിലാപം കേൾക്കുക: "ക്രൈസ്തവസഭകളുടെ സ്വത്ത് ദേശസാല്ക്കരിച്ച്‌ ഗവൺമെൻറ്റിൻറെ അധീനതയിലാക്കണമെന്ന് ശഠിക്കുന്ന......"

അദ്ദേഹത്തിന് സിവിൽ ലോയിലും കാനോൻ ലോയിലും ഡിഗ്രിയുണ്ടെന്നാണ് അറിവ്. അധികാരത്തിൻറെ തിമിരം പിടിച്ചാൽ ഡിഗ്രികൊണ്ടൊക്കെ എന്തു പ്രയോജനം? അത്തരക്കാരുടെ സാമാന്യബുദ്ധിപോലും കെട്ടുപോകും. വാസ്തവത്തിൽ അദ്ദേഹത്തോട് സഹതാപം തോന്നുന്നു.

5.  കേരളത്തിലെ നാമമാത്ര അല്മായ സംഘടന എകെസിസി (ഇന്നത് മെത്രാൻസംരക്ഷണസമിതിയാണ്, അമേരിക്കയിലെ എസ്എംസിസിപോലെ), അതിൻറെ വൈസ് ചെയർമാൻ ശ്രീ  സാജു അലക്സ് പള്ളിനിയമം കൊണ്ടുവരുന്നത് സഭയെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെ ആണെന്നും പള്ളിയുടെ എല്ലാ കാര്യങ്ങളും നീതിപൂർവവും സുതാര്യവുമായി ആണ് നടക്കുന്നത് എന്നു പ്രസ്താവിക്കുന്നത് കേട്ടു. ഇത്തരം ഉളിപ്പില്ലാപ്രസ്‌താവനകൾ നടത്തുന്ന എകെസിസി ഒരു അല്മായ സംഘടനയാണോ? കഷ്ടമെന്നല്ലാതെ എന്തുപറയാൻ!

 

6.  സഭാസ്വത്തുക്കൾ പിണറായിയെ ഏൽപ്പിക്കുന്നതിലും നല്ലത് ബ്രഹ്മചാരികളെ ഏല്പിക്കുന്നതാണ് എന്ന്, കഴിഞ്ഞ ടെലികോൺഫെറെൻസിൽ, അഡ്വ ഇന്ദുലേഖയുടെ അവതരണശേഷം, ഒരു സഹോദരൻ അഭിപ്രായപ്പെ ടുന്നത് കേട്ടു. സഭാസ്വത്തുക്കൾ സർക്കാരിനെ ഏൽപ്പിക്കുന്നുയെന്ന് കരടുബില്ലിലെ ഏതു വകുപ്പിലാണുള്ളത്? ‘ചർച്ച് ആക്ട്’ കരടുബിൽ വെറും എട്ടരപേജേയുള്ളൂ. നാലക്ഷരം പഠിച്ചിട്ട് അമേരിക്കയിലേയ്ക്ക് കുടിയേറിയെന്ന് കരുതുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണ്.

ഉപസംഹാരം     

പ്രിയരേ, സഭയിലെ ഏറിയ ശതമാനം അംഗങ്ങളും യുക്തിഭദ്രമായി ചിന്തിക്കാത്തവരാണ്. അവർ സഭയിലെ ആചാരാനുഷ്ഠാനങ്ങൾകൊണ്ട്‌ തൃപ്തിപ്പെടുന്നു; അത് അവരുടെ ആത്മാക്കളെ രക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. യേശുവിൻറെ ജീവിതവഴികളെ സംബന്ധിച്ച് പഠിക്കാൻ അവർക്ക് ഉത്സാഹമില്ല. എങ്കിലും ചർച്ച് ബില്ലിൻറെ വിഷയത്തിൽ അവരെ ബോധവൽക്കരിക്കണ്ട ചുമതല നമ്മുടേതാണ്. എല്ലാവർക്കും പ്രത്യേകം നന്ദി.

No comments:

Post a Comment