Translate

Friday, November 22, 2019

ചര്‍ച്ച് ആക്ടിന്റെ പ്രശ്‌നപരിഹാര-നവോത്ഥാനമാനങ്ങള്‍


ജോര്‍ജ്ജ് മൂലേച്ചാലില്‍ (ഫോണ്‍: 9497088904)



സത്യജ്വാല 'ചർച് ആക്ട് ക്രൂസേഡ്' വിശേഷാൽ പതിപ്പിൽനിന്ന്‌


'ചര്‍ച്ച്  ആക്ട്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'The Kerala Christian Church Properties and Institutions Trust Act - 2009'-നെക്കുറിച്ച് ഒരു സാമാന്യധാരണയെങ്കിലുമില്ലാത്ത മലയാളികള്‍ ഇന്നു കുറവാണ്. എന്നാല്‍ ചര്‍ച്ച് ആക്ട് പ്രവര്‍ത്തകരില്‍ത്തന്നെ വളരെപ്പേര്‍ക്കും, സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണാവകാശം അവയുടെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹത്തിനു തിരിച്ചുലഭിക്കാന്‍ ഇടനല്‍കുന്ന ഒരു നിയമനിര്‍ദ്ദേശമാണത് എന്നതിനപ്പുറം, അതു സഭയിലും കേരളസമൂഹത്തില്‍ത്തന്നെയും കൊണ്ടുവരുന്ന വമ്പിച്ച മാറ്റങ്ങളെപ്പറ്റി, ചര്‍ച്ച് ആക്ടിന്റെ പ്രശ്‌നപരിഹാര-നവോത്ഥാനമാനങ്ങളെപ്പറ്റി, വേണ്ടത്ര ഉള്‍ക്കാഴ്ച കൈവന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.
ചര്‍ച്ച് ആക്ടിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളായി രണ്ടു കാര്യങ്ങളാണ് കൃഷ്ണയ്യര്‍ കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്: 1) സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തില്‍ ജനാധിപത്യചട്ടക്കൂട് കൊണ്ടുവരുക; 2) സ്വത്തുഭരണം ക്രൈസ്തവരൂപമാതൃകയിലേക്കുകൊണ്ടുവരുക. ഇത് ഒന്നിച്ചു പറഞ്ഞാല്‍, ക്രൈസ്തവരൂപമാതൃകയിലുള്ള ഒരു ജനാധിപത്യ ചട്ടക്കൂട്ടിലൂടെ, പള്ളിസ്വത്തുക്കള്‍ അവയുടെ യഥാര്‍ത്ഥ ഉടമകളായ പള്ളിക്കാരുടെ ഉടമസ്ഥതയിലേക്കും കൈകാര്യകര്‍തൃത്വത്തിലേക്കും തിരികെ കൊണ്ടുവരുക എന്നാണ് അര്‍ത്ഥമാകുന്നത്.
ഈ ഉടമസ്ഥതാമാറ്റവും ഭരണമാറ്റവും വളരെ പ്രത്യക്ഷമായതിനാല്‍ എല്ലാവരുടെയും കണ്ണില്‍പ്പെടുന്നു. എന്നാല്‍, ചര്‍ച്ച് ആക്ട് കൊണ്ടുവരുന്ന മാറ്റത്തിന്റെ മാനങ്ങള്‍ ഈ ഭരണമാറ്റത്തേക്കാള്‍ വളരെ വിപുലമാണ് എന്നതാണ് വസ്തുത. ഇപ്പോള്‍ ഒളിഞ്ഞുകിടക്കുന്നതും തിരിച്ചറിയപ്പെട്ടിട്ടില്ലാത്തതുമായ അനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഉണര്‍വുകള്‍ക്കും ചലനാത്മകതയ്ക്കും ക്രൈസ്തവസമൂഹത്തില്‍ ചര്‍ച്ച് ആക്ട് വഴിതുറക്കും.
അതിലേറ്റവും പ്രധാനം കേരളക്രൈസ്തവസമുദായം അവരുടെ ആത്മാഭിമാനം വീണ്ടെടുക്കുമെന്നതാണ്. ഇവിടുത്തെ കത്തോലിക്കരെ സംബന്ധിച്ച് ഇത് ഏറെ ശരിയാണ്. ഇന്ത്യന്‍ പൗരത്വമുണ്ടായിരിക്കുകയും റോമന്‍മതനിയമത്താല്‍ ഭരിക്കപ്പെടുകയും ചെയ്യുന്നതിലെ ആത്മനിന്ദ അവരെ വിട്ടകലാന്‍ ചര്‍ച്ച് ആക്ട് ഇടയാക്കും. അവരുടെ സ്വത്തു മാത്രമല്ല, സ്വത്വവും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന വസ്തുത വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല. ഇതു തിരിച്ചറിയാന്‍, മറ്റൊരു സാഹചര്യം ഭാവനചെയ്തുനോക്കിയാല്‍ മതിയാകും. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുമേല്‍ സൗദിയിലെ ഇസ്ലാമിക ഭരണഘടന നടപ്പാക്കുന്നതായി ഒന്നു സങ്കല്പിച്ചുനോക്കുക. അറബി സംസ്‌കാരവുമായി ഒട്ടുവളരെ താദാത്മ്യപ്പെട്ടവരാണ് ഇവിടുത്ത മുസ്ലീങ്ങളെങ്കിലും അവരതു തിരസ്‌കരിക്കും എന്നുറപ്പാണ്. അവര്‍ മാത്രമല്ല, ഇന്ത്യന്‍ ജനതയൊന്നാകെ, ഇവിടുത്തെ സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജുഡീഷ്യറിയുമുള്‍പ്പെടെ അതിനെതിരെ ശക്തമായി നിലകൊള്ളുകയും ആ നീക്കത്തെ തൂത്തെറിയുകയും ചെയ്‌തേനെ എന്ന കാര്യത്തില്‍ സംശയമില്ല. വാസ്തവത്തില്‍, ഇവിടുത്തെ കത്തോലിക്കാസമൂഹം എത്രയോ കാലമായി അത്തരത്തിലുള്ള ഒരു മതരാഷ്ട്രാധിനിവേശമല്ലേ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാലോചിച്ചുനോക്കുക. എല്ലാ ജനങ്ങളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജൂഡീഷ്യറിയും ഒന്നുചേര്‍ന്ന്, എത്രയോ മുമ്പേ റോമന്‍ ക്രിസ്തുമതത്തിന്റെ കാനോന്‍ നിയമമെന്ന രാജകീയ ഭരണഘടനയില്‍നിന്ന് ഇവിടുത്തെ കത്തോലിക്കരെ രക്ഷിച്ച്, ഇന്ത്യന്‍ പൗരത്വത്തിന്റെ പൂര്‍ണ്ണതയില്‍ അവരെ എത്തിക്കേണ്ടതായിരുന്നു! ഇവിടുത്തെ മറ്റു ക്രൈസ്തവവിഭാഗങ്ങളും, ഏറിയോ കുറഞ്ഞോ അന്യസാംസ്‌കാരികപൈതൃകങ്ങളില്‍നിന്നുള്ള പാരമ്പര്യനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടാണ് വര്‍ത്തിച്ചുപോരുന്നത് എന്ന വസ്തുതയും വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ചുരുക്കത്തില്‍, ഇന്ത്യന്‍ പൗരത്വലബ്ധിയുടെ പൂര്‍ണ്ണതയായിരിക്കും, കേരളത്തിലെ മുഴുവന്‍ ക്രൈസ്തവവിഭാഗങ്ങള്‍ക്കും ചര്‍ച്ച് ആക്ട് നല്‍കാന്‍പോകുന്ന ഏറ്റവും മഹത്തായ സമ്മാനം.
ചര്‍ച്ച് ആക്ട് പോലൊരു നിയമം ക്രൈസ്തവസഭകള്‍ക്കായി ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍, ഇവിടെ യാക്കോബാ-ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങള്‍തമ്മില്‍, ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള ഒരു വഴക്കിനുള്ള സാധ്യതപോലും ഉണ്ടാകുമായിരുന്നില്ല; ഇവിടുത്തെ കത്തോലിക്കാസഭ കഴിഞ്ഞാല്‍ ഏറ്റവും വിശ്വാസികളുള്ള യാക്കോബായസഭയെ ഇല്ലായ്മചെയ്യുന്ന തരത്തില്‍ മാരകമായ ഒരു കോടതി വിധി ഒരിക്കലും ഉണ്ടാകുമായിരുന്നില്ല; ഇന്ത്യന്‍ പാര്‍ലമെന്റോ കേരളനിയമസഭയോ ചര്‍ച്ചചെയ്തു പാസാക്കാത്ത 1934-ലെ സഭാഭരണഘടന, കേരളത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ അസ്തിത്വംതന്നെ തകര്‍ക്കുംവിധം നിര്‍ണ്ണായകമാകുമായിരുന്നില്ല; കേരളക്രൈസ്തവസമൂഹത്തിനാകെ മാനഹാനിയുണ്ടാക്കുന്നതരത്തില്‍ അക്രമാസക്തമായ പള്ളിപിടിച്ചടക്കല്‍ പരമ്പരകള്‍ക്കും ക്രൂരമായ മരിച്ചടക്കുനിഷേധങ്ങള്‍ക്കും ദയനീയമായ വഴിയോര കുര്‍ബാനകള്‍ക്കും ഇവിടെ അരങ്ങൊരുങ്ങുമായിരുന്നില്ല.
കലാപകലുഷിതമായ ഈ ദുരവസ്ഥ ഇനിയും തുടരാന്‍ നാം, ഗവണ്‍മെന്റും, അനുവദിച്ചുകൂടാ. നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് നിയമമാക്കുകമാത്രമാണ് ഇനി ഇതിനൊരു പരിഹാരം. ചര്‍ച്ച് ആക്ട് പാസ്സായാല്‍, 'ഓരോ ഇടവക പള്ളിയും.... ക്രൈസ്തവചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിരിക്കണം' എന്ന അതിലെ വകുപ്പ് (5:1) പ്രകാരവും, 'എല്ലാ ഇടവക കുടുംബനാഥന്മാരും നാഥകളും, 18 വയസ്സിനു മുകളിലുള്ള ഇടവകാംഗങ്ങളും വോട്ടവകാശത്തോടുകൂടി ട്രസ്റ്റ് അസംബ്ലി രൂപവത്കരിക്കും' എന്ന  വകുപ്പ് (6:1) പ്രകാരവും ട്രസ്റ്റ് അസംബ്ലി രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന നിമിഷത്തില്‍ത്തന്നെ കോടതിവിധി അസാധുവാകുകയും പ്രശ്‌നം പരിഹൃതമാവുകയും ചെയ്യും. പിടിച്ചെടുക്കപ്പെട്ട ഒരിടവകയില്‍ ഭൂരിപക്ഷ അംഗങ്ങളും യാക്കോബായക്കാരെങ്കില്‍, ഈ ട്രസ്റ്റ് രൂപീകൃതമാകുന്നതോടെ നഷ്ടപ്പെട്ട ആ പള്ളി നിയമാനുസൃതംതന്നെ യാക്കോബായവിഭാഗത്തിന്റേതായിത്തീരും. ഇപ്പോള്‍ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ് ഭൂരിപക്ഷമെങ്കില്‍, അത് ഓര്‍ത്തഡോക്‌സുകാരുടേതുമായിത്തീരും. അങ്ങനെ, ചര്‍ച്ച് ആക്ടിന്റെ ഏറ്റവും അടുത്തഫലമായി നാം കാണാന്‍ പോകുന്നത്, അത് നൂറ്റാണ്ടുപഴക്കമുള്ള ഈ സഭാവഴക്ക് ഇപ്രകാരം അവസാനിപ്പിക്കും എന്നതാണ്. 
കത്തോലിക്കാസഭയിലെ കന്യാസ്ത്രീകള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളും പീഡനങ്ങളും അസ്വാതന്ത്ര്യവും ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഒരു കാലയളവാണല്ലോ ഇത്. ഈ മേഖലയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളായിരിക്കും, പ്രധാനമായും ചര്‍ച്ച് ആക്ടിന്റെ അടുത്ത ഫലം. ഫ്രാങ്കോയുടെ കന്യാസ്ത്രീപീഡനത്തിനെതിരെ സാംസ്‌കാരികകേരളം ഒന്നാകെ ഇളകിമറിഞ്ഞിട്ടും, തങ്ങളുടെ അധികാരവും സമ്പത്തും രാഷ്ട്രീയ ശക്തി - സ്വാധീനങ്ങളുമുപയോഗിച്ച് വാദികളെ പ്രതികളാക്കാന്‍ മെത്രാന്‍ സംഘമൊന്നാകെ ഇപ്പോള്‍ പരിശ്രമിക്കുകയാണല്ലോ. ചര്‍ച്ച് ആക്ട് പാസാകുന്നപക്ഷം, ഈ സാഹചര്യം മൊത്തത്തില്‍ മാറിമറിയും. മെത്രാന്മാര്‍ സ്വന്തമെന്നപോലെ കൈകാര്യംചെയ്യുന്ന സ്വത്തും പണവുമെല്ലാം സമുദായത്തിന്റേതാകുകയും തിരഞ്ഞെടുക്കപ്പെട്ട ത്രിതല ട്രസ്റ്റ് കമ്മിറ്റികള്‍ അവ കൈകാര്യം ചെയ്യാനാരംഭിക്കുകയും ചെയ്യുന്നതോടെ, ഇപ്പോള്‍ നിലവിലുള്ള പുരോഹിതജന്മിത്വവും പ്രമാണിത്തവും അവസാനിച്ചുതുടങ്ങും. അതോടെ, കന്യകാലയങ്ങളുടെമേലുള്ള അവരുടെ പിടി അയയുകയും കന്യാസ്ത്രീകള്‍ സ്വാതന്ത്ര്യം ശ്വസിച്ചുതുടങ്ങുകയുംചെയ്യും.
ഇതു മാത്രമല്ല, ത്രിതല ട്രസ്റ്റുകളുടെ അവകാശങ്ങളും കടമകളും അക്കമിട്ടു പറഞ്ഞിരിക്കുന്ന ചര്‍ച്ച് ആക്ട് 20-ാം വകുപ്പിന്റെ 3-ാം ഉപവകുപ്പും, 4-ാം വകുപ്പിന്റെ എ,ബി,സി,ഡി അനുച്ഛേദങ്ങളും, കന്യാസ്ത്രീകളുള്‍പ്പെടെയുള്ള ആത്മീയശുശ്രൂഷകരുടെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സാമ്പത്തികസുരക്ഷിതത്വവും പ്രത്യേകമായി ഉറപ്പുവരുത്തുന്നുമുണ്ട്. അങ്ങനെ, ജീവിതത്തെക്കുറിച്ച് വ്യക്തമായി അറിവില്ലാതിരുന്ന പ്രായത്തില്‍ സ്വീകരിച്ചുപോയ വ്രതങ്ങളുടെപേരില്‍ ആജീവനാന്തം അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ക്കിടന്നു നെടുവീര്‍പ്പിടുന്ന ആയിരക്കണക്കിനു കന്യാസ്ത്രീകളുടെ ജീവിതസാഹചര്യത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെയും സാന്ത്വനത്തിന്റെയും ആത്മാഭിമാനത്തിന്റെയും കുളിര്‍കാറ്റ് വീശാന്‍പോരുന്നതാണ്, നിര്‍ദ്ദിഷ്ടചര്‍ച്ച് ആക്ട്. ഇക്കാരണത്താലാണ്, 'കന്യാസ്ത്രീകളുടെ കണ്ണുനീര്‍ ഇനിയുമിവിടെ വീഴാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കുക' എന്ന മുദ്രാവാക്യം കെ.സി.ആര്‍.എം. മുമ്പേതന്നെ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ഇവിടുത്തെ കത്തോലിക്കാസമൂഹവും എന്തിന്, ഇരകളാക്കപ്പെടുന്ന കന്യാസ്ത്രീകള്‍പോലും ഇക്കാര്യം വേണ്ടത്ര മനസ്സിലാക്കാന്‍ തയ്യാറായിട്ടില്ല, ഇതുവരെ.
20-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ്, എല്ലാ സഭാംഗങ്ങള്‍ക്കും സ്വാഭാവികനീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം, മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷണവും ത്രിതല ട്രസ്റ്റുകളുടെ കടമയാണെന്നു പറയുന്നു. അതായത്, ഈ മേഖലയിലുള്ള പൗരോഹിത്യത്തിന്റെ കടന്നുകയറ്റങ്ങളെ തടയാനുള്ള അധികാരം സഭാംഗങ്ങള്‍ രൂപീകരിക്കുന്ന ട്രസ്റ്റ് കമ്മിറ്റികള്‍ക്കുണ്ടാകും.
ഇതേ വകുപ്പിന്റെ നാലാം ഉപവകുപ്പ് ഡി അനുച്ഛേദപ്രകാരം, സഭാംഗങ്ങള്‍ക്കു ലഭിക്കേണ്ട ആദ്ധ്യാത്മികശുശ്രൂഷകള്‍ അവര്‍ക്കു മുടക്കംകൂടാതെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ട്രസ്റ്റു കമ്മിറ്റികള്‍ക്കുണ്ട്. അതായത്, മാമോദീസാ, വിവാഹം. മരിച്ചടക്ക് മുതലായവവച്ചുള്ള പൗരോഹിത്യത്തിന്റെ വിലപേശലും ഭീഷണിയും ചര്‍ച്ച് ആക്ട് പ്രാബല്യത്തിലാകുന്നതോടെ അവസാനിക്കും.
ചര്‍ച്ച് ആക്ടിന്റെ പരിധിയില്‍ സഭാസ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. അതില്‍ സന്ന്യാസസഭകള്‍ നടത്തുന്ന സ്ഥാപനങ്ങളും വരുമോ എന്ന കാര്യത്തില്‍ അല്പം അവ്യക്തത നിലവിലുണ്ട്. എങ്കിലും, സന്ന്യാസസഭകള്‍ക്കുമേല്‍ രൂപതാമെത്രാന്റെ നിയന്ത്രണമുള്ളതിനാല്‍, രൂപതാതല ട്രസ്റ്റ് അസംബ്ലികളുടെയും രൂപതാ ട്രസ്റ്റ് കമ്മിറ്റികളുടെയും അധികാരപരിധിയില്‍ അവയും നൈയാമികമായി ഉള്‍പ്പെട്ടേക്കാം എന്നു കരുതുന്നു.
ഏതായാലും, പള്ളിവക സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും,  രൂപതാതലത്തില്‍ നടത്തപ്പെടുന്ന കോളേജുകള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെയുമെല്ലാം ഭരണം, അതാതു തലങ്ങളിലുള്ള ട്രസ്റ്റ് കമ്മിറ്റികളുടെ ചുമതലയിലായിരിക്കും നടക്കുക. അതോടെ. 1957-59 കാലഘട്ടത്തിലെ വിമോചനസമരത്തോടനുബന്ധിച്ച്, 'കമ്മ്യൂണിസ്റ്റുകാര്‍ സ്‌കൂളുകളും കോളേജുകളും പിടിച്ചെടുക്കു'മെന്നു പറഞ്ഞ് കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ രൂപതാമെത്രാന്മാര്‍ പിടിച്ചെടുത്ത സ്‌കൂളുകളും കോളേജുകളുമെല്ലാം വീണ്ടും ഇടവകക്കാരുടെയും രൂപതാസമൂഹത്തിന്റേതുമാകും. അവയും മറ്റെല്ലാ സഭാസ്ഥാപനങ്ങളും അതാതു തലങ്ങളിലുള്ള ട്രസ്റ്റ് അസംബ്ലികള്‍ തിരഞ്ഞെടുത്തു രൂപീകരിക്കുന്ന ട്രസ്റ്റ് കമ്മിറ്റികളാകും ഭരിക്കുക.
ക്രൈസ്തവസമുദായത്തെ സംബന്ധിച്ച്, ഇതെല്ലാം വലിയ ഉണര്‍വും ഉത്തേജനവുമായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. സമുദായത്തിന്റെ നേതൃത്വം അനധികൃതമായി ഏറ്റെടുത്ത പൗരോഹിത്യത്തില്‍നിന്ന് ആ നേതൃത്വം സഭാപൗരന്മാരിലേക്ക് മാറ്റപ്പെടുകയാണിവിടെ. അഭ്യസ്തവിദ്യരും പണ്ഡിതരും പരിണിതപ്രജ്ഞരും പല മേഖലകളിലും പ്രാഗത്ഭ്യം തെളിച്ചിട്ടുള്ളവരുമായ ധാരാളം പേര്‍ ഈ സമുദായത്തിലുണ്ട്. അവരുടെയെല്ലാം കഴിവും കര്‍മ്മശേഷിയും മരവിപ്പിച്ചിട്ടിരിക്കുകയാണ്, പൗരോഹിത്യ സംവിധാനം ഇപ്പോള്‍. അവരുടെയെല്ലാം വ്യത്യസ്തങ്ങളായ കഴിവുകളും നേതൃശേഷിയും പ്രവര്‍ത്തനോര്‍ജ്ജവും ഉണരുവാനും അവയെല്ലാം പരസ്പരപൂരകമായി സമുദായത്തില്‍ പ്രാവര്‍ത്തികമാകുവാനും ചര്‍ച്ച് ആക്ട് കളമൊരുക്കും.
ഇപ്രകാരം കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ നട്ടെല്ലു നിവരുകയും മാംസപേശികള്‍ ബലമാര്‍ജ്ജിക്കുകയും മസ്തിഷ്‌കം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുമ്പോള്‍, ഇപ്പോള്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്ത ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഈ ജനതയില്‍ സംഭവിക്കും.
അതിലൊന്നാണ്, നിലവിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉണ്ടാകാനിടയുള്ള ശക്തമായ നീക്കങ്ങള്‍. ഭൂരിപക്ഷം വിശ്വാസികള്‍ക്കും സഭയില്‍ നിരവധിയായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നറിയാം. എന്നാല്‍, അധികാരത്തിന്റെയും സമ്പത്തിന്റെയും സ്വയംനിര്‍മ്മിതനിയമങ്ങളുടെയും പടച്ചട്ടയും ആയുധങ്ങളും ധരിച്ച് ഗോലിയാത്തിനെപ്പോലെ അട്ടഹസിച്ചുനില്‍ക്കുന്ന ഇന്നത്തെ പുരോഹിതശക്തിക്കുമുമ്പില്‍ അവര്‍ക്ക് നിശ്ശബ്ദത പാലിക്കേണ്ടിവരുകയാണ്. ചര്‍ച്ച് ആക്ടിലൂടെ പൗരോഹിത്യത്തിന്റെ ഈ പടച്ചട്ടസംവിധാനം അഴിഞ്ഞുവീഴുന്നതോടെ സഭയെ അന്ധവിശ്വാസങ്ങളില്‍നിന്നു മുക്തമാക്കാന്‍ ഒറ്റയ്ക്കും കൂട്ടായതുമായ പരിശ്രമങ്ങള്‍ സഭാസമൂഹങ്ങളിലുണ്ടാകും.
അതോടൊപ്പം, അനേകരുടെ മനസ്സുകളില്‍ പുരോഹിതകേന്ദ്രീകൃതമായ ആചാരാനുഷ്ഠാനങ്ങളേക്കാള്‍ പ്രാധാന്യം യേശുവിന്റെ ജീവിതബന്ധിയായ പ്രമാണതത്ത്വങ്ങള്‍ക്കും മൂല്യസംഹിതയ്ക്കും കൈവരുവാനുള്ള സാധ്യത വളരെയുണ്ട്. നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന്റെ 20-ാം വകുപ്പ് 1-ാം ഉപവകുപ്പില്‍ ഇതിനുള്ള വഴി തുറന്നിട്ടിട്ടുമുണ്ട്. അതിങ്ങനെ പറയുന്നു: ''ക്രൈസ്തവതത്ത്വങ്ങളിലധിഷ്ഠിതമായ ക്രൈസ്തവവിശ്വാസത്തിന്റെ രൂപീകരണവും പരിശീലനവും ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. അതിന്റെ സ്വച്ഛന്ദമായ നടത്തിപ്പ് ത്രിതലട്രസ്റ്റുകളുടെ അടിസ്ഥാനപരമായ അവകാശവും കടമയുമാണ്.'' 'ക്രൈസ്തവതത്ത്വങ്ങള്‍' എന്നത്, റോമന്‍സഭ പ്രഖ്യാപിച്ചിട്ടുള്ള 'വിശ്വാസപ്രമാണങ്ങ'ളും 'വിശ്വാസസത്യങ്ങ'ളുമാണോ, അതോ യേശു അവതരിപ്പിച്ച പ്രമാണതത്ത്വങ്ങളും മൂല്യസംഹിതയുമാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ഓരോ സഭാപൗരനും കൈവരുകയാണിവിടെ. ചിന്താപരവും അന്വേഷണപരവുമായ ഈ പ്രക്രിയയുടെ സ്വച്ഛന്ദമായ നടത്തിപ്പിന് തടസ്സം വരാതെ നോക്കാനുള്ള കടമ മൂന്നു തലങ്ങളിലുമുള്ള ട്രസ്റ്റുകമ്മിറ്റികളുടെ അവകാശവും കടമയുമാണെന്നുള്ള ഈ വ്യവസ്ഥചെയ്യല്‍, വാസ്തവത്തില്‍ സഭാംഗങ്ങളുടെ വ്യവസ്ഥയില്ലാത്ത ചിന്താസ്വാതന്ത്ര്യത്തിന്റെ വിളംബരംതന്നെയാണ്.
വികാരിമാരും മെത്രാന്മാരും ഓരോ സഭയുടെയും തലവന്മാരും നിസ്സഹകരിച്ചാല്‍ ഇതെല്ലാം നടക്കാതെ പോവില്ലേ എന്ന ചോദ്യത്തിനും ചര്‍ച്ച് ആക്ടില്‍ ഉത്തരമുണ്ട്. അവരിലാരെങ്കിലും ട്രസ്റ്റ് യോഗങ്ങളില്‍ ആദ്ധ്യക്ഷ്യം വഹിക്കുന്നതിനു വിസ്സമ്മതിച്ചാല്‍, ''ബന്ധപ്പെട്ട മാനേജിംഗ് ട്രസ്റ്റികള്‍ക്ക് സമാജങ്ങളുടെയും ട്രസ്റ്റ് കമ്മിറ്റികളുടെയും ആദ്ധ്യക്ഷ്യംവഹിക്കാന്‍ അധികാരമുണ്ടായിരിക്കുന്നതാണ്'' എന്നു വ്യവസ്ഥ ചെയ്യുന്ന 17-ാം വകുപ്പ് 4-ാം ഉപവകുപ്പാണ് ഇതിനു പരിഹാരമായി കൃഷ്ണയ്യര്‍ കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ഇങ്ങനെ നോക്കുമ്പോള്‍, സഭയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹൃതമാകും എന്നതിനപ്പുറം, നവോത്ഥാനപരമായ ഒരു മഹാവിപ്ലവത്തിന്റെ ഉദ്ഘാടനംകൂടിയാണ് ചര്‍ച്ച് ആക്ടിലൂടെ  കേരളസഭയില്‍ നടക്കാന്‍പോകുന്നത് എന്നു കാണാനാകും. കേരളത്തില്‍ ജാതിവ്യവസ്ഥയും അനേകം അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍പ്പോലും, പള്ളിയോഗസമ്പ്രദായത്തിലൂടെ സഭയ്ക്കുള്ളില്‍ തുല്യതയും ജനാധിപത്യവും പുലര്‍ത്തിയിരുന്നവരാണ്, ഇവിടുത്തെ  ക്രൈസ്തവസമൂഹം. 16 നൂറ്റാണ്ടുകാലം അഭംഗുരം പുലര്‍ന്നിരുന്ന ആ ഭാരതക്രൈസ്തവസമ്പ്രദായത്തെ കാലാനുസൃതം ആധുനികവല്‍ക്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ്, ചര്‍ച്ച് ആക്ടിലൂടെ കൃഷ്ണയ്യര്‍ കമ്മീഷന്‍ ചെയ്തിരിക്കുന്നത്.
നവോത്ഥാനപരമായ ഒരു മുന്നേറ്റവും ഒരു സമുദായത്തില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. അതിന്റെ പ്രചോദനം മറ്റു സമുദായങ്ങളിലും പൊതുസമൂഹത്തിലും അനുരണനങ്ങളുണ്ടാക്കും. അങ്ങനെ നോക്കുമ്പോള്‍, കേരളക്രൈസ്തവരുടെമാത്രമല്ല, കേരളസമൂഹത്തിന്റെതന്നെ നവോത്ഥാനപന്ഥാവിലെ ഒരു സുപ്രധാനപടിയാണ് ചര്‍ച്ച് ആക്‌ടെന്നു കാണാം. അതുകൊണ്ടുതന്നെ, ചര്‍ച്ച് ആക്ടിനായി പൊരുതിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ ക്രൈസ്തവപ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുകയെന്നത്, ഇവിടെയൊരു സാംസ്‌കാരികനവോത്ഥാനം ആഗ്രഹിക്കുന്ന മുഴുവന്‍ കേരളീയരുടെയും കടമയാണ്.

No comments:

Post a Comment