Translate

Thursday, November 28, 2019

തിരുവനന്തപുരത്തു നടന്ന ചർച്ച് ട്രസ്റ്റ് ബിൽ റാലി വൻ വിജയം



ചാക്കോ കളരിക്കൽ

കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾ രൂപീകരിച്ചിട്ടുള്ള ചർച്ച് ട്രസ്റ്റ് ബിൽ സംഘടനകളുടെ സംയുക്ത സമിതിയായ AKCAAC-യുടെ നേതൃത്വത്തിലും MACCABI-യുടെ സഹകരണത്തോടെയും സംഘടിപ്പിച്ച തിരുവനന്തപുരം ചർച്ച് ട്രസ്റ്റ് ബിൽ റാലിയിൽ ഏകദേശം രണ്ടുലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്ത് വിജയിപ്പിച്ചു. സംസ്ഥാനനഗരിയെ പ്രകമ്പനം കൊള്ളിച്ച നവംബർ 27, 2019-ലെ പ്രകടനം കേരളജനതയേയും സർക്കാരിനേയും ഉണർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഇനി തർക്കമുണ്ടാകാൻ വഴിയില്ല. പ്രവർത്തി ദിവസമായിരുന്നിട്ടും ഇത്രയേറെ ആളുകൾ റാലിയിൽ പങ്കെടുക്കാൻ എത്തിയതുതന്നെ ഈ സമരത്തിൻറെ പ്രാധാന്യത്തെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. നൂറുപേർ വരുകയില്ലായെന്ന് പരിഹസിച്ചവർ ലക്ഷങ്ങൾ പങ്കെടുത്ത റാലി കണ്ടുവിശ്വസിച്ചെന്ന് കരുതണം. ഈ ചരിത്ര സമരത്തിൽ പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ!

ജയ് ജയ് ചർച്ചാക്റ്റ്. ചർച്ചാക്റ്റ് നിയമമാക്കുക.എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ നടന്നു നീങ്ങിയ ജനക്കൂട്ടം ഒന്നേ സർക്കാരിനോട് ആവശ്യപ്പെടുന്നൊള്ളു: ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിത്തരുക. ഒന്നര ലക്ഷത്തിലധികം പേർ ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനനഗരിയിൽ സഘടിച്ചിട്ടും സംഘടിത സഭ അതൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. KCBC-യുടെ അഹങ്കാര നിലപാടിന് തലസ്ഥാന നഗരിയിലെ പ്രകടനം തിരിച്ചടി തന്നെയാണ്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ! ചർച്ച് ട്രസ്റ്റ് ബിൽ വിജയിക്കട്ടെ.

രാവിലെ 10 മണിക്ക് ബിഷപ്പ് പെരേര ഹാളിന് മുന്നിൽ സ. പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് കൈമാറിക്കൊണ്ട് മാർച്ച് ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണയ്ക്ക് AKCCAC ചെയർമാൻ അഡ്വ ബോറിസ് പോൾ അധ്യക്ഷനായിരുന്നു. സിസ്റ്റർ ലൂസി കളപ്പുര ധർണ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരു സാംസ്കാരിക തിരുത്തലിനിടയാക്കുന്ന ചരിത്രം സൃഷ്ടിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ, സ്വാമി അഗ്നിവേശ്, ഡോ. വത്സൻ തമ്പു തുടങ്ങിയ നിരവധി പ്രമുഖർ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.


ചർച്ച് ആക്റ്റ് ക്രൂസേഡ് ഇന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുക്കുകയാണ്! ചർച്ച് ആക്റ്റ് ഇനി അവഗണിക്കാനാവില്ല എന്നും ആ നിയമം നടപ്പാക്കാൻ കേരള മുഖ്യമന്ത്രി സ. പിണറായി വിജയനോട് താൻ നേരിട്ട് ആവശ്യപ്പെടുമെന്നും സ്വാമി അഗ്നിവേശ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പൗരോഹിത്യാധിപത്യം മൂലം അഴിമതിയിൽ മുങ്ങി വഷളായ പള്ളി സ്വത്ത് ഭരണം ചർച്ച് ആക്റ്റ് മൂലം സുതാര്യവും സത്യസന്ധവും ആകുമെന്ന് മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരാണ് നിയമത്തെ ഭയക്കുന്നതെന്നാണ് ഡോ. വത്സൻ തമ്പുവിൻറെ അഭിപ്രായം. ബിഷപ്പുമാരുടെ അധികാരഗർവ്വ് അവസാനിപ്പിക്കണം. ചർച്ച് ട്രസ്റ്റ് ബിൽ അവരുടെ അടിമത്തത്തിൽ നിന്നും സാധാരണ ക്രിസ്ത്യാനികൾക്കുള്ള മോചനമാണ്. പുരോഹിതരും അത് മനസ്സിലാക്കണം. കെ.സി.ബി.സി ചർച്ച് ആക്റ്റിനെ എതിർക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണെന്നും അതിനെ വിശ്വാസികൾ എതിർത്ത് തോൽപ്പിക്കുമെന്നും മക്കാബി ജനറൽ സെക്രട്ടറി അഡ്വ ബോബൻ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.

കാര്യത്തിൻറെ ഗൗരവം മനസിലാക്കിയ  കേരള ഗവർണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ സമരത്തിലെ അഞ്ച് നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബോറിസ് പോ, ബർ യൂഹാനോൻ റമ്പാൻ, ഡോ. വത്സൻ തമ്പു, സിസ്റ്റർ ലൂസി കളപ്പുര എന്നിവർ അദ്ദേഹത്തെ കണ്ട് ചർച്ച നടത്തുകയുണ്ടായി. അങ്ങനെ ഈ വമ്പിച്ച സമരം  ചരിത്രത്തിൻറെ ഭാഗമായി!

“…. ദിവസങ്ങളായി  ഊണും ഉറക്കവും നഷ്ടപ്പെട്ട് ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ വോളണ്ടിയർമാരോടും എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന സെന്റ് പീറ്റേഴ്സ് പള്ളി ഭാരവാഹികളോടും ഇടവകാംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു. ഇത്രയും ഭംഗിയായും ചിട്ടയായും ഒരു സമരം അടുത്ത കാലത്തെങ്ങും അനന്തപുരി കണ്ടിട്ടുണ്ടാവില്ല. എന്തൊരു ജനപങ്കാളിത്തം! എന്തൊരു ചിട്ട! സംഘാടകരെ മുക്തകണ്ഠം അഭിനന്ദിക്കുന്നു.” നിരണം ഭദ്രാസനാധിപൻ കൂറിലോസ് മോർ ഗീവറുഗീസ് മെത്രാപ്പോലീത്ത തിരുവനന്തപുരത്തു നടന്ന സമരത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിത്..

ചർച്ച് ട്രസ്റ്റ് ബിൽ റാലി വൻ വിജയ മാക്കിത്തീർത്ത എല്ലാ ക്രൈസ്തവ വിശ്വാസികളോടുമുള്ള ഹൃദയംനിറഞ്ഞ നന്ദിയും ഈ സമരത്തിൽ കെസിആർഎം നോർത് അമേരിക്കക്ക് പങ്കുചേരാൻ സാധിച്ചതിലുള്ള സംതൃത്തിയും ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.  

No comments:

Post a Comment