Translate

Tuesday, November 26, 2019

ചർച്ച് ട്രസ്റ്റ് ബില്ലു പാസാക്കാൻ ലക്ഷം ക്രൈസ്തവരുടെ സെക്രട്ടേറിയറ്റ് മാർച്ചിന് കെസിആർഎം നോർത് അമേരിക്കയുടെ പിന്തുണ

ചാക്കോ കളരിക്കൽ

 
കെസിആർഎം നോർത് അമേരിക്ക (KCRMNA) നവംബർ 06, 2019 ബുധനാഴ്ച് സംഘടിപ്പിച്ച ടെലികോൺഫെറൻസിൽ ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ആഭിമുഖ്യത്തിൽ നവംബർ 27, 2019-ൽ ലക്ഷംപേർ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും  വിജയിപ്പിക്കുന്നതിനുവേണ്ടി എല്ലാവിധ സഹായസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ, കെസിആർഎം നോർത് അമേരിക്കയുടെ ട്രെഷറർ ശ്രീ ജോർജ് നെടുവേലിൽ, ടെലികോൺഫെറൻസ് മോഡറേറ്റർ ശ്രീ എ സി ജോർജ് തുടങ്ങിയവർ കെസിആർഎം നോർത് അമേരിക്കയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ സംബന്ധിക്കുന്നതുമാണ്.

സഭാസ്വത്തുക്കൾ ഇന്ന് ഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും മെത്രാന്മാരും വൈദികരുമാണ്. അല്മായ പ്രതിനിധികൾ പൊതുയോഗത്തിലോ പാരീഷ് കൗൺസിലിലോ  പങ്കെടുത്താലും അവർക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ല; ഉപദേശകാവകാശമേയുള്ളു. അതിൻറെ ഫലമായി പല ക്രിസ്ത്യൻ സഭകളിലും ഈ അടുത്ത കാലത്ത് അനധികൃതവും തട്ടിപ്പ് നിറഞ്ഞതുമായ ഭൂമി ക്രയവിക്രയങ്ങളും സാമ്പത്തിക തിരിമറികളും നടക്കുകയുണ്ടായി. പത്തു വർഷങ്ങൾക്കു മുൻപ് കേരള നിയമ പരിഷ്കരണ കമ്മീഷൻ ക്രിസ്ത്യൻ സഭകളുടെ സ്വത്തു ഭരിക്കുന്നതിന് ഒരു ഡ്രാഫ്റ്റ് ചർച്ച് ട്രസ്റ്റ് ബിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. മാറിമാറിവരുന്ന സർക്കാരുകൾ നാളിതുവരെ ആയിട്ടും ആ കരടുബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കാൻ തുനിഞ്ഞിട്ടില്ല. മറ്റ് മത വിശ്വാസികൾക്ക് അവരുടെ സ്വത്തുക്കൾ ഭരിക്കാൻ നിയമം നിലവിൽ ഉണ്ടായിരിക്കുകയും ഇന്ത്യൻ ഭരണഘടന എല്ലാ മതക്കാരുടെയും സ്വത്തു ഭരിക്കാൻ നിയമം ഉണ്ടാക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ക്രിസ്ത്യൻ സമുദായത്തോട് സർക്കാർ വിവേചനാപരമായി പെരുമാറുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. പുരോഹിതരെ ഭരമേല്പിച്ചിരിക്കുന്ന ചുമതല വചന ശുശ്രൂഷയും കൂദാശാ പാരികർമങ്ങൾ തുടങ്ങിയ ആദ്ധ്യാത്മിക ശുശ്രൂഷകളുമാണ്. പള്ളികളുടെ ഭൗതിക വസ്തുക്കളുടെ നടത്തിപ്പ് അല്മായരുടെ ചുമതലയാണ്. അത് സുവിശേഷാധിഷ്ഠിതവും (നടപടി പുസ്തകം ആറാം അദ്ധ്യായം കാണുക) മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവുമാണ്. മേല്പറഞ്ഞ രണ്ടു ചുമതലകളും മുൻകാലങ്ങളിൽ ദേശത്തുപട്ടക്കാരും ഇടവകാംഗങ്ങളായ അല്മേനികളും ഒത്തൊരുമിച്ച് വളരെ ഭംഗിയായി നടത്തിയിരുന്നു. ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തിൽ റോമിലെ കാനോൻ നിയമം ബാധകമാക്കിയ അന്നുമുതൽ ദൈവജനത്തിൻറെ കൂട്ടായ്മ (Community of the people of God) എന്ന അവസ്ഥ മാറി. ഇപ്പോൾ പുരോഹിത സമുന്നത വർഗവും അല്മേനി അടിമ വർഗവുമെന്ന രണ്ടു തട്ടാണ് സഭയിലുള്ളത്. ഉദ്യോഗസ്ഥാധിപത്യമുള്ള വമ്പിച്ച ഒരു സംഘടനയാണ്, സഭ ഇന്ന്. യേശുവിൻറെ സ്നേഹസന്ദേശമായിരുന്നു ആദിമസഭ ഉൾക്കൊണ്ടത്. എന്നാൽ ഇപ്പോഴത്തെ സഭാമേലധികാരികൾക്ക് പീലാത്തോസിനെപ്പോലെ "എന്താണ് സത്യം?" എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കർത്താവിൻറെ ശിഷ്യന്മാരായിരുന്ന അപ്പോസ്തലന്മാരിൽനിന്നും ഇന്നത്തെ ഇടയന്മാർ എത്രയോ അകന്നുപോയി!

പള്ളിസ്വത്തുഭരണകാര്യങ്ങളിൽ കടിഞ്ഞാണില്ലാതെ ഓടുന്ന അധികാരികളെ നിലയ്ക്കുനിർത്താൻ ചർച്ച് ട്രസ്റ്റ് ബിൽ പാസായി നടപ്പിൽ വന്നേ തീരൂ. "പള്ളിവക ആസ്തികൾ നോക്കിനടത്താൻ കത്തോലിക്കാസഭയ്ക്ക് സുദൃഢമായ നിയമ വ്യവസ്ഥ" നിലവിലുണ്ടെന്നാണ് വർക്കി വിതയത്തിൽ മെത്രാപ്പോലീത്ത ഒരിക്കൽ അഭിപ്രായപ്പെട്ടത്. ആ എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഈ അടുത്ത കാലത്ത് ഭൂമികുംഭകോണം നടന്നതെന്നോർക്കണം. "സുദൃഢമായ നിയമ വ്യവസ്ഥ" എതിലെ പോയി? കേന്ദ്ര നിയമസഭയോ സംസ്ഥാന നിയമസഭയോ പാസാക്കുന്ന നിയമങ്ങളാണ് ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്ന നിയമങ്ങൾ എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്നതിനുള്ള നിയമം ഇന്ത്യയിലുള്ള ജനപ്രതിനിധി സഭയാണ് ഉണ്ടാക്കേണ്ടത്. പൊതു മുതൽ സത്യസന്ധമായിട്ടാണ് ഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്താനാണ് നിയമം; മറിച്ച്, പാംബ്ളാനി മെത്രാൻ കള്ളം പ്രചരിപ്പിക്കുന്നതുപോലെ പള്ളിസ്വത്തുമുഴുവൻ സർക്കാരിനെ ഏല്പിക്കുകയല്ല. നിർദ്ദേശിച്ചിരിക്കുന്ന ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ലിങ്ക് ഇവിടെ ചേർക്കുന്നു: https://1drv.ms/b/s!ArEfEAVOW_h4jBNXd8KTBhwyIFCM ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്ന ഏകാധിപതികളായ മെത്രാന്മാരുടെ വാക്കുകൾ കേൾക്കാതെ നിങ്ങൾതന്നെ ബില്ലു വായിച്ച് സത്യം മനസിലാക്കുക.

ക്രിസ്ത്യൻ ചർച്ച് ട്രസ്റ്റ് ബിൽ ക്രിസ്ത്യാനികളുടെ ഭൗതിക സ്വത്തുഭരണത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു നിയമമാണ്. സഭയെ സംരക്ഷിക്കുന്നതിനുള്ള ഏക മാർഗ്മാണത്. അക്കാരണത്താൽത്തന്നെ നവംബർ 27, 2019-ൽ ലക്ഷംപേർ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ നാം കടപ്പെട്ടവരുമാണ്. വടക്കെ അമേരിക്കയിലെ നവോത്ഥാന സംഘടനയായ കെസിആർഎം നോർത് അമേരിക്ക (KCRMNA), കേരളത്തിലെ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കുചേരുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു.


https://www.emalayalee.com/varthaFull.php?newsId=199347#

No comments:

Post a Comment