Translate

Tuesday, November 26, 2019

'ചര്‍ച്ച് ആക്ട് ക്രൂസേഡ്'-വിജ്ഞാാപനം!


റവ. യൂഹാനോന്‍ റമ്പാന്‍ ഡയറക്ടര്‍, 'MACCABI' ഫോണ്‍: 9645939736

വന്ദ്യപിതാക്കന്മാരേ, ബഹുമാനപ്പെട്ട പുരോഹിതശ്രേഷ്ഠരേ, സന്ന്യസ്തരേ, പാസ്റ്റര്‍മാരേ, സുവിശേഷകരേ, പരിശുദ്ധസഭയിലെ ഭക്തസംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും ആയവരേ, സര്‍വ്വോപരി പ്രിയപ്പെട്ട വിശ്വാസികളുടെ സമൂഹമേ,
കേരളത്തിലെ ക്രൈസ്തവസഭകളിലെ വിശ്വാസികളുടെ സമൂഹം ഒരു നവോത്ഥാനത്തിനുവേണ്ടി സഭാനേതൃത്വത്തോടും ഭരണകൂടത്തോടും നിലവിളിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. കേരളസഭകളില്‍ മുമ്പെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവിധത്തിലുള്ള മാരകമായ പാപവീഴ്ചയില്‍ക്കൂടിയാണ് ഇന്ന് ക്രൈസ്തവസമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊലപാതകം, വ്യഭിചാരം, സ്ത്രീപീഡനം, ഭൂമികുംഭകോണം, ശീമോന്യപാപം, കന്യാസ്ത്രീപീഡനം, സ്വവര്‍ഗ്ഗലൈംഗികപീഡനം, ശവസംസ്‌കാരനിഷേധം, ദേവാലയ കൈയേറ്റം, രോഗശാന്തി തട്ടിപ്പ് തുടങ്ങി ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ഒരു കാലത്തിലൂടെയാണ് ക്രൈസ്തവസമൂഹം ഇന്നു ജീവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഒരു സഭയില്‍മാത്രം കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഇരുപതിലധികം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു സഭയില്‍ വിശുദ്ധ കുമ്പസാരത്തിന്റെ മറവില്‍ ഏഴോളം വൈദികര്‍ ഒരു വീട്ടമ്മയെ പീഡിപ്പിച്ചു. മറ്റൊരു വീട്ടമ്മ പുരോഹിതനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്ന് ആത്മഹത്യചെയ്തു. അനേകം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ചില സഭാനേതൃത്വത്തിന്റെ വിലപേശല്‍മുഖാന്തിരം കബറടക്കം നിഷേധിക്കപ്പെട്ട് തെരുവില്‍ കിടന്നു. ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു സഭാപിതാവ്, 'സഭാസ്വത്തുക്കളില്‍ വിശ്വാസികള്‍ക്ക് ഉടമസ്ഥാവകാശം ഇല്ല' എന്നു കോടതിയില്‍ രേഖപ്പെടുത്തി. ഭക്ഷണവും മരുന്നും കിട്ടാതെ ചില പുരോഹിതന്മാര്‍ ആത്മഹത്യചെയ്തു. ഇങ്ങനെ എണ്ണിയാല്‍ത്തീരാത്ത കളങ്കങ്ങളുമായി, കേരളക്രൈസ്തവസഭ ഒരു ഇരുണ്ടകാലഘട്ടത്തിലൂടെ ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഒരു നവോത്ഥാനം ക്രൈസ്തവസഭകള്‍ക്ക് ആവശ്യമായി വന്നിരിക്കുന്നു.
1 പത്രോസ് 2:12-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ''സര്‍വ്വ മനുഷ്യരുടെയുംമുമ്പില്‍ നിങ്ങളുടെ നടപടികള്‍ നന്നായിരിക്കണം. അങ്ങനെ നിങ്ങള്‍ക്കെതിരായി ദുഷിച്ച വാക്കുകള്‍ പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട്, പരിശോധനാദിവസത്തില്‍ ദൈവത്തെ സ്തുതിപ്പാന്‍ ഇടയാകട്ടെ''. എന്നാല്‍ ഇന്നോ, സമൂഹത്തിന്റെമുമ്പില്‍ നാംമൂലം നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമം ദുഷിക്കപ്പെടുന്നു; പൂര്‍വ്വിക ക്രൈസ്തവസമൂഹം നേടിത്തന്ന സല്‍പ്പേരും ക്രിസ്തീയമഹത്വവും നമുക്ക് നഷ്ടമായിരിക്കുന്നു; ഇന്ന് ക്രിസ്ത്യാനികളായ നാം വളരെ ഞെരുക്കത്തില്‍ ആയിരിക്കുന്നു. ''എന്നാല്‍ സ്വന്തം കുറ്റങ്ങള്‍നിമിത്തം ഞെരുക്കങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ക്ക് എന്തു മഹിമയാണുള്ളത്?'' എന്ന് പത്രോസ് അപ്പോസ്തലന്‍ നമ്മോട് ചോദിക്കുന്നു. ''നായ തന്റെ ഛര്‍ദ്ദിയിലേക്കും കുളിച്ച പന്നി ചെളിയില്‍ ഉരുളുന്നതിലേക്കും തിരിയുന്നു എന്നുള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്ക് സംഭവിച്ചു'' (2 പത്രോ. 2:22) എന്ന് പത്രോസ് അപ്പോസ്തലന്‍ പറഞ്ഞത് കേരളത്തിലെ സഭകളില്‍ നിവൃത്തിയായിരിക്കുന്നു. എന്തുകൊണ്ടാണ് സഭ ഇപ്രകാരം അധഃപതിച്ചതും ദൈവത്തില്‍നിന്ന് അകന്നുപോയതും എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഈ അധഃപതനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു സമൂഹമായി നാം മാറണം. ആയതിനുവേണ്ടി നടത്തുന്ന 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ല്‍ പങ്കെടുക്കണമെന്ന്  എല്ലാവരോടും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു വിജ്ഞാപനമാണിത്.
വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 6: 24-ല്‍ ഇപ്രകാരം നമ്മുടെ കര്‍ത്താവ് അരുളിചെയ്യുന്നു: ''രണ്ട് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും സാധ്യമല്ല. എന്തെന്നാല്‍ ഒരുവനെ വെറുക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും മറ്റവനെ ദുഷിക്കുകയും ചെയ്യും. ദൈവത്തെയും ദ്രവ്യത്തെയും ഒപ്പം സ്‌നേഹിപ്പാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല''. സകല തിന്മകളിലേക്കും ഒരുവനെ നയിക്കുവാന്‍ ദ്രവ്യാഗ്രഹത്തിനു സാധിക്കുന്നു. ദ്രവ്യാഗ്രഹംമൂലം സ്ഥാനമോഹം, അധികാരദുര്‍വിനിയോഗം, ദുഷ്ടസംസര്‍ഗം, കൊലപാതകം, പീഡനം തുടങ്ങി അനേകം പാപങ്ങള്‍ക്ക് ഒരുവന്‍ അടിമയായിത്തീരുവാന്‍ ഇടയാകും. ഇതുമൂലമാണ് ക്രൈസ്തവസഭയില്‍ ദ്രവ്യമുപേക്ഷിച്ചുകൊണ്ട് ദൈവത്തെ പിന്തുടരുന്ന സന്ന്യാസസമൂഹങ്ങള്‍ ഉണ്ടായിവന്നത്.
അപ്പോസ്തല പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ ശ്ലീഹന്മാര്‍ പഠിപ്പിച്ചതും ഇതുതന്നെയാണ്: ''അപ്പോള്‍ ശ്ലീഹന്മാര്‍ പന്ത്രണ്ടുപേരുംകൂടി ശിഷ്യസമൂഹത്തെ മുഴുവനും വിളിച്ചുകൂട്ടി അവരോട്: 'ഞങ്ങള്‍ ദൈവവചനം വിട്ടിട്ട് മേശകളില്‍ പരിചരിക്കുന്നത് നല്ലതല്ല' എന്നുപറഞ്ഞു. ആകയാല്‍ എന്റെ സഹോദരരേ, അവരെക്കുറിച്ച് സാക്ഷ്യമുള്ളവരും ദൈവത്തിന്റെ ആത്മാവും വിജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നുതന്നെ പരിശോധിച്ച് തിരഞ്ഞെടുക്കുവിന്‍. ഞങ്ങള്‍ അവരെ ഇക്കാര്യത്തിനായി നിയോഗിക്കാം. ഞങ്ങളോ, എപ്പോഴും പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും വ്യാപൃതരുമായിരിക്കാം' എന്ന് പറഞ്ഞു'' (അപ്പോ. പ്രവ. 6 : 3 -4). ജനങ്ങള്‍ തിരഞ്ഞെടക്കുന്നവരെ സഭയുടെ ഭൗതികകാര്യങ്ങളുടെ ഭരണത്തിനായി നിയമിച്ചുകൊണ്ട് അപ്പോസ്‌തോലന്മാര്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും വചനശുശ്രൂഷയ്ക്കുമായി തങ്ങളെ സമര്‍പ്പിച്ചതുകൊണ്ടാണ് ഇന്ന് ലോകംമുഴുവന്‍ ക്രിസ്തീയവിശ്വാസം വ്യാപിച്ചിരിക്കുന്നത്.
ഒരു കാലത്ത് ദൈവജനം തിരഞ്ഞെടുത്ത അര്‍ക്കദിയാക്കോന്റെ നേതൃത്വത്തിലാണ് മലങ്കരസഭയുടെ ഭൗതികസ്വത്തുക്കള്‍ ഭരിക്കപ്പെട്ടിരുന്നത് എന്നത് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ചരിത്രസത്യമായി നിലനില്‍ക്കുന്നു. പള്ളിസ്വത്തുക്കളുടെ ഉടമസ്ഥര്‍ ഇടവകയിലെ വിശ്വാസികള്‍ ആയിരുന്നു.പള്ളി പൊതുയോഗംകൂടി തിരഞ്ഞെടുക്കുന്ന സമിതിയിലൂടെ ആയിരുന്നു ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുഭരണം നടന്നിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍, വിശ്വാസികള്‍പോലും അറിയാതെ, സമൂഹസ്വത്തുക്കള്‍ക്കുമേലുള്ള അവരുടെ അവകാശവും ഭരണനിയന്ത്രണവും അവര്‍ക്കു നഷ്ടപ്പെട്ടു. ആ സ്വത്തുക്കള്‍ക്കുവേണ്ടി പുരോഹിതമേലദ്ധ്യക്ഷന്മാരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടാകുന്നതിനും, സഭാരാഷ്ട്രീയത്തിലൂടെ വിശ്വാസികള്‍പോലും വിഭാഗീയപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും, സഭകള്‍ പിളരുന്നതിനും അതു കാരണമായി ഭവിച്ചു. ഇതുകൂടാതെ, കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന സ്വത്തുക്കളുടെ ദുര്‍വിനിയോഗംമൂലം അധികാരികള്‍ ദൈവത്തില്‍നിന്ന് അകന്നുപോകുകയും, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലുള്ള പാപങ്ങള്‍ സഭയില്‍ പെരുകുന്നതിനു കാരണമാവുകയുംചെയ്തു.
ഇനി എന്താണ് ഇതിനൊരു പോംവഴി? പൂര്‍വ്വികരുടെ ആ നല്ല നാളുകളിലേക്കുള്ള ഒരു മടക്കം എങ്ങനെ സാധിക്കും? എപ്രകാരം ഒരു ക്രിസ്തീയനവോത്ഥാനം കേരളത്തില്‍ സാധ്യമാകും?
ഇന്ത്യയുടെ ഭരണഘടന, ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ നല്ല വളര്‍ച്ചയ്ക്കും കാലാനുസൃത നവോത്ഥാനത്തിനുമായി ആവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. ഇതിലൊന്നാണ്, മതങ്ങളുടെ സ്വത്തുക്കള്‍ സംബന്ധിച്ച നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കുകള്‍. ഈ ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ഹൈന്ദവര്‍ക്കു 'ഹിന്ദു റിലീജിയസ് & ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട്', മുസ്ലീങ്ങള്‍ക്കു 'വക്കഫ് ആക്ട്', സിഖ് മതവിഭാഗത്തിനു 'ഗുരുദ്വാര ആക്ട്' എന്നിങ്ങനെയുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതേപോലെ, ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കള്‍, പ്രത്യേകിച്ചും ഇടവകപ്പള്ളികളും സ്വത്തുക്കളും, ഇടവകപ്പൊതുയോഗം തിരഞ്ഞെടുക്കുന്ന മാനേജിങ് കമ്മിറ്റിയില്‍ നിക്ഷിപ്തമാക്കുന്ന ഒരു നിയമനിര്‍മ്മാണത്തിനുള്ള കരട് ആണ് 2009-ല്‍ വി. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്.
'ചര്‍ച്ച് ബില്‍-2009' നിയമം ആക്കുന്നതുവഴി, ക്രിസ്ത്യന്‍ സഭകളില്‍ ഇപ്പോഴുള്ള വലിയ ജീര്‍ണ്ണതയ്ക്ക് വിപ്ലവകരമായ ഒരു മാറ്റമുണ്ടാകും. സഭാഭരണത്തില്‍ അക്കൗണ്ടബിലിറ്റിയും സുതാര്യതയും ജനാധിപത്യക്രമത്തിലുള്ള തിരഞ്ഞെടുപ്പും ഉണ്ടാകുകയും, ആത്മീയ ശുശ്രൂഷകരുടെയും അത്മായരുടെയും സ്വാഭാവികനീതിക്കൊപ്പം, മൗലികവും മാനുഷികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുംചെയ്യും. ഇടവകപ്പള്ളികളും സ്വത്തുക്കളും ഇടവകജനത്തിന്റെ ഉടമസ്ഥതയില്‍ ആവുകയുംചെയ്യും. സര്‍ക്കാരോ സര്‍ക്കാരിന്റെ പ്രതിനിധികളോ സഭാഭരണത്തില്‍ ഇടപെടുകയില്ല എന്ന വലിയ നേട്ടവും ഈ നിയമത്തിലുണ്ട്.
ആയതിനാല്‍, തങ്ങളുടെ സഭകളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സഭാവിശ്വാസികളോടും ഞങ്ങള്‍ അറിയിക്കുന്നത്, വിവിധ ക്രൈസ്തവസഭകളിലേ ചര്‍ച്ച് ആക്ട് അനുകൂലസംഘടനകളുമായിച്ചേര്‍ന്ന്  ഈ മാസം 27-നു നടത്തുവാന്‍ പോകുന്ന 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' വിജയിപ്പിക്കണമെന്നാണ്; അതിനായി നിങ്ങളുടെ കുടുംബത്തിലുള്ള 18 വയസ്സ് പൂര്‍ത്തിയായ എല്ലാ സ്ത്രീ-പുരുഷന്മാരും ഞങ്ങളോടൊപ്പംചേര്‍ന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കാളിത്തം വഹിക്കണം എന്നാണ്.
കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളുടെയും നല്ല ഭാവിക്കും നവോത്ഥാനത്തിനുമായി, 'ഓള്‍ കേരളാ ചര്‍ച്ച് ആക്ട് ആക്ഷന്‍  കൗണ്‍സി'ലിന്റെ നേതൃത്വത്തില്‍, നവംബര്‍ 27 ബുധനാഴ്ച ഒരു ലക്ഷം ക്രൈസ്തവവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' എന്ന പേരില്‍ നടത്തുമ്പോള്‍, ആയതില്‍ പങ്കെടുക്കാന്‍ നിങ്ങളെയെല്ലാം ആഹ്വാനം ചെയ്തുകൊള്ളുന്നു!
'നമ്മുടെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ!''

No comments:

Post a Comment